പഠനലേഖനം 15
നിങ്ങളുടെ പ്രദേശത്തെ ആളുകളെ നിങ്ങൾ എങ്ങനെയാണു കാണുന്നത് ?
“തല പൊക്കി വയലിലേക്കു നോക്കുക. അവ കൊയ്ത്തിനു പാകമായിരിക്കുന്നു.”—യോഹ. 4:35.
ഗീതം 64 സന്തോഷത്തോടെ കൊയ്ത്തിൽ പങ്കുചേരാം
പൂർവാവലോകനം *
1-2. യോഹന്നാൻ 4:35, 36-ലെ വാക്കുകൾ യേശു എന്തുകൊണ്ടായിരിക്കാം പറഞ്ഞത്?
യേശു ഒരു ബാർലി പാടത്തിന് അടുത്തുകൂടെ നടക്കുകയായിരുന്നു. ബാർലി ചെടികൾ വളർന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. (യോഹ. 4:3-6) വിളവെടുപ്പിന് നാലു മാസം കൂടിയുണ്ടായിരുന്നു. ഈ സമയത്താണ് യേശു പറഞ്ഞത്: “തല പൊക്കി വയലിലേക്കു നോക്കുക. അവ കൊയ്ത്തിനു പാകമായിരിക്കുന്നു.” (യോഹന്നാൻ 4:35, 36 വായിക്കുക.) യേശു എന്താണ് ഇപ്പറയുന്നതെന്നു കേട്ടുനിന്നവർ ചിന്തിച്ചുകാണും. യേശു എന്താണ് അർഥമാക്കിയത്?
2 യേശു ഇവിടെ ആളുകളെ ശിഷ്യരാക്കുന്നതിനെക്കുറിച്ച് ആലങ്കാരികമായി പറയുകയായിരുന്നു. തൊട്ടുമുമ്പ് നടന്ന സംഭവങ്ങൾ നോക്കിയാൽ അതു മനസ്സിലാക്കാം. അക്കാലത്ത് ജൂതന്മാർ ശമര്യക്കാർക്ക് ഒരു വിലയും കൊടുത്തിരുന്നില്ല. എന്നാൽ യേശു ഇപ്പോൾ ഒരു ശമര്യസ്ത്രീയെ സന്തോഷവാർത്ത അറിയിച്ചു. ആ സ്ത്രീ അതു ശ്രദ്ധിച്ചു, എന്നിട്ട് ഇക്കാര്യം മറ്റു ശമര്യക്കാരോടു പോയി പറഞ്ഞു. സത്യത്തിൽ യേശു ‘കൊയ്ത്തിനു പാകമായ’ വയലുകളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ആ ശമര്യക്കാർ കൂടുതൽ പഠിക്കാനായി യേശുവിന്റെ അടുത്തേക്കു വരുകയായിരുന്നു. (യോഹ. 4:9, 39-42) ഈ വിവരണത്തെക്കുറിച്ച് ഒരു പണ്ഡിതൻ പറയുന്നത് ഇങ്ങനെയാണ്: “ആളുകൾ കാണിച്ച ആ താത്പര്യം അവർ കൊയ്ത്തിനു പാകമായ ധാന്യംപോലെയായിരുന്നെന്നു തെളിയിച്ചു.”
3. യേശുവിനെപ്പോലെ ആളുകളെ കാണുന്നത് പ്രസംഗപ്രവർത്തനത്തിൽ നിങ്ങൾക്ക് എങ്ങനെ ഗുണം ചെയ്യും?
3 നിങ്ങളുടെ പ്രദേശത്തെ ആളുകളെ നിങ്ങൾ എങ്ങനെയാണ് കാണുന്നത്? കൊയ്യാൻ പാകമായ ധാന്യംപോലെയാണോ? അങ്ങനെയാണെങ്കിൽ നിങ്ങൾ മൂന്നു കാര്യങ്ങൾ ചെയ്യും. ഒന്ന്, തിരക്കോടെ ആളുകളെ സന്തോഷവാർത്ത അറിയിക്കും. സാധാരണ, കൊയ്ത്തുകാലത്ത് കൃഷിക്കാർ ഒട്ടും സമയം പാഴാക്കാറില്ല. കാരണം കൊയ്ത്തിന് ഒരു കാലപരിധിയുണ്ട്. രണ്ട്, സന്തോഷത്തോടെയും മുഴുഹൃദയത്തോടെയും കൊയ്ത്തിൽ പങ്കെടുക്കും. ബൈബിൾ പറയുന്നു: ‘കൊയ്ത്തുകാലത്ത് ജനം സന്തോഷിക്കുന്നു.’ (യശ. 9:3) മൂന്ന്, ഓരോ വ്യക്തിയെയും ശിഷ്യനാകാൻ സാധ്യതയുള്ള ഒരാളായി കാണും. അതുകൊണ്ട് അവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് അവതരണത്തിൽ മാറ്റം വരുത്തും.
4. ഈ ലേഖനത്തിൽ പൗലോസിൽനിന്ന് നമ്മൾ എന്തെല്ലാം പഠിക്കും?
