പഠനലേഖനം 42
ഗീതം 103 ഇടയന്മാർ—ദൈവത്തിൽനിന്നുള്ള സമ്മാനം
‘മനുഷ്യരാകുന്ന സമ്മാനങ്ങളെ’ വിലമതിക്കുക
“ഉന്നതങ്ങളിലേക്കു കയറിയപ്പോൾ . . . അവൻ മനുഷ്യരെ സമ്മാനങ്ങളായി തന്നു.”—എഫെ. 4:8.
ഉദ്ദേശ്യം
ശുശ്രൂഷാദാസന്മാരും മൂപ്പന്മാരും സർക്കിട്ട് മേൽവിചാരകന്മാരും നമ്മളെ എങ്ങനെയാണു സഹായിക്കുന്നതെന്നും വിശ്വസ്തരായ ഈ പുരുഷന്മാർ ചെയ്യുന്ന കാര്യങ്ങളോടു നമുക്ക് എങ്ങനെ വിലമതിപ്പു കാണിക്കാമെന്നും നോക്കാം.
1. യേശു നമുക്കു നൽകിയിരിക്കുന്ന ചില സമ്മാനങ്ങൾ എന്തൊക്കെയാണ്?
യേശുവിനെപ്പോലെ ഉദാരമായി കൊടുത്ത വേറൊരു മനുഷ്യനും ഭൂമിയിൽ ഉണ്ടായിട്ടില്ല. ഭൂമിയിലായിരുന്നപ്പോൾ പല തവണ അത്ഭുതങ്ങൾ ചെയ്തുകൊണ്ട് യേശു ആളുകളെ സഹായിച്ചു. (ലൂക്കോ. 9:12-17) നമുക്കുവേണ്ടി സ്വന്തം ജീവൻ നൽകിക്കൊണ്ട് എക്കാലത്തെയും ഏറ്റവും വലിയ സമ്മാനം യേശു തന്നു. (യോഹ. 15:13) പുനരുത്ഥാനത്തിനു ശേഷവും യേശു ഉദാരമായി കൊടുത്തുകൊണ്ടിരിക്കുകയാണ്. നമ്മളെ പഠിപ്പിക്കാനും ആശ്വസിപ്പിക്കാനും ആയി പരിശുദ്ധാത്മാവിനെ തരാൻ പിതാവിനോട് അപേക്ഷിക്കുമെന്നു യേശു പറഞ്ഞിരുന്നു. യേശു അതുതന്നെ ചെയ്തു. (യോഹ. 14:16, 17, അടിക്കുറിപ്പ്; 16:13) ഇനി സഭായോഗങ്ങളിലൂടെ ലോകമെങ്ങും ആളുകളെ ശിഷ്യരാക്കാനുള്ള പരിശീലനവും യേശു നൽകിക്കൊണ്ടിരിക്കുന്നു.—മത്താ. 28:18-20.
2. എഫെസ്യർ 4:7, 8-ൽ പറഞ്ഞിരിക്കുന്ന ‘മനുഷ്യരാകുന്ന സമ്മാനങ്ങളിൽ’ ആരെല്ലാം ഉൾപ്പെടും?
2 യേശു നമുക്കു തന്നിരിക്കുന്ന മറ്റൊരു സമ്മാനത്തെക്കുറിച്ച് ചിന്തിക്കാം. സ്വർഗത്തിലേക്കു പോയതിനു ശേഷം യേശു “മനുഷ്യരെ സമ്മാനങ്ങളായി തന്നു” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (എഫെസ്യർ 4:7, 8 വായിക്കുക.) യേശു ഈ സമ്മാനം തന്നതു വ്യത്യസ്ത വിധങ്ങളിൽ സഭയെ പിന്തുണയ്ക്കാൻ വേണ്ടിയാണെന്നു പൗലോസ് വിശദീകരിച്ചു. (എഫെ. 1:22, 23; 4:11-13) ഇന്നു ‘മനുഷ്യരാകുന്ന സമ്മാനങ്ങളിൽ’ ശുശ്രൂഷാദാസന്മാരും സഭാമൂപ്പന്മാരും സർക്കിട്ട് മേൽവിചാരകന്മാരും ഉൾപ്പെടുന്നു. a ഈ മനുഷ്യർ അപൂർണരായതുകൊണ്ട് അവർക്കു തെറ്റുകളൊക്കെ പറ്റും എന്നതു ശരിയാണ്. (യാക്കോ. 3:2) എങ്കിലും കർത്താവായ യേശു നമ്മളെ സഹായിക്കുന്നതിനുവേണ്ടി അവരെ ഉപയോഗിക്കുന്നു. യേശു നമുക്കു നൽകിയിരിക്കുന്ന സമ്മാനങ്ങളാണ് അവർ.
3. യേശു ‘സമ്മാനങ്ങളായി തന്ന’ മനുഷ്യരുടെ കഠിനാധ്വാനത്തെ നമുക്കെല്ലാം എങ്ങനെ പിന്തുണയ്ക്കാമെന്ന് ഒരു ഉദാഹരണത്തിലൂടെ പറയുക.
