വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 20

മടുത്തുപോകാതെ സന്തോഷത്തോടെ പ്രസംഗപ്രവർത്തനം തുടരുക

മടുത്തുപോകാതെ സന്തോഷത്തോടെ പ്രസംഗപ്രവർത്തനം തുടരുക

“നിന്റെ വിത്തു വിതയ്‌ക്കുക. . . . നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്‌.”—സഭാ. 11:6.

ഗീതം 70 അർഹതയുള്ളവരെ അന്വേഷിക്കുക

പൂർവാവലോകനം *

യേശു സ്വർഗത്തിലേക്കു പോയശേഷം ശിഷ്യന്മാർ യരുശലേമിലും മറ്റു പല സ്ഥലങ്ങളിലും ഉത്സാഹത്തോടെ പ്രസംഗിക്കുന്നു. (1-ാം ഖണ്ഡിക കാണുക)

1. യേശു തന്റെ അനുഗാമികൾക്കുവേണ്ടി എന്തു മാതൃക വെച്ചു, അവർ എന്തു ചെയ്‌തു? (പുറംതാളിലെ ചിത്രം കാണുക.)

യേശു ഭൂമിയിലായിരുന്നപ്പോൾ മടുത്തുപോകാതെ സന്തോഷത്തോടെ പ്രസംഗപ്രവർത്തനം ചെയ്‌തു. തന്റെ ശിഷ്യന്മാരും അങ്ങനെതന്നെ ചെയ്യാനാണ്‌ യേശു ആഗ്രഹിക്കുന്നത്‌. (യോഹ. 4:35, 36) യേശു കൂടെയുണ്ടായിരുന്നപ്പോൾ ശിഷ്യന്മാർക്കു പ്രസംഗപ്രവർത്തനം ചെയ്യാൻ നല്ല ഉത്സാഹമായിരുന്നു. (ലൂക്കോ. 10:1, 5-11, 17) എന്നാൽ യേശുവിനെ അറസ്റ്റ്‌ ചെയ്യുകയും യേശു കൊല്ലപ്പെടുകയും ചെയ്‌തതോടെ തത്‌കാലത്തേക്കാണെങ്കിലും പ്രസംഗിക്കാനുള്ള ശിഷ്യന്മാരുടെ ഉത്സാഹമൊക്കെ കുറഞ്ഞുപോയി. (യോഹ. 16:32) പക്ഷേ പുനരുത്ഥാനം പ്രാപിച്ചുവന്ന യേശു മടുത്തുപോകാതെ പ്രസംഗപ്രവർത്തനം തുടരാൻ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു. പിന്നീട്‌ യേശുവിന്റെ സ്വർഗാരോഹണത്തിനു ശേഷം ശിഷ്യന്മാർ വളരെ ഉത്സാഹത്തോടെ പ്രസംഗപ്രവർത്തനം ചെയ്‌തു. അതുകൊണ്ട്‌ അവരുടെ ശത്രുക്കൾപോലും അവരെക്കുറിച്ച്‌ ഇങ്ങനെ പരാതി പറഞ്ഞു: “നിങ്ങൾ യരുശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ട്‌ നിറച്ചിരിക്കുന്നു.”—പ്രവൃ. 5:28.

2. യഹോവ എങ്ങനെയാണു പ്രസംഗപ്രവർത്തനത്തെ അനുഗ്രഹിച്ചത്‌?

2 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ പ്രസംഗപ്രവർത്തനം നടത്തിയപ്പോൾ യേശു അവരെ നയിക്കുകയും യഹോവ അവരെ അനുഗ്രഹിക്കുകയും ചെയ്‌തു. അങ്ങനെ അനേകം ആളുകൾ ക്രിസ്‌ത്യാനികളായിത്തീർന്നു. അതിന്റെ നല്ല ഒരു ഉദാഹരണമാണ്‌ എ.ഡി. 33 പെന്തിക്കോസ്‌തിലെ സംഭവം. അന്ന്‌ 3,000-ത്തോളം പേർ സ്‌നാനമേറ്റു. (പ്രവൃ. 2:41) തുടർന്ന്‌ അങ്ങോട്ട്‌ ശിഷ്യന്മാരുടെ എണ്ണത്തിൽ വലിയ വർധനതന്നെ ഉണ്ടായി. (പ്രവൃ. 6:7) എന്നാൽ അവസാനകാലത്ത്‌ പ്രസംഗപ്രവർത്തനത്തിൽ അതിലും വലിയ പുരോഗതിയുണ്ടാകുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു.—യോഹ. 14:12; പ്രവൃ. 1:8.

3-4. ചില സ്ഥലങ്ങളിൽ പ്രസംഗപ്രവർത്തനം ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌, ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

3 മടുത്തുപോകാതെ സന്തോഷത്തോടെ പ്രസംഗപ്രവർത്തനം ചെയ്യാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നുണ്ട്‌. പല സ്ഥലങ്ങളിലും അത്‌ എളുപ്പമാണുതാനും. കാരണം ധാരാളം ആളുകളാണ്‌ അവിടെ ബൈബിൾ പഠിക്കാനായി മുന്നോട്ടുവരുന്നത്‌. ആഗ്രഹം പ്രകടിപ്പിച്ചുവരുന്ന എല്ലാവരെയും പഠിപ്പിക്കാൻ സാക്ഷികൾക്കു സമയം കിട്ടാത്തതുകൊണ്ട്‌ പലർക്കും അതിനുവേണ്ടി കാത്തിരിക്കേണ്ടിവരുന്നു. എന്നാൽ ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ പ്രസംഗപ്രവർത്തനം കൂടുതൽക്കൂടുതൽ ബുദ്ധിമുട്ടായിത്തീരുകയാണ്‌. പലപ്പോഴും ആളുകളെ വീട്ടിൽ കണ്ടെത്താറില്ല. ഇനി കണ്ടെത്തിയാൽത്തന്നെ ബൈബിൾ പഠിക്കാൻ അവർക്ക്‌ അത്ര താത്‌പര്യവുമില്ല.

