വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ത​കഥ

യുദ്ധകാ​ല​ത്തും സമാധാ​ന​കാ​ല​ത്തും യഹോവ ഞങ്ങളെ ബലപ്പെ​ടു​ത്തി

യുദ്ധകാ​ല​ത്തും സമാധാ​ന​കാ​ല​ത്തും യഹോവ ഞങ്ങളെ ബലപ്പെ​ടു​ത്തി

പോൾ: ഞങ്ങൾ വലിയ ആവേശ​ത്തി​ലാ​യി​രു​ന്നു! 1985 നവംബ​റിൽ ആദ്യത്തെ മിഷനറി നിയമ​ന​ത്തി​നു​വേണ്ടി ഞങ്ങൾ പടിഞ്ഞാ​റൻ ആഫ്രി​ക്ക​യി​ലെ ലൈബീ​രി​യ​യി​ലേക്കു യാത്ര ചെയ്യു​ക​യാ​യി​രു​ന്നു. സെനഗ​ലിൽ ഞങ്ങളുടെ വിമാനം നിറുത്തി. ആൻ പറഞ്ഞു: “ഒരു മണിക്കൂ​റും​കൂ​ടി കഴിഞ്ഞാൽ നമ്മൾ ലൈബീ​രി​യ​യിൽ എത്തും.” അപ്പോ​ഴാണ്‌ ഒരു അറിയി​പ്പു​വ​ന്നത്‌: “ലൈബീ​രി​യ​യി​ലേ​ക്കുള്ള യാത്ര​ക്കാർ ഫ്ലൈറ്റിൽനിന്ന്‌ ഇറങ്ങുക. ഗവൺമെ​ന്റി​നെ അട്ടിമ​റി​ക്കാ​നുള്ള ചില ശ്രമങ്ങൾ നടക്കു​ന്ന​തു​കൊണ്ട്‌ യാത്ര​ക്കാ​രെ അവിടെ ഇറക്കാ​നാ​കില്ല.” അതു​കൊണ്ട്‌ തുടർന്നുള്ള പത്തു ദിവസം ഞങ്ങൾ ചില മിഷന​റി​മാ​രോ​ടൊ​പ്പം സെനഗ​ലിൽ തങ്ങി. ലൈബീ​രി​യ​യിൽ കുറെ ആളുകൾ കൊല്ല​പ്പെ​ടു​ന്ന​തി​ന്റെ വാർത്തകൾ ഞങ്ങൾ കേട്ടു. അവിടത്തെ ഗവൺമെന്റ്‌ ആളുകളെ വൈകു​ന്നേ​ര​ങ്ങ​ളിൽ പുറത്തി​റ​ങ്ങാൻ സമ്മതി​ക്കി​ല്ലാ​യി​രു​ന്നു. അങ്ങനെ ചെയ്‌താൽ അവരെ വെടി​വെച്ച്‌ കൊല്ലു​മാ​യി​രു​ന്നു.

ആൻ: ഞങ്ങൾ അത്ര ധൈര്യം ഉള്ള ആളുക​ളൊ​ന്നു​മല്ല. സത്യം പറയാ​ല്ലോ, ചെറു​പ്പം​തൊ​ട്ടേ ആളുകൾ എന്നെ ‘പേടി​ത്തൊ​ണ്ടി’ എന്നാണു വിളി​ച്ചി​രു​ന്നത്‌. ഒരു റോഡു കുറുകെ കടക്കാൻപോ​ലും എനിക്കു പേടി​യാ​യി​രു​ന്നു. എങ്കിലും ലൈബീ​രി​യ​യി​ലേക്കു പോകാൻ ഞങ്ങൾ തീരു​മാ​നി​ച്ചി​രു​ന്നു, അത്‌ അപകടം​പി​ടിച്ച കാര്യ​മാ​യി​രു​ന്നെ​ങ്കി​ലും.

പോൾ: ഇംഗ്ലണ്ടി​ന്റെ പടിഞ്ഞാ​റൻഭാ​ഗ​ത്താ​ണു ഞാനും ആനും ജനിച്ചത്‌. ഞങ്ങളുടെ വീടുകൾ തമ്മിൽ എട്ടു കിലോ​മീ​റ്ററേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്റെ മാതാ​പി​താ​ക്ക​ളും ആനിന്റെ അമ്മയും പ്രോ​ത്സാ​ഹി​പ്പി​ച്ച​തു​കൊണ്ട്‌ ഞങ്ങൾ ഹൈസ്‌കൂൾ പഠനത്തി​നു ശേഷം മുൻനി​ര​സേ​വനം തുടങ്ങി. ജീവിതം മുഴു​സ​മ​യ​സേ​വ​ന​ത്തി​നാ​യി വിട്ടു​കൊ​ടു​ക്കാ​നാ​ണു ഞങ്ങളുടെ ആഗ്രഹം എന്ന്‌ അറിഞ്ഞ​പ്പോൾ അവർക്ക്‌ വലിയ സന്തോ​ഷ​മാ​യി. 19-ാം വയസ്സിൽ ഞാൻ ബഥേൽസേ​വനം തുടങ്ങി. 1982-ൽ ഞങ്ങളുടെ വിവാ​ഹ​ത്തി​നു ശേഷം ആനും ബഥേലി​ലേക്കു വന്നു.

1985 സെപ്‌റ്റം​ബർ 8-ന്‌ ഞങ്ങൾ ഗിലെ​യാ​ദിൽനിന്ന്‌ ബിരുദം നേടി

ആൻ: ഞങ്ങൾക്കു ബഥേൽ ഇഷ്ടമാ​യി​രു​ന്നു. എങ്കിലും ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കാ​നാ​യി​രു​ന്നു ഞങ്ങളുടെ ആഗ്രഹം. മുമ്പ്‌ മിഷന​റി​മാ​രാ​യി​രു​ന്ന​വ​രോ​ടൊ​പ്പം ബഥേലിൽ പ്രവർത്തി​ച്ച​പ്പോൾ ആ ആഗ്രഹം വീണ്ടും കൂടി. അത്‌ എടുത്തു​പ​റ​ഞ്ഞു​കൊണ്ട്‌ എല്ലാ രാത്രി​യും ഞങ്ങൾ പ്രാർഥി​ക്കു​മാ​യി​രു​ന്നു. അങ്ങനെ മൂന്നു വർഷങ്ങൾക്കു ശേഷം, 1985-ൽ 79-ാമത്തെ ഗിലെ​യാദ്‌ ക്ലാസി​ലേക്കു ഞങ്ങൾക്കു ക്ഷണം ലഭിച്ചു. പടിഞ്ഞാ​റൻ ആഫ്രി​ക്ക​യി​ലെ ലൈബീ​രി​യ​യി​ലാ​യി​രു​ന്നു നിയമനം.

