പഠനലേഖനം 47
ഗീതം 103 ഇടയന്മാർ—ദൈവത്തിൽനിന്നുള്ള സമ്മാനം
സഹോദരന്മാരേ, ഒരു മൂപ്പനായി സേവിക്കാൻ നിങ്ങൾ ലക്ഷ്യംവെച്ചിട്ടുണ്ടോ?
“മേൽവിചാരകനാകാൻ പരിശ്രമിക്കുന്ന ഒരാൾ വാസ്തവത്തിൽ വിശിഷ്ടമായൊരു വേല ചെയ്യാനാണ് ആഗ്രഹിക്കുന്നത്.”—1 തിമൊ. 3:1, അടിക്കുറിപ്പ്.
ഉദ്ദേശ്യം
മൂപ്പനാകുന്നതിന് ഒരു സഹോദരൻ എത്തിപ്പിടിക്കേണ്ട ചില തിരുവെഴുത്തുയോഗ്യതകൾ.
1-2. മൂപ്പന്മാർ ചെയ്യുന്ന ‘വിശിഷ്ടമായ വേലയിൽ’ എന്തെല്ലാം ഉൾപ്പെടും?
നിങ്ങൾ കുറച്ചുനാളായി ഒരു ശുശ്രൂഷാദാസനായി സേവിക്കുകയാണെങ്കിൽ ഒരു മൂപ്പനാകാൻവേണ്ട പല ഗുണങ്ങളും വളർത്തിയെടുക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടായിരിക്കും. ആ ‘വിശിഷ്ടമായ വേല’ എത്തിപ്പിടിക്കാൻ നിങ്ങൾ തയ്യാറാണോ?—1 തിമൊ. 3:1, അടിക്കുറിപ്പ്.
2 ഒരു മൂപ്പൻ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? അവർ ശുശ്രൂഷയിൽ നേതൃത്വമെടുക്കുകയും ഇടയവേല ചെയ്യുന്നതിലും പഠിപ്പിക്കുന്നതിലും കഠിനാധ്വാനം ചെയ്യുകയും അതുപോലെ വാക്കിലൂടെയും മാതൃകയിലൂടെയും സഭയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് കഠിനാധ്വാനികളായ ഈ മൂപ്പന്മാരെ ബൈബിൾ ‘മനുഷ്യരാകുന്ന സമ്മാനങ്ങൾ’ എന്നു വിളിക്കുന്നതിൽ അതിശയിക്കാനില്ല.—എഫെ. 4:8.
3. ഒരു സഹോദരന് എങ്ങനെ മൂപ്പൻ എന്ന യോഗ്യതയിൽ എത്താം? (1 തിമൊഥെയൊസ് 3:1-7; തീത്തോസ് 1:5-9)
3 നിങ്ങൾക്ക് എങ്ങനെ ഒരു മൂപ്പൻ എന്ന യോഗ്യതയിൽ എത്താം? ഒരു മൂപ്പനാകാനുള്ള യോഗ്യതയിൽ എത്തുന്നത് സാധാരണ ഒരു ജോലിക്കുള്ള യോഗ്യതയിൽ എത്തുന്നതുപോലെയല്ല. നമുക്ക് ഒരു ജോലി തരണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് നമുക്കുള്ള വൈദഗ്ധ്യങ്ങൾ നോക്കിയാണ്. എന്നാൽ ഒരു മൂപ്പനെന്ന നിയമനം ലഭിക്കാൻ അതു മാത്രം പോരാ. നിങ്ങൾക്ക് പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള വൈദഗ്ധ്യങ്ങൾ ഉണ്ടെങ്കിലും 1 തിമൊഥെയൊസ് 3:1-7-ഉം തീത്തോസ് 1:5-9-ഉം (വായിക്കുക.) വാക്യങ്ങളിൽ കാണുന്ന തിരുവെഴുത്തുയോഗ്യതകളിൽ നിങ്ങൾ എത്തിച്ചേരേണ്ടതുണ്ട്. മൂന്നു മേഖലകളിൽ മൂപ്പന്മാർക്കു വേണ്ട യോഗ്യതകളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ ചിന്തിക്കും: സഭയ്ക്ക് ഉള്ളിലും പുറത്തും നേടിയെടുക്കുന്ന സത്പേര്, കുടുംബത്തിന്റെ തല എന്ന നിലയിൽ വെക്കുന്ന നല്ല മാതൃക, സഭയെ സേവിക്കാനുള്ള മനസ്സൊരുക്കം.
