പഠനലേഖനം 49
ഗീതം 147 നിത്യജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നു
നിത്യജീവൻ നേടാൻ നിങ്ങൾ എന്തു ചെയ്യണം?
‘പുത്രനെ അംഗീകരിച്ച് അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ കിട്ടും.’—യോഹ. 6:40.
ഉദ്ദേശ്യം
യേശുക്രിസ്തുവിന്റെ മോചനവിലയിൽനിന്ന് അഭിഷിക്തർക്കും വേറെ ആടുകൾക്കും എങ്ങനെയാണു പ്രയോജനം കിട്ടുന്നതെന്നു പഠിക്കും.
1. നിത്യം ജീവിക്കുന്നതിനെക്കുറിച്ച് ചില ആളുകൾക്ക് എന്തു തോന്നിയേക്കാം?
ആരോഗ്യത്തോടെയിരിക്കാൻ ഇന്നു പല ആളുകളും നന്നായി വ്യായാമം ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പ്രായമാകുമെന്നും മരിക്കുമെന്നും അവർക്ക് അറിയാം. എന്നേക്കും ജീവിക്കാൻ കഴിയുക എന്നതു നടക്കാത്ത കാര്യമായി അവർക്കു തോന്നുന്നു. എന്നാൽ യേശു, മനുഷ്യർക്കു ‘നിത്യം ജീവിക്കാൻ’ കഴിയുമെന്നു പറഞ്ഞിട്ടുണ്ട്. യോഹന്നാൻ 3:16-ലും 5:24-ലും നമുക്ക് അതു കാണാം.
2. നിത്യജീവനെക്കുറിച്ച് യോഹന്നാൻ 6-ാം അധ്യായം എന്താണു പറയുന്നത്? (യോഹന്നാൻ 6:39, 40)
2 കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ, യേശു അത്ഭുതകരമായി ആയിരക്കണക്കിന് ആളുകൾക്ക് അപ്പവും മീനും കൊടുത്തു. a അത് അതിശയിപ്പിക്കുന്ന ഒരു കാര്യമായിരുന്നെങ്കിലും അടുത്ത ദിവസം യേശു പറഞ്ഞത് അവരെ കൂടുതൽ അത്ഭുതപ്പെടുത്തി. ആളുകൾ യേശുവിനെ ഗലീല കടൽത്തീരത്തിന് അടുത്തുള്ള കഫർന്നഹൂംവരെ പിന്തുടർന്നു. അവിടെവെച്ച് യേശു പുനരുത്ഥാനത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചും അവരോടു പറഞ്ഞു. (യോഹന്നാൻ 6:39, 40 വായിക്കുക.) മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും ഒന്നു ചിന്തിച്ചുനോക്കുക. യോഹന്നാൻ 6-ാം അധ്യായത്തിലെ യേശുവിന്റെ വാക്കുകൾ കാണിക്കുന്നത്, മരിച്ചുപോയ പലരും പുനരുത്ഥാനപ്പെടുമെന്നും നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും നിത്യം ജീവിക്കാൻ പറ്റുമെന്നും ആണ്. എന്നാൽ ആ അധ്യായത്തിലെ യേശുവിന്റെ തുടർന്നുള്ള വാക്കുകൾ മനസ്സിലാക്കാൻ പല ആളുകൾക്കും ബുദ്ധിമുട്ടായിരുന്നു. ആ വാക്കുകളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം.
3. യോഹന്നാൻ 6:51-ൽ കാണുന്നതുപോലെ യേശു തന്നെക്കുറിച്ചുതന്നെ എന്താണു വെളിപ്പെടുത്തിയത്?