സഹോ​ദ​ര​ങ്ങ​ളു​ടെ സ്‌നേഹം പിടി​ച്ചു​നിൽക്കാൻ ഞങ്ങളെ സഹായി​ച്ചു

പോൾ: സെനഗ​ലിൽ ഞങ്ങൾ പത്തു ദിവസം താമസി​ച്ച​ശേഷം ലൈബീ​രി​യ​യി​ലേക്കു തിരിച്ച്‌ യാത്ര ചെയ്യാൻ അനുവ​ദിച്ച ആദ്യത്തെ വിമാ​ന​ത്തിൽ ഞങ്ങൾ കയറി. അവി​ടെ​യുള്ള ആളുക​ളു​ടെ പേടി മാറി​യി​ട്ടി​ല്ലാ​യി​രു​ന്നു. അപ്പോ​ഴും വൈകു​ന്നേ​ര​ങ്ങ​ളിൽ ആളുകളെ പുറ​ത്തേക്ക്‌ ഇറങ്ങാൻ അനുവ​ദി​ച്ചി​രു​ന്നില്ല. പെട്ടെന്ന്‌ എങ്ങാനും ഒരു വണ്ടിയിൽനിന്ന്‌ വലിയ ശബ്ദമു​ണ്ടാ​യാൽ ആളുകൾ അലറി ഓടു​മാ​യി​രു​ന്നു. മനസ്സൊ​ന്നു ശാന്തമാ​ക്കാൻ ഞങ്ങൾ എല്ലാ രാത്രി​യും സങ്കീർത്ത​നങ്ങൾ വായി​ക്കും. എങ്കിലും നിയമ​നത്തെ ഞങ്ങൾ സ്‌നേ​ഹി​ച്ചി​രു​ന്നു. ആനിന്റെ നിയമനം വയലിൽ ആയിരു​ന്ന​തു​കൊണ്ട്‌ അവൾ എല്ലാ ദിവസ​വും ശുശ്രൂ​ഷ​യ്‌ക്കു പോകും. എന്നാൽ എന്റെ നിയമനം ബഥേലിൽ ജോൺ ഷെരൂക്‌ a സഹോ​ദ​രന്റെ കൂടെ​യാ​യി​രു​ന്നു. സഹോ​ദരൻ ഒരുപാ​ടു നാളായി ലൈബീ​രി​യ​യിൽ ഉള്ളതു​കൊണ്ട്‌ അവിടത്തെ സഹോ​ദ​ര​ങ്ങ​ളു​ടെ പ്രശ്‌ന​ങ്ങ​ളും സാഹച​ര്യ​വും നന്നായി അറിയാ​മാ​യി​രു​ന്നു. ഞാൻ സഹോ​ദ​ര​നിൽനിന്ന്‌ പല കാര്യ​ങ്ങ​ളും പഠിച്ചു.

ആൻ: ലൈബീ​രിയ ഞങ്ങൾക്ക്‌ ഇത്ര പെട്ടെന്ന്‌ ഇഷ്ടപ്പെ​ടാൻ കാരണം അവിടത്തെ സഹോ​ദ​ര​ങ്ങ​ളാണ്‌. അവർ നല്ല സ്‌നേ​ഹ​വും വിശ്വാ​സ​വും ഉള്ളവരാ​യി​രു​ന്നു. ആ സഹോ​ദ​രങ്ങൾ ഞങ്ങൾക്കു കുടും​ബം​പോ​ലെ​യാ​യി. അവർ ഞങ്ങൾക്കു ഉപദേ​ശങ്ങൾ തരുക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ഇനി അവിടത്തെ ശുശ്രൂഷ എത്ര രസമാ​യി​രു​ന്നെ​ന്നോ! നമ്മൾ ഒരു വീട്ടിൽ സംസാ​രി​ച്ചിട്ട്‌ പെട്ടെന്ന്‌ ഇറങ്ങി​യാൽ ആ വീട്ടു​കാർക്ക്‌ അത്‌ ഇഷ്ടപ്പെ​ടില്ല. തെരു​വു​ക​ളിൽപ്പോ​ലും ആളുകൾ ബൈബിൾവി​ഷ​യങ്ങൾ ചർച്ച ചെയ്യു​മാ​യി​രു​ന്നു. നമുക്ക്‌ വെറുതേ നടന്നു​ചെന്ന്‌ അവരുടെ ഒപ്പം സംസാ​രി​ക്കാൻ കൂടി​യാൽ മതി. ഞങ്ങൾക്ക്‌ ഒരുപാ​ടു ബൈബിൾപ​ഠ​നങ്ങൾ ഉള്ളതു​കൊണ്ട്‌ എല്ലാവ​രു​ടെ​യും കൂടെ​യി​രുന്ന്‌ പഠിക്കാൻ ശരിക്കും ബുദ്ധി​മു​ട്ടി. നല്ലൊരു സമയമാ​യി​രു​ന്നു അതൊക്കെ.

ഭയം തോന്നി​യ​പ്പോൾ യഹോവ ഞങ്ങളെ ബലപ്പെ​ടു​ത്തി

ലൈബീ​രി​യ​യി​ലെ ബഥേലിൽ രക്ഷപ്പെട്ട്‌ വന്ന സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്നു, 1990

പോൾ: നാലു വർഷ​ത്തോ​ളം സമാധാ​ന​മാ​യി​രു​ന്നെ​ങ്കി​ലും 1989-ൽ ഞങ്ങളെ ഞെട്ടി​ച്ചു​കൊണ്ട്‌ ഒരു ആഭ്യന്ത​ര​യു​ദ്ധം തുടങ്ങി. 1990 ജൂലൈ 2-ന്‌ ഗവൺമെ​ന്റിന്‌ എതിരെ പ്രവർത്തി​ച്ചി​രുന്ന ആളുകൾ ബഥേലി​നു ചുറ്റു​മുള്ള പ്രദേ​ശങ്ങൾ പിടി​ച്ച​ടക്കി. മൂന്നു മാസ​ത്തോ​ളം ഞങ്ങൾക്കു രാജ്യ​ത്തി​നു പുറത്തുള്ള ആരോ​ടും സംസാ​രി​ക്കാൻ പറ്റിയില്ല. നമ്മുടെ ലോകാ​സ്ഥാ​ന​ത്തുള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യും ഞങ്ങളുടെ കുടും​ബാം​ഗ​ങ്ങ​ളു​മാ​യും ഒന്നും ബന്ധപ്പെ​ടാൻ കഴിഞ്ഞില്ല. എങ്ങും അക്രമ​വും പ്രശ്‌ന​ങ്ങ​ളും ആയിരു​ന്നു. ഭക്ഷണത്തി​ന്റെ ലഭ്യത കുറവാ​യി​രു​ന്നു. അതു​പോ​ലെ ആളുകൾ സ്‌ത്രീ​കളെ പീഡി​പ്പി​ക്കു​മാ​യി​രു​ന്നു. 14 വർഷ​ത്തോ​ളം ആ രാജ്യ​ത്തെ​ങ്ങും ഇതുത​ന്നെ​യാ​യി​രു​ന്നു അവസ്ഥ.

