വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 15

മരണസമയത്തെ യേശുവിന്റെ വാക്കുകളിൽനിന്നുള്ള പാഠങ്ങൾ

മരണസമയത്തെ യേശുവിന്റെ വാക്കുകളിൽനിന്നുള്ള പാഠങ്ങൾ

“ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവൻ പറയുന്നതു ശ്രദ്ധിക്കണം.”— മത്താ. 17:5.

ഗീതം 17 “എനിക്കു മനസ്സാണ്‌”

പൂർവാവലോകനം *

1-2. യേശു തന്റെ അവസാനവാക്കുകൾ പറയുന്ന സമയത്തെ രംഗം ഒന്നു വിവരിക്കുക.

എ.ഡി. 33, നീസാൻ 14, പകൽ സമയം. യേശുവിനെ വ്യാജാരോപണങ്ങൾക്കു വിധേയനാക്കി, ചെയ്യാത്ത കുറ്റത്തിനു മരണശിക്ഷയ്‌ക്കു വിധിച്ചു. ആളുകൾ കളിയാക്കി, ക്രൂരമായി ഉപദ്രവിച്ചു, ഒടുവിൽ ദണ്ഡനസ്‌തംഭത്തിലേറ്റി. കൈയിലും കാലിലും ആണി അടിച്ചുകയറ്റി. ഓരോ തവണ ശ്വാസമെടുക്കുമ്പോഴും ഓരോ വാക്ക്‌ ഉച്ചരിക്കുമ്പോഴും സഹിക്കാൻ പറ്റാത്ത വേദന. പക്ഷേ, യേശുവിനു സംസാരിക്കാതിരിക്കാൻ പറ്റില്ല. കാരണം പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയാനുണ്ട്‌.

2 ദണ്ഡനസ്‌തംഭത്തിൽ കിടന്ന്‌ ഇഞ്ചിഞ്ചായി മരിക്കുമ്പോൾ യേശു എന്താണു പറഞ്ഞത്‌? അതിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാം? നമുക്ക്‌ ഇപ്പോൾ യേശുവിനെ ശ്രദ്ധിക്കാം.—മത്താ. 17:5.

‘പിതാവേ, ഇവരോടു ക്ഷമിക്കേണമേ’

3. ‘പിതാവേ, ഇവരോടു ക്ഷമിക്കേണമേ’ എന്നു പറഞ്ഞപ്പോൾ യേശു ആരെയായിരിക്കാം ഉദ്ദേശിച്ചത്‌?

3 യേശു എന്താണു പറഞ്ഞത്‌? ദണ്ഡനസ്‌തംഭത്തിൽ കിടന്ന്‌ യേശു ഇങ്ങനെ പ്രാർഥിച്ചു: ‘പിതാവേ, ഇവരോടു ക്ഷമിക്കേണമേ.’ ആരോടു ക്ഷമിക്കുന്ന കാര്യമാണു യേശു പറഞ്ഞത്‌? അതേ വാക്യത്തിൽത്തന്നെ നമുക്ക്‌ അതിന്റെ സൂചന കാണാം. ‘ഇവർ ചെയ്യുന്നത്‌ എന്താണെന്ന്‌ ഇവർക്ക്‌ അറിയില്ല’ എന്നും യേശു പറഞ്ഞു. (ലൂക്കോ. 23:33, 34) സാധ്യതയനുസരിച്ച്‌ തന്റെ കൈയിലും കാലിലും ആണി അടിച്ചുകയറ്റിയ ആ റോമൻ പടയാളികളെയായിരിക്കാം യേശു ഉദ്ദേശിച്ചത്‌. യേശു ശരിക്കും ദൈവപുത്രനാണെന്ന്‌ അവർക്ക്‌ അറിയില്ലായിരുന്നു. ഇനി, തന്നെ കൊല്ലണമെന്നു മുറവിളി കൂട്ടിയെങ്കിലും പിന്നീട്‌ വിശ്വാസികളായിത്തീരാൻ സാധ്യതയുള്ള ആളുകളും യേശുവിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം. (പ്രവൃ. 2:36-38) അനീതിക്ക്‌ ഇരയായെങ്കിലും യേശുവിന്‌ അവരോടു ദേഷ്യമോ പകയോ ഒന്നും തോന്നിയില്ല. (1 പത്രോ. 2:23) പകരം, തന്നെ സ്‌തംഭത്തിലേറ്റിയവരോടു ക്ഷമിക്കാൻ യേശു യഹോവയോട്‌ അപേക്ഷിച്ചു.

