പ്രാർഥന നിങ്ങളെ എങ്ങനെ സഹായിക്കും?
ഗുരുതരമായ ഒരു രോഗമുണ്ടായപ്പോൾ പമേല വൈദ്യസഹായം തേടി. അതേസമയം ബുദ്ധിമുട്ട് നിറഞ്ഞ ആ സാഹചര്യത്തെ നേരിടാനുള്ള ശക്തിക്കായി ദൈവത്തോടു പ്രാർഥിക്കുകയും ചെയ്തു. പ്രാർഥന പമേലയെ സഹായിച്ചോ?
പമേല പറയുന്നു, “എന്റെ ക്യാൻസർ ചികിത്സയുടെ സമയത്ത് പലപ്പോഴും എനിക്കു വല്ലാത്ത പേടി തോന്നി. എന്നാൽ ദൈവമായ യഹോവയോടു പ്രാർഥിച്ചപ്പോൾ എനിക്കു മനസ്സമാധാനം കിട്ടി, ശരിയായ വിധത്തിൽ ചിന്തിക്കാനും ആ സാഹചര്യം നന്നായി കൈകാര്യം ചെയ്യാനും എനിക്കു കഴിഞ്ഞു. എനിക്ക് ഇപ്പോഴും വിട്ടുമാറാത്ത വേദനയുണ്ട്. എങ്കിലും ഈ സാഹചര്യത്തിലും സന്തോഷത്തോടിരിക്കാൻ പ്രാർഥന എന്നെ സഹായിക്കുന്നു. എനിക്ക് ഇപ്പോൾ എങ്ങനെയുണ്ടെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും, ‘എനിക്കു നല്ല സുഖമില്ല, എന്നാലും മനസ്സിനു നല്ല സന്തോഷമുണ്ട്.’”
പ്രാർഥിക്കാൻ ഗുരുതരമായ ഒരു രോഗമോ വലിയ പ്രശ്നമോ വരാൻ നമ്മൾ കാത്തിരിക്കേണ്ടതില്ല എന്നതു ശരിയാണ്. നമ്മളെല്ലാം ജീവിതത്തിൽ ചെറുതും വലുതും ആയ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അവയെ തരണം ചെയ്യാൻ നമുക്കു സഹായം ആവശ്യമാണ്. പ്രാർഥന നമ്മളെ സഹായിക്കുമോ?
ബൈബിൾ പറയുന്നു, “നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതിമാൻ വീണുപോകാൻ ദൈവം ഒരിക്കലും അനുവദിക്കില്ല.” (സങ്കീർത്തനം 55:22) അതു നമ്മളെ എത്രയധികം ആശ്വസിപ്പിക്കുന്നു, അല്ലേ! അതുകൊണ്ട് പ്രാർഥന നമ്മളെ എങ്ങനെ സഹായിക്കും? ശരിയായ വിധത്തിൽ നമ്മൾ ദൈവത്തോടു പ്രാർഥിക്കുമ്പോൾ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നമുക്ക് ആവശ്യമായതെല്ലാം ദൈവം തരും.—“ പ്രാർഥിക്കുന്നതിന്റെ പ്രയോജനങ്ങൾ” എന്ന ചതുരം കാണുക.