വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 24

“അങ്ങയുടെ പേര്‌ ഭയപ്പെ​ടാൻ എന്റെ ഹൃദയം ഏകാ​ഗ്ര​മാ​ക്കേ​ണമേ”

“അങ്ങയുടെ പേര്‌ ഭയപ്പെ​ടാൻ എന്റെ ഹൃദയം ഏകാ​ഗ്ര​മാ​ക്കേ​ണമേ”

“അങ്ങയുടെ പേര്‌ ഭയപ്പെ​ടാൻ എന്റെ ഹൃദയം ഏകാ​ഗ്ര​മാ​ക്കേ​ണമേ. എന്റെ ദൈവ​മായ യഹോവേ, ഞാൻ മുഴു​ഹൃ​ദയാ അങ്ങയെ സ്‌തുതിക്കുന്നു.”​—സങ്കീ. 86:11, 12.

ഗീതം 7 യഹോവ നമ്മുടെ ബലം

പൂർവാവലോകനം *

1. എന്താണു ദൈവ​ഭയം, യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌ അത്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ക്രിസ്‌ത്യാ​നി​കൾ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു, അതേസ​മയം ഭയപ്പെ​ടു​ക​യും ചെയ്യുന്നു. ഇതു തമ്മിൽ എങ്ങനെ ചേരും എന്നു ചിലർ ചിന്തി​ച്ചേ​ക്കാം. എന്നാൽ നിങ്ങളെ പേടി​പ്പി​ക്കുന്ന തരം ഒരു ഭയത്തെ​ക്കു​റി​ച്ചല്ല ഇവിടെ പറയു​ന്നത്‌. പകരം ഒരു പ്രത്യേ​ക​തരം ഭയത്തെ​ക്കു​റി​ച്ചാണ്‌. ഇത്തരം ഭയമുള്ള ആളുകൾക്കു ദൈവ​ത്തോട്‌ ആഴമായ ബഹുമാ​ന​വും ഭക്ത്യാ​ദ​ര​വും ഉണ്ടായി​രി​ക്കും. അവരുടെ സ്വർഗീ​യ​പി​താ​വു​മാ​യുള്ള സൗഹൃദം നഷ്ടപ്പെ​ടാൻ അവർ ആഗ്രഹി​ക്കു​ന്നില്ല. അതു​കൊണ്ട്‌ ദൈവ​ത്തിന്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ ചെയ്യാൻ അവർ തുനി​യു​ന്നു​മില്ല.​—സങ്കീ. 111:10; സുഭാ. 8:13.

2. സങ്കീർത്തനം 86:11-ലെ ദാവീ​ദി​ന്റെ വാക്കു​കൾക്കു ചേർച്ച​യിൽ, ഏതു രണ്ടു കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യും?

2 സങ്കീർത്തനം 86:11 വായി​ക്കുക. ഈ വാക്കു​ക​ളെ​പ്പറ്റി ചിന്തി​ക്കു​മ്പോൾ ദൈവ​ഭ​യ​ത്തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കിയ ഒരു വ്യക്തി​യാ​യി​രു​ന്നു വിശ്വ​സ്‌ത​നായ ദാവീദ്‌ രാജാവ്‌ എന്നു നമുക്ക്‌ കാണാൻ കഴിയും. അദ്ദേഹ​ത്തി​ന്റെ പ്രാർഥ​ന​യി​ലെ വാക്കുകൾ നമുക്ക്‌ എങ്ങനെ ബാധക​മാ​ക്കാം എന്നു നോക്കാം. ആദ്യം, ദൈവ​നാ​മ​ത്തോട്‌ ആഴമായ ആദരവ്‌ ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ ചില കാരണങ്ങൾ നമ്മൾ പഠിക്കും. തുടർന്ന്‌, അനുദി​ന​ജീ​വി​ത​ത്തിൽ ദൈവ​നാ​മ​ത്തോ​ടുള്ള ആഴമായ ആദരവ്‌ എങ്ങനെ കാണി​ക്കാ​മെ​ന്നും നമ്മൾ ചർച്ച ചെയ്യും.

യഹോവ എന്ന പേര്‌ ഭയാദ​രവ്‌ ജനിപ്പി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3. ദൈവ​നാ​മ​ത്തോ​ടുള്ള ഭയാദ​രവ്‌ നിലനി​റു​ത്താൻ മോശയെ ഏത്‌ അനുഭവം സഹായി​ച്ചു​കാ​ണും?

3 ഒരിക്കൽ യഹോവ മോശയെ ഒരു പാറയു​ടെ വിള്ളലി​ലാ​ക്കി. അവി​ടെ​യി​രു​ന്നു​കൊണ്ട്‌ മോശ യഹോ​വ​യു​ടെ തേജസ്സ്‌ കടന്നു​പോ​യ​തി​നു ശേഷമുള്ള പ്രഭ കണ്ടു. അപ്പോൾ മോശ​യ്‌ക്ക്‌ എന്തു തോന്നി​ക്കാ​ണു​മെന്നു ചിന്തി​ക്കുക. യേശു ഭൂമി​യിൽ വരുന്ന​തി​നു മുമ്പ്‌ ഒരു മനുഷ്യ​നും ഇത്ര ഭയാദ​രവ്‌ ഉണർത്തുന്ന ഒരു അനുഭവം ഉണ്ടായി​രു​ന്നി​രി​ക്കാൻ ഇടയില്ല എന്ന്‌ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) പറയുന്നു. ആ സമയത്ത്‌, ഒരുപക്ഷേ ഒരു ദൂതൻ പറഞ്ഞ പിൻവ​രുന്ന വാക്കുകൾ മോശ കേട്ടു: “യഹോവ, യഹോവ, കരുണ​യും അനുക​മ്പ​യും ഉള്ള ദൈവം, പെട്ടെന്നു കോപി​ക്കാ​ത്തവൻ, അചഞ്ചല​സ്‌നേ​ഹ​വും സത്യവും നിറഞ്ഞവൻ, ആയിര​മാ​യി​ര​ങ്ങ​ളോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ന്നവൻ, തെറ്റു​ക​ളും ലംഘന​വും പാപവും പൊറു​ക്കു​ന്നവൻ.” (പുറ. 33:17-23; 34:5-7) യഹോവ എന്ന പേര്‌ മോശ ഉപയോ​ഗി​ച്ച​പ്പോൾ ഈ സംഭവ​ത്തെ​ക്കു​റി​ച്ചുള്ള ഓർമ മോശ​യു​ടെ മനസ്സി​ലേക്കു വന്നുകാ​ണും. ‘മഹത്ത്വ​മാർന്ന​തും ഭയാദ​രവ്‌ ഉണർത്തു​ന്ന​തും ആയ യഹോ​വ​യു​ടെ പേര്‌ ഭയപ്പെ​ടാൻ’ മോശ പിന്നീടു ദൈവ​ജ​ന​മായ ഇസ്രാ​യേ​ലി​നു മുന്നറി​യി​പ്പു കൊടു​ത്ത​തിൽ ഒട്ടും അതിശ​യി​ക്കാ​നില്ല.​—ആവ. 28:58.

