വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

“മറ്റുള്ളവരിൽനിന്ന്‌ എനിക്ക്‌ ഒരുപാടു കാര്യങ്ങൾ പഠിക്കാനായി!”

“മറ്റുള്ളവരിൽനിന്ന്‌ എനിക്ക്‌ ഒരുപാടു കാര്യങ്ങൾ പഠിക്കാനായി!”

നല്ല ഇരുട്ടുള്ള ഒരു രാത്രി. അൽജീറിയയുടെ മലമ്പ്രദേശത്തുള്ള ഒരു പട്ടാള ക്യാമ്പിലായിരുന്നു ഞാൻ. യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയം. അടുക്കിവെച്ചിരുന്ന മണൽച്ചാക്കുകൾക്കു പിന്നിൽ ഞാൻ കാവൽ നിൽക്കുകയായിരുന്നു. കൈയിൽ ഒരു തോക്കുമായി, ഞാൻ ഒറ്റയ്‌ക്ക്‌. എങ്ങും നിശ്ശബ്ദത. പെട്ടെന്ന്‌ ഒരു കാലൊച്ച കേട്ടു. അത്‌ അടുത്തടുത്ത്‌ വരികയാണ്‌. ഞാൻ ആകെ പേടിച്ചുവിറച്ചു. “അയ്യോ, ദൈവമേ” എന്നു ഞാൻ ഉറക്കെ വിളിച്ചുപോയി. എനിക്ക്‌ അന്നു കഷ്ടിച്ച്‌ 20 വയസ്സേ ഉള്ളൂ. ആരെയും കൊല്ലാനോ മരിക്കാനോ എനിക്ക്‌ ആഗ്രഹമില്ലായിരുന്നു.

ആ ഇരുണ്ട രാത്രി എന്റെ ജീവിതം മാറ്റിമറിച്ചു. ഒരു സ്രഷ്ടാവിനായുള്ള എന്റെ അന്വേഷണത്തിന്റെ തുടക്കമായിരുന്നു അത്‌. എന്നാൽ ആ രാത്രി എന്തു സംഭവിച്ചു എന്നു പറയുന്നതിനു മുമ്പ്‌, ഒരു ദൈവത്തെ അന്വേഷിക്കാൻ എന്റെ ഹൃദയത്തെ ഒരുക്കിയ ബാല്യകാല അനുഭവങ്ങളെക്കുറിച്ച്‌ ഞാൻ പറയാം.

ചെറുപ്പത്തിൽ അപ്പനിൽനിന്ന്‌ പഠിച്ച പാഠങ്ങൾ

1937-ൽ വടക്കൻ ഫ്രാൻസിലെ ഗനാൻ എന്ന പട്ടണത്തിലാണു ഞാൻ ജനിച്ചത്‌. കൽക്കരിഖനികൾക്കു പേരുകേട്ട ഒരു സ്ഥലമായിരുന്നു അത്‌. എന്റെ അപ്പനു കൽക്കരിഖനിയിലായിരുന്നു ജോലി. നന്നായി പണിയെടുക്കണമെന്നു ചെറുപ്പത്തിൽത്തന്നെ അദ്ദേഹം എന്നെ പഠിപ്പിച്ചു. ഖനിത്തൊഴിലാളികൾ നേരിടുന്ന അനീതിയും അവഗണനയും അപ്പനു സഹിക്കാനായില്ല. അതുകൊണ്ട്‌ അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ അദ്ദേഹം യൂണിയനിൽ ചേരുകയും സമരങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു. അപ്പന്റെ ആ നീതിബോധം ചെറുപ്പത്തിലേതന്നെ എന്നെയും സ്വാധീനിച്ചു. ഇനി, പുരോഹിതന്മാരുടെ കാപട്യവും അപ്പനെ ഒരുപാടു വിഷമിപ്പിച്ചു. അവരിൽ പലരും നല്ല നിലയിലാണു ജീവിക്കുന്നത്‌, എന്നിട്ടും ജീവിക്കാൻ വകയില്ലാത്ത പാവം ഖനിത്തൊഴിലാളികളുടെ അടുത്ത്‌ വന്ന്‌ അവർ ഭക്ഷണവും പണവും ഒക്കെ ചോദിക്കുമായിരുന്നു. പുരോഹിതന്മാരുടെ ഈ രീതിയൊക്കെ കണ്ടിട്ട്‌ അപ്പന്‌ അവരോടു വല്ലാത്ത വെറുപ്പായിരുന്നു. അതുകൊണ്ടുതന്നെ, അദ്ദേഹം എന്നെ മതകാര്യങ്ങൾ ഒന്നും പഠിപ്പിച്ചില്ല. ശരിക്കും പറഞ്ഞാൽ ദൈവത്തെക്കുറിച്ചുപോലും ഞങ്ങൾ സംസാരിക്കാറില്ലായിരുന്നു.