3 സഭയെ ബലപ്പെടുത്താനാണ് യേശു ഈ ‘മനുഷ്യരെ സമ്മാനങ്ങളായി’ തന്നിരിക്കുന്നത്. (എഫെ. 4:12) പ്രധാനപ്പെട്ട ഈ ഉത്തരവാദിത്വം അവർ ചെയ്യുമ്പോൾ നമുക്കും അവരെ സഹായിക്കാനാകും. ഒരു ഉദാഹരണം നോക്കാം. ഒരു രാജ്യഹാളിന്റെ പണി നടക്കുമ്പോൾ ചിലർ അതിൽ നേരിട്ട് ഉൾപ്പെടുന്നു. വേറെ ചിലർ ഭക്ഷണം കൊടുത്തുകൊണ്ടും യാത്രാസൗകര്യം ഒരുക്കിക്കൊണ്ടും മറ്റു ചില സേവനങ്ങൾ ചെയ്തുകൊണ്ടും അതിനെ പിന്തുണയ്ക്കുന്നു. ഇതുപോലെ ശുശ്രൂഷാദാസന്മാരുടെയും സഭയിലെ മൂപ്പന്മാരുടെയും സർക്കിട്ട് മേൽവിചാരകന്മാരുടെയും ശ്രമങ്ങളെ നമുക്കെല്ലാവർക്കും നമ്മുടെ വാക്കുകളാലും പ്രവൃത്തികളാലും പിന്തുണയ്ക്കാനാകും. ഈ ലേഖനത്തിൽ, അവരുടെ കഠിനാധ്വാനം നമുക്ക് എങ്ങനെയാണു പ്രയോജനം ചെയ്യുന്നതെന്നു നമ്മൾ കാണും. അതുപോലെ, അവരോടും അവരെ “സമ്മാനങ്ങളായി” തന്ന യേശുവിനോടും നമുക്ക് എങ്ങനെ വിലമതിപ്പു കാണിക്കാമെന്നും നോക്കും.
“സഹായം ചെയ്യുന്ന” ശുശ്രൂഷാദാസന്മാർ
4. ഒന്നാം നൂറ്റാണ്ടിലെ ശുശ്രൂഷാദാസന്മാർ ചെയ്തുകൊടുത്ത ചില ‘സഹായങ്ങൾ’ എന്തൊക്കെയാണ്?
4 ഒന്നാം നൂറ്റാണ്ടിൽ ചില സഹോദരന്മാരെ ശുശ്രൂഷാദാസന്മാരായി നിയമിച്ചിരുന്നു. (1 തിമൊ. 3:8) “സഹായം ചെയ്യുന്നവർ” എന്നു പൗലോസ് എഴുതിയത് ഇവരെക്കുറിച്ച് ആയിരിക്കാം. (1 കൊരി. 12:28) ഈ ശുശ്രൂഷാദാസന്മാർ സാധ്യതയനുസരിച്ച് പ്രധാനപ്പെട്ട പല കാര്യങ്ങളിലും മൂപ്പന്മാരെ സഹായിച്ചിരുന്നു. അതുകൊണ്ട് മൂപ്പന്മാർക്കു പഠിപ്പിക്കുന്നതിലും ഇടയവേല ചെയ്യുന്നതിലും കൂടുതൽ ശ്രദ്ധിക്കാനായി. ഉദാഹരണത്തിന്, തിരുവെഴുത്തുകളുടെ പകർപ്പുകളുണ്ടാക്കാനും അതിനുവേണ്ട സാധനങ്ങൾ വാങ്ങാനും ഒക്കെ ശുശ്രൂഷാദാസന്മാർ സഹായിച്ചിട്ടുണ്ടാകണം.
5. ഇന്ന് ശുശ്രൂഷാദാസന്മാർ ചെയ്യുന്ന ചില സഹായങ്ങൾ എന്തൊക്കെയാണ്?
5 നിങ്ങളുടെ സഭയ്ക്കുവേണ്ടിയും ശുശ്രൂഷാദാസന്മാർ ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. (1 പത്രോ. 4:10) അതിൽ ചിലത് ഇതാണ്: സംഭാവനകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നു, സഭാപ്രദേശത്തിന്റെ കാര്യങ്ങൾ നോക്കുന്നു, പ്രസിദ്ധീകരണങ്ങൾ ഓർഡർ ചെയ്ത് അതു സഹോദരങ്ങൾക്കു ലഭ്യമാക്കുന്നു, മീറ്റിങ്ങിന്റെ സമയത്ത് സേവകന്മാരായി പ്രവർത്തിക്കുന്നു, ഓഡിയോ-വീഡിയോ വിഭാഗത്തിൽ സേവിക്കുന്നു, രാജ്യഹാളിന്റെ അറ്റകുറ്റപ്പണികളിൽ സഹായിക്കുന്നു. സഭാപ്രവർത്തനങ്ങൾ നന്നായി മുന്നോട്ടുപോകാൻ ഈ സഹായങ്ങളെല്ലാം വളരെ ആവശ്യമാണ്. (1 കൊരി. 14:40) ഇതിനു പുറമേ ചില ശുശ്രൂഷാദാസന്മാർ ജീവിത-സേവന യോഗത്തിലെ പരിപാടികളും പൊതുപ്രസംഗങ്ങളും നടത്താറുണ്ട്. ഇനി ഗ്രൂപ്പ് മേൽവിചാരകനെ സഹായിക്കാൻ ഒരു ശുശ്രൂഷാദാസനെ നിയമിച്ചേക്കാം. ചിലപ്പോൾ മൂപ്പന്മാർ ഇടയസന്ദർശനങ്ങൾ നടത്തുമ്പോൾ യോഗ്യതയുള്ള ശുശ്രൂഷാദാസന്മാരെ കൂടെ കൂട്ടാറുമുണ്ട്.