4 പ്രസംഗപ്രവർത്തനം ബുദ്ധിമുട്ടായിരിക്കുന്ന ഒരു പ്രദേശത്താണു നിങ്ങൾ താമസിക്കുന്നതെങ്കിൽ ഈ ലേഖനത്തിലെ നിർദേശങ്ങൾ നിങ്ങൾക്കു പ്രയോജനം ചെയ്‌തേക്കും. ശുശ്രൂഷയിൽ കൂടുതൽ ആളുകളെ കണ്ടെത്താൻ ചിലർ എന്താണു ചെയ്‌തിരിക്കുന്നത്‌? ആളുകൾ നമ്മുടെ സന്ദേശം കേട്ടാലും ഇല്ലെങ്കിലും നമുക്ക്‌ എങ്ങനെ പ്രസംഗപ്രവർത്തനത്തിൽ സന്തോഷം നിലനിറുത്താം? ഈ കാര്യങ്ങളാണു നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്‌.

ആളുകളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിലും മടുത്തുപോകരുത്‌

5. പല സാക്ഷികൾക്കും എന്തെല്ലാം പ്രശ്‌ങ്ങൾ നേരിടേണ്ടിവരുന്നു?

5 ആളുകളെ അവരുടെ വീടുകളിൽ കണ്ടെത്താൻ കൂടുതൽക്കൂടുതൽ ബുദ്ധിമുട്ടാകുന്നതായി പലരും പറയാറുണ്ട്‌. ചില പ്രചാരകർ താമസിക്കുന്ന സ്ഥലങ്ങളിൽ വലിയ സുരക്ഷാസംവിധാനങ്ങളുള്ള അപ്പാർട്ടുമെന്റുകളാണുള്ളത്‌. സാധാരണഗതിയിൽ അവിടെ ഗെയിറ്റിന്‌ അടുത്ത്‌ ഒരു സെക്യൂരിറ്റി കാണും. അവിടെ താമസിക്കുന്ന ആരുടെയെങ്കിലും ക്ഷണമില്ലാതെ അദ്ദേഹം ആരെയും അകത്തേക്കു കടത്തിവിടില്ല. മറ്റു ചില ഇടങ്ങളിൽ പ്രചാരകർക്കു വീടുതോറും പോകാൻ ഒരു തടസ്സവുമില്ല. പക്ഷേ മിക്ക വീടുകളിലും ആളുകൾ കാണില്ലെന്നു മാത്രം. ഇനി, വേറെ ചില പ്രചാരകർക്കു പ്രസംഗിക്കാനുള്ളത്‌ അധികം ആൾത്താമസമില്ലാത്ത ഉൾപ്രദേശങ്ങളിലാണ്‌. കുറെ ദൂരം പോയാലായിരിക്കും ഒരു വീടു കാണുന്നത്‌. അവിടെ ചെല്ലുമ്പോൾ അതു മിക്കവാറും പൂട്ടിക്കിടക്കുകയായിരിക്കും. ഇതുപോലുള്ള പ്രശ്‌നങ്ങളൊക്കെ നേരിടുന്നുണ്ടെങ്കിലും നമ്മൾ മടുത്തുപോകരുത്‌. അതെല്ലാം തരണം ചെയ്‌ത്‌ കൂടുതൽ ആളുകളോടു സന്തോഷവാർത്ത അറിയിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

6. പ്രസംഗപ്രവർത്തനം മീൻപിടുത്തംപോലെയാണെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

6 യേശു പ്രസംഗപ്രവർത്തനത്തെ മീൻപിടുത്തത്തോടാണു താരതമ്യം ചെയ്‌തത്‌. (മർക്കോ. 1:17) ചിലപ്പോൾ മീൻ പിടിക്കാൻ പോയാൽ കുറെ ദിവസങ്ങളോളം ഒന്നും കിട്ടണമെന്നില്ല. എന്നാലും അവർ ശ്രമം ഉപേക്ഷിക്കില്ല, മറ്റു രീതികൾ പരീക്ഷിച്ചുനോക്കും. ചിലപ്പോൾ സമയം മാറ്റിനോക്കും. അതല്ലെങ്കിൽ വേറൊരു സ്ഥലത്ത്‌ പോയി വലയിറക്കും. അതുമല്ലെങ്കിൽ മീൻ പിടിക്കുന്ന രീതിതന്നെ മാറ്റിനോക്കും. പ്രസംഗപ്രവർത്തനത്തിന്റെ കാര്യത്തിലും നമുക്ക്‌ ഇത്തരം മാറ്റങ്ങൾ വരുത്താം. നമുക്കു പരീക്ഷിച്ചുനോക്കാവുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ ഇനി ചിന്തിക്കാം.

ആളുകളെ വീട്ടിൽ കണ്ടെത്താൻ പൊതുവേ ബുദ്ധിമുട്ടുള്ള ഒരു പ്രദേശത്താണ്‌ നമ്മൾ പ്രസംഗപ്രവർത്തനം നടത്തുന്നതെങ്കിൽ മറ്റൊരു സമയത്തോ മറ്റൊരു സ്ഥലത്തുവെച്ചോ മറ്റൊരു രീതിയിലോ അവരെ കണ്ടെത്താൻ ശ്രമിക്കുക (7-10 ഖണ്ഡികകൾ കാണുക) *

7. പ്രസംഗപ്രവർത്തനത്തിന്റെ സമയം മാറ്റിനോക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്‌?