4 ശമര്യക്കാർ ഒരിക്കലും ശിഷ്യരാകില്ലെന്നു യേശുവിന്റെ ചില അനുഗാമികൾ ചിന്തിച്ചിരിക്കാം. പക്ഷേ യേശു ശമര്യക്കാരെ എഴുതിത്തള്ളിയില്ല. ശിഷ്യരാകാൻ സാധ്യതയുള്ളവരായിട്ടാണ് യേശു അവരെ കണ്ടത്. നമ്മളും നമ്മുടെ പ്രദേശത്തുള്ളവരെ ശിഷ്യരാകാൻ സാധ്യതയുള്ളവരായിട്ട് കാണണം. ഇക്കാര്യത്തിൽ പൗലോസ് അപ്പോസ്തലൻ നല്ലൊരു മാതൃക വെച്ചിട്ടുണ്ട്. നമുക്കു പൗലോസിൽനിന്ന് എന്തു പഠിക്കാം? ഈ ലേഖനത്തിൽ, എങ്ങനെയാണ് പൗലോസ് ആളുകളുടെ വിശ്വാസങ്ങൾ മനസ്സിലാക്കിയതെന്നും അവരുടെ താത്പര്യങ്ങൾ തിരിച്ചറിഞ്ഞതെന്നും നമ്മൾ ചിന്തിക്കും. യേശുവിന്റെ ശിഷ്യരാകാൻ സാധ്യതയുള്ളവരായി പൗലോസ് അവരെ കണ്ടത് എങ്ങനെയാണെന്നും പഠിക്കും.
എന്താണ് അവരുടെ വിശ്വാസം?
5. പൗലോസിനു ജൂതന്മാരോട് ആത്മവിശ്വാസത്തോടെ പ്രസംഗിക്കാൻ കഴിഞ്ഞത് എന്തുകൊണ്ട്?
5 പൗലോസ് പലപ്പോഴും ജൂതന്മാരുടെ സിനഗോഗുകളിൽ പ്രസംഗിച്ചു. ഉദാഹരണത്തിന്, തെസ്സലോനിക്യയിലെ സിനഗോഗിൽ പൗലോസ്, “മൂന്നു ശബത്തുകളിൽ തിരുവെഴുത്തുകളിൽനിന്ന് (ജൂതന്മാരോടു) ന്യായവാദം ചെയ്തു.” (പ്രവൃ. 17:1, 2) സിനഗോഗ് പൗലോസിനു വളരെ പരിചയമുള്ള ഒരു ഇടമായിരുന്നു. കാരണം പൗലോസ് ഒരു ജൂതനായിരുന്നു. (പ്രവൃ. 26:4, 5) ജൂതന്മാരുടെ വിശ്വാസങ്ങൾ പൗലോസിനു കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് അവരോട് ആത്മവിശ്വാസത്തോടെ പ്രസംഗിക്കാൻ പൗലോസിനു കഴിഞ്ഞു.—ഫിലി. 3:4, 5.
6. പൗലോസ് സിനഗോഗിൽ കണ്ട ആളുകളിൽനിന്ന് ആതൻസിലെ ചന്തസ്ഥലത്ത് കണ്ട ആളുകൾ വ്യത്യസ്തരായിരുന്നത് എങ്ങനെ?
6 ഉപദ്രവം കാരണം പൗലോസിനു തെസ്സലോനിക്യയിൽനിന്നും പിന്നീടു ബെരോവയിൽനിന്നും ഓടിപ്പോകേണ്ടിവന്നു. അങ്ങനെ പൗലോസ് ആതൻസിൽ എത്തി. അവിടെയും “പൗലോസ് സിനഗോഗിൽ കണ്ട ജൂതന്മാരോടും ദൈവത്തെ ആരാധിച്ചിരുന്ന മറ്റുള്ളവരോടും . . . ന്യായവാദം ചെയ്തുപോന്നു.” (പ്രവൃ. 17:17) എന്നാൽ ചന്തസ്ഥലത്ത് പൗലോസ് മറ്റു പശ്ചാത്തലങ്ങളിൽപ്പെട്ട ആളുകളോടാണു സംസാരിച്ചത്. അക്കൂട്ടത്തിൽ തത്ത്വചിന്തകരും ജനതകളിൽപ്പെട്ട മറ്റുള്ളവരും ഉണ്ടായിരുന്നു. അവർക്കു പൗലോസിന്റെ സന്ദേശം ഒരു ‘പുതിയ ഉപദേശമായിരുന്നു.’ അവർ പറഞ്ഞു: “ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങളാണു താങ്കൾ പറയുന്നത്.”—പ്രവൃ. 17:18-20.
7. പ്രവൃത്തികൾ 17:22, 23 അനുസരിച്ച്, പൗലോസ് തന്റെ അവതരണരീതിക്കു മാറ്റം വരുത്തിയത് എങ്ങനെ?