വളർന്നുവന്നപ്പോൾ അനീതിയോട്‌ എനിക്കും വെറുപ്പു തോന്നിത്തുടങ്ങി. ഫ്രാൻസിൽ താമസിക്കുന്ന വിദേശികളോടുള്ള ആളുകളുടെ പെരുമാറ്റം എനിക്ക്‌ ഒട്ടും സഹിക്കാനായില്ല. അന്യനാട്ടിൽനിന്ന്‌ വന്ന്‌ താമസിക്കുന്ന കുട്ടികളെ എനിക്ക്‌ ഇഷ്ടമായിരുന്നു. ഞാൻ അവരുടെകൂടെ പന്തു കളിക്കുകയൊക്കെ ചെയ്‌തിരുന്നു. ഇനി എന്റെ അമ്മയാണെങ്കിൽ ഫ്രഞ്ചുകാരിയല്ല, പോളണ്ടുകാരിയായിരുന്നു. എല്ലാ വംശത്തിൽപ്പെട്ട ആളുകളെയും തുല്യരായി കാണണമെന്നും അവരെല്ലാം സമാധാനത്തിൽ കഴിയണമെന്നും ആയിരുന്നു എന്റെ ആഗ്രഹം.

ജീവിതത്തെക്കുറിച്ച്‌ ഞാൻ കൂടുതൽ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി

ഞാൻ പട്ടാളത്തിലായിരിക്കുമ്പോൾ

1957-ൽ എന്നോടു പട്ടാളത്തിൽ ചേരാൻ അധികാരികൾ ആവശ്യപ്പെട്ടു. അങ്ങനെയാണ്‌ ആ ഇരുണ്ട രാത്രിയിൽ, നേരത്തേ പറഞ്ഞ അൽജീറിയൻ മലനിരകളിൽ ഞാൻ എത്തിപ്പെട്ടത്‌. അന്നു ഞാൻ “അയ്യോ, ദൈവമേ” എന്നു വിളിച്ചുപറഞ്ഞിട്ട്‌ കണ്ണു തുറന്നുനോക്കിയപ്പോൾ കണ്ടത്‌ ഒരു ശത്രുസൈനികനെയല്ല, ഒരു കാട്ടുകഴുതയെയാണ്‌! അപ്പോൾ എത്ര ആശ്വാസം തോന്നിയെന്നോ! എന്നാൽ ആ സംഭവവും യുദ്ധവും ജീവിതത്തെക്കുറിച്ച്‌ കൂടുതൽ ഗൗരവമായി ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. ‘ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്‌? ദൈവം നമ്മളെക്കുറിച്ച്‌ ചിന്തയുള്ളവനാണോ? എല്ലാവരും സമാധാനത്തിൽ കഴിയുന്ന ഒരു കാലം എന്നെങ്കിലും വരുമോ?’ എന്നൊക്കെ ഞാൻ ചിന്തിച്ചു.

പിന്നീട്‌, അവധിക്കു വീട്ടിൽ ചെന്നപ്പോൾ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളെ അവിടെവെച്ച്‌ ഞാൻ കണ്ടു. അദ്ദേഹം എനിക്ക്‌ ഒരു ബൈബിൾ തന്നു. അൽജീറിയയിൽ മടങ്ങിയെത്തിയശേഷം ഞാൻ അതു വായിക്കാൻ തുടങ്ങി. അതിലെ ഒരു പ്രത്യേകഭാഗം എന്റെ മനസ്സിൽത്തട്ടി, വെളിപാട്‌ 21:3, 4. അവിടെ പറയുന്നു: “ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ. . . . ദൈവം അവരുടെ കണ്ണുകളിൽനിന്ന്‌ കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.” ആദ്യമായിട്ടാണു ഞാൻ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച്‌ കേൾക്കുന്നത്‌. ‘ഇങ്ങനെയൊക്കെ നടക്കുമോ’ എന്നു ഞാൻ ചിന്തിച്ചു. ആ സമയത്ത്‌ ദൈവത്തെക്കുറിച്ചോ ബൈബിളിനെക്കുറിച്ചോ എനിക്ക്‌ ഒന്നുംതന്നെ അറിയില്ലായിരുന്നു.

1959-ൽ പട്ടാളസേവനം പൂർത്തിയാക്കിയശഷം ഫ്രാൻസ്‌വോ എന്നു പേരുള്ള ഒരു സാക്ഷിയെ ഞാൻ കണ്ടുമുട്ടി. അദ്ദേഹം ബൈബിളിൽനിന്ന്‌ പല കാര്യങ്ങളും എന്നെ പഠിപ്പിച്ചു. ഉദാഹരണത്തിന്‌, ദൈവത്തിന്‌ ഒരു പേരുണ്ട്‌, അത്‌ യഹോവ എന്നാണ്‌ എന്ന്‌ അദ്ദേഹം ബൈബിളിൽനിന്ന്‌ എനിക്കു കാണിച്ചുതന്നു. (സങ്കീ. 83:18) കൂടാതെ, യഹോവ ഭൂമിയിൽ നീതി നടപ്പാക്കുമെന്നും ഭൂമി ഒരു പറുദീസയാകുമെന്നും വെളിപാട്‌ 21:3, 4-ലെ വാക്കുകൾ നിറവേറുമെന്നും അദ്ദേഹം വിശദീകരിച്ചു.

ആ പറഞ്ഞതിലൊക്കെ കാര്യമുണ്ടെന്ന്‌ എനിക്കു മനസ്സിലായി. അത്‌ എന്റെ ഹൃദയത്തെ തൊട്ടു. അതേസമയം പുരോഹിതന്മാരോട്‌ എനിക്കു നല്ല ദേഷ്യവും തോന്നി. ബൈബിളിലില്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുന്ന അവരുടെ മുഖംമൂടി വലിച്ചുകീറാൻ ഞാൻ ആഗ്രഹിച്ചു. എനിക്ക്‌ ഒട്ടും ക്ഷമയില്ലായിരുന്നു. അപ്പനെപ്പോലെതന്നെ അനീതി വെച്ചുപൊറുപ്പിക്കാൻ എനിക്കാകുമായിരുന്നില്ല. ഉടനടി എന്തെങ്കിലും ചെയ്യണമെന്നു ഞാൻ ചിന്തിച്ചു.

എന്നാൽ, ദേഷ്യമൊക്കെ കുറച്ച്‌ ശാന്തനാകാൻ ഫ്രാൻസ്‌വോയും സാക്ഷികളായ എന്റെ പുതിയ കൂട്ടുകാരും എന്നെ സഹായിച്ചു. ക്രിസ്‌ത്യാനികളായ നമ്മുടെ ഉത്തരവാദിത്വം ആളുകളെ വിധിക്കുകയല്ല, മറിച്ച്‌ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അറിയിച്ചുകൊണ്ട്‌ ആളുകൾക്കു പ്രത്യാശ പകരുകയാണെന്ന്‌ അവർ എനിക്കു വിശദീകരിച്ചുതന്നു. അതാണു യേശു ചെയ്‌തത്‌. തന്റെ അനുഗാമികളോടു ചെയ്യാൻ യേശു ആവശ്യപ്പെട്ടിരിക്കുന്നതും അതുതന്നെയാണ്‌. (മത്താ. 24:14; ലൂക്കോ. 4:43) ആളുകളുടെ വിശ്വാസം എന്തുതന്നെയായാലും അവരോടു ദയയോടെ നയപരമായി സംസാരിക്കാനും ഞാൻ പഠിക്കണമായിരുന്നു. ബൈബിൾ പറയുന്നു: ‘കർത്താവിന്റെ അടിമ വഴക്കുണ്ടാക്കേണ്ടതില്ല. പകരം എല്ലാവരോടും ശാന്തമായി ഇടപെടുന്നവനായിരിക്കണം.’—2 തിമൊ. 2:24.

ഞാൻ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ വരുത്തി. അങ്ങനെ 1959-ലെ ഒരു സർക്കിട്ട്‌ സമ്മേളനത്തിൽ യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്‌നാനമേറ്റു. അവിടെവെച്ച്‌ ഞാൻ എയ്‌ഞ്ചെൽ എന്നു പേരുള്ള ഒരു സഹോദരിയെ കണ്ടു. അവളെ എനിക്ക്‌ ഇഷ്ടമായി. ഞാൻ ഇടയ്‌ക്കിടെ അവളുടെ സഭയിൽ മീറ്റിങ്ങിനു പോകാൻതുടങ്ങി. അങ്ങനെ 1960-ൽ ഞങ്ങൾ വിവാഹിതരായി. എന്റെ ഭാര്യ എത്ര നല്ലവളാണെന്നോ! ശരിക്കും യഹോവ തന്ന ഒരു സമ്മാനമാണ്‌ അവൾ.—സുഭാ. 19:14.

ഞങ്ങളുടെ വിവാഹദിവസം

അറിവും അനുഭവപരിചയവും ഉള്ള സഹോദരന്മാരിൽനിന്ന്‌ ഞാൻ പലതും പഠിച്ചു

വർഷങ്ങൾകൊണ്ട്‌ അറിവും അനുഭവപരിചയവും ഉള്ള സഹോദരന്മാരിൽനിന്ന്‌ പ്രധാനപ്പെട്ട ഒത്തിരിയൊത്തിരി കാര്യങ്ങൾ പഠിക്കാൻ എനിക്കു കഴിഞ്ഞു. അതിൽ ഏറ്റവും മനസ്സിൽത്തങ്ങിനിൽക്കുന്നത്‌ ഇതാണ്‌: ബുദ്ധിമുട്ടുള്ള ഏതൊരു നിയമനവും ചെയ്യുന്നതിൽ വിജയിക്കാൻ നമ്മൾ താഴ്‌മയുള്ളവരായിരിക്കണം; കൂടാതെ സുഭാഷിതങ്ങൾ 15:22-ൽ പറയുന്നതുപോലെ “അനേകം ഉപദേശകരുണ്ടെങ്കിൽ വിജയം നേടാം” എന്ന ഉപദേശം അനുസരിക്കുകയും വേണം.

1965-ൽ ഫ്രാൻസിൽ സർക്കിട്ട്‌ വേലയിലായിരിക്കുമ്പോൾ

ദൈവപ്രചോദിതമായ ആ വാക്കുകൾ എത്ര സത്യമാണെന്ന്‌ 1964-ൽ ഞാൻ കൂടുതലായി തിരിച്ചറിയാൻതുടങ്ങി. ആ വർഷമാണു ഞാൻ ഒരു സർക്കിട്ട്‌ മേൽവിചാരകനായി പ്രവർത്തിക്കാൻ തുടങ്ങിയത്‌. സഭകൾ സന്ദർശിച്ച്‌ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയും യഹോവയോടു കൂടുതൽ അടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുകയായിരുന്നു എന്റെ നിയമനം. എനിക്ക്‌ അന്ന്‌ 27 വയസ്സേ ഉള്ളൂ, ഒട്ടും അനുഭവപരിചയമില്ല. അതുകൊണ്ടുതന്നെ ഞാൻ പല തെറ്റുകളും വരുത്തി. എന്നാൽ ആ തെറ്റുകളിൽനിന്ന്‌ പാഠം പഠിക്കാൻ ഞാൻ ശ്രമിച്ചു. പ്രാപ്‌തരും അനുഭവപരിചയമുള്ളവരും ആയ ‘ഉപദേശകരിൽനിന്ന്‌’ വിലയേറിയ പല കാര്യങ്ങളും പഠിക്കാൻ എനിക്കു കഴിഞ്ഞു.

