വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ത​കഥ

ഞാൻ ഇന്നും പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു

ഞാൻ ഇന്നും പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു

യഹോവ എന്റെ “മഹാനായ ഉപദേ​ഷ്ടാവ്‌” ആയതിൽ ഞാൻ യഹോ​വ​യോ​ടു നന്ദി പറയുന്നു. (യശ. 30:20) ദൈവ​വ​ച​ന​മായ ബൈബി​ളി​ലൂ​ടെ​യും അത്ഭുത​ക​ര​മായ സൃഷ്ടി​ക​ളി​ലൂ​ടെ​യും തന്റെ സംഘട​ന​യി​ലൂ​ടെ​യും ദൈവം നമ്മളെ പഠിപ്പി​ക്കു​ന്നു. അതു​പോ​ലെ നമ്മളെ സഹായി​ക്കാൻ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​യും ഉപയോ​ഗി​ക്കു​ന്നു. 100 വയസ്സി​നോട്‌ അടു​ത്തെ​ങ്കി​ലും യഹോ​വ​യു​ടെ ഈ പഠിപ്പി​ക്ക​ലിൽനിന്ന്‌ ഞാൻ ഇപ്പോ​ഴും പ്രയോ​ജനം നേടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അത്‌ എങ്ങനെ​യാ​ണെന്നു പറയാം.

1948-ൽ കുടുംബത്തോടൊപ്പം

1927-ലാണു ഞാൻ ജനിച്ചത്‌. ഐക്യ​നാ​ടു​ക​ളി​ലെ ഇലി​നോ​യി​യി​ലുള്ള ചിക്കാ​ഗോ​യ്‌ക്ക്‌ അടുത്തുള്ള ഒരു ചെറിയ പട്ടണത്തിൽ. ഞങ്ങൾ അഞ്ചു മക്കളാണ്‌; ജെത്തയും ഡോണും ഞാനും കാളും ജോയി​യും. മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സേവി​ക്കാൻ ഞങ്ങൾ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. 1943-ൽ ജെത്ത രണ്ടാമത്തെ ഗിലെ​യാദ്‌ ക്ലാസ്സിൽ പങ്കെടു​ത്തു. ഡോണും കാളും ജോയി​യും ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലുള്ള ബഥേലിൽ ആയിരു​ന്നു. ഡോൺ 1944-ൽ ബഥേലിൽ എത്തി. കാൾ 1947-ലും ജോയി 1951-ലും. അവരു​ടെ​യും മാതാ​പി​താ​ക്ക​ളു​ടെ​യും നല്ല മാതൃക എനിക്കു ശരിക്കു​മൊ​രു പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നു.

ഞങ്ങളുടെ കുടും​ബം സത്യം പഠിക്കു​ന്നു

ഡാഡി​യും മമ്മിയും ബൈബിൾ വായി​ക്കു​മാ​യി​രു​ന്നു. അവർ ദൈവത്തെ സ്‌നേ​ഹി​ച്ചു. ആ സ്‌നേഹം മക്കളായ ഞങ്ങളി​ലും വളർത്താൻ അവർ ശ്രമിച്ചു. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌ യൂറോ​പ്പിൽ ഡാഡി ഒരു പട്ടാള​ക്കാ​ര​നാ​യി സേവി​ച്ചി​രു​ന്നു. ആ സേവനം കഴിഞ്ഞ​പ്പോൾ ഡാഡിക്ക്‌ പള്ളി​യോ​ടുള്ള ആദര​വൊ​ക്കെ നഷ്ടപ്പെട്ടു. ഡാഡി ജീവ​നോ​ടെ തിരി​ച്ചെ​ത്തി​യ​തു​കൊണ്ട്‌ മമ്മിക്കു വലിയ സന്തോ​ഷ​മാ​യി. മമ്മി ഡാഡി​യോ​ടു പറഞ്ഞു: “മുമ്പ്‌ പോയി​രു​ന്ന​തു​പോ​ലെ നമുക്ക്‌ പള്ളിയിൽ ഒന്നു പോയാ​ലോ?” ഡാഡി പറഞ്ഞു, “ഞാൻ കൂടെ വരാം. പക്ഷേ അകത്തു കയറില്ല.” അത്‌ എന്തു​കൊ​ണ്ടാ​ണെന്നു ചോദി​ച്ച​പ്പോൾ ഡാഡി​യു​ടെ മറുപടി ഇങ്ങനെ​യാ​യി​രു​ന്നു: “യുദ്ധത്തി​ന്റെ സമയത്ത്‌ രണ്ടു പക്ഷത്തു​മുള്ള പട്ടാള​ക്കാർക്കു​വേണ്ടി അവരുടെ മതപു​രോ​ഹി​ത​ന്മാർ പ്രാർഥി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ ഈ രണ്ടു കൂട്ടർക്കും​വേണ്ടി പ്രാർഥിച്ച പുരോ​ഹി​ത​ന്മാർ ഒരേ മതവി​ഭാ​ഗ​ത്തിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു. ദൈവം രണ്ടു കൂട്ടരു​ടെ​യും പക്ഷത്ത്‌ നിൽക്കു​മോ?”

പിന്നീട്‌ മമ്മി പള്ളിയിൽ പോയ സമയത്ത്‌ രണ്ടു സാക്ഷികൾ വീട്ടിൽ വന്നു. അവർ ഡാഡിക്ക്‌ രണ്ടു വാല്യ​ങ്ങ​ളുള്ള പ്രകാശം (ഇംഗ്ലീഷ്‌) പുസ്‌തകം കൊടു​ത്തു. വെളി​പാട്‌ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു അതിൽ ചർച്ച ചെയ്‌തി​രു​ന്നത്‌. ആ പുസ്‌തകം ഇഷ്ടപ്പെ​ട്ട​തു​കൊണ്ട്‌ ഡാഡി അതു വാങ്ങി. പിന്നീടു മമ്മി അതു വായി​ക്കാൻതു​ടങ്ങി. ഒരിക്കൽ പത്രത്തിൽ, പ്രകാശം പുസ്‌ത​കങ്ങൾ ഉപയോ​ഗിച്ച്‌ ബൈബിൾ പഠിക്കാൻ ആഗ്രഹ​മു​ള്ള​വരെ ക്ഷണിച്ചു​കൊ​ണ്ടുള്ള ഒരു നോട്ടീസ്‌ വന്നു. മമ്മി പോകാൻ തീരു​മാ​നി​ച്ചു. അവിടെ ചെന്ന​പ്പോൾ പ്രായ​മായ ഒരു സ്‌ത്രീ​യാ​ണു വാതിൽ തുറന്നത്‌. മമ്മി കൈയി​ലുള്ള പുസ്‌തകം ഉയർത്തി കാണി​ച്ചിട്ട്‌ “ഇത്‌ ഇവിടെ പഠിപ്പി​ക്കു​ന്നു​ണ്ടോ?” എന്നു ചോദി​ച്ചു. “ഉണ്ട്‌ മോളെ, കയറി വാ” എന്ന്‌ അവർ പറഞ്ഞു. പിറ്റെ ആഴ്‌ച​തൊട്ട്‌ മമ്മി മക്കളായ ഞങ്ങളെ​യും കൂട്ടി​ക്കൊ​ണ്ടു​പോ​കാൻ തുടങ്ങി. പിന്നെ ഞങ്ങൾ അതു മുടക്കി​യില്ല.

ഒരു മീറ്റി​ങ്ങിൽവെച്ച്‌ എന്നോടു സങ്കീർത്തനം 144:15 വായി​ക്കാൻ പറഞ്ഞു. യഹോ​വയെ ആരാധി​ക്കു​ന്നവർ സന്തുഷ്ട​രാണ്‌ എന്നാണ്‌ അവിടെ പറയു​ന്നത്‌. ആ വാക്യം എനിക്ക്‌ ഇഷ്ടപ്പെട്ടു. അതു​പോ​ലെ എനിക്ക്‌ ഇഷ്ടപ്പെട്ട രണ്ടു വാക്യ​ങ്ങ​ളാണ്‌ യഹോവ “സന്തോ​ഷ​മുള്ള ദൈവം” ആണെന്നു പറയുന്ന 1 തിമൊ​ഥെ​യൊസ്‌ 1:11-ഉം “ദൈവത്തെ അനുക​രി​ക്കുക” എന്നു പറയുന്ന എഫെസ്യർ 5:1-ഉം. സ്രഷ്ടാ​വി​നെ സേവി​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്ത​ണ​മെ​ന്നും അങ്ങനെ ഒരു പദവി കിട്ടി​യ​തി​നു ദൈവ​ത്തോ​ടു നന്ദി പറയണ​മെ​ന്നും ഞാൻ മനസ്സി​ലാ​ക്കി. ജീവി​ത​കാ​ലം മുഴുവൻ ആ രണ്ടു കാര്യങ്ങൾ ചെയ്യാൻ ഞാൻ ശ്രമി​ക്കു​ന്നുണ്ട്‌.

ഞങ്ങൾക്ക്‌ ഏറ്റവും അടുത്തുള്ള സഭ ചിക്കാ​ഗോ​യി​ലാ​യി​രു​ന്നു. 32 കിലോ​മീ​റ്റർ അകലെ​യാണ്‌ അത്‌. എങ്കിലും ഞങ്ങൾ മീറ്റി​ങ്ങു​കൾക്കു പോകു​മാ​യി​രു​ന്നു. അങ്ങനെ ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള എന്റെ അറിവ്‌ കൂടി. ഞാൻ ഓർക്കു​ന്നുണ്ട്‌, മീറ്റി​ങ്ങി​ന്റെ സമയത്ത്‌ നിർവാ​ഹകൻ ജെത്ത​യോട്‌ ഒരു ഉത്തരം ചോദി​ച്ചത്‌. ആ ഉത്തരം കേട്ട​പ്പോൾ ഞാൻ ചിന്തിച്ചു, ‘എനിക്ക്‌ ആ ഉത്തരം അറിയാ​മാ​യി​രു​ന്ന​ല്ലോ. എനിക്ക്‌ അതിന്‌ കൈ പൊക്കാ​മാ​യി​രു​ന്നു.’ അങ്ങനെ, ഞാൻ തയ്യാറാ​കാ​നും സ്വന്തമാ​യി ഉത്തരങ്ങൾ കണ്ടുപി​ടി​ക്കാ​നും തുടങ്ങി. ഏറ്റവും പ്രധാ​ന​മാ​യി എന്റെ കൂടപ്പി​റ​പ്പു​ക​ളെ​പ്പോ​ലെ ഞാനും ആത്മീയ​മാ​യി വളർന്നു. 1941-ൽ ഞാൻ സ്‌നാ​ന​മേറ്റു.

കൺ​വെൻ​ഷ​നു​ക​ളി​ലൂ​ടെ യഹോ​വ​യിൽനിന്ന്‌ പഠിക്കു​ന്നു

1942-ൽ ഒഹാ​യോ​യി​ലെ ക്ലിവ്‌ലാൻഡിൽ ഒരു കൺ​വെൻ​ഷൻ നടന്നു. ഐക്യ​നാ​ടു​ക​ളി​ലെ 50-ലധികം നഗരങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​രങ്ങൾ ടെലി​ഫോ​ണി​ലൂ​ടെ പരിപാ​ടി​കൾ കേട്ടു. ഞങ്ങൾ, ചില സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ കൺ​വെൻ​ഷൻ സ്ഥലത്തി​ന​ടുത്ത്‌ കൂടാരം അടിച്ചാ​ണു തങ്ങിയി​രു​ന്നത്‌. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയം ആയതു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എതിരെ എതിർപ്പു​കൾ കൂടി​ക്കൂ​ടി വരുക​യാ​യി​രു​ന്നു. വൈകു​ന്നേരം ചില സഹോ​ദ​ര​ന്മാർ അവരുടെ കാറുകൾ കൂടാ​ര​ത്തി​നു പുറത്ത്‌ പാർക്കു ചെയ്യു​ന്നത്‌ ഞാൻ കണ്ടു. കാറിന്റെ ഹെഡ്‌​ലൈറ്റ്‌ കൂടാ​ര​ത്തി​ന്റെ എതിർവ​ശ​ത്തേക്കു വരുന്ന രീതി​യി​ലാണ്‌ അവർ നിറു​ത്തി​യി​ട്ടത്‌. രാത്രി മുഴുവൻ കാവലി​നാ​യി ഓരോ കാറി​ലും ഓരോ​രു​ത്തർ ഇരിക്കു​മെ​ന്നും അവർ തീരു​മാ​നി​ച്ചു. എന്തെങ്കി​ലും അപായ​സൂ​ചന കിട്ടി​യാൽ അക്രമി​ക​ളു​ടെ കണ്ണൊന്ന്‌ ഇരുട്ടാ​ക്കാൻവേണ്ടി ആ സഹോ​ദ​രങ്ങൾ കാറിന്റെ ഹെഡ്‌​ലൈറ്റ്‌ ഓൺ ആക്കണമാ​യി​രു​ന്നു. അതു​പോ​ലെ അവർ ഹോണും അടിക്കണം. അപ്പോൾ മറ്റു സഹോ​ദ​രങ്ങൾ സഹായി​ക്കാൻ വേണ്ടതു പെട്ടെ​ന്നു​തന്നെ ചെയ്യും. ഞാൻ ചിന്തിച്ചു: ‘യഹോ​വ​യു​ടെ ജനം എപ്പോ​ഴും മുന്നമേ ഒരുങ്ങി​യി​രി​ക്കു​ന്ന​വ​രാണ്‌.’ അങ്ങനെ ആ ധൈര്യ​ത്തിൽ ഞാൻ സുഖമാ​യി ഉറങ്ങി. ഒരു കുഴപ്പ​വും ഉണ്ടായില്ല.

വർഷങ്ങൾക്കു ശേഷം ആ കൺ​വെൻ​ഷ​നെ​ക്കു​റിച്ച്‌ ഓർത്ത​പ്പോൾ മമ്മിക്ക്‌ അന്ന്‌ ഒരു പേടി​യും ടെൻഷ​നും ഇല്ലായി​രു​ന്ന​ല്ലോ എന്നു ഞാൻ ചിന്തിച്ചു. യഹോ​വ​യി​ലും സംഘട​ന​യി​ലും മമ്മി പൂർണ​മാ​യി വിശ്വ​സി​ച്ചു. ആ നല്ല മാതൃക ഞാൻ ഒരിക്ക​ലും മറക്കില്ല.

കൺ​വെൻ​ഷ​നു തൊട്ടു​മു​മ്പാ​ണു മമ്മി സാധാരണ മുൻനി​ര​സേ​വനം തുടങ്ങി​യത്‌. അതു​കൊണ്ട്‌ മുഴു​സമയ സേവന​ത്തെ​ക്കു​റി​ച്ചുള്ള പ്രസം​ഗ​ങ്ങ​ളെ​ല്ലാം മമ്മി പ്രത്യേ​കം ശ്രദ്ധിച്ചു. കൺ​വെൻ​ഷൻ കഴിഞ്ഞ്‌ വരുന്ന​വ​ഴി​ക്കു മമ്മി പറഞ്ഞു: “എനിക്കു മുൻനി​ര​സേ​വനം തുടരണം എന്നുണ്ട്‌. പക്ഷേ വീട്ടിലെ കാര്യ​വും മുൻനി​ര​സേ​വ​ന​വും കൂടെ ഒരുമിച്ച്‌ കൊണ്ടു​പോ​കാൻ പറ്റില്ല.” ഞങ്ങളോ​ടു സഹായി​ക്കാ​മോ എന്നു മമ്മി ചോദി​ച്ച​പ്പോൾ ഞങ്ങൾ സമ്മതിച്ചു. അതു​കൊണ്ട്‌ മമ്മി ഞങ്ങളെ ഓരോ​രു​ത്ത​രെ​യും രാവി​ലത്തെ ഭക്ഷണത്തി​നു മുമ്പ്‌ ഒന്നോ രണ്ടോ മുറി വൃത്തി​യാ​ക്കാൻ ഏൽപ്പിച്ചു. ഞങ്ങൾ സ്‌കൂ​ളിൽ പോയി​ക്ക​ഴി​യു​മ്പോൾ മുറി​യൊ​ക്കെ വൃത്തി​യാ​ണോ എന്നു നോക്കി​യിട്ട്‌ മമ്മി ശുശ്രൂ​ഷ​യ്‌ക്കു പോകും. നല്ല തിരക്കുള്ള ആളായി​രു​ന്നി​ട്ടും മമ്മി ഞങ്ങളുടെ കാര്യം നന്നായി ശ്രദ്ധിച്ചു. ഞങ്ങൾ സ്‌കൂ​ളിൽനിന്ന്‌ ഉച്ചയ്‌ക്കു ഭക്ഷണം കഴിക്കാൻ വരു​മ്പോ​ഴും സ്‌കൂൾ വിട്ടു​വ​രു​മ്പോ​ഴും മമ്മി വീട്ടിൽ കാണു​മാ​യി​രു​ന്നു. ചില ദിവസം സ്‌കൂൾ വിട്ടു​വ​രു​മ്പോൾ ഞങ്ങളും മമ്മിയു​ടെ​കൂ​ടെ ശുശ്രൂ​ഷ​യ്‌ക്കു പോകും. മുൻനി​ര​സേ​വ​ന​ത്തിൽ എന്താണ്‌ ഉൾപ്പെ​ടു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ അതു ഞങ്ങളെ ശരിക്കും സഹായി​ച്ചു.

മുഴു​സ​മ​യ​സേ​വനം തുടങ്ങു​ന്നു

16-ാമത്തെ വയസ്സിൽ ഞാൻ മുൻനി​ര​സേ​വനം തുടങ്ങി. ഡാഡി സാക്ഷി അല്ലായി​രു​ന്നെ​ങ്കി​ലും എന്റെ ശുശ്രൂഷ എങ്ങനെ പോകു​ന്നെന്ന്‌ അറിയാൻ അദ്ദേഹ​ത്തിന്‌ ഇഷ്ടമാ​യി​രു​ന്നു. ഒരു ദിവസം വൈകു​ന്നേരം ഞാൻ ഡാഡി​യോ​ടു പറഞ്ഞു, എത്ര ശ്രമി​ച്ചി​ട്ടും ഒരു ബൈബിൾപ​ഠ​നം​പോ​ലും കിട്ടു​ന്നില്ല എന്ന്‌. “എന്റെകൂ​ടെ ബൈബിൾ പഠിക്കാ​മോ?” എന്ന്‌ ഞാൻ ഡാഡി​യോ​ടു ചോദി​ച്ചു. ഒരു നിമിഷം ചിന്തി​ച്ചിട്ട്‌ അദ്ദേഹം പറഞ്ഞു: “പഠിക്കാ​തി​രി​ക്കാൻ കാരണ​മൊ​ന്നും കാണു​ന്നില്ല.” അങ്ങനെ ഡാഡി​തന്നെ എന്റെ ആദ്യത്തെ ബൈബിൾ വിദ്യാർഥി​യാ​യി. എനിക്കു കിട്ടിയ ഒരു പ്രത്യേക പദവി​യാ​യി​രു​ന്നു അത്‌.

“സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കും” (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഉപയോ​ഗിച്ച്‌ ഞങ്ങൾ പഠിച്ചു. ഡാഡി​യു​മൊ​ത്തുള്ള പഠനം നല്ല വിദ്യാർഥി​യും അധ്യാ​പ​ക​നും ആകാൻ എന്നെ സഹായി​ച്ചു. ഒരു ദിവസം വൈകു​ന്നേരം ഒരു ഖണ്ഡിക വായി​ച്ച​ശേഷം ഡാഡി ചോദി​ച്ചു: “പുസ്‌ത​ക​ത്തിൽ പറയുന്ന കാര്യ​ങ്ങ​ളൊ​ക്കെ എനിക്കു മനസ്സി​ലാ​യി. പക്ഷേ ഈ പുസ്‌തകം ശരിയാ​ണെന്ന്‌ നിനക്ക്‌ എങ്ങനെ അറിയാം?” ആ ചോദ്യം ഞാൻ പ്രതീ​ക്ഷി​ച്ചി​ല്ലാ​യി​രു​ന്നു. “ഇപ്പോൾ എനിക്ക്‌ അതിന്റെ ഉത്തരം അറിയില്ല. നമ്മുടെ അടുത്ത പഠനത്തിന്‌ അതു പറയാം” എന്നു ഞാൻ പറഞ്ഞു. അതു​പോ​ലെ​തന്നെ ഞാൻ ചെയ്‌തു. ഞങ്ങൾ ചർച്ച ചെയ്‌ത ആശയ​ത്തെ​ക്കു​റിച്ച്‌ പറയുന്ന തിരു​വെ​ഴു​ത്തു​ക​ളും ഞാൻ കണ്ടെത്തി. അതിനു ശേഷം ഞാൻ ബൈബിൾപ​ഠ​ന​ത്തി​നു​വേണ്ടി നന്നായി തയ്യാറാ​കാ​നും ഗവേഷണം ചെയ്യാ​നും തുടങ്ങി. അത്‌ ആത്മീയ​മാ​യി വളരാൻ എന്നെയും ഡാഡി​യെ​യും സഹായി​ച്ചു. പഠിച്ച കാര്യ​ങ്ങ​ളൊ​ക്കെ ഡാഡി പ്രാവർത്തി​ക​മാ​ക്കാൻ തുടങ്ങി. 1952-ൽ സ്‌നാ​ന​മേറ്റു.

കൂടുതൽ പഠിക്കാൻ പുതിയ ലക്ഷ്യങ്ങൾ സഹായി​ച്ചു

17 വയസ്സാ​യ​പ്പോൾ ഞാൻ വീട്ടിൽനിന്ന്‌ മാറി. ഏതാണ്ട്‌ ആ സമയത്ത്‌ ജെത്ത a ഒരു മിഷന​റി​യാ​യി; ഡോൺ ബഥേലി​ലും പോയി. അവർ രണ്ടു പേരും നിയമ​ന​ങ്ങളെ സ്‌നേ​ഹി​ച്ചത്‌ എന്നെ ശരിക്കും പ്രചോ​ദി​പ്പി​ച്ചു. അങ്ങനെ ഞാൻ ബഥേൽസേ​വ​ന​ത്തി​നും ഗിലെ​യാദ്‌ സ്‌കൂ​ളി​നും അപേക്ഷ കൊടു​ത്തു. എന്നിട്ട്‌ കാര്യങ്ങൾ യഹോ​വ​യ്‌ക്കു വിട്ടു​കൊ​ടു​ത്തു. അങ്ങനെ 1946-ൽ എന്നെ ബഥേലി​ലേക്കു ക്ഷണിച്ചു.

വർഷങ്ങ​ളി​ലു​ട​നീ​ളം ബഥേലിൽ പല നിയമ​നങ്ങൾ ഞാൻ ചെയ്‌തു. അതു​കൊണ്ട്‌ പുതിയ കുറെ കാര്യങ്ങൾ എനിക്കു പഠിക്കാൻ പറ്റി. 75 വർഷത്തെ എന്റെ ബഥേൽ ജീവി​ത​ത്തിൽ പുസ്‌ത​കങ്ങൾ എങ്ങനെ അച്ചടി​ക്കാ​മെ​ന്നും എങ്ങനെ കണക്കുകൾ കൈകാ​ര്യം ചെയ്യാ​മെ​ന്നും ഞാൻ പഠിച്ചു. അതു​പോ​ലെ ബഥേലി​ലേക്ക്‌ ആവശ്യ​മായ സാധനങ്ങൾ മേടി​ക്കാ​നും മറ്റു സ്ഥലങ്ങളി​ലേക്കു സാധനങ്ങൾ അയയ്‌ക്കാ​നും പഠിച്ചു. ഏറ്റവും പ്രധാ​ന​മാ​യി ബഥേലിൽനിന്ന്‌ കിട്ടുന്ന ആത്മീയ​വി​ദ്യാ​ഭ്യാ​സം ഞാൻ ശരിക്കും ആസ്വദി​ക്കു​ന്നു; പ്രഭാ​താ​രാ​ധ​ന​യും ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രസം​ഗ​ങ്ങ​ളും എല്ലാം.

മൂപ്പന്മാ​രു​ടെ ഒരു ക്ലാസ്സിൽ പഠിപ്പിക്കുന്നു

എന്റെ അനിയ​നായ കാളിൽനി​ന്നും ഞാൻ പല കാര്യങ്ങൾ പഠിച്ചു. 1947-ലാണ്‌ കാൾ ബഥേലിൽ വന്നത്‌. അവൻ ബൈബി​ളി​ന്റെ നല്ലൊരു വിദ്യാർഥി​യും അധ്യാ​പ​ക​നും ആയിരു​ന്നു. ഒരു പ്രാവ​ശ്യം എനിക്കു പ്രസംഗം കിട്ടി​യ​പ്പോൾ ഞാൻ അവനോ​ടു സഹായം ചോദി​ച്ചു. “ഒരുപാ​ടു വിവരങ്ങൾ എന്റെ കൈയിൽ ഉണ്ട്‌. പക്ഷേ അത്‌ എങ്ങനെ ഉപയോ​ഗി​ക്കണം എന്ന്‌ അറിയില്ല” എന്നു ഞാൻ പറഞ്ഞു. എന്നെ ചിന്തി​പ്പി​ക്കുന്ന ഒരു ചോദ്യം കാൾ ചോദി​ച്ചു: “ജോയലേ, പ്രസം​ഗ​ത്തി​ന്റെ വിഷയം എന്താണ്‌?” അപ്പോ​ഴേ​ക്കും എനിക്കു കാര്യം പിടി​കി​ട്ടി. പ്രസം​ഗ​ത്തി​നു ചേരുന്ന വിവരങ്ങൾ മാത്രം ഉപയോ​ഗി​ച്ചിട്ട്‌ ബാക്കി​യു​ള്ളതു വിട്ടു​ക​ള​യുക. ആ പാഠം ഞാൻ ഒരിക്ക​ലും മറക്കില്ല.

ബഥേൽസേ​വ​ന​ത്തിൽ സന്തോഷം കിട്ടണ​മെ​ങ്കിൽ ശുശ്രൂ​ഷ​യിൽ നല്ലൊരു പങ്കുണ്ടാ​യി​രി​ക്കണം. അപ്പോൾ നല്ലനല്ല അനുഭ​വങ്ങൾ നമുക്കു കിട്ടും. ഞാൻ ഇപ്പോ​ഴും ഓർത്തി​രി​ക്കുന്ന ഒരു അനുഭ​വ​മാ​ണു ന്യൂ​യോർക്ക്‌ സിറ്റി​യി​ലെ ബ്രോൻക്‌സിൽവെച്ച്‌ നടന്നത്‌. മുമ്പ്‌ വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും ഒക്കെ വാങ്ങി​ച്ചി​ട്ടുള്ള ഒരു സ്‌ത്രീ​യു​ടെ വീട്ടിൽ ഞാനും ഒരു സഹോ​ദ​ര​നും​കൂ​ടെ പോയി. ഞങ്ങൾ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ തുടങ്ങി: “ഈ വൈകു​ന്നേരം ഞങ്ങൾ ആളുകളെ ബൈബി​ളിൽനിന്ന്‌ പ്രയോ​ജ​ന​മുള്ള കാര്യങ്ങൾ പഠിക്കാൻ സഹായി​ക്കു​ക​യാണ്‌.” ആ സ്‌ത്രീ പറഞ്ഞു: “ബൈബി​ളി​നെ​ക്കു​റി​ച്ചാ​ണെ​ങ്കിൽ അകത്തേക്കു പോരേ.” ഞങ്ങൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും പുതിയ ലോക​ത്തെ​ക്കു​റി​ച്ചും ഉള്ള ചില തിരു​വെ​ഴു​ത്തു​കൾ വായിച്ച്‌ ചർച്ച ചെയ്‌തു. അത്‌ ആ സ്‌ത്രീക്ക്‌ ഒരുപാട്‌ ഇഷ്ടമായി. അതു​കൊണ്ട്‌ പിറ്റെ ആഴ്‌ച കുറെ സുഹൃ​ത്തു​ക്ക​ളെ​യും കൂട്ടി​യാണ്‌ അവർ ബൈബിൾപ​ഠ​ന​ത്തിന്‌ ഇരുന്നത്‌. പിന്നീട്‌ ആ സ്‌ത്രീ​യും ഭർത്താ​വും യഹോ​വ​യു​ടെ വിശ്വ​സ്‌താ​രാ​ധ​ക​രാ​യി.

വിവാ​ഹ​യി​ണ​യിൽനിന്ന്‌ പഠിക്കു​ന്നു

ഒരു വിവാ​ഹ​യി​ണ​യ്‌ക്കു​വേണ്ടി 10 വർഷം അന്വേ​ഷി​ച്ച​തി​നു ശേഷമാ​ണു ഞാൻ എന്റെ ഭാര്യയെ കണ്ടുമു​ട്ടി​യത്‌. ഒരു നല്ല ഭാര്യയെ കണ്ടെത്താൻ എന്നെ സഹായി​ച്ചത്‌ എന്താ​ണെ​ന്നോ? ഞാൻ പ്രാർഥ​നാ​പൂർവം ഈ ചോദ്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മാ​യി​രു​ന്നു: ‘വിവാ​ഹ​ത്തി​നു ശേഷം എന്തു ചെയ്യാ​നാണ്‌ എന്റെ ആഗ്രഹം?’

മേരി​യോ​ടൊ​പ്പം സർക്കിട്ട്‌ വേലയിൽ

1953-ൽ യാങ്കീ സ്റ്റേഡി​യ​ത്തിൽവെച്ച്‌ നടന്ന കൺ​വെൻ​ഷനു ശേഷം മേരി അന്യോൾ എന്ന ഒരു സഹോ​ദ​രി​യെ ഞാൻ കണ്ടുമു​ട്ടി. മേരി​യും ജെത്തയും ഗിലെ​യാ​ദി​ന്റെ രണ്ടാമത്തെ ക്ലാസ്സിൽ ഉണ്ടായി​രു​ന്നു. മിഷനറി സേവന​ത്തിൽ അവർ ഒരുമി​ച്ചാ​യി​രു​ന്നു. കരീബി​യ​നി​ലെ മിഷനറി നിയമ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അവർക്കു​ണ്ടാ​യി​രുന്ന ബൈബിൾപ​ഠ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഒത്തിരി ആവേശ​ത്തോ​ടെ മേരി എന്നോടു പറഞ്ഞു. കൂടുതൽ അടുത്ത​റി​ഞ്ഞ​പ്പോൾ ഒരേ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളാ​ണു ഞങ്ങൾക്കു​ള്ളത്‌ എന്നു ഞങ്ങൾക്കു മനസ്സി​ലാ​യി. ഞങ്ങൾക്കു പരസ്‌പ​ര​മുള്ള സ്‌നേ​ഹ​വും വർധിച്ചു. അങ്ങനെ 1955 ഏപ്രി​ലിൽ വിവാഹം കഴിച്ചു. മേരി യഹോ​വ​യിൽനി​ന്നുള്ള ഒരു സമ്മാന​മാ​ണെ​ന്നും അവളിൽനിന്ന്‌ പലതും പകർത്താ​നു​ണ്ടെ​ന്നും ഞാൻ മനസ്സി​ലാ​ക്കി. കിട്ടുന്ന എല്ലാ നിയമ​ന​ത്തി​ലും മേരി സന്തോ​ഷ​മു​ള്ള​വ​ളാ​യി​രു​ന്നു. അവൾ കഠിനാ​ധ്വാ​നം ചെയ്യു​ക​യും മറ്റുള്ള​വർക്കു​വേണ്ടി കരുതു​ക​യും എപ്പോ​ഴും രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കു​ക​യും ചെയ്‌തു. (മത്താ. 6:33) മൂന്നു വർഷം സർക്കിട്ട്‌ വേല ചെയ്‌ത​തി​നു ശേഷം 1958-ൽ ഞങ്ങളെ ബഥേലി​ലേക്കു ക്ഷണിച്ചു.

എനിക്ക്‌ മേരി​യിൽനിന്ന്‌ ഒരുപാ​ടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, കല്യാണം കഴിഞ്ഞ സമയത്ത്‌ ഞങ്ങൾ ഒരുമിച്ച്‌ ബൈബിൾ വായി​ക്കാൻ തീരു​മാ​നി​ച്ചു. ദിവസ​വും ഏതാണ്ട്‌ 15 വാക്യ​ങ്ങ​ളാ​ണു വായി​ച്ചി​രു​ന്നത്‌. കുറച്ച്‌ ഭാഗം ഒരാൾ വായി​ച്ചു​ക​ഴി​യു​മ്പോൾ ഞങ്ങൾ ആ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ അഭി​പ്രാ​യങ്ങൾ പറയു​ക​യും അത്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാം എന്നു ചർച്ച ചെയ്യു​ക​യും ചെയ്യും. ഇടയ്‌ക്കൊ​ക്കെ ഗിലെ​യാ​ദിൽനി​ന്നോ മിഷനറി സേവന​ത്തിൽനി​ന്നോ പഠിച്ച കാര്യങ്ങൾ മേരി പറയും. ഞാൻ പ്രസം​ഗങ്ങൾ നടത്തു​ന്ന​തി​ലും സഹോ​ദ​രി​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന കാര്യ​ത്തി​ലും പുരോ​ഗ​മി​ക്കാൻ അതൊക്കെ എന്നെ സഹായി​ച്ചി​ട്ടുണ്ട്‌.—സുഭാ. 25:11.

എന്റെ പ്രിയ​പ്പെട്ട മേരി 2013-ൽ മരിച്ചു. പുതിയ ലോക​ത്തിൽ അവളെ വീണ്ടും കാണാൻ ഞാൻ കാത്തി​രി​ക്കു​ക​യാണ്‌. എന്നാൽ അതുവരെ യഹോ​വ​യിൽ പൂർണ​ഹൃ​ദ​യ​ത്തോ​ടെ ആശ്രയി​ച്ചു​കൊണ്ട്‌ തുടർന്നും പഠിക്കാൻ ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. (സുഭാ. 3:5, 6) യഹോ​വ​യു​ടെ ജനം പുതിയ ലോക​ത്തിൽ എന്തൊക്കെ ചെയ്യു​മെന്നു ചിന്തി​ക്കു​മ്പോൾ എനിക്ക്‌ സന്തോ​ഷ​വും ആശ്വാ​സ​വും തോന്നാ​റുണ്ട്‌. മഹാനായ ഉപദേ​ഷ്ടാ​വി​നെ​ക്കു​റി​ച്ചും മഹാനായ ഉപദേ​ഷ്ടാ​വിൽനി​ന്നും പുതിയ കാര്യങ്ങൾ പഠിക്കാൻ നമുക്ക്‌ അന്നു പറ്റും. എന്നെ ഇത്രയും നാൾ പഠിപ്പി​ച്ച​തി​നും എന്നോട്‌ പല വിധങ്ങ​ളിൽ അനർഹദയ കാണി​ച്ച​തി​നും യഹോ​വ​യോട്‌ എത്ര നന്ദി പറഞ്ഞാ​ലും മതിയാ​കില്ല!

a ജെത്ത സുനലി​ന്റെ ജീവി​തകഥ വായി​ക്കാൻ 2003 മാർച്ച്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പേ. 23-29 കാണുക.