വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ശലോമോൻ പണിത ദേവാ​ല​യ​ത്തി​ലെ മണ്ഡപത്തി​ന്റെ ഉയരം എത്രയാ​യി​രു​ന്നു?

ദേവാ​ല​യ​ത്തി​ലെ വിശു​ദ്ധ​സ്ഥ​ല​ത്തേക്കു പ്രവേ​ശി​ച്ചി​രു​ന്നത്‌ മണ്ഡപത്തി​ലൂ​ടെ​യാ​യി​രു​ന്നു. 2023-നു മുമ്പ്‌ പ്രസി​ദ്ധീ​ക​രിച്ച, വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പതിപ്പു​ക​ളിൽ കാണു​ന്നത്‌ “മുൻഭാ​ഗ​ത്തുള്ള മണ്ഡപത്തിന്‌ ആലയത്തി​ന്റെ വീതിക്ക്‌ ഒത്തവണ്ണം 20 മുഴം നീളവും 120 മുഴം ഉയരവും ഉണ്ടായി​രു​ന്നു” എന്നാണ്‌. (2 ദിന. 3:4) മണ്ഡപത്തിന്‌ “120 മുഴം” (53 മീറ്റർ അഥവാ 175 അടി) ഉയരമു​ള്ള​താ​യി മറ്റു പരിഭാ​ഷ​ക​ളി​ലും കാണാം.

എന്നാൽ 2023-ൽ പ്രസി​ദ്ധീ​ക​രിച്ച പുതിയ ലോക ഭാഷാ​ന്തരം ശലോ​മോ​ന്റെ ദേവാ​ല​യ​ത്തി​ലെ മണ്ഡപ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “അതിന്റെ ഉയരം 20 മുഴം” (ഏകദേശം 9 മീറ്റർ അഥവാ 30 അടി). a ഇങ്ങനെ​യൊ​രു പൊരു​ത്ത​പ്പെ​ടു​ത്തൽ വരുത്താ​നുള്ള ചില കാരണങ്ങൾ നോക്കാം.

1 രാജാ​ക്ക​ന്മാർ 6:3-ൽ മണ്ഡപത്തി​ന്റെ ഉയര​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​ട്ടില്ല. ആ വാക്യ​ത്തിൽ എഴുത്തു​കാ​ര​നായ യിരെമ്യ മണ്ഡപത്തി​ന്റെ നീളവും വീതി​യും എത്രയാ​ണെന്നു പറയു​ന്നു​ണ്ടെ​ങ്കി​ലും ഉയര​ത്തെ​ക്കു​റിച്ച്‌ ഒന്നും പറഞ്ഞി​ട്ടില്ല. അതേസ​മയം 7-ാം അധ്യാ​യ​ത്തിൽ അദ്ദേഹം ദേവാ​ല​യ​ത്തി​ന്റെ മറ്റു സവി​ശേ​ഷ​ത​ക​ളെ​ക്കു​റിച്ച്‌ വിശദ​മാ​യി പറഞ്ഞി​ട്ടു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ലോഹം​കൊ​ണ്ടുള്ള കടൽ, പത്ത്‌ ഉന്തുവണ്ടി, മണ്ഡപത്തി​നു പുറത്തുള്ള ചെമ്പു​കൊ​ണ്ടുള്ള രണ്ടു തൂണുകൾ എന്നിവ​യെ​ക്കു​റിച്ച്‌ അവിടെ പറയുന്നു. (1 രാജാ. 7:15-37) മണ്ഡപത്തി​നു ശരിക്കും 50 മീറ്ററിൽ കൂടുതൽ ഉയരമു​ണ്ടാ​യി​രു​ന്നെ​ങ്കിൽ, അതായത്‌ അതു ദേവാ​ല​യ​ത്തി​ലെ ഏറ്റവും ഉയരം കൂടിയ ഭാഗമാ​യി​രു​ന്നെ​ങ്കിൽ, യിരെമ്യ അതിന്റെ ഉയര​ത്തെ​ക്കു​റിച്ച്‌ പറയു​മാ​യി​രു​ന്നി​ല്ലേ? ഇനി, ദേവാ​ല​യ​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളെ​ക്കാൾ ഉയരം മണ്ഡപത്തിന്‌ ഇല്ലായി​രു​ന്നെന്നു നൂറ്റാ​ണ്ടു​കൾക്കു​ശേഷം ജൂതച​രി​ത്ര​കാ​ര​ന്മാർ എഴുതി​യി​ട്ടു​മുണ്ട്‌.