സത്പേര് നേടിയെടുക്കുന്നു
4. ‘ആക്ഷേപരഹിതനായിരിക്കുക’ എന്നതിന്റെ അർഥം എന്താണ്?
4 ഒരു മൂപ്പനാകാൻ നിങ്ങൾ ‘ആക്ഷേപരഹിതനായിരിക്കണം.’ അതായത് സഭയിൽ നിങ്ങൾക്ക് സത്പേര് ഉണ്ടായിരിക്കണം. അതിനു മറ്റുള്ളവർക്ക് ഒരു കുറ്റവും പറയാൻ കഴിയാത്തവിധം നിങ്ങളുടെ പ്രവൃത്തികൾ നല്ലതായിരിക്കേണ്ടതുണ്ട്. കൂടാതെ നിങ്ങൾ “പുറത്തുള്ളവർക്കിടയിലും സത്പേരുള്ള ആളായിരിക്കണം.” അവിശ്വാസികളായവർ നിങ്ങളുടെ ക്രിസ്തീയവിശ്വാസങ്ങളെ കുറ്റപ്പെടുത്തിയേക്കാം. എന്നാൽ നിങ്ങളുടെ സത്യസന്ധതയെയോ പെരുമാറ്റത്തെയോ കുറ്റപ്പെടുത്താൻ അവർക്ക് ഒരു കാരണവും ഉണ്ടാകരുത്. (ദാനി. 6:4, 5) സ്വയം ചോദിക്കുക: ‘സഭയ്ക്ക് ഉള്ളിലും പുറത്തും എനിക്ക് നല്ലൊരു പേരുണ്ടോ?’
5. നിങ്ങൾ “നന്മയെ സ്നേഹിക്കുന്ന” ഒരാളാണ് എന്ന് എങ്ങനെ കാണിക്കാം?
5 “നന്മയെ സ്നേഹിക്കുന്ന” ഒരാളാണെങ്കിൽ നിങ്ങൾ മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ കണ്ടുപിടിക്കുകയും അതിന് അവരെ അഭിനന്ദിക്കുകയും ചെയ്യും. അതുപോലെ മറ്റുള്ളവർക്കു നന്മ ചെയ്യാനും നിങ്ങൾക്കു സന്തോഷമായിരിക്കും. അതിനുവേണ്ടി നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നതിന് അപ്പുറംപോലും നിങ്ങൾ ചെയ്തേക്കാം. (1 തെസ്സ. 2:8) മൂപ്പന്മാർക്ക് ഈ ഗുണം വേണ്ടത് എന്തുകൊണ്ടാണ്? കാരണം ഇടയവേല ചെയ്യുന്നതിനും തങ്ങളുടെ നിയമനങ്ങൾക്കും ആയി ധാരാളം സമയം അവർക്ക് ചെലവഴിക്കേണ്ടതുണ്ട്. (1 പത്രോ. 5:1-3) അതിൽ ഒരുപാടു ശ്രമം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അതിൽനിന്ന് കിട്ടുന്ന സന്തോഷം വളരെ വലുതാണ്.—പ്രവൃ. 20:35.
6. ‘അതിഥിപ്രിയം’ കാണിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാമാണ്? (എബ്രായർ 13:2, 16; ചിത്രവും കാണുക.)