7 മറ്റൊരു സമയത്ത്‌ ആളുകളെ കണ്ടെത്താൻ ശ്രമിക്കുക. ആളുകൾ പൊതുവേ വീട്ടിലുള്ള സമയത്ത്‌ പോകുകയാണെങ്കിൽ കൂടുതൽ പേരെ നമുക്ക്‌ കണ്ടെത്താനാകും. എന്തായാലും എല്ലാവരും എപ്പോഴെങ്കിലുമൊക്കെ വീട്ടിൽ വരുമല്ലോ. ഉച്ചകഴിഞ്ഞോ വൈകുന്നേരമോ പ്രസംഗപ്രവർത്തനം ചെയ്യുന്നതു നല്ലതാണെന്നു പല സഹോദരങ്ങളും പറയുന്നു. കാരണം അപ്പോൾ കൂടുതൽ ആളുകളെ വീട്ടിൽ കണ്ടെത്താനാകും. മാത്രമല്ല, ആ സമയത്ത്‌ വലിയ ജോലിത്തിരക്കൊന്നുമില്ലാത്തതുകൊണ്ട്‌ അവർക്കു സംസാരിക്കാനും ഇഷ്ടമായിരിക്കും. മൂപ്പനായ ഡേവിഡ്‌ സഹോദരന്റെ നിർദേശം നിങ്ങൾക്ക്‌ ഒരുപക്ഷേ പരീക്ഷിക്കാവുന്നതാണ്‌. അദ്ദേഹവും കൂട്ടുകാരനും ചെയ്യുന്നത്‌ ഇതാണ്‌: ഒരു പ്രദേശത്ത്‌ ഒന്നോ രണ്ടോ മണിക്കൂർ പ്രവർത്തിക്കും. എന്നിട്ട്‌ ആദ്യം ചെന്നപ്പോൾ ആളില്ലാതിരുന്ന വീടുകളിലേക്കു മടങ്ങിച്ചെല്ലും. “അങ്ങനെ ചെന്നപ്പോൾ മിക്ക വീടുകളിലും ആളുകളെ കണ്ടെത്താനായിട്ടുണ്ട്‌” എന്നാണ്‌ അദ്ദേഹം പറയുന്നത്‌. *

ആളുകളെ വീട്ടിൽ കണ്ടെത്താൻ പൊതുവേ ബുദ്ധിമുട്ടുള്ള ഒരു പ്രദേശത്താണ്‌ നമ്മൾ പ്രസംഗപ്രവർത്തനം നടത്തുന്നതെങ്കിൽ മറ്റൊരു സമയത്ത്‌ അവരെ കണ്ടെത്താൻ ശ്രമിക്കുക (7-8 ഖണ്ഡികകൾ കാണുക)

8. സഭാപ്രസംഗകൻ 11:6 പ്രസംഗപ്രവർത്തനത്തിന്റെ കാര്യത്തിൽ നമുക്ക്‌ എങ്ങനെ പ്രാവർത്തികമാക്കാം?

8 ആളുകളെ വീട്ടിൽ കണ്ടെത്തുന്നതുവരെ നമ്മൾ അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കണം. നമ്മുടെ ആധാരവാക്യത്തിൽനിന്ന്‌ നമ്മൾ പഠിക്കുന്ന പാഠം അതുതന്നെയാണ്‌. (സഭാപ്രസംഗകൻ 11:6 വായിക്കുക.) അതാണു നേരത്തേ പറഞ്ഞ ഡേവിഡ്‌ സഹോദരൻ ചെയ്‌തത്‌. ഒരു വീട്ടിൽ കുറെ തവണ പോയെങ്കിലും ആരെയും കണ്ടില്ല. പക്ഷേ അദ്ദേഹം ശ്രമം ഉപേക്ഷിച്ചില്ല. അവസാനം ആ വീട്ടുകാരനെ കണ്ടുമുട്ടി. അദ്ദേഹത്തിനു ബൈബിൾ പഠിക്കാൻ ഇഷ്ടമായിരുന്നു. “ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ എട്ടു വർഷമായി. പക്ഷേ ആദ്യമായിട്ടാണ്‌ യഹോവയുടെ സാക്ഷികളിൽ ഒരാളെ ഞാൻ ഇവിടെ കാണുന്നത്‌” എന്ന്‌ ആ വീട്ടുകാരൻ പറഞ്ഞു. “നമ്മൾ കുറെ ശ്രമം ചെയ്‌ത്‌ അവസാനം ആളുകളെ വീട്ടിൽ കണ്ടെത്തുമ്പോൾ മിക്കപ്പോഴും അവർക്കു നമ്മുടെ സന്ദേശം കേൾക്കാൻ ഇഷ്ടമായിരിക്കും” എന്നു സഹോദരൻ പറയുന്നു.

ആളുകളെ വീട്ടിൽ കണ്ടെത്താൻ പൊതുവേ ബുദ്ധിമുട്ടുള്ള ഒരു പ്രദേശത്താണ്‌ നമ്മൾ പ്രസംഗപ്രവർത്തനം നടത്തുന്നതെങ്കിൽ മറ്റു സ്ഥലങ്ങളിൽ അവരെ കണ്ടെത്താൻ ശ്രമിക്കുക. (9-ാം ഖണ്ഡിക കാണുക)

9. ആളുകളെ കണ്ടുമുട്ടാൻവേണ്ടി ചില സാക്ഷികൾ എന്തു ചെയ്‌തിരിക്കുന്നു?

