വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 25

“എന്റെ ആടുകളെ ഞാൻതന്നെ തിരഞ്ഞ്‌ കണ്ടുപി​ടി​ക്കും”

“എന്റെ ആടുകളെ ഞാൻതന്നെ തിരഞ്ഞ്‌ കണ്ടുപി​ടി​ക്കും”

“എന്റെ ആടുകളെ ഞാൻതന്നെ തിരഞ്ഞ്‌ കണ്ടുപി​ടി​ക്കും. ഞാൻ അവയെ പരിപാ​ലി​ക്കും.”​—യഹ. 34:11.

ഗീതം 105 “ദൈവം സ്‌നേ​ഹ​മാണ്‌”

പൂർവാവലോകനം *

1. എന്തു​കൊ​ണ്ടാണ്‌ മുലയൂ​ട്ടുന്ന ഒരു അമ്മയോട്‌ യഹോവ തന്നെ താരത​മ്യം ചെയ്‌തത്‌?

യശയ്യ പ്രവാ​ച​കന്റെ കാലത്ത്‌ യഹോവ ഇങ്ങനെ​യൊ​രു ചോദ്യം ചോദി​ച്ചു: “മുല കുടി​ക്കുന്ന കുഞ്ഞിനെ ഒരു അമ്മയ്‌ക്കു മറക്കാ​നാ​കു​മോ?” എന്നിട്ട്‌ ദൈവം തന്റെ ജനത്തോട്‌ ഇങ്ങനെ പറഞ്ഞു: “ഇവർ മറന്നു​ക​ള​ഞ്ഞാ​ലും ഞാൻ നിന്നെ ഒരിക്ക​ലും മറക്കില്ല.” (യശ. 49:15) സാധാരണ യഹോവ തന്നെ ഒരു അമ്മയു​മാ​യി താരത​മ്യം ചെയ്യാ​റില്ല. പക്ഷേ ഈ സാഹച​ര്യ​ത്തിൽ യഹോവ അങ്ങനെ ചെയ്‌തു. തനിക്കു തന്റെ ദാസന്മാ​രോട്‌ എത്രമാ​ത്രം അടുപ്പം തോന്നു​ന്നു​ണ്ടെന്നു കാണി​ക്കാ​നാണ്‌ ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം യഹോവ ഇവിടെ ഉപയോ​ഗി​ച്ചത്‌. ജാസ്‌മിൻ എന്ന സഹോ​ദരി പറയു​ന്ന​തു​പോ​ലെ​യാണ്‌ മിക്ക അമ്മമാർക്കും തോന്നു​ന്നത്‌. ജാസ്‌മിൻ പറയുന്നു: “നിങ്ങൾ നിങ്ങളു​ടെ കുഞ്ഞിനെ മുലയൂ​ട്ടു​മ്പോൾ, കുഞ്ഞു​മാ​യി ജീവി​ത​കാ​ലം മുഴുവൻ നീണ്ടു​നിൽക്കുന്ന ഒരു പ്രത്യേ​ക​ബ​ന്ധ​ത്തി​നു നിങ്ങൾ തുടക്ക​മി​ടു​ക​യാണ്‌.”

2. തന്റെ മക്കളിൽ ഒരാൾ തന്നിൽനിന്ന്‌ അകന്നു​പോ​കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌?

2 തന്റെ മക്കളിൽ ഒരാ​ളെ​ങ്കി​ലും മീറ്റി​ങ്ങു​കൾക്കു പോകു​ന്ന​തും വയൽസേ​വ​ന​ത്തിൽ പങ്കെടു​ക്കു​ന്ന​തും നിറു​ത്തി​യാൽ, അതു​പോ​ലും യഹോവ ശ്രദ്ധി​ക്കു​ന്നുണ്ട്‌. അങ്ങനെ​യെ​ങ്കിൽ ഓരോ വർഷവും തന്റെ ആയിര​ക്ക​ണ​ക്കി​നു ദാസന്മാർ നിഷ്‌ക്രിയരാകുന്നതു * കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എത്രമാ​ത്രം വേദന തോന്നു​ന്നു​ണ്ടെന്ന്‌ ഒന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ!

3. യഹോവ എന്താണ്‌ ആഗ്രഹി​ക്കു​ന്നത്‌?

3 നിഷ്‌ക്രി​യ​രാ​യി​പ്പോയ നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽ മിക്കവ​രും പിന്നീടു സഭയി​ലേക്കു തിരി​ച്ചു​വ​രാ​റുണ്ട്‌. അവർ തിരി​ച്ചു​വ​രു​മ്പോൾ നമ്മൾ അതിൽ സന്തോ​ഷി​ക്കു​ക​യും ചെയ്യുന്നു. നിഷ്‌ക്രി​യ​രായ എല്ലാവ​രും തിരി​ച്ചു​വ​ര​ണ​മെ​ന്നാണ്‌ യഹോ​വ​യു​ടെ ആഗ്രഹം. നമ്മളും അതുത​ന്നെ​യാണ്‌ ആഗ്രഹി​ക്കു​ന്നത്‌. (1 പത്രോ. 2:25) നമുക്ക്‌ അവരെ എങ്ങനെ സഹായി​ക്കാം? ആ ചോദ്യ​ത്തി​നുള്ള ഉത്തരം മനസ്സി​ലാ​ക്കു​ന്ന​തി​നു​മുമ്പ്‌, ചിലർ മീറ്റി​ങ്ങു​കൾക്കും ശുശ്രൂ​ഷ​യ്‌ക്കും പോകു​ന്നതു നിറു​ത്തു​ന്ന​തി​ന്റെ കാരണങ്ങൾ നമുക്കു നോക്കാം.