6 മറ്റുള്ളവർക്ക് നന്മ ചെയ്തുകൊണ്ട്, പ്രത്യേകിച്ചും നിങ്ങളുടെ അടുത്ത കൂട്ടുകാർ അല്ലാത്തവർക്കുപോലും നന്മ ചെയ്തുകൊണ്ട്, നിങ്ങൾക്ക് ‘അതിഥിപ്രിയരാണെന്നു’ തെളിയിക്കാനാകും. (1 പത്രോ. 4:9) അതിഥിപ്രിയനായ ഒരു വ്യക്തിയെ ഒരു പുസ്തകം വർണിക്കുന്നത് ഇങ്ങനെയാണ്: “അദ്ദേഹത്തിന്റെ വീടിന്റെ വാതിലും ഹൃദയത്തിന്റെ കവാടവും എപ്പോഴും അപരിചിതർക്കുവേണ്ടി തുറന്നിട്ടിരിക്കും.” അതുകൊണ്ട് സ്വയം ചോദിക്കുക: ‘സഭ സന്ദർശിക്കുന്നവരെ സ്വാഗതം ചെയ്യുന്ന കാര്യത്തിൽ എനിക്ക് നല്ലൊരു പേരുണ്ടോ?’ (എബ്രായർ 13:2, 16 വായിക്കുക.) അതിഥിപ്രിയനായ ഒരു വ്യക്തി തനിക്കു പറ്റുന്നതുപോലെ, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും സർക്കിട്ട് മേൽവിചാരകന്മാരും സന്ദർശകപ്രസംഗകരും ഉൾപ്പെടെ ദൈവസേവനത്തിൽ കഠിനാധ്വാനം ചെയ്യുന്നവർക്കും ആതിഥ്യം നൽകും.—ഉൽപ. 18:2-8; സുഭാ. 3:27; ലൂക്കോ. 14:13, 14; പ്രവൃ. 16:15; റോമ. 12:13.
7. ‘പണക്കൊതിയനല്ല’ എന്ന് ഒരു മൂപ്പന് എങ്ങനെ കാണിക്കാൻ കഴിയും?
7 ‘പണക്കൊതിയനായിരിക്കരുത്.’ അതിന്റെ അർഥം പണവും വസ്തുവകകളും ആയിരിക്കരുത് നിങ്ങൾക്ക് ഏറ്റവും പ്രധാനം എന്നാണ്. നിങ്ങൾ പണം ഉള്ളവരാണെങ്കിലും അല്ലെങ്കിലും ജീവിതത്തിലെ എല്ലാ മേഖലകളിലും ദൈവരാജ്യം ഒന്നാമതു വെക്കണം. (മത്താ. 6:33) നിങ്ങൾ സമയവും ഊർജവും മറ്റു കാര്യങ്ങളും യഹോവയെ ആരാധിക്കുന്നതിനും കുടുംബത്തെ നോക്കുന്നതിനും സഭയെ സേവിക്കുന്നതിനും ആയി ഉപയോഗിക്കും. (മത്താ. 6:24; 1 യോഹ. 2:15-17) നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘പണത്തെ ഞാൻ എങ്ങനെയാണു കാണുന്നത്? എനിക്കുള്ള അടിസ്ഥാനകാര്യങ്ങളിൽ ഞാൻ തൃപ്തനാണോ? അതോ കൂടുതൽ പണവും വസ്തുവകകളും വേണം എന്നുള്ള ആഗ്രഹമാണോ എനിക്ക് എപ്പോഴും?’—1 തിമൊ. 6:6, 17-19.
8. ‘ശീലങ്ങളിൽ മിതത്വം പാലിക്കുന്നവനും’ “ആത്മനിയന്ത്രണമുള്ളവനും” ആയിരിക്കുക എന്നതിന്റെ അർഥം എന്താണ്?