9 മറ്റൊരു സ്ഥലത്ത്‌ പ്രവർത്തിച്ചുനോക്കുക. ആളുകളെ വീടുകളിൽ കണ്ടുമുട്ടാൻ കഴിയാതെ വരുമ്പോൾ ചില പ്രചാരകർ അവരെ കണ്ടുമുട്ടാൻ സാധ്യതയുള്ള മറ്റൊരു സ്ഥലത്ത്‌ പോയി പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്‌, വലിയ അപ്പാർട്ടുമെന്റുകളിലൊന്നും വീടുതോറുമുള്ള സാക്ഷീകരണം പലപ്പോഴും അനുവദിക്കാറില്ല. അതുകൊണ്ട്‌ അവിടെയുള്ള ആളുകളെ കാണുന്നതിനുവേണ്ടി സഹോദരങ്ങൾ തെരുവുസാക്ഷീകരണവും സാഹിത്യകൈവണ്ടി ഉപയോഗിച്ചുള്ള സാക്ഷീകരണവും നടത്താറുണ്ട്‌. അങ്ങനെ അവർക്ക്‌ അവിടെ താമസിക്കുന്നവരെ നേരിട്ടുകണ്ട്‌ സംസാരിക്കാനാകുന്നു. മാത്രമല്ല, പാർക്കിലും മാർക്കറ്റിലും കടകളിലും ഒക്കെ വെച്ചുകാണുമ്പോൾ ആളുകൾക്കു സംസാരിക്കാനോ പ്രസിദ്ധീകരണങ്ങൾ വാങ്ങാനോ മടിയില്ല എന്ന്‌ പല പ്രചാരകരും കണ്ടെത്തിയിരിക്കുന്നു. ബൊളീവിയയിലെ ഒരു സർക്കിട്ട്‌ മേൽവിചാരകനായ ഫ്‌ളോറെൻ പറയുന്നു: “ഞങ്ങൾ പൊതുവേ ഉച്ച കഴിഞ്ഞ്‌ ഒരു മണിക്കും മൂന്നു മണിക്കും ഇടയ്‌ക്കുള്ള സമയത്ത്‌ മാർക്കറ്റുകളിലും കടകളിലും ഒക്കെ പോകും. ആ സമയത്താകുമ്പോൾ കടക്കാർക്ക്‌ അത്ര തിരക്കൊന്നും കാണില്ല. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഞങ്ങൾക്ക്‌ അവരോടു സംസാരിക്കാനും ബൈബിൾപഠനങ്ങൾ തുടങ്ങാനും കഴിയാറുണ്ട്‌.”

ആളുകളെ വീട്ടിൽ കണ്ടെത്താൻ പൊതുവേ ബുദ്ധിമുട്ടുള്ള ഒരു പ്രദേശത്താണ്‌ നമ്മൾ പ്രസംഗപ്രവർത്തനം നടത്തുന്നതെങ്കിൽ മറ്റു രീതികളിലൂടെ അവരെ കണ്ടെത്താൻ ശ്രമിക്കുക. (10-ാം ഖണ്ഡിക കാണുക)

10. മറ്റ്‌ ഏതു വിധത്തിലും നമുക്ക്‌ ആളുകളോടു സന്തോഷവാർത്ത അറിയിക്കാം?

10 മറ്റൊരു രീതി പരീക്ഷിച്ചുനോക്കുക. നിങ്ങൾ ഒരു വീട്ടിൽ പല തവണ പോയിനോക്കി, പല സമയത്ത്‌ പോയിനോക്കി എന്നിട്ടും ആളെ കണ്ടെത്താൻ പറ്റുന്നില്ലെങ്കിലോ? കാതറീന സഹോദരി പറയുന്നു: “ആളുകളെ വീട്ടിൽ കണ്ടെത്താൻ പറ്റാതെ വരുമ്പോൾ ഞാൻ അവർക്കു കത്ത്‌ എഴുതും. നേരിട്ട്‌ അവരെ കണ്ടിരുന്നെങ്കിൽ എന്തൊക്കെ പറയുമായിരുന്നോ, അതെല്ലാം ഞാൻ അതിൽ ഉൾപ്പെടുത്തും.” നമുക്കുള്ള പാഠം എന്താണ്‌? നമ്മുടെ പ്രദേശത്തുള്ള എല്ലാവരോടും ഏതെങ്കിലും വിധത്തിൽ സന്തോഷവാർത്ത അറിയിക്കാൻ ശ്രമിക്കുക.

ആളുകൾ താത്‌പര്യം കാണിച്ചില്ലെങ്കിലും മടുത്തുപോകരുത്‌

11. പലപ്പോഴും ആളുകൾക്കു നമ്മുടെ സന്ദേശം കേൾക്കാൻ ഇഷ്ടമില്ലാത്തത്‌ എന്തുകൊണ്ടാണ്‌?

11 പലർക്കും നമ്മുടെ സന്ദേശം കേൾക്കാൻ ഇഷ്ടമല്ല. ദൈവത്തെക്കുറിച്ചോ ബൈബിളിനെക്കുറിച്ചോ ഒക്കെ അറിയേണ്ട ആവശ്യമില്ലെന്നാണ്‌ അവർ ചിന്തിക്കുന്നത്‌. ലോകത്തിൽ ഇത്രമാത്രം കഷ്ടപ്പാടുകളൊക്കെ കാണുന്നതുകൊണ്ടാണ്‌ ചിലർക്കു ദൈവത്തിൽ വിശ്വാസമില്ലാതായിരിക്കുന്നത്‌. ബൈബിൾ അനുസരിച്ച്‌ ജീവിക്കുന്നെന്ന്‌ അവകാശപ്പെടുന്ന മതനേതാക്കന്മാരുടെ കാപട്യമാണ്‌ മറ്റു ചിലർക്കു ബൈബിളിൽ വിശ്വാസം നഷ്ടപ്പെടാൻ കാരണം. ഇനി, വേറെ ചിലരാകട്ടെ ജോലിയും കുടുംബ ഉത്തരവാദിത്വങ്ങളും മറ്റു ജീവിതപ്രശ്‌നങ്ങളും ഒക്കെയായി ബുദ്ധിമുട്ടുകയാണ്‌. ബൈബിളിന്‌ എങ്ങനെയാണു തങ്ങളെ സഹായിക്കാനാകുന്നതെന്ന്‌ അവർക്കു കാണാനാകുന്നില്ല. ഇതുപോലുള്ള കാരണങ്ങൾകൊണ്ട്‌ നമ്മുടെ സന്ദേശം കേൾക്കാൻ ആളുകൾക്കു താത്‌പര്യമില്ലെങ്കിലും നമുക്ക്‌ എങ്ങനെ സന്തോഷത്തോടെ പ്രസംഗപ്രവർത്തനം തുടരാം?

12. ഫിലിപ്പിയർ 2:4–ലെ വാക്കുകൾ പ്രസംഗപ്രവർത്തനത്തിൽ നമുക്ക്‌ എങ്ങനെ പ്രാവർത്തികമാക്കാം?

12 ആളുകളിൽ താത്‌പര്യമുണ്ടെന്നു കാണിക്കുക. ആദ്യമൊക്കെ സന്തോഷവാർത്ത കേൾക്കാൻ മടികാണിച്ച പലരും പ്രചാരകർക്ക്‌ അവരുടെ കാര്യത്തിൽ ആത്മാർഥമായ താത്‌പര്യമുണ്ടെന്നു കണ്ടപ്പോൾ ശ്രദ്ധിക്കാൻ തയ്യാറായിട്ടുണ്ട്‌. (ഫിലിപ്പിയർ 2:4 വായിക്കുക.) ഉദാഹരണത്തിന്‌, നേരത്തേ കണ്ട ഡേവിഡ്‌ സഹോദരൻ പറയുന്നു: “താത്‌പര്യമില്ലെന്ന്‌ ആരെങ്കിലും പറഞ്ഞാൽ പിന്നെ ഞങ്ങൾ ബൈബിളോ പ്രസിദ്ധീകരണങ്ങളോ ഒന്നും പുറത്തെടുക്കില്ല. പകരം സ്‌നേഹത്തോടെ അവരോട്‌ ഇങ്ങനെ ചോദിക്കും: ‘ഞാനൊന്നു ചോദിക്കട്ടെ, അങ്ങനെ ചിന്തിക്കാൻ പ്രത്യേകിച്ച്‌ എന്തെങ്കിലും കാരണമുണ്ടോ?’” നമുക്ക്‌ ശരിക്കും ആളുകളുടെ കാര്യത്തിൽ താത്‌പര്യമുണ്ടോ ഇല്ലയോ എന്ന്‌ അവർക്കു പെട്ടെന്നു മനസ്സിലാകും. നമ്മൾ പറഞ്ഞതൊന്നും അവർ ഓർത്തിരിക്കണമെന്നില്ല. പക്ഷേ ഇടപെട്ട വിധം അവർ ഓർത്തിരുന്നേക്കാം. സംസാരിക്കാൻ വീട്ടുകാരൻ നമ്മളെ അനുവദിച്ചില്ലെങ്കിൽപ്പോലും നമുക്ക്‌ അവരോട്‌ ആത്മാർഥമായ താത്‌പര്യമുണ്ടെന്നു നമ്മുടെ പെരുമാറ്റത്തിലൂടെയും മുഖഭാവത്തിലൂടെയും ഒക്കെ കാണിക്കാം.

13. ഓരോ വീട്ടുകാരന്റെയും സാഹചര്യത്തിനനുസരിച്ച്‌ നമുക്ക്‌ എങ്ങനെ സന്ദേശത്തിൽ മാറ്റങ്ങൾ വരുത്താം?

13 വീട്ടുകാരന്റെ ആവശ്യവും ഇഷ്ടവും ഒക്കെ മനസ്സിലാക്കി അതനുസരിച്ച്‌ നമ്മൾ സന്ദേശം അറിയിക്കുമ്പോൾ അവരിൽ ആത്മാർഥമായ താത്‌പര്യം കാണിക്കുകയാണ്‌. ഉദാഹരണത്തിന്‌, ഒരു വീട്ടിൽ ചെല്ലുമ്പോൾ അവിടെ കുട്ടികളുണ്ട്‌ എന്നതിന്റെ എന്തെങ്കിലും തെളിവുകൾ കാണുന്നുണ്ടോ? കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചുള്ള ബൈബിളിന്റെ ഉപദേശമോ സന്തോഷമുള്ള കുടുംബജീവിതത്തിനുള്ള പ്രായോഗികനിർദേശങ്ങളോ അറിയാൻ അവർക്കു താത്‌പര്യം കാണും. ഇനി, ഒരു വീട്ടിൽ വലിയ പൂട്ടുകളോ ക്യാമറയോ ഒക്കെ കാണുന്നെങ്കിൽ ലോകത്ത്‌ വ്യാപകമായിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും അത്‌ ആളുകളെ പേടിപ്പെടുത്തുന്നതിനെക്കുറിച്ചും ഒക്കെ നമുക്ക്‌ അവരോടു സംസാരിച്ചുതുടങ്ങാം. ഇത്തരം പ്രശ്‌നങ്ങൾക്ക്‌ ഒരു അവസാനമുണ്ടെന്നു പറയുമ്പോൾ അതു കേൾക്കാൻ വീട്ടുകാരനു താത്‌പര്യമായിരിക്കും. ശ്രദ്ധിക്കാൻ മനസ്സൊരുക്കമുള്ള ആളുകളെ കാണുമ്പോൾ ബൈബിളിന്റെ ഉപദേശം അവർക്ക്‌ എങ്ങനെ പ്രയോജനം ചെയ്യുമെന്നു കാണിച്ചുകൊടുക്കാൻ നമ്മൾ ശ്രമിക്കണം. നേരത്തേ പറഞ്ഞ കാതറീന സഹോദരി പറയുന്നു: “ജീവിതം മെച്ചപ്പെടാൻ ബൈബിളിന്റെ ഉപദേശം എന്നെ എങ്ങനെ സഹായിച്ചെന്ന്‌ ഞാൻ ഇടയ്‌ക്കിടെ ഓർക്കും.” അതുകൊണ്ടുതന്നെ അതെക്കുറിച്ചൊക്കെ നല്ല ബോധ്യത്തോടെ ആളുകളോടു സംസാരിക്കാൻ സഹോദരിക്കു കഴിയുന്നു. സഹോദരി പറയുന്നതിൽ കാര്യമുണ്ടെന്നു വീട്ടുകാർക്കു മനസ്സിലാകുകയും ചെയ്യും.

