വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 16

മോചനവിലയോട്‌ എന്നെന്നും നന്ദിയുള്ളവരായിരിക്കുക

മോചനവിലയോട്‌ എന്നെന്നും നന്ദിയുള്ളവരായിരിക്കുക

‘മനുഷ്യപുത്രൻ വന്നത്‌ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാൻ ആണ്‌.’—മർക്കോ. 10:45.

ഗീതം 18 മോചനവിലയ്‌ക്കു നന്ദിയുള്ളവർ

പൂർവാവലോകനം *

1-2. എന്താണു മോചനവില? അതു നമുക്ക്‌ ആവശ്യമായി വന്നത്‌ എന്തുകൊണ്ട്‌?

പൂർണമനുഷ്യനായ ആദാം പാപം ചെയ്‌തപ്പോൾ എന്നും ജീവിക്കാനുള്ള ആദാമിന്റെ അവസരം നഷ്ടമായി. ആദാമിനു മാത്രമല്ല ആദാമിനു ജനിക്കാനിരുന്ന മക്കൾക്കും അതു നഷ്ടമായി. ആദാമിന്റേത്‌ മനഃപൂർവമായ ഒരു പാപമായിരുന്നു. അതുകൊണ്ട്‌ അത്‌ ഒരു തരത്തിലും ക്ഷമിക്കാൻ പറ്റില്ലായിരുന്നു. ആദാമിന്റെ മക്കളുടെ കാര്യമോ? ആദാമിന്റെ പാപത്തിനു മക്കൾ ഒരുതരത്തിലും ഉത്തരവാദികളല്ലായിരുന്നു, കാരണം അവർ അപ്പോൾ ജനിച്ചിട്ടുപോലും ഇല്ലായിരുന്നു. (റോമ. 5:12, 14) തന്റെ തെറ്റിന്‌ ആദാമിനു മരണശിക്ഷതന്നെ കിട്ടണമായിരുന്നു. എന്നാൽ മക്കളുടെ കാര്യത്തിൽ അത്‌ ഒഴിവാക്കാൻ യഹോവയ്‌ക്ക്‌ എന്തെങ്കിലും ചെയ്യാൻ പറ്റുമായിരുന്നോ? പറ്റുമായിരുന്നു. ആദാം പാപം ചെയ്‌ത ഉടനെതന്നെ ആദാമിന്റെ കോടിക്കണക്കിനു വരുന്ന മക്കളെ പാപത്തിൽനിന്നും മരണത്തിൽനിന്നും എങ്ങനെ രക്ഷപ്പെടുത്തുമെന്ന്‌ ദൈവം വെളിപ്പെടുത്തി. (ഉൽപ. 3:15) താൻ നിശ്ചയിച്ച സമയം വന്നപ്പോൾ യഹോവ തന്റെ മകനെ സ്വർഗത്തിൽനിന്ന്‌ ഭൂമിയിലേക്ക്‌ അയച്ചു. ‘അനേകർക്കുവേണ്ടി യേശുവിന്റെ ജീവൻ മോചനവിലയായി കൊടുക്കാൻ’ ആയിരുന്നു അത്‌.—മർക്കോ. 10:45; യോഹ. 6:51.

2 എന്താണു മോചനവില? ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ മോചനവില എന്നു പറഞ്ഞിരിക്കുന്നത്‌ ആദാം നഷ്ടപ്പെടുത്തിയതു തിരികെവാങ്ങാനായി യേശു കൊടുത്ത വിലയെയാണ്‌. (1 കൊരി. 15:22) എന്തുകൊണ്ടാണ്‌ നമുക്ക്‌ മോചനവില ആവശ്യമായി വന്നത്‌? കാരണം നീതിയെക്കുറിച്ചുള്ള തന്റെ നിലവാരം എന്താണെന്ന്‌ മോശയ്‌ക്കു കൊടുത്ത നിയമത്തിൽ യഹോവ പറഞ്ഞിരുന്നു: ജീവനു പകരം ജീവൻ. (പുറ. 21:23, 24) പൂർണതയുള്ള മനുഷ്യജീവൻ ആദാം നഷ്ടപ്പെടുത്തി. എന്നാൽ ദൈവത്തിന്റെ നീതി നടപ്പാക്കാൻ യേശു തന്റെ പൂർണതയുള്ള മനുഷ്യജീവൻ ബലിയായി നൽകി. (റോമ. 5:17) അങ്ങനെ മോചനവിലയിൽ വിശ്വാസം അർപ്പിക്കുന്ന എല്ലാവർക്കും യേശു “നിത്യപിതാവ്‌” ആയിത്തീർന്നു.—യശ. 9:6; റോമ. 3:23, 24.

3. യോഹന്നാൻ 14:31-ഉം 15:13-ഉം പറയുന്നതനുസരിച്ച്‌ തന്റെ പൂർണതയുള്ള മനുഷ്യജീവൻ യേശു ബലിയായി നൽകാൻ തയ്യാറായത്‌ എന്തുകൊണ്ടാണ്‌?

