വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

മരിക്കുന്നതിനു തൊട്ടുമുമ്പ്‌ യേശു, സങ്കീർത്തനം 22:1-ൽ കാണുന്ന ദാവീദിന്റെ വാക്കുകൾ എടുത്തുപറഞ്ഞത്‌ എന്തുകൊണ്ട്‌?

▪ മരിക്കുന്നതിനു മുമ്പ്‌ യേശു, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവിട്ടത്‌” എന്നു പറഞ്ഞതായി മത്തായി 27:46-ൽ നമ്മൾ വായിക്കുന്നു. ഇങ്ങനെ പറഞ്ഞപ്പോൾ സങ്കീർത്തനം 22:1-ലെ ദാവീദിന്റെ വാക്കുകൾ യേശു നിവർത്തിക്കുകയായിരുന്നു. (മർക്കോ. 15:34) യേശു അതു പറഞ്ഞത്‌ നിരാശ തോന്നിയിട്ടോ തത്‌കാലത്തേക്കെങ്കിലും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടോ അല്ലായിരുന്നു. താൻ മരിക്കേണ്ടതിന്റെ കാരണം യേശുവിനു വ്യക്തമായി അറിയാമായിരുന്നു. മരിക്കാൻ യേശു തയ്യാറുമായിരുന്നു. (മത്താ. 16:21; 20:28) മരണസമയത്ത്‌ യഹോവ തനിക്ക്‌ എന്തെങ്കിലും പ്രത്യേകസംരക്ഷണം തരാൻ പാടില്ലെന്നും യേശുവിന്‌ അറിയാമായിരുന്നു. (ഇയ്യോ. 1:10) അതുകൊണ്ടുതന്നെ യേശുവിനു നൽകിയിരുന്ന എല്ലാ സംരക്ഷണവും യഹോവ പിൻവലിക്കുകയും ചെയ്‌തു. അങ്ങനെ, എന്തെല്ലാം കഷ്ടങ്ങൾ സഹിച്ച്‌ മരിക്കേണ്ടി വന്നാലും താൻ വിശ്വസ്‌തനായിരിക്കുമെന്നു യേശുവിനു തെളിയിക്കാനായി.—മർക്കോ. 14:35, 36.

എന്തുകൊണ്ടായിരിക്കാം സങ്കീർത്തനത്തിലെ ആ വാക്കുകൾ യേശു പറഞ്ഞത്‌? അതിന്റെ കാരണം എന്താണെന്നു തറപ്പിച്ചുപറയാനാകില്ലെങ്കിലും ചില സാധ്യതകളെക്കുറിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം. *

യേശു അതു പറഞ്ഞതിലൂടെ മരണസമയത്ത്‌ യഹോവ തന്റെ ഒരുകാര്യത്തിലും ഉൾപ്പെടുന്നില്ലെന്നു സൂചിപ്പിക്കുകയായിരുന്നിരിക്കാം. യഹോവയിൽനിന്ന്‌ ഒരു സഹായവും സ്വീകരിക്കാതെ യേശു മോചനവില നൽകണമായിരുന്നു. യേശു ഒരു മനുഷ്യനായിത്തന്നെ ‘എല്ലാവർക്കുംവേണ്ടി മരണം വരിക്കുകയും ചെയ്യണമായിരുന്നു.’—എബ്രാ. 2:9.

22-ാം സങ്കീർത്തനത്തിലെ ചില വാക്കുകൾ യേശു പറഞ്ഞത്‌ ആ മുഴുസങ്കീർത്തനത്തിലേക്കും ശ്രദ്ധ കൊണ്ടുവരാനായിരിക്കാം. അക്കാലത്ത്‌ പല സങ്കീർത്തനങ്ങളും മനഃപാഠമാക്കുന്ന രീതി ജൂതന്മാർക്കുണ്ടായിരുന്നു. അതുകൊണ്ട്‌ ഒരു സങ്കീർത്തനത്തിലെ ഒരു വാക്യം കേട്ടാൽ ബാക്കി ഭാഗങ്ങളെക്കുറിച്ചും അവർ ചിന്തിക്കാൻ ഇടയുണ്ട്‌. ഇതായിരുന്നു യേശു ഉദ്ദേശിച്ചതെങ്കിൽ, അതു കേട്ടപ്പോൾ യേശുവിന്റെ മരണത്തോടു ബന്ധപ്പെട്ട്‌ ആ സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന മറ്റു പല പ്രവചനങ്ങളും ജൂതപശ്ചാത്തലത്തിൽനിന്നുള്ള ശിഷ്യന്മാരുടെ മനസ്സിലേക്കു വന്നിട്ടുണ്ടാകും. (സങ്കീ. 22:7, 8, 15, 16, 18, 24) കൂടാതെ അതേ സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത്‌ പറഞ്ഞിരിക്കുന്ന കാര്യങ്ങളും അവരുടെ മനസ്സിലേക്കു വന്നുകാണും. മുഴുഭൂമിയുടെയും രാജാവായ യഹോവയെ സ്‌തുതിക്കുന്ന ഭാഗമാണ്‌ അത്‌. —സങ്കീ. 22:27-31.

ദാവീദിന്റെ ആ വാക്കുകൾ ഉപയോഗിച്ചതിലൂടെ യേശു താൻ ഒരു കുറ്റവും ചെയ്‌തിട്ടില്ലെന്നു സൂചിപ്പിക്കുകയായിരുന്നിരിക്കാം. യേശു കുറ്റമൊന്നും ചെയ്‌തില്ലെങ്കിലും സൻഹെദ്രിൻ യേശുവിനെ വിചാരണചെയ്‌ത്‌ ദൈവനിന്ദകനെന്നു കുറ്റം വിധിച്ചു. (മത്താ. 26:65, 66) രാത്രി വളരെ വൈകിയാണ്‌ അവർ യേശുവിനെ വിചാരണ ചെയ്‌തത്‌. അതു ശരിക്കും നിയമവിരുദ്ധമായിരുന്നു. (മത്താ. 26:59; മർക്കോ. 14:56-59) അതുകൊണ്ട്‌ ചോദ്യരൂപത്തിലുള്ള ആ വാക്കുകളിലൂടെ യേശു ഉദ്ദേശിച്ചത്‌, ഇങ്ങനെയൊരു ശിക്ഷ കിട്ടാൻമാത്രമുള്ള കുറ്റമൊന്നും താൻ ചെയ്‌തിട്ടില്ലെന്നായിരിക്കാം.

ഈ സങ്കീർത്തനം എഴുതിയ ദാവീദിനും ഒരുപാട്‌ കഷ്ടങ്ങൾ നേരിട്ടു, എന്നുകരുതി അദ്ദേഹത്തിന്‌ യഹോവയുടെ പ്രീതി നഷ്ടമായില്ല. ഇക്കാര്യം മറ്റുള്ളവരെ ഓർമിപ്പിക്കാനായിരിക്കാം യേശു അതു പറഞ്ഞത്‌. ദാവീദ്‌ ആ ചോദ്യം ചോദിച്ചത്‌ അദ്ദേഹത്തിനു ദൈവത്തിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ല. കാരണം ദാവീദ്‌ തുടർന്നുപറഞ്ഞ വാക്കുകളിൽ യഹോവ തന്റെ ജനത്തെ രക്ഷിക്കുമെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നതായി കാണാം. മാത്രമല്ല ദാവീദിനു തുടർന്നും യഹോവയുടെ അനുഗ്രഹമുണ്ടായിരുന്നുതാനും. (സങ്കീ. 22:23, 24, 27) സമാനമായി, ‘ദാവീദുപുത്രനായ’ തനിക്കും ദണ്ഡനസ്‌തംഭത്തിൽ കഷ്ടങ്ങൾ സഹിക്കേണ്ടിവന്നത്‌ യഹോവയുടെ അംഗീകാരം നഷ്ടപ്പെട്ടതുകൊണ്ടല്ല എന്നു തെളിയിക്കാനായിരിക്കാം യേശു അതു പറഞ്ഞത്‌.—മത്താ. 21:9.

യേശുവിനു വിശ്വസ്‌തത തെളിയിക്കാൻവേണ്ടി യഹോവയ്‌ക്ക്‌ തന്റെ സംരക്ഷണം പിൻവലിക്കേണ്ടിവന്നു. യഹോവയ്‌ക്ക്‌ അങ്ങനെ ചെയ്യേണ്ടിവന്നതിലുള്ള യേശുവിന്റെ ദുഃഖമായിരിക്കാം ആ വാക്കുകളിൽ കാണുന്നത്‌. യേശു കഷ്ടം സഹിക്കുകയോ മരിക്കുകയോ ചെയ്യണമെന്നുള്ളത്‌ യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ല. ആദാമും ഹവ്വയും അനുസരണക്കേടു കാണിച്ചതുകൊണ്ടുമാത്രം ആവശ്യമായി വന്ന ഒരു കാര്യമായിരുന്നു അത്‌. യേശു ഒരു തെറ്റും ചെയ്‌തിട്ടില്ല. എന്നാൽ സാത്താന്റെ ചോദ്യങ്ങൾക്കു മറുപടി കൊടുക്കാനും ആദാം നഷ്ടപ്പെടുത്തിയതു തിരികെ വാങ്ങാനായി മോചനവില നൽകാനും യേശുവിനു കഷ്ടങ്ങൾ സഹിച്ച്‌ മരിക്കേണ്ടിവന്നു. (മർക്കോ. 8:31; 1 പത്രോ. 2:21-24) യഹോവ തത്‌കാലത്തേക്ക്‌ ആ സംരക്ഷണം മാറ്റാതെ ഇതു സാധ്യമാകുമായിരുന്നില്ല. ശരിക്കും പറഞ്ഞാൽ ആദ്യമായിട്ടാണ്‌ യേശുവിന്റെ കാര്യത്തിൽ യഹോവ തന്റെ സംരക്ഷണം പിൻവലിക്കുന്നത്‌.

