വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
2 തെസ്സലോനിക്യർ 3:14-ൽ നിരീക്ഷണത്തിൽ വെക്കാൻ പറഞ്ഞിരിക്കുന്നതു മൂപ്പന്മാർ ചെയ്യേണ്ട കാര്യമാണോ, അതോ ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടതാണോ?
അപ്പോസ്തലനായ പൗലോസ് തെസ്സലോനിക്യയിലെ ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “ഈ കത്തിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തയാളെ നിരീക്ഷണത്തിൽ വെക്കണം.” (2 തെസ്സ. 3:14) മുമ്പ് നമ്മൾ പറഞ്ഞിരുന്നത്, ഈ നിർദേശം മൂപ്പന്മാർക്കുള്ളതാണ് എന്നാണ്. അതനുസരിച്ച് പല പ്രാവശ്യം ബുദ്ധിയുപദേശം കൊടുത്തിട്ടും ഒരാൾ തുടർച്ചയായി ബൈബിൾതത്ത്വങ്ങൾ അവഗണിക്കുകയാണെങ്കിൽ മൂപ്പന്മാർ സഭയ്ക്കുവേണ്ടി ഒരു മുന്നറിയിപ്പു പ്രസംഗം നടത്തിയിരുന്നു. അതിനു ശേഷം സഹോദരങ്ങൾ, നിരീക്ഷണത്തിൽ വെച്ചിരിക്കുന്ന ആ വ്യക്തിയുമായി ഇടപഴകില്ലായിരുന്നു.
എന്നാൽ ഇപ്പോൾ ഇതിന് ഒരു മാറ്റം വന്നിരിക്കുന്നു. പൗലോസ് കൊടുത്ത ഈ ഉപദേശം ചില പ്രത്യേകസാഹചര്യങ്ങളിൽ സഭയിലെ ഓരോ വ്യക്തിയും പിൻപറ്റേണ്ടതാണെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. അതുകൊണ്ട് മൂപ്പന്മാർ സഭയ്ക്കുവേണ്ടി ഒരു മുന്നറിയിപ്പു പ്രസംഗം നടത്തേണ്ടതില്ല. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു മാറ്റം? അത് അറിയാൻ പൗലോസ് ആ ഉപദേശം കൊടുത്തതിന്റെ സന്ദർഭം ഒന്നു നോക്കാം.
തെസ്സലോനിക്യസഭയിലെ ചിലർ “ക്രമംകെട്ട് നടക്കുന്നതായി” പൗലോസ് ശ്രദ്ധിച്ചു. ദൈവവചനത്തെ അടിസ്ഥാനമാക്കി പൗലോസ് കൊടുത്ത ചില ഉപദേശങ്ങൾ അവർ അനുസരിക്കാൻ കൂട്ടാക്കിയില്ല. മുമ്പ് ആ സഭ സന്ദർശിച്ചപ്പോൾ പൗലോസ് ഇങ്ങനെ ഒരു കല്പന നൽകിയിരുന്നു: “പണിയെടുക്കാൻ മനസ്സില്ലാത്തവൻ തിന്നാനും പാടില്ല.” എന്നാൽ പണിയെടുക്കാൻ പറ്റുമായിരുന്നിട്ടും അവരിൽ ചിലർ അതിനു തയ്യാറായില്ല. കൂടാതെ അവർ മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി തലയിടുകയും ചെയ്തിരുന്നു. ഇങ്ങനെ ക്രമംകെട്ട് നടക്കുന്നവരുടെ കാര്യത്തിൽ ക്രിസ്ത്യാനികൾ എന്തു ചെയ്യണമായിരുന്നു? —2 തെസ്സ. 3:6, 10-12.
“അവരെ നിരീക്ഷണത്തിൽ വെക്കണം” എന്നു പൗലോസ് പറഞ്ഞു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം അങ്ങനെയുള്ളവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ വേണമെന്നു സൂചിപ്പിക്കുന്നു. പൗലോസ് ഈ ഉപദേശം നൽകിയതു മൂപ്പന്മാർക്കു മാത്രമായിട്ടല്ല, മുഴുസഭയ്ക്കുമാണ്. (2 തെസ്സ. 1:1; 3:6) അതുകൊണ്ട് ഒരു ക്രിസ്ത്യാനി ദിവ്യോപദേശങ്ങൾ അവഗണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ക്രമംകെട്ട് നടക്കുന്ന ആ വ്യക്തിയുമായി ഇടപഴകുന്നതു നിറുത്താൻ മറ്റു ക്രിസ്ത്യാനികൾ വ്യക്തിപരമായി തീരുമാനിക്കുമായിരുന്നു.
അതിന്റെ അർഥം സഭയിൽനിന്ന് നീക്കം ചെയ്തവരോട് ഇടപെടുന്നതുപോലെ ഈ വ്യക്തിയോട് ഇടപെടണമെന്നായിരുന്നോ? അല്ല. കാരണം പൗലോസ് ഇങ്ങനെയും പറഞ്ഞു: “ഒരു സഹോദരനായിത്തന്നെ കണ്ട് അയാളെ ഉപദേശിച്ച് നേർവഴിക്കാക്കാൻ നോക്കുക.” അതുകൊണ്ട് സഹോദരങ്ങൾ മീറ്റിങ്ങിനു വരുമ്പോഴും ശുശ്രൂഷയിലായിരിക്കുമ്പോഴും അയാളുമായി ഇടപഴകുമായിരുന്നു. എന്നാൽ സാമൂഹികകൂടിവരവുകൾക്കോ വിനോദപരിപാടികൾക്കോ അയാളുമായി ഇടപഴകേണ്ടാ എന്ന് അവർ തീരുമാനിക്കുമായിരുന്നു. എന്തുകൊണ്ട്? പൗലോസ് പറഞ്ഞു: “അയാൾക്കു നാണക്കേടു തോന്നാൻ.” ഇങ്ങനെ നിരീക്ഷണത്തിൽ വെക്കുമ്പോൾ ക്രമംകെട്ട് നടക്കുന്ന ആ ക്രിസ്ത്യാനിക്കു തന്റെ പെരുമാറ്റത്തെക്കുറിച്ച് നാണക്കേടു തോന്നാനും അങ്ങനെ അയാൾ തന്റെ രീതികൾക്കു മാറ്റം വരുത്താനും ഇടയുണ്ടായിരുന്നു.—2 തെസ്സ. 3:14, 15.
ഇന്നു ക്രിസ്ത്യാനികൾക്ക് എങ്ങനെ ഈ ഉപദേശം പ്രാവർത്തികമാക്കാം? ആദ്യംതന്നെ, പൗലോസ് ഇവിടെ പറഞ്ഞിരിക്കുന്ന ക്രമംകെട്ട് നടക്കുന്നവർ ആരാണെന്നു മനസ്സിലാക്കണം. മനസ്സാക്ഷിക്കു വിട്ടിരിക്കുന്ന കാര്യങ്ങളിൽ നമ്മൾ എടുക്കുന്ന അതേ തീരുമാനങ്ങളെടുക്കാത്തവരുടെ കാര്യമോ നമ്മുടേതിൽനിന്ന് വ്യത്യസ്തമായ ഇഷ്ടാനിഷ്ടങ്ങളുള്ളവരുടെ കാര്യമോ അല്ല പൗലോസ് ഇവിടെ പറയുന്നത്. ഇനി, നമ്മളെ ഏതെങ്കിലും രീതിയിൽ വിഷമിപ്പിച്ചവരുടെ കാര്യവുമല്ല. പകരം ദൈവവചനത്തെ അടിസ്ഥാനമാക്കി നൽകിയ ഉപദേശങ്ങൾ അനുസരിക്കാൻ മനഃപൂർവം കൂട്ടാക്കാത്തവരെയാണു പൗലോസ് ഇവിടെ ഉദ്ദേശിച്ചത്.
ഇന്നു സഹക്രിസ്ത്യാനികളിൽ ആരെങ്കിലും, ബൈബിളിനെ അടിസ്ഥാനമാക്കി നൽകിയ ഉപദേശം തുടർച്ചയായി അവഗണിക്കുന്നതു കണ്ടാൽ a ആ വ്യക്തിയുമായി സാമൂഹികകൂടിവരവുകളിലോ വിനോദപരിപാടികളിലോ ഇടപഴകേണ്ടാ എന്ന് ഒരു ക്രിസ്ത്യാനി വ്യക്തിപരമായി തീരുമാനിക്കും. ഇതൊരു വ്യക്തിപരമായ തീരുമാനമായതുകൊണ്ട് നമ്മുടെ വീട്ടിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങളുമായിട്ടല്ലാതെ മറ്റാരുമായും നമ്മൾ ഇതെക്കുറിച്ച് ചർച്ച ചെയ്യില്ല. എന്നാൽ മീറ്റിങ്ങിനു വരുമ്പോഴും ശുശ്രൂഷയിലായിരിക്കുമ്പോഴും നമ്മൾ തുടർന്നും ആ വ്യക്തിയുമായി ഇടപഴകും. ഇനി, ആ വ്യക്തി തന്റെ മനോഭാവത്തിനും രീതികൾക്കും മാറ്റം വരുത്തുമ്പോൾ നമ്മൾ അദ്ദേഹവുമായി വീണ്ടും പഴയപോലെ അടുത്ത് ഇടപഴകും.
a ഉദാഹരണത്തിന് ഒരു സഹക്രിസ്ത്യാനി, ജോലിക്കു പോയി ചെലവിനുള്ള വക കണ്ടെത്താൻ കഴിയുമായിരുന്നിട്ടും അതിനു തയ്യാറാകാതിരിക്കുകയോ ഉപദേശം കിട്ടിയിട്ടും ഒരു അവിശ്വാസിയുമായി പ്രണയബന്ധത്തിൽ തുടരുകയോ സഭയിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞുപരത്തുകയോ പരദൂഷണം പറയുകയോ ഒക്കെ ചെയ്തേക്കാം. (1 കൊരി. 7:39; 2 കൊരി. 6:14; 2 തെസ്സ. 3:11, 12; 1 തിമൊ. 5:13) ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ തുടരുന്നവരെ ക്രമംകെട്ടവരായി കാണും.