3 യേശുവിനു തന്റെ സ്വർഗീയപിതാവിനോടും നമ്മളോടും ഒരുപാടു സ്‌നേഹമുണ്ടായിരുന്നതുകൊണ്ട്‌ തന്റെ ജീവൻ ഒരു ബലിയായി നൽകാൻ യേശു തയ്യാറായി. (യോഹന്നാൻ 14:31; 15:13 വായിക്കുക.) ആ സ്‌നേഹം കാരണം മരണത്തോളം വിശ്വസ്‌തനായിരിക്കാനും പിതാവിന്റെ ഇഷ്ടം ചെയ്യാനും യേശു തീരുമാനിച്ചുറച്ചിരുന്നു. യേശു അങ്ങനെ ചെയ്‌തതുകൊണ്ട്‌ മനുഷ്യരെക്കുറിച്ചും ഭൂമിയെക്കുറിച്ചും ഉള്ള ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറും. ഈ ലേഖനത്തിൽ, യേശു ഒരുപാടു കഷ്ടം സഹിച്ച്‌ മരിക്കാൻ യഹോവ അനുവദിച്ചത്‌ എന്തുകൊണ്ടാണെന്നു നമ്മൾ പഠിക്കും. മോചനവിലയെ ഒത്തിരി വിലമതിച്ച ഒരു ബൈബിൾ എഴുത്തുകാരനെക്കുറിച്ചും നമ്മൾ ചുരുക്കമായി ചർച്ചചെയ്യും. യഹോവയും യേശുവും നമുക്കുവേണ്ടി ചെയ്‌ത ത്യാഗത്തോടുള്ള നമ്മുടെ വിലമതിപ്പ്‌ എങ്ങനെ കൂട്ടാമെന്നും നമ്മൾ നോക്കും.

യേശു കഷ്ടം സഹിക്കാൻ യഹോവ അനുവദിച്ചത്‌ എന്തുകൊണ്ട്‌ ?

നമുക്കുവേണ്ടി മോചനവില നൽകാൻ യേശുവിന്‌ എന്തെല്ലാം കഷ്ടതകളാണു സഹിക്കേണ്ടി വന്നതെന്നു ചിന്തിക്കുക (4-ാം ഖണ്ഡിക കാണുക)

4. യേശുവിന്റെ മരണം എങ്ങനെയായിരുന്നെന്നു വിവരിക്കുക.

4 തന്റെ മരണദിവസം യേശുവിന്‌ എന്തെല്ലാം സഹിക്കേണ്ടിവന്നെന്നു ചിന്തിക്കുക. യേശുവിനു വേണമെങ്കിൽ തന്നെ സംരക്ഷിക്കാൻ ആയിരക്കണക്കിനു ദൈവദൂതന്മാരെ വിളിക്കാം. യേശു അങ്ങനെ ചെയ്യുന്നില്ല. പകരം റോമൻപടയാളികൾക്കു പിടികൊടുത്തു. അവരാണെങ്കിൽ വളരെ ക്രൂരമായി യേശുവിനെ തല്ലിച്ചതയ്‌ക്കുന്നു. (മത്താ. 26:52-54; യോഹ. 18:3; 19:1) ചാട്ടവാറുകൊണ്ടുള്ള അടിയേറ്റ്‌ യേശുവിന്റെ ശരീരത്തിൽനിന്ന്‌ മാംസം പറിഞ്ഞുപോകുന്നുണ്ട്‌. അതിനു ശേഷം രക്തം വാർന്നുകൊണ്ടിരിക്കുന്ന ചുമലിൽ ഭാരമുള്ള ഒരു സ്‌തംഭം വെച്ചുകൊടുക്കുന്നു. തന്നെ വധിക്കാനുള്ള സ്ഥലത്തേക്ക്‌ യേശു അത്‌ വലിച്ചുകൊണ്ട്‌ പോകുകയാണ്‌. പെട്ടെന്നുതന്നെ പടയാളികൾ കാഴ്‌ചക്കാരനായി നിന്നിരുന്ന ഒരാളോട്‌ അതു ചുമക്കാൻ ആജ്ഞാപിക്കുന്നു. (മത്താ. 27:32) അവിടെ എത്തിക്കഴിഞ്ഞപ്പോൾ പടയാളികൾ യേശുവിന്റെ കൈകളും കാലുകളും സ്‌തംഭത്തിൽവെച്ച്‌ അതിലേക്ക്‌ ആണി അടിച്ചുകയറ്റുകയാണ്‌. ആ സ്‌തംഭം കുത്തിനിറുത്തിയപ്പോൾ ശരീരത്തിന്റെ ഭാരംകൊണ്ട്‌ ആണി അടിച്ച ഭാഗം വലിഞ്ഞുകീറുന്നു. അമ്മയും സുഹൃത്തുക്കളും അതെല്ലാം കണ്ട്‌ കരയുമ്പോൾ ജൂതഭരണാധികാരികൾ യേശുവിനെ നോക്കി കളിയാക്കുകയാണ്‌. (ലൂക്കോ. 23:32-38; യോഹ. 19:25) മണിക്കൂറുകളായി യേശു അനുഭവിക്കുന്ന ആ യാതനകൾ ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. യേശുവിന്റെ നെഞ്ചാകെ വലിഞ്ഞുമുറുകുന്നു. ഓരോ ശ്വാസമെടുക്കുന്നതും വളരെ കഷ്ടപ്പെട്ടാണ്‌. അന്ത്യശ്വാസം വലിക്കുന്ന ആ സമയത്ത്‌ അവസാനമായി യേശു യഹോവയോട്‌ ഒരിക്കൽക്കൂടി പ്രാർഥിക്കുന്നു. എന്നിട്ട്‌ തലകുനിച്ച്‌ ജീവൻ വെടിയുന്നു. (മർക്കോ. 15:37; ലൂക്കോ. 23:46; യോഹ. 10:17, 18; 19:30) ശരിക്കും ഇഞ്ചിഞ്ചായുള്ള വേദനാകരവും നിന്ദാകരവും ആയ ഒരു മരണം.