ആദ്യകാലത്തുണ്ടായ ഒരു അനുഭവം ഞാൻ പറയാം. പാരീസിലെ ഒരു സഭ സന്ദർശിച്ചുകഴിഞ്ഞപ്പോൾ, അവിടത്തെ അനുഭവപരിചയമുള്ള ഒരു സഹോദരൻ, എന്നോട്‌ ഒറ്റയ്‌ക്കൊന്നു സംസാരിക്കാൻ കഴിയുമോ എന്നു ചോദിച്ചു. “അതിന്‌ എന്താ,” എന്നു ഞാൻ പറഞ്ഞു.

അദ്ദേഹം ചോദിച്ചു: “ലൂയി, ഡോക്ടർമാർ ആരെയാണു ചികിത്സിക്കുന്നത്‌? രോഗികളെയോ അതോ ആരോഗ്യമുള്ളവരെയോ?”

“രോഗികളെ” എന്നു ഞാൻ പറഞ്ഞു.

അപ്പോൾ അദ്ദേഹം പറഞ്ഞു: “ശരിയാ, പക്ഷേ സഹോദരൻ ഇവിടെ വന്നിട്ട്‌ സഭാമേൽവിചാരകനെപ്പോലെ ആത്മീയമായി ശക്തരായവരുടെകൂടെയാണല്ലോ കൂടുതൽ സമയവും ചെലവഴിച്ചത്‌. ഞങ്ങളുടെ സഭയിൽ നിരുത്സാഹിതരും പുതിയവരും ഉൾവലിയുന്നവരും ആയ കുറെ സഹോദരീസഹോദരന്മാരുണ്ട്‌. സഹോദരൻ അവരുടെ വീട്ടിലൊക്കെ ചെന്ന്‌ ഒരു നേരത്തെ ആഹാരം കഴിച്ച്‌ അവരുടെകൂടെ സമയം ചെലവഴിച്ചാൽ അവർക്ക്‌ എത്ര സന്തോഷമാകുമെന്നോ!”

ആ സഹോദരൻ സ്‌നേഹത്തോടെ അങ്ങനെ ഒരു ഉപദേശം തന്നതിനു ഞാൻ നന്ദിയുള്ളവനാണ്‌. യഹോവയുടെ ആടുകളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം എനിക്കു ശരിക്കും മനസ്സിലായി. ഒരു തെറ്റുപറ്റിയെന്ന്‌ അംഗീകരിക്കുക അത്ര എളുപ്പമായിരുന്നില്ലെങ്കിലും സഹോദരൻ പറഞ്ഞതുപോലെതന്നെ ഞാൻ ചെയ്‌തു. ഇതുപോലുള്ള സഹോദരന്മാരെ തന്നതിന്‌ എനിക്ക്‌ യഹോവയോട്‌ ഒത്തിരി നന്ദിയുണ്ട്‌.

1969-ലും 1973-ലും പാരീസിലെ കൊളംബസിൽ നടന്ന രണ്ട്‌ അന്താരാഷ്‌ട്ര കൺവെൻഷനുകളിൽ ഭക്ഷ്യവിതരണത്തിന്റെ ചുമതല എനിക്കായിരുന്നു. 1973-ലെ കൺവെൻഷനിൽ 60,000-ത്തോളം പേർക്ക്‌ അഞ്ചു ദിവസത്തേക്ക്‌ ആഹാരം നൽകണമായിരുന്നു! ഇത്‌ എങ്ങനെ ചെയ്യുമെന്ന്‌ ഓർത്ത്‌ എനിക്ക്‌ ആകെ പേടി തോന്നി. സുഭാഷിതങ്ങൾ 15:22-ലെ ഉപദേശം എത്ര സത്യമാണെന്നു വീണ്ടും ഒരിക്കൽക്കൂടി എനിക്കു ബോധ്യമായി. ഭക്ഷ്യവിതരണമേഖലയിൽ അനുഭവപരിചയമുള്ള, ആത്മീയമായി പക്വതയുള്ള, സഹോദരന്മാരോടു ഞാൻ ഉപദേശം ചോദിച്ചു. ഇറച്ചി വെട്ടുന്നവരും പച്ചക്കറി കൃഷി ചെയ്യുന്നവരും പാചകക്കാരും സാധനങ്ങൾ വാങ്ങുന്നതിൽ അനുഭവപരിചയമുള്ളവരും ഒക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ട്‌ ഞങ്ങൾക്ക്‌ ആ വലിയ ഉത്തരവാദിത്വം പൂർത്തിയാക്കാനായി.