14. സുഭാഷിതങ്ങൾ 27:17 പറയുന്നതുപോലെ നമുക്ക്‌ എങ്ങനെ പ്രസംഗപ്രവർത്തനത്തിൽ പരസ്‌പരം സഹായിക്കാം?

14 മറ്റുള്ളവരുടെ സഹായം സ്വീകരിക്കുക. ഒന്നാം നൂറ്റാണ്ടിൽ പൗലോസ്‌ തന്റെ പഠിപ്പിക്കൽരീതികൾ തിമൊഥെയൊസിനു പറഞ്ഞുകൊടുത്തു. എന്നിട്ട്‌ ആ രീതികൾ മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കാൻ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. (1 കൊരി. 4:17) തിമൊഥെയൊസിനെപ്പോലെ നമുക്കും സഭയിലെ അനുഭവപരിചയമുള്ള സഹോദരങ്ങളിൽനിന്നും പഠിക്കാം. (സുഭാഷിതങ്ങൾ 27:17 വായിക്കുക.) ഷോൺ എന്ന സഹോദരൻ ചെയ്‌തത്‌ എന്താണെന്നു നമുക്കു നോക്കാം. കുറെക്കാലത്തേക്ക്‌ അദ്ദേഹം മുൻനിരസേവനം ചെയ്‌തത്‌ ഒരു ഗ്രാമപ്രദേശത്തായിരുന്നു. അവിടെയുള്ള മിക്കവർക്കും അവരുടെ മതത്തിൽ നല്ല വിശ്വാസമായിരുന്നു. ഷോൺ സഹോദരൻ എങ്ങനെയാണ്‌ മടുത്തുപോകാതെ തന്റെ പ്രസംഗപ്രവർത്തനം തുടർന്നത്‌? “സാധിക്കുമ്പോഴൊക്കെ ഞാൻ മറ്റൊരു സഹോദരന്റെകൂടെ പ്രവർത്തിക്കുമായിരുന്നു” എന്ന്‌ അദ്ദേഹം പറയുന്നു. “ഒരു വീട്ടിൽനിന്നും മറ്റൊരു വീട്ടിലേക്കു പോകുമ്പോൾ ഞങ്ങൾ പഠിപ്പിക്കൽപ്രാപ്‌തി എങ്ങനെ മെച്ചപ്പെടുത്താമെന്നു ചർച്ച ചെയ്യും. ഉദാഹരണത്തിന്‌, അവസാനം പോയ വീട്ടിലെ വീട്ടുകാരന്റെ ചോദ്യത്തിന്‌ എങ്ങനെ മറുപടി കൊടുത്തു, ഇതുപോലുള്ള ഒരു ചോദ്യം ഇനിയുണ്ടാൽ മറ്റൊരു രീതിയിൽ എങ്ങനെ മറുപടി കൊടുക്കാം എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്യും.”

15. പ്രസംഗപ്രവർത്തനത്തിനു പോകുമ്പോൾ പ്രാർഥിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

15 സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. നിങ്ങൾ ഓരോ തവണ പ്രസംഗപ്രവർത്തനത്തിനു പോകുമ്പോഴും യഹോവയുടെ സഹായം തേടുക. യഹോവയുടെ പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ നമുക്ക്‌ ആർക്കും ഒരു കാര്യവും ചെയ്യാനാകില്ല. (സങ്കീ. 127:1; ലൂക്കോ. 11:13) നിങ്ങൾ യഹോവയോടു പ്രാർഥിക്കുമ്പോൾ ഏതു കാര്യത്തിനാണു സഹായം വേണ്ടതെന്ന്‌ എടുത്തുപറയുക. ഉദാഹരണത്തിന്‌, യഹോവയെക്കുറിച്ച്‌ പഠിക്കാനും യഹോവ പറയുന്നതു കേൾക്കാനും മനസ്സുള്ള ആളുകളുടെ അടുത്തേക്കു നയിക്കണേ എന്നു നമുക്കു പ്രാർഥിക്കാം. എന്നിട്ട്‌ കണ്ടുമുട്ടുന്ന എല്ലാവരോടും സന്തോഷവാർത്ത അറിയിക്കുക. അങ്ങനെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ നമുക്കു പ്രവർത്തിക്കാനാകും.