4. എതിരാളികളോടു ക്ഷമിക്കാൻ യേശു മനസ്സുകാണിച്ചതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

4 യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? യേശുവിനെപ്പോലെ നമ്മളും മറ്റുള്ളവരോടു ക്ഷമിക്കാൻ തയ്യാറാകണം. (കൊലോ. 3:13) നമ്മുടെ ബന്ധുക്കൾ ഉൾപ്പെടെ പലരും നമ്മളെ എതിർത്തേക്കാം. കാരണം അവർക്കു നമ്മുടെ വിശ്വാസങ്ങളോ നമ്മൾ ബൈബിൾതത്ത്വങ്ങൾ അനുസരിച്ച്‌ ജീവിക്കുന്നതിന്റെ കാരണമോ ഒന്നും മനസ്സിലാകുന്നില്ല. അവർ നമ്മളെക്കുറിച്ച്‌ നുണ പറഞ്ഞേക്കാം, മറ്റുള്ളവരുടെ മുന്നിൽവെച്ച്‌ നമ്മളെ നാണംകെടുത്തിയേക്കാം. നമ്മുടെ പ്രസിദ്ധീകരണങ്ങളൊക്കെ നശിപ്പിച്ചുകളഞ്ഞേക്കാം. ഇനി, നമ്മളെ ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തുകപോലും ചെയ്‌തേക്കാം. എന്നാൽ അവരോടു നീരസം കാണിക്കുന്നതിനു പകരം സത്യം സ്വീകരിക്കാൻ അവരെ സഹായിക്കണേ എന്നു നമുക്ക്‌ യഹോവയോടു പ്രാർഥിക്കാം. (മത്താ. 5:44, 45) ചിലപ്പോൾ നമുക്കു ക്ഷമിക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാം, പ്രത്യേകിച്ച്‌ നമ്മൾ കടുത്ത അനീതിക്ക്‌ ഇരയാകുമ്പോൾ. എന്നാൽ ദേഷ്യമോ നീരസമോ നമ്മുടെ മനസ്സിൽ വേരുപിടിക്കാൻ അനുവദിച്ചാൽ അതു നമുക്കുതന്നെ ദോഷം ചെയ്യും. ഒരു സഹോദരി പറയുന്നു: “ഞാൻ അവരുടെ തെറ്റുകൾ ക്ഷമിക്കുമ്പോൾ അവരുടെ തെറ്റുകൾ അംഗീകരിക്കുന്നെന്നോ അവർ ചെയ്യുന്ന അന്യായമെല്ലാം ഞാൻ സഹിക്കുമെന്നോ അല്ല അതിനർഥം. പകരം അവരോടു നീരസം വെച്ചുകൊണ്ടിരിക്കുന്നില്ലെന്നേ ഉള്ളൂ.” (സങ്കീ. 37:8) നമ്മൾ ക്ഷമിക്കാൻ തയ്യാറാകുമ്പോൾ നമ്മളെ ദ്രോഹിച്ചവരോടു നമ്മുടെ മനസ്സിൽ ഒരിക്കലും നീരസം ഉണ്ടാകില്ല.—എഫെ. 4:31, 32.

“നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും”

5. തന്റെകൂടെ വധിക്കപ്പെട്ട കുറ്റവാളിയോടു യേശു എന്താണു പറഞ്ഞത്‌, എന്തുകൊണ്ടാണ്‌ യേശു അങ്ങനെയൊരു വാഗ്‌ദാനം നൽകിയത്‌?

5 യേശു എന്താണു പറഞ്ഞത്‌? യേശുവിന്റെകൂടെ രണ്ടു കുറ്റവാളികളെ ദണ്ഡനസ്‌തംഭത്തിലേറ്റിയിരുന്നു. ആദ്യം രണ്ടുപേരും ചേർന്ന്‌ യേശുവിനെ കളിയാക്കി. (മത്താ. 27:44) എന്നാൽ പിന്നീട്‌ ഒരാളുടെ മനസ്സു മാറി. യേശു “ഒരു തെറ്റും ചെയ്‌തിട്ടില്ല” എന്ന്‌ അയാൾക്കു മനസ്സിലായി. (ലൂക്കോ. 23:40, 41) മാത്രമല്ല, യേശു പുനരുത്ഥാനപ്പെടുമെന്നും ഒരുനാൾ രാജാവായി ഭരിക്കുമെന്നും താൻ വിശ്വസിക്കുന്നുണ്ടെന്നും അയാൾ വ്യക്തമാക്കി. മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്ന രക്ഷകനോട്‌ അയാൾ പറഞ്ഞു: “യേശുവേ, അങ്ങ്‌ അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ.” (ലൂക്കോ. 23:42) എത്ര വലിയ വിശ്വാസമാണ്‌ അയാൾ കാണിച്ചത്‌! മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ (രാജ്യത്തിലല്ല) പറുദീസയിലുണ്ടായിരിക്കും.” (ലൂക്കോ. 23:43) നിങ്ങൾ ശ്രദ്ധിച്ചോ? അതു പൊതുവായ ഒരു വാഗ്‌ദാനമായിരുന്നില്ല, ആ വ്യക്തിയോടായി പറഞ്ഞ വാക്കുകളായിരുന്നു. “ഞാൻ,” “നീ,” “എന്റെ” എന്നീ പ്രയോഗങ്ങൾ അതാണു കാണിക്കുന്നത്‌. മരിക്കാൻപോകുന്ന കുറ്റവാളിക്ക്‌ ഭാവിയെക്കുറിച്ച്‌ പ്രതീക്ഷ നൽകുന്ന വാക്കുകളായിരുന്നു യേശുവിന്റേത്‌. യഹോവ കരുണയുള്ള പിതാവാണെന്ന്‌ അറിയാമായിരുന്നതുകൊണ്ടാണ്‌ അയാൾക്ക്‌ അങ്ങനെയൊരു ഉറപ്പ്‌ കൊടുക്കാൻ യേശുവിനു കഴിഞ്ഞത്‌.—സങ്കീ. 103:8.

