വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 21

യഹോവ നിങ്ങൾക്കു ശക്തി തരും

യഹോവ നിങ്ങൾക്കു ശക്തി തരും

“ബലഹീനനായിരിക്കുമ്പോൾത്തന്നെ ഞാൻ ശക്തനുമാണ്‌.” —2 കൊരി. 12:10.

ഗീതം 73 ധൈര്യം തരേണമേ

പൂർവാവലോകനം *

1-2. പല സാക്ഷികളും എന്തെല്ലാം പ്രശ്‌നങ്ങളാണു നേരിടുന്നത്‌?

ശുശ്രൂഷ നന്നായി ചെയ്‌തുതീർക്കാൻ പൗലോസ്‌ അപ്പോസ്‌തലൻ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചു. ഒരർഥത്തിൽ ആ പ്രോത്സാഹനം ഇന്നു നമുക്കുംകൂടെയുള്ളതാണ്‌. (2 തിമൊ. 4:5) അതുകൊണ്ട്‌ പൗലോസിന്റെ ആ ഉപദേശമനുസരിച്ച്‌ നമ്മളെല്ലാം ദൈവസേവനത്തിൽ പരമാവധി ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ പലപ്പോഴും അത്‌ അത്ര എളുപ്പമല്ല. പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനു നമ്മുടെ സഹോദരങ്ങൾക്കെല്ലാം നല്ല ധൈര്യം ആവശ്യമാണ്‌. (2 തിമൊ. 4:2) കാരണം പല സഹോദരങ്ങളും ഇന്നു താമസിക്കുന്നതു നമ്മുടെ പ്രവർത്തനത്തിനു നിയന്ത്രണമോ നിരോധനമോ ഉള്ള സ്ഥലങ്ങളിലാണ്‌. പിടിക്കപ്പെട്ടാൽ ജയിലിൽ പോകേണ്ടിവരുമെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ അവർ ഈ പ്രവർത്തനം ചെയ്യുന്നത്‌!

2 നിരുത്സാഹപ്പെടുത്തുന്ന പല പ്രശ്‌നങ്ങളും ഇന്ന്‌ യഹോവയുടെ ജനത്തിനു നേരിടുന്നുണ്ട്‌. ഉദാഹരണത്തിന്‌, കുടുംബം പുലർത്താൻ പലർക്കും പകലന്തിയോളം ജോലി ചെയ്യേണ്ടിവരുന്നു. പ്രസംഗപ്രവർത്തനം നന്നായി ചെയ്യണമെന്ന്‌ അവർക്ക്‌ ആഗ്രഹമുണ്ട്‌. പക്ഷേ, ആഴ്‌ചയുടെ അവസാനമാകുമ്പോഴേക്കും അവർ ആകെ ക്ഷീണിതരായിരിക്കും. ഇനി, മറ്റു ചിലർക്കാണെങ്കിൽ വിട്ടുമാറാത്ത രോഗമോ പ്രായത്തിന്റെ ബുദ്ധിമുട്ടുകളോ കാരണം വീട്ടിൽത്തന്നെ കഴിഞ്ഞുകൂടേണ്ടിവരുന്നു. അതുകൊണ്ട്‌ അവർക്ക്‌ അധികം പ്രവർത്തിക്കാൻ കഴിയുന്നില്ല. ഇനി, യഹോവയ്‌ക്കു തങ്ങളോട്‌ ഇഷ്ടമില്ല എന്ന ചിന്തയാണു വേറെ ചിലരുടെ പ്രശ്‌നം. മേരി * എന്ന സഹോദരി പറയുന്നു: “എന്നെ ഒന്നിനും കൊള്ളില്ല, ഞാൻ വിലയില്ലാത്തവളാണ്‌ എന്നതുപോലുള്ള ചിന്തകളെ മറികടക്കാൻ എനിക്കു നന്നായി കഷ്ടപ്പെടേണ്ടിവരുന്നു. അത്‌ എന്നെ വല്ലാതെ ക്ഷീണിപ്പിക്കുന്നു. ശരിക്കും പ്രസംഗപ്രവർത്തനത്തിനുവേണ്ടി ഉപയോഗിക്കേണ്ട സമയവും ഊർജവും ഒക്കെയാണല്ലോ ഞാൻ ഇങ്ങനെ പാഴാക്കിക്കളയുന്നതെന്ന്‌ ഓർക്കുമ്പോൾ എനിക്കു കുറ്റബോധം തോന്നുന്നു.”

3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്‌?

3 എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും കഴിവിന്റെ പരമാവധി നമുക്ക്‌ യഹോവയെ സേവിക്കാനാകും. കാരണം അതിനുള്ള ശക്തി യഹോവ നമുക്കു തരും. യഹോവ നമ്മളെ എങ്ങനെ സഹായിക്കുമെന്നു നോക്കുന്നതിനു മുമ്പ്‌, പ്രയാസങ്ങളൊക്കെ ഉണ്ടായപ്പോഴും ശുശ്രൂഷ നന്നായി ചെയ്യാൻ യഹോവ എങ്ങനെയാണു പൗലോസിനെയും തിമൊഥെയൊസിനെയും ശക്തരാക്കിയതെന്നു നമുക്കു നോക്കാം.

