വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 35

ഗീതം 123 ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​നു മനസ്സോ​ടെ കീഴ്‌പെ​ടാം

സഭയിൽനിന്ന്‌ നീക്കം ചെയ്‌ത​വരെ മൂപ്പന്മാർക്ക്‌ എങ്ങനെ സഹായി​ക്കാം?

സഭയിൽനിന്ന്‌ നീക്കം ചെയ്‌ത​വരെ മൂപ്പന്മാർക്ക്‌ എങ്ങനെ സഹായി​ക്കാം?

“മാനസാ​ന്തരം ആവശ്യ​മി​ല്ലാത്ത 99 നീതി​മാ​ന്മാ​രെ​ക്കാൾ മാനസാ​ന്ത​ര​പ്പെ​ടുന്ന ഒരു പാപി​യെ​ക്കു​റിച്ച്‌ സ്വർഗ​ത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും.”ലൂക്കോ. 15:7.

ഉദ്ദേശ്യം

ചിലരെ സഭയിൽനിന്ന്‌ നീക്കം ചെയ്യേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊണ്ട്‌? മാനസാ​ന്ത​ര​പ്പെ​ടാ​നും യഹോ​വ​യു​ടെ അംഗീ​കാ​ര​ത്തി​ലേക്കു മടങ്ങി​വ​രാ​നും മൂപ്പന്മാർക്ക്‌ അവരെ എങ്ങനെ സഹായി​ക്കാം?

1-2. (എ) മനഃപൂർവം പാപത്തിൽ തുടരു​ന്ന​വരെ യഹോവ എങ്ങനെ​യാ​ണു കാണു​ന്നത്‌? (ബി) തെറ്റു​കാർ എന്തു ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌?

 എന്തും അനുവ​ദി​ച്ചു​കൊ​ടു​ക്കുന്ന ഒരു ദൈവമല്ല യഹോവ. ദൈവം പാപത്തെ വെറു​ക്കു​ന്നു. (സങ്കീ. 5:4-6) ബൈബി​ളി​ലൂ​ടെ തന്നിരി​ക്കുന്ന കല്പനകൾ നമ്മൾ അനുസ​രി​ക്കാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌. അപൂർണ​രായ മനുഷ്യ​രിൽനിന്ന്‌ യഹോവ ഒരിക്ക​ലും പൂർണത പ്രതീ​ക്ഷി​ക്കു​ന്നില്ല എന്നതു ശരിയാണ്‌. (സങ്കീ. 130:3, 4) അതേസ​മയം ദൈവ​ഭക്തി ഇല്ലാത്തവർ ‘നമ്മുടെ ദൈവ​ത്തി​ന്റെ അനർഹ​ദ​യയെ മറയാക്കി ധിക്കാ​ര​ത്തോ​ടെ പെരു​മാ​റു​ന്നത്‌’ ദൈവം വെച്ചു​പൊ​റു​പ്പി​ക്കു​ക​യു​മില്ല. (യൂദ 4) “ദൈവ​ഭ​ക്തി​യി​ല്ലാത്ത മനുഷ്യ​രെ” അർമ​ഗെ​ദോൻ യുദ്ധത്തിൽ നശിപ്പി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണു ബൈബിൾ പറയു​ന്നത്‌.—2 പത്രോ. 3:7; വെളി. 16:16.

2 എന്നാൽ, ആരും നശിച്ചു​പോ​കാൻ യഹോവ ആഗ്രഹി​ക്കു​ന്നില്ല. “എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടാൻ” ആണ്‌ ദൈവം ആഗ്രഹി​ക്കു​ന്ന​തെന്നു മുൻലേ​ഖ​ന​ങ്ങ​ളിൽ നമ്മൾ കണ്ടല്ലോ. (2 പത്രോ. 3:9) തങ്ങളുടെ വഴികൾക്കു മാറ്റം വരുത്താ​നും യഹോ​വ​യു​ടെ അംഗീ​കാ​ര​ത്തി​ലേക്കു മടങ്ങി​വ​രാ​നും തെറ്റു ചെയ്‌ത​വരെ ക്ഷമയോ​ടെ സഹായി​ക്കു​മ്പോൾ മൂപ്പന്മാർ ശരിക്കും യഹോ​വയെ അനുക​രി​ക്കു​ക​യാണ്‌. എന്നാൽ തെറ്റു ചെയ്യുന്ന എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ട​ണ​മെ​ന്നില്ല. (യശ. 6:9) മാനസാ​ന്ത​ര​ത്തി​ലേക്കു നയിക്കാൻ മൂപ്പന്മാർ പല തവണ ശ്രമി​ച്ചാ​ലും ചിലർ തങ്ങളുടെ തെറ്റായ വഴി വിട്ടു​മാ​റാ​തി​രു​ന്നേ​ക്കാം. അത്തര​മൊ​രു സാഹച​ര്യ​ത്തിൽ മൂപ്പന്മാർ എന്തു ചെയ്യണം?

“ആ ദുഷ്ടനെ . . . നീക്കി​ക്ക​ള​യുക”

3. (എ) മാനസാ​ന്ത​ര​പ്പെ​ടാത്ത പാപി​ക​ളു​ടെ കാര്യ​ത്തിൽ എന്തു ചെയ്യണ​മെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌? (ബി) ഒരർഥ​ത്തിൽ സഭയിൽനിന്ന്‌ നീക്കം ചെയ്യാൻ തെറ്റു​കാ​രൻത​ന്നെ​യാ​ണു തീരു​മാ​നി​ച്ച​തെന്നു നമുക്കു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

3 തെറ്റു ചെയ്‌ത​യാൾ മാനസാ​ന്ത​ര​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ മൂപ്പന്മാർക്ക്‌ 1 കൊരി​ന്ത്യർ 5:13-ലെ നിർദേശം അനുസ​രി​ക്കു​ക​യ​ല്ലാ​തെ മറ്റു വഴി​യൊ​ന്നു​മില്ല. അവിടെ പറയു​ന്നത്‌, “ആ ദുഷ്ടനെ നിങ്ങളു​ടെ ഇടയിൽനിന്ന്‌ നീക്കി​ക്ക​ള​യുക” എന്നാണ്‌. മാനസാ​ന്ത​ര​പ്പെ​ട്ടി​ല്ലെ​ങ്കിൽ തന്നെ സഭയിൽനിന്ന്‌ നീക്കം ചെയ്യു​മെന്നു തെറ്റു​കാ​രന്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌, സഭയിൽനിന്ന്‌ നീക്കം ചെയ്യാ​നുള്ള ആ തീരു​മാ​നം ഒരർഥ​ത്തിൽ ആ വ്യക്തി​തന്നെ എടുത്ത​താ​ണെന്നു പറയാം. അയാൾ a വിതച്ച​തി​ന്റെ ഫലമാണ്‌ അയാൾ കൊയ്യു​ന്നത്‌. (ഗലാ. 6:7) മാനസാ​ന്ത​ര​ത്തി​ലേക്കു നയിക്കാൻ മൂപ്പന്മാർ പല പ്രാവ​ശ്യം ശ്രമി​ച്ചി​ട്ടും അയാൾ അതു കൂട്ടാ​ക്കാ​ഞ്ഞ​താണ്‌. (2 രാജാ. 17:12-15) യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കാൻ തനിക്ക്‌ ആഗ്രഹ​മി​ല്ലെന്നു തന്റെ മനോ​ഭാ​വ​ത്തി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും അയാൾ തെളി​യി​ക്കു​ന്നു.—ആവ. 30:19, 20.

4. മാനസാ​ന്ത​ര​മി​ല്ലാത്ത തെറ്റു​കാ​രനെ സഭയിൽനിന്ന്‌ നീക്കം ചെയ്യു​മ്പോൾ അതെക്കു​റിച്ച്‌ ഒരു അറിയി​പ്പു നടത്തു​ന്നത്‌ എന്തു​കൊണ്ട്‌?

4 മാനസാ​ന്ത​ര​മി​ല്ലാത്ത ഒരു തെറ്റു​കാ​രനെ സഭയിൽനിന്ന്‌ നീക്കം ചെയ്യു​മ്പോൾ അയാൾ ഇനിമു​തൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​രി​ക്കില്ല എന്നൊരു അറിയി​പ്പു സഭയിൽ നടത്തും. b തെറ്റു​കാ​രനെ നാണം​കെ​ടു​ത്തുക എന്ന ഉദ്ദേശ്യ​ത്തി​ലല്ല അങ്ങനെ ചെയ്യു​ന്നത്‌. മറിച്ച്‌ ‘അയാളു​മാ​യുള്ള കൂട്ടു​കെട്ട്‌ ഉപേക്ഷി​ക്കണം’ എന്ന തിരു​വെ​ഴുത്ത്‌ ഉപദേശം അനുസ​രി​ക്കാൻ സഭയെ സഹായി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ ആ അറിയി​പ്പു നടത്തു​ന്നത്‌. “അയാളു​ടെ​കൂ​ടെ ഭക്ഷണം കഴിക്കാൻപോ​ലും പാടില്ല” എന്നും ബൈബിൾ പറയുന്നു. (1 കൊരി. 5:9-11) യഹോവ അങ്ങനെ​യൊ​രു നിർദേശം തന്നിരി​ക്കു​ന്നതു നല്ല ഉദ്ദേശ്യ​ത്തോ​ടെ​യാണ്‌. കാരണം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “പുളിച്ച അൽപ്പം മാവ്‌, മാവിനെ മുഴുവൻ പുളി​പ്പി​ക്കു​ന്നു.” (1 കൊരി. 5:6) മാനസാ​ന്ത​ര​പ്പെ​ടാത്ത തെറ്റു​കാ​രനെ സഭയിൽനിന്ന്‌ നീക്കം ചെയ്‌തി​ല്ലെ​ങ്കിൽ യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാ​നുള്ള മറ്റുള്ള​വ​രു​ടെ തീരു​മാ​നത്തെ അതു ദുർബ​ല​മാ​ക്കി​യേ​ക്കാം.—സുഭാ. 13:20; 1 കൊരി. 15:33.

5. സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരാളെ നമ്മൾ എങ്ങനെ കാണണം, എന്തു​കൊണ്ട്‌?

