വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 18

യേശുവിന്റെ അനുഗാമിയാകുന്നതിൽനിന്ന്‌ നിങ്ങളെ തടയുന്നത്‌ എന്താണ്‌?

യേശുവിന്റെ അനുഗാമിയാകുന്നതിൽനിന്ന്‌ നിങ്ങളെ തടയുന്നത്‌ എന്താണ്‌?

“ഞാൻ കാരണം വിശ്വാസത്തിൽനിന്ന്‌ വീണുപോകാത്തവൻ സന്തുഷ്ടൻ.”—മത്താ. 11:6.

ഗീതം 54 ‘വഴി ഇതാണ്‌’

പൂർവാവലോകനം *

1. നിങ്ങൾ ബൈബിളിൽനിന്ന്‌ പഠിച്ച കാര്യങ്ങൾ ആദ്യമായി മറ്റുള്ളവരോടു പറയാൻ ശ്രമിച്ചപ്പോൾ എന്തു സംഭവിച്ചു?

‘ഇതാണു സത്യം’ എന്ന്‌ ആദ്യമായി തിരിച്ചറിഞ്ഞ ആ സമയത്തെക്കുറിച്ച്‌ നിങ്ങൾ ഓർക്കുന്നുണ്ടാകും. ബൈബിളിൽനിന്ന്‌ പഠിച്ച കാര്യങ്ങളെല്ലാം നിങ്ങൾക്കു നന്നായി ബോധ്യപ്പെട്ടു. നിങ്ങൾ മനസ്സിലാക്കിയ ഈ കാര്യങ്ങൾ എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുമെന്നുതന്നെ നിങ്ങൾ വിചാരിച്ചു. കാരണം, ബൈബിളിന്റെ ഈ സന്ദേശം അവർക്ക്‌ ഇപ്പോൾത്തന്നെ നല്ലൊരു ജീവിതവും ഭാവിയെക്കുറിച്ച്‌ നല്ലൊരു പ്രത്യാശയും കൊടുക്കുമെന്നു നിങ്ങൾക്ക്‌ അറിയാമായിരുന്നു. (സങ്കീ. 119:105) അതുകൊണ്ട്‌ മനസ്സിലാക്കിയ കാര്യങ്ങൾ നിങ്ങൾ ആവേശത്തോടെ കൂട്ടുകാരോടും ബന്ധുക്കളോടും ഒക്കെ പറഞ്ഞു. പക്ഷേ, എന്തു സംഭവിച്ചു? മിക്കവരും നിങ്ങൾ പറഞ്ഞതൊന്നും സ്വീകരിക്കാൻ തയ്യാറായില്ല.

2-3. യേശുവിന്റെ നാളിൽ യേശു പറഞ്ഞതും ചെയ്‌തതും ആയ കാര്യങ്ങളോട്‌ പൊതുവേ ആളുകൾ എങ്ങനെയാണു പ്രതികരിച്ചത്‌?

2 നമ്മൾ പ്രസംഗിക്കുന്ന ബൈബിൾസന്ദേശം ആളുകൾ സ്വീകരിച്ചില്ലെങ്കിലും അതിൽ അതിശയിക്കാനൊന്നുമില്ല. കാരണം, യേശുവിന്റെ കാലത്തും ആളുകൾ അങ്ങനെതന്നെയാണു ചെയ്‌തത്‌. യേശു പല അത്ഭുതങ്ങളും ചെയ്‌തു. യേശുവിനു ദൈവത്തിന്റെ പിന്തുണയുണ്ട്‌ എന്നതിന്റെ തെളിവായിരുന്നു അത്‌. എന്നിട്ടും ഭൂരിപക്ഷവും യേശുവിനെ അംഗീകരിക്കാൻ തയ്യാറായില്ല. അതിന്റെ നല്ലൊരു ഉദാഹരണമാണു ലാസറിനെ ഉയിർപ്പിച്ച സന്ദർഭം. യേശുവിന്റെ എതിരാളികൾക്കുപോലും നിഷേധിക്കാൻ പറ്റാത്ത ഒരു അത്ഭുതമായിരുന്നു അത്‌. എന്നിട്ടും ആ ജൂതമതനേതാക്കന്മാർ യേശുവിനെ മിശിഹയായി അംഗീകരിക്കാൻ തയ്യാറായില്ല. യേശുവിനെയും ലാസറിനെയും കൊന്നുകളയാൻപോലും അവർ തീരുമാനിച്ചു.—യോഹ. 11:47, 48, 53; 12:9-11.

3 മിക്കവരും മിശിഹയായി തന്നെ അംഗീകരിക്കില്ലെന്നുള്ള കാര്യം യേശുവിന്‌ അറിയാമായിരുന്നു. (യോഹ. 5:39-44) അതുകൊണ്ടായിരിക്കാം സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാരോട്‌ യേശു ഇങ്ങനെ പറഞ്ഞത്‌: “ഞാൻ കാരണം വിശ്വാസത്തിൽനിന്ന്‌ വീണുപോകാത്തവൻ സന്തുഷ്ടൻ.” (മത്താ. 11:2, 3, 6) എന്തുകൊണ്ടാണ്‌ മിക്കവരും യേശുവിനെ അംഗീകരിക്കാതിരുന്നത്‌?

4. ഈ ലേഖനത്തിൽ നമ്മൾ എന്തെല്ലാമാണു പഠിക്കുന്നത്‌?