6. കുറ്റവാളിയോടുള്ള യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

6 യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? യേശു പിതാവിന്റെ ഗുണങ്ങൾ അങ്ങനെതന്നെ പ്രതിഫലിപ്പിച്ചു. (എബ്രാ. 1:3) നമ്മൾ കഴിഞ്ഞകാലത്ത്‌ എന്തെങ്കിലും തെറ്റുകൾ ചെയ്‌തിട്ടുണ്ടെങ്കിൽ നമ്മളോടു ക്ഷമിക്കാനും കരുണ കാണിക്കാനും യഹോവയ്‌ക്കു വളരെയധികം താത്‌പര്യമുണ്ട്‌. എന്നാൽ യഹോവയുടെ ക്ഷമ കിട്ടണമെങ്കിൽ ചെയ്‌തുപോയ തെറ്റുകളെക്കുറിച്ച്‌ നമ്മൾ ശരിക്കും പശ്ചാത്തപിക്കണം. കൂടാതെ യേശുവിന്റെ മോചനബലിയിലൂടെ നമ്മുടെ പാപങ്ങൾക്കു ക്ഷമ കിട്ടുമെന്നു വിശ്വസിക്കുകയും വേണം. (1 യോഹ. 1:7) എന്നാൽ കഴിഞ്ഞകാലത്ത്‌ തങ്ങൾ ചെയ്‌തുപോയ തെറ്റുകൾ യഹോവ ക്ഷമിക്കുമെന്നു വിശ്വസിക്കാൻ ചിലർക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. നിങ്ങൾക്ക്‌ എപ്പോഴെങ്കിലും അങ്ങനെ തോന്നാറുണ്ടോ? എങ്കിൽ ഇതെക്കുറിച്ച്‌ ചിന്തിക്കുക: മരണത്തിനു വിധിക്കപ്പെട്ട ആ കുറ്റവാളി ആ സമയത്താണ്‌ ആദ്യമായി യേശുവിൽ വിശ്വസിക്കുന്നത്‌. എന്നിട്ടും യേശു ആ കുറ്റവാളിയോടു കരുണ കാണിച്ചു. അങ്ങനെയെങ്കിൽ യഹോവയുടെ കല്‌പനകൾ അനുസരിക്കാൻ പരമാവധി ശ്രമിക്കുന്ന തന്റെ വിശ്വസ്‌തദാസരോട്‌ യഹോവ എത്രയധികം കരുണ കാണിക്കും! —സങ്കീ. 51:1; 1 യോഹ. 2:1, 2.

“ഇതാ നിങ്ങളുടെ മകൻ . . . ഇതാ, നിന്റെ അമ്മ”

7. യോഹന്നാൻ 19:26, 27 അനുസരിച്ച്‌ യേശു മറിയയോടും യോഹന്നാനോടും എന്തു പറഞ്ഞു, എന്തുകൊണ്ട്‌?

