1924—നൂറു വർഷം മുമ്പ്
“സ്നാനമേറ്റ ഓരോ ക്രിസ്ത്യാനിക്കും യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനുള്ള നല്ലൊരു അവസരമാണ് ഈ പുതുവർഷം തുറന്നുതന്നിരിക്കുന്നത്” എന്ന് 1924 ജനുവരി ലക്കം ബുള്ളറ്റിൻ a പറഞ്ഞു. ബൈബിൾവിദ്യാർഥികൾ പ്രധാനമായും രണ്ടു വിധങ്ങളിലാണ് ആ പ്രോത്സാഹനത്തിനു ചേർച്ചയിൽ പ്രവർത്തിച്ചത്. അവർ ധൈര്യത്തോടെ പ്രസംഗപ്രവർത്തനം നടത്തി. അതിനായി പുതിയപുതിയ രീതികൾ പരീക്ഷിക്കുകയും ചെയ്തു.
ഒരു റേഡിയോ നിലയം പണിതുയർത്തി
ഒന്നിലധികം വർഷംകൊണ്ടാണു ബഥേലിലെ സഹോദരങ്ങൾ ന്യൂയോർക്ക് നഗരത്തിലെ സ്റ്റേറ്റൺ ദ്വീപിൽ ഡബ്ല്യുബിബിആർ റേഡിയോ നിലയം പണിതത്. അതിനായി ആദ്യം അവർ നിലം നിരപ്പാക്കി. എന്നിട്ട് അവിടത്തെ ജോലിക്കാർക്കു താമസിക്കാൻ വലിയൊരു കെട്ടിടവും സ്റ്റുഡിയോയ്ക്കും മറ്റ് ഉപകരണങ്ങൾക്കും വേണ്ടി വേറൊരു കെട്ടിടവും നിർമിച്ചു. അതു കഴിഞ്ഞ് ‘പ്രക്ഷേപണത്തിനുള്ള ഉപകരണങ്ങൾ’ അവർ അവിടെ സ്ഥാപിക്കാൻതുടങ്ങി. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല, അവർക്കു പല തടസ്സങ്ങളും നേരിട്ടു.
ആ നിലയത്തിന്റെ മുഖ്യ ആന്റിന പിടിപ്പിക്കുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള പണി. 91 മീറ്റർ (300 അടി) ആയിരുന്നു ആന്റിനയുടെ നീളം. അത് 61 മീറ്റർ (200 അടി) വീതമുള്ള രണ്ടു മരത്തൂണുകളുടെ ഇടയിൽ കുറുകെ തൂക്കിയിടണമായിരുന്നു. അതിനുവേണ്ടിയുള്ള ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും അവർ യഹോവയിൽ ആശ്രയിച്ചുകൊണ്ട് മുന്നോട്ടുപോയി. അങ്ങനെ ഒടുവിൽ അവർ വിജയിച്ചു! ആ നിർമാണപ്രവർത്തനത്തിൽ പങ്കെടുത്ത കാൽവിൻ പ്രോസ്സൻ അതെക്കുറിച്ച് പറയുന്നു: “ആദ്യശ്രമം വിജയിച്ചിരുന്നെങ്കിൽ ഞങ്ങൾ അഹങ്കാരത്തോടെ പറഞ്ഞേനേ, ‘കണ്ടോ, ഞങ്ങൾ ചെയ്തത്’ എന്ന്.” എന്നാൽ സഹോദരങ്ങൾ ആ വിജയത്തിന്റെ എല്ലാ മഹത്ത്വവും യഹോവയ്ക്കു നൽകി. പക്ഷേ പ്രശ്നങ്ങൾ അവിടംകൊണ്ട് തീർന്നില്ല.