4. യഹോ​വ​യോ​ടു കൂടുതൽ ഭയാദ​രവ്‌ തോന്നാൻ നമ്മളെ എന്തു സഹായി​ക്കും?

4 യഹോവ എന്ന പേരി​നെ​ക്കു​റിച്ച്‌ നമ്മൾ ചിന്തി​ക്കു​മ്പോൾ ആ പേര്‌ വഹിക്കുന്ന വ്യക്തി​യെ​ക്കു​റി​ച്ചും ആഴമായി ചിന്തി​ക്കണം. ദൈവ​ത്തി​ന്റെ ശക്തി, ജ്ഞാനം, നീതി, സ്‌നേഹം പോലുള്ള ഗുണങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ ധ്യാനി​ക്കണം. ഇവയെ​യും യഹോ​വ​യു​ടെ മറ്റു ഗുണങ്ങ​ളെ​യും പറ്റി ചിന്തി​ക്കു​മ്പോൾ ദൈവ​ത്തോ​ടു നമുക്കു കൂടുതൽ ഭയാദ​രവ്‌ തോന്നും.​—സങ്കീ. 77:11-15.

5-6. (എ) ദൈവ​ത്തി​ന്റെ പേരിന്റെ അർഥം എന്താണ്‌? (ബി) പുറപ്പാട്‌ 3:13, 14; യശയ്യ 64:8 എന്നീ വാക്യ​ങ്ങൾക്കു ചേർച്ച​യിൽ, യഹോവ തന്റെ ഉദ്ദേശ്യം നടപ്പാ​ക്കു​ന്നത്‌ എങ്ങനെ?

5 ദൈവ​ത്തി​ന്റെ പേരിന്റെ അർഥ​ത്തെ​പ്പറ്റി നമുക്ക്‌ എന്ത്‌ അറിയാം? “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നതാണ്‌ യഹോവ എന്ന പേരിന്റെ അർഥ​മെന്നു പല പണ്ഡിത​ന്മാ​രും പറയുന്നു. യഹോവ ഒരു കാര്യം ഉദ്ദേശി​ച്ചാൽ അതു തടയാൻ ആർക്കും കഴിയി​ല്ലെ​ന്നും അതിനു ചേർച്ച​യിൽ കാര്യങ്ങൾ മുന്നോ​ട്ടു​പോ​കാൻ യഹോവ ഇടയാ​ക്കു​മെ​ന്നും ദൈവ​നാ​മ​ത്തി​ന്റെ അർഥം നമ്മളെ ഓർമി​പ്പി​ക്കു​ന്നു. യഹോവ എങ്ങനെ​യാണ്‌ അതു ചെയ്യു​ന്നത്‌?

6 തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാൻ എന്താണോ ആവശ്യം യഹോവ അത്‌ ആയിത്തീ​രും. അതാണ്‌ യഹോവ ചെയ്യുന്ന ഒരു കാര്യം. (പുറപ്പാട്‌ 3:13, 14 വായി​ക്കുക.) ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തി​ന്റെ അതിശ​യ​ക​ര​മായ ഈ വശത്തെ​പ്പറ്റി ചിന്തി​ക്കാൻ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൂടെ​ക്കൂ​ടെ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടുണ്ട്‌. ഇനി, തന്നെ സേവി​ക്കാ​നും തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാ​നും തന്റെ അപൂർണ​ദാ​സ​ന്മാർ എന്തായി​ത്തീ​ര​ണ​മോ, അവരെ അത്‌ ആക്കിത്തീർക്കാ​നും യഹോ​വ​യ്‌ക്കു കഴിയും. (യശയ്യ 64:8 വായി​ക്കുക.) ഈ വിധങ്ങ​ളിൽ തന്റെ ഇഷ്ടം നടപ്പാ​കാൻ യഹോവ ഇടയാ​ക്കും. തന്റെ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന​തിൽനിന്ന്‌ യഹോ​വയെ തടയാൻ ഒരു ശക്തിക്കും കഴിയില്ല.​—യശ. 46:10, 11.