ദണ്ഡനസ്‌തംഭത്തിൽ മരിക്കാൻ യഹോവ അനുവദിച്ചതിന്റെ കാരണത്തെക്കുറിച്ച്‌ ചിന്തിക്കാൻ യേശു തന്റെ അനുഗാമികളെ സഹായിക്കുകയായിരുന്നിരിക്കാം. * താൻ ഒരു കുറ്റവാളിയെപ്പോലെ ദണ്ഡനസ്‌തംഭത്തിൽ മരിച്ചാൽ ചിലർ വിശ്വാസത്തിൽനിന്ന്‌ ഇടറിവീണേക്കാമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. (1 കൊരി. 1:23) എന്നാൽ യേശുവിന്റെ ആ വാക്കുകൾ കേൾക്കുമ്പോൾ യേശു ദൈവമുമ്പാകെ ഒരു കുറ്റവാളിയല്ലെന്ന്‌ അവർക്കു മനസ്സിലാകും. അത്‌ യേശുവിനെ ഒരു രക്ഷകനായി കാണാൻ അവരെ സഹായിക്കുമായിരുന്നു.—ഗലാ. 3:13, 14.

യേശു ആ വാക്കുകൾ പറഞ്ഞതിന്റെ കാരണം എന്തുതന്നെയായാലും താൻ ഇങ്ങനെ മരിക്കുന്നതിലൂടെ യഹോവയുടെ ഇഷ്ടം ചെയ്യുകയാണെന്നു യേശുവിന്‌ അറിയാമായിരുന്നു. സങ്കീർത്തനത്തിലെ ആ വാക്കുകൾ പറഞ്ഞതിനു തൊട്ടുപുറകേ യേശു ഇങ്ങനെയും പറഞ്ഞു: “എല്ലാം പൂർത്തിയായി.” (യോഹ. 19:30; ലൂക്കോ. 22:37) യേശുവിന്റെ സംരക്ഷണം യഹോവ കുറച്ച്‌ സമയത്തേക്കു പിൻവലിച്ചതുകൊണ്ട്‌ യേശുവിനു താൻ ഭൂമിയിലേക്കു വന്നതിന്റെ ഉദ്ദേശ്യം മുഴുവനായി പൂർത്തിയാക്കാനായി. കൂടാതെ, “മോശയുടെ നിയമത്തിലും പ്രവാചകപുസ്‌തകങ്ങളിലും സങ്കീർത്തനങ്ങളിലും” തന്നെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളതെല്ലാം നിറവേറ്റാനും യേശുവിനു കഴിഞ്ഞു.—ലൂക്കോ. 24:44.

^ ഖ. 2 ഈ ലക്കത്തിലെ “മരണസമയത്തെ യേശുവിന്റെ വാക്കുകളിൽനിന്നുള്ള പാഠങ്ങൾ” എന്ന ലേഖനത്തിന്റെ 9, 10 ഖണ്ഡികകൾ കാണുക.

^ ഖ. 4 ശുശ്രൂഷയുടെ സമയത്ത്‌ യേശു പറയുകയോ ചോദിക്കുകയോ ചെയ്‌ത ചില കാര്യങ്ങൾ കേൾവിക്കാരുടെ മനസ്സ്‌ അറിയാൻവേണ്ടിയുള്ളതായിരുന്നു. അവർ എന്താണു ചിന്തിക്കുന്നത്‌, അവർ അതിനോട്‌ എങ്ങനെ പ്രതികരിക്കും എന്നൊക്കെ അറിയാൻ.—മർക്കോ. 7:24-27; യോഹ. 6:1-5; 2010 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 4, 5 പേജുകൾ കാണുക.