1 | പ്രാർഥന—‘ഉത്കണ്ഠകൾ ദൈവത്തിന്റെ മേൽ ഇടുക’
ബൈബിൾ പറയുന്നത്: ‘ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടുക.’—1 പത്രോസ് 5:7.
ഈ ബൈബിൾവാക്യത്തിന്റെ അർഥം:
നമ്മുടെ മനസ്സിനെ ഭാരപ്പെടുത്തുന്ന ഏതു കാര്യവും തന്നോടു പറയാൻ ദൈവമായ യഹോവ ആഗ്രഹിക്കുന്നു. (സങ്കീർത്തനം 55:22) നമ്മുടെ പ്രശ്നങ്ങൾ എത്ര വലുതാണെങ്കിലും നിസ്സാരമാണെങ്കിലും നമുക്കു പ്രാർഥിക്കാം. അതു നമ്മളെ അലട്ടുന്നുണ്ടെങ്കിൽ യഹോവയെയും അലട്ടുന്നുണ്ട്. മനസ്സമാധാനം നേടാനുള്ള പ്രധാനവഴിയാണ് പ്രാർഥന.—ഫിലിപ്പിയർ 4:6, 7.
ഇത് എങ്ങനെ സഹായിക്കും?
മാനസികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റയ്ക്കാണെന്നു നമുക്കു തോന്നിയേക്കാം. മറ്റുള്ളവർക്ക് നമ്മുടെ സാഹചര്യങ്ങൾ പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. (സുഭാഷിതങ്ങൾ 14:10) എന്നാൽ നമ്മുടെ വേദനകൾ ദൈവത്തോടു പറയുമ്പോൾ ദൈവം അതു ദയയോടെ കേൾക്കും, നമ്മളെ മനസ്സിലാക്കും. യഹോവ നമ്മുടെ സങ്കടങ്ങൾ കാണുന്നുണ്ട്, ബുദ്ധിമുട്ടുകൾ അറിയുന്നുണ്ട്. നമ്മളെ അലട്ടുന്ന എന്തും പ്രാർഥനയിലൂടെ തന്നെ അറിയിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.—2 ദിനവൃത്താന്തം 6:29, 30.
പ്രാർഥിക്കുമ്പോൾ, യഹോവ നമ്മളെ കരുതുന്നുണ്ട് എന്ന വിശ്വാസം കൂടുതൽ ശക്തമാകും. ബൈബിൾ എഴുതിയ ഒരു വ്യക്തി ഇങ്ങനെ പ്രാർഥിച്ചു: “എന്റെ ദുരിതം അങ്ങ് കണ്ടിരിക്കുന്നല്ലോ, എന്റെ പ്രാണസങ്കടം അങ്ങ് അറിയുന്നല്ലോ.” (സങ്കീർത്തനം 31:7) നമ്മുടെ സങ്കടങ്ങൾ യഹോവ കാണുന്നുണ്ടെന്നും അറിയുന്നുണ്ടെന്നും മനസ്സിലാക്കുമ്പോൾ പ്രയാസമേറിയ സമയങ്ങളിലും മുന്നോട്ടുപോകാൻ നമുക്കു കഴിയും. എന്നാൽ യഹോവ സങ്കടങ്ങൾ കാണുക മാത്രമല്ല, മറ്റാരെക്കാളും നന്നായി നമ്മുടെ അവസ്ഥ മനസ്സിലാക്കുകയും ബൈബിളിൽനിന്ന് ആശ്വാസവും പ്രോത്സാഹനവും നേടാൻ സഹായിക്കുകയും ചെയ്യുന്നു.