16. പ്രസംഗപ്രവർത്തനത്തിൽ സന്തോഷം കണ്ടെത്താൻ വ്യക്തിപരമായ പഠനം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

16 പഠിക്കാൻ സമയം മാറ്റിവെക്കുക. ദൈവവചനം പറയുന്നു: ‘നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച്‌ ഉറപ്പു വരുത്തുക.’ (റോമ. 12:2) നമ്മൾ എത്രയധികം പഠിക്കുന്നുവോ അത്രയധികം ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവും വർധിക്കും. അപ്പോൾ കൂടുതൽ ബോധ്യത്തോടെ ദൈവത്തെക്കുറിച്ച്‌ നമുക്ക്‌ ആളുകളോടു സംസാരിക്കാനാകും. നേരത്തേ പറഞ്ഞ കാതറീന സഹോദരി പറയുന്നു: “ചില അടിസ്ഥാന ബൈബിളുപദേശങ്ങളെക്കുറിച്ചുള്ള എന്റെ വിശ്വാസം കുറച്ചുകൂടെ ശക്തമാക്കേണ്ടതുണ്ടെന്നു കുറച്ച്‌ കാലം മുമ്പ്‌ എനിക്കു മനസ്സിലായി. അതുകൊണ്ട്‌ ഒരു സ്രഷ്ടാവുണ്ട്‌ എന്നതിന്റെയും ബൈബിൾ ശരിക്കും ദൈവവചനമാണ്‌ എന്നതിന്റെയും ദൈവത്തിന്‌ ഇന്ന്‌ ഒരു സംഘടനയുണ്ട്‌ എന്നതിന്റെയും തെളിവുകളെക്കുറിച്ച്‌ ഞാൻ നന്നായി പഠിച്ചു.” അങ്ങനെ പഠിച്ചതുകൊണ്ട്‌ തന്റെ വിശ്വാസം ശക്തമായെന്നും പ്രസംഗപ്രവർത്തനത്തിലെ തന്റെ സന്തോഷം വർധിച്ചെന്നും സഹോദരി പറയുന്നു.

പ്രസംഗപ്രവർത്തനത്തിൽ നമ്മൾ മടുത്തുപോകാതെ തുടരേണ്ടത്‌ എന്തുകൊണ്ട്‌?

17. യേശു മടുത്തുപോകാതെ പ്രസംഗപ്രവർത്തനം തുടർന്നത്‌ എന്തുകൊണ്ട്‌?

17 പലരും യേശുവിന്റെ സന്ദേശം ശ്രദ്ധിക്കാൻ തയ്യാറായില്ലെങ്കിലും യേശു മടുത്തുപോകാതെ പ്രസംഗപ്രവർത്തനം തുടർന്നു. കാരണം ആളുകൾ സത്യം അറിയേണ്ടതുണ്ടെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. മാത്രമല്ല, രാജ്യസന്ദേശം സ്വീകരിക്കാൻ കഴിയുന്നത്ര ആളുകളെ സഹായിക്കാൻ യേശു ആഗ്രഹിക്കുകയും ചെയ്‌തു. ഇനി, ചിലർ ആദ്യമൊന്നും താത്‌പര്യം കാണിച്ചില്ലെങ്കിലും പിന്നീട്‌ അവരുടെ മനസ്സു മാറിയേക്കുമെന്നും യേശുവിന്‌ അറിയാമായിരുന്നു. യേശുവിന്റെ കുടുംബത്തിൽ സംഭവിച്ചതുതന്നെ അതിന്‌ ഒരു ഉദാഹരണമാണ്‌. യേശു മൂന്നര വർഷം പ്രസംഗപ്രവർത്തനം നടത്തിയെങ്കിലും അനിയന്മാരിൽ ഒരാൾപ്പോലും യേശുവിന്റെ ശിഷ്യനായില്ല. (യോഹ. 7:5) എന്നാൽ യേശുവിന്റെ പുനരുത്ഥാനശേഷം അവരെല്ലാം ക്രിസ്‌ത്യാനികളായിത്തീർന്നു.—പ്രവൃ. 1:14.

18. നമ്മൾ പ്രസംഗപ്രവർത്തനം തുടരേണ്ടത്‌ എന്തുകൊണ്ട്‌?

18 ഭാവിയിൽ ആരൊക്കെ ബൈബിൾസത്യം സ്വീകരിച്ചേക്കാമെന്നു നമുക്ക്‌ ഇപ്പോൾ അറിയില്ല. ചിലർ സത്യം സ്വീകരിക്കാൻ കൂടുതൽ സമയമെടുത്തേക്കാം. നമ്മൾ പറയുന്നതൊന്നും കേൾക്കാൻ താത്‌പര്യമില്ലാത്തവർപോലും നമ്മുടെ നല്ല പെരുമാറ്റവും നല്ല മനോഭാവവും കണ്ടിട്ട്‌ പിന്നീട്‌ ‘ദൈവത്തെ മഹത്ത്വപ്പെടുത്താൻ’ ഇടയായേക്കാം. —1 പത്രോ. 2:12.

19. 1 കൊരിന്ത്യർ 3:6, 7 അനുസരിച്ച്‌ നമ്മൾ ഏതു കാര്യം എപ്പോഴും ഓർക്കണം?

19 നമ്മൾ നടുകയും നനയ്‌ക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും ദൈവമാണു വളർത്തുന്നത്‌ എന്ന കാര്യം മറക്കരുത്‌. (1 കൊരിന്ത്യർ 3:6, 7 വായിക്കുക.) ഇത്യോപ്യയിൽനിന്നുള്ള ഗെത്തോഹൻ സഹോദരൻ പറയുന്നു: “ഞങ്ങളുടേത്‌ അധികം പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശമാണ്‌. 20-ലധികം വർഷം ഇവിടെ പ്രവർത്തിച്ചിട്ടും സാക്ഷിയായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഇവിടെ 14 പ്രചാരകരുണ്ട്‌. അവരിൽ 13 പേരും സ്‌നാനമേറ്റവരാണ്‌. അക്കൂട്ടത്തിൽ എന്റെ ഭാര്യയും മൂന്നു മക്കളും ഉണ്ട്‌. മീറ്റിങ്ങിന്‌ ശരാശരി 32 പേർ വരുന്നു.” മടുത്തുപോകാതെ പ്രസംഗപ്രവർത്തനം തുടർന്നതിൽ സഹോദരന്‌ ഇന്ന്‌ ഒരുപാട്‌ സന്തോഷമുണ്ട്‌. അങ്ങനെ ആത്മാർഥഹൃദയരായ ആളുകളെ യഹോവ തന്റെ സംഘടനയിലേക്കു കൂട്ടിച്ചേർക്കുന്നത്‌ അദ്ദേഹത്തിനു കാണാനായി.—യോഹ. 6:44.

