ശരിയോ? തെറ്റോ? തിരഞ്ഞെടുക്കേണ്ടതു നിങ്ങളാണ്
സന്തോഷമുള്ള ജീവിതം ഉണ്ടായിരിക്കുമോ ഇല്ലയോ എന്നത്, ശരിയും തെറ്റും സംബന്ധിച്ച് നമ്മൾ എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ദൈവമായ യഹോവയ്ക്ക് അത് അറിയാം. അതുകൊണ്ടാണു ദൈവം പറയുന്നതനുസരിച്ച് നമ്മൾ ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നത്.
നമ്മുടെ ജീവിതം സന്തോഷവും സമാധാനവും ഉള്ളതായിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്.
“നിന്റെ പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുകയും പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം. നീ എന്റെ കല്പനകൾ അനുസരിച്ചാൽ എത്ര നന്നായിരിക്കും! അപ്പോൾ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും ആയിത്തീരും.”—യശയ്യ 48:17, 18.
സ്രഷ്ടാവായതുകൊണ്ട് ദൈവത്തിനാണു നമ്മൾ എങ്ങനെ ജീവിക്കണമെന്ന് ഏറ്റവും നന്നായി അറിയാവുന്നത്. അതുകൊണ്ടാണു തന്റെ നിർദേശം അനുസരിക്കാൻ ദൈവം നമ്മളെ ക്ഷണിക്കുന്നത്. ദൈവം പറയുന്നതു കേട്ടാൽ നമുക്കു ഗുണം ചെയ്യുമോ ഇല്ലയോ എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടാ. അങ്ങനെ ചെയ്താൽ നമ്മൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയായിരിക്കും. അതു നമുക്കു സമാധാനവും സന്തോഷവും തരും.
നമുക്കു പറ്റാത്ത ഒരു കാര്യം ചെയ്യാൻ യഹോവ ആവശ്യപ്പെടുന്നില്ല.
“ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ഈ കല്പന അത്ര ബുദ്ധിമുട്ടുള്ളതല്ല; അതു നിങ്ങളുടെ എത്തുപാടിന് അതീതവുമല്ല.”— ആവർത്തനം 30:11.
തന്റെ വഴിയേ പോകാൻ തീരുമാനിക്കുന്നവരെ സഹായിക്കുമെന്ന് യഹോവ വാക്കു തന്നിട്ടുണ്ട്.
“‘പേടിക്കേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു നിന്നോടു പറയുന്ന നിന്റെ ദൈവമായ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.”—യശയ്യ 41:13.
ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ ജീവിക്കാൻ നമുക്കാകും. കാരണം ദൈവം നമ്മളെ സഹായിക്കും. നമുക്കു പ്രത്യാശയും പ്രോത്സാഹനവും നൽകുന്ന തന്റെ വചനമായ ബൈബിളിലൂടെയായിരിക്കും ദൈവം ആ സഹായം നൽകുന്നത്.
ദൈവം പറയുന്ന വഴിയേ പോയതുകൊണ്ട് തങ്ങളുടെ ജീവിതം മെച്ചപ്പെട്ടതായി, ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആളുകൾ കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് ബൈബിൾ നൽകുന്ന ആ നല്ല ഉപദേശങ്ങൾ കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. ബൈബിളിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന ലഘുപത്രിക നിങ്ങളെ അതിനു സഹായിക്കും. JW.ORG-ൽനിന്ന് സൗജന്യമായി നിങ്ങൾക്ക് അതു ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതിലെ മൂന്നു പാഠങ്ങളാണ്:
-
ദൈവം പറയുന്ന കാര്യങ്ങൾ നമുക്ക് പ്രയോജനം ചെയ്യുന്നു
-
ദൈവം മനോഹരമായ ഒരു ഭാവി ഉറപ്പുതരുന്നു
-
ദൈവവചനം പറയുന്നത് വിശ്വസിക്കാമോ?
ദൈവവചനമായ ബൈബിൾ ശരിക്കു പഠിക്കുമ്പോൾ അതിലെ ഉപദേശങ്ങൾ പഴഞ്ചനല്ലെന്നു നിങ്ങൾക്കു മനസ്സിലാകും. നമുക്ക് “അവയിൽ എപ്പോഴും ആശ്രയിക്കാം, ഇന്നും എന്നും.” (സങ്കീർത്തനം 111:8) ശരിയെന്നു ബൈബിൾ പറയുന്ന വഴിയേ പോകുമ്പോഴാണു നമുക്ക് ഏറ്റവും നല്ലൊരു ജീവിതം കിട്ടുന്നത്. പക്ഷേ നമ്മൾ ആ വഴിയേ പോകാൻ ദൈവം ഒരിക്കലും നിർബന്ധിക്കില്ല. (ആവർത്തനം 30:19, 20; യോശുവ 24:15) എന്തു ചെയ്യുമെന്നതു നമ്മുടെ ഓരോരുത്തരുടെയും തീരുമാനമായിരിക്കണം.