5. ഇത്രയേറെ കഷ്ടതകൾ സഹിച്ച്‌ മരിക്കുന്നതിനെക്കാൾ യേശുവിനെ വിഷമിപ്പിച്ചത്‌ എന്തായിരുന്നു?

5 എന്നാൽ ഇതൊന്നുമായിരുന്നില്ല യേശുവിനെ ഏറ്റവും വിഷമിപ്പിച്ച കാര്യം. തന്നെ കൊല്ലാൻവേണ്ടി അവർ നടത്തിയ ആരോപണമാണ്‌ യേശുവിനെ കൂടുതൽ സങ്കടപ്പെടുത്തിയത്‌. യേശു ദൈവനിന്ദകനാണെന്നായിരുന്നു അവരുടെ ആരോപണം. അതായത്‌ ദൈവത്തെയോ ദൈവത്തിന്റെ പേരിനെയോ യേശു ഒട്ടും ആദരിക്കുന്നില്ലെന്ന്‌ അവർ ആരോപിച്ചു. (മത്താ. 26:64-66) യഹോവയെ ആഴമായി സ്‌നേഹിച്ചിരുന്ന യേശുവിന്‌ ആ ആരോപണം സഹിക്കാൻ പറ്റാത്തതായിരുന്നു. അതുകൊണ്ടാണ്‌ യേശു പിതാവിനോട്‌ കഴിയുമെങ്കിൽ ഇതു നീക്കിത്തരണേ എന്ന്‌ അപേക്ഷിച്ചത്‌. (മത്താ. 26:38, 39, 42) എന്നാൽ എന്തുകൊണ്ടാണ്‌ തന്റെ പ്രിയമകൻ ഇത്രയേറെ കഷ്ടതകൾ സഹിച്ച്‌ മരിക്കാൻ യഹോവ അനുവദിച്ചത്‌? അതിന്റെ മൂന്നു കാരണങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

6. എന്തുകൊണ്ടാണ്‌ യേശു ദണ്ഡനസ്‌തംഭത്തിൽ മരിക്കേണ്ടിവന്നത്‌?

6 ഒന്നാമതായി, ജൂതജനതയെ ശാപത്തിൽനിന്ന്‌ വിടുവിക്കാൻ യേശുവിനെ ദണ്ഡനസ്‌തംഭത്തിൽ തൂക്കണമായിരുന്നു. (ഗലാ. 3:10, 13) മോശയിലൂടെ ദൈവം കൊടുത്ത നിയമം അനുസരിക്കാമെന്ന്‌ ജൂതന്മാർ വാക്കുകൊടുത്തെങ്കിലും അവർ അത്‌ അനുസരിച്ചില്ല. അങ്ങനെ അവർ ശാപത്തിൻകീഴിലായി. ആദാമിന്റെ മക്കളായിരുന്നതുകൊണ്ടുള്ള ശാപത്തിനു പുറമേ ആയിരുന്നു ഇത്‌. (റോമ. 5:12) ദണ്ഡനസ്‌തംഭത്തിലെ മരണംകൊണ്ട്‌ യേശു ആ ശാപം ഏറ്റെടുക്കുകയായിരുന്നു. അതെങ്ങനെ? മോശയ്‌ക്കു കൊടുത്ത നിയമമനുസരിച്ച്‌ മരണശിക്ഷ അർഹിക്കുന്ന പാപം ചെയ്യുന്ന ഒരാളെ കൊല്ലണം. ഇനി, ശപിക്കപ്പെട്ടവരായി കൊല്ലപ്പെടുന്നവരുടെ ശവശരീരം ചിലപ്പോൾ സ്‌തംഭത്തിൽ തൂക്കണമായിരുന്നു. * (ആവ. 21:22, 23; 27:26) യേശു ദണ്ഡനസ്‌തംഭത്തിൽ മരിച്ചപ്പോൾ ആ നിയമമനുസരിച്ച്‌ യേശു ജൂതജനതയുടെ മുഴുവൻ ശാപം ഏറ്റെടുത്തു. അങ്ങനെ, തന്നെ തള്ളിക്കളഞ്ഞ ആ ജനതയെ യേശു ശാപത്തിൽനിന്ന്‌ വിടുവിച്ചു.