റേഡിയോ പ്രക്ഷേപണം അന്ന് അതിന്റെ ശൈശവദശയിലായിരുന്നു. അതുകൊണ്ടുതന്നെ ആവശ്യമായ ഉപകരണങ്ങളൊന്നും അത്ര എളുപ്പത്തിൽ ലഭ്യമായിരുന്നില്ല. എന്നാൽ ആ പ്രദേശത്തുള്ള ആരോ ഉണ്ടാക്കിയെടുത്ത ഒരു ഉപകരണം സഹോദരങ്ങൾക്കു കിട്ടി. 500 വാട്ടിന്റെ ഒരു ട്രാൻസ്മിറ്ററായിരുന്നു അത്. കൂടാതെ വില കൊടുത്ത് മൈക്ക് വാങ്ങുന്നതിനു പകരം ഒരു സാധാരണ ടെലിഫോണിലെ മൈക്രോഫോണാണ് അവർ ഉപയോഗിച്ചത്. ഫെബ്രുവരിയിലെ ഒരു രാത്രിയിൽ ആ ‘തട്ടിക്കൂട്ട്’ ഉപകരണം ഒന്നു പരീക്ഷിച്ചുനോക്കാൻ സഹോദരങ്ങൾ തീരുമാനിച്ചു. എന്തെങ്കിലും പ്രക്ഷേപണം ചെയ്യണമല്ലോ. അതുകൊണ്ട് അവർ രാജ്യഗീതങ്ങൾ പാടി. അതുമായി ബന്ധപ്പെട്ട് ഉണ്ടായ രസകരമായ ഒരു സംഭവം ഏണസ്റ്റ് ലോ സഹോദരൻ ഓർക്കുന്നു. പാട്ടു പാടിക്കൊണ്ടിരിക്കുമ്പോൾ റഥർഫോർഡ്
സഹോദരന്റെ ഫോൺ വന്നു. ഏതാണ്ട് 25 കിലോമീറ്റർ അകലെ ബ്രൂക്ലിനിൽ ഇരുന്ന്, റേഡിയോയിലൂടെയുള്ള അവരുടെ പാട്ടു കേട്ടിട്ട് വിളിച്ചതായിരുന്നു അദ്ദേഹം.“അതൊന്നു നിറുത്താമോ?” സഹോദരൻ പറഞ്ഞു. “എല്ലാവരുംകൂടെ കാറിപ്പൊളിക്കുവാ.” ചെറിയൊരു ചമ്മലോടെ സഹോദരങ്ങൾ പെട്ടെന്നുതന്നെ ട്രാൻസ്മിറ്റർ ഓഫ് ചെയ്തു. പക്ഷേ ഒരു കാര്യം അവർക്ക് ഉറപ്പായി: ആദ്യത്തെ പ്രക്ഷേപണത്തിന് എല്ലാം റെഡിയാണ്!
1924 ഫെബ്രുവരി 24-ന്, ആദ്യത്തെ ഔദ്യോഗിക പ്രക്ഷേപണസമയത്ത് റഥർഫോർഡ് സഹോദരൻ ആ റേഡിയോ നിലയം “മിശിഹൈക രാജ്യത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി” സമർപ്പിച്ചു. “ബൈബിൾസത്യങ്ങളും നമ്മൾ ജീവിക്കുന്ന കാലത്തിന്റെ പ്രാധാന്യവും മനസ്സിലാക്കാൻ ആളുകളെ സഹായിക്കുക” എന്നതാണ് ആ റേഡിയോ നിലയത്തിന്റെ ഉദ്ദേശ്യം എന്ന് അദ്ദേഹം പ്രസ്താവിച്ചു.
ആദ്യത്തെ ആ പ്രക്ഷേപണം വൻ വിജയമായിരുന്നു. തുടർന്നുള്ള 33 വർഷം യഹോവയുടെ ജനത്തിന്റെ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിന് ആ റേഡിയോ നിലയം ഉപയോഗിച്ചു.
അവർ ധൈര്യത്തോടെ മതനേതാക്കന്മാരെ കുറ്റം വിധിച്ചു
1924 ജൂലൈയിൽ ഒഹായോയിലെ കൊളംബസിൽ നടന്ന ഒരു കൺവെൻഷനു ബൈബിൾവിദ്യാർഥികൾ കൂടിവന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് സഹോദരങ്ങൾ അവിടെ എത്തിയിരുന്നു. അവർക്ക് അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഗ്രീക്ക്, ഹംഗേറിയൻ, ഇറ്റാലിയൻ, ലിത്വാനിയൻ, പോളിഷ്, റഷ്യൻ, യുക്രെയിനിയൻ എന്നീ ഭാഷകളിലും സ്കാൻഡിനേവിയൻ ഭാഷകളിലും പ്രസംഗങ്ങൾ കേൾക്കാൻ കഴിഞ്ഞു. ചില പ്രസംഗങ്ങൾ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തു. കൂടാതെ ഓരോ ദിവസത്തെയും കൺവെൻഷൻ പരിപാടിയെക്കുറിച്ചുള്ള ലേഖനങ്ങൾ പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തു.
കൺവെൻഷനു വന്ന 5,000-ത്തിലേറെ സഹോദരങ്ങൾ ജൂലൈ 24 വ്യാഴാഴ്ച ആ നഗരത്തിൽ പ്രസംഗപ്രവർത്തനം നടത്തി. അവർ 30,000-ത്തോളം പുസ്തകങ്ങൾ സമർപ്പിക്കുകയും ആയിരക്കണക്കിനു ബൈബിൾപഠനങ്ങൾ ആരംഭിക്കുകയും ചെയ്തു. ആ ദിവസത്തെക്കുറിച്ച് വീക്ഷാഗോപുരം പറഞ്ഞത് “കൺവെൻഷനിലെ ഏറ്റവും സന്തോഷം നൽകിയ അനുഭവമായിരുന്നു അത്” എന്നാണ്.
ആ കൺവെൻഷനു മറ്റൊരു സവിശേഷതയുമുണ്ടായിരുന്നു. ജൂലൈ 25 വെള്ളിയാഴ്ച ഒരു പ്രസംഗം നടത്തുന്നതിനിടെ റഥർഫോർഡ് സഹോദരൻ ധൈര്യത്തോടെ മതപുരോഹിതന്മാരെ കുറ്റം വിധിച്ചുകൊണ്ടുള്ള ഒരു ഡോക്യുമെന്റ് വായിച്ചു. “മനുഷ്യകുലത്തെ അനുഗ്രഹിക്കുന്നതിനു ദൈവം ഉപയോഗിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം മറച്ചുവെച്ചുകൊണ്ട്” രാഷ്ട്രീയ-മത-വാണിജ്യ നേതാക്കന്മാർ പ്രവർത്തിക്കുന്നതായി അദ്ദേഹം ആരോപിച്ചു. കൂടാതെ “സർവരാജ്യസഖ്യത്തെ പിന്തുണയ്ക്കുകയും ദൈവരാജ്യത്തെ പ്രതിനിധീകരിക്കുന്ന ഭൂമിയിലെ രാഷ്ട്രീയസംഘടന എന്ന് അതിനെ വിളിക്കുകയും” ചെയ്യുന്നതിലൂടെ അവർ എത്ര വലിയ തെറ്റാണു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സന്ദേശം ആളുകളെ അറിയിക്കുന്നതിനു ബൈബിൾവിദ്യാർഥികൾക്കു നല്ല ധൈര്യം വേണമായിരുന്നു.