7. നമ്മുടെ സ്വർഗീ​യ​പി​താ​വി​നോ​ടുള്ള വിലമ​തിപ്പ്‌ ആഴമു​ള്ള​താ​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

7 യഹോവ ഇതേവരെ ചെയ്‌തി​ട്ടുള്ള കാര്യ​ങ്ങ​ളെ​പ്പറ്റി ചിന്തി​ക്കുക. യഹോവ നമ്മളെ ചെയ്യാൻ പ്രാപ്‌ത​രാ​ക്കിയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കുക. ഇതെക്കു​റി​ച്ചെ​ല്ലാം ധ്യാനി​ക്കു​ന്നത്‌, നമ്മുടെ സ്വർഗീ​യ​പി​താ​വി​നോ​ടുള്ള വിലമ​തിപ്പ്‌ ആഴമു​ള്ള​താ​ക്കാൻ നമ്മളെ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, സൃഷ്ടി​യി​ലെ അത്ഭുത​ങ്ങ​ളെ​പ്പറ്റി ചിന്തി​ക്കു​മ്പോൾ, ഇതെല്ലാം ഉളവാ​കാൻ ഇടയാ​ക്കിയ യഹോ​വ​യോ​ടു നമുക്കു ഭയാദ​രവ്‌ തോന്നു​ന്നി​ല്ലേ? (സങ്കീ. 8:3, 4) യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തി​നു​വേണ്ടി യഹോവ നമ്മളെ എന്തെല്ലാം ആക്കിത്തീർത്തു എന്നു ചിന്തി​ക്കു​മ്പോ​ഴും യഹോ​വ​യോ​ടു നമുക്ക്‌ ആഴമായ ബഹുമാ​നം തോന്നു​ന്നു. യഹോവ എന്ന പേര്‌ ശരിക്കും ഭയാദ​രവ്‌ ഉണർത്തു​ന്ന​തു​ത​ന്നെ​യാണ്‌! നമ്മുടെ പിതാവ്‌ എന്തെല്ലാ​മാ​ണോ, അതെല്ലാം ആ പേരി​ലുണ്ട്‌, യഹോവ ചെയ്‌ത കാര്യ​ങ്ങ​ളും ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളും എല്ലാം.​—സങ്കീ. 89:7, 8.

“ഞാൻ യഹോ​വ​യു​ടെ പേര്‌ പ്രസി​ദ്ധ​മാ​ക്കും”

മോശ പഠിപ്പിച്ച കാര്യങ്ങൾ ഉന്മേഷം പകരു​ന്ന​താ​യി​രു​ന്നു. യഹോ​വ​യു​ടെ പേരും വ്യക്തി​ത്വ​വും ആയിരു​ന്നു അതിന്റെ കേന്ദ്ര​ബി​ന്ദു (8-ാം ഖണ്ഡിക കാണുക) *

8. ആവർത്തനം 32:2, 3 പറയു​ന്ന​ത​നു​സ​രിച്ച്‌, തന്റെ പേരി​നെ​ക്കു​റിച്ച്‌ യഹോവ എന്താണ്‌ ആഗ്രഹി​ക്കു​ന്നത്‌?

8 ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌, യഹോവ മോശയെ ഒരു പാട്ടിന്റെ വരികൾ പഠിപ്പി​ച്ചു. (ആവ. 31:19) മോശ ആ പാട്ട്‌ ജനത്തെ പഠിപ്പി​ക്ക​ണ​മാ​യി​രു​ന്നു. ആവർത്തനം 32:2, 3-നെക്കു​റിച്ച്‌ (വായി​ക്കുക) ധ്യാനി​ക്കു​മ്പോൾ യഹോവ തന്റെ പേര്‌ ഒളിച്ചു​വെ​ക്കാൻ ആഗ്രഹി​ക്കു​ന്നി​ല്ലെന്നു വ്യക്തമാണ്‌. അതു​പോ​ലെ, പരിശു​ദ്ധ​മാ​ണെ​ന്ന​തി​ന്റെ പേരിൽ ആരും ആ പേര്‌ ഉച്ചരി​ക്കാ​തി​രി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നില്ല. വാസ്‌ത​വ​ത്തിൽ ബുദ്ധി​ശ​ക്തി​യുള്ള തന്റെ സൃഷ്ടി​ക​ളെ​ല്ലാം തന്റെ പേര്‌ അറിയ​ണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. യഹോ​വ​യെ​യും യഹോ​വ​യു​ടെ മഹനീ​യ​നാ​മ​ത്തെ​യും പറ്റി പഠിപ്പി​ച്ച​പ്പോൾ അതു കേൾക്കാ​നാ​യത്‌ ആ ജനത്തിനു കിട്ടിയ വലിയ ഒരു പദവി​യ​ല്ലാ​യി​രു​ന്നോ! ചെടികൾ തഴച്ചു​വ​ള​രാൻ മഴ സഹായി​ക്കു​ന്ന​തു​പോ​ലെ, മോശ അവരെ പഠിപ്പിച്ച കാര്യങ്ങൾ അവരുടെ വിശ്വാ​സം ശക്തമാ​ക്കു​ക​യും അവർക്കു നവോ​ന്മേഷം പകരു​ക​യും ചെയ്‌തു. നമുക്ക്‌ എങ്ങനെ ആ രീതി​യിൽ പഠിപ്പി​ക്കാൻ കഴിയും?

9. യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്കു​ന്ന​തിൽ നമ്മുടെ പങ്ക്‌ എങ്ങനെ ചെയ്യാം?