ചിലർ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തു​ന്ന​തി​ന്റെ കാരണം

4. ജോലി ചിലരെ എങ്ങനെ ബാധി​ച്ചി​രി​ക്കു​ന്നു?

4 ചിലർ ജോലി​കാ​ര്യ​ങ്ങ​ളിൽ അമിത​മാ​യി മുഴു​കി​പ്പോ​യി​രി​ക്കു​ന്നു. തെക്കു​കി​ഴക്കേ ഏഷ്യയിൽ താമസി​ക്കുന്ന ഹംഗ്‌ * എന്ന സഹോ​ദരൻ പറയുന്നു: “ഞാൻ വളരെ​യ​ധി​കം സമയവും ഊർജ​വും എന്റെ ജോലി​കാ​ര്യ​ങ്ങൾക്കു​വേണ്ടി ഉപയോ​ഗി​ച്ചു. സാമ്പത്തി​ക​മാ​യി ഉയർന്ന നിലയി​ലാ​ണെ​ങ്കിൽ എനിക്കു കുറെ​ക്കൂ​ടി മെച്ചമാ​യി യഹോ​വയെ സേവി​ക്കാ​നാ​കും എന്നു ഞാൻ കരുതി. പക്ഷേ ആ ചിന്ത തെറ്റാ​യി​രു​ന്നെന്നു പിന്നീട്‌ എനിക്കു മനസ്സി​ലാ​യി. ഞാൻ കൂടുതൽ മണിക്കൂ​റു​കൾ ജോലി ചെയ്‌തു. അതിനു​വേണ്ടി മീറ്റി​ങ്ങു​കൾ മുടക്കാൻ തുടങ്ങിയ ഞാൻ അവസാനം മീറ്റി​ങ്ങു​കൾക്കു പോകാ​തെ​യാ​യി. ദൈവ​ത്തിൽനിന്ന്‌ ആളുകളെ പതു​ക്കെ​പ്പ​തു​ക്കെ അകറ്റുന്ന രീതി​യി​ലാണ്‌ ഈ ലോകത്തെ സാത്താൻ ഒരുക്കി​യി​രി​ക്കു​ന്നത്‌.”

5. പ്രശ്‌ന​ങ്ങ​ളു​ടെ പരമ്പര ഒരു സഹോ​ദ​രി​യെ എങ്ങനെ​യാ​ണു ബാധി​ച്ചത്‌?

5 ചില സഹോ​ദ​ര​ങ്ങ​ളു​ടെ കാര്യ​ത്തിൽ പലപല പ്രശ്‌നങ്ങൾ അവരെ വീർപ്പു​മു​ട്ടി​ച്ച​തു​കൊ​ണ്ടാണ്‌ അവർ നിഷ്‌ക്രി​യ​രാ​യത്‌. അഞ്ചു മക്കളുടെ അമ്മയായ ബ്രിട്ട​നി​ലെ ആൻ സഹോ​ദരി പറയുന്നു: “ഗുരു​ത​ര​മായ വൈക​ല്യ​ങ്ങ​ളോ​ടെ​യാണ്‌ എന്റെ ഒരു കുഞ്ഞ്‌ ജനിച്ചത്‌. പിന്നീട്‌ എന്റെ ഒരു മകളെ സഭയിൽനിന്ന്‌ പുറത്താ​ക്കി. അതു​പോ​ലെ എന്റെ ഒരു മകന്‌ ഒരു മാനസി​ക​രോ​ഗ​വും വന്നു. ഞാൻ ആകെ തകർന്നു​പോ​യി. മീറ്റി​ങ്ങു​കൾക്കും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നും പോകു​ന്നതു ഞാൻ നിറുത്തി. അങ്ങനെ ഞാൻ നിഷ്‌ക്രി​യ​യാ​യി.” ആനി​നോ​ടും കുടും​ബ​ത്തോ​ടും ഇതു​പോ​ലുള്ള പ്രശ്‌നങ്ങൾ നേരി​ടുന്ന മറ്റുള്ള​വ​രോ​ടും നിങ്ങൾക്കു സഹതാപം തോന്നു​ന്നി​ല്ലേ?

6. കൊ​ലോ​സ്യർ 3:13 ബാധക​മാ​ക്കാ​തി​രു​ന്നാൽ ഒരാൾ യഹോ​വ​യു​ടെ ജനത്തിൽനിന്ന്‌ അകന്നു​പോ​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