ആൻ: ചില ഗോ​ത്ര​ങ്ങ​ളി​ലു​ള്ളവർ മറ്റു ഗോ​ത്ര​ക്കാ​രെ ആക്രമി​ക്കു​ക​യും കൊല്ലു​ക​യും ചെയ്‌തി​രു​ന്നു. വിചി​ത്ര​മായ വസ്‌ത്രങ്ങൾ ധരിച്ച അക്രമ​കാ​രി​ക​ളാ​യി​രു​ന്നു തെരു​വി​ലെ​ങ്ങും. അവർ ആയുധ​ങ്ങ​ളു​മാ​യി ഓരോ കെട്ടി​ട​ത്തി​ലും കയറി കവർച്ച നടത്തി. “കോഴി​യെ വെട്ടു​ന്ന​തു​പോ​ലെ” അത്ര നിസ്സാ​ര​മാ​യി​ട്ടാ​ണു ചിലർ ആളുകളെ കൊന്നി​രു​ന്നത്‌. അവർ റോഡു​കൾ തടഞ്ഞു​നി​റു​ത്തു​ക​യും കടക്കാൻ ശ്രമി​ക്കു​ന്ന​വരെ കൊല്ലു​ക​യും ചെയ്യു​മാ​യി​രു​ന്നു. എന്നിട്ട്‌ ആ ശവശരീ​രങ്ങൾ കുന്നു​കൂ​ട്ടി​യി​ടും. ബഥേലി​ന്റെ അടുത്തു​പോ​ലും ഇങ്ങനെ​യൊ​ക്കെ സംഭവി​ച്ചു. ഞങ്ങളുടെ രണ്ടു പ്രിയ​പ്പെട്ട മിഷന​റി​മാർ ഉൾപ്പെടെ വിശ്വ​സ്‌ത​രായ പല സാക്ഷി​ക​ളും കൊല്ല​പ്പെട്ടു.

അക്രമാ​സ​ക്ത​രാ​യ ആളുകൾ തങ്ങൾ വെറു​ക്കുന്ന ഗോ​ത്ര​ങ്ങ​ളിൽപ്പെട്ട ആളുകളെ കണ്ടാൽ അവരെ കൊല്ലു​മാ​യി​രു​ന്നു. ആ ഗോ​ത്ര​ങ്ങ​ളിൽപ്പെട്ട സഹോ​ദ​ര​ങ്ങളെ സംരക്ഷി​ക്കാൻ മറ്റു സാക്ഷികൾ സ്വന്തം ജീവൻ പണയ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​പോ​ലും പ്രവർത്തി​ച്ചു. മിഷന​റി​മാ​രും ബഥേലം​ഗ​ങ്ങ​ളും അങ്ങനെ ചെയ്‌തു. ഓടി രക്ഷപ്പെട്ട്‌ വന്ന ചില സാക്ഷി​കളെ ബഥേലി​ന്റെ താഴത്തെ നിലയി​ലും ചിലരെ ഞങ്ങളുടെ എല്ലാവ​രു​ടെ​യും ഒപ്പം മുകളി​ലത്തെ മുറി​ക​ളി​ലും താമസി​പ്പി​ച്ചു. ഏഴു പേരട​ങ്ങുന്ന കുടും​ബ​മാ​ണു ഞങ്ങളോ​ടൊ​പ്പം ഞങ്ങളുടെ മുറി​യിൽ താമസി​ച്ചി​രു​ന്നത്‌.

പോൾ: എല്ലാ ദിവസ​വും​തന്നെ അക്രമ​കാ​രി​ക​ളായ ആളുകൾ ഞങ്ങൾ ആരെ​യെ​ങ്കി​ലും ഒളിപ്പി​ച്ചി​ട്ടു​ണ്ടോ എന്ന്‌ അറിയാൻ ബഥേലി​ലേക്കു വരും. സുരക്ഷ​യ്‌ക്കു​വേണ്ടി ഞങ്ങൾ നാലു പേരെ നിറുത്തി. ഓരോ തവണയും അക്രമ​കാ​രി​കൾ പുറത്തു​വ​രു​മ്പോൾ രണ്ടു സഹോ​ദ​രങ്ങൾ അവരോ​ടു സംസാ​രി​ക്കാ​നാ​യി ഗെയ്‌റ്റിന്‌ അടു​ത്തേക്കു പോകും. മറ്റേ രണ്ടു പേർ അവരെ നിരീ​ക്ഷി​ച്ചു​കൊണ്ട്‌ ജനലിന്റെ അടുത്ത്‌ നിൽക്കും. ഗെയ്‌റ്റിന്‌ അടുത്തുള്ള രണ്ടു സഹോ​ദ​രങ്ങൾ കൈ മുമ്പി​ലാണ്‌ ഇടുന്ന​തെ​ങ്കിൽ അതിന്‌ അർഥം ഒരു കുഴപ്പ​വു​മില്ല എന്നാണ്‌. എന്നാൽ അവരുടെ കൈകൾ പുറകിൽ ആണെങ്കിൽ അക്രമ​കാ​രി​കൾ ദേഷ്യ​ത്തി​ലാ​ണെന്നു മനസ്സി​ലാ​ക്കാം. അപ്പോൾ ജനലിന്‌ അടുത്തുള്ള സഹോ​ദ​രങ്ങൾ പെട്ടെന്നു പോയി മറ്റു സഹോ​ദ​ര​ങ്ങളെ ഒളിപ്പി​ക്കും.