9 വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോ​ഴും പരസ്യ സാക്ഷീ​ക​ര​ണ​ത്തി​ലാ​യി​രി​ക്കു​മ്പോ​ഴും യഹോവ എന്ന ദൈവ​നാ​മം ആളുകളെ കാണി​ച്ചു​കൊ​ടു​ക്കാൻ നമുക്കു ബൈബിൾ ഉപയോ​ഗി​ക്കാം. യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന മനോ​ഹ​ര​മായ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വീഡി​യോ​ക​ളും വെബ്‌​സൈ​റ്റി​ലെ വിവര​ങ്ങ​ളും നമുക്കു കാണി​ച്ചു​കൊ​ടു​ക്കാം. യാത്ര ചെയ്യു​മ്പോ​ഴും ജോലി​സ്ഥ​ല​ത്തും സ്‌കൂ​ളി​ലും നമ്മുടെ പ്രിയ​പ്പെട്ട ദൈവ​ത്തെ​യും ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തെ​യും കുറിച്ച്‌ പറയാൻ ചില​പ്പോൾ നമുക്ക്‌ അവസരങ്ങൾ കിട്ടും. മനുഷ്യ​രെ​യും ഭൂമി​യെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ അവരോ​ടു സംസാ​രി​ക്കു​മ്പോൾ യഹോവ നമ്മളെ​യെ​ല്ലാം എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ അവർ ജീവി​ത​ത്തിൽ ആദ്യമാ​യി മനസ്സി​ലാ​ക്കി​യേ​ക്കാം. സ്‌നേ​ഹ​വാ​നായ സ്വർഗീ​യ​പി​താ​വി​നെ​ക്കു​റി​ച്ചുള്ള സത്യം മറ്റുള്ള​വ​രോ​ടു പറയു​ന്ന​തി​ലൂ​ടെ ദൈവ​നാ​മം വിശു​ദ്ധീ​ക​രി​ക്കു​ന്ന​തിൽ നമ്മുടെ പങ്ക്‌ നമ്മൾ ചെയ്യു​ക​യാണ്‌. കാരണം യഹോ​വ​യെ​ക്കു​റിച്ച്‌ ഇന്ന്‌ ആളുകളെ പറഞ്ഞു​പ​ഠി​പ്പി​ച്ചി​രി​ക്കുന്ന പലതും നുണയും ദൂഷണ​വും മാത്ര​മാ​ണെന്നു മനസ്സി​ലാ​ക്കാൻ നമ്മൾ അവരെ സഹായി​ക്കു​ക​യാണ്‌. ഏറ്റവും നവോ​ന്മേഷം പകരുന്ന കാര്യ​ങ്ങ​ളാണ്‌, ബൈബി​ളിൽനിന്ന്‌ നമ്മൾ ഇന്ന്‌ ആളുകളെ പഠിപ്പി​ക്കു​ന്നത്‌.​—യശ. 65:13, 14.

10. നമ്മൾ ബൈബിൾപ​ഠ​നങ്ങൾ നടത്തു​മ്പോൾ ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങ​ളെ​യും നിയമ​ങ്ങ​ളെ​യും കുറിച്ച്‌ വെറുതേ പഠിപ്പി​ച്ചാൽ മാത്രം പോരാ​ത്തത്‌ എന്തു​കൊണ്ട്‌?

10 ബൈബിൾപ​ഠ​നങ്ങൾ നടത്തു​മ്പോൾ യഹോവ എന്ന പേര്‌ അറിയാ​നും അത്‌ ഉപയോ​ഗി​ക്കാ​നും നമ്മൾ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കണം. കൂടാതെ, യഹോവ എന്ന പേരിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നും നമ്മൾ അവരെ സഹായി​ക്കണം. അതിന്‌ അവരെ കുറെ നിർദേ​ശ​ങ്ങ​ളും ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളും പെരു​മാ​റ്റ​രീ​തി​ക​ളും പഠിപ്പി​ച്ചാൽ മാത്രം മതിയോ? നല്ല ഒരു ബൈബിൾവി​ദ്യാർഥി ദൈവ​ത്തി​ന്റെ നിയമങ്ങൾ പഠി​ച്ചേ​ക്കാം, അത്‌ അദ്ദേഹ​ത്തിന്‌ ഇഷ്ടപ്പെ​ടു​ക​പോ​ലും ചെയ്‌തേ​ക്കാം. പക്ഷേ യഹോ​വ​യോ​ടുള്ള സ്‌നേ​ഹം​കൊണ്ട്‌ ആ വിദ്യാർഥി യഹോ​വയെ അനുസ​രി​ക്കു​മോ? ഹവ്വയ്‌ക്കും ദൈവ​ത്തി​ന്റെ നിയമം അറിയാ​മാ​യി​രു​ന്നു എന്ന്‌ ഓർക്കണം. പക്ഷേ ആ നിയമം കൊടുത്ത വ്യക്തിയെ ഹവ്വ ശരിക്കും സ്‌നേ​ഹി​ച്ചില്ല. ആദാമി​നും ആ സ്‌നേ​ഹ​മി​ല്ലാ​യി​രു​ന്നു. (ഉൽപത്തി 3:1-6) അതു​കൊണ്ട്‌ നമ്മൾ ബൈബിൾപ​ഠ​നങ്ങൾ നടത്തു​മ്പോൾ ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങ​ളെ​യും നിയമ​ങ്ങ​ളെ​യും കുറിച്ച്‌ വെറുതേ പഠിപ്പി​ച്ചാൽ മാത്രം പോരാ.

11. ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളെ​യും നിലവാ​ര​ങ്ങ​ളെ​യും കുറിച്ച്‌ പഠിപ്പി​ക്കു​മ്പോൾ അവ തന്ന ദൈവ​ത്തോ​ടുള്ള സ്‌നേഹം വളർത്താൻ നമുക്കു വിദ്യാർഥി​യെ എങ്ങനെ സഹായി​ക്കാം?