5 ഒരു സഹവി​ശ്വാ​സി​യെ സഭയിൽനിന്ന്‌ നീക്കം ചെയ്‌താൽ പിന്നെ നമ്മൾ അയാളെ എങ്ങനെ​യാ​ണു വീക്ഷി​ക്കേ​ണ്ടത്‌? നമ്മൾ അയാളു​മാ​യി ഇടപഴ​കു​ന്നി​ല്ലെ​ങ്കി​ലും അയാളെ കാണേ​ണ്ടത്‌, കാണാ​തെ​പോയ ഒരു ആടായി​ട്ടാണ്‌, അല്ലാതെ ഒരിക്ക​ലും തിരി​ച്ചു​വ​രാൻ സാധ്യ​ത​യി​ല്ലാത്ത ഒരാളാ​യി​ട്ടല്ല. കാണാ​തെ​പോയ ഒരു ആടു തിരി​ച്ചു​വ​രാൻ സാധ്യ​ത​യുണ്ട്‌. അതു​പോ​ലെ​ത​ന്നെ​യാ​ണു വഴി​തെ​റ്റി​പ്പോയ ആ വ്യക്തി​യും എന്ന്‌ ഓർക്കുക. അയാൾ യഹോ​വ​യ്‌ക്കു തന്നെത്തന്നെ സമർപ്പി​ച്ച​താണ്‌. ഇപ്പോൾ അയാൾ ആ സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ന്നില്ല എന്നതു ശരിയാണ്‌. അതു​കൊ​ണ്ടു​തന്നെ അയാൾക്ക്‌ എന്നേക്കും ജീവി​ക്കാ​നുള്ള അവസരം നഷ്ടപ്പെ​ടു​ക​യും ചെയ്‌തേ​ക്കാം. (യഹ. 18:31) എന്നാൽ, യഹോ​വ​യു​ടെ കരുണ ലഭ്യമാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം അയാൾക്കു തിരി​ഞ്ഞു​വ​രാ​നുള്ള അവസര​മുണ്ട്‌. അതു​കൊണ്ട്‌ സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരു തെറ്റു​കാ​രനെ സഹായി​ക്കാ​നാ​യി മൂപ്പന്മാർക്ക്‌ എന്തു ചെയ്യാം?

നീക്കം ചെയ്‌ത വ്യക്തിയെ മൂപ്പന്മാർ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

6. സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരാളെ സഹായി​ക്കാൻ മൂപ്പന്മാർ എന്തെല്ലാം ചെയ്യും?

6 ഒരാളെ സഭയിൽനിന്ന്‌ നീക്കം ചെയ്‌താൽ യഹോ​വ​യി​ലേക്കു മടങ്ങി​വ​രാൻ ഒരു സഹായ​വും കൊടു​ക്കാ​തെ മൂപ്പന്മാർ അയാളെ പൂർണ​മാ​യും ഉപേക്ഷി​ച്ചു​ക​ള​യു​മോ? ഒരിക്ക​ലു​മില്ല! കമ്മിറ്റി​യി​ലെ മൂപ്പന്മാർ മാനസാ​ന്ത​ര​പ്പെ​ടാത്ത പാപിയെ നീക്കം ചെയ്യാ​നുള്ള തീരു​മാ​ന​ത്തെ​ക്കു​റിച്ച്‌ അയാളെ അറിയി​ക്കു​മ്പോൾത്തന്നെ സഭയി​ലേക്കു തിരി​ച്ചു​വ​രാൻ എന്തൊക്കെ ചെയ്യാ​മെ​ന്നും അയാ​ളോ​ടു പറയും. എന്നാൽ മൂപ്പന്മാർ അതു മാത്രമല്ല ചെയ്യു​ന്നത്‌. മിക്ക കേസു​ക​ളി​ലും, അയാൾക്കു മനംമാ​റ്റ​മു​ണ്ടോ എന്നു തീരു​മാ​നി​ക്കാൻ ഏതാനും മാസങ്ങൾക്കു ശേഷം വീണ്ടും കൂടി​ക്കാ​ണാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ അവർ തെറ്റു​കാ​ര​നോ​ടു പറയും. അങ്ങനെ കൂടി​ക്കാ​ണാൻ അയാൾ സമ്മതി​ക്കു​ന്നെ​ങ്കിൽ മാനസാ​ന്ത​ര​പ്പെ​ടാ​നും യഹോ​വ​യി​ലേക്കു മടങ്ങി​വ​രാ​നും ആ കൂടി​വ​ര​വിൽ മൂപ്പന്മാർ സ്‌നേ​ഹ​ത്തോ​ടെ അയാളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. അയാൾക്ക്‌ അപ്പോ​ഴും മാറ്റ​മൊ​ന്നും വന്നിട്ടി​ല്ലെ​ങ്കിൽപ്പോ​ലും മൂപ്പന്മാർ ശ്രമം ഉപേക്ഷി​ക്കില്ല. ഭാവി​യിൽ ക്രമമായ അടിസ്ഥാ​ന​ത്തിൽ അയാളു​മാ​യി കൂടി​ക്കാ​ണാൻ മൂപ്പന്മാർ ക്രമീ​ക​രണം ചെയ്യും.

7. സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരു വ്യക്തി​യു​മാ​യി ഇടപെ​ടു​മ്പോൾ മൂപ്പന്മാർ എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ അനുകമ്പ അനുക​രി​ക്കു​ന്നത്‌? (യിരെമ്യ 3:12)

7 സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരാളു​മാ​യി ഇടപെ​ടു​മ്പോൾ മൂപ്പന്മാർ യഹോ​വ​യു​ടെ അനുകമ്പ അനുക​രി​ക്കാൻ ശ്രമി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പുരാ​ത​ന​കാ​ലത്ത്‌ വഴി​തെ​റ്റി​പ്പോയ ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​ത്തിൽ അവർ മാനസാ​ന്ത​ര​പ്പെട്ട്‌ തന്നി​ലേക്കു മടങ്ങി​വ​രട്ടെ എന്നു കരുതി യഹോവ കാത്തു​നി​ന്നില്ല. പകരം അവർ മാനസാ​ന്ത​ര​ത്തി​ന്റെ എന്തെങ്കി​ലും ലക്ഷണങ്ങൾ കാണി​ക്കു​ന്ന​തി​നു മുമ്പു​തന്നെ അവരെ സഹായി​ക്കാ​നാ​യി യഹോവ മുൻ​കൈ​യെ​ടു​ത്തു. ഈ മാസി​ക​യി​ലെ രണ്ടാമത്തെ ലേഖന​ത്തിൽ നമ്മൾ പഠിച്ചത്‌ എന്താ​ണെന്ന്‌ ഓർക്കു​ന്നി​ല്ലേ? ഭാര്യ ഗുരു​ത​ര​മായ തെറ്റു ചെയ്‌തു​കൊ​ണ്ടി​രു​ന്ന​പ്പോൾത്തന്നെ അവളോ​ടു ക്ഷമിക്കാ​നും അവളെ തിരികെ സ്വീക​രി​ക്കാ​നും യഹോവ ഹോശേയ പ്രവാ​ച​ക​നോട്‌ ആവശ്യ​പ്പെട്ടു. അങ്ങനെ ചെയ്‌ത​തി​ലൂ​ടെ താൻ എത്ര അനുക​മ്പ​യുള്ള ദൈവ​മാ​ണെന്ന്‌ യഹോവ തന്റെ ജനത്തിനു കാണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. (ഹോശേ. 3:1; മലാ. 3:7) യഹോ​വ​യെ​പ്പോ​ലെ​തന്നെ മൂപ്പന്മാ​രും, തെറ്റു ചെയ്‌തവർ മടങ്ങി​വ​രാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നു. അങ്ങനെ മടങ്ങി​വ​രു​ന്നത്‌ അവർക്കു ബുദ്ധി​മു​ട്ടാ​ക്കുന്ന ഒന്നും മൂപ്പന്മാർ ചെയ്യില്ല.—യിരെമ്യ 3:12 വായി​ക്കുക.

8. ധൂർത്ത​പു​ത്ര​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്തകഥ യഹോ​വ​യു​ടെ അനുക​മ്പ​യെ​യും കരുണ​യെ​യും കുറിച്ച്‌ നമ്മളെ കൂടു​ത​ലാ​യി എന്തു പഠിപ്പി​ക്കു​ന്നു? (ലൂക്കോസ്‌ 15:7)

8 ധൂർത്ത​പു​ത്ര​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്തകഥ നിങ്ങൾ ഓർക്കു​ന്നി​ല്ലേ? ഈ പരമ്പര​യി​ലെ രണ്ടാമത്തെ ലേഖന​ത്തിൽ നമ്മൾ അതെക്കു​റിച്ച്‌ ചർച്ച ചെയ്‌തി​രു​ന്നു. മകൻ മടങ്ങി​വ​രു​ന്നതു ദൂരെ​നി​ന്നു​തന്നെ കണ്ട അപ്പൻ “ഓടി​ച്ചെന്ന്‌ അവനെ കെട്ടി​പ്പി​ടിച്ച്‌ സ്‌നേ​ഹ​ത്തോ​ടെ ചുംബി​ച്ചു.” (ലൂക്കോ. 15:20) മകൻ തന്റെ അടുത്ത്‌ വന്ന്‌ ക്ഷമ ചോദി​ക്കട്ടെ എന്നു കരുതി ആ അപ്പൻ കാത്തു​നി​ന്നില്ല എന്നതു നിങ്ങൾ ശ്രദ്ധി​ച്ചോ? പകരം സ്‌നേ​ഹ​മുള്ള ആ അപ്പൻ മകന്റെ അടു​ത്തേക്ക്‌ ഓടി​ച്ചെന്നു. വഴി​തെ​റ്റി​പ്പോയ ആളുക​ളു​ടെ കാര്യ​ത്തിൽ മൂപ്പന്മാ​രും അതേ മനോ​ഭാ​വ​മാ​ണു കാണി​ക്കു​ന്നത്‌. കാണാ​തെ​പോയ ആടു ‘വീട്ടി​ലേക്കു മടങ്ങി​വ​രാ​നാണ്‌’ അവർ ആഗ്രഹി​ക്കു​ന്നത്‌. (ലൂക്കോ. 15:22-24, 32) ഒരു പാപി മാനസാ​ന്ത​ര​പ്പെട്ട്‌ തിരി​ഞ്ഞു​വ​രു​മ്പോൾ സ്വർഗ​ത്തിൽ സന്തോഷം ഉണ്ടാകു​ന്നു, അതു​പോ​ലെ​തന്നെ ഭൂമി​യി​ലും!—ലൂക്കോസ്‌ 15:7 വായി​ക്കുക.

9. എന്തു ചെയ്യാ​നാണ്‌ യഹോവ തെറ്റു ചെയ്‌ത​വരെ സ്‌നേ​ഹ​ത്തോ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌?

9 ഇതുവരെ പഠിച്ച​തിൽനിന്ന്‌, മാനസാ​ന്ത​ര​പ്പെ​ടാത്ത പാപികൾ സഭയിൽ തുടരാൻ യഹോവ അനുവ​ദി​ക്കി​ല്ലെന്നു നമ്മൾ കണ്ടു. അതേസ​മയം യഹോവ അവരെ പൂർണ​മാ​യി ഉപേക്ഷി​ച്ചു​ക​ള​യു​ന്നു​മില്ല. അവർ മടങ്ങി​വ​രാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. മാനസാ​ന്ത​ര​പ്പെ​ടുന്ന തെറ്റു​കാ​രെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്ന​തെന്നു ഹോശേയ 14:4-ൽ പറയു​ന്നുണ്ട്‌: “ഞാൻ അവരുടെ അവിശ്വ​സ്‌തത സുഖ​പ്പെ​ടു​ത്തും. മനസ്സോ​ടെ ഞാൻ അവരെ സ്‌നേ​ഹി​ക്കും. എന്റെ കോപം അവരെ വിട്ടക​ന്നി​രി​ക്കു​ന്നു.” തെറ്റു​കാ​രൻ മാനസാ​ന്ത​ര​ത്തി​ന്റെ എന്തെങ്കി​ലും ലക്ഷണങ്ങൾ കാണി​ക്കു​ന്നു​ണ്ടോ എന്നു നോക്കാൻ ആ വാക്കുകൾ മൂപ്പന്മാ​രെ പ്രേരി​പ്പി​ക്കു​ന്നി​ല്ലേ? ഒട്ടും താമസി​ക്കാ​തെ മടങ്ങി​വ​രാൻ, യഹോ​വയെ ഉപേക്ഷിച്ച്‌ പോയ​വ​രെ​യും അതു ശക്തമായി പ്രേരി​പ്പി​ക്കു​ന്നി​ല്ലേ?

10-11. കഴിഞ്ഞ കാലങ്ങ​ളിൽ സഭയിൽനിന്ന്‌ നീക്കം ചെയ്‌ത​വരെ സഹായി​ക്കാ​നാ​യി മൂപ്പന്മാർ എന്തു ചെയ്യും?

10 കഴിഞ്ഞ കാലത്ത്‌, ഒരുപക്ഷേ വർഷങ്ങൾക്കു മുമ്പ്‌, സഭയിൽനിന്ന്‌ നീക്കം ചെയ്‌ത​വ​രു​ടെ കാര്യ​ത്തി​ലോ? സഭയിൽനിന്ന്‌ നീക്കം ചെയ്യാൻ ഇടയാ​ക്കിയ ആ പാപ​മൊ​ന്നും അവർ ഇപ്പോൾ ചെയ്യു​ന്നി​ല്ലാ​യി​രി​ക്കാം. ചിലരു​ടെ കാര്യ​ത്തിൽ എന്തിനാ​ണു തങ്ങളെ നീക്കം ചെയ്‌ത​തെ​ന്നു​പോ​ലും അവർ ഓർക്കു​ന്നു​ണ്ടാ​കില്ല. സാഹച​ര്യം എന്താ​ണെ​ങ്കി​ലും മൂപ്പന്മാർ അവരെ കണ്ടുപി​ടിച്ച്‌ അവരെ സന്ദർശി​ക്കാൻ ശ്രമി​ക്കും. അവരെ സന്ദർശി​ക്കു​മ്പോൾ അവർ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ അവരോ​ടൊ​പ്പം പ്രാർഥി​ക്കാൻപോ​ലും മൂപ്പന്മാർ തീരു​മാ​നി​ച്ചേ​ക്കും. കൂടാതെ, സഭയി​ലേക്കു മടങ്ങി​വ​രാൻ സ്‌നേ​ഹ​ത്തോ​ടെ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യും. വർഷങ്ങ​ളാ​യി സഭയു​മാ​യി ഒരു ബന്ധവു​മി​ല്ലാത്ത ഒരാളു​ടെ കാര്യ​ത്തിൽ അയാൾ ആത്മീയ​മാ​യി വളരെ ദുർബ​ല​നാ​യി​രി​ക്കും. അതു​കൊണ്ട്‌ സഭയി​ലേക്കു മടങ്ങി​വ​രാൻ അയാൾക്ക്‌ ആഗ്രഹ​മു​ണ്ടെന്നു കണ്ടാൽ അയാളു​മാ​യി ഒരു ബൈബിൾപ​ഠനം നടത്താൻ മൂപ്പന്മാർ ആരെ​യെ​ങ്കി​ലും ക്രമീ​ക​രി​ച്ചേ​ക്കാം. അതിന്‌ അയാളെ പുനഃ​സ്ഥി​തീ​ക​രി​ക്ക​ണ​മെ​ന്നു​പോലു​മില്ല. ഇങ്ങനെ​യുള്ള എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും ബൈബിൾപ​ഠനം ക്രമീ​ക​രി​ക്കു​ന്നതു മൂപ്പന്മാ​രാ​യി​രി​ക്കും.

11 യഹോ​വ​യു​ടെ സ്‌നേ​ഹ​വും അനുക​മ്പ​യും അനുക​രി​ക്കാൻ മൂപ്പന്മാർ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ യഹോ​വയെ ഉപേക്ഷി​ച്ചു​പോയ എല്ലാവ​രെ​യും കണ്ടെത്താൻ അവർ ശ്രമി​ക്കു​ന്നു. തെറ്റു​കാർക്കു മടങ്ങി​വ​രാ​നാ​കു​മെ​ന്നും അതിനുള്ള വാതിൽ ഇപ്പോ​ഴും തുറന്നു​കി​ട​ക്കു​ക​യാ​ണെ​ന്നും മൂപ്പന്മാർ അവരോ​ടു പറയും. ഒരു തെറ്റു​കാ​രൻ മാനസാ​ന്ത​ര​പ്പെ​ടു​ക​യും തന്റെ തെറ്റായ വഴികൾ ഉപേക്ഷി​ക്കു​ക​യും ചെയ്‌താൽ ഒട്ടും വൈകാ​തെ അയാളെ പുനഃ​സ്ഥി​തീ​ക​രി​ക്കാ​നാ​കും.—2 കൊരി. 2:6-8.