പ്രസംഗപ്രവർത്തനത്തിൽ തുടരാൻ യഹോവ ശക്തി നൽകുന്നു

4. പൗലോസിന്‌ എന്തെല്ലാം പ്രശ്‌നങ്ങൾ നേരിട്ടു?

4 പൗലോസിന്‌ ഒരുപാടു പ്രശ്‌നങ്ങൾ നേരിട്ടു. ശത്രുക്കൾ പൗലോസിനെ അടിച്ചു, ജയിലിലാക്കി, കൊല്ലാൻപോലും ശ്രമിച്ചു. അപ്പോഴെല്ലാം അദ്ദേഹത്തിന്‌ യഹോവയുടെ സഹായം ആവശ്യമായിരുന്നു. (2 കൊരി. 11:23-25) ഇനി, ചിലപ്പോഴൊക്കെ പൗലോസിനു നിരുത്സാഹത്തെ മറികടക്കേണ്ടതായും വന്നു. (റോമ. 7:18, 19, 24) കൂടാതെ, അദ്ദേഹത്തിനു ‘ജഡത്തിലെ മുള്ളുപോലെ’ ഒരു ആരോഗ്യപ്രശ്‌നവുമുണ്ടായിരുന്നു. ദൈവം അത്‌ എങ്ങനെയെങ്കിലും മാറ്റിത്തരണമെന്ന്‌ അദ്ദേഹം ഒരുപാട്‌ ആഗ്രഹിച്ചു.—2 കൊരി. 12:7, 8.

പൗലോസിനു പ്രസംഗപ്രവർത്തനം തുടരാൻ കഴിഞ്ഞത്‌ എങ്ങനെ? (5-6 ഖണ്ഡികകൾ കാണുക) *

5. പല പ്രശ്‌നങ്ങൾ നേരിട്ടെങ്കിലും പൗലോസിന്‌ എന്തെല്ലാം ചെയ്യാൻ കഴിഞ്ഞു?

5 ഇതുപോലുള്ള കുറെ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നപ്പോഴും പ്രസംഗപ്രവർത്തനം തുടരാൻ യഹോവ പൗലോസിനെ ശക്തനാക്കി. അതുകൊണ്ട്‌ പൗലോസിന്‌ എന്തെല്ലാം ചെയ്യാൻ കഴിഞ്ഞു? ഉദാഹരണത്തിന്‌, റോമിൽ വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ പൗലോസ്‌ ഉത്സാഹത്തോടെ ജൂതപ്രമാണിമാരോടും ഒരുപക്ഷേ ചില ഗവൺമെന്റ്‌ അധികാരികളോടും സന്തോഷവാർത്ത അറിയിച്ചു. (പ്രവൃ. 28:17; ഫിലി. 4:21, 22) കൂടാതെ, ചക്രവർത്തിയുടെ അംഗരക്ഷകരിൽ പലരോടും അതുപോലെ തന്നെ കാണാൻ വന്ന എല്ലാവരോടും പൗലോസ്‌ പ്രസംഗിച്ചു. (പ്രവൃ. 28:30, 31; ഫിലി. 1:13) ആ സമയത്ത്‌ പൗലോസ്‌ ദൈവപ്രചോദിതമായി പല കത്തുകളും എഴുതി, അന്നത്തെ ക്രിസ്‌ത്യാനികൾക്കും ഇന്നുള്ളവർക്കും പ്രയോജനം ചെയ്യുന്ന കത്തുകൾ. കൂടാതെ, പൗലോസിന്റെ മാതൃകതന്നെ റോമിലെ ക്രിസ്‌ത്യാനികളെ ശക്തിപ്പെടുത്തി. “പേടിയില്ലാതെ ദൈവവചനം സംസാരിക്കാൻ മുമ്പത്തേതിലും ധൈര്യം” കാണിക്കുന്നതിന്‌ അത്‌ അവരെ സഹായിച്ചു. (ഫിലി. 1:14) ആഗ്രഹിക്കുന്നതുപോലെയെല്ലാം ചെയ്യാൻ പൗലോസിനു പലപ്പോഴും കഴിഞ്ഞില്ലെന്നുള്ളതു ശരിയാണ്‌. പക്ഷേ, താൻ ആയിരുന്ന സാഹചര്യത്തിൽ കഴിവിന്റെ പരമാവധി പ്രവർത്തിക്കാൻ പൗലോസ്‌ ശ്രമിച്ചു. അതു വാസ്‌തവത്തിൽ സന്തോഷവാർത്തയുടെ വളർച്ചയ്‌ക്കു കാരണമായി.—ഫിലി. 1:12.

6. 2 കൊരിന്ത്യർ 12:9, 10 അനുസരിച്ച്‌ പൗലോസിനു തന്റെ ശുശ്രൂഷ നന്നായി ചെയ്‌തുതീർക്കാനായത്‌ എങ്ങനെ?