11 യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളും കല്‌പ​ന​ക​ളും നമ്മുടെ നന്മയ്‌ക്കു​വേ​ണ്ടി​യു​ള്ള​താണ്‌. (സങ്കീ. 119:97, 111, 112) പക്ഷേ നമ്മുടെ വിദ്യാർഥി​കൾക്ക്‌ അതു മനസ്സി​ലാ​ക​ണ​മെ​ങ്കിൽ ആ നിയമ​ങ്ങൾക്കു പിന്നിലെ യഹോ​വ​യു​ടെ സ്‌നേഹം അവർക്കു കാണാൻ കഴിയണം. അതിനു നമുക്കു വിദ്യാർഥി​ക​ളോട്‌ ഇങ്ങനെ ചോദി​ക്കാം: ‘എന്തു തോന്നു​ന്നു? ഈ കാര്യം ചെയ്യാൻ അല്ലെങ്കിൽ ചെയ്യാ​തി​രി​ക്കാൻ ദൈവം തന്റെ ദാസന്മാ​രോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? യഹോ​വ​യെ​ക്കു​റിച്ച്‌ ഇതു നമ്മളെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?’ യഹോ​വ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും യഹോ​വ​യു​ടെ മഹനീ​യ​നാ​മ​ത്തോട്‌ യഥാർഥ​സ്‌നേഹം വളർത്തി​യെ​ടു​ക്കാ​നും നമ്മൾ വിദ്യാർഥി​യെ സഹായി​ക്കു​ന്നെ​ങ്കിൽ അവരുടെ ഹൃദയത്തെ സ്‌പർശി​ക്കാൻ നമുക്കു കഴി​ഞ്ഞേ​ക്കും. അപ്പോൾ നമ്മുടെ വിദ്യാർഥി​കൾ ആ നിയമ​ങ്ങളെ മാത്രമല്ല, അവ തന്നയാ​ളെ​യും സ്‌നേ​ഹി​ക്കാൻ തുടങ്ങും. (സങ്കീ. 119:68) അവരുടെ വിശ്വാ​സം കൂടുതൽ ശക്തമാ​കു​ക​യും അവർ നേരി​ടുന്ന അഗ്നിപ​രീ​ക്ഷകൾ സഹിച്ചു​നിൽക്കാൻ അവർക്കു കഴിയു​ക​യും ചെയ്യും.​—1 കൊരി. 3:12-15.

‘നമ്മൾ യഹോ​വ​യു​ടെ നാമത്തിൽ നടക്കും’

തന്റെ ഹൃദയം വിഭജിതമാകാൻ ദാവീദ്‌ ഒരിക്കൽ അനുവ​ദി​ച്ചു (12-ാം ഖണ്ഡിക കാണുക)

12. ഒരു ഏകാ​ഗ്ര​ഹൃ​ദയം കാത്തു​സൂ​ക്ഷി​ക്കാൻ ദാവീ​ദിന്‌ ഒരിക്കൽ കഴിയാ​തെ​പോ​യത്‌ എങ്ങനെ, അതിന്റെ ഫലം എന്തായി​രു​ന്നു?

12 സങ്കീർത്തനം 86:11-ലെ ഒരു പ്രധാ​ന​പ്പെട്ട പദപ്ര​യോ​ഗം ശ്രദ്ധി​ച്ചോ? “എന്റെ ഹൃദയം ഏകാ​ഗ്ര​മാ​ക്കേ​ണമേ.” ദൈവ​പ്ര​ചോ​ദി​ത​നാ​യി ദാവീദ്‌ രാജാവ്‌ ഈ വാക്കുകൾ എഴുതി. ഏകാഗ്രത നഷ്ടപ്പെ​ട്ടിട്ട്‌ ഹൃദയം വിഭജി​ത​മാ​കാൻ, തെറ്റായ കാര്യങ്ങൾ ചെയ്യാ​നുള്ള പ്രലോ​ഭനം തോന്നാൻ, വളരെ കുറച്ച്‌ സമയം മതി എന്നു തന്റെ ജീവി​ത​ത്തി​ലൂ​ടെ ദാവീദ്‌ മനസ്സി​ലാ​ക്കി. ഒരിക്കൽ കൊട്ടാ​ര​ത്തി​ന്റെ മട്ടുപ്പാ​വിൽനിന്ന്‌ നോക്കി​യ​പ്പോൾ മറ്റൊ​രാ​ളു​ടെ ഭാര്യ കുളി​ക്കു​ന്നതു ദാവീദ്‌ കണ്ടു. ആ സമയത്ത്‌ ദാവീ​ദി​ന്റെ ഹൃദയം ഏകാ​ഗ്ര​മാ​യി​രു​ന്നോ? അതോ വിഭജി​ക്ക​പ്പെ​ട്ടോ? ‘സഹമനു​ഷ്യ​ന്റെ ഭാര്യയെ മോഹി​ക്ക​രുത്‌’ എന്ന യഹോ​വ​യു​ടെ നിലവാ​രം ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. (പുറ. 20:17) എന്നിട്ടും സാധ്യ​ത​യ​നു​സ​രിച്ച്‌ ദാവീദ്‌ നോക്കി​ക്കൊ​ണ്ടേ​യി​രു​ന്നു. ദാവീ​ദി​ന്റെ ഹൃദയം വിഭജി​ത​മാ​യി. ഒരു വശത്ത്‌ ബത്ത്‌-ശേബ എന്ന സ്‌ത്രീ​യോ​ടുള്ള മോഹം, മറുവ​ശത്ത്‌ യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നുള്ള ആഗ്രഹം. ഇക്കാല​മ​ത്ര​യും ദാവീദ്‌ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ഭയപ്പെ​ടു​ക​യും ചെയ്‌തി​രു​ന്നെ​ങ്കി​ലും ഇപ്പോൾ ദാവീദ്‌ തന്റെ സ്വാർഥ​മോ​ഹ​ങ്ങൾക്കു വഴങ്ങി​ക്കൊ​ടു​ത്തു, അങ്ങനെ മോശ​മായ ഒരു പാതയി​ലേക്കു കാലെ​ടു​ത്തു​വെച്ചു. അദ്ദേഹം ദൈവ​ത്തി​ന്റെ പേരിനു നിന്ദ വരുത്തി. കൂടാതെ, സ്വന്തം കുടും​ബാം​ഗങ്ങൾ ഉൾപ്പെടെ തെറ്റൊ​ന്നും ചെയ്യാത്ത പലർക്കും അതു ദുരിതം വരുത്തി​വെ​ക്കു​ക​യും ചെയ്‌തു.​—2 ശമു. 11:1-5, 14-17; 12:7-12.