6 കൊ​ലോ​സ്യർ 3:13 വായി​ക്കുക. യഹോ​വ​യു​ടെ ചില ദാസന്മാർക്ക്‌ ഒരു സഹവി​ശ്വാ​സി​യു​ടെ പെരു​മാ​റ്റം നിമിത്തം മുറി​വേ​റ്റി​ട്ടു​ണ്ടാ​യി​രി​ക്കും. ചില​പ്പോൾ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​ക്കോ എതിരെ നമുക്കു ‘പരാതി​ക്കു ന്യായ​മായ കാരണ​മു​ണ്ടാ​യേ​ക്കാ​മെന്ന്‌’ പൗലോസ്‌ അപ്പോ​സ്‌തലൻ മനസ്സി​ലാ​ക്കി. നമുക്കു ചില​പ്പോൾ അനീതി​യും സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ടാ​കാം. നമ്മൾ ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ നമ്മുടെ ഉള്ളിൽ നീരസം വളരും. അതു നമ്മളെ ക്രമേണ യഹോ​വ​യു​ടെ ജനത്തിൽനിന്ന്‌ അകറ്റി​യേ​ക്കാം. തെക്കേ അമേരി​ക്ക​യി​ലെ ഒരു സഹോ​ദ​ര​നായ പാബ്ലോ​യു​ടെ അനുഭവം നോക്കുക. ചെയ്യാത്ത കുറ്റത്തി​ന്റെ പേരിൽ അദ്ദേഹ​ത്തി​ന്റെ​മേൽ ആരോ​പ​ണ​മു​ണ്ടാ​യി. അദ്ദേഹ​ത്തി​നു സഭയിലെ സേവന​പ​ദവി നഷ്ടപ്പെ​ടു​ക​യും ചെയ്‌തു. സഹോ​ദരൻ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? അദ്ദേഹം പറയുന്നു: “എനിക്കു വല്ലാത്ത ദേഷ്യം തോന്നി. ഞാൻ പതുക്കെ സഭയിൽനിന്ന്‌ അകന്നു​പോ​യി.”

7. കുറ്റ​ബോ​ധം തോന്നുന്ന ഒരു വ്യക്തിക്ക്‌ എന്തു സംഭവി​ച്ചേ​ക്കാം?

7 ഇനി, മുമ്പ്‌ ചെയ്‌ത ഗുരു​ത​ര​മായ ഒരു തെറ്റിന്റെ പേരിൽ ഒരാളു​ടെ മനസ്സാക്ഷി അയാളെ ഇപ്പോ​ഴും കുറ്റ​പ്പെ​ടു​ത്തു​ന്നു​ണ്ടാ​കും. കുറെ കാലം കഴിഞ്ഞി​ട്ടും താൻ ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തിന്‌ അർഹന​ല്ലെന്ന്‌ അയാൾക്കു തോന്നി​യേ​ക്കാം. പശ്ചാത്താ​പം കാണി​ക്കു​ക​യും കരുണ ലഭിക്കു​ക​യും ചെയ്‌തെ​ങ്കി​ലും ദൈവ​ജ​ന​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാ​നുള്ള യോഗ്യത തനിക്കി​ല്ലെന്ന്‌ അയാൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും. ഫ്രാൻസെ​സ്‌കോ എന്ന സഹോ​ദ​രന്‌ അങ്ങനെ തോന്നി. സഹോ​ദരൻ പറയുന്നു: “ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ട്ട​തിന്‌ എനിക്കു ശാസന കിട്ടി. പിന്നെ​യും ഞാൻ മീറ്റി​ങ്ങു​കൾക്കു പോ​യെ​ങ്കി​ലും പതുക്കെ ഞാൻ നിരാ​ശ​യി​ലേക്കു വീണു​പോ​യി. യഹോ​വ​യു​ടെ ജനത്തിൽ ഒരാളാ​യി​രി​ക്കാ​നുള്ള യോഗ്യത എനിക്കി​ല്ലെന്നു ഞാൻ ചിന്തി​ക്കാൻ തുടങ്ങി. എന്റെ മനസ്സാക്ഷി എന്നെ അലട്ടി​ക്കൊ​ണ്ടി​രു​ന്നു. യഹോവ എന്നോടു ക്ഷമിച്ചി​ട്ടി​ല്ലെന്നു ഞാൻ ഉറച്ച്‌ വിശ്വ​സി​ച്ചു. പതുക്കെ ഞാൻ സഭയു​ടെ​കൂ​ടെ സഹവസി​ക്കു​ന്നതു നിറുത്തി.” നമ്മൾ ഇതുവരെ ചിന്തിച്ച സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കുന്ന സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌? നിങ്ങൾക്കു സഹാനു​ഭൂ​തി തോന്നു​ന്നു​ണ്ടോ? അതിലും പ്രധാ​ന​മാ​യി, യഹോ​വ​യ്‌ക്ക്‌ അവരെ​ക്കു​റിച്ച്‌ എന്താണു തോന്നു​ന്നത്‌?

യഹോവ തന്റെ ആടുകളെ സ്‌നേ​ഹി​ക്കു​ന്നു

കാണാതെപോയ ഒരു ആടിന്റെ കാര്യ​ത്തിൽ ഇസ്രാ​യേ​ല്യ​നായ ഒരു ഇടയൻ ആഴമായ താത്‌പ​ര്യം കാണി​ച്ചി​രു​ന്നു (8-9 ഖണ്ഡികകൾ കാണുക) *

8. ഒരു കാലത്ത്‌ തന്നെ സേവി​ച്ചി​രു​ന്ന​വരെ യഹോവ മറന്നു​ക​ള​യു​മോ? വിശദീ​ക​രി​ക്കുക.