7. തന്റെ മകൻ കഷ്ടം സഹിക്കാൻ ദൈവം അനുവദിച്ചതിന്റെ രണ്ടാമത്തെ കാരണം എന്താണ്‌?

7 ഇനി, തന്റെ മകൻ കഷ്ടതകൾ സഹിക്കാൻ യഹോവ അനുവദിച്ചതിന്റെ രണ്ടാമത്തെ കാരണം: നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കാൻ കഴിയുന്ന ഒരു മഹാപുരോഹിതനായിരിക്കാൻവേണ്ടി യഹോവ യേശുവിനെ പരിശീലിപ്പിക്കുകയായിരുന്നു. കഠിനമായ പരിശോധനകളിലൂടെ കടന്നുപോകുമ്പോൾ ദൈവത്തെ അനുസരിക്കുന്നത്‌ എത്ര ബുദ്ധിമുട്ടാണെന്ന്‌ യേശു അനുഭവിച്ചറിഞ്ഞു. അങ്ങേയറ്റം സമ്മർദം തോന്നിയതുകൊണ്ട്‌ യേശു “ഉറക്കെ നിലവിളിച്ചും കണ്ണീരൊഴുക്കിയും കൊണ്ട്‌” പ്രാർഥിച്ചു. യേശുതന്നെ അങ്ങനെയുള്ള വൈകാരികവേദന അനുഭവിച്ചതുകൊണ്ട്‌ നമ്മുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ യേശുവിനു കഴിയും. നമ്മൾ ‘പരീക്ഷിക്കപ്പെടുമ്പോൾ’ നമ്മുടെ ‘സഹായത്തിന്‌ എത്താനും’ യേശുവിനാകും. നമ്മുടെ “ബലഹീനതകളിൽ സഹതാപം” കാണിക്കാൻ പറ്റുന്ന കരുണയുള്ള ഒരു മഹാപുരോഹിതനെ യഹോവ നമുക്കുവേണ്ടി നിയമിച്ചിരിക്കുന്നതിൽ നമ്മൾ നന്ദിയുള്ളവരല്ലേ?—എബ്രാ. 2:17, 18; 4:14-16; 5:7-10.

8. യേശു കഠിനമായി പരിശോധിക്കപ്പെടാൻ ദൈവം അനുവദിച്ചതിന്റെ മൂന്നാമത്തെ കാരണം എന്താണ്‌?

8 ഇത്രയധികം കഷ്ടതകൾ സഹിക്കാൻ യഹോവ യേശുവിനെ അനുവദിച്ചതിന്റെ മൂന്നാമത്തെ കാരണം സാത്താന്റെ ചോദ്യത്തിന്‌ ഉത്തരം കൊടുക്കുക എന്നതായിരുന്നു. കഠിനമായി പരിശോധിക്കപ്പെട്ടാൽ മനുഷ്യർ യഹോവയോടു വിശ്വസ്‌തരായി നിൽക്കില്ല എന്നതാണു സാത്താന്റെ വാദം. അവൻ പറയുന്നത്‌, ദൈവത്തിൽനിന്ന്‌ എന്തെങ്കിലും കിട്ടാൻവേണ്ടിയിട്ടാണ്‌ മനുഷ്യർ ദൈവത്തെ സേവിക്കുന്നത്‌ എന്നാണ്‌. അവരുടെ മുതുമുത്തച്ഛനായ ആദാമിനെപ്പോലെതന്നെ അവരും ദൈവത്തെ സേവിക്കില്ലെന്നാണ്‌ അവൻ കരുതുന്നത്‌. (ഇയ്യോ. 1:9-11; 2:4, 5) എന്നാൽ എന്തൊക്കെ സംഭവിച്ചാലും തന്റെ മകൻ തന്നോടു വിശ്വസ്‌തനായിരിക്കുമെന്ന്‌ യഹോവയ്‌ക്ക്‌ ഉറപ്പായിരുന്നു. അതുകൊണ്ടാണ്‌ ഒരു മനുഷ്യന്‌ സഹിക്കാവുന്നതിന്റെ അങ്ങേയറ്റം പരശോധിക്കപ്പെടാൻ യഹോവ യേശുവിനെ അനുവദിച്ചത്‌. യഹോവയോടു വിശ്വസ്‌തനായി നിന്നുകൊണ്ട്‌ സാത്താൻ ഒരു നുണയനാണെന്നു യേശു തെളിയിച്ചു.