13. ഒരു ഏകാ​ഗ്ര​ഹൃ​ദയം ദാവീദ്‌ വീണ്ടെ​ടു​ത്തു എന്നു നമുക്ക്‌ എങ്ങനെ അറിയാം?

13 യഹോവ ദാവീ​ദി​നു ശിക്ഷണം കൊടു​ത്തു, ദാവീദ്‌ ദൈവ​വു​മാ​യുള്ള ബന്ധത്തി​ലേക്കു തിരി​ച്ചു​വ​രു​ക​യും ചെയ്‌തു. (2 ശമു. 12:13; സങ്കീ. 51:2-4, 17) ഹൃദയം വിഭജി​ത​മാ​കാൻ അനുവ​ദി​ച്ച​തു​കൊണ്ട്‌ ഉണ്ടായ പ്രശ്‌ന​ങ്ങ​ളും കഷ്ടപ്പാ​ടു​ക​ളും എല്ലാം ദാവീദ്‌ പിന്നീട്‌ ഓർത്തു. സങ്കീർത്തനം 86:11-ലെ വാക്കുകൾ ഇങ്ങനെ​യും പരിഭാ​ഷ​പ്പെ​ടു​ത്താം: “വിഭജി​ത​മ​ല്ലാത്ത ഒരു ഹൃദയം എനിക്കു തരേണമേ.” ഹൃദയം ഏകാ​ഗ്ര​മാ​ക്കാൻ യഹോവ ദാവീ​ദി​നെ സഹായി​ച്ചോ? സഹായി​ച്ചു, ദാവീ​ദി​ന്റെ “ഹൃദയം തന്റെ ദൈവ​മായ യഹോ​വ​യിൽ” പൂർണ​മാ​യി​രു​ന്നു എന്ന്‌ തിരു​വെ​ഴു​ത്തു​കൾ പിന്നീട്‌ സൂചി​പ്പി​ച്ചു.​—1 രാജാ. 11:4; 15:3.

14. നമ്മൾ ഏതു ചോദ്യം സ്വയം ചോദി​ക്കണം, എന്തു​കൊണ്ട്‌?

14 ദാവീ​ദി​ന്റെ അനുഭവം നമുക്കു പ്രോ​ത്സാ​ഹനം തരുന്ന​താണ്‌. അതേസ​മയം, നമ്മളെ ചിന്തി​പ്പി​ക്കേ​ണ്ട​തു​മാണ്‌. ദാവീദ്‌ ഗുരു​ത​ര​മായ തെറ്റി​ലേക്കു വീണു​പോ​യത്‌ ഇക്കാലത്തെ ദൈവ​ദാ​സർക്ക്‌ ഒരു മുന്നറി​യി​പ്പാണ്‌. നിങ്ങൾ അടുത്ത​കാ​ലത്ത്‌ യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യ​വ​രാ​ണെ​ങ്കി​ലും പല വർഷങ്ങ​ളാ​യി സേവി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘എന്റെ ഹൃദയം വിഭജി​ക്കാ​നുള്ള സാത്താന്റെ ശ്രമങ്ങളെ ഞാൻ എതിർത്തു​നിൽക്കു​ന്നു​ണ്ടോ?’

നിങ്ങളുടെ ഹൃദയം വിഭജി​ക്കാൻ സാത്താൻ എന്തും ചെയ്യും. അതിന്‌ അവനെ അനുവ​ദി​ക്ക​രുത്‌! (15-16 ഖണ്ഡികകൾ കാണുക) *

15. മോശ​മായ ആഗ്രഹങ്ങൾ ഉണർത്തുന്ന ചിത്രങ്ങൾ കാണാൻ ഇടയാ​യാൽ ദൈവ​ഭയം നമ്മളെ എങ്ങനെ സംരക്ഷി​ക്കും?

15 ഉദാഹ​ര​ണ​ത്തിന്‌, ടിവി​യി​ലോ ഇന്റർനെ​റ്റി​ലോ ജഡിക​മോ​ഹങ്ങൾ ഉണർത്താൻ ഇടയുള്ള ഒരു ചിത്രം വന്നാൽ നിങ്ങൾ എന്തു ചെയ്യും? ആ ചിത്ര​വും സിനി​മ​യും ഒന്നും തീർത്തും അശ്ലീല​മ​ല്ല​ല്ലോ എന്നു ചിന്തിച്ച്‌ ന്യായീ​ക​രി​ക്കാൻ നമുക്കു തോന്നി​യേ​ക്കാം. പക്ഷേ, നിങ്ങളു​ടെ ഹൃദയം വിഭജി​ക്കാ​നുള്ള സാത്താന്റെ ഒരു ശ്രമമാ​യി​രി​ക്കു​മോ അത്‌? (2 കൊരി. 2:11) വലിയ ഒരു തടി പിളർക്കാൻ ഒരാൾ ഉപയോ​ഗി​ക്കുന്ന ഒരു കോടാ​ലി​പോ​ലെ​യാണ്‌ ആ ചിത്രം എന്നു പറയാം. ആദ്യം അയാൾ കോടാ​ലി​യു​ടെ മൂർച്ച​യുള്ള അറ്റം ഉപയോ​ഗിച്ച്‌ തടിയിൽ വെട്ടി ഒരു ചെറിയ വിടവ്‌ ഉണ്ടാക്കു​ന്നു. വീണ്ടും​വീ​ണ്ടും വെട്ടു​മ്പോൾ ആ വിടവ്‌ വലുതാ​കു​ക​യും തടി പിളരു​ക​യും ചെയ്യുന്നു. ടിവി​യി​ലും ഇന്റർനെ​റ്റി​ലും ഒക്കെ വരുന്ന മോശ​മായ ചിത്രങ്ങൾ ആ കോടാ​ലി​യു​ടെ കട്ടി കുറഞ്ഞ, മൂർച്ച​യുള്ള അറ്റം​പോ​ലെ​യല്ലേ? ‘ഇതു കുറച്ചല്ലേ ഉള്ളൂ, കുഴപ്പ​മില്ല’ എന്നൊക്കെ ചിന്തി​ക്കുന്ന ഒരാളു​ടെ ഹൃദയം പെട്ടെന്നു വിഭജി​ത​മാ​യേ​ക്കാം. അയാൾ ഗുരു​ത​ര​മായ തെറ്റി​ലേക്കു വീണു​പോ​കാ​നും യഹോ​വ​യോ​ടുള്ള അയാളു​ടെ വിശ്വ​സ്‌തത തകരാ​നും ഇടയുണ്ട്‌. അതു​കൊണ്ട്‌, അനുചി​ത​മായ യാതൊ​ന്നും നമ്മുടെ ഹൃദയ​ത്തിൽ പ്രവേ​ശി​ക്കാൻ അനുവ​ദി​ക്ക​രുത്‌. യഹോ​വ​യു​ടെ നാമത്തെ ഭയപ്പെ​ടാൻ ഹൃദയത്തെ ഏകാ​ഗ്ര​മാ​യി സൂക്ഷി​ക്കുക.