8 മുമ്പ്‌ തന്നെ സേവി​ക്കു​ക​യും ഇടയ്‌ക്കു​വെച്ച്‌ തന്റെ ജനത്തി​ന്റെ​കൂ​ടെ സഹവസി​ക്കു​ന്നതു നിറു​ത്തു​ക​യും ചെയ്‌ത​വരെ യഹോവ മറന്നു​ക​ള​യില്ല. തനിക്കു​വേണ്ടി അവർ ചെയ്‌ത സേവന​വും യഹോവ മറക്കില്ല. (എബ്രാ. 6:10) തന്റെ ജനത്തി​നു​വേണ്ടി യഹോവ എങ്ങനെ​യാ​ണു കരുതു​ന്ന​തെന്നു കാണി​ക്കാൻ യശയ്യ പ്രവാ​ചകൻ മനോ​ഹ​ര​മായ ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു. യശയ്യ എഴുതി: “ഒരു ഇടയ​നെ​പ്പോ​ലെ ദൈവം ആടുകളെ പരിപാ​ലി​ക്കും. കൈ​കൊണ്ട്‌ കുഞ്ഞാ​ടു​കളെ ഒരുമി​ച്ചു​കൂ​ട്ടും, അവയെ മാറോ​ട​ണച്ച്‌ കൊണ്ടു​ന​ട​ക്കും.” (യശ. 40:11) ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ ഒരു ആട്‌ കൂട്ടം​തെ​റ്റി​പ്പോ​യാൽ വലിയ ഇടയനായ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌? യേശു​വി​ന്റെ വാക്കു​ക​ളിൽനിന്ന്‌ യഹോ​വ​യു​ടെ വികാ​രങ്ങൾ എന്താ​ണെന്നു നമുക്കു മനസ്സി​ലാ​ക്കാം. യേശു ഒരിക്കൽ ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഒരു മനുഷ്യന്‌ 100 ആടു​ണ്ടെന്നു കരുതുക. അവയിൽ ഒന്നു കൂട്ടം​തെ​റ്റി​പ്പോ​യാൽ അയാൾ 99-നെയും മലകളിൽത്തന്നെ വിട്ടിട്ട്‌ കൂട്ടം​തെ​റ്റി​യ​തി​നെ തിരഞ്ഞു​പോ​കി​ല്ലേ? അതിനെ കണ്ടെത്തി​യാ​ലുള്ള സന്തോഷം, കൂട്ടം​തെ​റ്റി​പ്പോ​കാത്ത 99-നെയും ഓർത്തുള്ള സന്തോ​ഷ​ത്തെ​ക്കാൾ വലുതാ​യി​രി​ക്കും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”​—മത്താ. 18:12, 13.

9. ബൈബിൾക്കാ​ല​ങ്ങ​ളിൽ എങ്ങനെ​യാ​ണു നല്ല ഇടയന്മാർ ആടുകളെ പരിപാ​ലി​ച്ചി​രു​ന്നത്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

9 യഹോ​വയെ ഒരു ഇടയ​നോ​ടു താരത​മ്യം ചെയ്യാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? കാരണം ബൈബിൾക്കാ​ല​ങ്ങ​ളിൽ ഒരു നല്ല ഇടയൻ തന്റെ ആടുക​ളു​ടെ കാര്യ​ത്തിൽ നല്ല ശ്രദ്ധയു​ള്ള​വ​നാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ദാവീദ്‌ തന്റെ ആട്ടിൻപ​റ്റത്തെ രക്ഷിക്കാൻ ഒരു സിംഹ​ത്തോ​ടും കരടി​യോ​ടും പോരാ​ടി. (1 ശമു. 17:34, 35) കാണാ​താ​കു​ന്നത്‌ ഒരു ആട്‌ മാത്ര​മാ​ണെ​ങ്കിൽപ്പോ​ലും ഒരു നല്ല ഇടയൻ അതു ശ്രദ്ധി​ക്കാ​തി​രി​ക്കില്ല. (യോഹ. 10:3, 14) ആ ഇടയൻ തന്റെ 99 ആടി​നെ​യും സുരക്ഷി​ത​മാ​യി തൊഴു​ത്തിൽ എത്തിക്കും, അല്ലെങ്കിൽ അവയെ മറ്റ്‌ ഇടയന്മാ​രു​ടെ പക്കൽ ഏൽപ്പി​ക്കും. എന്നിട്ട്‌ കാണാ​തെ​പോയ തന്റെ ആടിനെ തിരഞ്ഞു​പോ​കും. യേശു ഈ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചതു നമ്മളെ ഈ പ്രധാ​ന​പ്പെട്ട സത്യം പഠിപ്പി​ക്കാ​നാണ്‌: “ഈ ചെറി​യ​വ​രിൽ ഒരാൾപ്പോ​ലും നശിച്ചു​പോ​കു​ന്നതു സ്വർഗ​സ്ഥ​നായ എന്റെ പിതാ​വിന്‌ ഇഷ്ടമല്ല.”​—മത്താ. 18:14.

പുരാതന ഇസ്രാ​യേ​ലി​ലെ ഒരു ആട്ടിടയൻ തന്റെ കാണാ​തെ​പോയ ആടിനെ തേടി​പ്പി​ടിച്ച്‌ വാത്സല്യ​ത്തോ​ടെ ശുശ്രൂ​ഷി​ക്കു​ന്നു (9-ാം ഖണ്ഡിക കാണുക)

യഹോവ തന്റെ ആടുകളെ തിരഞ്ഞ്‌ കണ്ടുപി​ടി​ക്കു​ന്നു

10. യഹസ്‌കേൽ 34:11-16 പറയു​ന്ന​ത​നു​സ​രിച്ച്‌, കാണാ​തെ​പോയ ആടുക​ളു​ടെ കാര്യ​ത്തിൽ യഹോവ എന്തു വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌?