3 യേശു ജനക്കൂട്ടത്തിന് അത്ഭുതകരമായി അപ്പം കൊടുത്തപ്പോൾ മരുഭൂമിയിൽവെച്ച് യഹോവ ഇസ്രായേല്യർക്കു കൊടുത്ത മന്നയെക്കുറിച്ച് അവർ ഓർത്തു. മന്നയെ തിരുവെഴുത്തുകളിൽ വിളിക്കുന്നതു “സ്വർഗത്തിൽനിന്നുള്ള അപ്പം” എന്നാണെന്ന് അവർക്ക് അറിയാമായിരുന്നു. (സങ്കീ. 105:40; യോഹ. 6:31) തുടർന്ന് യേശു മന്നയെക്കുറിച്ച് പറഞ്ഞുകൊണ്ട് അവരെ ചില പ്രധാനപ്പെട്ട പാഠങ്ങൾ പഠിപ്പിച്ചു. യേശു തന്നെത്തന്നെ വിശേഷിപ്പിച്ചത്, ‘സ്വർഗത്തിൽനിന്നുള്ള ശരിക്കുള്ള അപ്പം,’ ‘ദൈവത്തിന്റെ അപ്പം,’ “ജീവന്റെ അപ്പം” എന്നൊക്കെയാണ്. (യോഹ. 6:32, 33, 35) മന്ന യഹോവയിൽനിന്നുള്ള അത്ഭുതകരമായ കരുതലായിരുന്നെങ്കിലും അതു കഴിച്ചവരും ഒരുനാൾ മരിച്ചു. (യോഹ. 6:49) തുടർന്ന്, താനും മന്നയും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം യേശു ചൂണ്ടിക്കാണിച്ചു. യേശു പറഞ്ഞു: “ഞാനാണു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം. ഈ അപ്പം തിന്നുന്നയാൾ എന്നും ജീവിച്ചിരിക്കും.” (യോഹന്നാൻ 6:51 വായിക്കുക.) അതു കേട്ട ജൂതന്മാർ അമ്പരന്നുപോയി. സ്വർഗത്തിൽനിന്ന് വന്ന “അപ്പം” താനാണെന്നും ദൈവം തങ്ങളുടെ പൂർവികർക്കു കൊടുത്ത മന്നയെക്കാൾ ശ്രേഷ്ഠമാണ് അതെന്നും പറയാൻ യേശുവിന് എങ്ങനെ കഴിയുമായിരുന്നു? യേശു അവരോട് ഇങ്ങനെ പറഞ്ഞു: “എന്റെ മാംസമാണു ഞാൻ കൊടുക്കാനിരിക്കുന്ന അപ്പം.” യേശു എന്താണ് ഉദ്ദേശിച്ചത്? അതു മനസ്സിലാക്കേണ്ടതു പ്രധാനമാണ്. കാരണം നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും നിത്യജീവൻ നേടാൻ കഴിയുന്നത് എങ്ങനെയാണെന്ന് അതു കാണിച്ചുതരുന്നു. യേശു പറഞ്ഞതിന്റെ അർഥം എന്താണെന്നു നമുക്ക് ഇനി നോക്കാം.
ജീവനുള്ള അപ്പവും യേശുവിന്റെ മാംസവും
4. യേശു പറഞ്ഞതു കേട്ടപ്പോൾ ചിലർ അതിശയിച്ചത് എന്തുകൊണ്ടാണ്?
4 “ലോകത്തിന്റെ ജീവനുവേണ്ടിയുള്ള എന്റെ മാംസമാണു ഞാൻ കൊടുക്കാനിരിക്കുന്ന അപ്പം” എന്നു യേശു പറഞ്ഞപ്പോൾ കേട്ടുനിന്ന ചിലർ ഞെട്ടിപ്പോയി. ‘യേശു ശരിക്കുമുള്ള മാംസം കഴിക്കാൻ തരുമോ? അങ്ങനെ ചെയ്താൽ അതു നരഭോജനമാകില്ലേ’ എന്ന് അവർ ചിന്തിച്ചിരിക്കാം. (യോഹ. 6:52) അടുത്തതായി യേശു പറഞ്ഞ കാര്യം അവരെ ഒന്നുകൂടി അതിശയിപ്പിച്ചു: “നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ കിട്ടില്ല.”—യോഹ. 6:53.
5. ആളുകൾ തന്റെ ശരിക്കുള്ള രക്തം കുടിക്കണമെന്നല്ല യേശു ഉദ്ദേശിച്ചതെന്നു നമുക്ക് എങ്ങനെ അറിയാം?
5 നോഹയുടെ നാളിൽ രക്തം ഭക്ഷിക്കുന്നത് യഹോവ വിലക്കിയിരുന്നു. (ഉൽപ. 9:3, 4) അതേ നിയമം യഹോവ ഇസ്രായേല്യർക്കും നൽകി. ‘ആരെങ്കിലും രക്തം കഴിച്ചാൽ അവനെ വെച്ചേക്കരുതായിരുന്നു’ അഥവാ കൊല്ലണമായിരുന്നു. (ലേവ്യ 7:27) മോശയുടെ നിയമം അനുസരിച്ച് ജീവിക്കണമെന്നാണു യേശുവും ജൂതന്മാരെ പഠിപ്പിച്ചത്. (മത്താ. 5:17-19) അതുകൊണ്ട് തന്റെ ശരിക്കുള്ള മാംസം കഴിക്കാനും രക്തം കുടിക്കാനും യേശു ജൂതന്മാരോടു പറയുമെന്നു നമുക്കു ചിന്തിക്കാൻപോലും കഴിയില്ല. ശരിക്കും അങ്ങനെ പറഞ്ഞതിലൂടെ എങ്ങനെ ജീവൻ നേടാമെന്ന്, അതായത് ‘നിത്യജീവൻ’ നേടാമെന്ന് യേശു ആളുകളെ പഠിപ്പിക്കുകയായിരുന്നു.—യോഹ. 6:54.
6. യോഹന്നാൻ 6:53-ലെ യേശുവിന്റെ വാക്കുകൾ ആലങ്കാരികമാണെന്ന് എങ്ങനെ അറിയാം?
6 യേശു എന്താണ് ഉദ്ദേശിച്ചത്? യേശു ഒരിക്കൽ ശമര്യ സ്ത്രീയോടു പറഞ്ഞതുപോലെ ഇതും ആലങ്കാരികമായി പറയുകയായിരുന്നു. “ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ പിന്നെ ഒരിക്കലും ദാഹിക്കില്ല. അയാളിൽ ആ വെള്ളം നിത്യജീവനേകുന്ന ഒരു ഉറവയായി മാറും” എന്ന് യേശു പറഞ്ഞു. (യോഹ. 4:7, 14) b ഏതെങ്കിലും ഒരു പ്രത്യേകകിണറ്റിൽനിന്നുള്ള വെള്ളം കുടിച്ചാൽ, നിത്യജീവൻ കിട്ടും എന്നു പറയുകയായിരുന്നില്ല യേശു. അതുപോലെ കഫർന്നഹൂമിൽവെച്ച് ജനക്കൂട്ടത്തോടു സംസാരിച്ചപ്പോൾ തന്റെ ശരിക്കുള്ള മാംസം തിന്നണമെന്നും ശരിക്കുള്ള രക്തം കുടിക്കണമെന്നും അല്ല യേശു ഉദ്ദേശിച്ചത്.
യേശുവിന്റെ വാക്കുകൾക്കു കർത്താവിന്റെ അത്താഴവുമായി ബന്ധമുണ്ടോ?
7. യോഹന്നാൻ 6:53-ലെ യേശുവിന്റെ വാക്കുകളെക്കുറിച്ച് ചിലർ ചിന്തിക്കുന്നത് എന്താണ്?
7 യോഹന്നാൻ 6:53-ലെ വാക്കുകൾ പല മതവിശ്വാസികളും ഒരു പ്രത്യേകരീതിയിലാണു മനസ്സിലാക്കിയിരിക്കുന്നത്. തന്റെ മാംസം കഴിക്കാനും രക്തം കുടിക്കാനും പറഞ്ഞപ്പോൾ യേശു, കർത്താവിന്റെ അത്താഴം എങ്ങനെ ആചരിക്കണമെന്ന നിർദേശം കൊടുക്കുകയായിരുന്നുവെന്ന് അവർ ചിന്തിക്കുന്നു. കാരണം രണ്ടു സന്ദർഭങ്ങളിലും ഏതാണ്ടു സമാനമായ വാക്കുകളാണു യേശു ഉപയോഗിച്ചത്. (മത്താ. 26:26-28) അവർ അവകാശപ്പെടുന്നതു കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കുന്ന എല്ലാവരും അപ്പവും വീഞ്ഞും കഴിക്കണമെന്നാണ്. എന്നാൽ അതു ശരിയാണോ? അതു മനസ്സിലാക്കേണ്ടതു പ്രധാനമാണ്. കാരണം ഓരോ വർഷവും ലോകമെങ്ങുമായി ലക്ഷക്കണക്കിന് ആളുകളാണ് ഈ ആചരണത്തിനായി നമ്മളോടൊപ്പം കൂടിവരുന്നത്. അടുത്തതായി, യോഹന്നാൻ 6:53-ൽ യേശു പറഞ്ഞ വാക്കുകളും കർത്താവിന്റെ അത്താഴത്തിന്റെ സമയത്ത് യേശു പറഞ്ഞ വാക്കുകളും തമ്മിലുള്ള വ്യത്യാസം നമ്മൾ നോക്കും.
8. ഈ രണ്ടു സന്ദർഭങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ്? (ചിത്രങ്ങളും കാണുക.)
8 ഈ സന്ദർഭങ്ങൾ തമ്മിലുള്ള രണ്ടു വ്യത്യാസം നമുക്കു നോക്കാം. ഒന്നാമതായി, യോഹന്നാൻ 6:53-56 വരെയുള്ള വാക്കുകൾ യേശു എപ്പോഴാണു പറഞ്ഞതെന്നും എവിടെവെച്ചാണു പറഞ്ഞതെന്നും നോക്കാം. എ.ഡി. 32-ൽ ഗലീലയിൽവെച്ചാണ് യേശു അതു പറഞ്ഞത്. ആ സംഭവത്തിനു ശേഷം ഏതാണ്ട് ഒരു വർഷം കഴിഞ്ഞാണു യേശു, കർത്താവിന്റെ അത്താഴം യരുശലേമിൽവെച്ച് ഏർപ്പെടുത്തിയത്. രണ്ടാമതായി, യേശു ആരോടാണ് ഈ വാക്കുകൾ പറഞ്ഞത്? യേശു ഇതു പറഞ്ഞത്, ആത്മീയകാര്യങ്ങൾക്കു പകരം ഭൗതികകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച ഒരു കൂട്ടം ജൂതന്മാരോടാണ്. (യോഹന്നാൻ 6:26) ശരിക്കും പറഞ്ഞാൽ, യേശു പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നിയപ്പോൾ യേശുവിലുള്ള അവരുടെ വിശ്വാസം പെട്ടെന്നു നഷ്ടപ്പെട്ടു. ശിഷ്യന്മാരിൽ ചിലർപോലും യേശുവിനെ അനുഗമിക്കുന്നതു നിറുത്തി. (യോഹന്നാൻ 6:14, 36, 42, 60, 64, 66) എന്നാൽ ഏതാണ്ട് ഒരു വർഷത്തിനു ശേഷം, എ.ഡി. 33-ൽ യേശു കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയ സമയത്തെ കാര്യമോ? ആ അവസരത്തിൽ യേശുവിനോടൊപ്പം ഉണ്ടായിരുന്നതു തന്റെ വിശ്വസ്തരായ 11 അപ്പോസ്തലന്മാരായിരുന്നു. യേശു പഠിപ്പിച്ചത് അവർക്കു പൂർണമായും മനസ്സിലായില്ലെങ്കിലും അവർ യേശുവിനോടൊപ്പംതന്നെ നിന്നു. ഗലീലയിൽ കൂടിവന്ന മിക്ക ആളുകളിൽനിന്നും വ്യത്യസ്തമായി വിശ്വസ്തരായ അപ്പോസ്തലന്മാർക്കു യേശു സ്വർഗത്തിൽനിന്ന് വന്ന ദൈവപുത്രനാണെന്ന് ഉറച്ചബോധ്യമുണ്ടായിരുന്നു. (മത്താ. 16:16) അവരെ അഭിനന്ദിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “എന്തായാലും നിങ്ങളാണ് എന്റെ പരീക്ഷകളിൽ എന്റെകൂടെ നിന്നവർ.“ (ലൂക്കോ. 22:28) ഈ രണ്ടു വ്യത്യാസംതന്നെ കാണിക്കുന്നത്, യോഹന്നാൻ 6:53-ലെ യേശുവിന്റെ വാക്കുകൾക്ക് കർത്താവിന്റെ അത്താഴവുമായി ബന്ധമില്ല എന്നാണ്. ഇനിയുമുണ്ട് വ്യത്യാസങ്ങൾ.
യേശുവിന്റെ വാക്കുകളിൽനിന്ന് നിങ്ങൾക്കുള്ള പ്രയോജനം
9. കർത്താവിന്റെ അത്താഴത്തിന്റെ സമയത്ത് യേശു പറഞ്ഞ വാക്കുകൾ ഏതു കൂട്ടത്തിനാണു ബാധകമാകുന്നത്?
9 കർത്താവിന്റെ അത്താഴത്തിന്റെ സമയത്ത് പുളിപ്പില്ലാത്ത അപ്പം അപ്പോസ്തലന്മാർക്കു കൊടുത്തിട്ട് അതു തന്റെ ശരീരത്തെ അർഥമാക്കുന്നുവെന്നു യേശു പറഞ്ഞു. അതിനു ശേഷം അവർക്കു വീഞ്ഞ് കൊടുത്തിട്ട് അത് ഉടമ്പടിയുടെ ‘രക്തത്തിന്റെ പ്രതീകമാണെന്നും’ പറഞ്ഞു. (മർക്കോ. 14:22-25; ലൂക്കോ. 22:20; 1 കൊരി. 11:24) ആ ഉടമ്പടിയെക്കുറിച്ച് യേശു പറഞ്ഞ കാര്യം വളരെ പ്രധാനമാണ്. കാരണം, യേശു ഈ ഉടമ്പടി ചെയ്തത്, “ദൈവരാജ്യത്തിൽ” ഭരിക്കാൻപോകുന്ന ആത്മീയ ‘ഇസ്രായേൽഗൃഹവുമായിട്ടാണ്.’ അല്ലാതെ പൊതുവായി എല്ലാ മനുഷ്യരോടുമായിട്ടല്ല. (എബ്രാ. 8:6, 10; 9:15) അപ്പോസ്തലന്മാർക്ക് ആ സമയത്ത് ഉടമ്പടിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസ്സിലായില്ലായിരുന്നു. എങ്കിലും അവർ പെട്ടെന്നുതന്നെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും പുതിയ ഉടമ്പടിയുടെ ഭാഗമായിത്തീരുകയും ചെയ്തുകൊണ്ട് ഭാവിയിൽ യേശുവിനോടൊപ്പം ഭരിക്കുമായിരുന്നു.—യോഹ. 14:2, 3.
10. ഗലീലയിൽവെച്ച് നടന്ന സംഭവവും കർത്താവിന്റെ അത്താഴവും തമ്മിൽ ബന്ധമില്ലെന്നു പറയാനുള്ള മറ്റൊരു കാരണം എന്താണ്? (ചിത്രവും കാണുക.)
10 കർത്താവിന്റെ അത്താഴത്തിന്റെ സമയത്ത് യേശു സംസാരിച്ചത്, ‘ചെറിയ ആട്ടിൻകൂട്ടത്തോടാണ്.’ ആ ചെറിയ കൂട്ടം, അന്ന് ആ മുറിയിൽ കൂടിയിരുന്ന വിശ്വസ്തരായ അപ്പോസ്തലന്മാരിൽനിന്നാണു തുടങ്ങിയത്. (ലൂക്കോ. 12:32) യേശുവിന്റെ അപ്പോസ്തലന്മാർക്കും പിന്നീട് ഈ കൂട്ടത്തിന്റെ ഭാഗമായിത്തീരുന്നവർക്കും മാത്രമേ അപ്പവും വീഞ്ഞും കഴിക്കാൻ കഴിയുമായിരുന്നുള്ളൂ. യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാനുള്ള അവസരം അവർക്കു മാത്രമാണു കിട്ടുന്നത്. അതെ, യേശു ഈ സാഹചര്യത്തിൽ അപ്പോസ്തലന്മാരോടു പറഞ്ഞതും ഗലീലയിൽ കൂടിവന്ന ജനക്കൂട്ടത്തോടു പറഞ്ഞതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഗലീലയിൽവെച്ച് യേശു പറഞ്ഞ കാര്യം വലിയ കൂട്ടത്തിനു ബാധകമാകുന്നതായിരുന്നു.
11. യേശു ഒരു ചെറിയ കൂട്ടത്തെക്കുറിച്ചല്ല സംസാരിക്കുന്നതെന്നു ഗലീലയിൽവെച്ചുള്ള യേശുവിന്റെ വാക്കുകളിൽനിന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം?
11 എ.ഡി. 32-ൽ ഗലീലയിൽവെച്ച് യേശു പ്രധാനമായും സംസാരിച്ചത് അപ്പം കിട്ടാൻ ആഗ്രഹിച്ച ജൂതന്മാരോടായിരുന്നു. എന്നാൽ യേശു ശരിക്കുള്ള ആഹാരത്തെക്കാൾ പ്രധാനപ്പെട്ട ഒന്നിനെക്കുറിച്ച് അവരോടു പറഞ്ഞു. അതു നിത്യജീവൻ നേടാൻ സഹായിക്കുന്ന ഒന്നാണെന്നു യേശു വ്യക്തമാക്കി. അതുപോലെ മരിച്ചുപോയവർ അവസാനനാളിൽ ഉയിർപ്പിക്കപ്പെടുമെന്നും അവർക്ക് എന്നേക്കും ജീവിക്കാൻ കഴിയുമെന്നും യേശു പറഞ്ഞു. കർത്താവിന്റെ അത്താഴത്തിന്റെ സമയത്ത് സംസാരിച്ചതുപോലെ യേശു ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു ചെറിയ കൂട്ടത്തിനു കിട്ടുന്ന അനുഗ്രഹത്തെക്കുറിച്ച് പറയുകയായിരുന്നില്ല. പകരം ഗലീലയിൽവെച്ച് എല്ലാ ആളുകൾക്കും ലഭിക്കുമായിരുന്ന നിത്യജീവൻ എന്ന അനുഗ്രഹത്തെക്കുറിച്ച് പറയുകയായിരുന്നു. അതുകൊണ്ടാണു യേശു ഇങ്ങനെ പറഞ്ഞത്: “ലോകത്തിന്റെ ജീവനുവേണ്ടിയുള്ള എന്റെ മാംസമാണു ഞാൻ കൊടുക്കാനിരിക്കുന്ന അപ്പം.”—യോഹ. 6:51.
12. നിത്യജീവൻ നേടാൻ നമ്മൾ എന്തു ചെയ്യണം?
12 യേശു ഗലീലയിൽവെച്ച് സംസാരിച്ചപ്പോൾ ഭൂമിയിലുള്ള എല്ലാവർക്കും നിത്യജീവൻ കിട്ടുമെന്ന് ഉദ്ദേശിച്ചില്ല. ‘ഈ അപ്പം തിന്നുന്നവർക്ക്’ അതായത് യേശുവിൽ വിശ്വസിക്കുന്നവർക്കു മാത്രമേ ഈ അനുഗ്രഹം ലഭിക്കുകയുള്ളൂ. എന്നാൽ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന പലരും ചിന്തിക്കുന്നതു ‘യേശുവിൽ വെറുതേ വിശ്വസിക്കുകയും’ യേശുവിനെ രക്ഷകനായി കാണുകയും ചെയ്താൽ രക്ഷ കിട്ടുമെന്നാണ്. (യോഹ. 6:29) എന്നാൽ ഓർക്കുക, ആ ജനക്കൂട്ടത്തിൽ ചിലർ ആദ്യം യേശുവിൽ വിശ്വസിച്ചെങ്കിലും പിന്നീട് അവർ യേശുവിനെ ഉപേക്ഷിച്ചു. അത് എന്തുകൊണ്ടായിരുന്നു?
13. യേശുവിന്റെ ഒരു യഥാർഥ ശിഷ്യനായിരിക്കാൻ എന്തു ചെയ്യണം?
13 ആ ജനക്കൂട്ടത്തിലെ മിക്കയാളുകളും യേശുവിനെ അനുഗമിച്ചുചെന്നത്, അവർക്ക് ആവശ്യമുള്ളതു യേശു കൊടുത്തതുകൊണ്ട് മാത്രമാണ്. അവരുടെ താത്പര്യം, അത്ഭുതകരമായി സുഖപ്പെടുന്നതിലും സൗജന്യമായി ഭക്ഷണം കിട്ടുന്നതിലും തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ കേൾക്കുന്നതിലും ആയിരുന്നു. എന്നാൽ തന്റെ യഥാർഥ ശിഷ്യന്മാരിൽനിന്ന് അതിലും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്നു യേശു കാണിച്ചു. യേശു ഭൂമിയിലേക്കു വന്നതു വെറുതേ ആളുകളുടെ ഭൗതികാഗ്രഹങ്ങൾ തൃപ്തിപ്പെടുത്താനല്ല. പകരം തന്റെ യഥാർഥ ശിഷ്യനാകാൻ എന്തു ചെയ്യണമെന്ന് ആളുകളെ പഠിപ്പിക്കാനായിരുന്നു. അതെ, ആളുകൾ യേശു പഠിപ്പിച്ചതു ശ്രദ്ധിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തുകൊണ്ട് യേശുവിന്റെ ‘അടുത്ത് വരണമായിരുന്നു.’—യോഹ. 5:40; 6:44.
14. യേശുവിന്റെ മാംസത്തിൽനിന്നും രക്തത്തിൽനിന്നും പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം?
14 തന്റെ മാംസവും രക്തവും ബലിയായി കൊടുക്കുമ്പോൾ അവർക്കു നിത്യജീവൻ സാധ്യമാകുമെന്നു യേശു അവരെ പഠിപ്പിച്ചു. എന്നാൽ അവർക്ക് ആ സത്യത്തിൽ വിശ്വാസം വേണമായിരുന്നു. അവരെപ്പോലെ ഇന്നു നമുക്കും ആ വിശ്വാസം ആവശ്യമാണ്. (യോഹ. 6:40) അതെ, നിത്യജീവൻ കിട്ടണമെങ്കിൽ നമ്മൾ മോചനവിലയിൽ വിശ്വാസമർപ്പിക്കണം എന്നു യോഹന്നാൻ 6:53-ൽനിന്ന് മനസ്സിലാക്കാം. നിത്യജീവൻ എന്ന അനുഗ്രഹം വലിയൊരു കൂട്ടം ആളുകൾക്കു സാധ്യമാണ്.—എഫെ. 1:7.
15-16. യോഹന്നാൻ 6-ാം അധ്യായത്തിൽനിന്ന് പ്രധാനപ്പെട്ട എന്തെല്ലാം കാര്യങ്ങൾ നമ്മൾ പഠിച്ചു?
15 യോഹന്നാൻ 6-ാം അധ്യായത്തിൽ വളരെ പ്രധാനപ്പെട്ടതും നമുക്കു പ്രോത്സാഹനം തരുന്നതും ആയ ഒരുപാടു കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. യേശുവിന് ആളുകളെക്കുറിച്ച് എത്രമാത്രം ചിന്തയുണ്ടെന്ന് ആ അധ്യായം വ്യക്തമാക്കുന്നു. ഗലീലയിലായിരുന്നപ്പോൾ യേശു ആളുകളെ സുഖപ്പെടുത്തി, ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിച്ചു, അതുപോലെ അടിസ്ഥാന ആവശ്യമായ ഭക്ഷണവും അവർക്കു കൊടുത്തു. (ലൂക്കോ. 9:11; യോഹ. 6:2, 11, 12) ഏറ്റവും പ്രധാനമായി, “ജീവന്റെ അപ്പം” താനാണെന്നും യേശു അവരെ പഠിപ്പിച്ചു.—യോഹ. 6:35, 48.
16 യേശു ‘വേറെ ആടുകൾ’ എന്നു വിളിച്ചവർ കർത്താവിന്റെ അത്താഴം ഓരോ വർഷവും ആചരിക്കുന്ന സമയത്ത് അപ്പവും വീഞ്ഞും കഴിക്കില്ല. (യോഹ. 10:16) എങ്കിലും അവർ യേശുക്രിസ്തുവിന്റെ മാംസത്തിൽനിന്നും രക്തത്തിൽനിന്നും പ്രയോജനം നേടും. യേശുവിന്റെ മോചനവിലയിലും അതു സാധ്യമാക്കുന്ന കാര്യങ്ങളിലും വിശ്വസിച്ചുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. (യോഹ. 6:53) എന്നാൽ അപ്പവും വീഞ്ഞും കഴിക്കുന്നവർ തങ്ങൾ പുതിയ ഉടമ്പടിയുടെ ഭാഗമാണെന്നും സ്വർഗീയരാജ്യത്തിന്റെ അവകാശികളാണെന്നും തെളിയിക്കുന്നു. അതുകൊണ്ട് അഭിഷിക്തരാണെങ്കിലും വേറെ ആടുകളാണെങ്കിലും നമുക്കെല്ലാം യോഹന്നാൻ 6-ാം അധ്യായത്തിലെ വിവരണത്തിൽനിന്ന് വിലയേറിയ പലതും പഠിക്കാനുണ്ട്. നമ്മൾ പഠിച്ച പ്രധാനപാഠം ഇതാണ്: യേശുവിന്റെ മോചനവിലയിൽ വിശ്വസിച്ചാലേ നമുക്കു നിത്യജീവൻ കിട്ടുകയുള്ളൂ.
ഗീതം 150 രക്ഷയ്ക്കായ് ദൈവത്തെ അന്വേഷിക്കാം
a യോഹന്നാൻ 6:5-35 വരെയുള്ള ഭാഗങ്ങളാണു കഴിഞ്ഞ ലേഖനത്തിൽ ചർച്ച ചെയ്തത്.
b യേശു “വെള്ളം” എന്ന് പറഞ്ഞപ്പോൾ അർഥമാക്കിയതു നിത്യജീവൻ നേടാൻ യഹോവ ചെയ്ത കരുതലുകളെയാണ്.