പിന്നീട് വീക്ഷാഗോപുരത്തിൽ വന്ന ഒരു ലേഖനം കൊളംബസിൽ നടന്ന കൺവെൻഷനെക്കുറിച്ച് പറഞ്ഞത്, “അത്
ഉത്സാഹികളായ സഹോദരീസഹോദരന്മാരുടെ വിശ്വാസം ശക്തമാക്കി” എന്നാണ്. എന്തൊക്കെ എതിർപ്പുകളുണ്ടായാലും പ്രസംഗപ്രവർത്തനം തുടരുന്നതിനുള്ള ധൈര്യം അത് അവർക്കു നൽകി. ആ കൺവെൻഷൻ കൂടിയ ലിയോ ക്ലോസ് അതെക്കുറിച്ച് പറയുന്നു: “ഞങ്ങളുടെ പ്രദേശത്തുള്ള എല്ലാവരോടും ആ സന്ദേശം അറിയിക്കാനുള്ള ഉത്സാഹത്തോടെയാണു ഞങ്ങൾ ആ സമ്മേളനസ്ഥലത്തുനിന്ന് പോന്നത്.”ഒക്ടോബറിൽ ബൈബിൾവിദ്യാർഥികൾ, റഥർഫോർഡ് സഹോദരൻ ആ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ ഒരു ലഘുലേഖയുടെ രൂപത്തിൽ അച്ചടിച്ച് വിതരണം ചെയ്യാൻതുടങ്ങി. പുരോഹിതന്മാർ കുറ്റം ചുമത്തപ്പെട്ടിരിക്കുന്നു (ഇംഗ്ലീഷ്) എന്ന ആ ലഘുലേഖയുടെ ലക്ഷക്കണക്കിനു പ്രതികളാണ് അവർ വിതരണം ചെയ്തത്. ഓക്ലഹോമയിലെ ക്ലിവ്ലാൻഡ് എന്ന ചെറിയ പട്ടണത്തിൽ ഫ്രാങ്ക് ജോൺസൺ സഹോദരൻ ആ ലഘുലേഖ വിതരണം ചെയ്യുകയായിരുന്നു. മറ്റു പ്രചാരകർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാൻ വരുന്നതിന് 20 മിനിട്ട് മുമ്പുതന്നെ അദ്ദേഹം തന്റെ പ്രദേശം പ്രവർത്തിച്ചുതീർത്തു. അവർ വരുന്നതുവരെ അദ്ദേഹത്തിന് അവിടെ കാത്തുനിൽക്കാൻ കഴിയുമായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ദേഷ്യംപിടിച്ച ആളുകൾ അദ്ദേഹത്തെ പിടികൂടാനായി നോക്കിനടക്കുകയായിരുന്നു. അതുകൊണ്ട് അടുത്തുള്ള ഒരു പള്ളിയിൽ കയറി ഒളിച്ചിരിക്കാൻ അദ്ദേഹം തീരുമാനിച്ചു. ആ സമയത്ത് അവിടെ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം ആ ലഘുലേഖയുടെ കോപ്പികൾ പാസ്റ്ററിന്റെ ബൈബിളിലും ഓരോ ഇരിപ്പിടത്തിലും വെച്ചു. എന്നിട്ട് പെട്ടെന്നുതന്നെ അവിടെനിന്ന് ഇറങ്ങി. എന്നാൽ പിന്നെയും കുറെ സമയം ബാക്കിയുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വേറെ രണ്ടു പള്ളികളിലുംകൂടെ പോയി അതുതന്നെ ചെയ്തു.
അതു കഴിഞ്ഞ് അദ്ദേഹം സഹോദരങ്ങളുമായി കൂടിക്കാണാമെന്നു പറഞ്ഞ സ്ഥലത്തേക്കു ചെന്നു. തന്നെ പിടികൂടാൻ ഇറങ്ങിയിരിക്കുന്നവർ വരുന്നുണ്ടോ എന്നു നോക്കി അദ്ദേഹം ഒരു പെട്രോൾപമ്പിന്റെ പുറകിൽ ഒളിച്ചിരുന്നു. അവർ ഒരു വണ്ടിയിൽ അതുവഴി വന്നെങ്കിലും സഹോദരനെ കണ്ടുപിടിച്ചില്ല. അവർ കടന്നുപോയ ഉടനെ, സഹോദരനെ കൂട്ടിക്കൊണ്ടുപോകാനിരുന്ന സഹോദരങ്ങൾ അവിടെ എത്തി. തൊട്ടടുത്ത പ്രദേശത്തുതന്നെ അവർ പ്രവർത്തിക്കുന്നുണ്ടായിരുന്നു. എല്ലാവരുംകൂടി അവിടെനിന്ന് രക്ഷപ്പെട്ടു.
അന്ന് ഉണ്ടായ അനുഭവത്തെക്കുറിച്ച് ഒരു സഹോദരൻ പറയുന്നു: “ആ മൂന്നു പള്ളികളുടെയും മുന്നിലൂടെയാണു ഞങ്ങൾ മടങ്ങിപ്പോയത്. ഓരോ പള്ളിയുടെയും മുന്നിൽ ഏതാണ്ട് 50 പേരെങ്കിലുമുണ്ടായിരുന്നു. ചിലർ ലഘുലേഖ വായിക്കുന്നതും മറ്റു ചിലർ പാസ്റ്ററിന്റെ നേരെ അതു പൊക്കിക്കാണിക്കുന്നതും ഞങ്ങൾ കണ്ടു. ശരിക്കും തലനാരിഴയ്ക്കാണു ഞങ്ങൾ അവിടെനിന്ന് രക്ഷപ്പെട്ടത്! ആ സന്ദേശം അറിയിക്കാനും അതേസമയം ആ ശത്രുക്കളിൽനിന്ന് രക്ഷപ്പെടാനും സഹായിച്ചതിനു ഞങ്ങൾ യഹോവയ്ക്കു നന്ദി പറഞ്ഞു.”
മറ്റു രാജ്യങ്ങളിലും ധൈര്യത്തോടെ പ്രസംഗിക്കുന്നു
ബൈബിൾവിദ്യാർഥികൾ മറ്റു ദേശങ്ങളിലും ധൈര്യത്തോടെ പ്രസംഗപ്രവർത്തനം ചെയ്തു. വടക്കൻ ഫ്രാൻസിൽ യോസെഫ് ക്രെറ്റ് സഹോദരൻ, പോളണ്ടിൽനിന്ന് കൽക്കരിഖനികളിൽ ജോലിക്കായി എത്തിയ ആളുകളോടു സന്തോഷവാർത്ത അറിയിച്ചു. കൂടാതെ “മരിച്ചവരുടെ പുനരുത്ഥാനം ഉടനെ” എന്ന വിഷയത്തിലുള്ള ഒരു പ്രസംഗം നടത്താനും അദ്ദേഹം തീരുമാനിച്ചു. അതിനുള്ള ക്ഷണക്കത്തുകൾ സഹോദരങ്ങൾ ആ പട്ടണത്തിലെല്ലാം വിതരണം ചെയ്തു. എന്നാൽ ആ പ്രസംഗം കേൾക്കാൻ പോകരുതെന്ന് അവിടത്തെ പുരോഹിതൻ ഇടവകക്കാരോടു പറഞ്ഞു. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾക്കു വിപരീതഫലമാണുണ്ടായത്. കാരണം 5,000-ത്തിലേറെ ആളുകൾ ആ പ്രസംഗം കേൾക്കാൻ എത്തി, അതിൽ ആ പുരോഹിതനുമുണ്ടായിരുന്നു! ക്രെറ്റ് സഹോദരൻ ആ പുരോഹിതനോട് അദ്ദേഹത്തിന്റെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. പ്രസംഗത്തിനു ശേഷം ക്രെറ്റ് സഹോദരൻ തന്റെ കൈയിലുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങൾ മുഴുവൻ അവിടെ കൂടിവന്നവർക്കു വിതരണം ചെയ്തു. കാരണം ബൈബിൾസത്യങ്ങളെക്കുറിച്ച് അറിയാനുള്ള അവരുടെ ദാഹം അത്ര വലുതായിരുന്നു.—ആമോസ് 8:11.
ആഫ്രിക്കയിൽ ക്ലോഡ് ബ്രൗൺ സഹോദരൻ ഗോൾഡ് കോസ്റ്റ് (ഇന്നു ഘാന എന്ന് അറിയപ്പെടുന്നു.) എന്ന സ്ഥലത്ത് സന്തോഷവാർത്ത എത്തിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അദ്ദേഹം വിതരണം ചെയ്ത പ്രസിദ്ധീകരണങ്ങളും ആ രാജ്യത്ത് ബൈബിൾസത്യം പെട്ടെന്നു വ്യാപിക്കാൻ സഹായിച്ചു. ഒരു ഫാർമസിസ്റ്റ് ആകാൻ പരിശീലനം നേടിക്കൊണ്ടിരുന്ന ജോൺ ബ്ലാങ്ക്സൺ, ബ്രൗൺ സഹോദരന്റെ ഒരു പ്രസംഗം കേൾക്കാനിടയായി. താൻ സത്യം കണ്ടെത്തിയെന്ന്
അദ്ദേഹത്തിന് അപ്പോൾത്തന്നെ മനസ്സിലായി. അദ്ദേഹം പറയുന്നു, “സത്യത്തെക്കുറിച്ച് കേട്ടപ്പോൾ എനിക്ക് ഒരുപാടു സന്തോഷം തോന്നി. കൂടെ പഠിച്ചിരുന്നവരോടൊക്കെ ഞാൻ അതെക്കുറിച്ച് സംസാരിച്ചു.”ത്രിത്വവിശ്വാസം ബൈബിൾവിരുദ്ധമാണെന്നു മനസ്സിലാക്കിയ ജോൺ അതെക്കുറിച്ച് ചോദിക്കാൻ ആംഗ്ലിക്കൻ സഭയിലെ ഒരു പുരോഹിതന്റെ അടുത്ത് ചെന്നു. പുരോഹിതൻ ദേഷ്യത്തോടെ അദ്ദേഹത്തിന്റെ നേരെ ഇങ്ങനെ അലറി, “നീ ഒരു ക്രിസ്ത്യാനിയല്ല, പിശാചിന്റെ ആളാണ്. കടക്കു പുറത്ത്!”
തിരിച്ച് വീട്ടിലെത്തിയ ജോൺ, പുരോഹിതന് ഒരു കത്ത് എഴുതി. ത്രിത്വവിശ്വാസം ശരിയാണെന്ന് ഒരു പൊതുസദസ്സിൽവെച്ച് തെളിയിക്കാൻ പറഞ്ഞുകൊണ്ടുള്ളതായിരുന്നു ആ കത്ത്. അതു വായിച്ച പുരോഹിതൻ ജോണിനോട്, പോയി പ്രിൻസിപ്പലിനെ കാണാൻ ആവശ്യപ്പെട്ടു. പുരോഹിതന് അങ്ങനെ ഒരു കത്ത് എഴുതിയോ എന്നു പ്രിൻസിപ്പൽ ജോണിനോടു ചോദിച്ചു.
“ഞാൻ എഴുതി സാർ,” ജോൺ പറഞ്ഞു.
പുരോഹിതനോടു ക്ഷമ പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് ഒരു കത്ത് എഴുതാൻ പ്രിൻസിപ്പൽ ജോണിനോട് ആവശ്യപ്പെട്ടു. അപ്പോൾ ജോൺ ഇങ്ങനെ എഴുതി:
“സാർ, താങ്കളോടു ക്ഷമ പറഞ്ഞുകൊണ്ട് ഒരു കത്ത് എഴുതാൻ എന്റെ അധ്യാപകൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ ക്ഷമ പറയാം, പക്ഷേ താങ്കൾ പഠിപ്പിക്കുന്നതു തെറ്റാണെന്ന് ആദ്യം സമ്മതിക്കണം.”
അധ്യാപകൻ അതു കണ്ട് ഞെട്ടിപ്പോയി. അദ്ദേഹം ചോദിച്ചു: “ബ്ലാങ്ക്സൺ, ഇതാണോ നീ അയയ്ക്കാൻപോകുന്നത്?”
“അതെ സാർ, സത്യസന്ധമായി എനിക്ക് ഇങ്ങനെയേ എഴുതാൻ പറ്റൂ.”
“നിന്നെ ഈ സ്കൂളിൽനിന്ന് പുറത്താക്കും. ഗവൺമെന്റിന്റെ അംഗീകാരമുള്ള ഒരു മതത്തിന്റെ പുരോഹിതന് എതിരെ ഇങ്ങനെ സംസാരിച്ചുകൊണ്ട് നിനക്ക് ഈ സ്കൂളിൽ തുടരാനാകില്ല.”
“പക്ഷേ സാർ, . . . സാറു ഞങ്ങളെ പഠിപ്പിക്കുമ്പോൾ ചില കാര്യങ്ങൾ മനസ്സിലായില്ലെങ്കിൽ ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കാറില്ലേ?”
“ഉണ്ട്, ചോദിക്കാറുണ്ട്.”
“സാർ, ഇവിടെയും അത്രയേ സംഭവിച്ചിട്ടുള്ളൂ. ആ മനുഷ്യൻ ഞങ്ങളെ ബൈബിൾ പഠിപ്പിക്കുകയായിരുന്നു, ഞാൻ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു. അതിന് ഉത്തരം പറയാൻ അദ്ദേഹത്തിനു പറ്റിയില്ലെങ്കിൽ ഞാൻ അദ്ദേഹത്തോടു ക്ഷമ പറയണോ?”
ബ്ലാങ്ക്സണെ സ്കൂളിൽനിന്ന് പുറത്താക്കിയില്ല. ക്ഷമാപണം നടത്തിക്കൊണ്ടുള്ള കത്തും അയയ്ക്കേണ്ടിവന്നില്ല.
ആകാംക്ഷയോടെ ഭാവിയിലേക്കു നോക്കുന്നു
ആ വർഷത്തെ പ്രവർത്തനത്തെ സംഗ്രഹിച്ചുകൊണ്ട് വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “ദാവീദിനോടൊപ്പം നമുക്കും ഇങ്ങനെ പറയാം: ‘യുദ്ധത്തിനുവേണ്ട ശക്തി നൽകി അങ്ങ് എന്നെ സജ്ജനാക്കും.’ (സങ്കീർത്തനം 18:39) വളരെ പ്രോത്സാഹനം നൽകിയ ഒരു വർഷമായിരുന്നു ഇത്. കാരണം നമ്മുടെ പ്രവർത്തനത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു. . . . ദൈവത്തിന്റെ വിശ്വസ്താരാധകർക്ക് . . . ഉത്സാഹത്തോടെ സന്തോഷവാർത്ത ആളുകളെ അറിയിക്കാനും കഴിഞ്ഞു.”
വർഷാവസാനത്തോടെ മറ്റൊരു റേഡിയോ നിലയം തുടങ്ങുന്നതിനെക്കുറിച്ച് സഹോദരന്മാർ ചിന്തിച്ചുതുടങ്ങി. അങ്ങനെ ചിക്കാഗോയ്ക്ക് അടുത്ത് അതിന്റെ പണി ആരംഭിച്ചു. ഈ പുതിയ റേഡിയോ നിലയത്തെ ഡബ്ല്യുഓആർഡി എന്നാണു വിളിച്ചിരുന്നത്. 5,000 വാട്ട് ട്രാൻസ്മിറ്റർ ഉപയോഗിച്ച് ഈ റേഡിയോ നിലയത്തിൽനിന്ന് രാജ്യസന്ദേശം നൂറുകണക്കിനു കിലോമീറ്ററുകൾ അകലേക്ക്, വടക്ക് കാനഡയിലേക്കുപോലും, എത്തിക്കാനാകുമായിരുന്നു.
1925-ൽ, വെളിപാട് 12-ാം അധ്യായത്തെക്കുറിച്ചുള്ള പുതിയ ചില ഗ്രാഹ്യങ്ങൾ വെളിപ്പെടാനിരിക്കുകയായിരുന്നു. ചിലർക്ക് അത് ഇടർച്ചയ്ക്കു കാരണമാകുമായിരുന്നെങ്കിലും പലരും അതു സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നു. കാരണം അതിലൂടെ സ്വർഗത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ചും ഭൂമിയിലെ ദൈവദാസരുടെ കാര്യത്തിൽ അതിനുള്ള പ്രസക്തിയെക്കുറിച്ചും അവർ കൂടുതലായി മനസ്സിലാക്കുമായിരുന്നു.
a ഇപ്പോൾ നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി.