നിങ്ങൾക്ക് അറിയാമോ?
ബൈബിൾക്കാലങ്ങളിൽ പപ്പൈറസുകൊണ്ടുള്ള വഞ്ചികൾ ഉണ്ടായിരുന്നോ?
വർഷങ്ങൾക്കു മുമ്പ് ഈജിപ്തിലെ ആളുകൾ പപ്പൈറസുകൊണ്ടുള്ള കടലാസിലാണു പൊതുവേ എഴുതിയിരുന്നതെന്നു പലർക്കും അറിയാം. ഇനി, ഗ്രീക്കുകാരും റോമാക്കാരും പപ്പൈറസ് കടലാസ് ഉപയോഗിച്ചിരുന്നു. * എന്നാൽ പപ്പൈറസുകൊണ്ട് വഞ്ചികൾ ഉണ്ടാക്കിയിരുന്നു എന്ന കാര്യം പലർക്കും അത്ര അറിയില്ല.
‘എത്യോപ്യൻ നദികളുടെ തീരത്തുള്ള ദേശത്ത്’ താമസിക്കുന്ന ആളുകൾ ‘സന്ദേശവാഹകരെ പപ്പൈറസ്വഞ്ചികളിൽ’ അയച്ചതായി 2,500-ലേറെ വർഷം മുമ്പ് യശയ്യ പ്രവാചകൻ എഴുതി. പിന്നീട് യിരെമ്യ പ്രവാചകനും പപ്പൈറസ്വഞ്ചികളെക്കുറിച്ച് എഴുതിയിട്ടുണ്ട്. മേദ്യരും പേർഷ്യക്കാരും ബാബിലോൺ നഗരം കീഴടക്കുന്ന സമയത്ത് അവിടെയുള്ളവർ രക്ഷപ്പെടാതിരിക്കാൻവേണ്ടി ബാബിലോൺകാരുടെ “പപ്പൈറസ്വഞ്ചികൾ” കത്തിച്ചുകളയുമെന്നു യിരെമ്യ മുൻകൂട്ടിപ്പറഞ്ഞു.—യശ. 18:1, 2; യിരെ. 51:32.
ബൈബിൾക്കാലങ്ങളിൽ പപ്പൈറസുകൊണ്ടുള്ള വഞ്ചികൾ ഉണ്ടാക്കിയിരുന്നതിനെക്കുറിച്ചുള്ള പുരാവസ്തുഗവേഷകരുടെ കണ്ടുപിടിത്തം ബൈബിൾവിദ്യാർഥികൾക്ക് ഒരു പുതിയ അറിവല്ല. കാരണം ദൈവപ്രചോദിതമായി എഴുതിയ ബൈബിളിൽ ഇക്കാര്യം നേരത്തേതന്നെ രേഖപ്പെടുത്തിയിരുന്നു. (2 തിമൊ. 3:16) ഈജിപ്തുകാർ പപ്പൈറസ്വഞ്ചികൾ നിർമിച്ചിരുന്ന രീതിയെക്കുറിച്ചുള്ള വിശദമായ തെളിവുകളാണ് പുരാവസ്തുഗവേഷകർക്കു ലഭിച്ചിരിക്കുന്നത്.
പപ്പൈറസ്വഞ്ചികൾ എങ്ങനെയാണ് ഉണ്ടാക്കിയിരുന്നത്?
പപ്പൈറസ് ശേഖരിച്ചുകൊണ്ടുവന്ന് വഞ്ചികൾ ഉണ്ടാക്കുന്ന രീതി ഈജിപ്തുകാരുടെ ശവകുടീരങ്ങളിലുള്ള ചിത്രങ്ങളിലും കൊത്തുപണികളിലും കാണാം. പപ്പൈറസ് തണ്ടുകൾ മുറിച്ചെടുത്തിട്ട് അവ കെട്ടുകളാക്കുന്നു, എന്നിട്ട് ആ കെട്ടുകൾ ഒന്നോടൊന്നു ചേർത്ത് മുറുക്കി കെട്ടും. പപ്പൈറസ് തണ്ടുകൾക്ക് ത്രികോണാകൃതിയാണ്. അതുകൊണ്ട് അവ ഒന്നോടൊന്നു ചേർത്ത് കെട്ടിയാൽ നല്ല ബലമാണ്. പുരാതന ഈജിപ്തിന്റെ ചരിത്രത്തെക്കുറിച്ച് വിവരിക്കുന്ന ഒരു പുസ്തകം പറയുന്നതനുസരിച്ച് പപ്പൈറസ്വഞ്ചികൾക്ക് 17 മീറ്ററിലധികം (55 അടി) നീളം വരുമായിരുന്നു. ഓരോ വശത്തും 10-ഓ 12-ഓ തുഴക്കാർവരെ കാണും.
എന്തുകൊണ്ടാണ് വഞ്ചികൾ ഉണ്ടാക്കാൻ പപ്പൈറസ് ഉപയോഗിച്ചിരുന്നത്?
ഒരു സംഗതി, നൈലിന്റെ താഴ്വാരങ്ങളിൽ പപ്പൈറസ് ചെടികൾ ധാരാളമുണ്ടായിരുന്നു. മാത്രമല്ല, പപ്പൈറസ്വഞ്ചികൾ ഉണ്ടാക്കാൻ പൊതുവേ എളുപ്പവുമായിരുന്നു. തടികൊണ്ട് വലിയ കപ്പലുകളും മറ്റും ഉണ്ടാക്കാൻ തുടങ്ങിയപ്പോഴും മീൻപിടുത്തക്കാരും വേട്ടക്കാരും പപ്പൈറസുകൊണ്ടുള്ള ചങ്ങാടങ്ങളും വഞ്ചികളും തന്നെ ഉപയോഗിച്ചിരുന്നതായി തോന്നുന്നു.
പപ്പൈറസ്വഞ്ചികൾ വളരെക്കാലം ഉപയോഗത്തിലുണ്ടായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും ഇടയ്ക്ക് ജീവിച്ചിരുന്ന പ്ലൂട്ടാർക്ക് എന്ന ഗ്രീക്ക് എഴുത്തുകാരൻ പറയുന്നത് പപ്പൈറസ്ചങ്ങാടങ്ങൾ അദ്ദേഹത്തിന്റെ കാലത്തെ ആളുകൾക്കും പരിചിതമായിരുന്നു എന്നാണ്.
^ ഖ. 3 ചതുപ്പുനിലങ്ങളിലും അധികം ഒഴുക്കില്ലാത്ത വെള്ളത്തിലും ആണ് പപ്പൈറസ് തഴച്ചുവളരുന്നത്. 5 മീറ്റർ (16 അടി) ഉയരത്തിൽവരെ ഈ ചെടി വളരും. അതിന്റെ തണ്ടിന് ചുവടുഭാഗത്ത് ഏതാണ്ട് 15 സെന്റീമീറ്റർ (6 ഇഞ്ച്) വ്യാസം കാണും.