8 ‘ശീലങ്ങളിൽ മിതത്വമുള്ളവനും’ “ആത്മനിയന്ത്രണമുള്ളവനും” ആണെങ്കിൽ ജീവിതത്തിലെ എല്ലാ മേഖലകളിലും നിങ്ങൾ സമനില പാലിക്കും. അതായത് ഭക്ഷണം, മദ്യം, വസ്ത്രധാരണം, ഒരുക്കം, വിനോദം എന്നീ കാര്യങ്ങളിലെല്ലാം നിങ്ങൾക്ക് ഒരു പരിധി ഉണ്ടായിരിക്കും. ഈ ലോകത്തിലെ ആളുകളുടെ ഉചിതമല്ലാത്ത ജീവിതരീതികൾ നിങ്ങൾ അനുകരിക്കില്ല. (ലൂക്കോ. 21:34; യാക്കോ. 4:4) മറ്റുള്ളവർ നിങ്ങളോടു മര്യാദയില്ലാതെ പെരുമാറിയാലും നിങ്ങൾ ശാന്തനായിത്തന്നെ നിൽക്കും. ഇനി നിങ്ങൾ ഒരു ‘കുടിയൻ’ ആയിരിക്കില്ല. അതായത് കുടിച്ച് ലക്കുകെടുന്ന ഒരാളായിരിക്കില്ല. ലക്കുകെടില്ലെങ്കിലും അമിതമായി കുടിക്കുന്നയാൾ എന്ന പേരും നിങ്ങൾക്കുണ്ടാകില്ല. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഞാൻ ശീലങ്ങളിൽ മിതത്വമുള്ളവനാണെന്നും ആത്മനിയന്ത്രണമുള്ളവനാണെന്നും എന്റെ ജീവിതം കാണിക്കുന്നുണ്ടോ?’
9. ‘സുബോധമുള്ളവനും’ “ചിട്ടയോടെ” ജീവിക്കുന്നവനും എന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
9 നിങ്ങൾ ‘സുബോധമുള്ളവനാണെങ്കിൽ’ കാര്യങ്ങളെ ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ശ്രദ്ധയോടെ വിലയിരുത്തും. അങ്ങനെ ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചിട്ടുള്ളതുകൊണ്ട് നിങ്ങൾക്കു നല്ല തീരുമാനങ്ങളെടുക്കാൻ കഴിയും; അല്ലാതെ നിങ്ങൾ എടുത്തുചാടി ഒരു തീരുമാനമെടുക്കില്ല. ഒരു കാര്യത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയിട്ടുണ്ടെന്നു നിങ്ങൾ ഉറപ്പുവരുത്തും. (സുഭാ. 18:13) അങ്ങനെ എടുക്കുന്ന തീരുമാനങ്ങൾ യഹോവയുടെ ചിന്തകൾക്കു ചേർച്ചയിലുള്ളതായിരിക്കും. ഇനി “ചിട്ടയോടെ” ജീവിക്കുന്നവനാണെങ്കിൽ നിങ്ങൾ സമയം പാലിക്കുന്നവനും ക്രമീകൃതമായി കാര്യങ്ങൾ ചെയ്യുന്നവനും ആയിരിക്കും. നിങ്ങൾ ആശ്രയയോഗ്യനായ, നിർദേശങ്ങൾ അനുസരിക്കുന്ന ഒരാളായും അറിയപ്പെടും. ഈ ഗുണങ്ങളെല്ലാം നിങ്ങൾക്ക് ഒരു സത്പേര് നേടിത്തരും. അടുത്തതായി ഒരു കുടുംബത്തിന്റെ തല എന്ന നിലയിൽ നല്ല മാതൃക വെക്കാൻ നിങ്ങൾ എത്തിച്ചേരേണ്ട തിരുവെഴുത്തുയോഗ്യതകളെക്കുറിച്ച് ചിന്തിക്കാം.
കുടുംബത്തിന്റെ തല എന്ന നിലയിൽ നല്ലൊരു മാതൃക വെക്കുന്നു
10. ഒരു പുരുഷന് എങ്ങനെ ‘സ്വന്തകുടുംബത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കാനാകും?’