7 യേശു എന്താണു പറഞ്ഞത്‌? (യോഹന്നാൻ 19:26, 27 വായിക്കുക.) യേശുവിനു തന്റെ അമ്മയായ മറിയയെക്കുറിച്ച്‌ നല്ല ചിന്തയുണ്ടായിരുന്നു. സാധ്യതയനുസരിച്ച്‌ മറിയ ആ സമയത്ത്‌ വിധവയായിരുന്നു. അനിയന്മാർ ഒരുപക്ഷേ അമ്മയുടെ ശാരീരികാവശ്യങ്ങൾക്കു വേണ്ടത്‌ ചെയ്‌തുകൊടുക്കുമായിരിക്കും. എന്നാൽ ആത്മീയാവശ്യങ്ങൾക്കുവേണ്ടി ആരു കരുതും? കാരണം അനിയന്മാർ ആരും ആ സമയത്ത്‌ യേശുവിന്റെ ശിഷ്യന്മാരായിരുന്നു എന്നതിന്റെ യാതൊരു സൂചനയുമില്ല. എന്നാൽ യോഹന്നാൻ ഒരു വിശ്വസ്‌ത അപ്പോസ്‌തലനും യേശുവിന്റെ ഒരു ഉറ്റ സുഹൃത്തും ആയിരുന്നു. തന്നോടൊപ്പം യഹോവയെ ആരാധിക്കുന്നവരെയെല്ലാം തന്റെ ഒരു ആത്മീയകുടുംബമായിട്ടാണു യേശു കരുതിയിരുന്നത്‌. (മത്താ. 12:46-50) യേശുവിന്‌ അമ്മയെ ഒരുപാട്‌ ഇഷ്ടമായിരുന്നു. അമ്മയുടെ ആവശ്യങ്ങളൊക്കെ നന്നായി നടക്കണമെന്നു യേശു ആഗ്രഹിച്ചു. അതുകൊണ്ട്‌ അമ്മയെ നോക്കണമെന്ന്‌ യേശു യോഹന്നാനോട്‌ ആവശ്യപ്പെട്ടു. യോഹന്നാനാകുമ്പോൾ അമ്മയുടെ ആത്മീയാവശ്യങ്ങൾക്കുവേണ്ടി കരുതുമെന്നു യേശുവിന്‌ ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട്‌ യേശു അമ്മയോടു പറഞ്ഞു: “ഇതാ നിങ്ങളുടെ മകൻ.” യോഹന്നാനോടു പറഞ്ഞു: “ഇതാ, നിന്റെ അമ്മ.” അന്നുമുതൽ യോഹന്നാൻ മറിയയ്‌ക്ക്‌ സ്വന്തം മകനെപ്പോലെയായിരുന്നു. ആ അമ്മയുടെ ആവശ്യങ്ങൾക്കുവേണ്ടി യോഹന്നാൻ നന്നായി കരുതി. ജനിച്ചപ്പോൾമുതൽ തനിക്കുവേണ്ടി സ്‌നേഹത്തോടെ കരുതുകയും മരണസമയത്ത്‌ തന്റെ കൂടെനിൽക്കുകയും ചെയ്‌ത ആ അമ്മയോട്‌ യേശു എത്രയധികം സ്‌നേഹമാണു കാണിച്ചത്‌!

8. മറിയയോടും യോഹന്നാനോടും ഉള്ള യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

8 യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? കുടുംബാംഗങ്ങളോടുള്ളതിനെക്കാൾ ശക്തമായിരുന്നേക്കാം ക്രിസ്‌തീയ സഹോദരങ്ങളുമായുള്ള നമ്മുടെ ബന്ധം. ബന്ധുക്കൾ നമ്മളെ എതിർക്കുകയോ ഉപേക്ഷിക്കുകപോലുമോ ചെയ്‌തേക്കാം. എന്നാൽ നമ്മൾ യഹോവയോടും ദൈവത്തിന്റെ സംഘടനയോടും പറ്റിനിൽക്കുന്നെങ്കിൽ യേശു വാഗ്‌ദാനം ചെയ്‌തതുപോലെ നഷ്ടമായതിന്റെ “100 മടങ്ങ്‌” നമുക്കു തിരികെ കിട്ടും. നമ്മളെ ഒരുപാടു സ്‌നേഹിക്കുന്ന മക്കളെയും അമ്മമാരെയും അപ്പന്മാരെയും നമുക്കു കിട്ടും. (മർക്കോ. 10:29, 30) ഐക്യമുള്ള അത്തരമൊരു ആത്മീയകുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിനെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു? അവരുടെ വിശ്വാസവും യഹോവയോടും സഹവിശ്വാസികളോടും ഉള്ള സ്‌നേഹവും ആണ്‌ അവരെ ഒന്നിപ്പിച്ചുനിറുത്തുന്നത്‌.—കൊലോ. 3:14; 1 പത്രോ. 2:17.

“എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവിട്ടത്‌?”

9. മത്തായി 27:46-ലെ യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം മനസ്സിലാക്കാം?

9 യേശു എന്താണു പറഞ്ഞത്‌? മരണത്തിനു തൊട്ടുമുമ്പ്‌ യേശു ഇങ്ങനെ വിളിച്ചുപറഞ്ഞു: “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവിട്ടത്‌?” (മത്താ. 27:46) യേശു എന്തുകൊണ്ടാണ്‌ ഇങ്ങനെ പറഞ്ഞതെന്നു ബൈബിൾ പറയുന്നില്ല. എന്നാൽ ആ വാക്കുകളിൽനിന്ന്‌ നമുക്കു ചിലതൊക്കെ മനസ്സിലാക്കാം. ഒരു കാര്യം, യേശു അതു പറഞ്ഞപ്പോൾ സങ്കീർത്തനം 22:1-ലെ പ്രവചനം നിറവേറി. * ഇനി, മറ്റൊരു സംഗതി യഹോവ തന്റെ പുത്രനെ സംരക്ഷിക്കാനായി ‘ചുറ്റും ഒരു വേലി’ കെട്ടിയിട്ടില്ലായിരുന്നെന്നു വ്യക്തമാകുന്നു. (ഇയ്യോ. 1:10) തന്റെ വിശ്വാസം അങ്ങേയറ്റം പരിശോധിക്കാനായി പിതാവ്‌ ശത്രുക്കളുടെ കൈയിലേക്കു തന്നെ വിട്ടുകൊടുത്തിരിക്കുകയാണെന്ന്‌ യേശുവിനു മനസ്സിലായി. യേശുവിനു നേരിട്ടതുപോലുള്ള പരിശോധന ഒരു മനുഷ്യനും മുമ്പ്‌ ഉണ്ടായിട്ടില്ലായിരുന്നു. ഇനി, മരണശിക്ഷ അർഹിക്കുന്ന ഒരു കുറ്റവും യേശു ചെയ്‌തിട്ടില്ലെന്നും ആ വാക്കുകൾ വെളിപ്പെടുത്തി.