20. നമ്മൾ രക്ഷാപ്രവർത്തകരെപ്പോലെയാണെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

20 എല്ലാ മനുഷ്യരുടെയും ജീവൻ യഹോവയ്‌ക്കു വളരെ വിലയേറിയതാണ്‌. ഈ വ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പായി സകല ജനതകളിൽനിന്നുമുള്ള ആളുകളെ കൂട്ടിച്ചേർക്കുന്നതിന്‌ തന്റെ പുത്രനോടൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ്‌ യഹോവ നമുക്കു തന്നിരിക്കുന്നത്‌. (ഹഗ്ഗാ. 2:7) നമ്മുടെ പ്രസംഗപ്രവർത്തനത്തെ ഒരു രക്ഷാപ്രവർത്തനത്തോടു താരതമ്യം ചെയ്യാം. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ബോട്ടിൽനിന്ന്‌ ആളുകളെ രക്ഷിക്കാൻവേണ്ടി അയച്ചിരിക്കുന്ന രക്ഷാപ്രവർത്തകരെപ്പോലെയാണ്‌ നമ്മൾ. രക്ഷാപ്രവർത്തകരിൽ ചിലർക്കു മാത്രമേ ആരെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞുള്ളൂ എങ്കിൽപ്പോലും എല്ലാവരുടെയും പ്രവർത്തനം വളരെ വിലപ്പെട്ടതാണ്‌. നമ്മുടെ പ്രസംഗപ്രവർത്തനത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്‌. സാത്താന്റെ ഈ വ്യവസ്ഥിതിയിൽനിന്ന്‌ ഇനി എത്ര പേർക്കൂടി രക്ഷപ്പെടാനുണ്ടെന്നു നമുക്ക്‌ അറിയില്ല. എന്നാൽ അവരെ സഹായിക്കാൻ യഹോവയ്‌ക്കു നമ്മളിൽ ആരെ വേണമെങ്കിലും ഉപയോഗിക്കാനാകും. ബൊളീവിയയിൽ താമസിക്കുന്ന ആൻഡ്രിയാസ്‌ സഹോദരൻ പറയുന്നു: “ഒരാൾ സത്യം പഠിച്ച്‌ സ്‌നാനമേൽക്കുന്നത്‌ പല സഹോദരങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണെന്ന്‌ എനിക്ക്‌ അറിയാം.” പ്രസംഗപ്രവർത്തനത്തെക്കുറിച്ച്‌ നമുക്കും അതേ മനോഭാവമുള്ളവരായിരിക്കാം. മടുത്തുപോകാതെ പ്രസംഗപ്രവർത്തനം ചെയ്യുന്നെങ്കിൽ യഹോവ നമ്മളെ അനുഗ്രഹിക്കും, ശുശ്രൂഷയിൽ നമുക്ക്‌ വലിയ സന്തോഷം കണ്ടെത്താനുമാകും.

ഗീതം 66 സന്തോഷവാർത്ത ഘോഷിക്കാം!

^ ഖ. 5 ആളുകളെ വീടുകളിൽ കണ്ടെത്താൻ കഴിയാത്തപ്പോഴും നമ്മൾ അറിയിക്കുന്ന സന്ദേശത്തോട്‌ ആളുകൾ താത്‌പര്യം കാണിക്കാത്തപ്പോഴും മടുത്തുപോകാതെ സന്തോഷത്തോടെ പ്രസംഗപ്രവർത്തനം തുടരാൻ നമുക്ക്‌ എങ്ങനെ കഴിയും? അതിനു സഹായിക്കുന്ന ചില നിർദേശങ്ങളാണ്‌ ഈ ലേഖനത്തിലുള്ളത്‌.

^ ഖ. 7 ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ പ്രചാരകർക്കു പ്രസംഗപ്രവർത്തനത്തിന്റെ പല രീതികൾ പരീക്ഷിച്ചുനോക്കാവുന്നതാണ്‌. എന്നാൽ അത്‌ ഓരോ ദേശത്തെയും വിവരസംരക്ഷണനിയമങ്ങൾക്കു ചേർച്ചയിലായിരിക്കണം.

^ ഖ. 60 ചിത്രക്കുറിപ്പ്‌: (മുകളിൽനിന്ന്‌ താഴേക്ക്‌): ആളുകളെ വീട്ടിൽ കണ്ടെത്താൻ പ്രയാസമുള്ള ഒരു പ്രദേശത്ത്‌ ഒരു ഭാര്യയും ഭർത്താവും പ്രസംഗപ്രവർത്തനത്തിൽ: ആദ്യത്തെ വീട്ടിലെ ആൾ ജോലിസ്ഥലത്താണ്‌. രണ്ടാമത്തെ വീട്ടിലെ വ്യക്തി ആശുപത്രിയിൽ പോയിരിക്കുന്നു. മൂന്നാമത്തെ വീട്ടിലെ ആൾ കടയിൽ സാധനം വാങ്ങുകയാണ്‌. ആദ്യത്തെ വീട്ടിലെ വ്യക്തി ജോലിസ്ഥലത്തുനിന്നും വന്നശേഷം അവർ അദ്ദേഹത്തെ സന്ദർശിക്കുന്നു. ആശുപത്രിക്കടുത്ത്‌ പരസ്യസാക്ഷീകരണം ചെയ്യുമ്പോൾ രണ്ടാമത്തെ വീട്ടിലെ വ്യക്തിയെ കാണുന്നു. മൂന്നാമത്തെ വീട്ടിലെ ആളിനോടു ഫോണിൽ സംസാരിക്കുന്നു