10 ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ കൂട്ടം​വിട്ട്‌ പോയ ‘ചെറി​യവർ’ ഉൾപ്പെടെ നമ്മളെ ഓരോ​രു​ത്ത​രെ​യും യഹോവ സ്‌നേ​ഹി​ക്കു​ന്നു. കാണാ​തെ​പോയ ആടിനെ തിരഞ്ഞ്‌ കണ്ടുപി​ടി​ക്കു​മെ​ന്നും ആത്മീയാ​രോ​ഗ്യം വീണ്ടെ​ടു​ക്കാൻ സഹായി​ക്കു​മെ​ന്നും യഹസ്‌കേൽ പ്രവാ​ച​ക​നി​ലൂ​ടെ ദൈവം വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. അതിനു​വേണ്ടി താൻ ചെയ്യുന്ന ചില പ്രത്യേക കാര്യ​ങ്ങ​ളും യഹോവ എടുത്തു​പ​റഞ്ഞു. ആടിനെ കാണാ​തെ​പോ​യാൽ ഇസ്രാ​യേ​ല്യ​നായ ഒരു ഇടയൻ ചെയ്യുന്ന കാര്യ​ങ്ങ​ളാണ്‌ അവ. (യഹസ്‌കേൽ 34:11-16 വായി​ക്കുക.) ആദ്യം ഇടയൻ ആടിനെ അന്വേ​ഷി​ക്കും, അതിനു നല്ല സമയവും ശ്രമവും ആവശ്യ​മാണ്‌. ആടിനെ കണ്ടുപി​ടി​ച്ചു​ക​ഴി​ഞ്ഞാൽ ഇടയൻ അതിനെ ആട്ടിൻകൂ​ട്ട​ത്തി​ലേക്കു തിരി​ച്ചു​കൊ​ണ്ടു​വ​രും. ഇനി, ആടിനു പരിക്കു പറ്റിയി​ട്ടു​ണ്ടെ​ങ്കി​ലോ വിശക്കു​ന്നു​ണ്ടെ​ങ്കി​ലോ, അതിനെ ഇടയൻ സ്‌നേ​ഹ​ത്തോ​ടെ പരിപാ​ലി​ക്കും. അതിന്റെ മുറി​വു​കൾ വെച്ചു​കെ​ട്ടും, തളർന്നി​രി​ക്കുന്ന അതിനെ എടുത്തു​കൊണ്ട്‌ നടക്കും, ആഹാരം കൊടു​ക്കും. ‘ദൈവ​ത്തി​ന്റെ ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌’ കൂട്ടം​വി​ട്ടു​പോ​യ​വരെ സഹായി​ക്കാൻ ഇടയന്മാ​രായ മൂപ്പന്മാ​രും ഇതേ കാര്യ​ങ്ങൾതന്നെ ചെയ്യണം. (1 പത്രോ. 5:2, 3) മൂപ്പന്മാർ അവരെ അന്വേ​ഷി​ക്കണം, ആട്ടിൻപ​റ്റ​ത്തി​ലേക്കു തിരി​ച്ചു​വ​രാൻ അവരെ സഹായി​ക്കണം, ആവശ്യ​മായ ആത്മീയ​സ​ഹാ​യം കൊടു​ത്തു​കൊണ്ട്‌ അവരോ​ടു സ്‌നേഹം കാണി​ക്കണം. *

11. ഒരു നല്ല ഇടയന്‌ എന്ത്‌ അറിയാം?

11 ചില​പ്പോൾ ചില ആടുകൾ കൂട്ടം​തെ​റ്റി​പ്പോ​യേ​ക്കാ​മെന്ന്‌ ഒരു നല്ല ഇടയന്‌ അറിയാം. ഒരു ആട്‌ കൂട്ടത്തിൽനിന്ന്‌ മാറി​പ്പോ​യാൽ ഇടയൻ അതി​നോ​ടു ക്രൂര​മാ​യി പെരു​മാ​റില്ല. മുൻകാ​ലത്ത്‌ ചില ദൈവ​ദാ​സ​ന്മാർ ദൈവ​ത്തിൽനിന്ന്‌ അകന്നു​പോ​യി​ട്ടുണ്ട്‌. അവരെ ദൈവം എങ്ങനെ​യാ​ണു സഹായി​ച്ച​തെന്നു നമുക്കു നോക്കാം.

12. യഹോവ യോന​യോട്‌ എങ്ങനെ​യാണ്‌ ഇടപെ​ട്ടത്‌?

12 യഹോവ ഒരു നിയമനം കൊടു​ത്ത​പ്പോൾ യോന അതു ചെയ്യാതെ പൊയ്‌ക്ക​ളഞ്ഞു. എങ്കിലും യഹോവ യോനയെ തള്ളിക്ക​ള​ഞ്ഞില്ല. ഒരു നല്ല ഇടയ​നെ​പ്പോ​ലെ യഹോവ യോനയെ രക്ഷിക്കു​ക​യും നിയമനം ചെയ്യു​ന്ന​തിന്‌ ആവശ്യ​മായ ശക്തി നേടാൻ സഹായി​ക്കു​ക​യും ചെയ്‌തു. (യോന 2:7; 3:1, 2) പിന്നീട്‌ ഒരു ചുരയ്‌ക്ക ചെടി ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഓരോ മനുഷ്യ​ജീ​വ​ന്റെ​യും വില മനസ്സി​ലാ​ക്കാൻ ദൈവം യോനയെ സഹായി​ച്ചു. (യോന 4:10, 11) എന്താണ്‌ ഇതിൽനി​ന്നുള്ള പാഠം? നിഷ്‌ക്രി​യ​രാ​യ​വരെ മൂപ്പന്മാർ പെട്ടെന്നു തള്ളിക്ക​ള​യ​രുത്‌. പകരം അവർ ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ എന്തു​കൊ​ണ്ടാണ്‌ അകന്നു​പോ​യ​തെന്നു മനസ്സി​ലാ​ക്കാൻ മൂപ്പന്മാർ ശ്രമി​ക്കണം. ഇനി, ആ വ്യക്തി യഹോ​വ​യി​ലേക്കു തിരി​ച്ചു​വ​രു​മ്പോൾ മൂപ്പന്മാർ തുടർന്നും ആ വ്യക്തി​യോ​ടുള്ള സ്‌നേ​ഹ​വും ആത്മാർഥ​മായ താത്‌പ​ര്യ​വും കാണി​ക്കും.

13. 73-ാം സങ്കീർത്ത​ന​ത്തി​ന്റെ എഴുത്തു​കാ​ര​നോട്‌ യഹോവ ഇടപെട്ട വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

13 ദുഷ്ടന്മാർ തഴച്ചു​വ​ള​രു​ക​യാ​ണെന്നു തോന്നി​യ​പ്പോൾ 73-ാം സങ്കീർത്ത​ന​ത്തി​ന്റെ എഴുത്തു​കാ​രനു നിരു​ത്സാ​ഹം തോന്നി. ദൈ​വേഷ്ടം ചെയ്യു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ എന്ന്‌ അദ്ദേഹം ചിന്തി​ച്ചു​പോ​യി. (സങ്കീ. 73:12, 13, 16) ഈ സാഹച​ര്യ​ത്തിൽ യഹോവ എന്തു ചെയ്‌തു? യഹോവ സങ്കീർത്ത​ന​ക്കാ​രനെ കുറ്റ​പ്പെ​ടു​ത്തി​യില്ല. എന്നു മാത്രമല്ല, അദ്ദേഹ​ത്തി​ന്റെ വാക്കുകൾ ബൈബി​ളിൽ ഉൾപ്പെ​ടു​ത്തു​ക​യും ചെയ്‌തു. പതു​ക്കെ​പ്പ​തു​ക്കെ, യഹോ​വ​യു​മാ​യുള്ള ബന്ധമാണ്‌ മറ്റെല്ലാ​ത്തി​നെ​ക്കാ​ളും മൂല്യ​മു​ള്ള​തെ​ന്നും അതാണു ജീവി​ത​ത്തിന്‌ അർഥം പകരു​ന്ന​തെ​ന്നും സങ്കീർത്ത​ന​ക്കാ​രൻ മനസ്സി​ലാ​ക്കി. (സങ്കീ. 73:23, 24, 26, 28) എന്താണു പാഠം? യഹോ​വയെ സേവി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ സംശയി​ച്ചു​തു​ട​ങ്ങു​ന്ന​വരെ മൂപ്പന്മാർ മോശ​മാ​യി വിലയി​രു​ത്ത​രുത്‌. അവരെ കുറ്റ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം, അവർ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ സംസാ​രി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ മൂപ്പന്മാർ ശ്രമി​ക്കണം. അങ്ങനെ​യാ​കു​മ്പോൾ അവർക്ക്‌ ഏറ്റവും അനു​യോ​ജ്യ​മായ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ പ്രോ​ത്സാ​ഹനം കൊടു​ക്കാൻ മൂപ്പന്മാർക്കു കഴിയും.

14. ഏലിയ​യ്‌ക്കു സഹായം ആവശ്യ​മാ​യി​വ​ന്നത്‌ എന്തു​കൊണ്ട്‌, യഹോവ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

14 ഒരിക്കൽ ഏലിയ പ്രവാ​ചകൻ ഇസബേൽ രാജ്ഞിയെ പേടിച്ച്‌ ഓടി​പ്പോ​യി. (1 രാജാ. 19:1-3) യഹോ​വ​യു​ടെ ഒരു പ്രവാ​ച​ക​നാ​യി താൻ മാത്രമേ ഉള്ളൂ എന്നും താൻ ഇതുവരെ ചെയ്‌ത​തെ​ല്ലാം വെറു​തെ​യാ​യി​പ്പോ​യെ​ന്നും ഏലിയ​യ്‌ക്കു തോന്നി. അത്രമാ​ത്രം നിരു​ത്സാ​ഹ​പ്പെ​ട്ടു​പോ​യ​തു​കൊണ്ട്‌ ഏലിയ മരിക്കാൻപോ​ലും ആഗ്രഹി​ച്ചു. (1 രാജാ. 19:4, 10) അപ്പോൾ കുറ്റ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം ഏലിയ ഒറ്റയ്‌ക്ക​ല്ലെ​ന്നും അദ്ദേഹ​ത്തി​നു ദൈവ​ത്തി​ന്റെ ശക്തിയിൽ ആശ്രയി​ക്കാ​മെ​ന്നും യഹോവ ഉറപ്പു കൊടു​ത്തു. ഏലിയ​യെ​ക്കൊണ്ട്‌ തനിക്ക്‌ ഇനിയും ഉപയോ​ഗ​മു​ണ്ടെന്ന്‌ യഹോവ വ്യക്തമാ​ക്കി. അദ്ദേഹം തന്റെ ആകുല​ത​ക​ളെ​ല്ലാം പറഞ്ഞ​പ്പോൾ യഹോവ അതു ദയയോ​ടെ ശ്രദ്ധിച്ച്‌ കേൾക്കു​ക​യും പുതിയ നിയമ​നങ്ങൾ കൊടു​ക്കു​ക​യും ചെയ്‌തു. നമുക്കുള്ള പാഠം? (1 രാജാ. 19:11-16, 18) നമ്മൾ എല്ലാവ​രും, പ്രത്യേ​കിച്ച്‌ മൂപ്പന്മാർ, യഹോ​വ​യു​ടെ ആടുക​ളോ​ടു ദയയോ​ടെ ഇടപെ​ടണം. ചില​പ്പോൾ ഒരാൾ ദേഷ്യ​മോ അമർഷ​മോ ഒക്കെ കാണി​ച്ചേ​ക്കാം. അല്ലെങ്കിൽ യഹോ​വ​യു​ടെ കരുണ​യ്‌ക്കു താൻ യോഗ്യ​ന​ല്ലെന്ന്‌ അയാൾക്കു തോന്നു​ന്നു​ണ്ടാ​കാം. എങ്കിലും ആ വ്യക്തി തന്റെ ഉള്ളിലു​ള്ള​തെ​ല്ലാം പറയു​മ്പോൾ മൂപ്പന്മാർ ശ്രദ്ധിച്ച്‌ കേൾക്കും. ‘കാണാ​തെ​പോയ ആടാ​ണെ​ങ്കി​ലും’ യഹോവ അദ്ദേഹത്തെ ഇപ്പോ​ഴും വിലയു​ള്ള​വ​നാ​യി കാണു​ന്നു​ണ്ടെന്ന്‌ അവർ ഉറപ്പു കൊടു​ക്കും.

ദൈവ​ത്തി​ന്റെ കാണാ​തെ​പോയ ആടുകളെ നമ്മൾ എങ്ങനെ വീക്ഷി​ക്കണം?

15. യോഹ​ന്നാൻ 6:39 അനുസ​രിച്ച്‌, യേശു തന്റെ പിതാ​വി​ന്റെ ആടുകളെ എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌?

15 കാണാ​തെ​പോയ തന്റെ ആടുകളെ നമ്മൾ എങ്ങനെ വീക്ഷി​ക്കാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌? അതു മനസ്സി​ലാ​ക്കാൻ യേശു​വി​ന്റെ മാതൃക നമ്മളെ സഹായി​ക്കും. ഓരോ ആടും ദൈവ​ത്തി​ന്റെ കണ്ണിൽ വിലയു​ള്ള​താ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ യഹോ​വ​യി​ലേക്കു തിരി​ച്ചു​വ​രാൻ ‘ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ കാണാ​തെ​പോയ ആടുകളെ’ സഹായി​ക്കു​ന്ന​തി​നു യേശു പരമാ​വധി ശ്രമിച്ചു. (മത്താ. 15:24; ലൂക്കോ. 19:9, 10) യഹോ​വ​യു​ടെ ആടുക​ളിൽ ഒന്നും നഷ്ടപ്പെ​ട്ടു​പോ​കാ​തി​രി​ക്കാ​നും നല്ല ഇടയനായ യേശു തന്നെ​ക്കൊ​ണ്ടാ​കു​ന്ന​തെ​ല്ലാം ചെയ്‌തു.​—യോഹ​ന്നാൻ 6:39 വായി​ക്കുക.

16-17. കൂട്ടം​വി​ട്ടു​പോ​യ​വരെ സഹായി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ മൂപ്പന്മാർക്ക്‌ എന്തു തോന്നണം? (“ കാണാ​തെ​പോയ ഒരു ആട്‌ എന്തായി​രി​ക്കും ചിന്തി​ക്കു​ന്നത്‌?” എന്ന ചതുരം കാണുക.)

16 യേശു​വി​ന്റെ മാതൃക അനുക​രി​ക്കാൻ പൗലോസ്‌ അപ്പോ​സ്‌തലൻ എഫെ​സൊസ്‌ സഭയിലെ മൂപ്പന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ‘ബലഹീ​നരെ സഹായി​ക്ക​ണ​മെ​ന്നും “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌” എന്നു കർത്താ​വായ യേശു പറഞ്ഞത്‌ ഓർത്തു​കൊ​ള്ള​ണ​മെ​ന്നും’ പൗലോസ്‌ അവരോ​ടു പറഞ്ഞു. (പ്രവൃ. 20:17, 35) ഇക്കാലത്തെ മൂപ്പന്മാർക്കും യഹോ​വ​യു​ടെ ജനത്തെ പരിപാ​ലി​ക്കാ​നുള്ള പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വ​മുണ്ട്‌. സ്‌പെ​യി​നി​ലെ ഒരു മൂപ്പനായ സാൽവ​ഡോർ ഇങ്ങനെ പറയുന്നു: “കാണാ​തെ​പോയ തന്റെ ആടുക​ളെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എത്രമാ​ത്രം ചിന്തയു​ണ്ടെന്ന്‌ ഓർക്കു​മ്പോൾ അവരെ സഹായി​ക്കു​ന്ന​തിന്‌ എന്നെ​ക്കൊ​ണ്ടാ​കു​ന്ന​തെ​ല്ലാം ചെയ്യാൻ എനിക്കു തോന്നു​ന്നു. ഒരു ആത്മീയ ഇടയൻ എന്ന നിലയിൽ അവർക്കു​വേണ്ടി ഞാൻ കരുതാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്ക്‌ അറിയാം.”

17 ഈ ലേഖന​ത്തിൽ പറഞ്ഞ സഹോ​ദ​ര​ങ്ങൾക്കെ​ല്ലാം സഹായം കിട്ടു​ക​യും അവർ യഹോ​വ​യി​ലേക്കു തിരി​ച്ചു​വ​രു​ക​യും ചെയ്‌തു. ഇപ്പോൾ ഈ നിമി​ഷം​തന്നെ യഹോ​വ​യു​ടെ ജനത്തിൽനിന്ന്‌ അകന്നു​പോയ പലരും തിരി​ച്ചു​വ​രാൻ ആഗ്രഹി​ക്കു​ന്നുണ്ട്‌. യഹോ​വ​യി​ലേക്കു തിരി​ച്ചു​വ​രാൻ അവരെ സഹായി​ക്കു​ന്ന​തിന്‌ എന്തു ചെയ്യാ​മെന്നു കൂടുതൽ വിശദ​മാ​യി അടുത്ത ലേഖന​ത്തിൽ നമ്മൾ പഠിക്കും.

ഗീതം 139 എല്ലാം പുതു​താ​ക്കു​മ്പോൾ നിങ്ങളും അവിടെ!

^ ഖ. 5 വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ക്കുന്ന ചിലർ എന്തു​കൊ​ണ്ടാണ്‌ സഭയിൽനിന്ന്‌ അകന്നു​പോ​കു​ന്നത്‌? അവരെ​ക്കു​റിച്ച്‌ ദൈവ​ത്തിന്‌ എന്താണു തോന്നു​ന്നത്‌? ഇവയ്‌ക്കുള്ള ഉത്തരം ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും. യഹോ​വ​യിൽനിന്ന്‌ അകന്നു​പോയ ബൈബിൾക്കാ​ല​ങ്ങ​ളി​ലെ ചിലരെ യഹോവ എങ്ങനെ​യാ​ണു സഹായി​ച്ച​തെ​ന്നും അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​മെ​ന്നും നമ്മൾ ചിന്തി​ക്കും.

^ ഖ. 2 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: പ്രസം​ഗ​പ്ര​വർത്തനം ആറു മാസമോ അതില​ധി​ക​മോ ആയി റിപ്പോർട്ട്‌ ചെയ്യാ​ത്ത​വ​രെ​യാ​ണു നിഷ്‌ക്രി​യ​നായ പ്രചാ​രകൻ എന്നു പറയു​ന്നത്‌. എങ്കിലും അവർ ഇപ്പോ​ഴും നമ്മുടെ സഹോ​ദ​ര​ങ്ങ​ളാണ്‌, നമ്മൾ അവരെ സ്‌നേ​ഹി​ക്കു​ന്നു.

^ ഖ. 4 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 10 ഈ മൂന്നു കാര്യങ്ങൾ മൂപ്പന്മാർക്ക്‌ എങ്ങനെ ചെയ്യാ​മെന്ന്‌ അടുത്ത ലേഖനം വിശദീ​ക​രി​ക്കും.

^ ഖ. 60 ചിത്രക്കുറിപ്പ്‌: കാണാ​തെ​പോയ ഒരു ആടിനെ ഓർത്ത്‌ വിഷമി​ക്കുന്ന ഇസ്രാ​യേ​ല്യ​നായ ഒരു ഇടയൻ അതിനെ തിരഞ്ഞു​പോ​കു​ന്നു. ആട്ടിൻപ​റ്റ​ത്തി​ലേക്കു തിരി​ച്ചു​വ​രാൻ അതിനെ സഹായി​ക്കു​ന്നു. ഇക്കാലത്തെ ആത്മീയ ഇടയന്മാ​രും അങ്ങനെ​തന്നെ ചെയ്യുന്നു.

^ ഖ. 64 ചിത്രക്കുറിപ്പ്‌: നിറു​ത്തി​യി​ട്ടി​രി​ക്കുന്ന ഒരു ബസ്സിൽ ഇരിക്കുന്ന നിഷ്‌ക്രി​യ​യായ ഒരു സഹോ​ദരി, രണ്ടു സാക്ഷികൾ സന്തോ​ഷ​ത്തോ​ടെ പരസ്യ​സാ​ക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ടു​ന്നതു നിരീ​ക്ഷി​ക്കു​ന്നു.