വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സഹോ​ദ​ര​നും മറ്റു സഹോ​ദ​ര​ന്മാ​രും യൂറോപ്പ്‌ സന്ദർശ​ന​ത്തി​നി​ടെ

1920—നൂറു വർഷം മുമ്പ്‌

1920—നൂറു വർഷം മുമ്പ്‌

1920-കളുടെ തുടക്കം. യഹോ​വ​യു​ടെ ജനം മുന്നി​ലുള്ള വേലയ്‌ക്കാ​യി കരുത്താർജി​ച്ചു. “യഹോവ എന്റെ ബലവും എന്റെ കീർത്ത​ന​വും ആകുന്നു” എന്ന വാക്യ​മാണ്‌ അവർ 1920-ലെ വാർഷി​ക​വാ​ക്യ​മാ​യി തിര​ഞ്ഞെ​ടു​ത്തത്‌.—സങ്കീ. 118:14, സത്യ​വേ​ദ​പു​സ്‌തകം.

തീക്ഷ്‌ണ​രായ ഈ പ്രസം​ഗ​പ്ര​വർത്ത​കരെ യഹോവ ശക്തി​പ്പെ​ടു​ത്തു​ക​തന്നെ ചെയ്‌തു. ആ വർഷം​തന്നെ കോൽപോർട്ടർമാ​രു​ടെ അതായത്‌, മുൻനി​ര​സേ​വ​ക​രു​ടെ എണ്ണം 225-ൽനിന്ന്‌ 350 ആയി വർധിച്ചു. കൂടാതെ, ആദ്യമാ​യിട്ട്‌ 8,000-ലധികം വരുന്ന ക്ലാസ്‌ വർക്കേ​ഴ്‌സി​ന്റെ, അതായത്‌ പ്രചാ​ര​ക​രു​ടെ, പ്രവർത്ത​ന​ത്തി​ന്റെ റിപ്പോർട്ട്‌ ലോകാ​സ്ഥാ​നത്ത്‌ കിട്ടി. അവരുടെ പ്രവർത്ത​നത്തെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചു.

എരിയുന്ന തീക്ഷ്‌ണത

അക്കാലത്ത്‌ ബൈബിൾവി​ദ്യാർഥി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ത്തി​രു​ന്നത്‌ ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സഹോ​ദ​ര​നാ​യി​രു​ന്നു. 1920 മാർച്ച്‌ 21-ന്‌ അദ്ദേഹം “ഇപ്പോൾ ജീവി​ക്കുന്ന ദശലക്ഷങ്ങൾ ഒരിക്ക​ലും മരിക്ക​യില്ല” എന്ന വിഷയ​ത്തിൽ ഒരു പ്രസംഗം നടത്തി. ഈ പരിപാ​ടി​ക്കാ​യി താത്‌പ​ര്യ​ക്കാ​രെ ക്ഷണിക്കു​ന്ന​തി​നു ബൈബിൾവി​ദ്യാർഥി​കൾ കഴിവി​ന്റെ പരമാ​വധി ശ്രമിച്ചു. അതിന്റെ ഭാഗമാ​യി അവർക്ക്‌ 3,20,000 ക്ഷണക്കത്തു​കൾ വിതരണം ചെയ്യാൻ കഴിഞ്ഞു. ന്യൂ​യോർക്ക്‌ നഗരത്തി​ലെ ഒരു വലിയ ഓഡി​റ്റോ​റി​യം ഈ പരിപാ​ടി​ക്കാ​യി വാടക​യ്‌ക്ക്‌ എടുക്കു​ക​യും ചെയ്‌തു.