16. പ്രലോ​ഭ​ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നിങ്ങൾ ഏതു ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കണം?

16 മോശ​മായ ചിത്രങ്ങൾ മാത്രമല്ല, നമ്മളെ​ക്കൊണ്ട്‌ തെറ്റു ചെയ്യി​ക്കാൻ സാത്താൻ മറ്റു പല പ്രലോ​ഭ​ന​ങ്ങ​ളും കൊണ്ടു​വ​രും. അപ്പോൾ നമ്മൾ എന്തു ചെയ്യും? അതൊ​ന്നും വലിയ കുഴപ്പ​മില്ല എന്നു നമ്മൾ ചിന്തി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ‘ഇതിന്‌ എന്നെ പുറത്താ​ക്കു​ക​യൊ​ന്നും ഇല്ലല്ലോ, അതു​കൊണ്ട്‌ ഇത്‌ അത്ര വലിയ ഗൗരവ​മുള്ള കാര്യം അല്ല’ എന്നു നമ്മൾ ന്യായ​വാ​ദം ചെയ്‌തേ​ക്കാം. അതൊ​ന്നും നേരായ ചിന്തകളല്ല. അതിനു പകരം ഇങ്ങനെ​യുള്ള ചോദ്യ​ങ്ങൾ നമുക്കു സ്വയം ചോദി​ക്കാം: ‘ഈ പ്രലോ​ഭനം ഉപയോ​ഗിച്ച്‌ എന്റെ ഹൃദയം വിഭജി​ക്കാൻ സാത്താൻ ശ്രമി​ക്കു​ക​യാ​ണോ? തെറ്റായ ആഗ്രഹ​ങ്ങൾക്ക്‌ അനുസ​രിച്ച്‌ പ്രവർത്തി​ച്ചാൽ ഞാൻ യഹോ​വ​യു​ടെ നാമത്തി​നു നിന്ദ വരുത്തി​ല്ലേ? അതു ചെയ്‌താൽ എന്റെ ദൈവ​ത്തോട്‌ ഞാൻ കൂടുതൽ അടുക്കു​മോ, അതോ അകലു​മോ?’ ഇങ്ങനെ​യുള്ള ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നന്നായി ചിന്തി​ക്കുക. നമ്മൾ സ്വയം വഞ്ചിക്കാൻ സാധ്യ​ത​യുണ്ട്‌. അതു​കൊണ്ട്‌ ആ ചോദ്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ സത്യസ​ന്ധ​മാ​യി ഒരു ആത്മപരി​ശോ​ധന നടത്താ​നുള്ള ജ്ഞാനത്തി​നാ​യി പ്രാർഥി​ക്കുക. (യാക്കോ. 1:5) അങ്ങനെ ചെയ്യു​ന്നതു നമുക്കു ശരിക്കും ഒരു സംരക്ഷ​ണ​മാ​യി​രി​ക്കും. പ്രലോ​ഭ​ന​മു​ണ്ടാ​യ​പ്പോൾ “സാത്താനേ, ദൂരെ പോ!” എന്ന്‌ ഉറച്ച ശബ്ദത്തിൽ പറഞ്ഞ യേശു​വി​നെ​പ്പോ​ലെ പ്രലോ​ഭനം തള്ളിക്ക​ള​യാൻ നിങ്ങളെ അതു സഹായി​ക്കും.​—മത്താ. 4:10.

17. വിഭജി​ത​മായ ഒരു ഹൃദയ​ത്തിന്‌ ഒരു വിലയു​മി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? ഒരു ദൃഷ്ടാന്തം പറയുക.