6 യഹോവയുടെ സേവനത്തിൽ താൻ ചെയ്‌തതെല്ലാം സ്വന്തശക്തിയാലല്ല, ദൈവത്തിന്റെ ശക്തിയാലാണെന്നു പൗലോസ്‌ തിരിച്ചറിഞ്ഞു. ‘ബലഹീനതയിലാണു ദൈവത്തിന്റെ ശക്തി പൂർണമാകുന്നത്‌’ എന്ന്‌ അദ്ദേഹം മനസ്സിലാക്കി. (2 കൊരിന്ത്യർ 12:9, 10 വായിക്കുക.) ഉപദ്രവവും തടവും മറ്റു പല പ്രശ്‌നങ്ങളും നേരിട്ടെങ്കിലും ശുശ്രൂഷ നന്നായി ചെയ്‌തുതീർക്കാൻ ആവശ്യമായ ശക്തി പരിശുദ്ധാത്മാവിലൂടെ യഹോവ പൗലോസിനു നൽകി.

തിമൊഥെയൊസിനു പ്രസംഗപ്രവർത്തനം തുടരാൻ കഴിഞ്ഞത്‌ എങ്ങനെ? (7-ാം ഖണ്ഡിക കാണുക) *

7. ശുശ്രൂഷ നന്നായി ചെയ്യുന്നതിനു തടസ്സമായിരുന്നേക്കാവുന്ന എന്തെല്ലാം പ്രശ്‌നങ്ങൾ തിമൊഥെയൊസിനുണ്ടായിരുന്നു?

7 ഇനി, പൗലോസിനോടൊപ്പം പ്രവർത്തിച്ച തിമൊഥെയൊസിനും തന്റെ ശുശ്രൂഷ നന്നായി ചെയ്യുന്നതിനു ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കണമായിരുന്നു. പൗലോസിന്റെ നീണ്ട മിഷനറിയാത്രകളിൽ തിമൊഥെയൊസും കൂടെയുണ്ടായിരുന്നു. കൂടാതെ, പല സഭകളും സന്ദർശിച്ച്‌ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും പൗലോസ്‌ തിമൊഥെയൊസിനെ അയച്ചു. (1 കൊരി. 4:17) തനിക്ക്‌ അതിനുള്ള കഴിവൊന്നും ഇല്ലെന്ന്‌ തിമൊഥെയൊസ്‌ ചിന്തിച്ചിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കാം പൗലോസ്‌ തിമൊഥെയൊസിനോട്‌ ഇങ്ങനെ പറഞ്ഞത്‌: “നീ ചെറുപ്പമാണെന്ന കാരണത്താൽ ആരും നിന്നെ വില കുറച്ച്‌ കാണാൻ അനുവദിക്കരുത്‌.” (1 തിമൊ. 4:12) ഇനി, ആ സമയത്ത്‌ തിമൊഥെയൊസിനുതന്നെ ജഡത്തിൽ ഒരു മുള്ളുണ്ടായിരുന്നു, ‘കൂടെക്കൂടെയുള്ള അസുഖങ്ങൾ.’ (1 തിമൊ. 5:23) എന്നാൽ സന്തോഷവാർത്ത അറിയിക്കാനും സഹോദരങ്ങളെ സഹായിക്കാനും ഉള്ള ശക്തി യഹോവയുടെ പരിശുദ്ധാത്മാവ്‌ തനിക്കു തരുമെന്നു തിമൊഥെയൊസിന്‌ ഉറപ്പുണ്ടായിരുന്നു.—2 തിമൊ. 1:7.

പ്രശ്‌നങ്ങളുള്ളപ്പോഴും വിശ്വസ്‌തരായി തുടരാൻ യഹോവ ശക്തി നൽകുന്നു

8. യഹോവ ഇന്ന്‌ എങ്ങനെയാണു തന്റെ ജനത്തിനു ശക്തി നൽകുന്നത്‌?

8 യഹോവയെ വിശ്വസ്‌തമായി സേവിക്കാൻ കഴിയേണ്ടതിന്‌ യഹോവ ഇന്ന്‌ തന്റെ ജനത്തിന്‌ “അസാധാരണശക്തി” നൽകുന്നു. (2 കൊരി. 4:7) പ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും ശക്തരായിരിക്കാനും വിശ്വസ്‌തരായി തുടരാനും യഹോവ തന്നിരിക്കുന്ന നാലു സഹായങ്ങളാണു പ്രാർഥന, ബൈബിൾ, നമ്മുടെ സഹോദരങ്ങൾ, ശുശ്രൂഷ എന്നിവ. അവയിൽ ഓരോന്നിനെക്കുറിച്ചും നമുക്ക്‌ ഇപ്പോൾ നോക്കാം.

യഹോവ പ്രാർഥനയിലൂടെ നമുക്കു ശക്തി നൽകുന്നു (9-ാം ഖണ്ഡിക കാണുക)

9. പ്രാർഥന നമ്മളെ എങ്ങനെ സഹായിക്കും?