“ഇപ്പോൾ ജീവി​ക്കുന്ന ദശലക്ഷങ്ങൾ ഒരിക്ക​ലും മരിക്ക​യില്ല” എന്ന പ്രസം​ഗ​ത്തെ​ക്കു​റിച്ച്‌ പത്രത്തിൽ വന്ന പരസ്യം

പ്രതീ​ക്ഷ​ക​ളെ കടത്തി​വെ​ട്ടുന്ന വിധത്തി​ലാ​യി​രു​ന്നു ആളുക​ളു​ടെ പ്രതി​ക​രണം. ആ ഹാളിൽ 5,000 പേർക്ക്‌ ഇരിക്കാ​നുള്ള സൗകര്യ​മേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ഏതാണ്ട്‌ 7,000-ത്തോളം പേർക്ക്‌ തിരി​ച്ചു​പോ​കേ​ണ്ടി​വന്നു. “അന്തർദേ​ശീയ ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ഏറ്റവും വിജയ​പ്ര​ദ​മായ കൂടി​വ​ര​വു​ക​ളിൽ ഒന്നാണ്‌” ഇതെന്ന്‌ വീക്ഷാ​ഗോ​പു​രം പറയു​ക​യു​ണ്ടാ​യി.

“ഇപ്പോൾ ജീവി​ക്കുന്ന ദശലക്ഷങ്ങൾ ഒരിക്ക​ലും മരിക്ക​യില്ല” എന്നു പ്രസം​ഗി​ക്കു​ന്ന​വ​രാ​യി ബൈബിൾവി​ദ്യാർഥി​കൾ പരക്കെ അറിയ​പ്പെ​ടാൻ തുടങ്ങി. എന്നാൽ ഇതിലും വ്യാപ​ക​മാ​യി രാജ്യ​സ​ന്ദേശം അറിയി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെന്ന്‌ ആ സമയത്ത്‌ അവർക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. എങ്കിൽപ്പോ​ലും എരിയുന്ന തീക്ഷ്‌ണ​ത​യോ​ടെ​യാ​യി​രു​ന്നു അവരുടെ പ്രസം​ഗ​പ്ര​വർത്തനം. 1902 മുതൽ യോഗ​ങ്ങൾക്കാ​യി വന്നു​കൊ​ണ്ടി​രുന്ന ഐഡ ഓം​സ്റ്റെഡ്‌ ഓർക്കു​ന്നു: “മനുഷ്യ​വർഗ​ത്തി​നു​വേണ്ടി വലിയ അനു​ഗ്ര​ഹങ്ങൾ കരുതി​വെ​ച്ചി​ട്ടു​ണ്ടെന്ന്‌ ഞങ്ങൾക്ക്‌ അറിയാം. അതു​കൊണ്ട്‌ ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടുന്ന ആരെയും ഒഴിവാ​ക്കാ​തെ എല്ലാവ​രോ​ടും ഞങ്ങൾ ആ സന്തോ​ഷ​വാർത്ത അറിയി​ച്ചു.”

സ്വന്തമാ​യി പ്രസി​ദ്ധീ​ക​ര​ണങ്ങൾ അച്ചടി​ക്കു​ന്നു

ആത്മീയ​ഭ​ക്ഷണം ലഭ്യമാ​ക്കു​ന്ന​തി​നാ​യി ബഥേലി​ലുള്ള സഹോ​ദ​രങ്ങൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അച്ചടി​ക്കാൻ തുടങ്ങി. അതിനാ​യുള്ള ഉപകര​ണങ്ങൾ അവർ വാങ്ങി, ന്യൂ​യോർക്കി​ലുള്ള ബ്രൂക്ലി​നി​ലെ 35 മൈർട്ടൽ അവന്യൂ​വിൽ ഒരു കെട്ടിടം വാടക​യ്‌ക്കെ​ടുത്ത്‌ അവിടെ അതു സ്ഥാപിച്ചു. ബഥേൽഭ​വ​ന​ത്തിന്‌ അടുത്തു​ത​ന്നെ​യാ​യി​രു​ന്നു അത്‌.