10. തന്റെ പിതാവിനോടുള്ള യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാം?

10 യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ഒരു പാഠം നമ്മുടെ വിശ്വാസത്തെ പരിശോധിക്കുന്ന പ്രതിസന്ധികൾ നേരിടുമ്പോൾ അതിൽനിന്നെല്ലാം യഹോവ നമ്മളെ സംരക്ഷിക്കുമെന്ന്‌ ഒരിക്കലും പ്രതീക്ഷിക്കരുത്‌. യേശുവിന്റെ വിശ്വാസം അങ്ങേയറ്റം പരിശോധിക്കപ്പെട്ടു. അതുപോലെ നമ്മളും ആവശ്യമെങ്കിൽ വിശ്വാസത്തിനുവേണ്ടി മരിക്കാൻപോലും തയ്യാറായിരിക്കണം. (മത്താ. 16:24, 25) എന്നാൽ നമുക്കു ചെറുക്കാനാകാത്ത ഒരു പ്രലോഭനവും ദൈവം അനുവദിക്കില്ല എന്ന്‌ ഉറപ്പാണ്‌. (1 കൊരി. 10:13) നമുക്കു പഠിക്കാനാകുന്ന മറ്റൊരു പാഠം യേശുവിനെപ്പോലെ നമുക്കും അന്യായമായി കഷ്ടങ്ങൾ സഹിക്കേണ്ടിവന്നേക്കാം എന്നതാണ്‌. (1 പത്രോ. 2:19, 20) പലപ്പോഴും ആളുകൾ നമ്മളെ വെറുക്കുന്നത്‌ നമ്മൾ ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടും സത്യത്തിനു സാക്ഷ്യം വഹിക്കുന്നതുകൊണ്ടും ആണ്‌. അല്ലാതെ നമ്മൾ എന്തെങ്കിലും തെറ്റു ചെയ്‌തിട്ടല്ല. (യോഹ. 17:14; 1 പത്രോ. 4:15, 16) താൻ കഷ്ടം സഹിക്കാൻ യഹോവ അനുവദിക്കുന്നതിന്റെ കാരണം യേശുവിന്‌ അറിയാമായിരുന്നു. എന്നാൽ വിശ്വസ്‌തരായ പല ദൈവദാസരും കഷ്ടങ്ങൾ സഹിക്കുമ്പോൾ എന്തുകൊണ്ടാണ്‌ യഹോവ ഇത്‌ അനുവദിച്ചിരിക്കുന്നതെന്നു ചിന്തിച്ചേക്കാം. (ഹബ. 1:3) അവരുടെ വിശ്വാസത്തിന്റെ കുറവുകൊണ്ടല്ല അവർ അങ്ങനെ ചിന്തിക്കുന്നതെന്നു കാരുണ്യവാനും ക്ഷമയുള്ളവനും ആയ യഹോവയ്‌ക്ക്‌ അറിയാം. അതുകൊണ്ട്‌ അത്തരം സന്ദർഭങ്ങളിൽ, തന്നിൽനിന്നുള്ള ആശ്വാസമാണു അവർക്കു വേണ്ടതെന്നു മനസ്സിലാക്കി ദൈവം അവരെ ആശ്വസിപ്പിക്കുന്നു.—2 കൊരി. 1:3, 4.

“എനിക്കു ദാഹിക്കുന്നു”

11. യോഹന്നാൻ 19:28-ലെ ആ വാക്കുകൾ യേശു പറഞ്ഞത്‌ എന്തുകൊണ്ടാണ്‌?

11 യേശു എന്താണു പറഞ്ഞത്‌? (യോഹന്നാൻ 19:28 വായിക്കുക.) എന്തുകൊണ്ടാണ്‌ “എനിക്കു ദാഹിക്കുന്നു” എന്ന്‌ യേശു പറഞ്ഞത്‌? “തിരുവെഴുത്തുകൾ നിറവേറാൻ,” അതായത്‌ സങ്കീർത്തനം 22:15-ലെ ആ പ്രവചനം നിറവേറാൻ ആണ്‌ യേശു അതു പറഞ്ഞത്‌. അവിടെ ഇങ്ങനെ പറയുന്നു: “എന്റെ ശക്തി മൺപാത്രക്കഷണംപോലെ വരണ്ടുണങ്ങിയിരിക്കുന്നു; എന്റെ നാവ്‌ അണ്ണാക്കിനോടു പറ്റിയിരിക്കുന്നു.” ഇനി, ഒരുപാട്‌ കഷ്ടതകളൊക്കെ സഹിച്ച്‌ ദണ്ഡനസ്‌തംഭത്തിൽ കിടന്ന്‌ വേദനകൊണ്ട്‌ പുളയുന്ന സമയത്ത്‌ യേശുവിന്‌ ദാഹം തോന്നിയതിൽ ഒട്ടും അതിശയിക്കാനില്ല. ആ ദാഹം മാറ്റാൻ യേശുവിനു സഹായം വേണമായിരുന്നു.

