നിങ്ങൾ ഓർക്കുന്നുണ്ടോ?
വീക്ഷാഗോപുരത്തിന്റെ ഈ വർഷത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധയോടെ വായിച്ചുകാണുമല്ലോ. പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമോ?
യഹോവ എങ്ങനെയാണു സ്ത്രീകളെ കാണുന്നത്?
യഹോവ അവരോടു പക്ഷപാതം കാണിക്കുന്നില്ല. പുരുഷന്മാർക്കു സ്ത്രീകളെക്കാൾ മുൻഗണന കൊടുക്കുന്നുമില്ല. സ്ത്രീകളുടെ പ്രശ്നങ്ങളും അവരുടെ ഉള്ളിലെ വികാരങ്ങളും യഹോവ ശ്രദ്ധിക്കുന്നുണ്ട്. യഹോവ അവരെ പല ഉത്തരവാദിത്വങ്ങളും വിശ്വസിച്ച് ഏൽപ്പിക്കുന്നു.—w24.01, പേ. 15-16.
“നിങ്ങൾ അവരുടെകൂടെ കൂടരുത്” എന്ന എഫെസ്യർ 5:7-ലെ വാക്കുകൾ നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാം?
ദൈവത്തിന്റെ നിലവാരങ്ങളോടു പറ്റിനിൽക്കാൻ ബുദ്ധിമുട്ടാക്കിത്തീർക്കുന്ന ആളുകളുമായി സഹവസിക്കരുതെന്ന് അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പു തരുകയായിരുന്നു. അത്തരം മോശം സഹവാസം നേരിട്ടോ സോഷ്യൽ മീഡിയയിലൂടെയോ വന്നേക്കാം.—w24.03, പേ. 22-23.
ഏതുതരം തെറ്റായ വാർത്തകൾക്ക് എതിരെ നമ്മൾ ജാഗ്രത പാലിക്കണം?
സത്യമാണെന്ന് ഉറപ്പുവരുത്താത്ത ചില വാർത്തകൾ നല്ല ഉദ്ദേശ്യത്തോടെതന്നെ സുഹൃത്തുക്കൾ നമുക്ക് അയച്ചുതന്നേക്കാം. കൂടാതെ നമുക്ക് അറിയാത്ത വ്യക്തികൾ ഇ-മെയിലിലൂടെ അത്തരം വിവരങ്ങൾ അയച്ചുതന്നേക്കാം. ഇതിനെല്ലാം എതിരെ നമ്മൾ ജാഗ്രത പാലിക്കണം. ഇനി, ബൈബിളിൽ താത്പര്യം ഉണ്ടെന്നു നടിക്കുന്ന വിശ്വാസത്യാഗികൾക്ക് എതിരെയും നമ്മൾ ജാഗ്രത പാലിക്കണം.—w24.04, പേ. 12.
ശലോമോനെയും സൊദോമിലും ഗൊമോറയിലും കൊല്ലപ്പെട്ടവരെയും പ്രളയത്തിൽ നശിപ്പിക്കപ്പെട്ടവരെയും യഹോവ എങ്ങനെ ന്യായം വിധിക്കും എന്നതിനെക്കുറിച്ച് നമുക്ക് എന്തെല്ലാം അറിയാം, എന്തെല്ലാം അറിയില്ല?
ഇവരെയെല്ലാം യഹോവ നിത്യനാശത്തിനു വിധിച്ചോ എന്ന് നമുക്ക് അറിയില്ല. എങ്കിലും, യഹോവയ്ക്ക് എല്ലാ വസ്തുതകളും അറിയാമെന്നും യഹോവ വലിയ കരുണ കാണിക്കുന്ന ദൈവമാണെന്നും നമുക്ക് അറിയാം.—w24.05, പേ. 3-4.
ദൈവത്തെ “പാറ” എന്നു വിളിക്കുന്നത് നമുക്ക് എന്ത് ഉറപ്പുതരുന്നു? (ആവ. 32:4)
യഹോവ നമുക്ക് ഒരു അഭയസ്ഥാനമാണ്. എപ്പോഴും വാക്കു പാലിക്കുന്നതുകൊണ്ട് യഹോവ ആശ്രയിക്കാവുന്നവനാണ്. യഹോവ മാറ്റമില്ലാത്തവനാണ്. യഹോവയുടെ വ്യക്തിത്വത്തിനും ഉദ്ദേശ്യത്തിനും ഒരിക്കലും മാറ്റം വരില്ല.—w24.06, പേ. 26-28.
പുതിയ സഭയുമായി പൊരുത്തപ്പെടാൻ നിങ്ങളെ എന്തെല്ലാം സഹായിക്കും?
യഹോവയിൽ ആശ്രയിക്കുക. മുൻകാല ദൈവദാസന്മാരെ സഹായിച്ചതുപോലെ ദൈവം നമ്മളെയും സഹായിക്കും. പഴയ സഭയുമായി താരതമ്യം ചെയ്യാതിരിക്കുക. സഭയോടൊപ്പം ഉത്സാഹത്തോടെ പ്രവർത്തിക്കുക. പുതിയ കൂട്ടുകാരെ കണ്ടെത്താൻ നന്നായി ശ്രമിക്കുക.—w24.07, പേ. 26-28.
മത്തായി 25-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന മൂന്നു ദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?
ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ദൃഷ്ടാന്തം വിശ്വസ്തരായിരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. വിവേകമതികളും വിവേകമില്ലാത്തവരും ആയ കന്യകമാരുടെ ദൃഷ്ടാന്തം, ജാഗ്രതയുള്ളവരും ഒരുങ്ങിയിരിക്കുന്നവരും ആകാൻ പ്രോത്സാഹിപ്പിക്കുന്നു. താലന്തുകളുടെ ദൃഷ്ടാന്തം, കഠിനാധ്വാനികളാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നു.—w24.09, പേ. 20-24.
ശലോമോൻ പണിത ദേവാലയത്തിലെ മണ്ഡപത്തിന്റെ ഉയരം എത്രയായിരുന്നു?
ചില പുരാതന കൈയെഴുത്തുപ്രതികളിൽ 2 ദിനവൃത്താന്തം 3:4 പറയുന്നത് മണ്ഡപത്തിന് “120 മുഴം,” അഥവാ 53 മീറ്റർ (175 അടി) ഉയരമുണ്ടെന്നാണ്. എന്നാൽ വിശ്വസനീയമായ മറ്റു ചില കൈയെഴുത്തുപ്രതികളിൽ “20 മുഴം” എന്നാണുള്ളത്. അതായത് ഏകദേശം 9 മീറ്റർ (30 അടി) ഉയരം. ഭിത്തിയുടെ കനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, മണ്ഡപത്തിനു 20 മുഴം ഉയരം ആയിരിക്കണം ഉണ്ടാകേണ്ടത്.—w24.10, പേ. 31.
ശുശ്രൂഷാദാസന്മാർ ‘ഒരു ഭാര്യ മാത്രമുള്ളവർ’ ആയിരിക്കണം എന്നു പറയുന്നതിന്റെ അർഥമെന്താണ്? (1 തിമൊ. 3:12)
അതിന്റെ അർഥം, ഒരു പുരുഷന് ഒരു സ്ത്രീ എന്ന ദൈവത്തിന്റെ നിലവാരത്തോട് അദ്ദേഹം ചേർന്നുനിൽക്കണം എന്നാണ്. അതുപോലെ ഒരിക്കലും ലൈംഗിക അധാർമികതയിൽ ഏർപ്പെടാനും പാടില്ല. മറ്റു സ്ത്രീകളോട് അനുചിതമായ താത്പര്യം കാണിക്കാതിരുന്നുകൊണ്ട് ഭാര്യയോടു വിശ്വസ്തനായിരിക്കുന്നതും അതിൽ ഉൾപ്പെടുന്നു.—w24.11, പേ. 19.
യോഹന്നാൻ 6:53-ലെ വാക്കുകൾ കർത്താവിന്റെ അത്താഴത്തിനുള്ള മാതൃകയല്ല എന്നു പറയാവുന്നത് എന്തുകൊണ്ട്?
യോഹന്നാൻ 6:53 യേശുവിന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണു പറയുന്നത്. യേശു ഇതു പറഞ്ഞത് എ.ഡി. 32-ൽ ഗലീലയിൽവെച്ച്, തന്നിൽ ഇനിയും വിശ്വാസം അർപ്പിക്കേണ്ടിയിരുന്ന ജൂതന്മാരോടായിരുന്നു. എന്നാൽ കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയത് അതിന് ഒരു വർഷത്തിനു ശേഷം യരുശലേമിൽവെച്ചാണ്. തന്നോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻപോകുന്ന ഒരു കൂട്ടത്തോടാണു യേശു അപ്പോൾ സംസാരിച്ചത്.—w24.12, പേ. 10-11.