1920 ജനുവ​രി​യിൽ ലിയോ പെൽ സഹോ​ദ​ര​നും വാൾട്ടർ കെസ്ലർ സഹോ​ദ​ര​നും ബഥേലിൽ സേവി​ക്കാ​നാ​യി എത്തി. വാൾട്ടർ ഓർക്കു​ന്നു: “ഞങ്ങൾ അവിടെ എത്തിയ​പ്പോൾ അച്ചടി​ശാ​ല​യു​ടെ ഓവർസി​യർ ഞങ്ങളെ കണ്ടിട്ട്‌ ‘ഊണു കഴിക്കാൻ ഇനിയും ഒന്നര മണിക്കൂ​റുണ്ട്‌,’ എന്നു പറഞ്ഞ്‌ താഴത്തെ നിലയിൽനിന്ന്‌ പുസ്‌ത​കങ്ങൾ നിറഞ്ഞ പെട്ടികൾ മുകളിൽ എത്തിക്കാൻ ആവശ്യ​പ്പെട്ടു.”

അടുത്ത ദിവസം എന്തു സംഭവി​ച്ചെന്ന്‌ ലിയോ പറയുന്നു: “ആ കെട്ടി​ട​ത്തി​ന്റെ ആദ്യത്തെ നിലയി​ലെ ഭിത്തി കഴുക​ലാ​യി​രു​ന്നു ഞങ്ങളുടെ ജോലി. ഭിത്തി മുഴുവൻ ആകെ വൃത്തി​കേ​ടാ​യി​രു​ന്നു. സത്യം പറഞ്ഞാൽ, ഇതു​പോ​ലൊ​രു പണി ഞാൻ ഇതിനു മുമ്പ്‌ ചെയ്‌തി​ട്ടി​ല്ലാ​യി​രു​ന്നു. എന്നാൽ ഇതു കർത്താ​വി​ന്റെ വേലയാ​ണ​ല്ലോ, അതാണ്‌ അതിനെ മൂല്യ​വ​ത്താ​ക്കു​ന്നത്‌.”

വീക്ഷാ​ഗോ​പു​രം അച്ചടി​ക്കാ​നാ​യി ഉപയോ​ഗി​ച്ചി​രുന്ന ഫ്‌ലാ​റ്റ്‌ബെഡ്‌ അച്ചടി​യ​ന്ത്രം

സ്വമേ​ധാ​സേ​വ​ക​രു​ടെ തീക്ഷ്‌ണ​ത​യോ​ടെ​യുള്ള പ്രവർത്ത​ന​ത്തി​ന്റെ ഫലമായി കുറച്ച്‌ ആഴ്‌ച​കൾകൊ​ണ്ടു​തന്നെ വീക്ഷാ​ഗോ​പു​രം അച്ചടി​ക്കാൻ തുടങ്ങി. രണ്ടാം നിലയി​ലുള്ള ഫ്‌ളാ​റ്റ്‌ബെഡ്‌ അച്ചടി​യ​ന്ത്രം ഉപയോ​ഗിച്ച്‌ 1920 ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 60,000 കോപ്പി​കൾ അച്ചടിച്ചു. ഈ സമയത്തു​തന്നെ സഹോ​ദ​രങ്ങൾ കെട്ടി​ട​ത്തി​ന്റെ ഏറ്റവും താഴെ ഒരു അച്ചടി​യ​ന്ത്രം​കൂ​ടെ സ്ഥാപിച്ചു. അതിനെ അവർ “യുദ്ധക്കപ്പൽ” എന്നാണു വിളി​ച്ചി​രു​ന്നത്‌. കൂടാതെ 1920 ഏപ്രിൽ 14 ലക്കം മുതലുള്ള സുവർണ​യു​ഗം മാസി​ക​യും അവിടെ അച്ചടി​ക്കാൻ തുടങ്ങി. എന്തും ചെയ്യാൻ തയ്യാറാ​യി​ട്ടുള്ള ആ സഹോ​ദ​ര​ങ്ങ​ളു​ടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചു എന്നതിനു സംശയ​മില്ല.