6. കഠിനാധ്വാനം ചെയ്യുന്ന ശുശ്രൂഷാദാസന്മാരെ നമ്മൾ വിലമതിക്കുന്നതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്?
6 ശുശ്രൂഷാദാസന്മാർ ചെയ്യുന്നതെല്ലാം സഭയ്ക്കു പ്രയോജനപ്പെടുന്നത് എങ്ങനെയാണ്? ബൊളീവിയയിലുള്ള ബിബെർലി b സഹോദരി പറയുന്നു: “ശുശ്രൂഷാദാസന്മാർ ഉള്ളതുകൊണ്ട് എനിക്കു മീറ്റിങ്ങ് എല്ലാം നന്നായി കൂടാൻ പറ്റുന്നുണ്ട്. എനിക്കു പാട്ടു പാടാനും അഭിപ്രായങ്ങൾ പറയാനും പ്രസംഗങ്ങൾ കേൾക്കാനും വീഡിയോകളിൽനിന്നും ചിത്രങ്ങളിൽനിന്നും പഠിക്കാനും ഒക്കെ പറ്റുന്നത് അവർ കാര്യങ്ങൾ നന്നായി ചെയ്യുന്നതുകൊണ്ടാണ്. മീറ്റിങ്ങ് കൂടുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അവർ ഉറപ്പുവരുത്തുന്നു. വീഡിയോ കോൺഫറൻസിങ് വഴി മീറ്റിങ്ങ് കൂടുന്നവർക്ക് ആവശ്യമായ സഹായങ്ങളും ചെയ്തുകൊടുക്കുന്നു. ശുശ്രൂഷാദാസന്മാർ മീറ്റിങ്ങിനു ശേഷം ക്ലീനിങ്ങിൽ നേതൃത്വം എടുക്കുന്നു. സഭാ കണക്കുകൾ കൈകാര്യം ചെയ്യുന്നു. നമുക്ക് ആവശ്യത്തിനു പ്രസിദ്ധീകരണങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുന്നു. അവരോട് എനിക്ക് ഒരുപാടു നന്ദിയുണ്ട്.” കൊളംബിയയിൽനിന്നുള്ള ഒരു മൂപ്പന്റെ ഭാര്യയായ ലെസ്ലി പറയുന്നു: “പല നിയമനങ്ങളും ചെയ്യാൻ എന്റെ ഭർത്താവിനു ശുശ്രൂഷാദാസന്മാരുടെ സഹായം വേണ്ടിവരാറുണ്ട്. അവർ ഇല്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് ഇതിലും തിരക്കായിപ്പോയേനേ. സഹായിക്കാനുള്ള അവരുടെ മനസ്സൊരുക്കത്തിനും ഉത്സാഹത്തിനും എനിക്ക് അവരോട് ശരിക്കും നന്ദിയുണ്ട്.” ഇതുതന്നെയായിരിക്കും നമുക്ക് എല്ലാവർക്കും തോന്നുന്നത്.—1 തിമൊ. 3:13.
7. ശുശ്രൂഷാദാസന്മാരോടുള്ള വിലമതിപ്പു നമുക്ക് എങ്ങനെ കാണിക്കാം? (ചിത്രവും കാണുക.)
7 ശുശ്രൂഷാദാസന്മാരോടു നന്ദി തോന്നിയാൽ മാത്രം പോരാ. പകരം ബൈബിൾ പറയുന്നത്, “നന്ദിയുള്ളവരാണെന്നു കാണിക്കുകയും വേണം” എന്നാണ്. (കൊലോ. 3:15) ഫിൻലൻഡിലുള്ള ക്രിസ്റ്റഫർ എന്ന മൂപ്പൻ, താൻ നന്ദി കാണിക്കുന്നത് എങ്ങനെയാണെന്നു പറയുന്നു: “ഞാൻ ഒരു കാർഡോ മെസ്സേജോ അയയ്ക്കും. അതിൽ ഞാൻ ഒരു തിരുവെഴുത്ത് എഴുതും. അതുപോലെ ആ ശുശ്രൂഷാദാസൻ പറഞ്ഞതോ ചെയ്തതോ ആയ ഒരു കാര്യം എന്നെ പ്രോത്സാഹിപ്പിച്ചത് എങ്ങനെയാണെന്നോ അല്ലെങ്കിൽ അദ്ദേഹം ചെയ്ത എന്തെങ്കിലും സേവനത്തിന് എനിക്ക് നന്ദി തോന്നുന്നത് എന്തുകൊണ്ടാണെന്നോ എഴുതും.” ന്യൂ കാലിഡോണിയയിൽ താമസിക്കുന്ന പാസ്കലും ജായലും ശുശ്രൂഷാദാസന്മാർക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കുന്നു. പാസ്കൽ ഇങ്ങനെ പറയുന്നു: “അടുത്തിടെയായി ശുശ്രൂഷാദാസന്മാർക്കുവേണ്ടി ഞങ്ങൾ ഒരുപാടു പ്രാർഥിക്കാറുണ്ട്. അവരെ തന്നതിന് യഹോവയോടു നന്ദി പറയും. അതുപോലെ അവരെ സഹായിക്കണേയെന്ന് അപേക്ഷിക്കുകയും ചെയ്യും.” ഇതുപോലുള്ള പ്രാർഥനകൾ യഹോവ കേൾക്കും. അതു മുഴുസഭയ്ക്കും പ്രയോജനം ചെയ്യും.—2 കൊരി. 1:11.
‘നിങ്ങൾക്കിടയിൽ അധ്വാനിക്കുന്ന’ മൂപ്പന്മാർ
8. ഒന്നാം നൂറ്റാണ്ടിലെ മൂപ്പന്മാർ കഠിനാധ്വാനം ചെയ്യുന്നെന്നു പൗലോസ് എഴുതിയത് എന്തുകൊണ്ടാണ്? (1 തെസ്സലോനിക്യർ 5:12, 13)
8 ഒന്നാം നൂറ്റാണ്ടിലെ മൂപ്പന്മാർ സഭയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്തു. (1 തെസ്സലോനിക്യർ 5:12, 13 വായിക്കുക; 1 തിമൊ. 5:17) യോഗങ്ങൾ നടത്തിക്കൊണ്ടും മൂപ്പന്മാരുടെ സംഘം എന്ന നിലയിൽ തീരുമാനങ്ങളെടുത്തുകൊണ്ടും അവർ സഭയിൽ ‘നേതൃത്വമെടുത്തു.’ അതുപോലെ സഭയെ സംരക്ഷിക്കുന്നതിനുവേണ്ടി അവർ സഹോദരങ്ങൾക്കു സ്നേഹത്തോടെ വേണ്ട ‘ഉപദേശവും’ തിരുത്തലുകളും നൽകിയിരുന്നു. (1 തെസ്സ. 2:11, 12; 2 തിമൊ. 4:2) ഇതിനു പുറമേ അവർ കുടുംബത്തിനുവേണ്ടി കരുതാനും സ്വന്തം ആത്മീയത ശക്തിപ്പെടുത്താനും കഠിനാധ്വാനം ചെയ്തു.—1 തിമൊ. 3:2, 4; തീത്തോ. 1:6-9.
9. ഇന്നു മൂപ്പന്മാർ കൈകാര്യം ചെയ്യുന്ന ചില ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ്?
9 മൂപ്പന്മാർ ഇന്നും വളരെ തിരക്കോടെ പ്രവർത്തിക്കുന്നു. അവർ സുവിശേഷകരാണ്. (2 തിമൊ. 4:5) അവർ ശുശ്രൂഷയിൽ തീക്ഷ്ണതയോടെ ഉൾപ്പെടുകയും സഭാപ്രദേശത്ത് പ്രസംഗപ്രവർത്തനം സംഘടിപ്പിക്കുകയും നന്നായി പ്രസംഗിക്കാനും പഠിപ്പിക്കാനും നമ്മളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ മൂപ്പന്മാർ കരുണയുള്ള, പക്ഷപാതമില്ലാത്ത ന്യായാധിപന്മാരായും സേവിക്കുന്നു. സഭയിൽ ആരെങ്കിലും ഗുരുതരമായ തെറ്റു ചെയ്താൽ യഹോവയുമായുള്ള ബന്ധം വീണ്ടെടുക്കാൻ മൂപ്പന്മാർ അവരെ സഹായിക്കുന്നു. അതേസമയം സഭയെ ശുദ്ധിയുള്ളതാക്കി നിലനിറുത്താനും അവർ പ്രത്യേകം ശ്രദ്ധിക്കും. (1 കൊരി. 5:12, 13; ഗലാ. 6:1) ഏറ്റവും പ്രധാനമായി മൂപ്പന്മാർ ഇടയന്മാരും ആണ്. (1 പത്രോ. 5:1-3) അവർ നന്നായി തയ്യാറായി ബൈബിളധിഷ്ഠിത പ്രസംഗങ്ങൾ നടത്തുകയും സഭയിലെ എല്ലാവരെയും അടുത്തറിയാൻ ശ്രമിക്കുകയും ഇടയസന്ദർശനങ്ങൾ നടത്തുകയും ചെയ്യുന്നു. ഇതിനു പുറമേ ചില മൂപ്പന്മാർ വേറെ ഉത്തരവാദിത്വങ്ങളും ചെയ്യുന്നുണ്ട്. രാജ്യഹാളിന്റെ നിർമാണത്തിലും പരിപാലനത്തിലും, കൺവെൻഷൻ സംഘടിപ്പിക്കുന്നതിലും, ആശുപത്രി ഏകോപനസമിതികളുടെയും രോഗീസന്ദർശന കൂട്ടങ്ങളുടെയും പ്രവർത്തനത്തിലും ഒക്കെ അവർ സഹായിക്കുന്നു. അതെ, മൂപ്പന്മാർ നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ്!
10. കഠിനാധ്വാനികളായ മൂപ്പന്മാരെ നമ്മൾ വിലമതിക്കുന്നതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്?
10 ഇടയന്മാർ നമുക്കുവേണ്ടി നന്നായി കരുതുന്നതുകൊണ്ട് നമ്മൾ “മേലാൽ പേടിക്കുകയോ സംഭ്രമിക്കുകയോ ഇല്ല” എന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. (യിരെ. 23:4) ഫിൻലൻഡിൽനിന്നുള്ള യൊഹാനാ സഹോദരി തന്റെ അമ്മയ്ക്കു ഗുരുതരമായ ഒരു അസുഖം വന്നപ്പോൾ യഹോവയുടെ ആ വാക്കുകൾ എത്ര സത്യമാണെന്ന് അനുഭവിച്ചറിഞ്ഞു. സഹോദരി പറയുന്നു: “എന്റെ ഉള്ളിലുള്ളതെല്ലാം മറ്റുള്ളവരോടു തുറന്നുപറയുക എന്നത് എനിക്ക് അത്ര എളുപ്പമല്ലായിരുന്നു. പക്ഷേ എനിക്കു വലിയ പരിചയമില്ലാതിരുന്ന ഒരു മൂപ്പൻ ഞാൻ സംസാരിച്ചപ്പോൾ എന്നോടു ക്ഷമ കാണിച്ചു. എന്നോടൊപ്പം പ്രാർഥിച്ചു; യഹോവ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പുതന്നു. ആ സഹോദരൻ എന്താണു പറഞ്ഞത് എന്നൊന്നും എനിക്ക് ഓർമയില്ല. പക്ഷേ ആ സമയത്ത് എനിക്കു വളരെയധികം സുരക്ഷിതത്വം തോന്നിയതു ഞാൻ ഓർക്കുന്നുണ്ട്. കൃത്യസമയത്തുതന്നെ എന്നെ സഹായിക്കാൻ യഹോവയാണ് അദ്ദേഹത്തെ അയച്ചതെന്നു ഞാൻ വിശ്വസിക്കുന്നു.” നിങ്ങളുടെ സഭയിലെ മൂപ്പന്മാർ നിങ്ങളെ എങ്ങനെയാണു സഹായിച്ചിട്ടുള്ളത്?
11. നമുക്ക് എങ്ങനെയെല്ലാം മൂപ്പന്മാരോടു നന്ദി കാണിക്കാം? (ചിത്രവും കാണുക.)
11 മൂപ്പന്മാരുടെ “അധ്വാനം ഓർത്ത്” അവരോടു നമ്മൾ ആത്മാർഥമായ വിലമതിപ്പു കാണിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (1 തെസ്സ. 5:12, 13) ഫിൻലൻഡിൽത്തന്നെ താമസിക്കുന്ന ഹെൻറീറ്റ ഇങ്ങനെ പറയുന്നു: “മൂപ്പന്മാർ മനസ്സോടെ മറ്റുള്ളവരെ സഹായിക്കുന്നു. പക്ഷേ അതിന്റെ അർഥം അവർക്കു നമ്മളെക്കാൾ സമയവും ഊർജവും കൂടുതലുണ്ടെന്നോ ജീവിതത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നോ അല്ല. ചിലപ്പോഴൊക്കെ ഞാൻ അവരോടു പറയാറുണ്ട്, ‘നിങ്ങൾക്കറിയാമോ, നിങ്ങൾ നല്ലൊരു മൂപ്പനാണ്. സഹോദരനോട് അതു പറയണമെന്ന് എനിക്കു തോന്നി.‘” തുർക്കിയെയിലുള്ള c സേറ സഹോദരി പറയുന്നു: “മൂപ്പന്മാർക്കു മുന്നോട്ടുപോകാൻ ‘ഇന്ധനം’ വേണം. അതുകൊണ്ട് അവർക്കുവേണ്ടി നമുക്ക് ഒരു കാർഡ് എഴുതുകയോ അവരെ ഒരു നേരത്തെ ഭക്ഷണത്തിനു വിളിക്കുകയോ അവരുടെകൂടെ ശുശ്രൂഷയ്ക്കു പോകുകയോ ഒക്കെ ചെയ്യാം.” ഏതെങ്കിലും ഒരു മൂപ്പന്റെ കഠിനാധ്വാനം കണ്ടിട്ട് നിങ്ങൾക്ക് അദ്ദേഹത്തോടു വിലമതിപ്പു തോന്നിയിട്ടുണ്ടോ? എങ്കിൽ ആ നന്ദി കാണിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുക.—1 കൊരി. 16:18.
സഭകളെ ശക്തിപ്പെടുത്തുന്ന സർക്കിട്ട് മേൽവിചാരകന്മാർ
12. ഒന്നാം നൂറ്റാണ്ടിലെ സഭകളെ ശക്തിപ്പെടുത്താൻ എന്തു ക്രമീകരണം ഉണ്ടായിരുന്നു? (1 തെസ്സലോനിക്യർ 2:7, 8)
12 മറ്റൊരു വിധത്തിൽ സഭകളെ സഹായിക്കുന്ന ‘മനുഷ്യരാകുന്ന സമ്മാനങ്ങളെയും’ യേശു തന്നു. പൗലോസിനെയും ബർന്നബാസിനെയും മറ്റു ചിലരെയും സഞ്ചാര മേൽവിചാരകന്മാരായി അയയ്ക്കാൻ യേശു യരുശലേമിലെ മൂപ്പന്മാരെ വഴിനയിച്ചു. (പ്രവൃ. 11:22) അവരെ അയച്ചതിന്റെ ഉദ്ദേശ്യം എന്തായിരുന്നു? ശുശ്രൂഷാദാസന്മാരെയും മൂപ്പന്മാരെയും നിയമിച്ച അതേ കാരണംകൊണ്ടുതന്നെ: സഭകളെ ശക്തിപ്പെടുത്താൻ. (പ്രവൃ. 15:40, 41) ഈ നിയമനം ചെയ്യാൻ അവർ ഒരുപാടു ത്യാഗങ്ങൾ ചെയ്തു. മറ്റുള്ളവരെ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ആയി സ്വന്തം ജീവൻ വിട്ടുകൊടുക്കാൻപോലും അവർ തയ്യാറായിരുന്നു.—1 തെസ്സലോനിക്യർ 2:7, 8 വായിക്കുക.
13. സർക്കിട്ട് മേൽവിചാരകന്മാരുടെ ചില ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ്?
13 സർക്കിട്ട് മേൽവിചാരകന്മാർക്ക് ഒരുപാടു യാത്ര ചെയ്യേണ്ടിവരാറുണ്ട്. ചില സഭകൾ തമ്മിൽ നൂറുകണക്കിനു കിലോമീറ്ററുകൾ ദൂരം കാണും. ഓരോ ആഴ്ചയും സർക്കിട്ട് മേൽവിചാരകന്മാർ പല പ്രസംഗങ്ങൾ നടത്തുന്നു. ഇടയസന്ദർശനങ്ങൾക്കു പോകുന്നു. മുൻനിരസേവകരുമായുള്ള യോഗവും മൂപ്പന്മാരുമായുള്ള യോഗവും വയൽസേവന യോഗങ്ങളും ഒക്കെ നടത്തുന്നു. അതുപോലെ അവർ സർക്കിട്ട് സമ്മേളനങ്ങളും കൺവെൻഷനുകളും സംഘടിപ്പിക്കുകയും അവയ്ക്കായുള്ള പ്രസംഗങ്ങൾ തയ്യാറാകുകയും ചെയ്യുന്നു. അവർ മുൻനിരസേവനസ്കൂളുകളിൽ അധ്യാപകന്മാരായി പ്രവർത്തിക്കുന്നു. സർക്കിട്ടിലെ മുൻനിരസേവകരുമൊത്ത് പ്രത്യേകയോഗം നടത്തുന്നു. ഇതിനെല്ലാം പുറമേ ബ്രാഞ്ച് ഓഫീസ് ഏൽപ്പിക്കുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങളും അവർ ചെയ്യാറുണ്ട്. ചിലപ്പോൾ അത് അടിയന്തിരമായി ചെയ്യേണ്ടതായിരിക്കും.
14. കഠിനാധ്വാനികളായ സർക്കിട്ട് മേൽവിചാരകന്മാരെ നമ്മൾ വിലമതിക്കുന്നതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്?
14 സർക്കിട്ട് മേൽവിചാരകന്മാർ എന്ന സമ്മാനം സഭകൾക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെയാണ്? സർക്കിട്ട് മേൽവിചാരകന്മാരുടെ സന്ദർശനത്തെക്കുറിച്ച് തുർക്കിയെയിലുള്ള ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “അവരുടെ ഓരോ സന്ദർശനത്തിൽനിന്നും സഹോദരങ്ങളെ കൂടുതൽ സഹായിക്കാനുള്ള പ്രോത്സാഹനം എനിക്കു കിട്ടി. ഞാൻ പല സർക്കിട്ട് മേൽവിചാരകന്മാരെ പരിചയപ്പെട്ടിട്ടുണ്ട്. വളരെ തിരക്കുള്ള ഒരാളായിട്ടോ എന്നോടു സംസാരിക്കാൻ താത്പര്യമില്ലാത്ത ഒരാളായിട്ടോ അവരിൽ ആരെക്കുറിച്ചും എനിക്കു തോന്നിയിട്ടില്ല. അങ്ങനെ തോന്നാൻ അവർ ഒരിക്കലും ഇടയാക്കിയിട്ടില്ല.” മുമ്പു കണ്ട യൊഹാനാ സഹോദരി ഒരു സർക്കിട്ട് മേൽവിചാരകന്റെ കൂടെ ശുശ്രൂഷയ്ക്കു പോയി. പക്ഷേ അന്ന് വീടുകളിലൊന്നും അവർ ആരെയും കണ്ടില്ല. സഹോദരി പറയുന്നു: “എങ്കിലും ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. ആ സമയത്ത് എന്റെ രണ്ടു ചേച്ചിമാർ മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിച്ചതേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് അവരെ പിരിഞ്ഞതിൽ നല്ല വിഷമം ഉണ്ടായിരുന്നു. ആ സർക്കിട്ട് മേൽവിചാരകൻ എന്നെ നന്നായി പ്രോത്സാഹിപ്പിച്ചു. ഇന്ന് കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും അടുത്ത് താമസിക്കാൻ എപ്പോഴും നമുക്കു കഴിഞ്ഞില്ലെങ്കിലും പുതിയ ലോകത്തിൽ എല്ലാവരുടെയുംകൂടെ സമയം ചെലവഴിക്കാൻ നമുക്ക് ഒരുപാട് അവസരങ്ങൾ കിട്ടുമെന്ന് സഹോദരൻ ഓർമിപ്പിച്ചു.” നമ്മളെ സന്ദർശിച്ച സർക്കിട്ട് മേൽവിചാരകന്മാരെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്കും ഇതുപോലുള്ള നല്ല ഓർമകളുണ്ടായിരിക്കും.—പ്രവൃ. 20:37–21:1.
15. (എ) 3 യോഹന്നാൻ 5-8 അനുസരിച്ച് സർക്കിട്ട് മേൽവിചാരകന്മാരോടു നമുക്ക് എങ്ങനെ വിലമതിപ്പു കാണിക്കാം? (ചിത്രവും കാണുക.) (ബി) നിയമിത പുരുഷന്മാരുടെ ഭാര്യമാരോടു നമ്മൾ വിലമതിപ്പ് കാണിക്കേണ്ടത് എന്തുകൊണ്ട്, നമുക്ക് അത് എങ്ങനെ ചെയ്യാം? (“ അവരുടെ ഭാര്യമാരെ ഓർക്കുക” എന്ന ചതുരം കാണുക.)
15 സഭകളെ ശക്തിപ്പെടുത്താനായി വന്നിരുന്ന സഹോദരന്മാരോട് ആതിഥ്യം കാണിക്കാനും ‘ദൈവത്തിനു പ്രസാദകരമായ വിധത്തിൽ അവരെ യാത്രയാക്കാനും’ അപ്പോസ്തലനായ യോഹന്നാൻ ഗായൊസിനെ പ്രോത്സാഹിപ്പിച്ചു. (3 യോഹന്നാൻ 5-8 വായിക്കുക.) നമുക്ക് അതു ചെയ്യാൻ കഴിയുന്ന ഒരു വിധം സർക്കിട്ട് മേൽവിചാരകന്മാരെ ഒരു നേരത്തെ ഭക്ഷണത്തിനു ക്ഷണിച്ചുകൊണ്ടാണ്. മറ്റൊരു വിധം, ആ ആഴ്ചത്തെ വയൽസേവന ക്രമീകരണങ്ങളെ പിന്തുണയ്ക്കുന്നതാണ്. മുമ്പു കണ്ട ലെസ്ലി സഹോദരി മറ്റു വിധങ്ങളിലും അവരോടു വിലമതിപ്പു കാണിക്കുന്നു. സഹോദരി പറയുന്നു: “അവരുടെ ആവശ്യങ്ങൾക്കായി കരുതണേയെന്നു ഞാൻ യഹോവയോടു പ്രാർഥിക്കാറുണ്ട്. അവരുടെ സന്ദർശനങ്ങൾ ഞങ്ങൾക്ക് എത്രയധികം പ്രയോജനപ്പെട്ടെന്നു പറഞ്ഞുകൊണ്ട് ഞാനും ഭർത്താവും അവർക്കു കത്തുകൾ എഴുതിയിട്ടുണ്ട്.” സർക്കിട്ട് മേൽവിചാരകന്മാർ അമാനുഷികർ ഒന്നുമല്ല എന്നു നമുക്ക് എപ്പോഴും ഓർക്കാം. അവർക്കും ചിലപ്പോഴൊക്കെ അസുഖം വരുകയും ഉത്കണ്ഠയും നിരുത്സാഹവും ഒക്കെ തോന്നുകയും ചെയ്യാറുണ്ട്. ചിലപ്പോൾ നിങ്ങൾ പറയുന്ന ഒരു വാക്കോ, കൊടുക്കുന്ന ചെറിയൊരു സമ്മാനമോ നിങ്ങളുടെ സർക്കിട്ട് മേൽവിചാരകന്റെ പ്രാർഥനയ്ക്കുള്ള ഒരു ഉത്തരമായിത്തീർന്നേക്കാം.—സുഭാ. 12:25.
‘മനുഷ്യരാകുന്ന സമ്മാനങ്ങൾ’ നമുക്ക് ആവശ്യമാണ്
16. സുഭാഷിതങ്ങൾ 3:27 അനുസരിച്ച് സഹോദരന്മാർക്കു സ്വയം ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കാം?
16 ലോകമെങ്ങുമായി ‘മനുഷ്യരാകുന്ന സമ്മാനങ്ങളായി’ സേവിക്കാൻ നമുക്കു കൂടുതൽ സഹോദരന്മാരെ ആവശ്യമുണ്ട്. നിങ്ങൾ സ്നാനമേറ്റ ഒരു സഹോദരൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വിധത്തിൽ ‘നന്മ ചെയ്യാൻ കഴിയുമോ?’ (സുഭാഷിതങ്ങൾ 3:27 വായിക്കുക.) ഒരു ശുശ്രൂഷാദാസൻ ആയിത്തീരുക എന്ന ലക്ഷ്യംവെച്ച് അതിനുവേണ്ടി പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ? ഇനി നിങ്ങൾ ഇപ്പോൾത്തന്നെ ഒരു ശുശ്രൂഷാദാസൻ ആണെങ്കിൽ സഹോദരങ്ങളെ കൂടുതൽ സേവിക്കാനായി ഒരു മൂപ്പനായിത്തീരുക എന്ന ലക്ഷ്യം വെക്കാനാകുമോ? d ജീവിതത്തിൽ ചില മാറ്റങ്ങളൊക്കെ വരുത്തി രാജ്യസുവിശേഷകർക്കുള്ള സ്കൂളിന് അപേക്ഷിക്കാൻ നിങ്ങൾക്കു കഴിയുമോ? ആ സ്കൂളിൽനിന്ന് കിട്ടുന്ന പരിശീലനം നിങ്ങളെ യേശുവിനു കൂടുതൽ ഉപയോഗിക്കാൻ പറ്റുന്ന ഒരാളാക്കിത്തീർക്കും. ഈ കാര്യങ്ങൾ ഒന്നും ചെയ്യാനുള്ള കഴിവ് നിങ്ങൾക്കില്ല എന്നു തോന്നുന്നെങ്കിൽ യഹോവയോടു പ്രാർഥിക്കുക. നിങ്ങൾക്കു കിട്ടുന്ന ഏതൊരു നിയമനവും ഏറ്റവും നന്നായി ചെയ്യാൻ പരിശുദ്ധാത്മാവിനെ തന്ന് സഹായിക്കണേ എന്ന് അപേക്ഷിക്കുക.—ലൂക്കോ. 11:13; പ്രവൃ. 20:28.
17. ‘മനുഷ്യരാകുന്ന സമ്മാനങ്ങൾ’ നമ്മുടെ രാജാവായ ക്രിസ്തുയേശുവിനെക്കുറിച്ച് എന്തു തെളിയിക്കുന്നു?
17 യേശു നിയമിച്ചിരിക്കുന്ന ‘മനുഷ്യരാകുന്ന സമ്മാനങ്ങൾ,’ ഈ അവസാനകാലത്ത് യേശു നമ്മളെ വഴിനയിക്കുന്നു എന്നതിന്റെ തെളിവാണ്. (മത്താ. 28:20) നമ്മുടെ ആവശ്യങ്ങൾ അറിയുന്ന, നമ്മളെ സഹായിക്കാനായി യോഗ്യതയുള്ള സഹോദരന്മാരെ തന്നിരിക്കുന്ന, സ്നേഹനിധിയായ, ഉദാരനായ ഒരു രാജാവുള്ളതിൽ നമ്മൾ നന്ദിയുള്ളവരല്ലേ! അതുകൊണ്ട് നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന സഹോദരന്മാരോടുള്ള വിലമതിപ്പു കാണിക്കാൻ അവസരങ്ങൾ കണ്ടെത്തുക. ഇനി, യഹോവയ്ക്കു നന്ദി പറയാനും മറക്കരുത്. കാരണം ‘എല്ലാ നല്ല ദാനങ്ങളുടെയും തികവുറ്റ സമ്മാനങ്ങളുടെയും’ ഉറവിടം യഹോവയാണ്.—യാക്കോ. 1:17.
ഗീതം 99 ആയിരമായിരം സഹോദരങ്ങൾ
a ഭരണസംഘാംഗങ്ങളും ഭരണസംഘത്തിന്റെ സഹായികളും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും മറ്റു നിയമനങ്ങളിൽ സേവിക്കുന്ന മൂപ്പന്മാരും എല്ലാം ‘മനുഷ്യരാകുന്ന സമ്മാനങ്ങൾതന്നെയാണ്.’
b ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.
c മുമ്പ് ഇതു തുർക്കി എന്നാണ് അറിയപ്പെട്ടിരുന്നത്.
d ഒരു ശുശ്രൂഷാദാസനോ മൂപ്പനോ ആകാനുള്ള ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിന് എന്തു ചെയ്യണമെന്ന് അറിയാൻ 2024 നവംബർ ലക്കം വീക്ഷാഗോപുരത്തിലെ “സഹോദരന്മാരേ, ഒരു ശുശ്രൂഷാദാസനാകാൻ നിങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടോ?,” “സഹോദരന്മാരേ, ഒരു മൂപ്പനായി സേവിക്കാൻ നിങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടോ?” എന്നീ ലേഖനങ്ങൾ കാണുക.