9 പ്രാർഥനയിലൂടെ ശക്തി ലഭിക്കുന്നു. “ഏതു സാഹചര്യത്തിലും” ദൈവത്തോടു പ്രാർഥിക്കാൻ എഫെസ്യർ 6:18-ൽ പൗലോസ്‌ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. അപ്പോൾ നമുക്കു ശക്തി നൽകിക്കൊണ്ട്‌ യഹോവ ആ പ്രാർഥനയ്‌ക്ക്‌ ഉത്തരം തരും. ബോളീവിയയിൽ താമസിക്കുന്ന ജോണി സഹോദരന്റെ അനുഭവം അതാണു നമ്മളെ പഠിപ്പിക്കുന്നത്‌. അദ്ദേഹത്തിനു ജീവിതത്തിൽ ഒരുപാടു പ്രശ്‌നങ്ങളുണ്ടായി. ഒരേസമയം അപ്പനും അമ്മയ്‌ക്കും ഭാര്യക്കും ഗുരുതരമായ അസുഖം പിടിപെട്ടു. മൂന്നു പേരെയും ഒരുമിച്ച്‌ പരിപാലിക്കുകയെന്നത്‌ ഒട്ടും എളുപ്പമായിരുന്നില്ല. പിന്നീട്‌ അമ്മ മരിച്ചു. ഭാര്യയുടെയും അപ്പന്റെയും അസുഖം മാറാൻ കുറെക്കാലമെടുത്തു. താൻ കടന്നുപോയ ബുദ്ധിമുട്ടേറിയ ആ സമയങ്ങളിൽ പിടിച്ചുനിൽക്കാൻ തന്നെ സഹായിച്ചത്‌ എന്താണെന്ന്‌ അദ്ദേഹം പറയുന്നു: “വിഷമം താങ്ങാൻ തീരെ പറ്റാതെവരുമ്പോഴെല്ലാം ഞാൻ പ്രാർഥിക്കുമായിരുന്നു. എന്റെ സങ്കടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ്‌ ഞാൻ യഹോവയോടു പ്രാർഥിച്ചു.” സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി യഹോവ ജോണി സഹോദരനു നൽകി. ഇനി, ബൊളീവിയയിലെ ഒരു മൂപ്പനാണു റൊണാൾഡ്‌ സഹോദരൻ. അദ്ദേഹത്തിന്റെ അമ്മയ്‌ക്കു കാൻസർ പിടിപെട്ടു. ഒരു മാസം കഴിഞ്ഞ്‌ അമ്മ മരിച്ചു. ആ സമയത്ത്‌ പിടിച്ചുനിൽക്കാൻ തന്നെ സഹായിച്ചത്‌ എന്താണെന്ന്‌ അദ്ദേഹം പറയുന്നു: “പ്രാർഥിക്കുമ്പോൾ എന്റെ മനസ്സിലുള്ളതെല്ലാം ഞാൻ യഹോവയോടു പറയുമായിരുന്നു, എന്റെ സങ്കടങ്ങളും വേദനകളും എല്ലാം. മറ്റാരെക്കാളും നന്നായി യഹോവയ്‌ക്ക്‌ എന്നെ മനസ്സിലാകുമല്ലോ, ഒരുപക്ഷേ എനിക്കുതന്നെ എന്നെ മനസ്സിലാക്കാൻ കഴിയുന്നതിലും നന്നായി.” ചിലപ്പോൾ പ്രശ്‌നങ്ങൾ കൂടുമ്പോൾ എന്തു പ്രാർഥിക്കണമെന്നുപോലും നമുക്ക്‌ അറിയില്ലായിരിക്കാം. എന്നാൽ നമ്മുടെ ചിന്തകളും വികാരങ്ങളും ഒക്കെ വാക്കുകളിലാക്കാൻ കഴിയാത്തപ്പോൾപ്പോലും പ്രാർഥിക്കാനാണ്‌ യഹോവ നമ്മളോടു പറയുന്നത്‌.—റോമ. 8:26, 27.

യഹോവ ബൈബിളിലൂടെ നമുക്കു ശക്തി നൽകുന്നു (10-ാം ഖണ്ഡിക കാണുക)

10. എബ്രായർ 4:12 പറയുന്നതനുസരിച്ച്‌ ബൈബിൾ വായിക്കുകയും വായിക്കുന്ന ഭാഗത്തെക്കുറിച്ച്‌ ധ്യാനിക്കുകയും ചെയ്യുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 ബൈബിളിലൂടെ ശക്തി ലഭിക്കുന്നു. ശക്തിക്കും ആശ്വാസത്തിനും വേണ്ടി പൗലോസ്‌ തിരുവെഴുത്തുകളിൽ ആശ്രയിച്ചതുപോലെ നമുക്കും ചെയ്യാം. (റോമ. 15:4) അതിനായി ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. അപ്പോൾ നമ്മുടെ പ്രത്യേക സാഹചര്യത്തിനു പറ്റുന്ന എന്തെല്ലാം വിവരങ്ങളാണ്‌ അതിൽ അടങ്ങിയിരിക്കുന്നതെന്നു മനസ്സിലാക്കാൻ യഹോവ തന്റെ ആത്മാവിനെ ഉപയോഗിച്ച്‌ നമ്മളെ സഹായിക്കും. (എബ്രായർ 4:12 വായിക്കുക.) നേരത്തേ പറഞ്ഞ റൊണാൾഡ്‌ സഹോദരൻ പറയുന്നു: “എന്നും രാത്രി ബൈബിൾ വായിക്കുന്ന ഒരു ശീലം എനിക്കുണ്ട്‌. വായിച്ചിട്ട്‌ യഹോവയുടെ ഗുണങ്ങളെക്കുറിച്ചും യഹോവ തന്റെ ജനത്തിനുവേണ്ടി സ്‌നേഹത്തോടെ കരുതുന്നതിനെക്കുറിച്ചും ഒക്കെ കുറെ ചിന്തിക്കും. അത്‌ ശക്തി വീണ്ടെടുക്കാൻ എന്നെ സഹായിക്കുന്നു.”