“ഇതു കർത്താ​വി​ന്റെ വേലയാ​ണ​ല്ലോ, അതാണ്‌ അതിനെ മൂല്യ​വ​ത്താ​ക്കു​ന്നത്‌”

“നമുക്കു സമാധാ​ന​ത്തിൽ ജീവി​ക്കാം”

മുമ്പ​ത്തെ​ക്കാൾ ഉത്സാഹ​ത്തോ​ടെ​യും ഒത്തൊ​രു​മ​യോ​ടെ​യും യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സർ പ്രസം​ഗ​പ്ര​വർത്തനം ചെയ്യാൻ തുടങ്ങി. എന്നാൽ 1917 മുതൽ 1919 വരെയു​ണ്ടായ പ്രശ്‌ന​ങ്ങ​ളു​ടെ കാലഘ​ട്ട​ത്തിൽ ചില ബൈബിൾവി​ദ്യാർഥി​കൾ സംഘടന വിട്ടു​പോ​യി​രു​ന്നു. അവരെ സഹായി​ക്കാൻ എന്തു ചെയ്യാൻ കഴിയു​മാ​യി​രു​ന്നു?

1920 ഏപ്രിൽ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ (ഇംഗ്ലീഷ്‌) “നമുക്കു സമാധാ​ന​ത്തിൽ ജീവി​ക്കാം” എന്നൊരു ലേഖന​മു​ണ്ടാ​യി​രു​ന്നു. അതിൽ എല്ലാവ​രോ​ടു​മാ​യി സ്‌നേ​ഹ​ത്തോ​ടെ ഇങ്ങനെ പറഞ്ഞി​രു​ന്നു: “കർത്താ​വി​ന്റെ ആത്മാവുള്ള എല്ലാവ​രും . . . പഴയ കാര്യങ്ങൾ മറക്കു​മെ​ന്നും . . . ഒരൊറ്റ ശരീര​മാ​യി സമാധാ​ന​ത്തോ​ടെ ജീവി​ക്കു​മെ​ന്നും ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌.”

സ്‌നേ​ഹ​ത്തോ​ടെ​യുള്ള ഈ വാക്കു​ക​ളോട്‌ അനേകം ആളുകൾ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചു. ഒരു ദമ്പതികൾ ഇങ്ങനെ എഴുതി: “മറ്റുള്ളവർ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ട്ടി​രു​ന്ന​പ്പോൾ ഒരു വർഷത്തി​ലേ​റെ​യാ​യി ഞങ്ങൾ അതിൽ ഏർപ്പെ​ടാ​തി​രു​ന്നത്‌ വലിയ തെറ്റാ​യി​പ്പോ​യി. . . . ഇനി ഒരിക്ക​ലും ഇതിൽനിന്ന്‌ ഞങ്ങൾ വഴിമാ​റി​പ്പോ​കില്ല.” സംഘട​ന​യി​ലേക്കു തിരികെ വന്ന ആ സഹോ​ദ​ര​ങ്ങ​ളു​ടെ മുന്നിൽ ധാരാളം കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു.

“ഇസെഡ്‌ ജി”യുടെ വിതരണം

1920 ജൂൺ 21 മുതൽ ബൈബിൾവി​ദ്യാർഥി​കൾ “ഇസെഡ്‌ ജി” ഉപയോ​ഗി​ച്ചുള്ള പ്രചാ​രണം ഊർജി​ത​മാ​യി ആരംഭി​ച്ചു. പൂർത്തി​യായ മർമം എന്ന പുസ്‌ത​ക​ത്തി​ന്റെ കടലാസ്‌ ബൈൻഡ്‌ പതിപ്പാ​യി​രു​ന്നു “ഇസെഡ്‌ ജി.” * ഇതിന്റെ ഒരുപാ​ടു പ്രതികൾ 1918-ൽ പൂർത്തി​യായ മർമം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം നിരോ​ധി​ച്ച​പ്പോൾ സൂക്ഷി​ച്ചു​വെ​ച്ചി​രു​ന്നു.