മോചനവിലയെ വളരെയധികം വിലമതിച്ച ഒരു ബൈബിൾ എഴുത്തുകാരൻ

9. യോഹന്നാൻ അപ്പോസ്‌തലൻ നമുക്കുവേണ്ടി എന്തു മാതൃകയാണു വെച്ചത്‌?

9 പല ക്രിസ്‌ത്യാനികൾക്കും കഠിനമായ പരിശോധനകളും എതിർപ്പുകളും ഒക്കെ നേരിടേണ്ടി വന്നിട്ടുണ്ട്‌. അപ്പോഴെല്ലാം പിടിച്ചുനിൽക്കാൻ അവരെ സഹായിച്ചത്‌ മോചനവിലയിലുള്ള വിശ്വാസമാണ്‌. ഉദാഹരണത്തിന്‌ അപ്പോസ്‌തലനായ യോഹന്നാനെക്കുറിച്ച്‌ ചിന്തിക്കുക. സാധ്യതയനുസരിച്ച്‌ 60-ലേറെ വർഷം യോഹന്നാൻ ക്രിസ്‌തുവിനെയും മോചനവിലയെയും കുറിച്ച്‌ വിശ്വസ്‌തമായി മറ്റുള്ളവരോട്‌ പ്രസംഗിച്ചു. ഏതാണ്ട്‌ 100 വയസ്സുള്ളപ്പോൾ യോഹന്നാനെ പത്മൊസ്‌ ദ്വീപിലേക്കു നാടുകടത്തി. അദ്ദേഹം റോമാസാമ്രാജ്യത്തിനുതന്നെ ഭീഷണിയാണെന്ന്‌ ഒരുപക്ഷേ അവർ ചിന്തിച്ചിരിക്കാം. അതിനുമാത്രം യോഹന്നാൻ ചെയ്‌ത കുറ്റമെന്തായിരുന്നു? “ദൈവത്തെക്കുറിച്ച്‌ പ്രസംഗിക്കുകയും യേശുവിനുവേണ്ടി സാക്ഷി പറയുകയും” ചെയ്‌തു. (വെളി. 1:9) വിശ്വാസത്തിന്റെയും സഹനത്തിന്റെയും എത്ര നല്ല മാതൃക, അല്ലേ?

10. യോഹന്നാൻ മോചനവിലയെ ഒരുപാടു വിലമതിച്ചിരുന്നെന്ന്‌ നമുക്ക്‌ എങ്ങനെ മനസ്സിലാക്കാം?

10 യോഹന്നാൻ എഴുതിയ ബൈബിൾ പുസ്‌തകങ്ങളിലെല്ലാം യേശുവിനോടുള്ള ആഴമായ സ്‌നേഹവും മോചനവിലയോടുള്ള നന്ദിയും വ്യക്തമായി കാണാം. മോചനവിലയെക്കുറിച്ചോ അതിലൂടെ ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ചോ 100-ലധികം തവണ യോഹന്നാൻ തന്റെ എഴുത്തുകളിൽ പറഞ്ഞിട്ടുണ്ട്‌. ഉദാഹരണത്തിന്‌, യോഹന്നാൻ എഴുതി: “ആരെങ്കിലും ഒരു പാപം ചെയ്‌തുപോയാൽ പിതാവിന്റെ അടുത്ത്‌ നമുക്കൊരു സഹായിയുണ്ട്‌, നീതിമാനായ യേശുക്രിസ്‌തു.” (1 യോഹ. 2:1, 2) കൂടാതെ ‘യേശുവിനുവേണ്ടി സാക്ഷി പറയേണ്ടതിന്റെ’ പ്രാധാന്യത്തെക്കുറിച്ചും യോഹന്നാൻ എഴുതിയിട്ടുണ്ട്‌. (വെളി. 19:10) അതെ, യോഹന്നാൻ മോചനവിലയെ ഒരുപാടു വിലമതിച്ചു എന്നതിനു സംശയമില്ല. മോചനവിലയോടുള്ള വിലമതിപ്പ്‌ നമുക്ക്‌ എങ്ങനെ കാണിക്കാം?

മോചനവിലയോടു നന്ദിയുള്ളവരാണെന്നു നമുക്ക്‌ എങ്ങനെ കാണിക്കാം?

മോചനവിലയോടു നന്ദിയുള്ളവരാണെങ്കിൽ തെറ്റു ചെയ്യാനുള്ള പ്രലോഭനത്തെ നമ്മൾ ചെറുത്തുനിൽക്കും (11-ാം ഖണ്ഡിക കാണുക) *

11. പ്രലോഭനത്തിൽ വീണുപോകാതിരിക്കാൻ നമ്മൾ എന്തെല്ലാം ചെയ്യണം?