1973-ൽ എന്നെയും ഭാര്യയെയും ഫ്രാൻസിലെ ബഥേലിൽ സേവിക്കാൻ ക്ഷണിച്ചു. അവിടെ എനിക്ക്‌ ആദ്യം കിട്ടിയ നിയമനം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. ആഫ്രിക്കൻ രാജ്യമായ കാമറൂണിലുള്ള നമ്മുടെ സഹോദരങ്ങൾക്കു പ്രസിദ്ധീകരണങ്ങൾ എത്തിച്ചുകൊടുക്കുകയായിരുന്നു എന്റെ ജോലി. 1970 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ നമ്മുടെ പ്രവർത്തനം അവിടെ നിരോധിച്ചിരിക്കുകയായിരുന്നു. ഈ നിയമനവും ചെയ്യാൻ എന്നെക്കൊണ്ടാകുമോ എന്നു ഞാൻ ചിന്തിച്ചു. എന്റെ മനസ്സു വായിച്ചിട്ടാകാം, ഫ്രാൻസിലെ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന സഹോദരൻ പ്രോത്സാഹിപ്പിക്കാനായി എന്നോടു പറഞ്ഞു: “കാമറൂണിലെ നമ്മുടെ സഹോദരങ്ങൾ ആത്മീയാഹാരം കിട്ടാൻവേണ്ടി കാത്തിരിക്കുകയാണ്‌. എങ്ങനെയും നമുക്ക്‌ ഇത്‌ എത്തിച്ചുകൊടുക്കണം.” ആ ഉത്തരവാദിത്വം ഞങ്ങൾ നന്നായിത്തന്നെ ചെയ്‌തു.

നൈജീരിയയിൽവെച്ച്‌ നടന്ന ഒരു പ്രത്യേകയോഗത്തിൽ കാമറൂണിൽനിന്നുള്ള സാക്ഷികളോടൊപ്പം, 1973

കാമറൂണിന്റെ അതിർത്തിപ്രദേശങ്ങളിലേക്കു ഞാൻ പല തവണ യാത്ര ചെയ്‌തു. കാമറൂണിൽനിന്നുള്ള മൂപ്പന്മാർ അവിടെ വന്ന്‌ എന്നെ കാണുമായിരുന്നു. നല്ല ധൈര്യവും ബുദ്ധിയും ഉള്ള സഹോദരന്മാരായിരുന്നു അവർ. ഒരു മുടക്കവും കൂടാതെ പ്രസിദ്ധീകരണങ്ങൾ കൃത്യമായി അവിടെ എത്തിക്കാനുള്ള വഴി അവർ എനിക്കു പറഞ്ഞുതന്നു. ഞങ്ങളുടെ ശ്രമങ്ങളെ യഹോവ ശരിക്കും അനുഗ്രഹിച്ചു. ഏതാണ്ട്‌ 20 വർഷം കാമറൂണിലെ നമ്മുടെ സഹോദരങ്ങൾക്കു വീക്ഷാഗോപുരത്തിന്റെയോ പ്രതിമാസപ്രസിദ്ധീകരണമായ നമ്മുടെ രാജ്യസേവനത്തിന്റെയോ ഒരു ലക്കംപോലും നഷ്ടപ്പെട്ടില്ല.