കോൽപോർട്ടർമാർക്കു മാത്രമല്ല, എല്ലാ പ്രചാ​ര​കർക്കും ഈ പ്രചാ​ര​ണ​പ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ ഇങ്ങനെ​യുള്ള ഒരു ക്ഷണം ലഭിച്ചു: “സഭകളി​ലെ സ്‌നാ​ന​മേറ്റ എല്ലാവ​രും കഴിയു​മെ​ങ്കിൽ ഈ പ്രചാ​ര​ണ​പ​രി​പാ​ടി​യിൽ ഉത്സാഹ​ത്തോ​ടെ പങ്കെടു​ക്കണം. ഇതായി​രി​ക്കണം നിങ്ങളു​ടെ തീരു​മാ​നം: ‘ഞാൻ ഇതു ചെയ്യും, ഇസെഡ്‌ ജി കൊടു​ത്തി​രി​ക്കും.’” ഈ പ്രചാ​ര​ണ​പ​രി​പാ​ടി​യി​ലൂ​ടെ​യാണ്‌ വീടു​തോ​റു​മുള്ള പ്രവർത്ത​ന​ത്തിൽ പലർക്കും ആദ്യമാ​യി ഏർപ്പെ​ടാൻ കഴിഞ്ഞത്‌ എന്ന്‌ എഡ്‌മൻഡ്‌ ഹൂപ്പർ ഓർക്കു​ന്നു. അദ്ദേഹം പറയുന്നു: “പ്രസം​ഗ​വേല എന്താണ്‌ എന്നു ഞങ്ങൾ ശരിക്കും മനസ്സി​ലാ​ക്കാൻ തുടങ്ങി​യത്‌ അപ്പോ​ഴാണ്‌. ഞങ്ങൾ മനസ്സിൽപ്പോ​ലും കാണാത്ത വിധത്തിൽ ആ വേല ഇപ്പോൾ വ്യാപി​ച്ചി​രി​ക്കു​ന്നു.”

യൂറോ​പ്പി​ലെ പ്രവർത്തനം പുനഃ​സം​ഘ​ടി​പ്പി​ക്കു​ന്നു

ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌ മറ്റു രാജ്യ​ങ്ങ​ളി​ലെ ബൈബിൾവി​ദ്യാർഥി​ക​ളു​മാ​യുള്ള ആശയവി​നി​മയം വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ അവിടത്തെ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ്രസം​ഗ​പ്ര​വർത്തനം പുനഃ​സം​ഘ​ടി​പ്പി​ക്കാ​നും റഥർഫോർഡ്‌ സഹോ​ദരൻ ആഗ്രഹി​ച്ചു. അതിന്റെ ഭാഗമാ​യി റഥർഫോർഡ്‌ സഹോ​ദ​ര​നും വേറെ നാലു സഹോ​ദ​ര​ങ്ങ​ളും 1920 ആഗസ്റ്റ്‌ 12-ന്‌ ബ്രിട്ടൻ, യൂറോപ്പ്‌, മധ്യപൂർവ​ദേശം എന്നിവി​ട​ങ്ങ​ളി​ലേക്കു യാത്ര തിരിച്ചു.