12. “എനിക്കു ദാഹിക്കുന്നു” എന്ന യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? തന്റെ ആവശ്യങ്ങൾ തുറന്നുപറയുന്നത്‌ ഒരു കുറച്ചിലായി യേശു കണ്ടില്ല. നമ്മളും അങ്ങനെയായിരിക്കണം. മറ്റുള്ളവരോടു സഹായം ചോദിക്കാൻ മടിയുള്ളവരായിരിക്കാം നമ്മളിൽ പലരും. എന്നാൽ നമുക്ക്‌ ഒറ്റയ്‌ക്കു കാര്യങ്ങൾ ചെയ്യാൻ പറ്റാതെ വരുമ്പോൾ മറ്റുള്ളവരോടു സഹായം ചോദിക്കാൻ മടിക്കരുത്‌. ഉദാഹരണത്തിന്‌, നമുക്കു പ്രായമായെങ്കിൽ, ഇനി, മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ കടയിൽ പോയി സാധനങ്ങൾ വാങ്ങാനോ ഡോക്ടറുടെ അടുത്ത്‌ പോകാനോ നമുക്കു സഹായം വേണ്ടിവന്നേക്കാം. നമ്മൾ നിരുത്സാഹിതരാണെങ്കിൽ ഒരു മൂപ്പന്റെയോ പക്വതയുള്ള ഒരു ക്രിസ്‌ത്യാനിയുടെയോ സഹായം ചോദിക്കാനായേക്കും. അവർക്കു നമ്മുടെ പ്രശ്‌നങ്ങൾ കേൾക്കാനോ പ്രോത്സാഹനം പകരുന്ന “ഒരു നല്ല വാക്ക്‌” പറയാനോ കഴിഞ്ഞേക്കും. (സുഭാ. 12:25) നമ്മുടെ സഹോദരീസഹോദരന്മാർ നമ്മളെ ഒരുപാട്‌ സ്‌നേഹിക്കുന്നുണ്ട്‌. “കഷ്ടതകളുടെ സമയത്ത്‌” നമ്മളെ സഹായിക്കാൻ അവർ ആഗ്രഹിക്കുന്നു. (സുഭാ. 17:17) എന്നാൽ അവർക്കു നമ്മുടെ മനസ്സു വായിക്കാനാകില്ല. സഹായം വേണമെന്നു നമ്മൾ തുറന്നുപറഞ്ഞാൽ മാത്രമേ ഒരുപക്ഷേ അവർക്ക്‌ അത്‌ അറിയാൻ കഴിയുകയുള്ളൂ.

“എല്ലാം പൂർത്തിയായി”

13. മരണംവരെ വിശ്വസ്‌തനായി നിന്നതുകൊണ്ട്‌ യേശുവിന്‌ എന്തെല്ലാം ചെയ്‌തുതീർക്കാനായി?

13 യേശു എന്താണു പറഞ്ഞത്‌? നീസാൻ 14-ാം തീയതി ഉച്ച കഴിഞ്ഞ്‌ ഏതാണ്ട്‌ മൂന്നു മണിയോടെ യേശു ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞു: “എല്ലാം പൂർത്തിയായി.” (യോഹ. 19:30) യഹോവ തന്നിൽനിന്ന്‌ പ്രതീക്ഷിച്ചതെല്ലാം താൻ ചെയ്‌തു തീർത്തെന്ന്‌ യേശുവിന്‌ ഉറപ്പുണ്ടായിരുന്നു. തന്റെ ജീവൻ പോകുന്നതിനു തൊട്ടുമുമ്പാണ്‌ യേശു ഇങ്ങനെ പറഞ്ഞത്‌. മരണംവരെ വിശ്വസ്‌തനായി നിന്നതുകൊണ്ട്‌ യേശുവിന്‌ എന്തൊക്കെയാണു ചെയ്‌തുതീർക്കാനായത്‌? ഒന്നാമതായി, സാത്താൻ ഒരു നുണയനാണെന്നു യേശു തെളിയിച്ചു. സാത്താൻ എന്തൊക്കെ ചെയ്‌താലും പൂർണനായ ഒരു മനുഷ്യന്‌ എല്ലാ കാര്യത്തിലും ദൈവത്തോടു വിശ്വസ്‌തനായിരിക്കാനാകുമെന്നു യേശു കാണിച്ചു. രണ്ടാമതായി, യേശു തന്റെ ജീവൻ ഒരു മോചനവിലയായി നൽകി. യേശുവിന്റെ ബലിമരണംകൊണ്ട്‌ അപൂർണരായ മനുഷ്യർക്കു ദൈവവുമായി ഒരു നല്ല ബന്ധത്തിലാകാനും നിത്യജീവന്റെ പ്രത്യാശയുണ്ടായിരിക്കാനും കഴിയുന്നു. മൂന്നാമതായി, യഹോവ നീതിയുള്ള ഒരു ഭരണാധികാരിയാണെന്ന്‌ യേശു തെളിയിച്ചു. കൂടാതെ തന്റെ പിതാവിന്റെ പേരിനു വന്ന നിന്ദ നീക്കുകയും ചെയ്‌തു.