4 ഒന്നാം നൂറ്റാണ്ടിൽ പലരും യേശുവിൽ വിശ്വസിക്കാതിരുന്നതിന്റെ കാരണങ്ങളെക്കുറിച്ച്‌ ഈ ലേഖനത്തിലും അടുത്തതിലും നമ്മൾ പഠിക്കും. ഇക്കാലത്ത്‌ പലരും, നമ്മൾ പ്രസംഗിക്കുന്ന സന്ദേശം സ്വീകരിക്കാത്തതിന്റെ കാരണങ്ങളും നമ്മൾ കാണും. അതിലും പ്രധാനമായി യേശുവിൽ ശക്തമായ വിശ്വാസമുണ്ടായിരിക്കുന്നതു യേശുവിന്റെ അനുഗാമിയായിരിക്കാൻ നമ്മളെ എങ്ങനെ സഹായിക്കുമെന്നും നമ്മൾ പഠിക്കും.

(1) യേശുവിന്റെ പശ്ചാത്തലം

യേശുവിന്റെ പശ്ചാത്തലം കാരണം പലരും യേശുവിനെ അംഗീകരിച്ചില്ല. ഇതേ കാര്യം ഇന്നും യേശുവിന്റെ ഒരു അനുഗാമിയാകുന്നതിനു പലർക്കും ഒരു തടസ്സമായേക്കാവുന്നത്‌ എങ്ങനെ? (5-ാം ഖണ്ഡിക കാണുക) *

5. മുൻകൂട്ടിപ്പറഞ്ഞ മിശിഹ യേശു അല്ലെന്നു പലരും ചിന്തിക്കാൻ കാരണം എന്തായിരിക്കും?

5 യേശുവിന്റെ പശ്ചാത്തലമായിരുന്നു പലരും യേശുവിൽ വിശ്വസിക്കാഞ്ഞതിന്റെ ഒരു കാരണം. യേശു പഠിപ്പിച്ച രീതിയും ചെയ്‌ത അത്ഭുതങ്ങളും ഒക്കെ അവരെ അതിശയിപ്പിച്ചു. പക്ഷേ അവരുടെ നോട്ടത്തിൽ യേശു ഒരു പാവപ്പെട്ട മരപ്പണിക്കാരന്റെ മകനായിരുന്നു. പിന്നെ, യേശു നസറെത്തിൽനിന്നുള്ള ആളായിരുന്നു. അതാണെങ്കിൽ തീരെ പ്രാധാന്യമില്ലാത്ത ഒരു നഗരവും. യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്ന നഥനയേൽപോലും ആദ്യം യേശുവിനെക്കുറിച്ച്‌ പറഞ്ഞത്‌, “നസറെത്തിൽനിന്ന്‌ എന്തു നന്മ വരാനാണ്‌” എന്നാണ്‌. (യോഹ. 1:46) കാരണം യേശു അപ്പോൾ താമസിച്ചിരുന്ന നസറെത്ത്‌ നഗരത്തിനു വലിയ പ്രശസ്‌തിയുള്ളതായി നഥനയേലിനു തോന്നിയില്ല. ഇനി, മീഖ 5:2-ലെ പ്രവചനവും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം. മിശിഹയുടെ ജനനം നസറെത്തിലല്ല, ബേത്ത്‌ലെഹെമിലായിരിക്കും എന്നാണ്‌ അവിടെ മുൻകൂട്ടിപ്പറഞ്ഞിരുന്നത്‌.

6. യേശുവിനെ മിശിഹയായി തിരിച്ചറിയാൻ സഹായിക്കുന്ന എന്തെല്ലാം വിവരങ്ങൾ അക്കാലത്തെ ആളുകൾക്കു ലഭ്യമായിരുന്നു?

6 തിരുവെഴുത്തുകൾ എന്താണു പറയുന്നത്‌? മിശിഹയുടെ “ഉത്ഭവത്തെക്കുറിച്ച്‌” അഥവാ “തലമുറയെക്കുറിച്ച്‌” യേശുവിന്റെ ശത്രുക്കൾ ആരും ചിന്തിക്കില്ലെന്ന്‌ യശയ്യ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യശ. 53:8, അടിക്കുറിപ്പും കാണുക.) മിശിഹയെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ പ്രവാചകന്മാർ നേരത്തേതന്നെ പറഞ്ഞിട്ടുള്ളതാണ്‌. ആളുകൾ അതൊക്കെ ഒന്നു ശരിക്കു പഠിച്ചിരുന്നെങ്കിൽ, യേശു ദാവീദിന്റെ വംശത്തിൽ, ബേത്ത്‌ലെഹെമിലാണു ജനിച്ചതെന്ന കാര്യം അവർക്കു മനസ്സിലാകുമായിരുന്നു. (ലൂക്കോ. 2:4-7) യേശു ജനിക്കുന്ന കൃത്യമായ സ്ഥലംപോലും മീഖ 5:2-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഇത്രയേറെ വിവരങ്ങളുണ്ടായിരുന്നെങ്കിലും അവർ അതൊന്നും മനസ്സിലാക്കാൻ ശ്രമിച്ചില്ല. അതുകൊണ്ട്‌ യേശു മിശിഹയാണെന്നു തിരിച്ചറിയാനോ യേശുവിൽ വിശ്വസിക്കാനോ അവർക്കു കഴിഞ്ഞില്ല.