റഥർഫോർഡ്‌ സഹോ​ദരൻ ഈജി​പ്‌തിൽ

റഥർഫോർഡ്‌ സഹോ​ദരൻ ബ്രിട്ടൻ സന്ദർശി​ച്ച​പ്പോൾ ബൈബിൾവി​ദ്യാർഥി​കൾ 3 കൺ​വെൻ​ഷ​നു​ക​ളും 12 പരസ്യ​യോ​ഗ​ങ്ങ​ളും അവിടെ സംഘടി​പ്പി​ച്ചു. എല്ലാ പരിപാ​ടി​ക്കും കൂടി ഏകദേശം 50,000 പേർ ഹാജരാ​യി. സഹോ​ദ​രന്റെ സന്ദർശ​ന​ത്തെ​ക്കു​റിച്ച്‌ ഒരു വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറയുന്നു: “എല്ലാ സുഹൃ​ത്തു​ക്കൾക്കും നല്ല ഉത്സാഹം കൈവന്നു. മുമ്പെ​ന്ന​ത്തെ​ക്കാ​ളും ഒത്തൊ​രു​മ​യോ​ടെ അവർ പ്രവർത്തി​ക്കാൻ തുടങ്ങി. അവർക്കി​ട​യി​ലുള്ള സ്‌നേ​ഹ​വും സന്തോ​ഷ​വും വർധിച്ചു.” പാരീ​സിൽവെ​ച്ചും റഥർഫോർഡ്‌ സഹോ​ദരൻ “ഇപ്പോൾ ജീവി​ക്കുന്ന ദശലക്ഷങ്ങൾ ഒരിക്ക​ലും മരിക്ക​യില്ല” എന്ന പ്രസംഗം നടത്തി. പ്രസംഗം തുടങ്ങി​യ​പ്പോ​ഴേ​ക്കും ആളുകൾ തിങ്ങി​നി​റ​ഞ്ഞി​രു​ന്നു. 300 പേർ കൂടുതൽ അറിയ​ണ​മെന്ന്‌ ആവശ്യ​പ്പെട്ടു.

ലണ്ടനിലെ റോയൽ ആൽബർട്ട്‌ ഹാളിൽ നടക്കാ​നി​രുന്ന പ്രസം​ഗ​ത്തെ​ക്കു​റി​ച്ചുള്ള പരസ്യം

തുടർന്നു​ള്ള ആഴ്‌ച​ക​ളിൽ ചില സഹോ​ദ​രങ്ങൾ ആതൻസ്‌, കയ്‌റോ, ജറുസ​ലേം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശി​ച്ചു. അവി​ടെ​യുള്ള ചില ആളുകൾക്കു താത്‌പ​ര്യ​മു​ണ്ടെന്നു മനസ്സി​ലാ​യ​പ്പോൾ റഥർഫോർഡ്‌ സഹോ​ദരൻ ജറുസ​ലേ​മിന്‌ അടുത്തുള്ള രാമല്ലാ​വിൽ ഒരു ബ്രാ​ഞ്ചോ​ഫീസ്‌ തുടങ്ങി. പിന്നെ സഹോ​ദരൻ യൂറോ​പ്പി​ലേക്കു തിരികെ പോയി മധ്യ യൂറോ​പ്പി​ലെ ഓഫീസ്‌ സ്ഥാപിച്ചു. പ്രസി​ദ്ധീ​ക​ര​ണങ്ങൾ അവി​ടെ​ത്തന്നെ അച്ചടി​ക്കാ​നുള്ള ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്‌തു.

അനീതി വെളി​ച്ചത്ത്‌ കൊണ്ടു​വ​രു​ന്നു

1920 സെപ്‌റ്റം​ബ​റിൽ ബൈബിൾവി​ദ്യാർഥി​കൾ സുവർണ​യു​ഗം മാസി​ക​യു​ടെ 27-ാം ലക്കം പുറത്തി​റക്കി. 1918-ൽ ബൈബിൾവി​ദ്യാർഥി​കൾ നേരിട്ട ഉപദ്ര​വങ്ങൾ തുറന്നു​കാ​ണി​ക്കുന്ന ഒരു പ്രത്യേക ലക്കമാ​യി​രു​ന്നു അത്‌. നേരത്തേ പരാമർശിച്ച യുദ്ധക്കപ്പൽ രാവും പകലും പ്രവർത്തി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. അതിന്റെ ഫലമായി ഈ മാസി​ക​യു​ടെ 40 ലക്ഷത്തി​ല​ധി​കം പ്രതികൾ അച്ചടി​ക്കാൻ കഴിഞ്ഞു.