17 വിഭജി​ത​മായ ഹൃദയ​ത്തിന്‌ ഒരു വിലയു​മില്ല. തമ്മിൽ ഐക്യ​മി​ല്ലാത്ത അംഗങ്ങ​ളുള്ള ഒരു സ്‌പോർട്‌സ്‌ ടീമി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അതിലെ ചില കളിക്കാർക്കു സ്വയം പേരെ​ടു​ക്ക​ണ​മെന്നേ ആഗ്രഹ​മു​ള്ളൂ. മറ്റു ചിലർക്കു നിയമങ്ങൾ അനുസ​രിച്ച്‌ കളിക്കാൻ താത്‌പ​ര്യ​മില്ല. ഇനി വേറെ ചിലർക്കാ​ണെ​ങ്കിൽ, കോച്ചി​നോട്‌ ഒരു ബഹുമാ​ന​വും ഇല്ല. അങ്ങനെ​യുള്ള ഒരു ടീം വിജയി​ക്കാൻ സാധ്യത വളരെ കുറവാണ്‌. നേരെ മറിച്ച്‌, പരസ്‌പരം യോജി​പ്പുള്ള ഒരു ടീം ജയിക്കാൻ സാധ്യത കൂടു​ത​ലാണ്‌. നിങ്ങളു​ടെ ഹൃദയ​ത്തി​നും ആ നല്ല ടീമി​നെ​പ്പോ​ലെ​യാ​കാൻ കഴിയും. അതിന്‌ എന്തു ചെയ്യണം? നിങ്ങളു​ടെ ചിന്തക​ളും ആഗ്രഹ​ങ്ങ​ളും വികാ​ര​ങ്ങ​ളും എല്ലാം ഒരു​പോ​ലെ യഹോ​വയെ സേവി​ക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ കേന്ദ്രീ​ക​രി​ക്കണം. ഓർക്കുക, നിങ്ങളു​ടെ ഹൃദയം വിഭജി​ത​മാ​യി കാണാ​നാ​ണു സാത്താന്‌ ഇഷ്ടം. നിങ്ങളു​ടെ ചിന്തക​ളും ആഗ്രഹ​ങ്ങ​ളും വികാ​ര​ങ്ങ​ളും യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളു​മാ​യി ഒത്തു​പോ​ക​രു​തെ​ന്നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. എന്നാൽ നിങ്ങൾ യഹോ​വയെ സേവി​ക്കു​മ്പോൾ, അതു മുഴു​ഹൃ​ദ​യ​ത്തോ​ടെ​യാ​യി​രി​ക്കണം. (മത്താ. 22:36-38) നിങ്ങളു​ടെ ഹൃദയം വിഭജി​ക്കാൻ സാത്താനെ ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌.

18. മീഖ 4:5-നു ചേർച്ച​യിൽ നിങ്ങളു​ടെ തീരു​മാ​നം എന്താണ്‌?

18 ദാവീ​ദി​നെ​പ്പോ​ലെ നമുക്ക്‌ ഇങ്ങനെ പ്രാർഥി​ക്കാം: “അങ്ങയുടെ പേര്‌ ഭയപ്പെ​ടാൻ എന്റെ ഹൃദയം ഏകാ​ഗ്ര​മാ​ക്കേ​ണമേ.” ആ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ ജീവി​ക്കാൻ, കഴിയു​ന്ന​തെ​ല്ലാം ചെയ്യുക. യഹോ​വ​യു​ടെ പരിശു​ദ്ധ​നാ​മ​ത്തോട്‌ അത്യധി​ക​മായ ഭയാദ​ര​വു​ണ്ടെന്നു കാണി​ക്കുന്ന രീതി​യി​ലാ​യി​രി​ക്കട്ടെ, ഓരോ ദിവസ​വും നിങ്ങൾ എടുക്കുന്ന ചെറു​തും വലുതും ആയ എല്ലാ തീരു​മാ​ന​ങ്ങ​ളും. അങ്ങനെ ചെയ്യു​മ്പോൾ, യഹോ​വ​യു​ടെ ഒരു സാക്ഷി എന്ന നിലയിൽ യഹോ​വ​യു​ടെ പേരി​നെ​ക്കു​റിച്ച്‌ നല്ല ഒരു ചിത്രം കൊടു​ക്കാൻ നിങ്ങൾക്കു കഴിയും. പ്രവാ​ച​ക​നായ മീഖ​യെ​പ്പോ​ലെ നമുക്ക്‌ എല്ലാവർക്കും ഇങ്ങനെ പറയാം: “നമ്മൾ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ എന്നു​മെ​ന്നേ​ക്കും നടക്കും.”—മീഖ 4:5.

ഗീതം 41 എന്റെ പ്രാർഥന കേൾക്കേ​ണ​മേ

^ ഖ. 5 സങ്കീർത്തനം 86:11, 12-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദാവീദ്‌ രാജാ​വി​ന്റെ പ്രാർഥ​ന​യി​ലെ ചില വാക്കു​ക​ളാണ്‌ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യു​ന്നത്‌. യഹോ​വ​യു​ടെ പേര്‌ ഭയപ്പെ​ടുക എന്നു പറയു​മ്പോൾ എന്താണ്‌ അതിന്റെ അർഥം? ആ മഹത്തായ നാമ​ത്തോ​ടു ഭയാദ​രവ്‌ തോന്നാൻ എന്തെല്ലാം കാരണ​ങ്ങ​ളാ​ണു നമുക്കു​ള്ളത്‌? തെറ്റായ ഒരു കാര്യം ചെയ്യാൻ പ്രലോ​ഭനം തോന്നു​മ്പോൾ ദൈവ​ഭയം നമുക്കു സംരക്ഷ​ണ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

^ ഖ. 53 ചിത്രക്കുറിപ്പ്‌: യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന ഒരു പാട്ട്‌ മോശ ദൈവ​ജ​നത്തെ പഠിപ്പി​ച്ചു.

^ ഖ. 57 ചിത്രക്കുറിപ്പ്‌: ഹവ്വ തെറ്റായ ആഗ്രഹങ്ങൾ തള്ളിക്ക​ള​ഞ്ഞില്ല. എന്നാൽ നമ്മൾ, തെറ്റായ ആഗ്രഹങ്ങൾ ഉണർത്തുന്ന, ദൈവ​നാ​മ​ത്തി​നു നിന്ദ വരുത്തുന്ന കാര്യങ്ങൾ ചെയ്യാൻ ഇടയാ​ക്കുന്ന ചിത്ര​ങ്ങ​ളും മെസ്സേ​ജു​ക​ളും നോക്ക​രുത്‌.