14. ഓരോ ദിവസവും നമ്മൾ എങ്ങനെ ജീവിക്കണം? വിശദീകരിക്കുക.

14 യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ഓരോ ദിവസവും ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ നമ്മളാൽ ആകുന്നതെല്ലാം ചെയ്യണം. വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾസ്‌കൂളിന്റെ ഒരു അധ്യാപകനായ മാക്‌സ്‌വെൽ ഫ്രണ്ട്‌ ഒരു അന്താരാഷ്‌ട്ര സമ്മേളനത്തിൽ വിശ്വസ്‌തത എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: “ഇന്നു ചെയ്യാൻ അല്ലെങ്കിൽ പറയാൻ കഴിയുന്ന കാര്യങ്ങൾ നാളത്തേക്കു നീട്ടിവെക്കരുത്‌. നാളെ നമ്മൾ ജീവനോടെയുണ്ടായിരിക്കുമോ എന്നതിന്‌ എന്താണ്‌ ഉറപ്പ്‌? എന്നേക്കും ജീവിക്കാൻ നമ്മൾ യോഗ്യരാണെന്നു തെളിയിക്കാനുള്ള അവസാനത്തെ അവസരമാണ്‌ ഇന്നുള്ളത്‌ എന്ന ചിന്തയോടെ വേണം ഓരോ ദിവസവും ജീവിക്കാൻ.” ഒരുപക്ഷേ മരിക്കേണ്ടിവന്നാൽപ്പോലും നമുക്ക്‌ ഇങ്ങനെ പറയാൻ കഴിയും: “യഹോവേ, അങ്ങയോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ, സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കാൻ, അങ്ങയുടെ പേരിനു വന്നിരിക്കുന്ന നിന്ദ നീക്കാൻ, അങ്ങയുടെ പരമാധികാരത്തെ പിന്തുണയ്‌ക്കാൻ എന്നാലാകുന്നതെല്ലാം ഞാൻ ചെയ്‌തിരിക്കുന്നു!”

“ഞാൻ എന്റെ ജീവൻ തൃക്കൈയിൽ ഏൽപ്പിക്കുന്നു”

15. ലൂക്കോസ്‌ 23:46 അനുസരിച്ച്‌ യേശുവിന്‌ എന്ത്‌ ഉറപ്പുണ്ടായിരുന്നു?

15 യേശു എന്താണു പറഞ്ഞത്‌? (ലൂക്കോസ്‌ 23:46 വായിക്കുക.) ഉറച്ച ബോധ്യത്തോടെ യേശു ഇങ്ങനെ പറഞ്ഞു: “പിതാവേ, ഞാൻ എന്റെ ജീവൻ തൃക്കൈയിൽ ഏൽപ്പിക്കുന്നു.” തന്റെ ഭാവി ജീവിതം യഹോവയുടെ കൈകളിലാണെന്നും പിതാവ്‌ തന്നെ ഓർക്കുമെന്നും യേശുവിന്‌ ഉറപ്പുണ്ടായിരുന്നു.

16. ഒരു 15 വയസ്സുകാരന്റെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

16 യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യങ്ങളിൽപ്പോലും നമ്മുടെ ജീവൻ യഹോവയെ ഏൽപ്പിക്കാൻ, അതായത്‌ യഹോവയോടു വിശ്വസ്‌തരായിരിക്കാൻ നമ്മൾ തയ്യാറാകണം. നമുക്ക്‌ അതിനു കഴിയണമെങ്കിൽ നമ്മൾ ‘പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കണം.’ (സുഭാ. 3:5) മാരകമായ രോഗം പിടിപെട്ട 15 വയസ്സുള്ള ജോഷ്വയുടെ കാര്യമൊന്നു നോക്കാം. ദൈവനിയമത്തിന്‌ എതിരായ ഒരു ചികിത്സയും സ്വീകരിക്കാൻ അവൻ തയ്യാറായില്ല. തന്റെ മരണത്തിനു തൊട്ടു മുമ്പ്‌ അവൻ അമ്മയോടു പറഞ്ഞു: “അമ്മേ, ഞാൻ യഹോവയുടെ കൈകളിൽ സുരക്ഷിതനാണ്‌. . . . ഉറപ്പായും എനിക്ക്‌ അങ്ങനെ പറയാനാകും അമ്മേ. യഹോവ എന്നെ ജീവനിലേക്കു തിരികെ കൊണ്ടുവരുമെന്ന്‌ എനിക്ക്‌ അത്ര ഉറപ്പാണ്‌. യഹോവയ്‌ക്ക്‌ എന്റെ ഹൃദയം അറിയാം. ഞാൻ യഹോവയെ ഒരുപാടു സ്‌നേഹിക്കുന്നു.” * നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘വിശ്വാസത്തിന്റെ അത്തരമൊരു പരിശോധനയുണ്ടായാൽ, ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന ഒരു സാഹചര്യമുണ്ടായാൽ, ഞാൻ എന്റെ ജീവൻ യഹോവയെ ഏൽപ്പിക്കുമോ? യഹോവ എന്നെ ഓർക്കുമെന്ന്‌ എനിക്ക്‌ ഉറപ്പോടെ പറയാനാകുമോ?’