എമ്മ മാർട്ടിൻ സഹോ​ദ​രി​യു​ടെ പോലീസ്‌ രേഖയി​ലുള്ള ഫോട്ടോ

ആ മാസിക വായി​ച്ചവർ എമ്മ മാർട്ടിൻ ഉൾപ്പെട്ട അസാധാ​ര​ണ​മായ ഒരു കേസി​നെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി. സഹോ​ദരി കാലി​ഫോർണി​യ​യി​ലെ സാൻ ബർണർദി​നോ​യിൽ ഒരു കോൽപ്പോർട്ട​റാ​യി സേവി​ക്കു​ക​യാ​യി​രു​ന്നു. 1918 മാർച്ച്‌ 17-ന്‌ സഹോ​ദ​രി​യും ഇ. ഹാം, ഇ. ജെ. സോന്നൻബെർഗ്‌, ഇ. എ. സ്റ്റീവൻസ്‌ എന്നീ മൂന്നു സഹോ​ദ​ര​ന്മാ​രും ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ഒരു ചെറിയ മീറ്റി​ങ്ങിൽ പങ്കെടു​ത്തു.

അവിടെ കൂടി​വ​ന്നി​രുന്ന ഒരാൾ ബൈബിൾ പഠിക്കാ​നാ​യി​രു​ന്നില്ല വന്നത്‌. “ഞാൻ അവിടെ പോയത്‌ . . . ഗവൺമെന്റ്‌ അധികാ​രി​ക​ളു​ടെ നിർദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു. തെളി​വു​കൾ ശേഖരി​ക്കുക എന്നതാ​യി​രു​ന്നു ഉദ്ദേശ്യം” എന്ന്‌ ആ വ്യക്തി പിന്നീട്‌ വെളി​പ്പെ​ടു​ത്തി. അദ്ദേഹം അന്വേ​ഷി​ച്ച​തു​തന്നെ അദ്ദേഹ​ത്തിന്‌ കിട്ടി, പൂർത്തി​യായ മർമത്തി​ന്റെ കോപ്പി. കുറച്ച്‌ ദിവസങ്ങൾ കഴിഞ്ഞ​പ്പോൾ എമ്മ സഹോ​ദ​രി​യെ​യും മൂന്ന്‌ സഹോ​ദ​ര​ന്മാ​രെ​യും അറസ്റ്റ്‌ ചെയ്‌തു. രാജ്യ​ത്തിന്‌ എതിരെ പ്രവർത്തി​ക്കു​ന്നതു കുറ്റക​ര​മാ​ക്കുന്ന നിയമം അനുസ​രിച്ച്‌ അവരുടെ മേൽ കേസ്‌ എടുത്തു. നിരോ​ധിച്ച ഒരു പുസ്‌ത​ക​ത്തി​ന്റെ പ്രതികൾ വിതരണം ചെയ്‌ത​താ​യി​രു​ന്നു കാരണം.

കോടതി എമ്മ സഹോ​ദ​രി​യെ​യും മൂന്നു സഹോ​ദ​ര​ന്മാ​രെ​യും കുറ്റക്കാ​രാ​യി കണ്ട്‌ മൂന്നു വർഷത്തെ തടവിനു വിധിച്ചു. അവർ പല പ്രാവ​ശ്യം അപ്പീൽ കൊടു​ത്തെ​ങ്കി​ലും അതെല്ലാം പരാജ​യ​പ്പെട്ടു. 1920 മെയ്‌ 17 മുതൽ അവർക്കു ജയിൽശിക്ഷ അനുഭ​വി​ക്കേ​ണ്ടി​വന്നു. എന്നാൽ കാര്യ​ങ്ങൾക്കെ​ല്ലാം പെട്ടെന്ന്‌ ഒരു മാറ്റം വരാൻപോ​കു​ക​യാ​യി​രു​ന്നു.