1977-ൽ എയ്‌ഞ്ചെലും ഞാനും കാമറൂണിൽനിന്നുള്ള സർക്കിട്ട്‌ മേൽവിചാരകന്മാരോടും ഭാര്യമാരോടും ഒപ്പം നൈജീരിയ സന്ദർശിച്ചപ്പോൾ

എന്റെ പ്രിയഭാര്യയിൽനിന്നും ഞാൻ ഒരുപാടു കാര്യങ്ങൾ പഠിച്ചു

എയ്‌ഞ്ചെലിനെ പരിചയപ്പെട്ട കാലംമുതൽ അവളുടെ ആത്മീയഗുണങ്ങൾ ഞാൻ ശ്രദ്ധിക്കുന്നതാണ്‌. വിവാഹത്തിനു ശേഷം എനിക്ക്‌ അതു കൂടുതൽ വ്യക്തമായി കാണാനായി. ഞങ്ങളുടെ വിവാഹദിവസം വൈകുന്നേരംതന്നെ, ഒരുമിച്ച്‌ യഹോവയെ ഏറ്റവും നന്നായി സേവിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തെക്കുറിച്ച്‌ യഹോവയോടു പ്രാർഥിക്കാൻ അവൾ എന്നോടു പറഞ്ഞു. യഹോവ ഞങ്ങളുടെ ആ പ്രാർഥനയ്‌ക്ക്‌ ഉത്തരം തന്നു.

യഹോവയിൽ പൂർണമായി ആശ്രയിക്കാനും എയ്‌ഞ്ചെൽ എന്നെ സഹായിച്ചിട്ടുണ്ട്‌. ഒരു ഉദാഹരണം പറയാം: 1973-ൽ ഞങ്ങളെ ബഥേലിലേക്കു ക്ഷണിച്ചപ്പോൾ പോകാൻ എനിക്ക്‌ അൽപ്പം മടിയായിരുന്നു. കാരണം എനിക്ക്‌ സർക്കിട്ട്‌ വേല അത്ര ഇഷ്ടമായിരുന്നു. അപ്പോൾ എയ്‌ഞ്ചെൽ എന്നോടു പറഞ്ഞു: “നമ്മൾ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചിരിക്കുന്നതാണല്ലോ? അപ്പോൾ യഹോവയുടെ സംഘടന എന്തു പറഞ്ഞാലും നമ്മൾ അത്‌ അനുസരിക്കേണ്ടതല്ലേ?” (എബ്രാ. 13:17) എനിക്ക്‌ അതിനു മറുപടിയൊന്നും പറയാനില്ലായിരുന്നു. അങ്ങനെ ഞങ്ങൾ ബഥേലിലേക്കു പോയി. ഞങ്ങൾ ഒരുമിച്ചായിരുന്ന ഇക്കാലമത്രയും എന്റെ ഭാര്യയുടെ വിവേകവും നല്ല വകതിരിവും ആത്മീയകാഴ്‌ചപ്പാടും ഞങ്ങളുടെ വിവാഹബന്ധത്തെ ശക്തമാക്കി, ശരിയായ തീരുമാനങ്ങളെടുക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്‌തു.

ഫ്രാൻസിലെ ബഥേലിലുള്ള പൂന്തോട്ടത്തിൽ എയ്‌ഞ്ചെലിനോടൊപ്പം

ഇപ്പോൾ ഞങ്ങൾക്ക്‌ ഒരുപാടു പ്രായമായി. എയ്‌ഞ്ചെൽ ഇപ്പോഴും എനിക്ക്‌ നല്ലൊരു സഹായമാണ്‌. ഉദാഹരണത്തിന്‌, പല ദിവ്യാധിപത്യ സ്‌കൂളുകളും നടക്കുന്നത്‌ ഇംഗ്ലീഷിലാണ്‌. അതിൽ പങ്കെടുക്കാൻവേണ്ടി ഞാനും എയ്‌ഞ്ചെലും ഇംഗ്ലീഷ്‌ നന്നായി പഠിക്കാൻ തീരുമാനിച്ചു. അതിനുവേണ്ടി, 75-നോട്‌ അടുത്ത്‌ പ്രായമുണ്ടായിരുന്നെങ്കിലും ഞങ്ങൾ ഒരു ഇംഗ്ലീഷ്‌ സഭയിലേക്കു മാറി. ഞാൻ ഫ്രാൻസിലെ ബ്രാഞ്ച്‌ കമ്മിറ്റിയിലെ അംഗമായതുകൊണ്ട്‌ ഭാഷ പഠിക്കാനൊന്നും എനിക്ക്‌ അധികം സമയം കിട്ടുമായിരുന്നില്ല. എന്നാൽ എയ്‌ഞ്ചെലും ഞാനും ഇക്കാര്യത്തിൽ പരസ്‌പരം സഹായിച്ചു. ഇപ്പോൾ ഞങ്ങൾക്കു പ്രായം 80-നു മേലെ ആയി. ഞങ്ങൾ ഇന്നും മീറ്റിങ്ങിനുവേണ്ടി ഇംഗ്ലീഷിലും ഫ്രഞ്ചിലും തയ്യാറാകും. സഭയോടൊത്ത്‌ മീറ്റിങ്ങുകളിലും ശുശ്രൂഷയിലും പങ്കെടുക്കാൻ ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്‌. ഇംഗ്ലീഷ്‌ പഠിക്കാനുള്ള ഞങ്ങളുടെ ശ്രമത്തെ യഹോവ ശരിക്കും അനുഗ്രഹിച്ചിരിക്കുന്നു.