17-18. യേശുവിന്റെ അവസാനവാക്കുകളിൽനിന്ന്‌ എന്തെല്ലാം പാഠങ്ങളാണു പഠിച്ചത്‌? (“ യേശുവിന്റെ വാക്കുകളും അതിൽനിന്നുള്ള പാഠങ്ങളും” എന്ന ചതുരവും കാണുക.)

17 യേശുവിന്റെ ആ അവസാന വാക്കുകളിൽനിന്ന്‌ നമ്മൾ എത്ര വിലയേറിയ പാഠങ്ങളാണു പഠിച്ചത്‌, അല്ലേ? നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കണമെന്നും അങ്ങനെയാകുമ്പോൾ യഹോവ നമ്മളോടു ക്ഷമിക്കുമെന്നും നമ്മൾ പഠിച്ചു. എന്ത്‌ ആവശ്യം വന്നാലും സഹായിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു ആത്മീയകുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ നമ്മൾ എത്ര സന്തോഷമുള്ളവരാണ്‌! എന്നാൽ നമ്മുടെ ആവശ്യങ്ങൾ തുറന്നുപറയാൻ മടി കാണിക്കരുത്‌. നമുക്കു നേരിട്ടേക്കാവുന്ന ഏതു പരിശോധനയും സഹിച്ചുനിൽക്കാൻ യഹോവ സഹായിക്കുമെന്നു നമ്മൾ കണ്ടു. യഹോവയോടു വിശ്വസ്‌തരായിരിക്കാനുള്ള അവസാനത്തെ അവസരമാണു ലഭിച്ചിരിക്കുന്നത്‌ എന്ന ചിന്തയോടെ ഓരോ ദിവസവും ജീവിക്കേണ്ടത്‌ എത്ര പ്രധാനമാണെന്നും നമ്മൾ പഠിച്ചു. അങ്ങനെ ചെയ്‌താൽ നമ്മൾ മരിച്ചുപോയാൽപ്പോലും യഹോവ നമ്മളെ ജീവനിലേക്കു കൊണ്ടുവരുമെന്ന്‌ ഉറപ്പാണ്‌.

18 ദണ്ഡനസ്‌തംഭത്തിൽ കിടന്ന്‌ യേശു പറഞ്ഞ ആ അവസാനവാക്കുകളിൽനിന്ന്‌ നമ്മൾ എത്രയെത്ര പാഠങ്ങളാണു പഠിച്ചത്‌! ആ വാക്കുകൾ പ്രാവർത്തികമാക്കുകയാണെങ്കിൽ തന്റെ മകനെക്കുറിച്ച്‌ യഹോവ പറഞ്ഞ ഈ വാക്കുകൾ നമ്മൾ അനുസരിക്കുകയായിരിക്കും: “അവൻ പറയുന്നതു ശ്രദ്ധിക്കണം.”—മത്താ. 17:5.

ഗീതം 126 ഉണർന്നിരിക്കുക, ഉറച്ചുനിൽക്കുക, കരുത്തു നേടുക

^ ഖ. 5 നമ്മൾ യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കാൻ യഹോവ ആഗ്രഹിക്കുന്നെന്നു മത്തായി 17:5 പറയുന്നു. മരിക്കുന്നതിനു മുമ്പ്‌ യേശു ദണ്ഡനസ്‌തംഭത്തിൽ കിടന്നപ്പോൾ പറഞ്ഞ വാക്കുകളിൽനിന്ന്‌ നമുക്കു ചില പാഠങ്ങൾ പഠിക്കാനുണ്ട്‌. ഈ ലേഖനത്തിൽ നമ്മൾ അതു ചർച്ച ചെയ്യും.

^ ഖ. 9 എന്തുകൊണ്ടായിരിക്കാം യേശു സങ്കീർത്തനം 22:1-ലെ വാക്കുകൾ ഉദ്ധരിച്ചത്‌ എന്നതിന്റെ കാരണം മനസ്സിലാക്കാൻ ഈ ലക്കത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.

^ ഖ. 16 1995 ജനുവരി 22 ലക്കം ഉണരുക!-യിലെ “ജോഷ്വയുടെ വിശ്വാസം—കുട്ടികളുടെ അവകാശങ്ങൾക്ക്‌ ഒരു വിജയം” എന്ന ലേഖനം കാണുക.