7 പ്രവൃത്തികൾ 17:22, 23 വായിക്കുക. സിനഗോഗിലെ ജൂതന്മാരോടു സംസാരിച്ചതുപോലെയല്ല ആതൻസിലെ ജനതകളിൽപ്പെട്ടവരോടു പൗലോസ് സംസാരിച്ചത്. തന്റെ സന്ദേശം അറിയിക്കുന്നതിനു മുമ്പ് പൗലോസ് ഇങ്ങനെ ചിന്തിച്ചുകാണും: ‘എന്താണ് ആതൻസുകാരുടെ വിശ്വാസങ്ങൾ?’ അത് അറിയാൻവേണ്ടി പൗലോസ് അവിടത്തെ ചുറ്റുപാടുകൾ നിരീക്ഷിക്കുകയും ആളുകളുടെ മതാചാരങ്ങൾ മനസ്സിലാക്കുകയും ചെയ്തു. തിരുവെഴുത്തിലെ സത്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ അവർക്കുകൂടി അംഗീകരിക്കാവുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ട് തുടങ്ങാൻ പൗലോസ് ശ്രമിച്ചു. ഒരു ബൈബിൾപണ്ഡിതൻ പറയുന്നു: “ഗ്രീക്കുകാർ ആരാധിച്ചിരുന്നതു ജൂതന്മാരും ക്രിസ്ത്യാനികളും ആരാധിച്ചിരുന്ന സത്യദൈവത്തെയല്ല എന്ന് ഒരു ജൂതക്രിസ്ത്യാനിയായ പൗലോസിന് അറിയാമായിരുന്നു. പക്ഷേ ആതൻസുകാർക്ക് ഒട്ടും പരിചയമില്ലാത്ത ഒരു ദൈവത്തെക്കുറിച്ചല്ല താൻ പറയുന്നതെന്ന് അവർക്കു വ്യക്തമാക്കിക്കൊടുക്കാൻ പൗലോസ് ശ്രമിച്ചു.” അതിനുവേണ്ടി പൗലോസ് അവതരണത്തിൽ മാറ്റം വരുത്താൻ തയ്യാറായി. ആതൻസുകാർ ആരാധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ‘അജ്ഞാതദൈവത്തിന്റെ’ ഒരു സന്ദേശമാണു താൻ അറിയിക്കുന്നതെന്നു പൗലോസ് അവരോടു പറഞ്ഞു. ജനതകളിൽപ്പെട്ടവർക്കു തിരുവെഴുത്തുകൾ അറിയില്ലായിരുന്നെങ്കിലും പൗലോസ് അവരെ എഴുതിത്തള്ളിയില്ല. പകരം കൊയ്യാൻ പാകമായ ധാന്യംപോലെയാണ് പൗലോസ് അവരെ കണ്ടത്. അവരെ സന്തോഷവാർത്ത അറിയിച്ചപ്പോൾ അവതരണരീതിക്കു മാറ്റം വരുത്തുകയും ചെയ്തു.
8. (എ) നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ മതവിശ്വാസങ്ങൾ നിങ്ങൾക്ക് എങ്ങനെ മനസ്സിലാക്കാം? (ബി) താൻ ഇപ്പോൾത്തന്നെ ഒരു മതത്തിൽ വിശ്വസിക്കുന്നയാളാണെന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ നിങ്ങൾക്ക് എന്തു പറയാൻ കഴിയും?
8 പൗലോസിനെപ്പോലെ ചുറ്റുപാടുകൾ നന്നായി നിരീക്ഷിക്കുക. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ വിശ്വാസങ്ങൾ എന്താണെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. വീട്ടിലും വാഹനത്തിലും വെച്ചിരിക്കുന്ന ചിത്രങ്ങളും മറ്റും ഒരു വീട്ടുകാരനെക്കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്? പേരും വസ്ത്രധാരണവും സംസാരരീതിയും ശ്രദ്ധിച്ചാൽ അദ്ദേഹത്തിന്റെ മതം ഏതാണെന്നു മനസ്സിലാക്കാൻ പറ്റുമോ? താൻ ഇപ്പോൾത്തന്നെ ഒരു മതത്തിൽ വിശ്വസിക്കുന്നയാളാണെന്നു വീട്ടുകാരൻ ചിലപ്പോൾ നേരിട്ട് പറഞ്ഞേക്കാം. ഫ്ല്യൂച്യൂറ എന്ന പ്രത്യേക മുൻനിരസേവികയോടു ചില വീട്ടുകാർ അങ്ങനെ പറയാറുണ്ട്. അപ്പോൾ സഹോദരി പറയുന്നത് ഇങ്ങനെയാണ്: “എന്റെ വിശ്വാസങ്ങളെക്കുറിച്ച് പറയാനല്ല ഞാൻ വന്നത്. പകരം ഈ ഒരു പ്രത്യേകവിഷയത്തെക്കുറിച്ച് പറയാൻവേണ്ടിയാണ്.”
9. മതവിശ്വാസിയായ ഒരാളെ കാണുമ്പോൾ രണ്ടു കൂട്ടർക്കും അംഗീകരിക്കാൻ കഴിയുന്ന ഏതെല്ലാം വിഷയങ്ങളെക്കുറിച്ച് നിങ്ങൾക്കു സംസാരിക്കാൻ കഴിഞ്ഞേക്കും?
9 മതത്തിൽ വിശ്വസിക്കുന്ന ഒരാളോട് ഏതെല്ലാം വിഷയങ്ങളെക്കുറിച്ച് സംസാരിക്കാം? വീട്ടുകാരന്റെ വിശ്വാസങ്ങളിൽ നമുക്കുകൂടി അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ കണ്ടെത്തുക. ഒരുപക്ഷേ അദ്ദേഹം ഒരു ഏകദൈവവിശ്വാസിയായിരിക്കാം. യേശുവിനെ മനുഷ്യരുടെ രക്ഷകനായി കാണുന്നുണ്ടായിരിക്കും. നമ്മൾ ഇപ്പോൾ ദുഷ്ടത നിറഞ്ഞ ഒരു കാലത്താണു ജീവിക്കുന്നതെന്നും ഈ കാലം പെട്ടെന്നുതന്നെ അവസാനിക്കുമെന്നും വിശ്വസിക്കുന്നുണ്ടാകും. രണ്ടു കൂട്ടർക്കും അംഗീകരിക്കാൻ കഴിയുന്ന വിശ്വാസങ്ങളെ അടിസ്ഥാനമാക്കി സംഭാഷണം തുടങ്ങുക. എന്നിട്ട് ആ വ്യക്തിക്കുകൂടി താത്പര്യം തോന്നുന്ന വിധത്തിൽ ബൈബിളിന്റെ സന്ദേശം അവതരിപ്പിക്കുക.
10. നമ്മൾ എന്തു മനസ്സിലാക്കാൻ ശ്രമിക്കണം, എന്തുകൊണ്ട്?
10 ആളുകൾ ഒരു മതത്തിൽ വിശ്വസിക്കുന്നെന്നു കരുതി, ആ മതം പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കണമെന്നില്ല എന്നു നമ്മൾ ഓർക്കണം. അതുകൊണ്ട് ഒരു വ്യക്തിയുടെ മതം ഏതാണെന്ന് അറിഞ്ഞാലും ആ വ്യക്തിയുടെ വിശ്വാസങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. ഓസ്ട്രേലിയയിലെ ഒരു പ്രത്യേക മുൻനിരസേവകനായ ഡേവിഡ് പറയുന്നു: “പലരും ഇന്നു മതവിശ്വാസങ്ങളോടൊപ്പം തത്ത്വചിന്തയിലും വിശ്വസിക്കുന്നു.” അൽബേനിയയിലെ ഡൊണാൾട്ടാ സഹോദരി പറയുന്നു: “ചില വീട്ടുകാർ തങ്ങൾ ഒരു മതത്തിൽപ്പെട്ടവരാണെന്ന് ആദ്യം പറയും. പക്ഷേ സംസാരിച്ചുവരുമ്പോൾ തങ്ങൾ ശരിക്കും ഒരു ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് അവർതന്നെ പറയാറുണ്ട്.” ഇനി, അർജന്റീനയിലെ ഒരു മിഷനറി സഹോദരൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ചിലയാളുകൾ തങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കുന്നവരാണെന്നു പറയും. പക്ഷേ ശരിക്കും അവർ പിതാവും പുത്രനും പരിശുദ്ധാത്മാവും കൂടി ഒരൊറ്റ ദൈവമാണെന്നു വിശ്വസിക്കുന്നുണ്ടാകില്ല. “വീട്ടുകാരൻ തന്റെ മതം പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കുന്നില്ലെന്ന് ഓർക്കുന്നതു നല്ലതാണ്. കാരണം രണ്ടു പേർക്കും യോജിക്കാൻ കഴിയുന്ന വിഷയങ്ങൾ കണ്ടെത്താൻ അതു സഹായിക്കും” 1 കൊരി. 9:19-23.
എന്ന് ആ സഹോദരൻ പറയുന്നു. അതുകൊണ്ട് ആളുകളുടെ വിശ്വാസങ്ങൾ ശരിക്കും എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ പൗലോസിനെപ്പോലെ ‘എല്ലാ തരം ആളുകൾക്കും എല്ലാമായിത്തീരാൻ’ നിങ്ങൾക്കും കഴിയും.—എന്താണ് അവരുടെ താത്പര്യങ്ങൾ?
11. പ്രവൃത്തികൾ 14:14-17 അനുസരിച്ച്, ലുസ്ത്രയിലെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ എങ്ങനെയാണു പൗലോസ് തന്റെ സന്ദേശം അവതരിപ്പിച്ചത്?
11 പ്രവൃത്തികൾ 14:14-17 വായിക്കുക. പൗലോസ് തന്റെ കേൾവിക്കാരുടെ താത്പര്യങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കി, അതിനു ചേർച്ചയിൽ അവതരണത്തിൽ മാറ്റങ്ങൾ വരുത്തി. ഉദാഹരണത്തിന്, ലുസ്ത്രയിലെ ആളുകൾക്കു തിരുവെഴുത്തുകളെക്കുറിച്ച് ഒന്നുംതന്നെ അറിയില്ലായിരുന്നു. അതുകൊണ്ട് പൗലോസ് അവർക്കു പരിചയമുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. ഫലസമൃദ്ധമായ കാലങ്ങളെയും ജീവിതം ആസ്വദിക്കാനുള്ള കഴിവിനെയും കുറിച്ച് പൗലോസ് അവരോടു സംസാരിച്ചു. കേൾവിക്കാർക്ക് എളുപ്പം മനസ്സിലാകുന്ന വാക്കുകളും ദൃഷ്ടാന്തങ്ങളും ആണ് പൗലോസ് ഉപയോഗിച്ചത്.
12. ഒരാളുടെ താത്പര്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് അവതരണങ്ങൾ നടത്താൻ എങ്ങനെ കഴിയും?
12 നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ താത്പര്യങ്ങൾ എന്താണെന്നു മനസ്സിലാക്കുക. എന്നിട്ട് അതനുസരിച്ച് അവതരണങ്ങൾ നടത്തുക. ഒരു വ്യക്തിയെ കാണുമ്പോൾ അല്ലെങ്കിൽ ഒരാളുടെ വീട്ടിലേക്കു ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ താത്പര്യങ്ങൾ എന്താണെന്ന് എങ്ങനെ മനസ്സിലാക്കാം? ഇതിനും നന്നായി നിരീക്ഷിക്കുന്നതു സഹായിക്കും. നിങ്ങൾ ചെല്ലുമ്പോൾ വീട്ടുകാരൻ പൂന്തോട്ടം ഒരുക്കുകയായിരിക്കാം, പുസ്തകം വായിക്കുകയായിരിക്കാം, ചിലപ്പോൾ വണ്ടി നന്നാക്കുകയോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും ചെയ്യുകയോ ആയിരിക്കാം. അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് സംസാരം തുടങ്ങാൻ കഴിയുമോ? (യോഹ. 4:7) ഒരാൾ ഇട്ടിരിക്കുന്ന വസ്ത്രത്തിൽനിന്നുപോലും ആ വ്യക്തിയെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയേക്കും. ഏതു നാട്ടുകാരനാണ്, ജോലി എന്താണ്, ഇഷ്ടപ്പെട്ട സ്പോർട്സ് ടീം ഏതാണ്, അങ്ങനെ പലതും. ഗുസ്താവോ എന്ന സഹോദരൻ പറയുന്നു: “ഞാൻ ഒരിക്കൽ 19 വയസ്സുള്ള ഒരു ചെറുപ്പക്കാരനുമായി സംസാരിച്ചു. അവന്റെ ടീ-ഷർട്ടിൽ പ്രശസ്തനായ ഒരു പാട്ടുകാരന്റെ ചിത്രമുണ്ടായിരുന്നു. ഞാൻ അതെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് എന്തുകൊണ്ടാണ് ആ പാട്ടുകാരനെ ഇഷ്ടമെന്ന് അവൻ പറഞ്ഞു. ആ സംഭാഷണത്തിന് ഒടുവിൽ അവൻ ഒരു ബൈബിൾപഠനത്തിനു സമ്മതിച്ചു. ഇപ്പോൾ അവൻ നമ്മുടെ ഒരു സഹോദരനാണ്.”
13. ആളുകൾക്കു താത്പര്യം തോന്നുന്ന വിധത്തിൽ എങ്ങനെ ഒരു ബൈബിൾപഠനപരിപാടിയെക്കുറിച്ച് സംസാരിക്കാം?
13 ആളുകൾക്കു താത്പര്യം തോന്നുന്ന വിധത്തിൽ ബൈബിൾപഠനത്തെക്കുറിച്ച് അവരോടു പറയുക. ബൈബിൾ പഠിക്കുന്നത് അവരെ എങ്ങനെ സഹായിക്കുമെന്നു കാണിച്ചുകൊടുക്കുക. (യോഹ. 4:13-15) ഒരിക്കൽ താത്പര്യം കാണിച്ച ഒരു സ്ത്രീ പോപ്പി എന്ന സഹോദരിയെ വീടിന് ഉള്ളിലേക്കു ക്ഷണിച്ചു. ആ വീടിന്റെ ചുവരിലെ ഒരു സർട്ടിഫിക്കറ്റ് കണ്ടപ്പോൾ, പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് ഗവേഷണം ചെയ്തിട്ടുള്ള ഒരു പ്രൊഫസ്സറാണ് ആ സ്ത്രീയെന്നു പോപ്പി സഹോദരിക്കു മനസ്സിലായി. നമ്മളും ഒരു വിദ്യാഭ്യാസപരിപാടിയാണു ചെയ്യുന്നതെന്നും ബൈബിൾപഠനപരിപാടിയിലൂടെയും മീറ്റിങ്ങുകളിലൂടെയും ആളുകളെ പഠിപ്പിക്കുന്നുണ്ടെന്നും സഹോദരി അവരോടു പറഞ്ഞു. ആ സ്ത്രീ ഒരു ബൈബിൾപഠനത്തിനു സമ്മതിച്ചു. പിറ്റേന്നുതന്നെ നമ്മുടെ ഒരു മീറ്റിങ്ങിനു വന്നു. താമസിയാതെ നടന്ന ഒരു സർക്കിട്ട് സമ്മേളനത്തിനും ഹാജരായി. ഒരു വർഷം കഴിഞ്ഞ് ആ സ്ത്രീ സ്നാനപ്പെട്ടു. സ്വയം ചോദിക്കുക, ‘ഞാൻ മടക്കസന്ദർശനങ്ങൾ നടത്തുന്നവർക്കു താത്പര്യമുള്ള വിഷയങ്ങൾ എന്തൊക്കെയാണ്? അവർക്കു താത്പര്യം തോന്നുന്ന രീതിയിൽ നമ്മുടെ ബൈബിൾപഠനപരിപാടിയെക്കുറിച്ച് എനിക്ക് എങ്ങനെ പറയാം?’
14. ഓരോ വിദ്യാർഥിക്കും ചേരുന്ന വിധത്തിൽ ബൈബിൾപഠനം നടത്താൻ നിങ്ങൾ എന്തു ചെയ്യണം?
14 നിങ്ങൾ ഒരാളുമായി ബൈബിൾപഠനം തുടങ്ങിയാൽ ഓരോ ഭാഗവും ചർച്ച ചെയ്യുന്നതിനു മുമ്പ് ആ വ്യക്തിയെ മനസ്സിൽ കണ്ട് നന്നായി തയ്യാറാകുക. ആ വ്യക്തിയുടെ വിദ്യാഭ്യാസവും സാഹചര്യങ്ങളും താത്പര്യങ്ങളും കണക്കിലെടുത്തുവേണം തയ്യാറാകാൻ. ഏതെല്ലാം വാക്യങ്ങൾ വായിക്കണം, വീഡിയോകൾ കാണിക്കണം, ബൈബിൾസത്യങ്ങൾ വിശദീകരിക്കാൻ ഏതൊക്കെ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കണം, ഇതെല്ലാം തയ്യാറാകുന്ന സമയത്ത് തീരുമാനിക്കണം. സ്വയം ചോദിക്കുക, ‘ഏത് ആശയമായിരിക്കും എന്റെ വിദ്യാർഥിയെ ആകർഷിക്കുകയും വിദ്യാർഥിയുടെ ഹൃദയത്തെ സ്വാധീനിക്കുകയും ചെയ്യുക?’ (സുഭാ. 16:23) അൽബേനിയയിൽ ഫ്ലോറ എന്ന ഒരു മുൻനിരസേവികയോടൊപ്പം ബൈബിൾ പഠിച്ചിരുന്ന ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “പുനരുത്ഥാനം നടക്കുമെന്ന് എനിക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല.” ആ സ്ത്രീയെ അപ്പോൾത്തന്നെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഫ്ലോറ ശ്രമിച്ചില്ല. ഫ്ലോറ പറയുന്നു: “പുനരുത്ഥാനത്തിൽ വിശ്വസിക്കണമെങ്കിൽ ആദ്യം അതു വാഗ്ദാനം ചെയ്ത ദൈവത്തെക്കുറിച്ച് അവൾ അറിയണമെന്നു ഞാൻ മനസ്സിലാക്കി.” അപ്പോൾ മുതൽ ഓരോ പഠനത്തിന്റെ സമയത്തും യഹോവയുടെ സ്നേഹം, ജ്ഞാനം, ശക്തി എന്നീ ഗുണങ്ങളെക്കുറിച്ച് ഫ്ലോറ എടുത്തുപറഞ്ഞു. പുനരുത്ഥാനം നടക്കുമെന്ന കാര്യം ഒടുവിൽ ആ വിദ്യാർഥിക്ക് ഉറപ്പായി. ഇപ്പോൾ ആ സ്ത്രീ തീക്ഷ്ണതയുള്ള ഒരു യഹോവയുടെ സാക്ഷിയാണ്.
ഭാവിയിലെ ശിഷ്യരായി അവരെ കാണുക
15. പ്രവൃത്തികൾ 17:16-18 പറയുന്നതുപോലെ, ആതൻസ് നഗരത്തിലെ ഏതെല്ലാം കാര്യങ്ങൾ പൗലോസിനെ അസ്വസ്ഥനാക്കി, പക്ഷേ പൗലോസ് അവരോടു തുടർന്നും പ്രസംഗിച്ചത് എന്തുകൊണ്ട്?
15 പ്രവൃത്തികൾ 17:16-18 വായിക്കുക. ആതൻസ് നഗരത്തിലെ ആളുകൾ വിഗ്രഹാരാധകരും അധാർമികപ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നവരും ആയിരുന്നു, ചിലർ തത്ത്വചിന്തകരായിരുന്നു. പക്ഷേ അതുകൊണ്ട് അവർ ഒരിക്കലും ക്രിസ്തുശിഷ്യരാകില്ല എന്നു പൗലോസ് ചിന്തിച്ചില്ല. അവർ പൗലോസിനെ അവഹേളിച്ചിട്ടും അവരോടു പ്രസംഗിക്കുന്നതു പൗലോസ് നിറുത്തിയില്ല. മുമ്പ് പൗലോസുതന്നെ “ദൈവത്തെ നിന്ദിക്കുന്നവനും ദൈവത്തിന്റെ ജനത്തെ ഉപദ്രവിക്കുന്നവനും ധിക്കാരിയും” ആയിരുന്നു. ആ പൗലോസാണ് പിന്നീട് ഒരു ക്രിസ്ത്യാനിയായത്. (1 തിമൊ. 1:13) പൗലോസിനു തന്റെ ഒരു ശിഷ്യനാകാൻ കഴിയുമെന്നു യേശു വിശ്വസിച്ചതുപോലെ ആതൻസുകാർക്കു ക്രിസ്തുശിഷ്യരാകാൻ കഴിയുമെന്നു പൗലോസും വിശ്വസിച്ചു. പൗലോസിന്റെ ആ വിശ്വാസം പാഴായില്ല.—പ്രവൃ. 9:13-15; 17:34.
16-17. എല്ലാ തരത്തിലുമുള്ള ആളുകൾക്കും ക്രിസ്തുവിന്റെ ശിഷ്യരായിത്തീരാൻ കഴിയുമെന്നു പറയുന്നത് എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക.
16 ഒന്നാം നൂറ്റാണ്ടിൽ എല്ലാ തരത്തിലുംപെട്ട ആളുകൾ യേശുവിന്റെ ശിഷ്യരായി. ഗ്രീക്കു നഗരമായ കൊരിന്തിന്റെ കാര്യമെടുക്കുക. പൗലോസ് ആ സഭയിലെ സഹോദരങ്ങൾക്ക് എഴുതിയപ്പോൾ മുമ്പ് അവരിൽ ചിലർ കുറ്റവാളികളും അങ്ങേയറ്റം മ്ലേച്ഛമായ അധാർമികപ്രവൃത്തികൾ ചെയ്തിരുന്നവരും ആയിരുന്നെന്നു പറഞ്ഞു. എന്നിട്ട് പൗലോസ് ഇങ്ങനെ എഴുതി: “നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു. പക്ഷേ നിങ്ങളെ കഴുകി വെടിപ്പാക്കിയിരിക്കുന്നു.” (1 കൊരി. 6:9-11) അത്രയും മോശമായ സ്വഭാവങ്ങളുള്ള ആ നഗരത്തിലെ ആളുകൾ മാറ്റം വരുത്തി ശിഷ്യരാകുമെന്നു നിങ്ങൾ കരുതുമായിരുന്നോ?
17 ഇന്നും ക്രിസ്തുവിന്റെ ഒരു ശിഷ്യനാകാൻ വേണ്ട മാറ്റങ്ങൾ വരുത്താൻ പലരും തയ്യാറാണ്. പശ്ചാത്തലമൊന്നും അതിന് ഒരു തടസ്സമല്ല. ഇക്കാര്യം ഓസ്ട്രേലിയയിലെ ഒരു മുൻനിരസേവികയായ യുക്കീന മനസ്സിലാക്കി. ഒരിക്കൽ ഒരു ഓഫീസിൽവെച്ച് ശരീരത്തിൽ പലയിടത്തും പച്ച കുത്തിയ ഒരു യുവതിയെ സഹോദരി കണ്ടു. യുക്കീന സഹോദരി പറയുന്നു: “ആദ്യമൊന്നു മടിച്ചെങ്കിലും പിന്നെ ഞാൻ അവളോടു സംസാരിക്കാൻ തുടങ്ങി. അവൾക്കു ബൈബിളിൽ താത്പര്യമുണ്ടെന്ന് അപ്പോൾ എനിക്കു മനസ്സിലായി. സത്യത്തിൽ അവൾ പച്ച കുത്തിയതിൽ ചിലതു *
സങ്കീർത്തനങ്ങളിലെ ചില വാക്യങ്ങളായിരുന്നു.” ആ യുവതി ബൈബിൾ പഠിക്കാനും മീറ്റിങ്ങുകൾക്കു ഹാജരാകാനും തുടങ്ങി.18. ആളുകളെ മുൻവിധിയോടെ കാണരുതാത്തത് എന്തുകൊണ്ട്?
18 ഭൂരിപക്ഷം പേരും തന്നെ ശ്രദ്ധിക്കും എന്നു തോന്നിയതുകൊണ്ടാണോ വയൽ കൊയ്ത്തിനു പാകമായിരിക്കുന്നു എന്നു യേശു പറഞ്ഞത്? അല്ല. വളരെ കുറച്ച് പേർ മാത്രമേ യേശുവിൽ വിശ്വസിക്കുകയുള്ളൂ എന്നു തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യോഹ. 12:37, 38) ആളുകളുടെ മനസ്സു വായിക്കാനുള്ള അത്ഭുതകരമായ കഴിവും യേശുവിനുണ്ടായിരുന്നു. (മത്താ. 9:4) തന്നിൽ വിശ്വസിക്കുമായിരുന്ന കുറച്ച് പേരെ യേശു ശ്രദ്ധിച്ചു. പക്ഷേ എല്ലാവരോടും യേശു ഉത്സാഹത്തോടെ പ്രസംഗിച്ചു. അങ്ങനെയെങ്കിൽ ആളുകളുടെ മനസ്സു വായിക്കാൻ കഴിവില്ലാത്ത നമ്മുടെ കാര്യമോ? ഏതെങ്കിലും ഒരു പ്രദേശത്തെ ആളുകളെയോ ഒരു വ്യക്തിയെയോ നമ്മൾ മുൻവിധിയോടെ കാണുന്നതു ശരിയായിരിക്കുമോ? അതിനു പകരം അവർ ക്രിസ്തുശിഷ്യരാകുമെന്നു പ്രതീക്ഷിക്കുക. ബുർക്കിനാ ഫാസോയിലെ ഒരു മിഷനറിയായ മാർക്ക് പറയുന്നു: “പെട്ടെന്നു പുരോഗമിക്കുമെന്നു ഞാൻ കരുതുന്നവർ മിക്കപ്പോഴും പഠനം നിറുത്തും. എന്നാൽ വലിയ പുരോഗതി വരുത്തില്ലെന്നു ഞാൻ ചിന്തിക്കുന്നവർ നന്നായി പുരോഗമിക്കാറുമുണ്ട്. ഇതിൽനിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി. ശരിക്കും സത്യം അറിയാൻ ആഗ്രഹിക്കുന്നവരുടെ അടുത്തേക്ക് യഹോവയുടെ ആത്മാവ് നമ്മളെ വഴി നയിക്കും.”
19. നമ്മുടെ പ്രദേശത്തെ ആളുകളെ നമ്മൾ എങ്ങനെ കാണണം?
19 കൊയ്യാൻ പാകമായ വിളവുപോലെ അധികമാരും നമ്മുടെ പ്രദേശത്തില്ലെന്ന് ഒറ്റ നോട്ടത്തിൽ നമുക്കു തോന്നിയേക്കാം. പക്ഷേ വയൽ കൊയ്യാൻ പാകമായി എന്നുതന്നെയാണ് യേശു ശിഷ്യന്മാരോടു പറഞ്ഞത് എന്ന് ഓർക്കുക. ആളുകൾക്കു മാറ്റം വരുത്താനും ക്രിസ്തുശിഷ്യരാകാനും കഴിയും. അതുതന്നെയാണ് യഹോവയും പ്രതീക്ഷിക്കുന്നത്. അവരെ “അമൂല്യവസ്തുക്കൾ” എന്നാണ് യഹോവ വിളിക്കുന്നത്. (ഹഗ്ഗാ. 2:7) യഹോവയും യേശുവും കാണുന്നതുപോലെ ആളുകളെ കാണുന്നെങ്കിൽ അവരുടെ സാഹചര്യങ്ങളും താത്പര്യങ്ങളും മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കും. അവരെ അപരിചിതരായിട്ടല്ല, പകരം ഭാവിയിലെ ഒരു സഹോദരനോ സഹോദരിയോ ആയിട്ടായിരിക്കും നമ്മൾ കാണുന്നത്.
ഗീതം 57 എല്ലാ തരം ആളുകളോടും പ്രസംഗിക്കുന്നു
^ ഖ. 5 നമ്മുടെ പ്രദേശത്തെ ആളുകളോടുള്ള മനോഭാവം നമ്മുടെ പ്രസംഗപ്രവർത്തനത്തെയും പഠിപ്പിക്കൽരീതിയെയും സ്വാധീനിക്കും. അത് എങ്ങനെയാണ്? യേശുവും അപ്പോസ്തലനായ പൗലോസും ആളുകളെ എങ്ങനെയാണു വീക്ഷിച്ചതെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. അവർ ആളുകളുടെ വിശ്വാസങ്ങളും താത്പര്യങ്ങളും കണക്കിലെടുത്തു. തങ്ങളെ ശ്രദ്ധിച്ചവർ ശിഷ്യരായിത്തീരുമെന്നും അവർ പ്രതീക്ഷിച്ചു. ഇക്കാര്യത്തിൽ അവരെ നമുക്ക് എങ്ങനെ അനുകരിക്കാമെന്നും നമ്മൾ പഠിക്കും.
^ ഖ. 17 “ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” എന്ന പരമ്പരയിൽ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടുള്ള ആളുകളുടെ കൂടുതൽ ദൃഷ്ടാന്തങ്ങൾ കാണാം. 2017 വരെ ഈ പരമ്പര വീക്ഷാഗോപുരത്തിൽ വന്നിരുന്നു. ഇപ്പോൾ അതു jw.org-ൽ ആണ് പ്രസിദ്ധീകരിക്കുന്നത്. ഞങ്ങളെക്കുറിച്ച് > അനുഭവങ്ങൾ എന്നതിനു കീഴിൽ നോക്കുക.
^ ഖ. 57 ചിത്രക്കുറിപ്പ്: ഒരു ദമ്പതികൾ വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ പല സാഹചര്യങ്ങളിലുള്ള വീടുകളിൽ കയറുന്നു. (1) നല്ല വൃത്തിയുള്ള, പൂച്ചെടികൾകൊണ്ട് അലങ്കരിച്ചിരിക്കുന്ന ഒരു വീട്ടിൽ, (2) കൊച്ചുകുട്ടികളുള്ള ഒരു വീട്ടിൽ, (3) അകവും പുറവും അലങ്കോലമായി കിടക്കുന്ന ഒരു വീട്ടിൽ, (4) മതവിശ്വാസമുള്ള ഒരു ഭവനത്തിൽ. ഒരു ശിഷ്യനാകാൻ ഏറ്റവും സാധ്യതയുള്ള വ്യക്തിയെ നിങ്ങൾ ഏതു വീട്ടിലായിരിക്കും കണ്ടെത്തുക?