2017-ൽ ഞങ്ങൾക്കു വലിയൊരു അനുഗ്രഹം ലഭിച്ചു. എയ്‌ഞ്ചെലിനും എനിക്കും ന്യൂയോർക്കിലെ പാറ്റേർസണിലുള്ള വാച്ച്‌ടവർ വിദ്യാഭ്യാസകേന്ദ്രത്തിൽവെച്ച്‌ നടന്ന ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കും ഭാര്യമാർക്കും ഉള്ള സ്‌കൂളിൽ പങ്കെടുക്കാനായി.

യഹോവ ശരിക്കും മഹാനായ ഉപദേഷ്ടാവാണ്‌. (യശ. 30:20) അതുകൊണ്ട്‌ നമുക്ക്‌ എല്ലാവർക്കും, പ്രായമായവർക്കും ചെറുപ്പക്കാർക്കും, ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിക്കുന്നു. (ആവ. 4:5-8) ചെറുപ്പക്കാർ യഹോവയുടെയും അനുഭവപരിചയമുള്ള സഹോദരീസഹോദരന്മാരുടെയും വാക്കു കേട്ട്‌ അനുസരിക്കുന്നെങ്കിൽ, അവർക്കു ജീവിതത്തിൽ ശരിയായ തീരുമാനങ്ങളെടുക്കാനും യഹോവയെ വിശ്വസ്‌തമായി സേവിക്കാനും കഴിയുമെന്നു ഞാൻ അനുഭവിച്ച്‌ അറിഞ്ഞിരിക്കുന്നു. സുഭാഷിതങ്ങൾ 9:9 പറയുന്നു: “ജ്ഞാനിക്ക്‌ അറിവ്‌ പകർന്നുകൊടുക്കുക, അവൻ കൂടുതൽ ജ്ഞാനിയാകും. നീതിമാനെ പഠിപ്പിക്കുക, അവൻ പഠിച്ച്‌ അറിവ്‌ വർധിപ്പിക്കും.”

ഏതാണ്ട്‌ 60 വർഷം മുമ്പ്‌ അൽജീറിയയിലെ മലമുകളിൽവെച്ച്‌ ആ ഇരുണ്ട രാത്രിയിലുണ്ടായ അനുഭവം ഞാൻ ഇടയ്‌ക്കൊക്കെ ഓർക്കാറുണ്ട്‌. എന്റെ ജീവിതം ഇത്ര സന്തോഷമുള്ള ഒന്നായിത്തീരുമെന്ന്‌ അന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. മറ്റുള്ളവരിൽനിന്ന്‌ എനിക്ക്‌ ഒരുപാടു കാര്യങ്ങൾ പഠിക്കാനായി. യഹോവ എനിക്കും എയ്‌ഞ്ചെലിനും സന്തോഷവും സംതൃപ്‌തിയും നിറഞ്ഞ ഒരു ജീവിതം സമ്മാനിച്ചിരിക്കുന്നു. അതുകൊണ്ട്‌ നമ്മുടെ സ്വർഗീയപിതാവായ യഹോവയിൽനിന്നും അറിവും അനുഭവപരിചയവും ഉള്ള സഹോദരീസഹോദരന്മാരിൽനിന്നും പഠിക്കുന്നത്‌ ഒരിക്കലും നിറുത്തിക്കളയരുതെന്നാണു ഞങ്ങളുടെ തീരുമാനം.