1920 ജൂൺ 20-ന്‌ സാൻ ഫ്രാൻസി​സ്‌കോ​യിൽവെച്ച്‌ നടന്ന ഒരു കൺ​വെൻ​ഷ​നിൽ റഥർഫോർഡ്‌ സഹോ​ദരൻ ഈ സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭവം പറഞ്ഞു. ആ സഹോ​ദ​ര​ങ്ങൾക്കു നേരി​ടേ​ണ്ടി​വ​ന്ന​തി​നെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ സദസ്സി​ലു​ണ്ടാ​യി​രു​ന്നവർ ഞെട്ടി​പ്പോ​യി. അവർ അതെക്കു​റിച്ച്‌ ഐക്യ​നാ​ടു​ക​ളി​ലെ പ്രസി​ഡ​ന്റിന്‌ ഒരു ടെലി​ഗ്രാം അയച്ചു. അതിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: ‘രാജ്യ​ത്തിന്‌ എതിരെ പ്രവർത്തി​ച്ചു എന്ന പേരിൽ അന്യാ​യ​മാ​യി തടവി​ലാ​ക്കി​യി​രി​ക്കുന്ന മിസ്സിസ്സ്‌ മാർട്ടി​നെ​ക്കു​റി​ച്ചാണ്‌ ഞങ്ങൾ എഴുതു​ന്നത്‌. ഗവൺമെന്റ്‌ അധികാ​രി​കൾ അവരുടെ സ്വാധീ​നം ഉപയോ​ഗിച്ച്‌ മിസ്സിസ്‌ മാർട്ടി​നെ കെണി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. അവളെ ജയിലി​ലാ​ക്കാൻവേണ്ടി അവർ ഒരു കേസ്‌ കെട്ടി​ച്ച​മ​യ്‌ക്കു​ക​യും ചെയ്‌തു. ഇത്‌ കടുത്ത അനീതി​യാ​യി​രു​ന്നു.’

അടുത്ത ദിവസം​തന്നെ, പ്രസി​ഡ​ന്റാ​യി​രുന്ന വുഡ്രോ വിൽസൺ, എമ്മ സഹോ​ദ​രി​യു​ടെ​യും ഹാം, സോന്നൻബെർഗ്‌, സ്റ്റീവൻസ്‌ എന്നീ മൂന്നു സഹോ​ദ​ര​ന്മാ​രു​ടെ​യും ശിക്ഷ പിൻവ​ലി​ച്ചു. അങ്ങനെ അന്യാ​യ​മാ​യി അനുഭ​വി​ക്കേ​ണ്ടി​വന്ന അവരുടെ ജയിൽവാ​സം അവസാ​നി​ച്ചു.

1920-ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും ബൈബിൾവി​ദ്യാർഥി​കൾക്കു സന്തോ​ഷി​ക്കാ​നുള്ള അനേകം കാരണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ലോകാ​സ്ഥാ​നത്ത്‌ കൂടു​തൽക്കൂ​ടു​തൽ പ്രവർത്ത​നങ്ങൾ നടക്കാൻ തുടങ്ങി, മാത്രമല്ല എന്നത്തേ​തി​ലും അധിക​മാ​യി സത്യ​ക്രി​സ്‌ത്യാ​നി​കൾ മനുഷ്യ​വർഗ​ത്തി​നുള്ള ഏകപരി​ഹാ​ര​മായ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നു. (മത്താ. 24:14) എന്നാൽ അടുത്ത വർഷം, അതായത്‌ 1921-ൽ രാജ്യ​സ​ത്യം പ്രസി​ദ്ധ​മാ​ക്കുന്ന വേലയിൽ ഇതിലും വലിയ കാര്യങ്ങൾ സംഭവി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

^ ഖ. 18 വേദാദ്ധ്യയനങ്ങളുടെ ഏഴാമത്തെ വാല്യ​മാ​യി​രു​ന്നു പൂർത്തി​യായ മർമം എന്ന പുസ്‌തകം. വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 1918 മാർച്ച്‌ 1 ലക്കമാ​യി​ട്ടാണ്‌ കടലാസ്‌ ബൈൻഡ്‌ പതിപ്പുള്ള “ഇസെഡ്‌ ജി” (ZG) പുറത്തി​റ​ക്കി​യത്‌. “ഇസെഡ്‌” സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​ത്തെ​യും ഇംഗ്ലീഷ്‌ അക്ഷരമാ​ല​യി​ലെ ഏഴാമത്തെ അക്ഷരമായ “ജി” ഏഴാമത്തെ വാല്യ​ത്തെ​യും ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌.