കൂടുതൽ പഠിക്കാനായി. . .
പ്രധാനപോയിന്റുകൾ വീണ്ടും ചിന്തിക്കുക
തൊട്ടുമുമ്പ് പഠിച്ച് തീർത്ത കാര്യം ഓർത്തെടുക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട് തോന്നാറുണ്ടോ? ഇടയ്ക്കൊക്കെ എല്ലാവർക്കും സംഭവിക്കുന്നതാണ് അത്. എങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാം? പ്രധാനപോയിന്റുകളെക്കുറിച്ച് വീണ്ടും ചിന്തിക്കുക.
പഠിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഒന്നു നിറുത്തി ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങൾ ശ്രദ്ധിക്കുക. പൗലോസ് അപ്പോസ്തലൻ തന്റെ കത്ത് വായിക്കുന്നവരോട് ഇതുതന്നെ ചെയ്യാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഇങ്ങനെ എഴുതി: “ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം ഇതാണ്.” (എബ്രാ. 8:1) ഈ വാക്കുകളിലൂടെ, താൻ പറഞ്ഞുവരുന്ന ആശയം എന്താണെന്നും ഓരോ പോയിന്റിനും പ്രധാനവിഷയവുമായുള്ള ബന്ധം എന്താണെന്നും മനസ്സിലാക്കാൻ പൗലോസ് കേൾവിക്കാരെ സഹായിക്കുകയായിരുന്നു.
മൊത്തം പഠിച്ചുകഴിയുമ്പോൾ പ്രധാനപ്പെട്ട പോയിന്റുകളെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ നമ്മൾ സമയം മാറ്റിവെക്കണം; ചിലപ്പോൾ പത്തു മിനിട്ടൊക്കെ മതിയാകും. പ്രധാനപോയിന്റുകൾ ഓർത്തെടുക്കാൻ പറ്റുന്നില്ലെങ്കിൽ ഉപതലക്കെട്ടുകളോ ഓരോ ഖണ്ഡികയുടെയും ആദ്യത്തെ വാചകമോ നോക്കാം. പുതുതായി എന്തെങ്കിലും പഠിച്ചെങ്കിൽ, നിങ്ങളുടെ സ്വന്തം വാക്കുകളിൽ അതു വിശദീകരിക്കാൻ ശ്രമിക്കുക. ഇങ്ങനെ പ്രധാനപോയിന്റുകളെക്കുറിച്ച് വീണ്ടും ചിന്തിക്കുന്നത്, കാര്യങ്ങൾ ഓർത്തിരിക്കാൻ മാത്രമല്ല അവ സ്വന്തം ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു മനസ്സിലാക്കാനും നമ്മളെ സഹായിക്കും.