പഠനലേഖനം 16
സഹോദരങ്ങളെ മനസ്സിലാക്കി അവരോട് അനുകമ്പ കാണിക്കുക
“പുറമേ കാണുന്നതുവെച്ച് വിധിക്കാതെ നീതിയോടെ വിധിക്കുക.”—യോഹ. 7:24.
ഗീതം 101 ഐക്യത്തിൽ പ്രവർത്തിക്കാം
പൂർവാവലോകനം *
1. യഹോവയെക്കുറിച്ച് ആശ്വാസം തരുന്ന ഏതു കാര്യമാണു ബൈബിൾ പറയുന്നത്?
നിറമോ സൗന്ദര്യമോ നിങ്ങളുടെ വലുപ്പമോ നോക്കി ആളുകൾ നിങ്ങളെ വിലയിരുത്താൻ നിങ്ങൾ ആഗ്രഹിക്കുമോ? ആശ്വാസം തരുന്ന ഒരു കാര്യം പറയട്ടെ. യഹോവ നമ്മളെ വിലയിരുത്തുന്നതു മനുഷ്യർക്കു കാണാൻ കഴിയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലല്ല. ഉദാഹരണത്തിന്, ശമുവേൽ യിശ്ശായിയുടെ ഭവനത്തിൽ ചെന്നപ്പോൾ നടന്ന സംഭവം നോക്കുക. യിശ്ശായിയുടെ പുത്രന്മാരിൽ യഹോവ കണ്ടതു ശമുവേലിനു കാണാൻ കഴിഞ്ഞില്ല. യിശ്ശായിയുടെ ആൺമക്കളിൽ ഒരാൾ ഇസ്രായേലിന്റെ രാജാവാകുമെന്ന് യഹോവ ശമുവേലിനോടു പറഞ്ഞു. പക്ഷേ ആരായിരിക്കും അത്? യിശ്ശായിയുടെ മൂത്ത മകനായ എലിയാബിനെ കണ്ടപ്പോൾ ശമുവേൽപറഞ്ഞു: “നിശ്ചയമായും യഹോവയുടെ അഭിഷിക്തൻ ഇതാ ദൈവത്തിന്റെ മുന്നിൽ നിൽക്കുന്നു.” ഒറ്റ നോട്ടത്തിൽ ഒരു രാജാവിനു വേണ്ട എല്ലാ ലക്ഷണങ്ങളും എലിയാബിനുണ്ടായിരുന്നു. “പക്ഷേ, യഹോവ ശമുവേലിനോടു പറഞ്ഞു: ‘അയാളുടെ രൂപഭംഗിയോ പൊക്കമോ നോക്കരുത്. കാരണം, ഞാൻ അയാളെ തള്ളിക്കളഞ്ഞിരിക്കുന്നു.’” ഇതിൽനിന്ന് നമ്മൾ എന്താണു മനസ്സിലാക്കേണ്ടത്? യഹോവതന്നെ പറയുന്നു: “കണ്ണിനു കാണാനാകുന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോവയോ ഹൃദയത്തിന് ഉള്ളിലുള്ളതു കാണുന്നു.”—1 ശമു. 16:1, 6, 7.
2. യോഹന്നാൻ 7:24 പറയുന്നതുപോലെ, പുറമേ കാണുന്നതുവെച്ച് നമ്മൾ ഒരാളെ വിധിക്കരുതാത്തത് എന്തുകൊണ്ട്? ഒരു ദൃഷ്ടാന്തം പറയുക.
2 അപൂർണരായതുകൊണ്ട് പുറമേ കാണുന്നതുവെച്ച് ആളുകളെ വിലയിരുത്താനുള്ള ഒരു ചായ്വ് നമുക്ക് എല്ലാവർക്കുമുണ്ട്. (യോഹന്നാൻ 7:24 വായിക്കുക.) പക്ഷേ അതിന്റെ കുഴപ്പം മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം നോക്കാം. വിദഗ്ധനായ, അനുഭവപരിചയമുള്ള ഒരു ഡോക്ടർക്കുപോലും ഒരു രോഗിയെ വെറുതേ നോക്കിയാൽ കാര്യമായൊന്നും പിടികിട്ടില്ല. ആദ്യംതന്നെ ഡോക്ടർ രോഗിക്കു പറയാനുള്ളതു ശ്രദ്ധിച്ച് കേൾക്കണം. എങ്കിൽ മാത്രമേ, രോഗിക്കു മുമ്പുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളും ഇപ്പോഴുള്ള രോഗലക്ഷണങ്ങളും തന്റെ അവസ്ഥയെക്കുറിച്ച് അയാൾക്ക് എന്താണു തോന്നുന്നതെന്നും ഡോക്ടർക്കു മനസ്സിലാക്കാൻ കഴിയൂ. ആന്തരികാവയവങ്ങളുടെ അവസ്ഥ അറിയുന്നതിന് ഒരു എക്സ്റേ എടുക്കാൻപോലും ഡോക്ടർ ആവശ്യപ്പെട്ടേക്കാം. ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ ഡോക്ടറുടെ നിഗമനങ്ങൾ തെറ്റിപ്പോയേക്കാം. സമാനമായി, പുറമേ കാണുന്നതു മാത്രം നോക്കിയാൽ സഹോദരങ്ങളെ ശരിക്കു മനസ്സിലാക്കാൻ നമുക്കു കഴിയില്ല. അതുകൊണ്ട് നമ്മൾ അതിന് അപ്പുറത്തേക്ക്, ഒരു വ്യക്തിയുടെ ഉള്ളിലേക്കു നോക്കണം. ആളുകളുടെ മനസ്സു വായിക്കാൻ കഴിയാത്തതുകൊണ്ട്, യഹോവ മനസ്സിലാക്കുന്നതുപോലെ അത്ര നന്നായി മറ്റുള്ളവരെ മനസ്സിലാക്കാൻ നമുക്കു കഴിയില്ല. പക്ഷേ ഇക്കാര്യത്തിൽ യഹോവയെ അനുകരിക്കാൻ നമുക്കു നല്ല ശ്രമം ചെയ്യാം. എങ്ങനെ?