11. ഭർത്താവിന്റെ വേർപാടിൽ ദുഃഖിച്ചുകഴിഞ്ഞ ഒരു സഹോദരിയെ ബൈബിൾ എങ്ങനെയാണു ശക്തിപ്പെടുത്തിയത്‌?

11 ബൈബിൾ വായിച്ചിട്ട്‌ അതെക്കുറിച്ച്‌ നന്നായി ചിന്തിക്കുമ്പോൾ നമ്മുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ശരിയായ മനോഭാവമുണ്ടായിരിക്കാൻ അതു നമ്മളെ സഹായിക്കും. ഭർത്താവിന്റെ മരണത്തിൽ ദുഃഖിച്ച്‌ കഴിഞ്ഞ ഒരു സഹോദരിയെ ഒരു ബൈബിൾവിവരണം സഹായിച്ചത്‌ എങ്ങനെയെന്നു നമുക്കു നോക്കാം. ഇയ്യോബിന്റെ പുസ്‌തകം വായിച്ചാൽ ഈ സാഹചര്യത്തിനു പറ്റിയ ചില നല്ല പാഠങ്ങൾ പഠിക്കാനാകുമെന്ന്‌ ഒരു മൂപ്പൻ ആ സഹോദരിയോടു പറഞ്ഞു. സഹോദരി അങ്ങനെ ചെയ്യാൻതുടങ്ങി. ആദ്യമൊക്കെ, ഇയ്യോബിന്റെ ചിന്ത ശരിയല്ലെന്നു പറഞ്ഞ്‌ സഹോദരി ഇയ്യോബിനെ വിമർശിച്ചു. ഭാവനയിൽ സഹോദരി ഇയ്യോബിനോട്‌ ഇങ്ങനെപോലും പറഞ്ഞു: “ഇയ്യോബേ, എന്തിനാ ഏതു നേരവും ഇങ്ങനെ പ്രശ്‌നത്തെക്കുറിച്ച്‌ മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌?” അതു കഴിഞ്ഞപ്പോഴാണു സഹോദരി തിരിച്ചറിയുന്നത്‌, തന്റെ ചിന്തയും ഏതാണ്ട്‌ ഇങ്ങനെയൊക്കെത്തന്നെയാണല്ലോ എന്ന്‌. ചിന്തയിൽ വേണ്ട മാറ്റങ്ങൾ വരുത്താനും ഭർത്താവ്‌ മരിച്ചതിന്റെ വേദനയെ മറികടന്ന്‌ ശക്തി വീണ്ടെടുക്കാനും അതു സഹോദരിയെ സഹായിച്ചു.

യഹോവ നമ്മുടെ സഹോദരങ്ങളെ ഉപയോഗിച്ച്‌ നമുക്കു ശക്തി നൽകുന്നു (12-ാം ഖണ്ഡിക കാണുക)

12. സഹോദരങ്ങളിലൂടെ യഹോവ എങ്ങനെയാണു നമ്മളെ ശക്തിപ്പെടുത്തുന്നത്‌?

12 സഹോദരങ്ങളിലൂടെ ശക്തി ലഭിക്കുന്നു. യഹോവ നമുക്കു ശക്തി നൽകുന്ന മറ്റൊരു വിധമാണു നമ്മുടെ സഹോദരീസഹോദരന്മാർ. സഹോദരങ്ങളെ കാണാൻ താൻ വളരെയധികം ആഗ്രഹിക്കുന്നതായി പൗലോസ്‌ റോമിലെ ക്രിസ്‌ത്യാനികൾക്ക്‌ എഴുതി. കാരണം അതിലൂടെ അവർക്കു “പരസ്‌പരം പ്രോത്സാഹനം” ലഭിക്കുമായിരുന്നു. (റോമ. 1:11, 12) നേരത്തേ പറഞ്ഞ മേരി സഹോദരിക്ക്‌ സഹോദരങ്ങളുടെകൂടെയായിരിക്കാൻ വലിയ ഇഷ്ടമായിരുന്നു. സഹോദരി പറയുന്നു: “എന്നെ സഹായിക്കാൻ എന്റെ പ്രശ്‌നങ്ങളെക്കുറിച്ചൊന്നും അറിയില്ലാത്ത സഹോദരങ്ങളെപ്പോലും യഹോവ ഉപയോഗിച്ചു. അവർ വാക്കുകളിലൂടെ എന്നെ പ്രോത്സാഹിപ്പിച്ചു. ചിലപ്പോൾ കാർഡുകളൊക്കെ എഴുതി അയച്ചു. ശരിക്കും ആവശ്യമുള്ള സമയത്തുതന്നെയാണ്‌ എനിക്ക്‌ അതെല്ലാം കിട്ടിയത്‌. കൂടാതെ, ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള സഹോദരിമാരോടു തുറന്ന്‌ സംസാരിക്കാനും അവരുടെ അനുഭവങ്ങളിൽനിന്ന്‌ പഠിക്കാനും എനിക്കാകുന്നു. ഇനി, മൂപ്പന്മാരും എപ്പോഴും എന്നെ സഹായിക്കുന്നുണ്ട്‌. ഞാൻ ശരിക്കും സഭയ്‌ക്ക്‌ വേണ്ടപ്പെട്ട ഒരാളാണെന്ന്‌ അവർ എന്നെ ഓർമിപ്പിക്കുന്നു.”

13. സഭായോഗങ്ങളിൽ നമുക്ക്‌ എങ്ങനെ പരസ്‌പരം ശക്തിപ്പെടുത്താം?

13 പരസ്‌പരം പ്രോത്സാഹിപ്പിക്കാനുള്ള നല്ലൊരു അവസരമാണു നമ്മുടെ മീറ്റിങ്ങുകൾ. അവിടെയായിരിക്കുമ്പോൾ നമ്മൾ അവരെ സ്‌നേഹിക്കുന്നെന്നും അവർ ചെയ്യുന്ന കാര്യങ്ങൾക്ക്‌ ഒരുപാടു നന്ദിയുണ്ടെന്നും തുറന്നുപറഞ്ഞുകൊണ്ട്‌ നമുക്ക്‌ അവരെ ശക്തിപ്പെടുത്താം. ഒരു ദിവസം മീറ്റിങ്ങിനു മുമ്പ്‌, അവിശ്വാസിയായ ഭർത്താവുള്ള ഒരു സഹോദരിയോടു മൂപ്പനായ പീറ്റർ സഹോദരൻ പറഞ്ഞു: “സഹോദരി എപ്പോഴും ആറു മക്കളെയും കൂട്ടിക്കൊണ്ട്‌ ഇങ്ങനെ മീറ്റിങ്ങുകൾക്കു വരുന്നതു കാണുന്നതുതന്നെ ഞങ്ങൾക്കെല്ലാം എത്ര പ്രോത്സാഹനമാണെന്നോ! എല്ലാവരും മീറ്റിങ്ങിന്‌ ഉത്തരമൊക്കെ പറയാൻവേണ്ടി നന്നായി തയ്യാറായിട്ടുമാണു വരുന്നത്‌.” അപ്പോൾ സഹോദരി പറഞ്ഞു: “ഇന്നു ഞാൻ കേൾക്കാൻ ഏറ്റവും ആഗ്രഹിച്ച വാക്കുകളാണ്‌ അവ.” അതു പറയുമ്പോൾ സന്തോഷംകൊണ്ട്‌ സഹോദരിയുടെ കണ്ണുകൾ നിറഞ്ഞ്‌ തുളുമ്പുകയായിരുന്നു.

യഹോവ പ്രസംഗപ്രവർത്തനത്തിലൂടെ നമുക്കു ശക്തി നൽകുന്നു (14-ാം ഖണ്ഡിക കാണുക)

14. പ്രസംഗപ്രവർത്തനം നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്‌?

14 പ്രസംഗപ്രവർത്തനത്തിലൂടെ ശക്തി ലഭിക്കുന്നു. നമ്മൾ ബൈബിൾസന്ദേശം ആളുകളെ അറിയിക്കുമ്പോൾ, അവർ കേട്ടാലും ഇല്ലെങ്കിലും, നമുക്ക്‌ ഒരു ഉണർവും ഉന്മേഷവും ഒക്കെ ലഭിക്കുന്നു. (സുഭാ. 11:25) പ്രസംഗപ്രവർത്തനത്തിന്‌ ഒരാളെ എത്രമാത്രം ശക്തിപ്പെടുത്താനാകുമെന്ന്‌ സ്റ്റാസി സഹോദരിയുടെ അനുഭവം നമ്മളെ പഠിപ്പിക്കുന്നു. തന്റെ ഒരു കുടുംബാംഗത്തെ പുറത്താക്കിയപ്പോൾ സഹോദരി ആകെ തകർന്നുപോയി. ‘ആ വ്യക്തിയെ സഹായിക്കാൻ എനിക്ക്‌ കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ’ എന്നു സഹോദരി തന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു. മനസ്സു നിറയെ എപ്പോഴും ആ ചിന്തയായിരുന്നു. ആ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ സഹോദരിയെ സഹായിച്ചത്‌ എന്താണ്‌? പ്രസംഗപ്രവർത്തനം! പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടപ്പോഴെല്ലാം തന്റെ പ്രദേശത്ത്‌ സഹായം ആവശ്യമുള്ളവരെക്കുറിച്ചായിരുന്നു സഹോദരിയുടെ ചിന്ത. സഹോദരി പറയുന്നു: “ആ സമയത്ത്‌ ഒരു ബൈബിൾപഠനം കണ്ടെത്താൻ യഹോവ എന്നെ സഹായിച്ചു. ആ വിദ്യാർഥി പെട്ടെന്നാണു ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയത്‌. അതു കണ്ടപ്പോൾ എനിക്കു നല്ല ഉത്സാഹമായി. ഈ പ്രത്യേക സാഹചര്യത്തിൽ സഹിച്ചുനിൽക്കാൻ എന്നെ ഏറ്റവും സഹായിച്ചതു പ്രസംഗപ്രവർത്തനമായിരുന്നു.”

15. മേരി സഹോദരിയുടെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

15 സാഹചര്യങ്ങൾ അത്ര അനുകൂലമല്ലാത്തതുകൊണ്ട്‌ പ്രസംഗപ്രവർത്തനത്തിൽ തങ്ങൾക്ക്‌ അധികം ചെയ്യാനാകുന്നില്ലെന്ന്‌ ചിലർക്കെങ്കിലും തോന്നിയേക്കാം. നിങ്ങൾക്ക്‌ അങ്ങനെ തോന്നുന്നുണ്ടോ? എങ്കിൽ വിഷമിക്കേണ്ടാ. കാരണം നിങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെങ്കിൽ യഹോവയ്‌ക്കു സന്തോഷമാകും. മേരി സഹോദരിയുടെ കാര്യം നമുക്ക്‌ ഒന്നുകൂടി നോക്കാം. മറ്റൊരു ഭാഷ സംസാരിക്കുന്ന പ്രദേശത്തേക്ക്‌ മാറി താമസിച്ചപ്പോൾ തനിക്ക്‌ അധികമൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന വിഷമമായിരുന്നു സഹോദരിക്ക്‌. “ആദ്യമൊക്കെ മീറ്റിങ്ങിന്‌ ചെറിയ ഉത്തരം പറയാനോ, ഒരു ബൈബിൾ വാക്യം വായിക്കാനോ, ഇനി പ്രസംഗപ്രവർത്തനത്തിലായിരിക്കുമ്പോൾ ഒരു ലഘുലേഖ കൊടുക്കാനോ ഒക്കെ മാത്രമേ എനിക്കു കഴിഞ്ഞിരുന്നുള്ളൂ” എന്ന്‌ സഹോദരി പറയുന്നു. ആ ഭാഷക്കാരായ മറ്റുള്ളവരെല്ലാം വളരെ നന്നായി ചെയ്യുമ്പോൾ തനിക്ക്‌ അത്രയൊന്നും ചെയ്യാനാകുന്നില്ലല്ലോ എന്നോർത്ത്‌ സഹോദരി സങ്കടപ്പെട്ടു. എന്നാൽ സഹോദരി തന്റെ ചിന്തയ്‌ക്കു മാറ്റം വരുത്തി. ആ ഭാഷ അത്ര നന്നായി സംസാരിക്കാനാകുന്നില്ലെങ്കിൽപ്പോലും യഹോവയ്‌ക്കു തന്നെ ഉപയോഗിക്കാനാകുമെന്നു സഹോദരി തിരിച്ചറിഞ്ഞു. “ബൈബിൾപഠിപ്പിക്കലുകളാണ്‌ ആളുകളുടെ ജീവിതത്തെ മാറ്റുന്നത്‌. അല്ലാതെ ഭാഷ കൈകാര്യം ചെയ്യാനുള്ള നമ്മുടെ കഴിവല്ല” എന്ന്‌ സഹോദരി പറയുന്നു.

16. വീട്ടിൽനിന്ന്‌ പുറത്ത്‌ പോകാൻ കഴിയാത്തവർക്ക്‌ ശക്തി നേടാൻ എങ്ങനെ കഴിയും?

16 നമുക്കു വീട്ടിൽനിന്ന്‌ പുറത്ത്‌ പോകാൻ പറ്റാത്ത സാഹചര്യമാണെങ്കിൽപ്പോലും പ്രസംഗപ്രവർത്തനം ചെയ്യാൻ നമ്മൾ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം യഹോവ കാണുന്നുണ്ട്‌, അതു വിലമതിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ നമ്മളെ പരിപാലിക്കുന്നവരോടോ ഡോക്ടർമാരോടോ നഴ്‌സുമാരോടോ ഒക്കെ സംസാരിക്കാനുള്ള അവസരം ഒരുക്കിത്തരാൻ യഹോവയ്‌ക്കാകും. ഇപ്പോഴത്തെ നമ്മുടെ പ്രവർത്തനത്തെ മുമ്പ്‌ ചെയ്‌തിരുന്നതുമായി താരതമ്യം ചെയ്‌താൽ നമുക്കു നിരുത്സാഹം തോന്നിയേക്കാം. എന്നാൽ യഹോവ ഇപ്പോഴും നമ്മളെ സഹായിക്കുന്നുണ്ടെന്നു തിരിച്ചറിയുന്നെങ്കിൽ, എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും അതു സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി അതിലൂടെ നമുക്കു കിട്ടും.

17. പെട്ടെന്നൊന്നും നല്ല ഫലം കിട്ടിയില്ലെങ്കിൽപ്പോലും സഭാപ്രസംഗകൻ 11:6 പറയുന്നതനുസരിച്ച്‌ നമ്മൾ പ്രസംഗപ്രവർത്തനം തുടരേണ്ടത്‌ എന്തുകൊണ്ട്‌?

17 സത്യത്തിന്റെ വിത്ത്‌ എപ്പോൾ, എവിടെ, എങ്ങനെ വേരുപിടിക്കുമെന്നോ വളരുമെന്നോ ഒന്നും നമുക്ക്‌ അറിയില്ല. (സഭാപ്രസംഗകൻ 11:6 വായിക്കുക.) ഉദാഹരണത്തിന്‌, 80-നു മേൽ പ്രായമുള്ള ബാർബര സഹോദരിയുടെ കാര്യം നോക്കാം. സഹോദരി പതിവായി ടെലിഫോണിലൂടെയും കത്തിലൂടെയും സാക്ഷീകരിക്കുന്നു. അങ്ങനെ എഴുതിയ ഒരു കത്തിനോടൊപ്പം സഹോദരി 2014 മാർച്ച്‌ 1 ലക്കം വീക്ഷാഗോപുരവും * അയച്ചു. “യഹോവ നിങ്ങൾക്കുവേണ്ടി ചെയ്‌തിട്ടുള്ളത്‌” എന്നൊരു ലേഖനം അതിലുണ്ടായിരുന്നു. ആ കത്ത്‌ കിട്ടിയത്‌, മുമ്പ്‌ യഹോവയുടെ സാക്ഷികളായിരുന്ന ഒരു ദമ്പതികൾക്കാണ്‌. സഹോദരിക്ക്‌ അക്കാര്യം അറിയില്ലായിരുന്നു. എന്തായാലും ആ ദമ്പതികൾ വീണ്ടുംവീണ്ടും ആ മാസിക വായിച്ചു. യഹോവ തന്നോടു നേരിട്ട്‌ സംസാരിക്കുന്നതുപോലെ ഭർത്താവിനു തോന്നി. അങ്ങനെ 27-ലേറെ വർഷങ്ങൾക്കുശേഷം അവർ വീണ്ടും സജീവപ്രചാരകരായി. താൻ എഴുതിയ ആ ഒരു കത്തിന്‌ ഇത്ര നല്ല ഫലം കിട്ടിയത്‌ കണ്ടപ്പോൾ കൂടുതൽ ചെയ്യാനുള്ള ശക്തിയും പ്രോത്സാഹനവും അതു സഹോദരിക്കു നൽകി.

യഹോവ നമുക്കു ശക്തി നൽകുന്ന വിധങ്ങൾ: (1) പ്രാർഥന, (2) ബൈബിൾ, (3) നമ്മുടെ സഹോദരങ്ങൾ, (4) നമ്മുടെ പ്രസംഗപ്രവർത്തനം (9-10, 12, 14 ഖണ്ഡികകൾ കാണുക)

18. ദൈവത്തിന്റെ ശക്തിയിൽനിന്ന്‌ പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം?

18 യഹോവയിൽനിന്ന്‌ ശക്തി നേടാനുള്ള ധാരാളം അവസരങ്ങൾ ഇന്നു നമുക്കുണ്ട്‌. യഹോവ അതു നൽകുന്ന ചില വിധങ്ങളാണ്‌, പ്രാർഥന, ബൈബിൾ, നമ്മുടെ സഹോദരങ്ങൾ, പ്രസംഗപ്രവർത്തനം എന്നിവ. അതൊക്കെ ഉപയോഗിക്കുമ്പോൾ യഹോവയ്‌ക്കു നമ്മളെ സഹായിക്കാനുള്ള കഴിവും ആഗ്രഹവും ഉണ്ടെന്നു നമ്മൾ വിശ്വസിക്കുന്നതായി കാണിക്കുകയാണ്‌. “പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി തന്റെ ശക്തി പ്രകടിപ്പിക്കാൻ” സന്തോഷമുള്ള നമ്മുടെ സ്വർഗീയപിതാവിൽ നമുക്ക്‌ എപ്പോഴും ആശ്രയിക്കാം.—2 ദിന. 16:9.

ഗീതം 61 സാക്ഷികളേ, മുന്നോട്ട്‌!

^ ഖ. 5 നമ്മൾ ഇന്നു പലപല പ്രയാസങ്ങളിലൂടെ കടന്നുപോകുന്നു. എന്നാൽ അതൊക്കെ സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി യഹോവ തരും. ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായപ്പോഴും യഹോവയെ തുടർന്ന്‌ സേവിക്കാൻ യഹോവ എങ്ങനെയാണു പൗലോസ്‌ അപ്പോസ്‌തലനെയും തിമൊഥെയൊസിനെയും സഹായിച്ചതെന്ന്‌ ഈ ലേഖനത്തിലൂടെ നമ്മൾ പഠിക്കും. കൂടാതെ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നതിന്‌ യഹോവ തന്നിരിക്കുന്ന നാലു സഹായങ്ങളെക്കുറിച്ചും നമ്മൾ കാണും.

^ ഖ. 2 ഇത്‌ യഥാർഥപേരല്ല.

^ ഖ. 17 ഈ ലക്കം മലയാളത്തിൽ ലഭ്യമല്ല.

^ ഖ. 54 ചിത്രക്കുറിപ്പ്‌: റോമിൽ വീട്ടുതടങ്കലിൽ ആയിരിക്കുമ്പോൾ പൗലോസ്‌ പല സഭകൾക്കും കത്തുകൾ എഴുതുകയും തന്നെ കാണാൻ വന്നവരോടു സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു.

^ ഖ. 56 ചിത്രക്കുറിപ്പ്‌: സഭകൾ സന്ദർശിക്കുമ്പോൾ തിമൊഥെയൊസ്‌ അവിടെയുള്ള സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.