ക്രമമായ പഠനത്തിനുള്ള സഹായം
നിങ്ങളുടെ വ്യക്തിപരമായ പഠനം ക്രമമായും രസകരമായും നടത്താൻ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ? ഇടയ്ക്കൊക്കെ നമുക്ക് എല്ലാവർക്കും അങ്ങനെ തോന്നാറുണ്ട്. നമ്മൾ ക്രമമായി ചെയ്യുന്ന മറ്റു ചില കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന്, കുളിക്കുന്നത്. ക്രമമായി കുളിക്കുന്നതിനു നമുക്ക് സമയവും ശ്രമവും ആവശ്യമാണ്. പക്ഷേ അതു ചെയ്തകഴിയുമ്പോൾ നമുക്ക് എത്ര ഉന്മേഷം തോന്നുമല്ലേ! ബൈബിൾ പഠിക്കുമ്പോഴും നമ്മൾ നമ്മളെത്തന്നെ “ദൈവവചനമെന്ന ജലംകൊണ്ട് കഴുകി” വെടിപ്പാക്കുകയാണ്. (എഫെ. 5:26) അതു നമുക്ക് ഉന്മേഷം പകരും. അതിനു നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം:
ഒരു പട്ടിക ഉണ്ടാക്കുക. വ്യക്തിപരമായ ബൈബിൾപഠനം ഒരു ക്രിസ്ത്യാനി ഒഴിവാക്കാൻ പാടില്ലാത്ത ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ’ ഉൾപ്പെടുന്ന ഒന്നാണ്. (ഫിലി. 1:10) ആ പട്ടിക പാലിക്കാൻ കഴിയേണ്ടതിന് അത് എളുപ്പം കാണാൻ പറ്റുന്ന വിധത്തിൽ, നോട്ടീസ് ബോർഡിലോ ഫ്രിഡ്ജിലോ മറ്റോ ഒട്ടിച്ചുവെക്കാനാകുമോ? ഇനി, പഠിക്കാനുള്ള സമയം ആകുന്നതിനു കുറച്ച് മുമ്പ് അലാറം അടിക്കുന്ന രീതിയിൽ ക്രമീകരിക്കുന്നതു സഹായിച്ചേക്കും.
നിങ്ങൾക്കു പറ്റിയ സമയവും രീതിയും കണ്ടെത്തുക. ഒറ്റയിരുപ്പിനു കുറേ പഠിക്കുന്നതാണോ അതോ ചെറിയ ഇടവേളകൾ എടുത്ത് പഠിക്കുന്നതാണോ നിങ്ങൾക്ക് എളുപ്പം? നിങ്ങൾക്കാണു നിങ്ങളുടെ സാഹചര്യം ഏറ്റവും നന്നായി അറിയാവുന്നത്. അതനുസരിച്ച് പഠനം ക്രമീകരിക്കുക. പഠിക്കാനുള്ള സമയമാകുമ്പോൾ മടി തോന്നുന്നെങ്കിൽ, ഒരു പത്തു മിനിട്ടെങ്കിലും പഠിക്കാൻ നിങ്ങൾക്കു തീരുമാനിച്ചുകൂടേ? ഒട്ടും പഠിക്കാതിരിക്കുന്നതിനെക്കാൾ നല്ലതാണു കുറച്ച് സമയമെങ്കിലും പഠിക്കുന്നത്. ചിലപ്പോൾ പഠിച്ചുതുടങ്ങുമ്പോൾ നിങ്ങൾക്കു കുറച്ച് നേരംകൂടെ ഇരുന്ന് പഠിക്കാനുള്ള ആഗ്രഹം തോന്നിയേക്കാം.—ഫിലി. 2:13.
പഠനത്തിനുള്ള വിഷയങ്ങൾ മുന്നമേ തീരുമാനിക്കുക. നിങ്ങൾ പഠിക്കാനായി ഇരുന്നിട്ടാണ് എന്തു പഠിക്കുമെന്ന് ചിന്തിക്കുന്നതെങ്കിൽ ‘സമയം ഏറ്റവും നന്നായി ഉപയോഗിക്കുകയായിരിക്കില്ല.’ (എഫെ. 5:16) പഠിക്കാൻ ആഗ്രഹിക്കുന്ന ലേഖനങ്ങളുടെയോ വിഷയങ്ങളുടെയോ ഒരു ലിസ്റ്റ് ഉണ്ടാക്കിക്കൂടേ? എന്തെങ്കിലും ഒരു ചോദ്യം മനസ്സിൽവന്നാൽ അത് എഴുതിവെക്കുക. ഓരോ തവണയും പഠിച്ചുകഴിയുമ്പോൾ ആ ലിസ്റ്റിലേക്ക് ഇനി പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ കൂട്ടിച്ചേർക്കാം.
ആവശ്യമുള്ളപ്പോൾ മാറ്റങ്ങൾ വരുത്തുക. പഠിക്കാൻ എടുക്കുന്ന സമയത്തിന്റെയും തിരഞ്ഞെടുക്കുന്ന വിഷയത്തിന്റെയും കാര്യത്തിൽ നിങ്ങൾക്കു മാറ്റങ്ങൾ വരുത്താം. നിങ്ങൾ എപ്പോൾ, എത്ര നേരം, എന്തു പഠിച്ചു എന്നതല്ല, ക്രമമായി പഠിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.
എല്ലാ ആഴ്ചയും പഠിക്കുകയാണെങ്കിൽ അതു നമുക്ക് ഒത്തിരി പ്രയോജനം ചെയ്യും. അതു നമ്മളെ യഹോവയോട് അടുപ്പിക്കുകയും ജ്ഞാനത്തോടെ പ്രവർത്തിക്കാൻ സഹായിക്കുകയും നമുക്കു പ്രോത്സാഹനം പകരുകയും ചെയ്യും.—യോശു. 1:8.