7. ഇന്നു പലരും സാക്ഷികളെ അംഗീകരിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

7 ഇന്നും അങ്ങനെയൊരു പ്രശ്‌നമുണ്ടോ? ഉണ്ട്‌. യഹോവയുടെ സാക്ഷികളിൽ മിക്കവരും എളിയ പശ്ചാത്തലത്തിൽനിന്നുള്ളവരാണ്‌. “സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും” ആയിട്ടാണു മിക്കവരും അവരെ കാണുന്നത്‌. (പ്രവൃ. 4:13) യഹോവയുടെ സാക്ഷികൾ അറിയപ്പെടുന്ന ബൈബിൾ കോളേജുകളിലൊന്നും പഠിച്ചിട്ടില്ലാത്തതുകൊണ്ട്‌, ബൈബിൾ പഠിപ്പിക്കാൻ അവർക്ക്‌ എന്തു യോഗ്യതയാണുള്ളതെന്നു പലരും ചിന്തിക്കുന്നു. ഇനി, മറ്റു ചിലരുടെ അഭിപ്രായം യഹോവയുടെ സാക്ഷികൾ ഒരു ‘അമേരിക്കൻ മതമാണ്‌’ എന്നാണ്‌. എന്നാൽ ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികളിൽ ഏകദേശം 14 ശതമാനം മാത്രമേ അമേരിക്കയിലുള്ളൂ എന്നതാണു വാസ്‌തവം. സാക്ഷികൾ യേശുവിൽ വിശ്വസിക്കാത്തവരാണെന്നു മറ്റു ചിലർ പറയുന്നു. കൂടാതെ വർഷങ്ങളായി അവരെക്കുറിച്ച്‌, ‘കമ്മ്യൂണിസ്റ്റുകാരാണെന്നും’ ‘അമേരിക്കൻ ചാരന്മാരാണെന്നും’ ‘തീവ്രവാദികളാണെന്നും’ ഒക്കെയുള്ള ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്‌. പലരും യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള സത്യം എന്താണെന്നു മനസ്സിലാക്കാതെ ഇത്തരം കഥകളൊക്കെ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ സാക്ഷികളെ അംഗീകരിക്കാൻ അവർ തയ്യാറല്ല.

8. ഇന്നു ദൈവജനം ആരാണെന്നു ശരിക്കും മനസ്സിലാക്കണമെങ്കിൽ പ്രവൃത്തികൾ 17:11 പറയുന്നതനുസരിച്ച്‌ ആളുകൾ എന്തു ചെയ്യണം?

8 യേശുവിന്റെ അനുഗാമിയായിരിക്കാൻ ഒരാൾക്ക്‌ എങ്ങനെ കഴിയും? അതിനു കാര്യങ്ങളുടെ സത്യാവസ്ഥ പരിശോധിച്ച്‌ ഉറപ്പുവരുത്തണം. അതാണു ബൈബിളെഴുത്തുകാരനായ ലൂക്കോസ്‌ ചെയ്‌തത്‌. “തുടക്കംമുതലുള്ള എല്ലാ കാര്യങ്ങളും കൃത്യതയോടെ” പരിശോധിച്ചിട്ടാണ്‌ അദ്ദേഹം വിവരണം എഴുതിയത്‌. കാരണം യേശുവിനെക്കുറിച്ച്‌ കേട്ട “കാര്യങ്ങൾ സത്യമാണെന്ന്‌” തന്റെ വായനക്കാർക്കു “ബോധ്യം” വരണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. (ലൂക്കോ. 1:1-4) ലൂക്കോസിനെപ്പോലെതന്നെയായിരുന്നു ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബരോവയിലെ ജൂതന്മാരും. യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത ആദ്യമായി കേട്ടപ്പോൾ അവർ എബ്രായതിരുവെഴുത്തുകൾ പരിശോധിച്ച്‌ തങ്ങൾ കേട്ട കാര്യങ്ങളൊക്കെ സത്യമാണെന്ന്‌ ഉറപ്പുവരുത്തി. (പ്രവൃത്തികൾ 17:11 വായിക്കുക.) അതുതന്നെയാണ്‌ ഇന്നും ആളുകൾ ചെയ്യേണ്ടത്‌. പഠിപ്പിക്കുന്ന കാര്യങ്ങളൊക്കെ തിരുവെഴുത്തുകൾക്കു ചേർച്ചയിലുള്ളതാണോ എന്ന്‌ അവർ പരിശോധിച്ച്‌ ഉറപ്പുവരുത്തണം. കൂടാതെ, യഹോവയുടെ ജനത്തിന്റെ ആധുനികകാല ചരിത്രവും പഠിക്കണം. ഈ രീതിയിൽ പഠിക്കുന്നെങ്കിൽ യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള കേട്ടുകേൾവിയോ മുൻവിധിയോ ഒന്നും യേശുവിന്റെ അനുഗാമിയാകുന്നതിന്‌ ഒരു തടസ്സമാകാൻ അവർ അനുവദിക്കില്ല.

(2) ആളുകൾ പ്രതീക്ഷിച്ച അടയാളങ്ങൾ കാണിക്കാൻ യേശു തയ്യാറായില്ല

ആളുകൾ പ്രതീക്ഷിച്ച അടയാളങ്ങൾ കാണിക്കാൻ യേശു തയ്യാറാകാഞ്ഞതുകൊണ്ട്‌ പലരും യേശുവിനെ അംഗീകരിച്ചില്ല. ഇതേ കാര്യം ഇന്നും യേശുവിന്റെ ഒരു അനുഗാമിയാകുന്നതിനു പലർക്കും ഒരു തടസ്സമായേക്കാവുന്നത്‌ എങ്ങനെ? (9-10 ഖണ്ഡികകൾ കാണുക) *

9. ആകാശത്തുനിന്ന്‌ ഒരു അടയാളം കാണിക്കാൻ യേശു തയ്യാറാകാഞ്ഞതുകൊണ്ട്‌ എന്തു സംഭവിച്ചു?

9 യേശു പഠിപ്പിച്ച കാര്യങ്ങൾ കേട്ടിട്ടും അക്കാലത്തെ ചില ആളുകൾക്കു തൃപ്‌തി വന്നില്ല. അതുകൊണ്ട്‌ യേശു മിശിഹയാണെന്നു തെളിയിക്കാൻ “ആകാശത്തുനിന്ന്‌ ഒരു അടയാളം കാണിക്കാൻ” അവർ ആവശ്യപ്പെട്ടു. (മത്താ. 16:1) ദാനിയേൽ 7:13, 14-ലെ പ്രവചനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയായിരിക്കാം അങ്ങനെയൊരു കാര്യം ആവശ്യപ്പെടാൻ അവരെ പ്രേരിപ്പിച്ചത്‌. എന്തായാലും ആ പ്രവചനം നിറവേറാൻ യഹോവ നിശ്ചയിച്ചിരുന്ന സമയം അപ്പോഴും ആയിട്ടില്ലായിരുന്നു. യേശു പഠിപ്പിച്ച കാര്യങ്ങളിൽനിന്നുതന്നെ യേശു മിശിഹയാണെന്ന കാര്യം അവർക്കു ബോധ്യപ്പെടേണ്ടതായിരുന്നു. അവർ പ്രതീക്ഷിച്ച അടയാളം യേശു കാണിക്കാഞ്ഞതുകൊണ്ട്‌ അവർ യേശുവിനെ അംഗീകരിക്കാൻ തയ്യാറായില്ല.—മത്താ. 16:4.

10. മിശിഹയെക്കുറിച്ച്‌ യശയ്യ പറഞ്ഞ കാര്യം യേശുവിന്റെ കാര്യത്തിൽ എങ്ങനെയാണു നിറവേറിയത്‌?

10 തിരുവെഴുത്തുകൾ എന്താണു പറയുന്നത്‌? മിശിഹയെക്കുറിച്ച്‌ യശയ്യ പ്രവാചകൻ ഇങ്ങനെ എഴുതി: “അവൻ ശബ്ദമുയർത്തുകയോ നിലവിളിക്കുകയോ ഇല്ല, തെരുവീഥികളിൽ അവൻ തന്റെ സ്വരം കേൾപ്പിക്കില്ല.” (യശ. 42:1, 2) തന്നിലേക്ക്‌ ഒട്ടും ശ്രദ്ധ ആകർഷിക്കാത്ത രീതിയിലാണു യേശു ശുശ്രൂഷ ചെയ്‌തത്‌. യേശു ഒരിക്കലും വലിയ ദേവാലയങ്ങൾ പണിയാനോ മതപരമായ ഏതെങ്കിലും പ്രത്യേകവേഷം ധരിക്കാനോ ശ്രമിച്ചില്ല. ഇനി, ആളുകൾ തന്നെ മതപരമായ ഒരു സ്ഥാനപ്പേര്‌ വിളിക്കാനും യേശു ആഗ്രഹിച്ചില്ല. യേശുവിന്റെ വിചാരണയുടെ സമയത്ത്‌, തന്റെ ജീവൻ അപകടത്തിലായിരുന്നിട്ടുകൂടി, ഒരു അത്ഭുതം കാണിച്ച്‌ ഹെരോദ്‌ രാജാവിനെ പ്രീതിപ്പെടുത്താമെന്നും യേശു ചിന്തിച്ചില്ല. (ലൂക്കോ. 23:8-11) യേശു ചില അത്ഭുതങ്ങളൊക്കെ ചെയ്‌തു എന്നുള്ളതു ശരിയാണ്‌. എങ്കിലും യേശുവിന്റെ മുഖ്യശ്രദ്ധ സന്തോഷവാർത്ത പ്രസംഗിക്കുന്നതിലായിരുന്നു. “ഞാൻ വന്നതുതന്നെ അതിനുവേണ്ടിയാണല്ലോ” എന്നാണു യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്‌.—മർക്കോ. 1:38.

11. ഇന്നു പലരും നമ്മുടെ സന്ദേശം സ്വീകരിക്കാൻ തയ്യാറാകാത്തത്‌ എന്തുകൊണ്ടാണ്‌?

11 ഇന്നും അങ്ങനെയൊരു പ്രശ്‌നമുണ്ടോ? ഉണ്ട്‌. വിലപിടിപ്പുള്ള വസ്‌തുക്കൾകൊണ്ട്‌ മോടിപിടിപ്പിച്ച വലിയ ആരാധനാലയങ്ങളിലും ഉന്നതമായ സ്ഥാനപ്പേരുകളിൽ അറിയപ്പെടുന്ന മതനേതാക്കന്മാരിലും മതപരമായ വലിയവലിയ ആഘോഷങ്ങളിലും ഒക്കെയാണ്‌ ആളുകളുടെ മുഖ്യശ്രദ്ധ. അത്തരം ആചാരങ്ങളുടെ ഉത്ഭവത്തെക്കുറിച്ചും മറ്റും പലരും ചിന്തിക്കുന്നേ ഇല്ല എന്നതാണു വാസ്‌തവം. ആരാധനാലയങ്ങളിലൊക്കെ പോകുന്നുണ്ടെങ്കിലും അവർക്ക്‌ അവിടെനിന്ന്‌ ദൈവത്തെക്കുറിച്ചോ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചോ പഠിക്കാൻ പറ്റുന്നില്ല. എന്നാൽ നമ്മുടെ മീറ്റിങ്ങുകൾക്കു ഹാജരാകുന്നവർക്കു ദൈവത്തിന്റെ ഇഷ്ടം എന്താണെന്നും നമ്മൾ എന്തു ചെയ്യാനാണ്‌ യഹോവ ആഗ്രഹിക്കുന്നതെന്നും പഠിക്കാനാകുന്നു. നമ്മുടെ രാജ്യഹാളുകൾ വില കൂടിയ വസ്‌തുക്കൾകൊണ്ട്‌ മോടിപിടിപ്പിച്ചിട്ടില്ലെങ്കിലും നല്ല വൃത്തിയുള്ളവയാണ്‌. അവിടെ നേതൃത്വമെടുക്കുന്നവർക്കു പ്രത്യേകവസ്‌ത്രങ്ങളോ അവരുടെ പേരിനൊപ്പം എന്തെങ്കിലും സ്ഥാനപ്പേരുകളോ ഇല്ല. നമ്മൾ പഠിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കാര്യങ്ങളൊക്കെ ബൈബിളിൽനിന്നുള്ളവയാണ്‌. എന്നിട്ടും പലരും നമ്മുടെ സന്ദേശം സ്വീകരിക്കാൻ തയ്യാറാകുന്നില്ല. കാരണം അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ല നമ്മൾ പഠിപ്പിക്കുന്നത്‌. ഇനി, നമ്മുടെ ആരാധനാരീതിയാണെങ്കിൽ വളരെ ലളിതവുമാണ്‌.

12. വിശ്വാസത്തിൽ ശക്തരായി തുടരാൻ നമ്മൾ എന്തു ചെയ്യണം?

12 യേശുവിന്റെ അനുഗാമിയായിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? റോമിൽ താമസിക്കുന്ന ക്രിസ്‌ത്യാനികളോടു പൗലോസ്‌ അപ്പോസ്‌തലൻ പറഞ്ഞു: “വചനം കേട്ടതിനു ശേഷമാണു വിശ്വാസം വരുന്നത്‌. കേൾക്കുന്നതോ, ക്രിസ്‌തുവിനെക്കുറിച്ചുള്ള വചനം ആരെങ്കിലും പറയുമ്പോഴും.” (റോമ. 10:17) അതുകൊണ്ട്‌ തിരുവെഴുത്തുകൾ പഠിക്കുന്നതിലൂടെയാണു നമ്മുടെ വിശ്വാസം ശക്തമായിത്തീരുന്നത്‌, അല്ലാതെ തിരുവെഴുത്തുവിരുദ്ധമായ മതാചാരങ്ങളിലോ ആഘോഷങ്ങളിലോ പങ്കെടുക്കുന്നതിലൂടെയല്ല. അവയൊക്കെ ആകർഷകമായി ആളുകൾക്കു തോന്നിയേക്കാമെങ്കിലും വിശ്വാസം ശക്തമാക്കാൻ അവ സഹായിക്കുന്നില്ല. ശരിയായ അറിവിൽ അധിഷ്‌ഠിതമായ, ശക്തമായ വിശ്വാസം നമ്മൾ വളർത്തിയെടുക്കണം. കാരണം, “വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല.” (എബ്രായർ 11:1, 6 വായിക്കുക.) നമ്മൾ മനസ്സിലാക്കിയിരിക്കുന്നതു സത്യമാണെന്നു ബോധ്യം വരാൻ ആകാശത്തുനിന്നുള്ള അടയാളങ്ങളുടെയോ അത്ഭുതങ്ങളുടെയോ ഒന്നും ആവശ്യമില്ല. നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന ബൈബിളുപദേശങ്ങൾ നന്നായി പഠിച്ചാൽ മാത്രം മതി. അങ്ങനെയാകുമ്പോൾ അനാവശ്യമായ സംശയങ്ങളൊന്നും നമുക്ക്‌ ഉണ്ടാകുകയില്ല.

(3) യേശു ജൂതന്മാരുടെ പല പാരമ്പര്യങ്ങളും പിന്തുടർന്നില്ല

യേശു ജൂതന്മാരുടെ പല പാരമ്പര്യങ്ങളും പിന്തുടരാഞ്ഞതുകൊണ്ട്‌ പലരും യേശുവിനെ അംഗീകരിച്ചില്ല. ഇതേ കാര്യം ഇന്നും യേശുവിന്റെ ഒരു അനുഗാമിയാകുന്നതിനു പലർക്കും ഒരു തടസ്സമായേക്കാവുന്നത്‌ എങ്ങനെ? (13-ാം ഖണ്ഡിക കാണുക) *

13. പലരും യേശുവിനെ കുറ്റം വിധിച്ചത്‌ എന്തുകൊണ്ടാണ്‌?

13 യേശുവിന്റെകൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ഉപവസിക്കുന്നില്ലെന്നു കണ്ടപ്പോൾ സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാർക്ക്‌ അതിശയമായി. താൻ ജീവനോടെയുള്ളതുകൊണ്ട്‌ തന്റെ ശിഷ്യന്മാർ ഉപവസിക്കേണ്ട കാര്യമില്ലെന്നു യേശു അവരോടു വിശദീകരിച്ചു. (മത്താ. 9:14-17) പക്ഷേ, പരീശന്മാരും യേശുവിനെ എതിർത്ത മറ്റുള്ളവരും അത്‌ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. യേശു അവരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും പിൻപറ്റാത്തതിന്റെ പേരിൽ അവർ യേശുവിനെ കുറ്റം വിധിച്ചു. ശബത്തുദിവസം യേശു ഒരാളെ സുഖപ്പെടുത്തിയതിന്‌ അവർ ദേഷ്യപ്പെട്ടു. (മർക്കോ. 3:1-6; യോഹ. 9:16) ശബത്തുനിയമങ്ങളൊക്കെ തങ്ങൾ വളരെ ഭക്തിയോടെ, കൃത്യമായി അനുസരിക്കുന്നുണ്ടെന്ന്‌ അവകാശപ്പെട്ടെങ്കിലും, ദേവാലയത്തിനുള്ളിൽവെച്ച്‌ കച്ചവടം നടത്തുന്നതൊന്നും അവർക്ക്‌ ഒരു പ്രശ്‌നമേ അല്ലായിരുന്നു. അതിന്റെ പേരിൽ യേശു അവരെ കുറ്റം വിധിച്ചപ്പോൾ അവർ യേശുവിനോടു ദേഷ്യപ്പെടുകയാണു ചെയ്‌തത്‌. (മത്താ. 21:12, 13, 15) നസറെത്തിലെ സിനഗോഗിൽവെച്ച്‌ പ്രസംഗിച്ചപ്പോൾ യേശു തന്റെ കേൾവിക്കാരെ മുമ്പ്‌ ഇസ്രായേലിൽ ജീവിച്ചിരുന്ന ചിലരോടു താരതമ്യപ്പെടുത്തി. അവരുടെ സ്വാർഥതയും വിശ്വാസമില്ലായ്‌മയും തുറന്നുകാട്ടാനാണു യേശു അങ്ങനെ ചെയ്‌തത്‌. അത്‌ അവരെ വല്ലാതെ പ്രകോപിപ്പിച്ചു. (ലൂക്കോ. 4:16, 25-30) തങ്ങൾ പ്രതീക്ഷിച്ചതുപോലെ യേശു കാര്യങ്ങൾ ചെയ്യാഞ്ഞതുകൊണ്ട്‌ പലരും യേശുവിനെ അംഗീകരിക്കാൻ തയ്യാറായില്ല.—മത്താ. 11:16-19.

14. യേശു ചില മനുഷ്യപാരമ്പര്യങ്ങളെ കുറ്റം വിധിച്ചത്‌ എന്തുകൊണ്ടാണ്‌?

14 തിരുവെഴുത്തുകൾ എന്താണു പറയുന്നത്‌? പ്രവാചകനായ യശയ്യയിലൂടെ യഹോവ പറഞ്ഞു: “ഈ ജനം വായ്‌കൊണ്ട്‌ എന്റെ അടുത്തേക്കു വരുന്നു, അവർ വായ്‌കൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന്‌ വളരെ അകലെയാണ്‌; അവർ പഠിച്ച മനുഷ്യകല്‌പനകൾ കാരണമാണ്‌ അവർ എന്നെ ഭയപ്പെടുന്നത്‌.” (യശ. 29:13) തിരുവെഴുത്തുകളുമായി യോജിപ്പിലല്ലാത്ത മനുഷ്യപാരമ്പര്യങ്ങളെ യേശു കുറ്റം വിധിച്ചതിൽ ഒരു തെറ്റുമില്ലായിരുന്നു. കാരണം ബൈബിളിനെക്കാൾ മനുഷ്യനിയമങ്ങൾക്കും പാരമ്പര്യങ്ങൾക്കും പ്രാധാന്യം കൊടുത്ത അവർ യഹോവയെയും യഹോവ അയച്ച മിശിഹയെയും തള്ളിക്കളയുകയായിരുന്നു.

15. പലർക്കും ഇന്ന്‌ യഹോവയുടെ സാക്ഷികളെ ഇഷ്ടമല്ലാത്തത്‌ എന്തുകൊണ്ട്‌?

15 ഇന്നും അങ്ങനെയൊരു പ്രശ്‌നമുണ്ടോ? ഉണ്ട്‌. ജന്മദിനാഘോഷമോ ക്രിസ്‌തുമസ്സോ പോലുള്ള തിരുവെഴുത്തുവിരുദ്ധമായ ആഘോഷങ്ങളിൽ യഹോവയുടെ സാക്ഷികൾ പങ്കെടുക്കാത്തതു പലർക്കും ഉൾക്കൊള്ളാനാകുന്നില്ല. ഇനി, അവർ ദേശഭക്തിപരമായ ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കുമ്പോഴും തിരുവെഴുത്തുവിരുദ്ധമായ ശവസംസ്‌കാരച്ചടങ്ങുകൾ പിൻപറ്റാതെ വരുമ്പോഴും പലർക്കും ദേഷ്യം തോന്നാറുണ്ട്‌. ഇതിന്റെ പേരിലൊക്കെ യഹോവയുടെ സാക്ഷികളെ അംഗീകരിക്കാത്ത പലരും ആത്മാർഥമായി വിശ്വസിക്കുന്നതു തങ്ങളുടെ ആരാധന ദൈവം സ്വീകരിക്കുന്നുണ്ടെന്നുതന്നെയാണ്‌. എന്നാൽ ബൈബിളുപദേശങ്ങളെക്കാൾ മനുഷ്യപാരമ്പര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നവർക്കു ദൈവത്തെ പ്രീതിപ്പെടുത്താനാകില്ല.—മർക്കോ. 7:7-9.

16. സങ്കീർത്തനം 119:97, 113, 163-165 അനുസരിച്ച്‌ നമ്മൾ എന്തു ചെയ്യണം, എന്തു ചെയ്യരുത്‌?

16 യേശുവിന്റെ അനുഗാമിയായിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? യഹോവയുടെ നിയമങ്ങളോടും തത്ത്വങ്ങളോടും നമ്മൾ സ്‌നേഹം വളർത്തിയെടുക്കണം. (സങ്കീർത്തനം 119:97, 113, 163-165 വായിക്കുക.) യഹോവയോടു സ്‌നേഹമുണ്ടെങ്കിൽ യഹോവയ്‌ക്ക്‌ ഇഷ്ടമില്ലാത്ത ആചാരങ്ങളും പാരമ്പര്യങ്ങളും ഒന്നും നമ്മൾ പിൻപറ്റില്ല. കാരണം യഹോവയോടുള്ള സ്‌നേഹത്തിനായിരിക്കും നമ്മുടെ ജീവിതത്തിൽ കൂടുതൽ പ്രാധാന്യം.

(4) യേശു രാഷ്‌ട്രീയതലത്തിൽ ഒരു മാറ്റത്തിനു ശ്രമിച്ചില്ല

യേശു രാഷ്‌ട്രീയതലത്തിൽ ഒരു മാറ്റത്തിനു ശ്രമിക്കാഞ്ഞതുകൊണ്ട്‌ പലരും യേശുവിനെ അംഗീകരിച്ചില്ല. ഇതേ കാര്യം ഇന്നും യേശുവിന്റെ ഒരു അനുഗാമിയാകുന്നതിനു പലർക്കും ഒരു തടസ്സമായേക്കാവുന്നത്‌ എങ്ങനെ? (17-ാം ഖണ്ഡിക കാണുക) *

17. പലരും യേശുവിനെ അനുഗമിക്കാൻ തയ്യാറാകാഞ്ഞത്‌ എന്തുകൊണ്ട്‌?

17 യേശു രാഷ്‌ട്രീയതലത്തിൽ വലിയ മാറ്റങ്ങളൊക്കെ വരുത്തുമെന്നാണ്‌ അക്കാലത്ത്‌ പലരും ചിന്തിച്ചത്‌. റോമാക്കാരുടെ ആധിപത്യത്തിൽനിന്ന്‌ മിശിഹ തങ്ങളെ വിടുവിക്കുമെന്ന്‌ അവർ പ്രതീക്ഷിച്ചു. അതിനുവേണ്ടി അവർ യേശുവിനെ രാജാവാക്കാൻ നോക്കി, പക്ഷേ യേശു അതിനു വഴങ്ങിയില്ല. (യോഹ. 6:14, 15) ഇനി, പുരോഹിതന്മാരും മറ്റു ചിലരും പേടിച്ചത്‌, യേശു രാഷ്‌ട്രീയതലത്തിൽ വലിയ മാറ്റങ്ങളൊക്കെ വരുത്തി റോമാക്കാരെ ദേഷ്യംപിടിപ്പിക്കുമോ എന്നാണ്‌. അങ്ങനെ സംഭവിച്ചാൽ റോമാക്കാർ നൽകിയിരുന്ന സ്ഥാനവും അധികാരവും ഒക്കെ അവർക്കു നഷ്ടപ്പെടുമായിരുന്നു. ഇത്തരത്തിലുള്ള ചിന്തകൾ കാരണം പലരും യേശുവിനെ അനുഗമിക്കാൻ തയ്യാറായില്ല.

18. മിശിഹയെക്കുറിച്ചുള്ള ഏതു ബൈബിൾപ്രവചനങ്ങളാണു പലരും അവഗണിച്ചത്‌?

18 തിരുവെഴുത്തുകൾ എന്താണു പറയുന്നത്‌? മിശിഹ രാജാവായിരിക്കുമെന്നു സൂചിപ്പിക്കുന്ന പല പ്രവചനങ്ങളുമുണ്ടായിരുന്നു എന്നതു ശരിയാണ്‌. എന്നാൽ യേശു അതിനു മുമ്പ്‌ നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കേണ്ടതുണ്ടെന്നു മറ്റു പല പ്രവചനങ്ങളും സൂചിപ്പിച്ചു. (യശ. 53:9, 12) അത്തരം പ്രവചനങ്ങൾ അവർ അവഗണിച്ചുകളഞ്ഞതുകൊണ്ട്‌ മിശിഹയെക്കുറിച്ച്‌ ചില തെറ്റായ ധാരണകളാണ്‌ അവർക്ക്‌ ഉണ്ടായിരുന്നത്‌.—യോഹ. 6:26, 27.

19. ഇന്നു പലരും നമ്മളിൽനിന്ന്‌ എന്തു പ്രതീക്ഷിക്കുന്നതുകൊണ്ടാണു നമ്മുടെ സന്ദേശം സ്വീകരിക്കാത്തത്‌?

19 ഇന്നും അങ്ങനെയൊരു പ്രശ്‌നമുണ്ടോ? ഉണ്ട്‌. രാഷ്‌ട്രീയകാര്യങ്ങളിൽ നമ്മൾ നിഷ്‌പക്ഷരായി നിൽക്കുന്നതു പലർക്കും ഉൾക്കൊള്ളാനാകുന്നില്ല. നമ്മൾ ഏതെങ്കിലും പാർട്ടിയെ പിന്തുണയ്‌ക്കാനും വോട്ടു ചെയ്യാനും ഒക്കെയാണ്‌ അവർ പ്രതീക്ഷിക്കുന്നത്‌. എന്നാൽ നമ്മൾ ഏതെങ്കിലും ഒരു മനുഷ്യനെ ഭരണാധികാരിയായി തെരഞ്ഞെടുക്കുമ്പോൾ യഹോവയെ തള്ളിക്കളയുകയായിരിക്കും. (1 ശമു. 8:4-7) ഇനി ജനങ്ങളുടെ നന്മയ്‌ക്കുവേണ്ടി നമ്മൾ സ്‌കൂളുകളും ആശുപത്രികളും ഒക്കെ പണിയാനും ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യാനും ആളുകൾ പ്രതീക്ഷിക്കുന്നു. എന്നാൽ ലോകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു പകരം പ്രസംഗപ്രവർത്തനത്തിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതു പലർക്കും അംഗീകരിക്കാനാകുന്നില്ല.

20. മത്തായി 7:21-23 വരെയുള്ള യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ നമ്മുടെ മുഖ്യശ്രദ്ധ എന്തിലായിരിക്കണം?

20 യേശുവിന്റെ അനുഗാമിയായിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? (മത്തായി 7:21-23 വായിക്കുക.) അതിനായി യേശു ആവശ്യപ്പെട്ട പ്രവർത്തനത്തിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണം. (മത്താ. 28:19, 20) അല്ലാതെ ലോകത്തിലെ രാഷ്‌ട്രീയ-സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ നമ്മൾ ശ്രമിക്കരുത്‌. നമുക്ക്‌ ആളുകളോടു സ്‌നേഹമുണ്ട്‌, അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചിന്തയുണ്ട്‌. എന്നാൽ അവരെ സഹായിക്കാനുള്ള ഏറ്റവും നല്ല മാർഗം ദൈവരാജ്യത്തെക്കുറിച്ച്‌ അവരെ പഠിപ്പിക്കുന്നതും യഹോവയുമായി ഒരു സ്‌നേഹബന്ധത്തിലേക്കു വരാൻ അവരെ സഹായിക്കുന്നതും ആണെന്നു നമുക്ക്‌ അറിയാം.

21. നമ്മുടെ ഉറച്ച തീരുമാനം എന്തായിരിക്കണം?

21 ഒന്നാം നൂറ്റാണ്ടിൽ പലരും യേശുവിനെ സ്വീകരിക്കാതിരുന്നതിന്റെ നാലു കാരണങ്ങളെക്കുറിച്ച്‌ ഈ ലേഖനത്തിൽ നമ്മൾ കണ്ടു. അതേ കാരണങ്ങളുടെ പേരിൽ ഇന്നും യേശുവിന്റെ അനുഗാമികളെ സ്വീകരിക്കാൻ ആളുകൾ തയ്യാറാകുന്നില്ലെന്നും നമ്മൾ പഠിച്ചു. എന്നാൽ ഇതു മാത്രമാണോ പലരെയും പിന്തിരിപ്പിക്കുന്ന കാരണങ്ങൾ? അല്ല. അടുത്ത ലേഖനത്തിൽ കൂടുതലായ നാലു കാരണങ്ങളെക്കുറിച്ചുകൂടി നമ്മൾ പഠിക്കും. നമുക്ക്‌ യേശുവിന്റെ അനുഗാമിയായിരിക്കാനും നമ്മുടെ വിശ്വാസം ശക്തമാക്കി നിറുത്താനും ഉറച്ച തീരുമാനമെടുക്കാം.

ഗീതം 56 സത്യം സ്വന്തമാക്കാം

^ ഖ. 5 ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ അധ്യാപകനായിരുന്നു യേശു. എന്നിട്ടും മിക്കവരും യേശുവിനെ അനുഗമിക്കാൻ കൂട്ടാക്കിയില്ല. അതിന്റെ നാലു കാരണങ്ങൾ ഈ ലേഖനത്തിൽ പഠിക്കും. ഇന്നും അതുപോലെ യേശുവിന്റെ യഥാർഥ അനുഗാമികൾ പറയുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്യുന്ന കാര്യങ്ങൾ സ്വീകരിക്കാൻ പലരും തയ്യാറാകുന്നില്ല. അതിന്റെ കാരണത്തെക്കുറിച്ചും നമ്മൾ കാണും. അതിലും പ്രധാനമായി, യേശുവിൽ ശക്തമായ വിശ്വാസമുണ്ടായിരിക്കുന്നതു യേശുവിന്റെ അനുഗാമിയായിരിക്കാൻ നമ്മളെ എങ്ങനെ സഹായിക്കുമെന്നും നമ്മൾ പഠിക്കും. യഹോവയുടെ സാക്ഷികളോടു സഹവസിക്കുകയും എന്നാൽ ഒരു സാക്ഷിയാകാൻ മടിച്ചുനിൽക്കുകയും ചെയ്യുന്നവർക്കു പ്രയോജനം ചെയ്യുന്നതാണ്‌ ഈ ലേഖനവും അടുത്തതും.

^ ഖ. 60 ചിത്രക്കുറിപ്പ്‌: യേശുവിനെ കാണാൻ ഫിലിപ്പോസ്‌ നഥനയേലിനെ ക്ഷണിക്കുന്നു.

^ ഖ. 62 ചിത്രക്കുറിപ്പ്‌: യേശു സന്തോഷവാർത്ത പ്രസംഗിക്കുന്നു.

^ ഖ. 64 ചിത്രക്കുറിപ്പ്‌: എതിരാളികൾ നോക്കിനിൽക്കുമ്പോൾ യേശു ശോഷിച്ച കൈയുള്ള ഒരാളെ സുഖപ്പെടുത്തുന്നു.

^ ഖ. 66 ചിത്രക്കുറിപ്പ്‌: യേശു തനിച്ച്‌ ഒരു മലയിലേക്കു പോകുന്നു.