10 നിങ്ങൾ ഒരു മൂപ്പനാകാൻ ആഗ്രഹിക്കുന്ന ഭർത്താവാണെങ്കിൽ നിങ്ങളുടെ കുടുംബത്തിനു നല്ലൊരു പേര് ഉണ്ടായിരിക്കേണ്ടതു പ്രധാനമാണ്. അതുകൊണ്ട് നിങ്ങൾ “സ്വന്തകുടുംബത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കുന്നവനായിരിക്കണം.” അതിന്റെ അർഥം നിങ്ങൾ കുടുംബത്തിനുവേണ്ടി സ്നേഹത്തോടെ കരുതുകയും കുടുംബത്തിൽ നല്ല തീരുമാനങ്ങളെടുക്കുകയും ചെയ്യണം എന്നാണ്. അതിൽ ക്രമമായി കുടുംബാരാധന നടത്തുന്നതും കുടുംബത്തിലുള്ള എല്ലാവരും മീറ്റിങ്ങുകൾക്കു കൂടിവരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും ശുശ്രൂഷ നന്നായി ചെയ്യാൻ അവരെ സഹായിക്കുന്നതും ഉൾപ്പെടുന്നു. അത് എന്തുകൊണ്ടാണ് ഇത്ര പ്രധാനമായിരിക്കുന്നത്? അപ്പോസ്തലനായ പൗലോസ് ഇങ്ങനെ ചോദിച്ചു: “സ്വന്തകുടുംബത്തിൽ നേതൃത്വമെടുക്കാൻ അറിയാത്ത ഒരാൾ ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കാനാണ്?”—1 തിമൊ. 3:5.
11-12. ഒരു സഹോദരന്റെ കുടുംബാംഗങ്ങളുടെ പ്രവൃത്തികൾ അദ്ദേഹത്തിന്റെ യോഗ്യതയെ ബാധിക്കുന്നത് എങ്ങനെയാണ്? (ചിത്രവും കാണുക.)
11 നിങ്ങളൊരു പിതാവാണെങ്കിൽ നിങ്ങളുടെ സംരക്ഷണയിൽ കഴിയുന്ന, പ്രായപൂർത്തിയാകാത്ത ‘മക്കൾ നല്ല കാര്യഗൗരവമുള്ളവരായി നിങ്ങൾക്കു കീഴ്പെട്ടിരിക്കുന്നവരായിരിക്കണം.’ അതിന്റെ അർഥം അവർ കളിക്കുകയോ ചിരിക്കുകയോ ഒന്നും ചെയ്യരുത് എന്നല്ല. പകരം നിങ്ങൾ അവരെ സ്നേഹത്തോടെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് അവർ അനുസരണവും ആദരവും ഉള്ളവരും മറ്റുള്ളവരോടു നന്നായി പെരുമാറുന്നവരും ആയിരിക്കും എന്നാണ്. അതുപോലെ യഹോവയുമായി ഒരു വ്യക്തിപരമായ ബന്ധത്തിലേക്കുവരാനും ബൈബിൾതത്ത്വങ്ങൾക്കനുസരിച്ച് ജീവിക്കാനും അങ്ങനെ സ്നാനത്തിലേക്കു പുരോഗമിക്കാനും നിങ്ങൾ അവരെ സഹായിക്കണം.
12 ‘താന്തോന്നികളെന്നോ ധിക്കാരികളെന്നോ ദുഷ്പേരില്ലാത്ത, വിശ്വാസികളായ മക്കളുള്ളവൻ.’ വിശ്വാസത്തിലുള്ള ഒരു കുട്ടി ഗുരുതരമായ തെറ്റു ചെയ്തെന്നു കണ്ടെത്തിയാൽ മൂപ്പനാകാനുള്ള പിതാവിന്റെ യോഗ്യതയെ അത് എങ്ങനെ ബാധിക്കും? ആ പിതാവ് കുട്ടിയെ പരിശീലിപ്പിക്കുന്നതിലും തിരുത്തുന്നതിലും അശ്രദ്ധ കാണിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് ഒരു മൂപ്പനാകാൻ കഴിയാതെവന്നേക്കാം.—1996 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ പേ. 21 ഖ. 6-7 കാണുക.
സഭയെ സേവിക്കുന്നു
13. നിങ്ങൾ ‘വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളവൻ’ ആണെന്നും ‘തന്നിഷ്ടക്കാരൻ’ അല്ലെന്നും എങ്ങനെ കാണിക്കാം?
13 നല്ല ക്രിസ്തീയഗുണങ്ങളുള്ള സഹോദരന്മാർ സഭയ്ക്ക് ഒരു മുതൽകൂട്ടാണ്. ‘വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ള ഒരാൾ’ സമാധാനത്തിനുവേണ്ടി പ്രവർത്തിക്കും. അങ്ങനെയുള്ള ഒരാളാകാൻ നിങ്ങൾ മറ്റുള്ളവർ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാൻ മനസ്സുകാണിക്കുകയും ചെയ്യും. ഉദാഹരണത്തിന്, നിങ്ങൾ ഒരു മൂപ്പനായെന്നു സങ്കൽപ്പിക്കുക. മൂപ്പന്മാരുടെ ഒരു യോഗത്തിൽ മിക്ക മൂപ്പന്മാരും ഒരു പ്രത്യേകതീരുമാനത്തോടു യോജിക്കുന്നു. അതിൽ തിരുവെഴുത്തുതത്ത്വങ്ങളുടെ ലംഘനമൊന്നുമില്ല. അപ്പോൾ നിങ്ങൾക്കു മറ്റൊരു അഭിപ്രായമാണുള്ളതെങ്കിലും നിങ്ങൾ ആ തീരുമാനത്തോടു യോജിക്കുമോ? ‘തന്നിഷ്ടക്കാരൻ’ അല്ല എന്നു പറഞ്ഞാൽ നിങ്ങൾ നിങ്ങളുടേതായ രീതിയിൽ കാര്യങ്ങൾ നടക്കണമെന്നു നിർബന്ധം പിടിക്കില്ല എന്നാണ് അർഥം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കേണ്ടതു പ്രധാനമാണെന്നു നിങ്ങൾ മനസ്സിൽപ്പിടിക്കും. (ഉൽപ. 13:8, 9; സുഭാ. 15:22) ഇനി, നിങ്ങൾ “വഴക്ക് ഉണ്ടാക്കുന്നവനോ” “മുൻകോപിയോ” ആയിരിക്കില്ല. എന്നുവെച്ചാൽ നിങ്ങൾ മറ്റുള്ളവരോടു പരുഷമായി പെരുമാറുകയോ തർക്കിക്കുകയോ ചെയ്യില്ല. പകരം ദയയോടെ ഇടപെടും. സമാധാനപ്രിയൻ എന്ന നിലയിൽ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽപ്പോലും സമാധാനമുണ്ടാക്കാൻ നിങ്ങൾ മുൻകൈയെടുക്കും. (യാക്കോ. 3:17, 18) ദയയോടെയുള്ള നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരെ ശാന്തരാക്കിയേക്കാം, എതിരാളികളെപ്പോലും.—ന്യായാ. 8:1-3; സുഭാ. 20:3; 25:15; മത്താ. 5:23, 24.
14. ‘പുതുതായി വിശ്വാസം സ്വീകരിച്ചയാളാകരുതെന്നും’ ‘വിശ്വസ്തനായിരിക്കണമെന്നും’ പറയുന്നതിന്റെ അർഥമെന്താണ്?
14 മൂപ്പനായി യോഗ്യത നേടുന്ന ഒരു സഹോദരൻ ‘പുതുതായി വിശ്വാസം സ്വീകരിച്ചയാളാകരുത്.’ ഒരു മൂപ്പനാകാൻ നിങ്ങൾ സ്നാനപ്പെട്ടിട്ട് ഒരുപാടു വർഷമൊന്നും ആകണമെന്നില്ല. എങ്കിലും അതിനുള്ള ക്രിസ്തീയപക്വത നേടാൻ നിങ്ങൾക്കു സമയം വേണം. ഒരു മൂപ്പനാകുന്നതിനു മുമ്പ്, യേശുവിനെപ്പോലെ താഴ്മയുള്ള ആളാണെന്നും യഹോവയിൽനിന്ന് ഒരു നിയമനം കിട്ടുന്നതിന് കാത്തിരിക്കാൻ തയ്യാറാണെന്നും നിങ്ങൾ തെളിയിച്ചിട്ടുണ്ടാകണം. (മത്താ. 20:23; ഫിലി. 2:5-8) യഹോവയോടും യഹോവയുടെ നീതിയുള്ള നിലവാരങ്ങളോടും പറ്റിനിന്നുകൊണ്ടും സംഘടനയിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ചുകൊണ്ടും നിങ്ങൾക്ക് ‘വിശ്വസ്തനാണെന്നു’ കാണിക്കാം.—1 തിമൊ. 4:15.
15. ഒരു മൂപ്പൻ മികച്ച പ്രസംഗകനായിരിക്കേണ്ടതുണ്ടോ? വിശദീകരിക്കുക.
15 മേൽവിചാരകന്മാർ ‘പഠിപ്പിക്കാൻ കഴിവുള്ളവനായിരിക്കണം’ എന്നു തിരുവെഴുത്തുകൾ പറയുന്നുണ്ട്. അതിന്റെ അർഥം നിങ്ങൾ ഒരു മികച്ച പ്രസംഗകൻ ആയിരിക്കണം എന്നാണോ? അല്ല. എല്ലാ മൂപ്പന്മാരും മികച്ച പ്രസംഗകരല്ലെങ്കിലും ശുശ്രൂഷയിലും ഇടയസന്ദർശനങ്ങളിലും അവർ വൈദഗ്ധ്യത്തോടെ പഠിപ്പിക്കുന്നു. (1 കൊരിന്ത്യർ 12:28, 29-ഉം എഫെസ്യർ 4:11 താരതമ്യം ചെയ്യുക.) എങ്കിലും ഒരു പ്രസംഗകൻ എന്ന നിലയിലുള്ള കഴിവുകൾ മെച്ചപ്പെടുത്താൻ നിങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കണം. നിങ്ങൾക്ക് എങ്ങനെ നല്ലൊരു അധ്യാപകനാകാം?
16. നിങ്ങൾക്ക് എങ്ങനെ നല്ലൊരു അധ്യാപകനാകാൻ കഴിയും? (ചിത്രവും കാണുക.)
16 ‘വിശ്വസ്തവചനത്തെ മുറുകെ പിടിക്കുക.’ ഒരു നല്ല അധ്യാപകനാകുന്നതിനു നിങ്ങൾ പഠിപ്പിക്കുമ്പോഴും ബുദ്ധിയുപദേശം കൊടുക്കുമ്പോഴും ദൈവവചനത്തെ അടിസ്ഥാനമാക്കി അതു ചെയ്യുക. നിങ്ങൾ ബൈബിളും നമ്മുടെ പ്രസിദ്ധീകരണങ്ങളും നന്നായി പഠിക്കണം. (സുഭാ. 15:28; 16:23) അങ്ങനെ പഠിക്കുമ്പോൾ ആ തിരുവെഴുത്തുകൾ ജീവിതത്തിൽ എങ്ങനെ പകർത്താൻ പറ്റുമെന്നു പ്രത്യേകം ചിന്തിക്കുക. അതുപോലെ കാര്യങ്ങൾ കേൾവിക്കാരുടെ ഹൃദയത്തിൽ എത്തുന്ന രീതിയിൽ പഠിപ്പിക്കാൻ ശ്രമിക്കുക. അനുഭവപരിചയമുള്ള മൂപ്പന്മാരോടു നിർദേശങ്ങൾ ചോദിക്കുകയും അത് അനുസരിക്കുകയും ചെയ്തുകൊണ്ട് ഒരു അധ്യാപകൻ എന്ന നിലയിൽ നിങ്ങൾക്കു പുരോഗമിക്കാനാകും. (1 തിമൊ. 5:17) ഇനി മൂപ്പന്മാർ സഹോദരീസഹോദരന്മാരെ ‘പ്രോത്സാഹിപ്പിക്കാൻ കഴിവുള്ളവരായിരിക്കണം.’ ചിലപ്പോൾ അവർക്കു സഹോദരങ്ങളെ ഉപദേശിക്കുകയും ‘ശാസിക്കുകയും’ ചെയ്യേണ്ടിവന്നേക്കാം. ഈ രണ്ടു സാഹചര്യങ്ങളിലും മൂപ്പന്മാർ ദയയോടെ വേണം ഇടപെടാൻ. നിങ്ങൾ ദയയും സ്നേഹവും കാണിക്കുകയും തിരുവെഴുത്തുകളെ അടിസ്ഥാനമാക്കി പഠിപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നല്ലൊരു അധ്യാപകനാകും. നിങ്ങൾക്കു മഹാനായ അധ്യാപകനായ യേശുവിനെ അനുകരിക്കാനും കഴിയും.—മത്താ. 11:28-30; 2 തിമൊ. 2:24.
ലക്ഷ്യത്തിൽ എത്തിച്ചേരാൻ ശ്രമിച്ചുകൊണ്ടിരിക്കുക
17. (എ) ഒരു ശുശ്രൂഷാദാസനു മൂപ്പനാകാൻ എങ്ങനെ പരിശ്രമിച്ചുകൊണ്ടിരിക്കാം? (ബി) ഒരു സഹോദരനെ ശുപാർശ ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കുമ്പോൾ മൂപ്പന്മാർ എന്തെല്ലാം കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം? (“ ഒരു സഹോദരനെ വിലയിരുത്തുമ്പോൾ എളിമ കാണിക്കുക” എന്ന ചതുരം കാണുക.)
17 ഒരു മൂപ്പനാകുന്നതിനു കുറെ ഗുണങ്ങൾ വളർത്തിയെടുക്കേണ്ടതുള്ളതുകൊണ്ട് തങ്ങൾക്ക് ഒരിക്കലും ആ ലക്ഷ്യത്തിൽ എത്തിച്ചേരാനാകില്ല എന്നു ചില ശുശ്രൂഷാദാസന്മാർക്കു തോന്നിയേക്കാം. എന്നാൽ ഓർക്കുക: യഹോവയും സംഘടനയും നിങ്ങളിൽനിന്ന് പൂർണത പ്രതീക്ഷിക്കുന്നില്ല. (1 പത്രോ. 2:21) അതുപോലെ യഹോവയുടെ ആത്മാവാണ് ഈ ഗുണങ്ങൾ വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കുന്നത്. (ഫിലി. 2:13) മെച്ചപ്പെടേണ്ട ഏതെങ്കിലും ഗുണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടോ? എങ്കിൽ അതെക്കുറിച്ച് യഹോവയോടു പ്രാർഥിക്കുക. ആ വിഷയത്തെക്കുറിച്ച് പഠിക്കുകയും എങ്ങനെ പുരോഗമിക്കാമെന്നു മൂപ്പന്മാരോടു ചോദിക്കുകയും ചെയ്യുക.
18. എല്ലാ ശുശ്രൂഷാദാസന്മാർക്കുമുള്ള പ്രോത്സാഹനം എന്താണ്?
18 സഹോദരന്മാരേ, നിങ്ങൾ ഇപ്പോൾ ഒരു മൂപ്പനാണെങ്കിലും അല്ലെങ്കിലും ഈ ലേഖനത്തിൽ പഠിച്ച ഗുണങ്ങളെല്ലാം വളർത്തിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക. (ഫിലി. 3:16) നിങ്ങൾ ഒരു ശുശ്രൂഷാദാസനാണോ? എങ്കിൽ പുരോഗമിക്കുന്നതിൽ തുടരുക. യഹോവയ്ക്കും സഭയ്ക്കും കൂടുതൽ ഉപയോഗിക്കാൻ പറ്റുന്നതിനായി നിങ്ങളെ പരിശീലിപ്പിക്കാനും രൂപപ്പെടുത്താനും ദൈവത്തോടു പ്രാർഥിക്കുക. (യശ. 64:8) ഒരു മൂപ്പനാകാനുള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
ഗീതം 101 ഐക്യത്തിൽ പ്രവർത്തിക്കാം