വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
1 തിമൊഥെയൊസ് 5:21-ൽ കാണുന്ന ‘തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാർ’ ആരാണ്?
അപ്പോസ്തലനായ പൗലോസ് സഹമൂപ്പനായ തിമൊഥെയൊസിന് ഇങ്ങനെ എഴുതി: “ഒട്ടും മുൻവിധിയോ പക്ഷപാതമോ കൂടാതെ ഈ നിർദേശങ്ങൾ അനുസരിക്കണമെന്നു ദൈവത്തെയും ക്രിസ്തുയേശുവിനെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരെയും സാക്ഷിയാക്കി ഞാൻ നിന്നോടു കല്പിക്കുകയാണ്.”—1 തിമൊ. 5:21.
ഈ കൂട്ടം ആരെ അർഥമാക്കുന്നില്ല എന്ന് ആദ്യം നോക്കാം. ഈ ദൂതന്മാർ 1,44,000 പേരല്ല എന്നതു വ്യക്തമാണ്. കാരണം പൗലോസ് തിമൊഥെയൊസിന് ഇത് എഴുതുന്ന സമയത്ത് അഭിഷിക്തർ സ്വർഗത്തിലേക്കു പുനരുത്ഥാനപ്പെടാൻ തുടങ്ങിയിട്ടില്ലായിരുന്നു. അതായത് അപ്പോസ്തലന്മാരും മറ്റ് അഭിഷിക്തരും അപ്പോഴും ആത്മവ്യക്തികളായിട്ടില്ലായിരുന്നു. അതുകൊണ്ട് ‘തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാർ’ അവരല്ല.—1 കൊരി. 15:50-54; 1 തെസ്സ. 4:13-17; 1 യോഹ. 3:2.
അതുപോലെ, ‘തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാർ’ പ്രളയത്തിന്റെ സമയത്ത് അനുസരണക്കേടു കാണിച്ച ദൂതന്മാരുമല്ല. ആ ദൂതന്മാർ സാത്താന്റെ പക്ഷം ചേരുകയും ഭൂതങ്ങളായിത്തീരുകയും ചെയ്തു. അങ്ങനെ അവർ യേശുവിന്റെ എതിരാളികളായി മാറി. (ഉൽപ. 6:2; ലൂക്കോ. 8:30, 31; 2 പത്രോ. 2:4) ഭാവിയിൽ അവരെ 1,000 വർഷത്തേക്ക് അഗാധത്തിൽ എറിയുകയും പിശാചിനോടൊപ്പം നശിപ്പിക്കുകയും ചെയ്യും.—യൂദ 6; വെളി. 20:1-3, 10.
പൗലോസ് പറഞ്ഞ ‘തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാർ’ ആ വാക്യത്തിൽ കാണുന്ന “ദൈവത്തെയും ക്രിസ്തുയേശുവിനെയും” പിന്തുണയ്ക്കുന്ന സ്വർഗത്തിലെ ദൂതന്മാരാണ്.
വിശ്വസ്തരായ ആയിരമായിരം ദൂതന്മാരുണ്ട്. (എബ്രാ. 12:22, 23) അവർക്ക് എല്ലാവർക്കും ഒരേ നിയമനമാണ് ഉള്ളതെന്നു നമ്മൾ ചിന്തിക്കേണ്ടതില്ല. (വെളി. 14:17, 18) ഒരിക്കൽ 1,85,000 വരുന്ന അസീറിയൻ സൈന്യത്തെ കൊല്ലാനായി ഒരു ദൂതനെയാണു ദൈവം നിയമിച്ചത്. (2 രാജാ. 19:35) അതുപോലെ ചില ദൂതന്മാർക്ക്, ‘ആളുകളെ പാപത്തിൽ വീഴിക്കുന്ന എല്ലാത്തിനെയും നിയമലംഘകരെയും യേശുവിന്റെ രാജ്യത്തുനിന്ന് ശേഖരിക്കാൻ’ നിയമനം ലഭിച്ചിട്ടുണ്ടാകും. (മത്താ. 13:39-41) മറ്റു ചിലർക്ക് ‘തിരഞ്ഞെടുത്തിരിക്കുന്നവരെ സ്വർഗത്തിലേക്കു കൂട്ടിച്ചേർക്കാൻ’ നിയമനം കിട്ടിയിട്ടുണ്ടാകും. (മത്താ. 24:31) ഇനി ‘പോകുന്ന വഴികളിലെല്ലാം നമ്മളെ കാക്കുന്നതിനും’ ദൈവം ചില ദൂതന്മാരോടു കല്പിച്ചിട്ടുണ്ട്.—സങ്കീ. 91:11; മത്താ. 18:10; മത്തായി 4:11 താരതമ്യം ചെയ്യുക; ലൂക്കോ. 22:43.
1 തിമൊഥെയൊസ് 5:21-ൽ കാണുന്ന ‘തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാർ’ സഭകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ സഹായിക്കാൻ നിയമനം ലഭിച്ചവരായിരിക്കാം. ഈ അധ്യായത്തിൽ, മൂപ്പന്മാർ സഭയിലെ ഉത്തരവാദിത്വങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സഭയിലുള്ളവർ മൂപ്പന്മാരെ ആദരിക്കണമെന്നും പൗലോസ് പറയുകയായിരുന്നു. മൂപ്പന്മാർ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ “ഒട്ടും മുൻവിധിയോ പക്ഷപാതമോ കൂടാതെ” വേണമായിരുന്നു ചെയ്യാൻ. അതുപോലെ അവർ ഒരു കാര്യത്തെക്കുറിച്ച് നന്നായി ചിന്തിക്കാതെ ഒരു തീരുമാനമെടുക്കാനും പാടില്ലായിരുന്നു. ഈ ഉപദേശം അവർ ഗൗരവമായെടുക്കണമായിരുന്നു. കാരണം അവർ സഹോദരങ്ങളെ സേവിക്കുന്നത് “ദൈവത്തെയും ക്രിസ്തുയേശുവിനെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരെയും സാക്ഷിയാക്കി” ആണ്. അതെ, ദൂതന്മാരെ സഭയുമായി ബന്ധപ്പെട്ട നിയമനങ്ങൾക്ക്, അതായത് ദൈവജനത്തെ സംരക്ഷിക്കാനും പ്രസംഗപ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാനും തങ്ങൾ നിരീക്ഷിച്ച കാര്യങ്ങൾ യഹോവയെ അറിയിക്കാനും മറ്റും നിയമിച്ചിട്ടുണ്ടെന്നു വ്യക്തമാണ്.—മത്താ. 18:10; വെളി. 14:6.