ആൻ: ഏതാനും ആഴ്‌ച​കൾക്കു ശേഷം അക്രമി​ക​ളായ ചിലർ വന്നപ്പോൾ സഹോ​ദ​ര​ങ്ങൾക്ക്‌ അവരെ തടഞ്ഞു​നി​റു​ത്താ​നാ​യില്ല. ഞാൻ മുകളി​ലേക്ക്‌ ഓടി​ക്ക​യ​റി​യ​പ്പോൾ എന്റെ പുറകെ ആയുധ​ങ്ങ​ളും പിടിച്ച്‌ അക്രമ​കാ​രി​കൾ വന്നു. ഞാനും മറ്റൊരു സഹോ​ദ​രി​യും ബാത്ത്‌റൂ​മിൽ കയറി വാതിൽ അടച്ചു. ആ ബാത്ത്‌റൂ​മിൽ രഹസ്യ അറയുള്ള ഒരു ഷെൽഫ്‌ ഉണ്ടായി​രു​ന്നു. അതു തീരെ ചെറിയ സ്ഥലമാ​യി​രു​ന്നെ​ങ്കി​ലും ഒരുത​ര​ത്തിൽ സഹോ​ദ​രി​യെ അവിടെ ഒളിപ്പി​ച്ചു. അവർ ദേഷ്യ​ത്തോ​ടെ കതകിൽ പല തവണ മുട്ടി. പോൾ അവരെ തടയാൻവേണ്ടി “ഇപ്പോൾ അകത്തു കയറരു​തേ, എന്റെ ഭാര്യ ബാത്ത്‌റൂ​മിൽ ആണ്‌” എന്നു പറഞ്ഞു. സഹോ​ദ​രി​യെ ഒളിപ്പി​ച്ചിട്ട്‌ ഞാൻ ആ അറ അടച്ച​പ്പോൾ ഒച്ചയു​ണ്ടാ​യി. അതു​പോ​ലെ ആ ഷെൽഫിൽ സാധനങ്ങൾ എല്ലാം തിരി​ച്ചു​വെ​ക്കാ​നും സമയ​മെ​ടു​ത്തു. അക്രമി​ക​ളായ ആളുകൾ എല്ലാം കണ്ടുപി​ടി​ക്കു​മെന്ന്‌ ഓർത്ത്‌ ഞാൻ ആകെ പേടി​ച്ചു​പോ​യി. വാതിൽ തുറക്കു​മ്പോൾ എന്തു സംഭവി​ക്കും എന്ന്‌ ഞാൻ ഓർത്തു. ഞാൻ സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ ഒന്നു മനസ്സിൽ പ്രാർഥി​ച്ചു. എന്നിട്ട്‌ ഒരുത​ര​ത്തിൽ വാതിൽ തുറന്ന്‌ ശാന്തമാ​യി അവരെ അഭിവാ​ദനം ചെയ്‌തു. ഒരാൾ എന്നെ തട്ടിമാ​റ്റി നേരെ ചെന്ന്‌ ഷെൽഫ്‌ മുഴുവൻ അരിച്ചു​പെ​റു​ക്കി. അവിടെ ആരെയും കണ്ടെത്താൻ പറ്റാത്ത​തു​കൊണ്ട്‌ അദ്ദേഹം അതിശ​യി​ച്ചു​പോ​യി. അദ്ദേഹ​വും ബാക്കി​യു​ള്ള​വ​രും കൂടെ മറ്റു മുറി​ക​ളും മച്ചും എല്ലാം തപ്പി​യെ​ങ്കി​ലും ഒന്നും കണ്ടുപി​ടി​ച്ചില്ല.

സത്യം പ്രകാ​ശി​ച്ചു​കൊ​ണ്ടി​രു​ന്നു

പോൾ: മാസങ്ങ​ളോ​ളം ഞങ്ങൾക്കു ഭക്ഷണം കുറവാ​യി​രു​ന്നു. എന്നാൽ ആ സമയത്ത്‌ ആശ്വാ​സ​മാ​യി​രു​ന്നത്‌ ആത്മീയാ​ഹാ​ര​മാണ്‌. ഞങ്ങളുടെ “പ്രഭാ​ത​ഭ​ക്ഷണം” ബഥേലി​ലെ പ്രഭാ​താ​രാ​ധ​ന​യാ​യി​രു​ന്നു. അതു ഓരോ ദിവസ​വും പിടി​ച്ചു​നിൽക്കാ​നുള്ള ശക്തി തന്നു.

ഭക്ഷണത്തി​നും വെള്ളത്തി​നും ആയി ഞങ്ങൾ പുറത്തി​റ​ങ്ങി​യാൽ ബഥേലിൽ ഒളിച്ചി​രി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ ജീവൻ അപകട​ത്തി​ലാ​കും. പലപ്പോ​ഴും കൃത്യ​സ​മ​യത്ത്‌ അത്ഭുത​ക​ര​മാ​യി യഹോവ ഞങ്ങൾക്ക്‌ ആവശ്യ​മാ​യതു തന്നു. ഞങ്ങൾക്കു​വേണ്ടി കരുതു​ക​യും ശാന്തരാ​യി നിൽക്കാൻ ഞങ്ങളെ സഹായി​ക്കു​ക​യും ചെയ്‌തു.

ലോകം ഇരുള​ട​ഞ്ഞു​കൊ​ണ്ടി​രു​ന്നെ​ങ്കി​ലും സത്യത്തി​ന്റെ വെളിച്ചം പ്രകാ​ശി​ച്ചു​കൊ​ണ്ടി​രു​ന്നു. പല തവണ സഹോ​ദ​ര​ങ്ങൾക്കു ജീവനും​കൊണ്ട്‌ ഓടേ​ണ്ടി​വന്നു. അപ്പോ​ഴും അവർ വിശ്വാ​സ​വും ശാന്തത​യും കൈവി​ട്ടില്ല. ബുദ്ധി​മു​ട്ടു​കൾ നിറഞ്ഞ ഈ സമയത്ത്‌ സഹിച്ചു​നി​ന്നതു “മഹാക​ഷ്ട​ത​യ​ക്കു​വേ​ണ്ടി​യുള്ള ഒരു പരിശീ​ല​ന​മാ​യി​രു​ന്നു” എന്ന്‌ ചില സഹോ​ദ​രങ്ങൾ പറഞ്ഞു. മൂപ്പന്മാ​രും ചെറു​പ്പ​ക്കാ​രായ സഹോ​ദ​ര​ങ്ങ​ളും ധൈര്യ​ത്തോ​ടെ മറ്റുള്ള​വരെ സഹായി​ക്കാൻ പറ്റുന്ന​തൊ​ക്കെ ചെയ്‌തു. ഓടി​പ്പോയ സഹോ​ദ​രങ്ങൾ പരസ്‌പരം സഹായി​ക്കു​ക​യും അവർ ചെന്ന പ്രദേ​ശത്ത്‌ പ്രസം​ഗി​ക്കു​ക​യും ചെയ്‌തു. കാട്ടിൽനിന്ന്‌ കിട്ടിയ സാധന​ങ്ങ​ളൊ​ക്കെ ഉപയോ​ഗിച്ച്‌ അവർ അവിടെ രാജ്യ​ഹാൾ പണിയു​ക​യും അവിടെ കൂടി​വ​രു​ക​യും ചെയ്‌തു. പ്രശ്‌ന​ങ്ങ​ളു​ടെ ഈ സമയത്തും സങ്കടത്തി​ലാ​ഴ്‌ന്നു​പോ​കാ​തെ പിടി​ച്ചു​നിൽക്കാൻ സഹോ​ദ​ര​ങ്ങളെ സഹായി​ച്ചത്‌ ഇതു​പോ​ലുള്ള മീറ്റി​ങ്ങു​ക​ളും ശുശ്രൂ​ഷ​യും ആയിരു​ന്നു. ഞങ്ങൾ ഭക്ഷണവും വസ്‌ത്ര​വും ഒക്കെ വിതരണം ചെയ്യുന്ന സമയത്ത്‌ സഹോ​ദ​രങ്ങൾ കൂടു​ത​ലും ആവശ്യ​പ്പെ​ട്ടത്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നുള്ള ബാഗ്‌ ആയിരു​ന്നു. അതു ഞങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഈ യുദ്ധം കാരണം മാനസി​ക​മാ​യി തകർന്നി​രുന്ന പല ആളുക​ളും സന്തോ​ഷ​വാർത്ത ശ്രദ്ധിച്ചു. സാക്ഷി​കൾക്കി​ട​യി​ലെ സ്‌നേ​ഹ​വും സന്തോ​ഷ​വും കണ്ടപ്പോൾ പലരും അതിശ​യി​ച്ചു​പോ​യി. അതെ, ആ ഇരുട്ടി​ലും അവർ വെളി​ച്ചം​പോ​ലെ പ്രകാ​ശി​ച്ചു. (മത്താ. 5:14-16) സഹോ​ദ​ര​ങ്ങ​ളു​ടെ തീക്ഷ്‌ണത കണ്ട ചില അക്രമി​കൾപോ​ലും പിന്നീടു സത്യം സ്വീക​രി​ച്ചു.

സഹോ​ദ​ര​ങ്ങളെ പിരി​യേ​ണ്ടി​വ​ന്ന​പ്പോ​ഴും യഹോവ ഞങ്ങളെ ബലപ്പെ​ടു​ത്തി

പോൾ: ഈ 14 വർഷത്തി​നി​ട​യിൽ അഞ്ചു തവണ ഞങ്ങൾക്കു രാജ്യം വിടേ​ണ്ടി​വന്നു. അതിൽ മൂന്നു തവണ കുറച്ച്‌ സമയ​ത്തേ​ക്കും രണ്ടു തവണ ഓരോ വർഷ​ത്തേ​ക്കും വേണ്ടി​യാ​ണു പോയത്‌. പോ​കേ​ണ്ടി​വ​ന്ന​പ്പോൾ ഞങ്ങൾക്ക്‌ ഉണ്ടായി​രുന്ന മാനസി​കാ​വ​സ്ഥ​യെ​ക്കു​റിച്ച്‌ ഒരു മിഷനറി സഹോ​ദരി ഇങ്ങനെ പറഞ്ഞു: “ഒരു നിയമനം കിട്ടു​മ്പോൾ അതിൽ ഹൃദയം അർപ്പി​ക്കാ​നാ​ണു ഗിലെ​യാദ്‌ സ്‌കൂ​ളിൽ ഞങ്ങളെ പഠിപ്പി​ച്ചത്‌. അതുതന്നെ ഞങ്ങൾ ചെയ്‌തു. അതു​കൊണ്ട്‌ ഇങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ സഹോ​ദ​ര​ങ്ങളെ വിട്ടി​ട്ടു​പോ​കു​മ്പോൾ ഞങ്ങളുടെ ഹൃദയം പറി​ച്ചെ​ടു​ക്കു​ന്ന​പോ​ലെ​യാ​ണു ഞങ്ങൾക്കു തോന്നി​യത്‌.” എന്തായാ​ലും അടുത്തുള്ള രാജ്യ​ങ്ങ​ളി​ലാ​യി​രു​ന്ന​തു​കൊണ്ട്‌ ലൈബീ​രി​യ​യി​ലെ പ്രവർത്ത​ന​ങ്ങളെ പിന്തു​ണ​യ്‌ക്കാൻ കഴിഞ്ഞ​തിൽ ഞങ്ങൾക്കു സന്തോ​ഷ​മു​ണ്ടാ​യി​രു​ന്നു.

സന്തോ​ഷ​ത്തോ​ടെ ലൈബീ​രി​യ​യി​ലേക്കു മടങ്ങുന്നു, 1997

ആൻ: 1996 മേയിൽ ഞങ്ങൾ വേറെ രണ്ട്‌ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ലൈബീ​രി​യ​യി​ലെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പ്രധാ​ന​രേ​ഖ​ക​ളു​മാ​യി ബ്രാഞ്ചി​ന്റെ ഒരു വണ്ടിയിൽ യാത്ര തുടങ്ങി. 16 കിലോ​മീ​റ്റർ യാത്ര ചെയ്‌ത്‌ ടൗൺ കടന്നാൽ മാത്രമേ സുരക്ഷി​ത​മായ ഒരു സ്ഥലത്ത്‌ എത്താൻ പറ്റുമാ​യി​രു​ന്നു​ള്ളൂ. പക്ഷേ പെട്ടെ​ന്നു​തന്നെ ഞങ്ങളുടെ പ്രദേ​ശത്ത്‌ ആക്രമ​ണ​മു​ണ്ടാ​യി. ദേഷ്യ​ത്തോ​ടെ ആ അക്രമി​കൾ ആകാശ​ത്തേക്കു വെടി​വെച്ചു. വണ്ടി തടഞ്ഞു​നി​റു​ത്തി ഞങ്ങളിൽ മൂന്നു പേരെ പുറ​ത്തേക്കു വലിച്ചി​ട്ടു. എന്നിട്ട്‌ അവർ ആ വണ്ടിയും​കൊണ്ട്‌ പോയി. പോൾ അതിലു​ണ്ടാ​യി​രു​ന്നു. ഞങ്ങൾ ആകെ ഞെട്ടി​ത്ത​രിച്ച അവസ്ഥയി​ലാ​യി. പെട്ടെന്ന്‌ അതാ ആൾക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ നെറ്റി പൊട്ടി ചോര​യൊ​ലിച്ച്‌ പോൾ നടന്നു​വ​രു​ന്നു. ആദ്യം വിചാ​രി​ച്ചു പോളിന്‌ വെടി​യേ​റ്റെന്ന്‌. പിന്നെ ഞങ്ങൾ ഓർത്തു വെടി കൊണ്ടി​ട്ടു​ണ്ടെ​ങ്കിൽ നടന്നു​വ​രാൻ പറ്റില്ല​ല്ലോ എന്ന്‌. വണ്ടിയിൽനിന്ന്‌ തള്ളിയി​ട്ട​പ്പോൾ ഒരാൾ പോളി​നെ ഇടിച്ച​താ​യി​രു​ന്നു അത്‌. എന്താ​ണെ​ങ്കി​ലും ചെറി​യൊ​രു മുറിവേ ഉണ്ടായി​രു​ന്നു​ള്ളൂ.

പേടി​ച്ചി​രി​ക്കു​ന്ന ആളുക​ളു​മാ​യി പട്ടാള​ത്തി​ന്റെ ഒരു വണ്ടി പോകാൻ തുടങ്ങു​ക​യാ​യി​രു​ന്നു. അതിൽ സ്ഥലം ഇല്ലായി​രു​ന്ന​തു​കൊണ്ട്‌ ഞങ്ങൾ ആ വണ്ടിയു​ടെ പുറകിൽ കഷ്ടിച്ച്‌ തൂങ്ങി​പ്പി​ടിച്ച്‌ പോയി. ഡ്രൈവർ വണ്ടി നല്ല സ്‌പീ​ഡി​ലാണ്‌ ഓടി​ച്ചത്‌; ഞങ്ങൾ താഴെ വീഴേ​ണ്ട​താ​യി​രു​ന്നു. വണ്ടി നിറു​ത്താൻ ഒച്ചവെച്ച്‌ പറഞ്ഞെ​ങ്കി​ലും അയാൾക്ക്‌ അതിനു ധൈര്യ​മി​ല്ലാ​യി​രു​ന്നു. അങ്ങനെ ഒരു വിധത്തിൽ അവിടെ എത്തി. ഞങ്ങൾ ആകെ മടുത്തു​പോ​യി​രു​ന്നു. ആ സമയത്ത്‌ ഞങ്ങൾ അനുഭ​വിച്ച പേടി പറഞ്ഞറി​യി​ക്കാൻ പറ്റില്ല.

പോൾ: ഞങ്ങളുടെ വസ്‌ത്രങ്ങൾ ആകെ ചെളി​പി​ടിച്ച്‌, കീറി മോശ​മാ​യാ​യി​രു​ന്നു. എങ്കിലും ജീവൻ തിരി​ച്ചു​കി​ട്ടി​യ​ല്ലോ എന്നോർത്ത്‌ ഞങ്ങൾ പരസ്‌പരം ഒന്ന്‌ നോക്കി. അന്നു രാത്രി വെടി​കൊണ്ട്‌ അത്ര നല്ല അവസ്ഥയി​ല​ല്ലാ​യി​രുന്ന ഒരു ഹെലി​കോ​പ്‌റ്റ​റി​ന്റെ അടുത്താ​ണു ഞങ്ങൾ കിടന്നു​റ​ങ്ങി​യത്‌. അതിൽ അടുത്ത ദിവസം ഞങ്ങളെ സിയറ ലിയോ​ണി​ലേക്കു കൊണ്ടു​പോ​യി. ജീവൻ രക്ഷിക്കാൻ പറ്റിയ​തിൽ സന്തോ​ഷ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ലൈബീ​രി​യ​യി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ കാര്യം ഓർത്ത​പ്പോൾ ഞങ്ങൾക്കു വലിയ ആശങ്ക തോന്നി.

മറ്റു ചില പ്രശ്‌നങ്ങൾ നേരി​ടാൻ യഹോവ ഞങ്ങളെ ബലപ്പെ​ടു​ത്തി

ആൻ: ഞങ്ങൾ സിയറ ലിയോ​ണി​ലെ ഫ്രീടൗ​ണി​ലുള്ള ബഥേലിൽ സുരക്ഷി​ത​മാ​യി എത്തി. അവി​ടെ​യുള്ള സഹോ​ദ​രങ്ങൾ ഞങ്ങൾക്കു​വേണ്ടി നന്നായി കരുതി. പക്ഷേ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ഒരു കാര്യം എനിക്കു സംഭവി​ച്ചു. ലൈബീ​രി​യ​യിൽവെച്ച്‌ ഉണ്ടായ പേടി​പ്പി​ക്കുന്ന അനുഭ​വങ്ങൾ എന്റെ ഓർമ​യി​ലേക്ക്‌ ഇടയ്‌ക്കി​ട​യ്‌ക്കു വരാൻതു​ടങ്ങി. എല്ലാ ദിവസ​വും എന്തോ അരുതാ​ത്തതു സംഭവി​ക്കാൻ പോകു​ന്ന​തു​പോ​ലെ എനിക്കു തോന്നി. എനിക്കു വ്യക്തമാ​യി ചിന്തി​ക്കാൻ പറ്റിയില്ല. ചുറ്റും നടക്കു​ന്ന​തൊ​ക്കെ യാഥാർഥ്യ​മാ​ണോ എന്നു​പോ​ലും ഞാൻ സംശയി​ച്ചു. മിക്ക രാത്രി​യും ഞാൻ ഞെട്ടി​വി​റച്ച്‌ എഴു​ന്നേൽക്കും. എനിക്ക്‌ ശ്വാസ​മെ​ടു​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ആ സമയ​ത്തൊ​ക്കെ പോൾ എന്നെ ചേർത്തു​പി​ടിച്ച്‌ പ്രാർഥി​ക്കും. വിറയൽ മാറു​ന്ന​തു​വരെ ഞങ്ങൾ രാജ്യ​ഗീ​തങ്ങൾ പാടും. ഇങ്ങനെ​പോ​യാൽ എന്റെ മാനസി​ക​നില തെറ്റി​യിട്ട്‌ മിഷന​റി​വേല നിറു​ത്തേ​ണ്ടി​വ​രു​മോ എന്നു ഞാൻ ചിന്തിച്ചു.

പിന്നെ സംഭവി​ച്ചതു ഞാൻ ഒരിക്ക​ലും മറക്കില്ല. ആ ആഴ്‌ച​തന്നെ ഞങ്ങൾക്കു രണ്ടു മാസിക കിട്ടി. അതി​ലൊന്ന്‌ 1996 ജൂൺ 8 ഉണരുക! ആയിരു​ന്നു. അതിൽ “വിഭ്രാ​ന്തി​ബാ​ധയെ തരണം ചെയ്യൽ” എന്ന ലേഖനം ഉണ്ടായി​രു​ന്നു. എനിക്ക്‌ എന്തു​കൊ​ണ്ടാണ്‌ ഇത്ര പേടി​യും വിറയ​ലും ഒക്കെ ഉണ്ടാകു​ന്ന​തെന്ന്‌ അതു വായി​ച്ച​പ്പോൾ മനസ്സി​ലാ​യി. മറ്റൊരു മാസിക 1996 മേയ്‌ 15 വീക്ഷാ​ഗോ​പു​രം ആണ്‌. അതിൽ “അവർക്ക്‌ എവി​ടെ​നി​ന്നാ​ണു ശക്തി ലഭിക്കു​ന്നത്‌?” എന്ന ഒരു ലേഖനം ഉണ്ടായി​രു​ന്നു. ആ വീക്ഷാ​ഗോ​പു​ര​ത്തിൽ ചിറകി​നു പരിക്കു​പ​റ്റിയ ഒരു ചിത്ര​ശ​ല​ഭ​ത്തി​ന്റെ ചിത്ര​മുണ്ട്‌. പരിക്കു പറ്റിയി​ട്ടു​ണ്ടെ​ങ്കി​ലും അതിന്‌ അപ്പോ​ഴും തീറ്റ തേടി പറക്കാ​നാ​കു​ന്ന​തു​പോ​ലെ മാനസി​ക​മാ​യി മുറി​വേ​റ്റാ​ലും യഹോ​വ​യു​ടെ സഹായ​ത്താൽ നമുക്കു മറ്റുള്ള​വരെ സഹായി​ക്കാ​നാ​കും എന്ന്‌ ആ ലേഖനം പറഞ്ഞു. ഇതിലൂ​ടെ​യെ​ല്ലാം യഹോവ എന്നെ കൃത്യ​സ​മ​യത്ത്‌ ബലപ്പെ​ടു​ത്തി. (മത്താ. 24:45) അതു​പോ​ലുള്ള ലേഖന​ങ്ങ​ളൊ​ക്കെ ഞാൻ കണ്ടെത്തി ഒരു ബുക്കിൽ സൂക്ഷിച്ചു. കുറച്ചു​നാ​ളു​കൾകൊണ്ട്‌ ആ ദുരന്ത​ത്തെ​ത്തു​ടർന്ന്‌ എനിക്കു​ണ്ടായ മാനസി​കാ​ഘാ​ത​ത്തി​ന്റെ ലക്ഷണങ്ങൾ ഇല്ലാതാ​യി.

പുതിയ നിയമ​ന​ത്തി​നാ​യി ബലപ്പെ​ടു​ത്തി

പോൾ: ഓരോ തവണ ലൈബീ​രി​യ​യി​ലേക്കു തിരി​ച്ചു​വ​രു​മ്പോ​ഴും ഞങ്ങൾക്ക്‌ എന്തെന്നി​ല്ലാത്ത സന്തോഷം തോന്നി. 2004-ന്റെ അവസാ​ന​ത്തോ​ടെ ഈ നിയമ​ന​ത്തിൽ ഞങ്ങൾ ഏതാണ്ട്‌ 20 വർഷം പൂർത്തി​യാ​ക്കി. അപ്പോ​ഴേ​ക്കും യുദ്ധം അവസാ​നി​ച്ചു. അപ്പോൾ ബ്രാഞ്ചിൽ ചില നിർമാ​ണ​പ്ര​വർത്ത​ന​ങ്ങൾക്കുള്ള പദ്ധതി​യി​ട്ടു. എന്നാൽ പെട്ടെന്നു ഞങ്ങൾക്ക്‌ പുതി​യൊ​രു നിയമനം കിട്ടി.

അതു വലി​യൊ​രു പരി​ശോ​ധ​ന​യാ​യി​രു​ന്നു. കാരണം ലൈബീ​രി​യ​യി​ലുള്ള ഞങ്ങളുടെ ആത്മീയ​കു​ടും​ബത്തെ പിരി​യു​ന്നതു സഹിക്കാ​വു​ന്ന​തി​ലും അപ്പുറ​മാ​യി തോന്നി. എങ്കിലും മുമ്പ്‌ യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ സ്വന്തം കുടും​ബാം​ഗ​ങ്ങളെ വിട്ട്‌ ഗിലെ​യാ​ദി​നു പോയ​പ്പോൾ യഹോ​വ​യു​ടെ അനു​ഗ്ര​ഹങ്ങൾ ഞങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞ​താണ്‌. അതു​കൊണ്ട്‌ ഞങ്ങൾ ഈ നിയമനം സ്വീക​രി​ച്ചു. ഘാനയി​ലാ​യി​രു​ന്നു നിയമനം.

ആൻ: ലൈബീ​രിയ വിട്ട​പ്പോൾ ഞങ്ങൾ ഒരുപാ​ടു കരഞ്ഞു. അവി​ടെ​യു​ണ്ടാ​യി​രുന്ന പ്രായ​മുള്ള ഫ്രാൻസ്‌ സഹോ​ദരൻ “ഞങ്ങളെ മറക്കണം” എന്നു പറഞ്ഞ​പ്പോൾ ഞങ്ങൾ ഞെട്ടി​പ്പോ​യി. പക്ഷേ സഹോ​ദരൻ ഇങ്ങനെ തുടർന്നു: “നിങ്ങൾ ഞങ്ങളെ മറക്കി​ല്ലെന്ന്‌ അറിയാം. പക്ഷേ നിങ്ങൾ പുതിയ നിയമ​ന​ത്തിൽ മുഴു​ഹൃ​ദ​യ​വും അർപ്പി​ക്കണം. ഇത്‌ യഹോ​വ​യിൽനി​ന്നുള്ള നിയമ​ന​മാ​ണ​ല്ലോ. അതു​കൊണ്ട്‌ അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ വേണം നിങ്ങൾ ഇനി ചിന്തി​ക്കാൻ.” ആ വാക്കുകൾ ഞങ്ങളെ ശരിക്കും പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഘാനയിൽ ഞങ്ങൾക്കു പരിച​യ​മുള്ള അധികം​പേർ ഇല്ലായി​രു​ന്നു. എങ്കിലും ഈ നിയമനം തുടങ്ങാൻ അദ്ദേഹ​ത്തി​ന്റെ വാക്കുകൾ സഹായി​ച്ചു.

പോൾ: ഘാനയി​ലുള്ള പുതിയ ആത്മീയ​കു​ടും​ബ​വു​മാ​യി അടുക്കാൻ അധിക​സ​മയം വേണ്ടി​വ​ന്നില്ല. അവിടെ ധാരാളം സാക്ഷികൾ ഉണ്ടായി​രു​ന്നു. അവരുടെ വിശ്വ​സ്‌ത​ത​യും യഹോ​വ​യി​ലുള്ള ശക്തമായ വിശ്വാ​സ​വും ഞങ്ങളെ പലതും പഠിപ്പി​ച്ചു. അങ്ങനെ 13 വർഷം ഘാനയിൽ സേവി​ച്ച​ശേഷം പുതിയ ഒരു നിയമനം കിട്ടി. അതു കെനി​യ​യി​ലുള്ള കിഴക്കൻ ആഫ്രിക്ക ബ്രാഞ്ചിൽ ആയിരു​ന്നു. ഘാനയി​ലു​ള്ള​വരെ പിരി​ഞ്ഞതു വലിയ വിഷമ​മാ​യി​രു​ന്നെ​ങ്കി​ലും കെനി​യ​യി​ലുള്ള സഹോ​ദ​രങ്ങൾ പെട്ടെ​ന്നു​തന്നെ ഞങ്ങൾക്ക്‌ ഒരു കുടും​ബം​പോ​ലെ​യാ​യി. ആവശ്യം അധിക​മുള്ള ആ വലിയ പ്രദേ​ശ​ത്താണ്‌ ഇപ്പോ​ഴും ഞങ്ങൾ സേവി​ക്കു​ന്നത്‌.

കിഴക്കൻ ആഫ്രിക്ക ബ്രാഞ്ചു​പ്ര​ദേ​ശത്ത്‌ പുതിയ സുഹൃ​ത്തു​ക്ക​ളു​മാ​യി, 2023

പിന്നി​ലേക്കു നോക്കു​മ്പോൾ

ആൻ: പേടി​ച്ചു​വി​റ​ച്ചു​പോയ ഒരുപാട്‌ അനുഭ​വങ്ങൾ എനിക്ക്‌ ഉണ്ടായി​ട്ടുണ്ട്‌. ജീവനു ഭീഷണി ഉണ്ടാകുന്ന സാഹച​ര്യ​ങ്ങൾ നേരി​ടു​മ്പോൾ അതു നമ്മളെ ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും ബാധി​ക്കും. യഹോവ അത്ഭുത​ക​ര​മാ​യി സംരക്ഷി​ക്കു​മെന്നു നമുക്കു പ്രതീ​ക്ഷി​ക്കാ​നാ​കി​ല്ല​ല്ലോ. ഇപ്പോ​ഴും ഒരു വെടി​യൊച്ച കേൾക്കു​മ്പോൾ എനിക്കു വയറ്റി​ലൊ​രു അസ്വസ്ഥത തോന്നും. കൈ​യൊ​ക്കെ ആകെ മരവി​ക്കും. പക്ഷേ നമ്മളെ ബലപ്പെ​ടു​ത്താ​നാ​യി സഹോ​ദ​രങ്ങൾ ഉൾപ്പെടെ യഹോവ നൽകുന്ന സഹായങ്ങൾ സ്വീക​രി​ക്ക​ണ​മെന്നു ഞാൻ പഠിച്ചു. അതു​പോ​ലെ നല്ല ആത്മീയ​ദി​ന​ചര്യ ഉണ്ടെങ്കിൽ നിയമ​ന​ത്തിൽ തുടരാൻ യഹോവ നമ്മളെ സഹായി​ക്കു​മെ​ന്നും എനിക്കു മനസ്സി​ലാ​യി.

പോൾ: ചിലർ ചോദി​ക്കും “നിങ്ങൾക്ക്‌ നിങ്ങളു​ടെ നിയമനം ഇഷ്ടമാ​ണോ” എന്ന്‌. ഓരോ രാജ്യ​വും കാണാൻ ഭംഗി​യു​ള്ള​താ​യി​രി​ക്കും. പക്ഷെ അവിടത്തെ ജീവിതം അത്ര സ്ഥിരത​യും സുരക്ഷി​ത​ത്വ​വും ഉള്ളതാ​യി​രി​ക്കില്ല. എങ്കിലും ആ രാജ്യ​ത്തെ​ക്കാൾ കൂടുതൽ ഞങ്ങൾ സ്‌നേ​ഹി​ക്കു​ന്നത്‌ അവി​ടെ​യുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​യാണ്‌. അവരു​ടെ​യും ഞങ്ങളു​ടെ​യും പശ്ചാത്ത​ലങ്ങൾ വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും ഞങ്ങൾ ഒരേ മനസ്സു​ള്ള​വ​രാണ്‌. ശരിക്കും​പ​റ​ഞ്ഞാൽ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണു ഞങ്ങളെ വിട്ട​തെ​ങ്കി​ലും പ്രോ​ത്സാ​ഹനം കിട്ടി​യത്‌ ഞങ്ങൾക്കാണ്‌!

ഓരോ തവണ പുതിയ സ്ഥലത്തേക്കു മാറു​മ്പോ​ഴും ഞങ്ങൾ ഒരു അത്ഭുതം കാണു​ന്നുണ്ട്‌: നമ്മുടെ സഹോ​ദ​രങ്ങൾ. നമ്മൾ ഒരു സഭയുടെ ഭാഗമാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം നമുക്ക്‌ ഒരു വീടും കുടും​ബ​വും ഉണ്ട്‌. എന്തു പ്രശ്‌ന​മു​ണ്ടാ​യാ​ലും യഹോ​വ​യിൽ ആശ്രയി​ക്കു​ന്നി​ട​ത്തോ​ളം യഹോവ നമ്മളെ ബലപ്പെ​ടു​ത്തും.—ഫിലി. 4:13.

a 1973 മാർച്ച്‌ 15 വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) “ദൈവ​ത്തോ​ടും ക്രിസ്‌തു​വി​നോ​ടും ഞാൻ നന്ദിയു​ള്ള​വ​നാണ്‌” എന്ന ജോൺ ഷെരൂക്‌ സഹോ​ദ​രന്റെ ജീവി​തകഥ കാണുക.