ദേവാ​ല​യ​ത്തി​ന്റെ ഭിത്തി​കൾക്ക്‌ 120 മുഴം ഉയരമുള്ള മണ്ഡപത്തെ താങ്ങി​നി​റു​ത്താ​നാ​കു​മാ​യി​രു​ന്നോ എന്നു പണ്ഡിത​ന്മാർ സംശയി​ക്കു​ന്നു. മുമ്പ്‌ ഈജി​പ്‌തി​ലു​ണ്ടാ​യി​രുന്ന ചില ദേവാ​ല​യ​ക​വാ​ട​ങ്ങൾപോ​ലെ, പുരാ​ത​ന​കാ​ലത്ത്‌ കല്ലു​കൊ​ണ്ടും ഇഷ്ടിക​കൊ​ണ്ടും നിർമിച്ച വളരെ ഉയരമുള്ള നിർമി​തി​കൾക്ക്‌ ഒരു പ്രത്യേ​ക​ത​യു​ണ്ടാ​യി​രു​ന്നു. താഴെ അതിനു നല്ല വിസ്‌തീർണ​മു​ണ്ടാ​യി​രി​ക്കും, എന്നാൽ മുകളി​ലേക്കു ചെല്ലും​തോ​റും അതു കുറഞ്ഞു​വ​രും. എന്നാൽ ശലോ​മോ​ന്റെ ആലയം അങ്ങനെ​യാ​യി​രു​ന്നില്ല. അതിന്റെ ഭിത്തി​കൾക്ക്‌ 6 മുഴത്തിൽ (2.7 മീറ്റർ അഥവാ 9 അടി) കൂടുതൽ കനം ഇല്ലായി​രു​ന്നെന്നു പണ്ഡിത​ന്മാർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ശില്പശാസ്‌ത്രത്തെക്കുറിച്ച്‌ പഠിക്കുന്ന ഒരു ചരി​ത്ര​കാ​ര​നായ തെയോ​ഡോർ ബ്യൂസിങ്ക്‌ പറയുന്നു: “(ദേവാ​ല​യ​ത്തി​ന്റെ പ്രവേ​ശ​ന​ഭാ​ഗ​ത്തുള്ള) ഭിത്തി​യു​ടെ കനത്തിന്റെ അടിസ്ഥാ​ന​ത്തിൽ നോക്കി​യാൽ, മണ്ഡപത്തി​നു 120 മുഴം ഉയരം ഉണ്ടായി​രി​ക്കാ​നാ​കില്ല.”

2 ദിനവൃ​ത്താ​ന്തം 3:4 പകർത്തി​യെ​ഴു​തി​യ​പ്പോൾ തെറ്റു പറ്റിയി​രി​ക്കാം. ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ഭാ​ഗത്ത്‌ “120” എന്നാണു കാണു​ന്ന​തെ​ങ്കി​ലും, അഞ്ചാം നൂറ്റാ​ണ്ടി​ലെ കോഡ​ക്‌സ്‌ അലക്‌സാൻഡ്രി​ന​സും ആറാം നൂറ്റാ​ണ്ടി​ലെ കോഡ​ക്‌സ്‌ അം​ബ്രോ​സി​യാ​ന​സും പോലുള്ള വിശ്വ​സ​നീ​യ​മായ മറ്റു ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ “20 മുഴം” എന്നാണു​ള്ളത്‌. എന്തു​കൊ​ണ്ടാ​യി​രി​ക്കാം ഒരു പകർപ്പെ​ഴു​ത്തു​കാ​രൻ തെറ്റായി “120”എന്ന്‌ എഴുതി​യത്‌? “നൂറ്‌” എന്നതി​നും “മുഴം” എന്നതി​നും ഉള്ള എബ്രാ​യ​വാ​ക്കു​കൾ കാഴ്‌ച​യ്‌ക്കു സമാന​ത​യു​ള്ള​വ​യാണ്‌. അതു​കൊണ്ട്‌ പകർപ്പെ​ഴു​ത്തു​കാ​രൻ “മുഴം” എന്നതിനു പകരം “നൂറ്‌” എന്ന്‌ എഴുതി​പ്പോ​യ​താ​യി​രി​ക്കാം.

ശലോ​മോ​ന്റെ ആലയ​ത്തെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ കൃത്യ​മാ​യി മനസ്സി​ലാ​ക്കാ​നും അതു ശരിയാ​യി ചിത്രീ​ക​രി​ക്കാ​നും നമ്മൾ ശ്രമി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ ദേവാ​ലയം എന്തിനെ മുൻനി​ഴ​ലാ​ക്കി എന്നതി​നാ​ണു നമ്മൾ കൂടുതൽ പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌. അതു മഹത്തായ ആത്മീയാ​ല​യ​ത്തി​ന്റെ മുൻനി​ഴ​ലാ​യി​രു​ന്നു. ആ ആലയത്തിൽ, തന്നെ ആരാധി​ക്കാൻ യഹോവ നമ്മളെ​യെ​ല്ലാം ക്ഷണിച്ചി​രി​ക്കു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌!—എബ്രാ. 9:11-14; വെളി. 3:12; 7:9-17.

a “ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ‘120’ എന്നു കാണു​മ്പോൾ മറ്റു ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും പരിഭാ​ഷ​ക​ളി​ലും ‘20 മുഴം’ എന്നാണു​ള്ളത്‌” എന്ന്‌ ഒരു അടിക്കു​റിപ്പ്‌ പറയുന്നു.