12. (എ) ഏതെല്ലാം സാഹച​ര്യ​ങ്ങ​ളിൽ മൂപ്പന്മാർ പ്രത്യേ​കം ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം? (ബി) ചില തരം പാപം ചെയ്‌ത​വർക്ക്‌ ഒരിക്ക​ലും യഹോ​വ​യു​ടെ കരുണ ലഭിക്കി​ല്ലെന്നു നമ്മൾ ചിന്തി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌? (അടിക്കു​റി​പ്പും കാണുക.)

12 ചില സാഹച​ര്യ​ങ്ങ​ളിൽ ഒരാളെ പുനഃ​സ്ഥി​തീ​ക​രി​ക്കുന്ന കാര്യ​ത്തിൽ മൂപ്പന്മാർ നല്ല ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌ കുട്ടി​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​റ്റം, വിശ്വാ​സ​ത്യാ​ഗം, വിവാ​ഹ​ബന്ധം അവസാ​നി​പ്പി​ക്കാൻ ഗൂഢാ​ലോ​ചന നടത്തൽ എന്നിവ​പോ​ലുള്ള എതെങ്കി​ലും തെറ്റിന്റെ പേരി​ലാണ്‌ ഒരാളെ സഭയിൽനിന്ന്‌ നീക്കം ചെയ്‌ത​തെ​ങ്കിൽ, അയാൾക്കു ശരിക്കുള്ള മാനസാ​ന്തരം വന്നിട്ടു​ണ്ടെന്നു മൂപ്പന്മാർ ഉറപ്പു​വ​രു​ത്തണം. (മലാ. 2:14; 2 തിമൊ. 3:6) കാരണം സഭയിലെ സഹോ​ദ​ര​ങ്ങളെ സംരക്ഷി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം മൂപ്പന്മാർക്കുണ്ട്‌. അതേസ​മയം ആത്മാർഥ​മാ​യി മാനസാ​ന്ത​ര​പ്പെ​ടു​ക​യും തന്റെ തെറ്റായ വഴികൾ ഉപേക്ഷി​ക്കു​ക​യും ചെയ്‌ത​വരെ യഹോവ തിരികെ സ്വീക​രി​ക്കു​മെന്ന കാര്യ​വും നമ്മൾ മനസ്സിൽപ്പി​ടി​ക്കണം. അതു​കൊണ്ട്‌ വഞ്ചകമാ​യി പ്രവർത്തി​ച്ച​വരെ പുനഃ​സ്ഥി​തീ​ക​രി​ക്കുന്ന കാര്യ​ത്തിൽ മൂപ്പന്മാർ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കു​മെ​ങ്കി​ലും ചില തരം പാപം ചെയ്‌ത​വർക്ക്‌ ഒരിക്ക​ലും യഹോ​വ​യു​ടെ കരുണ ലഭിക്കി​ല്ലെന്നു മൂപ്പന്മാർ ചിന്തി​ക്ക​രുത്‌. c1 പത്രോ. 2:10.

സഹോ​ദ​ര​ങ്ങൾക്ക്‌ എന്തു ചെയ്യാം?

13. ശാസന ലഭിച്ച ഒരു വ്യക്തി​യോട്‌ ഇടപെ​ടു​ന്ന​തു​പോ​ലെ​യാ​ണോ സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരു വ്യക്തി​യോട്‌ ഇടപെ​ടേ​ണ്ടത്‌? വിശദീ​ക​രി​ക്കുക.

13 കഴിഞ്ഞ ലേഖന​ത്തിൽ കണ്ടതു​പോ​ലെ ഒരാളെ ശാസി​ച്ചി​രി​ക്കു​ന്ന​താ​യി ചില​പ്പോൾ സഭയിൽ ഒരു അറിയി​പ്പു നടത്തി​യേ​ക്കാം. അത്തര​മൊ​രു സാഹച​ര്യ​ത്തിൽ നമുക്ക്‌ ആ വ്യക്തി​യു​മാ​യി തുടർന്നും സഹവസി​ക്കാ​നാ​കും. കാരണം ആ വ്യക്തി മാനസാ​ന്ത​ര​പ്പെ​ടു​ക​യും തന്റെ തെറ്റായ വഴികൾ ഉപേക്ഷി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. (1 തിമൊ. 5:20) അയാൾ ഇപ്പോ​ഴും സഭയുടെ ഭാഗമാണ്‌. സഹവി​ശ്വാ​സി​ക​ളിൽനി​ന്നുള്ള പ്രോ​ത്സാ​ഹനം അയാൾക്ക്‌ ആവശ്യ​മാണ്‌. (എബ്രാ. 10:24, 25) എന്നാൽ സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരാളു​ടെ കാര്യ​ത്തിൽ സാഹച​ര്യം മറ്റൊ​ന്നാണ്‌. നമ്മൾ അയാളു​മാ​യുള്ള ‘കൂട്ടു​കെട്ട്‌ ഉപേക്ഷി​ക്കണം,’ “അയാളു​ടെ​കൂ​ടെ ഭക്ഷണം കഴിക്കാൻപോ​ലും പാടില്ല.”—1 കൊരി. 5:11.

14. സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരാളു​മാ​യി ഇടപെ​ടുന്ന കാര്യ​ത്തിൽ ക്രിസ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ തങ്ങളുടെ ബൈബിൾപ​രി​ശീ​ലിത മനസ്സാ​ക്ഷി​യ​നു​സ​രിച്ച്‌ പ്രവർത്തി​ക്കാം? (ചിത്ര​വും കാണുക.)

14 അതിന്റെ അർഥം സഭയിൽനിന്ന്‌ നീക്കം ചെയ്‌ത വ്യക്തി​കളെ നമ്മൾ പൂർണ​മാ​യും അവഗണി​ക്കു​മെ​ന്നാ​ണോ? അങ്ങനെ​യാ​ക​ണ​മെ​ന്നില്ല. അവരു​മാ​യി നമ്മൾ എന്തായാ​ലും ഇടപഴ​കില്ല. എന്നാൽ അങ്ങനെ​യുള്ള ഒരാളെ മീറ്റി​ങ്ങി​നു ക്ഷണിക്ക​ണോ എന്നു ക്രിസ്‌ത്യാ​നി​കൾക്കു തങ്ങളുടെ ബൈബിൾപ​രി​ശീ​ലിത മനസ്സാ​ക്ഷി​യ​നു​സ​രിച്ച്‌ തീരു​മാ​നി​ക്കാം. ചില​പ്പോൾ ആ വ്യക്തി നമ്മുടെ ബന്ധുവാ​യി​രി​ക്കാം, അല്ലെങ്കിൽ മുമ്പ്‌ നമ്മുടെ ഒരു അടുത്ത സുഹൃ​ത്താ​യി​രു​ന്നി​രി​ക്കാം. ഇനി, സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരാൾ മീറ്റി​ങ്ങി​നു വന്നാലോ? മുമ്പാ​യി​രു​ന്നെ​ങ്കിൽ അങ്ങനെ​യൊ​രാ​ളെ നമ്മൾ അഭിവാ​ദനം ചെയ്യി​ല്ലാ​യി​രു​ന്നു. പക്ഷേ ഇക്കാര്യ​ത്തി​ലും ഓരോ ക്രിസ്‌ത്യാ​നി​യു​മാ​ണു തന്റെ ബൈബിൾപ​രി​ശീ​ലിത മനസ്സാ​ക്ഷി​യ​നു​സ​രിച്ച്‌ ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടത്‌. അയാളെ അഭിവാ​ദനം ചെയ്യു​ന്ന​തും അയാൾ മീറ്റി​ങ്ങി​നു വരു​മ്പോൾ സ്വാഗതം ചെയ്യു​ന്ന​തും കുഴപ്പ​മി​ല്ലെന്നു ചിലർക്കു തോന്നി​യേ​ക്കാം. പക്ഷേ അപ്പോ​ഴും നമ്മൾ അയാളു​മാ​യി നീണ്ട സംഭാ​ഷണം നടത്തു​ക​യോ ഇടപഴ​കു​ക​യോ ചെയ്യില്ല.

സഭയിൽനിന്ന്‌ നീക്കം ചെയ്‌ത ഒരു വ്യക്തിയെ മീറ്റി​ങ്ങി​നു ക്ഷണിക്ക​ണോ എന്നും മീറ്റി​ങ്ങി​നു വരു​മ്പോൾ അഭിവാ​ദനം ചെയ്യണോ എന്നും ഓരോ ക്രിസ്‌ത്യാ​നി​ക്കും തന്റെ ബൈബിൾപ​രി​ശീ​ലിത മനസ്സാ​ക്ഷി​യ​നു​സ​രിച്ച്‌ തീരു​മാ​നി​ക്കാ​വു​ന്ന​താണ്‌. (14-ാം ഖണ്ഡിക കാണുക)


15. ഏതുതരം പാപി​ക​ളെ​ക്കു​റി​ച്ചാണ്‌ 2 യോഹ​ന്നാൻ 9-11-ൽ പറഞ്ഞി​രി​ക്കു​ന്നത്‌? (“ യോഹ​ന്നാ​നും പൗലോ​സും ഒരേ തരം പാപ​ത്തെ​ക്കു​റി​ച്ചാ​ണോ പറഞ്ഞത്‌?” എന്ന ചതുര​വും കാണുക.)

15 ചിലർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം, അങ്ങനെ​യൊ​രാ​ളെ “അഭിവാ​ദനം ചെയ്യു​ന്ന​യാൾ അയാളു​ടെ ദുഷ്‌ചെ​യ്‌തി​ക​ളിൽ പങ്കാളി​യാണ്‌” എന്നു ബൈബി​ളിൽ പറയു​ന്നി​ല്ലേ? (2 യോഹ​ന്നാൻ 9-11 വായി​ക്കുക.) ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്നതു വിശ്വാ​സ​ത്യാ​ഗി​ക​ളെ​ക്കു​റി​ച്ചും തെറ്റായ കാര്യങ്ങൾ ചെയ്യാൻ ഇപ്പോ​ഴും മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചും ആണെന്ന്‌ അതിന്റെ സന്ദർഭം സൂചി​പ്പി​ക്കു​ന്നു. (വെളി. 2:20) അതു​കൊണ്ട്‌ ഒരാൾ വിശ്വാ​സ​ത്യാ​ഗ​പ​ര​മായ ഉപദേ​ശ​ങ്ങ​ളെ​യോ മറ്റു തെറ്റായ കാര്യ​ങ്ങ​ളെ​യോ സജീവ​മാ​യി ഉന്നമി​പ്പി​ക്കു​ന്നെ​ങ്കിൽ അങ്ങനെ​യൊ​രാ​ളെ സന്ദർശി​ക്കാൻ മൂപ്പന്മാർ ക്രമീ​ക​രണം ചെയ്യില്ല. എങ്കിലും അയാൾ സുബോ​ധ​ത്തി​ലേക്കു വരു​മെ​ന്നു​ത​ന്നെ​യാ​ണു നമ്മുടെ പ്രതീക്ഷ. പക്ഷേ അതുവരെ നമ്മൾ അയാളെ അഭിവാ​ദനം ചെയ്യു​ക​യോ മീറ്റി​ങ്ങി​നു വരാൻ ക്ഷണിക്കു​ക​യോ ഇല്ല.

യഹോ​വ​യു​ടെ അനുക​മ്പ​യും കരുണ​യും അനുക​രി​ക്കു​ക

16-17. (എ) പാപികൾ എന്തു ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌? (യഹസ്‌കേൽ 18:32) (ബി) തെറ്റു​കാ​രെ സഹായി​ക്കാൻ ശ്രമി​ക്കു​മ്പോൾ മൂപ്പന്മാർക്ക്‌ എങ്ങനെ യഹോ​വ​യോ​ടൊ​പ്പം പ്രവർത്തി​ക്കു​ന്ന​വ​രാ​ണെന്നു തെളി​യി​ക്കാം?

16 ഈ അഞ്ചു ലേഖന​ങ്ങ​ളിൽനിന്ന്‌ നമ്മൾ എന്താണു പഠിച്ചത്‌? ആരും നശിച്ചു​പോ​കാൻ യഹോവ ആഗ്രഹി​ക്കു​ന്നില്ല. (യഹസ്‌കേൽ 18:32 വായി​ക്കുക.) തെറ്റു ചെയ്‌തവർ താനു​മാ​യി അനുരഞ്ജനപ്പെടാനാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (2 കൊരി. 5:20) അതു​കൊ​ണ്ടാണ്‌ യഹോവ, കഴിഞ്ഞ കാലങ്ങ​ളി​ലെ​ല്ലാം വഴി​തെ​റ്റി​പ്പോയ തന്റെ ജനത്തെ​യും വ്യക്തി​ക​ളെ​യും മാനസാ​ന്ത​ര​പ്പെട്ട്‌ തന്നി​ലേക്കു തിരി​ഞ്ഞു​വ​രാൻ ആവർത്തി​ച്ചാ​വർത്തിച്ച്‌ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌. ഗുരു​ത​ര​മായ തെറ്റു ചെയ്‌ത​വരെ മാനസാ​ന്ത​ര​ത്തി​ലേക്കു നയിക്കാൻ മൂപ്പന്മാർ ശ്രമി​ക്കു​മ്പോൾ അവർ യഹോ​വ​യോ​ടൊ​പ്പം പ്രവർത്തി​ക്കു​ക​യാണ്‌.—റോമ. 2:4; 1 കൊരി. 3:9.

17 തെറ്റു ചെയ്‌ത ഒരാൾ മാനസാ​ന്ത​ര​പ്പെ​ടു​മ്പോൾ സ്വർഗ​ത്തിൽ ഉണ്ടാകുന്ന സന്തോഷം എത്ര വലുതാ​ണെന്ന്‌ ഒന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ. കാണാ​തെ​പോയ ആടുകൾ സഭയി​ലേക്കു തിരി​ച്ചു​വ​രുന്ന ഓരോ സന്ദർഭ​ത്തി​ലും യഹോവ വളരെ​യ​ധി​കം സന്തോ​ഷി​ക്കു​ന്നു. യഹോ​വ​യു​ടെ അനുക​മ്പ​യെ​യും കരുണ​യെ​യും അനർഹ​ദ​യ​യെ​യും കുറിച്ച്‌ നമുക്ക്‌ ഇനിയു​മി​നി​യും ധ്യാനി​ക്കാം. അങ്ങനെ യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം കൂടു​തൽക്കൂ​ടു​തൽ ആഴമു​ള്ള​താ​കട്ടെ.—ലൂക്കോ. 1:78.

ഗീതം 111 സന്തോ​ഷി​ക്കാ​നുള്ള കാരണങ്ങൾ

a ഈ ലേഖന​ത്തിൽ, തെറ്റു ചെയ്‌ത​യാ​ളെ പുരു​ഷ​നാ​യി​ട്ടാ​ണു പറഞ്ഞി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇതിലെ വിവരങ്ങൾ സ്‌ത്രീ​ക​ളു​ടെ കാര്യ​ത്തി​ലും ബാധക​മാണ്‌.

b ഇവരെക്കുറിച്ച്‌ ഇനിമു​തൽ “പുറത്താ​ക്ക​പ്പെ​ട്ടവർ” എന്നു പറയില്ല. പകരം, 1 കൊരി​ന്ത്യർ 5:13-ലെ പൗലോ​സി​ന്റെ വാക്കു​കൾക്കു ചേർച്ച​യിൽ സഭയിൽനിന്ന്‌ “നീക്കം ചെയ്‌തവർ” എന്നായി​രി​ക്കും പറയു​ന്നത്‌.

c ബൈബിളിൽ ക്ഷമ കിട്ടു​ക​യി​ല്ലാത്ത പാപം എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ഏതെങ്കി​ലും പ്രത്യേ​ക​തരം പാപ​ത്തെ​ക്കു​റി​ച്ചല്ല. കഠിന​ഹൃ​ദ​യ​ത്തോ​ടെ, ദൈവ​ത്തോട്‌ എപ്പോ​ഴും എതിർത്തു​നിൽക്കുന്ന മനോ​ഭാ​വ​ത്തോ​ടെ ഒരാൾ ചെയ്യുന്ന ഏതൊരു പാപവും ക്ഷമ കിട്ടു​ക​യി​ല്ലാ​ത്ത​താണ്‌. ഒരാൾ ചെയ്‌തത്‌ അങ്ങനെ​യൊ​രു പാപമാ​ണോ എന്ന്‌ യഹോ​വ​യ്‌ക്കും യേശു​വി​നും മാത്രമേ പറയാ​നാ​കൂ.—മർക്കോ. 3:29; എബ്രാ. 10:26, 27.