3. ഈ ലേഖനത്തിലെ ബൈബിൾവിവരണങ്ങൾ ഏതെല്ലാം കാര്യങ്ങളിൽ യഹോവയെ അനുകരിക്കാൻ നമ്മളെ സഹായിക്കും?
3 യഹോവ തന്റെ ആരാധകരോട് എങ്ങനെയാണ് ഇടപെടുന്നത്? യഹോവ അവർക്കു പറയാനുള്ളതു ശ്രദ്ധിക്കുന്നു. അവരുടെ സാഹചര്യങ്ങളും അവരെ സ്വാധീനിച്ചിട്ടുള്ള കാര്യങ്ങളും മനസ്സിലാക്കുന്നു. അവരോടു കരുണ കാണിക്കുകയും ചെയ്യുന്നു. യോന, ഏലിയ, ഹാഗാർ, ലോത്ത് എന്നിവരോട് ഇടപെട്ടപ്പോൾ യഹോവ ഇക്കാര്യങ്ങൾ ചെയ്തത് എങ്ങനെയാണെന്നു നോക്കാം. സഹോദരങ്ങളോട് ഇടപെടുമ്പോൾ യഹോവയെ എങ്ങനെ അനുകരിക്കാമെന്നും പഠിക്കാം.
ശ്രദ്ധിച്ച് കേൾക്കുക
4. നമ്മൾ യോനയെക്കുറിച്ച് തെറ്റായി ചിന്തിച്ചേക്കാവുന്നത് എന്തുകൊണ്ട്?
4 നിനെവെയിൽ പോയി ന്യായവിധിസന്ദേശം അറിയിക്കാൻ യഹോവ യോനയ്ക്കു നേരിട്ട് ഒരു കല്പന കൊടുത്തു. എന്നാൽ അത് അനുസരിക്കുന്നതിനു പകരം എതിർദിശയിൽ പോകുന്ന ഒരു കപ്പലിൽ യോന കയറി. അങ്ങനെ “യഹോവയുടെ സന്നിധിയിൽനിന്ന്” പോയി. ഇതിന്റെ അടിസ്ഥാനത്തിൽ യോന ആശ്രയയോഗ്യനല്ലെന്നു നമ്മൾ വിലയിരുത്തിയേക്കാം, അവിശ്വസ്തനാണെന്നുപോലും വിധിച്ചേക്കാം. (യോന 1:1-3) നിങ്ങളായിരുന്നെങ്കിൽ ആ നിയമനം ചെയ്യാൻ യോനയ്ക്ക് ഒരു അവസരംകൂടി കൊടുക്കുമായിരുന്നോ? സാധ്യതയനുസരിച്ച് ഇല്ല. പക്ഷേ അങ്ങനെ ചെയ്യാമെന്ന് യഹോവയ്ക്കു തോന്നി, എന്തുകൊണ്ട്?—യോന 3:1, 2.
5. യോന 2:1, 2, 9 യോനയെക്കുറിച്ച് നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
5 നിയമനം ഇട്ടെറിഞ്ഞ് പോയ ഒരാൾ മാത്രമായിട്ടാണ് നിങ്ങൾ യോനയെ കാണുന്നതെങ്കിൽ യോനയുടെ പ്രാർഥന ഒന്നു നോക്കുക. (യോന 2:1, 2, 9 വായിക്കുക.) യോന പല തവണ യഹോവയോടു പ്രാർഥിച്ചിട്ടുണ്ടാകും. എങ്കിലും മത്സ്യത്തിന്റെ വയറ്റിൽ കിടന്ന് നടത്തിയ പ്രാർഥന യോനയെക്കുറിച്ച് പലതും വെളിപ്പെടുത്തുന്നുണ്ട്. യോന താഴ്മയും നന്ദിയും ഉള്ള ഒരാളാണെന്നും യഹോവയെ സേവിക്കാൻ ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്നും ആ പ്രാർഥനയിലെ വാക്കുകൾ കാണിച്ചുതരുന്നു. യഹോവ യോനയുടെ തെറ്റുകൾ ഗൗരവമായി എടുക്കാതിരുന്നതിന്റെ കാരണം ഇപ്പോൾ മനസ്സിലാകുന്നില്ലേ? പകരം യഹോവ യോനയുടെ പ്രാർഥനയ്ക്ക് ഉത്തരം കൊടുത്തു, തുടർന്നും യോനയെ ഒരു പ്രവാചകനായി ഉപയോഗിക്കുകയും ചെയ്തു.
6. നമ്മൾ ശ്രദ്ധിച്ച് കേൾക്കുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?
6 മറ്റുള്ളവർ പറയുന്നതു ശ്രദ്ധിച്ച് കേൾക്കണമെങ്കിൽ നമുക്കു താഴ്മയും ക്ഷമയും വേണം. പക്ഷേ അതിനു കുറഞ്ഞതു മൂന്നു പ്രയോജനങ്ങളെങ്കിലുമുണ്ട്. ഒന്ന്, ആളുകൾ പറയുന്നതു ശ്രദ്ധിച്ച് കേട്ടാൽ അവരെക്കുറിച്ച് തെറ്റായ നിഗമനത്തിലെത്താനുള്ള സാധ്യത കുറവായിരിക്കും. രണ്ട്, അവരുടെ ചിന്തകളും അവർ ഓരോന്നും ചെയ്യുന്നതിന്റെ പിന്നിലെ കാരണങ്ങളും നമുക്ക് അപ്പോൾ മനസ്സിലാകും, അവരോടു സഹാനുഭൂതിയോടെ ഇടപെടാൻ അതു സഹായിക്കും. ഇനി മൂന്ന്, നമ്മളോടു സംസാരിക്കുമ്പോഴായിരിക്കും ആ വ്യക്തിക്കു തന്നെക്കുറിച്ചുതന്നെ ചില കാര്യങ്ങൾ സ്വയം മനസ്സിലാകുന്നത്. അതു ശരിയല്ലേ? ചിലപ്പോൾ നമ്മുടെ വിഷമങ്ങൾ മറ്റുള്ളവരോടു പറയുമ്പോഴല്ലേ സുഭാ. 20:5) ഏഷ്യയിലെ ഒരു മൂപ്പൻ ഇങ്ങനെ പറഞ്ഞു: “ഒരിക്കൽ എനിക്ക് ഒരു തെറ്റു പറ്റി. ഞാൻ കേൾക്കുന്നതിനു മുമ്പ് സംസാരിച്ചു. മീറ്റിങ്ങുകളിൽ കുറച്ചുകൂടി നന്നായി ഉത്തരം പറയാൻ ശ്രമിക്കണമെന്നു ഞാൻ ഒരു സഹോദരിയോടു പറഞ്ഞു. പിന്നീടാണ് അറിയുന്നത്, ആ സഹോദരിക്കു വായന ബുദ്ധിമുട്ടാണെന്നും ഒത്തിരി കഷ്ടപ്പെട്ടാണ് ഉത്തരം പറയാൻ തയ്യാറാകുന്നതെന്നും.” ബുദ്ധിയുപദേശം കൊടുക്കുന്നതിനു മുമ്പ് മൂപ്പന്മാർ ‘വസ്തുതകളെല്ലാം കേൾക്കേണ്ടത്’ എത്ര പ്രധാനമാണ്!—സുഭാ. 18:13.
അതു നമുക്കുതന്നെ പൂർണമായി മനസ്സിലാകുന്നത്? (7. യഹോവ ഏലിയയോട് ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
7 നമ്മുടെ ചില സഹോദരങ്ങൾക്ക് ആദ്യംതന്നെ തങ്ങളുടെ ഉള്ളിലുള്ളതെല്ലാം നമ്മളോടു പറയാൻ തോന്നണമെന്നില്ല. അവർ വളർന്നുവന്ന പശ്ചാത്തലവും സംസ്കാരവും അവരുടെ വ്യക്തിത്വവും ഒക്കെയായിരിക്കാം അതിനു കാരണം. അവർക്കു നമ്മളോട് ഉള്ളു തുറക്കാൻ തോന്നണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? അതു മനസ്സിലാക്കാൻ ഇസബേലിനെ പേടിച്ച് ഓടിപ്പോയ ഏലിയയോട് യഹോവ ഇടപെട്ട വിധം നോക്കാം. ഏലിയ തന്റെ വിഷമങ്ങൾ സ്വർഗീയപിതാവിനോടു പറയാൻ കുറെ ദിവസമെടുത്തു. എന്നാൽ ഏലിയ ഉള്ളു തുറന്നപ്പോൾ യഹോവ ശ്രദ്ധിച്ച് കേട്ടു. അതു കഴിഞ്ഞ് യഹോവ ഏലിയയെ പ്രോത്സാഹിപ്പിക്കുകയും പ്രധാനപ്പെട്ട ചില ജോലികൾ ഏൽപ്പിക്കുകയും ചെയ്തു. (1 രാജാ. 19:1-18) പിരിമുറുക്കമൊക്കെ മാറ്റിവെച്ച് നമ്മളോടു സംസാരിക്കാൻ സഹോദരങ്ങൾക്കു തോന്നണമെങ്കിൽ കുറച്ച് സമയമെടുത്തേക്കാം. പക്ഷേ അവർ ഉള്ളു തുറക്കുന്നതുവരെ കാത്തിരുന്നാലേ അവരുടെ വിഷമങ്ങൾ നമുക്കു മനസ്സിലാക്കാൻ കഴിയൂ. യഹോവയെപ്പോലെ ക്ഷമ കാണിക്കുന്നെങ്കിൽ പതിയെ നമ്മളോടു തുറന്ന് സംസാരിക്കാൻ അവർക്കു തോന്നും. അവർ സംസാരിക്കുമ്പോൾ നമ്മൾ ശ്രദ്ധിച്ച് കേൾക്കുകയും വേണം.
നിങ്ങളുടെ സഹോദരങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുക
8. ഉൽപത്തി 16:7-13 പറയുന്നതനുസരിച്ച് യഹോവ ഹാഗാറിനെ എങ്ങനെയാണു സഹായിച്ചത്?
8 സാറായിയുടെ ദാസിയായ ഹാഗാർ അബ്രാമിന്റെ ഭാര്യയായ ശേഷം ഒരിക്കൽ ബുദ്ധിശൂന്യമായി പ്രവർത്തിച്ചു. ഹാഗാർ ഗർഭിണിയായപ്പോൾ, കുട്ടികളില്ലാതിരുന്ന സാറായിയെ അവജ്ഞയോടെ നോക്കാൻ തുടങ്ങി. അതുകൊണ്ട് സാറായി ഹാഗാറിനെ അസഹ്യപ്പെടുത്തി. ഒടുവിൽ ഹാഗാറിന് അവിടെനിന്ന് ഓടിപ്പോകേണ്ടിവന്നു. (ഉൽപ. 16:4-6) നമ്മൾ അപൂർണരായതുകൊണ്ട് ഹാഗാർ അഹങ്കാരിയാണെന്നും അർഹിച്ച ശിക്ഷതന്നെയാണു കിട്ടിയതെന്നും നമുക്കു തോന്നിയേക്കാം. എന്നാൽ യഹോവയ്ക്ക് അങ്ങനെയല്ല തോന്നിയത്. യഹോവ ഹാഗാറിന്റെ അടുത്തേക്ക് തന്റെ ദൂതനെ അയച്ചു. ദൂതൻ ഹാഗാറിനെ കണ്ടപ്പോൾ, ഹാഗാറിന്റെ മനോഭാവത്തിനു മാറ്റം വരുത്താൻ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. യഹോവ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നും തന്റെ സാഹചര്യം മുഴുവൻ മനസ്സിലാക്കിയെന്നും ഹാഗാർ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഹാഗാർ യഹോവയെ “അങ്ങ് എല്ലാം കാണുന്ന ദൈവം” എന്നു വിളിച്ചു.—ഉൽപത്തി 16:7-13 വായിക്കുക.
9. ദൈവം ഹാഗാറിനോടു ദയയോടെ ഇടപെട്ടത് എന്തുകൊണ്ട്?
9 ഹാഗാറിൽ യഹോവ എന്താണു കണ്ടത്? ഹാഗാറിന്റെ കഴിഞ്ഞ കാലവും ഹാഗാർ അനുഭവിച്ച കഷ്ടപ്പാടുകളും യഹോവയ്ക്കു നന്നായി അറിയാമായിരുന്നു. (സുഭാ. 15:3) ഹാഗാർ ഒരു ഈജിപ്തുകാരിയായിരുന്നു. ഇപ്പോൾ ഒരു എബ്രായഭവനത്തിലാണു കഴിയുന്നത്. താൻ ആർക്കും വേണ്ടാത്ത ഒരാളാണെന്നു ഹാഗാറിനു തോന്നിക്കാണുമോ? സ്വന്തം നാട്ടിൽനിന്ന് അകലെ, വീട്ടുകാരെ പിരിഞ്ഞിരിക്കേണ്ടിവന്നതിന്റെ വേദന ഹാഗാർ അനുഭവിച്ചുകാണുമോ? ഹാഗാർ അബ്രാഹാമിന്റെ ഒരേ ഒരു ഭാര്യയായിരുന്നില്ല. അക്കാലത്തൊക്കെ വിശ്വസ്തരായ ചില പുരുഷന്മാർക്ക് ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടായിരുന്നു. പക്ഷേ യഹോവ ശരിക്കും ആദ്യം ഉദ്ദേശിച്ചത് അതായിരുന്നില്ല. (മത്താ. 19:4-6) അതുകൊണ്ടുതന്നെ ബഹുഭാര്യത്വം കുടുംബത്തിൽ അസൂയയും വെറുപ്പും പോലുള്ള പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഹാഗാർ സാറായിയോട് അനാദരവ് കാണിച്ചത് തെറ്റാണെന്ന് യഹോവയ്ക്ക് അറിയാമായിരുന്നെങ്കിലും യഹോവ ഹാഗാറിന്റെ വിഷമങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കുകയും ദയയോടെ ഇടപെടുകയും ചെയ്തു.
10. നമുക്ക് എങ്ങനെ നമ്മുടെ സഹോദരങ്ങളെ കുറെക്കൂടി നന്നായി മനസ്സിലാക്കാൻ കഴിയും?
10 നമ്മുടെ സഹോദരങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് നമുക്ക് യഹോവയെ അനുകരിക്കാം. അതെ, സഹോദരങ്ങളെ കുറെക്കൂടി നന്നായി മനസ്സിലാക്കാൻ ശ്രമിക്കുക. മീറ്റിങ്ങുകൾക്കു മുമ്പും അതു കഴിഞ്ഞും സഹോദരങ്ങളോടു സംസാരിക്കുക. അവരുടെകൂടെ വയൽസേവനത്തിനു പോകുക. കഴിയുമെങ്കിൽ അവരെ ഒരു ഭക്ഷണത്തിനു വിളിക്കുക. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമുക്കു പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞേക്കും. ഉദാഹരണത്തിന്, നമ്മളോടു വലിയ അടുപ്പം കാണിക്കാത്ത ഒരു സഹോദരി ലജ്ജകൊണ്ടായിരിക്കാം അങ്ങനെ ചെയ്യുന്നത്. പണസ്നേഹമുണ്ടെന്നു നമ്മൾ കരുതിയ ഒരു സഹോദരൻ അങ്ങനെയല്ലെന്നും കൊടുക്കാൻ മനസ്സുള്ളയാളാണെന്നും നമുക്കു മനസ്സിലായേക്കാം. ഇയ്യോ. 6:29) നമ്മൾ ഒരിക്കലും ‘മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാൻ’ പോകരുത് എന്നതു ശരിയാണ്. (1 തിമൊ. 5:13) എങ്കിലും സഹോദരങ്ങളുടെ സാഹചര്യങ്ങളെയും അവരുടെ കഴിഞ്ഞകാല ജീവിതത്തെയും കുറിച്ച് കുറച്ചൊക്കെ അറിയുന്നതു നല്ലതാണ്. അപ്പോൾ അവരെ കുറെക്കൂടി നന്നായി മനസ്സിലാക്കാൻ നമുക്കു കഴിയും.
ഇനി, വീട്ടിലെ എതിർപ്പു കാരണമാണ് ഒരു സഹോദരി കുട്ടികളുമൊത്ത് പതിവായി മീറ്റിങ്ങിനു താമസിച്ചുവരുന്നത് എന്നും നമ്മൾ തിരിച്ചറിഞ്ഞേക്കാം. (11. മൂപ്പന്മാർ ആടുകളെ നന്നായി അറിയേണ്ടത് എന്തുകൊണ്ട്?
11 പ്രത്യേകിച്ച് മൂപ്പന്മാർ തങ്ങളുടെ പരിപാലനത്തിലുള്ള സഹോദരങ്ങളുടെ സാഹചര്യങ്ങൾ അറിയണം. ഒരു സർക്കിട്ട് മേൽവിചാരകനായിരുന്ന ആർതർ സഹോദരന്റെ അനുഭവം നോക്കാം. അദ്ദേഹവും വേറൊരു മൂപ്പനുംകൂടി ഒരു സഹോദരിയെ കാണാൻ പോയി. മറ്റുള്ളവരോട് അധികമൊന്നും സംസാരിക്കാതെ ഒതുങ്ങിക്കൂടുന്നയാളായിരുന്നു ആ സഹോദരി. ആർതർ സഹോദരൻ പറയുന്നു: “സംസാരിച്ചപ്പോഴാണു സഹോദരിയുടെ സാഹചര്യം ശരിക്കു മനസ്സിലായത്. വിവാഹം കഴിഞ്ഞ് അധികം കാലമാകുന്നതിനു മുമ്പ് സഹോദരിയുടെ ഭർത്താവ് മരിച്ചുപോയിരുന്നു. പല ബുദ്ധിമുട്ടുകളും സഹിച്ചാണ് തന്റെ രണ്ടു പെൺമക്കളെ സഹോദരി നല്ല ആത്മീയതയുള്ളവരായി വളർത്തിക്കൊണ്ടുവന്നത്. അടുത്ത കാലത്തായി സഹോദരിയുടെ കാഴ്ചശക്തി കുറയാൻ തുടങ്ങി. വിഷാദരോഗത്തിന്റെ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. എങ്കിലും, സഹോദരിക്ക് യഹോവയോടുള്ള സ്നേഹത്തിനും യഹോവയിലുള്ള വിശ്വാസത്തിനും ഒട്ടും കുറവ് വന്നില്ല. ഈ സഹോദരിയിൽനിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ടെന്നു ഞങ്ങൾക്കു മനസ്സിലായി.” (ഫിലി. 2:3) യഹോവയെപ്പോലെ, ഈ സർക്കിട്ട് മേൽവിചാരകൻ തന്റെ ആടുകളെ നന്നായി അറിയുകയും അവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കുകയും ചെയ്തു. (പുറ. 3:7) ആടുകളെ നന്നായി അറിയുന്ന മൂപ്പന്മാർക്കാണ് അവരെ ഏറ്റവും മെച്ചമായി സഹായിക്കാൻ കഴിയുന്നത്.
12. സഭയിലെ ഒരു സഹോദരിയെ അടുത്ത് അറിഞ്ഞതുകൊണ്ട് യിപ് യീ സഹോദരിക്ക് എന്തു പ്രയോജനമുണ്ടായി?
12 ഒരു സഹക്രിസ്ത്യാനിയുടെ ചില രീതികൾ നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നിരിക്കട്ടെ. അദ്ദേഹത്തിന്റെ പശ്ചാത്തലം നന്നായി മനസ്സിലാക്കുന്നെങ്കിൽ നമുക്ക് അദ്ദേഹത്തോട് അനുകമ്പ കാണിക്കുന്നത് എളുപ്പമായിരിക്കും. ഒരു അനുഭവം നോക്കാം. ഒരു ഏഷ്യൻ രാജ്യത്ത് താമസിക്കുന്ന യിപ് യീ സഹോദരി പറയുന്നു: “എന്റെ സഭയിലെ ഒരു സഹോദരി ഒത്തിരി ഉറക്കെയാണു സംസാരിച്ചിരുന്നത്. ഇതു നല്ല രീതിയല്ലെന്ന് എനിക്കു തോന്നി. പക്ഷേ സഹോദരിയുടെകൂടെ വയൽസേവനത്തിനു പോയപ്പോഴാണ് എനിക്കു കാര്യം മനസ്സിലായത്. ആ സഹോദരി അച്ഛന്റെയും അമ്മയുടെയും കൂടെ മാർക്കറ്റിൽ മീൻ വിൽക്കാൻ പോയിരുന്നു. കച്ചവടം നല്ലപോലെ നടക്കണമെങ്കിൽ ഉച്ചത്തിൽ സംസാരിക്കണമായിരുന്നു.” ഇതിൽനിന്ന് യിപ് യീ സഹോദരി എന്തു പഠിച്ചു? സഹോദരി തുടരുന്നു: “എന്റെ സഹോദരങ്ങളെ നന്നായി അറിയണമെങ്കിൽ അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കണമെന്നു ഞാൻ പഠിച്ചു.” സഹോദരങ്ങളെ അടുത്ത് അറിയാൻ നല്ല ശ്രമം വേണം എന്നതു ശരിയാണ്. പക്ഷേ, ഹൃദയം വിശാലമായി തുറക്കാനുള്ള ബൈബിളിന്റെ ഉപദേശം അനുസരിക്കുമ്പോൾ, ‘എല്ലാ തരം ആളുകളെയും’ സ്നേഹിക്കുന്ന യഹോവയെ നിങ്ങൾ അനുകരിക്കുകയാണ്.—1 തിമൊ. 2:3, 4; 2 കൊരി. 6:11-13.
അനുകമ്പയുള്ളവരായിരിക്കുക
13. ഉൽപത്തി 19:15, 16 അനുസരിച്ച്, ലോത്ത് മടിച്ചുനിന്നപ്പോൾ ദൂതന്മാർ എന്താണു ചെയ്തത്, എന്തുകൊണ്ട്?
13 ജീവിതത്തിലെ നിർണായകമായ ഒരു സമയത്ത്, ഉൽപ. 19:12, 13) പിറ്റേന്ന് നേരം വെളുക്കാറായിട്ടും ലോത്തും കുടുംബവും വീട്ടിൽനിന്ന് പോയില്ലായിരുന്നു. അതുകൊണ്ട് ദൂതന്മാർ വീണ്ടും ലോത്തിനു മുന്നറിയിപ്പു കൊടുത്തു. “പക്ഷേ ലോത്ത് മടിച്ചുനിന്നു.” ലോത്ത് യഹോവയുടെ വാക്കുകൾക്കു വലിയ ഗൗരവം കൊടുത്തില്ലെന്നും അനുസരണക്കേടാണു കാണിച്ചതെന്നും നമുക്കു തോന്നിയേക്കാം. പക്ഷേ യഹോവ ലോത്തിനെ ഉപേക്ഷിച്ചില്ല. “യഹോവ കരുണ കാണിച്ചതിനാൽ” ദൂതന്മാർ അവരെ കൈക്കു പിടിച്ച് നഗരത്തിനു വെളിയിൽ കൊണ്ടുവന്നു.—ഉൽപത്തി 19:15, 16 വായിക്കുക.
യഹോവയുടെ നിർദേശങ്ങൾ അനുസരിക്കാൻ ലോത്ത് താമസം കാണിച്ചു. കുടുംബത്തെയുംകൂട്ടി സൊദോമിൽനിന്ന് പുറത്ത് കടക്കാൻ ഒരിക്കൽ രണ്ടു ദൂതന്മാർ ലോത്തിനോട് ആവശ്യപ്പെട്ടു. എന്തുകൊണ്ട്? “ഞങ്ങൾ ഈ നഗരം നശിപ്പിക്കാൻപോകുകയാണ്” എന്ന് ആ ദൂതന്മാർ പറഞ്ഞു. (14. യഹോവ ലോത്തിനോടു കരുണ കാണിച്ചത് എന്തുകൊണ്ടായിരിക്കാം?
14 യഹോവയ്ക്കു ലോത്തിനോടു കരുണ തോന്നിയതിനു പല കാരണങ്ങൾ കണ്ടേക്കാം. നഗരത്തിനു വെളിയിലുള്ള ആളുകളെ ലോത്ത് പേടിച്ചിരുന്നോ? എങ്കിൽ, അതായിരിക്കാം വീട്ടിൽനിന്ന് ഇറങ്ങാൻ മടിച്ചതിന്റെ ഒരു കാരണം. മറ്റ് അപകടങ്ങളുമുണ്ടായിരുന്നു. അടുത്തുള്ള താഴ്വരയിലെ ടാറുള്ള കുഴികളിൽ മുമ്പ് രണ്ടു രാജാക്കന്മാർ വീണിരുന്നു. ലോത്ത് അത് ഓർത്തുകാണും. (ഉൽപ. 14:8-12) ഭാര്യയുടെയും മക്കളുടെയും സുരക്ഷയെക്കുറിച്ച് ലോത്തിന് ഉത്കണ്ഠ തോന്നിക്കാണുമോ? കൂടാതെ വലിയ പണക്കാരനായിരുന്നതുകൊണ്ട് ലോത്തിനു സൊദോമിൽ നല്ല ഒരു വീട് ഉണ്ടായിരുന്നിരിക്കും. (ഉൽപ. 13:5, 6) എന്നാൽ ഇതൊന്നും ലോത്ത് യഹോവയെ അപ്പോൾത്തന്നെ അനുസരിക്കാതിരുന്നതിനു ന്യായീകരണമല്ല. എങ്കിലും യഹോവ ലോത്തിനെ ‘നീതിമാനായി’ കണക്കാക്കി. കാരണം യഹോവ ലോത്തിന്റെ തെറ്റിലേക്കല്ല നോക്കിയത്.—2 പത്രോ. 2:7, 8.
15. പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ മാത്രം ഒരാളെ വിലയിരുത്തുന്നതിനു പകരം നമ്മൾ എന്തു ചെയ്യണം?
15 പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ മാത്രം ഒരു വ്യക്തിയെ വിലയിരുത്തുന്നതിനു പകരം അയാളുടെ മനസ്സ് അറിയാൻ നല്ല ശ്രമം ചെയ്യുക. യൂറോപ്പിലെ വെറോണിക്ക എന്ന സഹോദരി അതാണു ചെയ്തത്. സഹോദരി പറയുന്നു: “എനിക്കു പരിചയമുള്ള ഒരു സഹോദരിയുണ്ടായിരുന്നു, എപ്പോഴും മറ്റുള്ളവരിൽനിന്നെല്ലാം മാറിനടന്നിരുന്ന ഒരു സഹോദരി. അവളെ ഒരിക്കലും എനിക്കു സന്തോഷത്തോടെ കാണാൻ പറ്റിയിട്ടില്ല. സത്യം പറഞ്ഞാൽ, ചിലപ്പോഴൊക്കെ സഹോദരിയോടു സംസാരിക്കാൻതന്നെ എനിക്കു പേടിയായിരുന്നു. പക്ഷേ ഞാൻ പിന്നീട് ഓർത്തു, ‘ഞാനായിരുന്നു അവളുടെ സ്ഥാനത്തെങ്കിൽ, ഒരു സുഹൃത്തിനെ കിട്ടാൻ ആഗ്രഹിക്കില്ലേ?’ അതുകൊണ്ട് അവളോടു സംസാരിക്കാനും കൂടുതൽ അടുത്ത് അറിയാനും ഞാൻ ശ്രമിച്ചു. അപ്പോൾ അവൾ തന്റെ മനസ്സു തുറന്നു. ഇപ്പോൾ എനിക്ക് അവളെ നന്നായി മനസ്സിലാക്കാൻ കഴിയുന്നു.”
16. മറ്റുള്ളവരോടു സഹാനുഭൂതിയോടെ ഇടപെടാനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
സുഭാ. 15:11) യഹോവ കാണുന്നതുപോലെ മറ്റുള്ളവരെ കാണാനുള്ള സഹായത്തിനായി പ്രാർഥിക്കുക. മറ്റുള്ളവരോട് എങ്ങനെ അനുകമ്പ കാണിക്കാമെന്നു മനസ്സിലാക്കാനും യഹോവയ്ക്കു നമ്മളെ സഹായിക്കാൻ കഴിയും. മറ്റുള്ളവരോടു കൂടുതൽ സഹാനുഭൂതി കാണിക്കാൻ പ്രാർഥന ആൻഷല എന്ന സഹോദരിയെ സഹായിച്ചു. സഭയിലെ ഒരു സഹോദരിയുമായി യോജിച്ചുപോകുന്നത് ആൻഷലയ്ക്കു ബുദ്ധിമുട്ടായിരുന്നു. സഹോദരി പറയുന്നു: “അവളുടെ കുറ്റം കണ്ടുപിടിച്ച് അവളെ ഒഴിവാക്കാനാണ് ആദ്യം എനിക്കു തോന്നിയത്. പക്ഷേ അതു ശരിയല്ലെന്ന് എനിക്കു മനസ്സിലായി. അതുകൊണ്ട് അവളോടു സഹാനുഭൂതിയോടെ ഇടപെടാനുള്ള സഹായത്തിനായി ഞാൻ യഹോവയോടു പ്രാർഥിച്ചു.” ആൻഷലയുടെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം കൊടുത്തോ? ആൻഷല പറയുന്നു: “ഞങ്ങൾ ഒരുമിച്ച് വയൽസേവനത്തിനു പോയി. അതു കഴിഞ്ഞ് ഞങ്ങൾ കുറേ സമയം സംസാരിച്ചു. അവൾ പറഞ്ഞതെല്ലാം ഞാൻ ദയയോടെ കേട്ടിരുന്നു. എനിക്ക് ഇപ്പോൾ അവളോടു കൂടുതൽ സ്നേഹം തോന്നുന്നു. അവളെ സഹായിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്.”
16 യഹോവയ്ക്കു മാത്രമേ നമ്മളെ പൂർണമായി മനസ്സിലാക്കാൻ കഴിയൂ. (17. നമുക്ക് എന്തു ചെയ്യാൻ ഉറച്ച തീരുമാനമെടുക്കാം?
17 യോന, ഏലിയ, ഹാഗാർ, ലോത്ത് എന്നിവരെപ്പോലെ നമ്മുടെ എല്ലാ സഹോദരങ്ങളും പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ചിലരുടെ കാര്യത്തിൽ, ആ പ്രശ്നങ്ങൾ അവർ സ്വയം വരുത്തിവെച്ചതാണ്. അങ്ങനെയുള്ളവരോട് അനുകമ്പ കാണിക്കേണ്ട കാര്യമില്ല എന്നു നമ്മൾ ചിന്തിക്കരുത്. സത്യത്തിൽ നമ്മുടെയൊക്കെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ലേ? ആ സ്ഥിതിക്ക്, മറ്റുള്ളവരോടു സഹാനുഭൂതിയോടെ ഇടപെടാൻ യഹോവ നമ്മളോട് ആവശ്യപ്പെടുന്നതു ന്യായമല്ലേ? (1 പത്രോ. 3:8) നമ്മൾ യഹോവയെ അനുസരിക്കുമ്പോൾ എല്ലാ തരം ആളുകളും അടങ്ങുന്ന ആഗോള കുടുംബത്തിന്റെ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്. അതുകൊണ്ട് സഹോദരങ്ങൾ പറയുന്നതു ശ്രദ്ധിച്ച് കേൾക്കാനും അവരെ നന്നായി മനസ്സിലാക്കാനും അവരോട് അനുകമ്പ കാണിക്കാനും നമുക്ക് ഉറച്ച തീരുമാനമെടുക്കാം.
ഗീതം 87 വരൂ, ഉന്മേഷം നേടൂ!
^ ഖ. 5 അപൂർണരായതുകൊണ്ട് ആളുകളെക്കുറിച്ച് പെട്ടെന്ന് ഓരോ നിഗമനത്തിലെത്താനുള്ള ഒരു ചായ്വ് നമുക്കുണ്ട്. ആളുകളുടെ ഉദ്ദേശ്യശുദ്ധിയെയും നമ്മൾ സംശയിച്ചേക്കാം. എന്നാൽ യഹോവ ആളുകളുടെ “ഹൃദയത്തിന് ഉള്ളിലുള്ളതു കാണുന്നു.” (1 ശമു. 16:7) യോന, ഏലിയ, ഹാഗാർ, ലോത്ത് എന്നിവരോട് യഹോവ സ്നേഹത്തോടെ ഇടപെട്ടത് എങ്ങനെയാണെന്ന് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. സഹോദരങ്ങളോട് ഇടപെടുമ്പോൾ യഹോവയെ എങ്ങനെ അനുകരിക്കാമെന്നും പഠിക്കും.
^ ഖ. 52 ചിത്രക്കുറിപ്പുകൾ: ചെറുപ്പക്കാരനായ ഒരു സഹോദരൻ മീറ്റിങ്ങിനു താമസിച്ചുവന്നതു പ്രായമുള്ള ഒരു സഹോദരന് ഇഷ്ടപ്പെട്ടില്ല. പക്ഷേ ആ സഹോദരന്റെ വണ്ടിയിടിച്ചതുകൊണ്ടാണു താമസിച്ചുവന്നതെന്നു പ്രായമുള്ള സഹോദരനു പിന്നീടു മനസ്സിലായി.
^ ഖ. 54 ചിത്രക്കുറിപ്പുകൾ: ഒരു സഹോദരിക്കു മറ്റുള്ളവരുമായി അടുക്കാൻ വലിയ താത്പര്യമില്ലെന്നു വയൽസേവനഗ്രൂപ്പിന്റെ മേൽവിചാരകനു തോന്നുന്നു. പക്ഷേ അത്ര പരിചയമില്ലാത്ത ആളുകളോടു സംസാരിച്ചുതുടങ്ങുന്നതു സഹോദരിക്ക് എളുപ്പമുള്ള കാര്യമല്ലെന്നു സഹോദരൻ മനസ്സിലാക്കുന്നു.
^ ഖ. 56 ചിത്രക്കുറിപ്പുകൾ: രാജ്യഹാളിൽവെച്ച് ആദ്യം കണ്ടപ്പോൾ ഒരു സഹോദരിക്കു തീരെ സന്തോഷമില്ലെന്നും മറ്റുള്ളവരോടു പരിഗണനയില്ലെന്നും വേറൊരു സഹോദരിക്കു തോന്നുന്നു. പക്ഷേ പിന്നീട് അടുത്ത് ഇടപഴകുമ്പോൾ തന്റെ ചിന്ത തെറ്റാണെന്ന് ആ സഹോദരിക്കു മനസ്സിലാകുന്നു.