11 പാപം ചെയ്യാനുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കുക. മോചനവിലയോടു ശരിക്കും നന്ദിയുള്ളവരാണെങ്കിൽ നമ്മൾ ഒരിക്കലും ഇങ്ങനെ ചിന്തിക്കില്ല: ‘തെറ്റു ചെയ്യാനുള്ള പ്രലോഭനം ഉണ്ടാകുമ്പോൾ ഞാൻ എന്തിനാണ്‌ ഇത്ര കഷ്ടപ്പെട്ട്‌ അതു ചെയ്യേണ്ടെന്നു വെക്കുന്നത്‌? പ്രലോഭനമുണ്ടാകുമ്പോൾ അതിനു വഴങ്ങിക്കൊടുക്കുക. എന്നിട്ട്‌ ക്ഷമ ചോദിച്ചാൽ പോരേ?’ ഇല്ല, നമ്മൾ അങ്ങനെ ചിന്തിക്കില്ല. പകരം, ‘യഹോവയും യേശുവും എനിക്കുവേണ്ടി ഇത്രയെല്ലാം ചെയ്‌തിരിക്കുന്ന സ്ഥിതിക്ക്‌ അങ്ങനെയൊരു കാര്യത്തെക്കുറിച്ച്‌ എനിക്ക്‌ ഓർക്കാൻപോലും പറ്റില്ല’ എന്നായിരിക്കും നമ്മൾ ചിന്തിക്കുന്നത്‌. അതുകൊണ്ട്‌ നമുക്ക്‌ യഹോവയോട്‌ ‘എന്നെ പ്രലോഭനത്തിൽ അകപ്പെടുത്തരുതേ’ എന്ന്‌ പ്രാർഥിക്കാം.—മത്താ. 6:13.

12. 1 യോഹന്നാൻ 3:16-18-ലെ ഉപദേശം നമുക്ക്‌ എങ്ങനെ പ്രാവർത്തികമാക്കാം?

12 നമ്മുടെ സഹോദരീസഹോദരന്മാരെ സ്‌നേഹിക്കുക. നമ്മൾ അവരെ സ്‌നേഹിക്കുമ്പോൾ മോചനവിലയോടു നന്ദിയുള്ളവരാണെന്നു കാണിക്കുകയാണ്‌. അതെങ്ങനെ? യേശു തന്റെ ജീവൻ നൽകിയതു നമുക്കുവേണ്ടി മാത്രമല്ല, നമ്മുടെ സഹോദരീസഹോദരന്മാർക്കുവേണ്ടിയും കൂടിയാണ്‌. യേശു അവർക്കുവേണ്ടി മരിക്കാൻ തയ്യാറായി. യേശുവിന്‌ അവരോട്‌ അത്രയും സ്‌നേഹമുണ്ടെന്നല്ലേ അതു കാണിക്കുന്നത്‌? (1 യോഹന്നാൻ 3:16-18 വായിക്കുക.) നമ്മൾ അവരോട്‌ എങ്ങനെ ഇടപെടുന്നു, അവർക്കുവേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നതിലൂടെയാണ്‌ നമുക്ക്‌ അവരോടുള്ള സ്‌നേഹം കാണിക്കാനാകുന്നത്‌. (എഫെ. 4:29, 31–5:2) ഉദാഹരണത്തിന്‌, അവർക്ക്‌ ഒരു രോഗം വരുമ്പോഴോ പ്രകൃതിദുരന്തങ്ങൾപോലുള്ള വലിയ കഷ്ടങ്ങൾ സഹിക്കേണ്ടി വരുമ്പോഴോ നമ്മൾ അവരെ സഹായിക്കണം. എന്നാൽ നമ്മുടെ ഒരു സഹോദരനോ സഹോദരിയോ നമ്മളെ വിഷമിപ്പിക്കുന്ന എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌താൽ നമ്മൾ എന്തു ചെയ്യണം?

13. നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

13 ഒരു സഹോദരനോടോ സഹോദരിയോടോ ക്ഷമിക്കാൻ ബുദ്ധിമുട്ടാണെന്നു ചിലപ്പോഴെങ്കിലും നിങ്ങൾക്കു തോന്നാറുണ്ടോ? (ലേവ്യ 19:18) അങ്ങനെയുണ്ടെങ്കിൽ ഈ ഉപദേശം അനുസരിക്കുക: “ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക. യഹോവ നിങ്ങളോട്‌ ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.” (കൊലോ. 3:13) നമ്മുടെ സഹോദരീസഹോദരന്മാരോട്‌ ഓരോ തവണ ക്ഷമിക്കുമ്പോഴും മോചനവിലയോട്‌ നമ്മൾ നന്ദിയുള്ളവരാണെന്നു കാണിക്കുകയാണ്‌. ദൈവം തന്നിരിക്കുന്ന ഈ സമ്മാനത്തോടുള്ള വിലമതിപ്പ്‌ നമുക്ക്‌ എങ്ങനെ കൂട്ടാം?

മോചനവിലയോടുള്ള വിലമതിപ്പ്‌ നമുക്ക്‌ എങ്ങനെ വർധിപ്പിക്കാം?

14. മോചനവിലയോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കാനാകുന്ന ഒരു വിധം ഏതാണ്‌?

14 മോചനവിലയ്‌ക്കുവേണ്ടി യഹോവയോടു നന്ദി പറയുക. ഇന്ത്യയിൽ താമസിക്കുന്ന 83 വയസ്സുള്ള ജോവാന സഹോദരി പറയുന്നു: “ദിവസവും പ്രാർഥിക്കുമ്പോൾ മോചനവില തന്നതിന്‌ യഹോവയ്‌ക്കു നന്ദി പറയുന്നത്‌ എത്ര പ്രധാനമാണെന്നോ!” ഓരോ ദിവസവും ഒറ്റയ്‌ക്ക്‌ ഇരുന്ന്‌ പ്രാർഥിക്കുമ്പോൾ അന്നേ ദിവസം ചെയ്‌തുപോയ തെറ്റുകളൊക്കെ യഹോവയോട്‌ ഏറ്റുപറയുക, ക്ഷമയ്‌ക്കായി യാചിക്കുക. എന്നാൽ നിങ്ങൾ ഗുരുതരമായ ഒരു പാപമാണു ചെയ്‌തിരിക്കുന്നതെങ്കിൽ നിങ്ങൾക്കു മൂപ്പന്മാരുടെ സഹായം വേണ്ടിവരും. അവർ നിങ്ങൾ പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കും. എന്നിട്ട്‌ സ്‌നേഹത്തോടെ ദൈവവചനത്തിൽനിന്ന്‌ വേണ്ട ഉപദേശങ്ങൾ തരും. അവർ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. നിങ്ങളോടു ക്ഷമിക്കണേ എന്നും വീണ്ടും യഹോവയുമായി ഒരു നല്ല ബന്ധത്തിലേക്കു വരാൻ നിങ്ങളെ സഹായിക്കണേ എന്നും അവർ അപേക്ഷിക്കും.—യാക്കോ. 5:14-16.

15. മോചനവിലയെക്കുറിച്ച്‌ വായിക്കാനും ധ്യാനിക്കാനും നമ്മൾ സമയം മാറ്റിവെക്കേണ്ടത്‌ എന്തുകൊണ്ട്‌?

15 മോചനവിലയെക്കുറിച്ച്‌ ധ്യാനിക്കുക. “യേശു സഹിച്ച കഷ്ടതകളെക്കുറിച്ചൊക്കെ വായിക്കുമ്പോൾ എന്റെ കണ്ണു നിറഞ്ഞുപോകാറുണ്ട്‌” എന്ന്‌ 73 വയസ്സുള്ള രാജമണി സഹോദരി പറയുന്നു. ദൈവത്തിന്റെ മകൻ സഹിച്ച കഷ്ടതകളെക്കുറിച്ച്‌ ഓർക്കുമ്പോൾ നമുക്കും ഒരുപാടു വേദന തോന്നിയേക്കാം. യേശു ചെയ്‌ത ത്യാഗങ്ങളെക്കുറിച്ച്‌ നമ്മൾ എത്രയധികം ചിന്തിക്കുന്നുവോ അത്രയധികം യേശുവിനോടും പിതാവിനോടും ഉള്ള നമ്മുടെ സ്‌നേഹം വർധിക്കും. മോചനവില നിങ്ങളുടെ പ്രത്യേക പഠനവിഷയമാക്കുക. അത്‌ ആ വിഷയത്തെക്കുറിച്ച്‌ കൂടുതലായി ധ്യാനിക്കാൻ നിങ്ങളെ സഹായിക്കും.

താൻ അർപ്പിച്ച ബലി വർഷംതോറും എങ്ങനെ ഓർമിക്കണമെന്നു ലളിതമായ ഒരു ആചരണത്തിലൂടെ യേശു ശിഷ്യന്മാർക്കു കാണിച്ചുകൊടുത്തു (16-ാം ഖണ്ഡിക കാണുക)

16. മോചനവിലയെക്കുറിച്ച്‌ മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ നമുക്ക്‌ ലഭിക്കുന്ന പ്രയോജനം എന്താണ്‌? (പുറംതാളിലെ ചിത്രം കാണുക.)

16 മോചനവിലയെക്കുറിച്ച്‌ മറ്റുള്ളവരെ പഠിപ്പിക്കുക. ഓരോ തവണയും മോചനവിലയെക്കുറിച്ച്‌ നമ്മൾ മറ്റുള്ളവരോടു പറയുമ്പോൾ അതിനോടുള്ള നമ്മുടെ വിലമതിപ്പ്‌ കൂടും. യേശു എന്തിനാണ്‌ നമുക്കുവേണ്ടി മരിച്ചതെന്നു പഠിപ്പിക്കാൻ സഹായിക്കുന്ന ചില പ്രസിദ്ധീകരണങ്ങളും വീഡിയോകളും ഒക്കെ നമുക്കുണ്ട്‌. ഉദാഹരണത്തിന്‌, ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപത്രികയുടെ നാലാം പാഠം നമുക്ക്‌ അതിനുവേണ്ടി ഉപയോഗിക്കാം. “യേശുക്രിസ്‌തു ആരാണ്‌?” എന്നതാണ്‌ അതിന്റെ വിഷയം. ഇനി, ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌? എന്ന പുസ്‌തകത്തിന്റെ അഞ്ചാമത്തെ പാഠവും നമുക്ക്‌ ഉപയോഗിക്കാം. അതിന്റെ വിഷയം “മോചനവില—ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനം” എന്നാണ്‌. ഓരോ വർഷവും യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുമ്പോഴും അതിനുവേണ്ടി മറ്റുള്ളവരെ ക്ഷണിക്കുമ്പോഴും മോചനവിലയോടുള്ള നമ്മുടെ വിലമതിപ്പു കൂടും. തന്റെ മകനെക്കുറിച്ച്‌ മറ്റുള്ളവരെ പഠിപ്പിക്കാൻ യഹോവ നമുക്ക്‌ എത്ര നല്ല അവസരമാണ്‌ തന്നിരിക്കുന്നത്‌.

17. എന്തുകൊണ്ടാണ്‌ മോചനവില ദൈവം മനുഷ്യർക്കു തന്നിരിക്കുന്ന ഏറ്റവും വലിയ സമ്മാനമാണെന്നു പറയുന്നത്‌?

17 മോചനവിലയോടു നന്ദി തോന്നാൻ നമുക്ക്‌ എത്രയെത്ര കാരണങ്ങളാണുള്ളത്‌. മോചനവില നൽകിയതുകൊണ്ടാണ്‌ യഹോവയുമായി നമുക്ക്‌ ഒരു അടുത്ത സൗഹൃദത്തിലേക്കു വരാൻ കഴിഞ്ഞത്‌. മോചനവില നൽകിയതുകൊണ്ടാണ്‌ പിശാചിന്റെ പ്രവൃത്തികളെ പൂർണമായും തകർക്കാനാകുന്നത്‌. (1 യോഹ. 3:8) മോചനവില നൽകിയതുകൊണ്ടാണ്‌ ഭൂമിയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം നിറവേറുന്നത്‌. അങ്ങനെ ഭൂമി മുഴുവൻ ഒരു പറുദീസയാകും. അന്ന്‌ നിങ്ങൾ കണ്ടുമുട്ടുന്ന ഓരോരുത്തരും യഹോവയെ സ്‌നേഹിക്കുന്നവരായിരിക്കും. അതുകൊണ്ട്‌ യഹോവ നമുക്കു നൽകിയിരിക്കുന്ന മോചനവിലയെന്ന വലിയ സമ്മാനത്തോട്‌ ഓരോ ദിവസവും എങ്ങനെ നന്ദി കാണിക്കാമെന്നു ചിന്തിക്കുക.

ഗീതം 20 അങ്ങ്‌ പ്രിയമകനെ നൽകി

^ ഖ. 5 യേശുവിന്‌ എന്തുകൊണ്ടാണ്‌ ക്രൂരമായ മരണത്തിന്‌ ഇരയാകേണ്ടി വന്നത്‌? ഈ ലേഖനം അതിനുള്ള ഉത്തരം തരും. കൂടാതെ മോചനവിലയോടുള്ള നമ്മുടെ നന്ദിയും വിലമതിപ്പും വർധിക്കാൻ ഈ ലേഖനം സഹായിക്കും.

^ ഖ. 6 കുറ്റവാളികളെ ജീവനോടെ സ്‌തംഭത്തിൽ തറച്ച്‌ അല്ലെങ്കിൽ കെട്ടിവെച്ച്‌ കൊല്ലുന്ന രീതി റോമാക്കാർക്കുണ്ടായിരുന്നു. തന്റെ മകൻ ആ രീതിയിൽ മരിക്കാൻ യഹോവ അനുവദിച്ചു.

^ ഖ. 55 ചിത്രക്കുറിപ്പ്‌: ഓരോ സഹോദരനും തനിക്കുണ്ടായ പ്രലോഭനത്തെ ചെറുത്തുനിൽക്കുന്നു: മോശമായ ചിത്രം കാണാൻ, പുകവലിക്കാൻ, കൈക്കൂലി വാങ്ങാൻ.