വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 37

ഗീതം 118 “ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ”

അവസാ​നം​വരെ വിശ്വ​സ്‌ത​ത​യോ​ടെ സഹിച്ചു​നിൽക്കാൻ സഹായി​ക്കുന്ന ഒരു കത്ത്‌

അവസാ​നം​വരെ വിശ്വ​സ്‌ത​ത​യോ​ടെ സഹിച്ചു​നിൽക്കാൻ സഹായി​ക്കുന്ന ഒരു കത്ത്‌

‘നമുക്ക്‌ ആദ്യമു​ണ്ടാ​യി​രുന്ന ബോധ്യം അവസാ​നം​വരെ മുറുകെ പിടി​ക്കുക.’എബ്രാ. 3:14.

ഉദ്ദേശ്യം

ഈ വ്യവസ്ഥി​തി​യു​ടെ അവസാ​നം​വരെ വിശ്വ​സ്‌ത​ത​യോ​ടെ സഹിച്ചു​നിൽക്കാൻ നമ്മളെ സഹായി​ക്കുന്ന ചില പാഠങ്ങൾ എബ്രായ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതിയ കത്തിൽനിന്ന്‌ പഠിക്കാം.

1-2. (എ) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കു കത്ത്‌ എഴുതി​യ​പ്പോൾ യഹൂദ​യി​ലെ അവസ്ഥ എന്തായി​രു​ന്നു? (ബി) ആ കത്ത്‌ കൃത്യ​സ​മ​യ​ത്തു​ള്ള​താ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

 യേശു മരിച്ച​തി​നു ശേഷമുള്ള വർഷങ്ങ​ളിൽ, യരുശ​ലേ​മി​ലും യഹൂദ്യ​യി​ലും ഉള്ള എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ ഒരുപാ​ടു കഷ്ടപ്പാ​ടു​കൾ നേരി​ടേ​ണ്ടി​വന്നു. ക്രിസ്‌തീ​യസഭ സ്ഥാപി​ത​മായ ഉടനെ​തന്നെ അവർക്കു ശക്തമായ ഉപദ്ര​വ​ങ്ങ​ളു​ണ്ടാ​യി. (പ്രവൃ. 8:1) ഏതാണ്ട്‌ 20 വർഷങ്ങൾക്കു ശേഷം ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്കു വലിയ സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കേ​ണ്ടി​വന്നു. മുമ്പ്‌ ദേശത്തു​ണ്ടായ ക്ഷാമത്തി​ന്റെ ഫലമാ​യി​ട്ടാ​യി​രി​ക്കാം അവർക്ക്‌ അതു നേരി​ട്ടത്‌. (പ്രവൃ. 11:27-30) എന്നാൽ ഏതാണ്ട്‌ എ.ഡി. 61 ആയപ്പോ​ഴേ​ക്കും അവിടത്തെ സാഹച​ര്യം കുറെ​യൊ​ക്കെ മെച്ച​പ്പെട്ടു. വരാനി​രുന്ന സംഭവ​ങ്ങൾവെച്ച്‌ നോക്കു​മ്പോൾ അവർക്ക്‌ അതൊരു സമാധാ​ന​കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. ആ സമയത്താണ്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ദൈവ​പ്ര​ചോ​ദി​ത​മാ​യി അവർക്ക്‌ ഒരു കത്ത്‌ എഴുതു​ന്നത്‌. അതിലെ നിർദേ​ശങ്ങൾ ഭാവി​യിൽ നേരി​ടാ​നുള്ള സംഭവ​ങ്ങൾക്കാ​യി അവരെ ഒരുക്കു​മാ​യി​രു​ന്നു.

2 എബ്രാ​യർക്ക്‌ എഴുതിയ ആ കത്ത്‌ കൃത്യ​സ​മ​യ​ത്തുള്ള ഒന്നായി​രു​ന്നു. കാരണം അവർക്കു​ണ്ടാ​യി​രുന്ന ആ സമാധാ​ന​ത്തി​ന്റെ സമയം അധികം നാൾ നീണ്ടു​നിൽക്കു​മാ​യി​രു​ന്നില്ല. യേശു മുൻകൂ​ട്ടി​പ്പറഞ്ഞ യരുശ​ലേ​മി​ന്റെ നാശം അടുത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. (ലൂക്കോ. 21:20) കഷ്ടതക​ളു​ടെ ആ സമയത്ത്‌ സഹിച്ചു​നിൽക്കാൻ സഹായി​ക്കുന്ന പ്രാ​യോ​ഗി​ക​നിർദേ​ശ​ങ്ങ​ളാ​ണു പൗലോസ്‌ അവർക്കു നൽകി​യത്‌. ആ നാശം കൃത്യ​മാ​യി എപ്പോൾ സംഭവി​ക്കു​മെന്നു പൗലോ​സി​നോ യഹൂദ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കോ അറിയി​ല്ലാ​യി​രു​ന്നു. എങ്കിലും ആ നാശം സംഭവി​ക്കു​ന്നതു വരെയുള്ള സമയത്ത്‌, വിശ്വാ​സ​വും സഹനശ​ക്തി​യും പോലുള്ള ഗുണങ്ങൾ വളർത്തി​യെ​ടു​ത്തു​കൊണ്ട്‌ അതിനാ​യി ഒരുങ്ങാൻ ക്രിസ്‌ത്യാ​നി​കൾക്കു കഴിയു​മാ​യി​രു​ന്നു.—എബ്രാ. 10:25; 12:1, 2.

3. എബ്രാ​യർക്കുള്ള കത്ത്‌ ഇന്ന്‌ നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

3 എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾ നേരി​ട്ട​തി​നെ​ക്കാൾ വലി​യൊ​രു കഷ്ടതയാ​ണു നമ്മൾ ഇനി നേരി​ടാൻപോ​കു​ന്നത്‌. (മത്താ. 24:21; വെളി. 16:14, 16) അതു​കൊണ്ട്‌ അവർക്ക്‌ യഹോവ അന്നു കൊടുത്ത ആ നിർദേ​ശങ്ങൾ ഇന്നു നമുക്കും പ്രയോ​ജനം ചെയ്യും. അവയിൽ ചിലതു നോക്കാം.

“പക്വത​യി​ലേക്കു വളരാൻ ഉത്സാഹി​ക്കണം”

4. ജൂത​ക്രി​സ്‌ത്യാ​നി​കൾക്ക്‌ എന്തെല്ലാം മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വന്നു? (ചിത്ര​വും കാണുക.)

4 ജൂതപ​ശ്ചാ​ത്ത​ല​ത്തിൽനിന്ന്‌ വന്ന ആ ക്രിസ്‌ത്യാ​നി​കൾക്കു വലിയ മാറ്റങ്ങൾ വരുത്താ​നു​ണ്ടാ​യി​രു​ന്നു. അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. ഒരു സമയത്ത്‌ ജൂതന്മാ​രാ​യി​രു​ന്നു യഹോവ തിര​ഞ്ഞെ​ടുത്ത ജനത. വർഷങ്ങ​ളോ​ളം യരുശ​ലേം വളരെ പ്രധാ​ന​പ്പെട്ട ഒരു സ്ഥലമാ​യി​രു​ന്നു. യഹോ​വയെ പ്രതി​നി​ധീ​ക​രിച്ച രാജാവ്‌ അവിടെ ഇരുന്നാ​ണു ഭരണം നടത്തി​യി​രു​ന്നത്‌. അതു​പോ​ലെ യരുശ​ലേ​മി​ലെ ആലയം ശുദ്ധാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​രു​ന്നു. വിശ്വ​സ്‌ത​രായ ജൂതന്മാർ അവരുടെ മതനേ​താ​ക്ക​ന്മാർ വിശദീ​ക​രി​ച്ചി​രുന്ന മോശ​യു​ടെ നിയമ​മാ​ണു പിൻപ​റ്റി​യി​രു​ന്നത്‌. ഭക്ഷണ​ത്തോ​ടും പരി​ച്ഛേ​ദ​ന​യോ​ടും ജനതക​ളിൽപ്പെട്ട ആളുക​ളു​മാ​യി സമയം ചെലവ​ഴി​ക്കു​ന്ന​തി​നോ​ടും ഒക്കെ ബന്ധപ്പെട്ട്‌ അതിലുള്ള നിയമങ്ങൾ അവർ അനുസ​രി​ച്ചു. എന്നാൽ യേശു​വി​ന്റെ മരണ​ത്തോ​ടെ മോശ​യു​ടെ നിയമം നീങ്ങി​പ്പോ​യി. പിന്നെ​യ​ങ്ങോ​ട്ടു ജൂതന്മാർ ആലയത്തിൽ അർപ്പി​ച്ചി​രുന്ന ബലിക​ളൊ​ന്നും യഹോവ സ്വീക​രി​ക്കാ​താ​യി. മോശ​യു​ടെ നിയമം അനുസ​രി​ച്ചി​രുന്ന ജൂത​ക്രി​സ്‌ത്യാ​നി​കൾക്ക്‌ ഈ മാറ്റങ്ങൾ ഉൾക്കൊ​ള്ളു​ന്നത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. (എബ്രാ. 10:1, 4, 10) അപ്പോ​സ്‌ത​ല​നായ പത്രോ​സി​നെ​പ്പോ​ലെ പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾക്കു​പോ​ലും ചില കാര്യ​ങ്ങ​ളിൽ മാറ്റങ്ങൾ വരുത്താൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. (പ്രവൃ. 10:9-14; ഗലാ. 2:11-14) ജൂതന്മാർ പുതിയ വിശ്വാ​സം സ്വീക​രി​ക്കു​ന്നതു കണ്ടപ്പോൾ ജൂതമ​ത​നേ​താ​ക്ക​ന്മാർ അവരെ ഉപദ്ര​വി​ക്കാൻതു​ടങ്ങി.

ജൂത എതിരാ​ളി​ക​ളു​ടെ തെറ്റായ പഠിപ്പി​ക്ക​ലു​കൾ തള്ളിക്ക​ള​യാൻ ക്രിസ്‌ത്യാ​നി​കൾ എപ്പോ​ഴും സത്യ​ത്തോട്‌ ചേർന്നു​നിൽക്ക​ണ​മാ​യി​രു​ന്നു (4-5 ഖണ്ഡികകൾ കാണുക)


5. ഏതു രണ്ടു കൂട്ടമാണ്‌ ക്രിസ്‌ത്യാ​നി​കളെ എതിർത്തത്‌?

5 ആ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കു രണ്ടു കൂട്ടം ആളുക​ളിൽനിന്ന്‌ എതിർപ്പു നേരിട്ടു. അതിൽ ഒരു കൂട്ടം ജൂതമ​ത​നേ​താ​ക്ക​ന്മാ​രാ​യി​രു​ന്നു. അവർ ക്രിസ്‌ത്യാ​നി​കളെ വിശ്വാ​സ​ത്യാ​ഗി​ക​ളാ​യി​ട്ടാ​ണു കണ്ടത്‌. സഭയിൽത്തന്നെ ഉണ്ടായി​രുന്ന ചിലരാ​യി​രു​ന്നു മറ്റൊരു കൂട്ടം. ക്രിസ്‌ത്യാ​നി​കൾ മോശ​യു​ടെ നിയമം അനുസ​രി​ക്ക​ണ​മെന്ന്‌ അവർ നിർബ​ന്ധം​പി​ടി​ച്ചു. ഉപദ്രവം സഹിക്കു​ന്നത്‌ ഒഴിവാ​ക്കാ​നാ​യി​രി​ക്കാം അവർ അങ്ങനെ ചെയ്‌തത്‌. (ഗലാ. 6:12) ഇങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ ക്രിസ്‌ത്യാ​നി​കളെ എന്തു സഹായി​ക്കു​മാ​യി​രു​ന്നു?

6. എന്തു ചെയ്യാ​നാ​ണു പൗലോസ്‌ സഹാരാ​ധ​കരെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌? (എബ്രായർ 5:14–6:1)

6 പൗലോസ്‌ എബ്രാ​യർക്ക്‌ എഴുതിയ കത്തിലൂ​ടെ തന്റെ സഹവി​ശ്വാ​സി​കളെ ദൈവ​വ​ചനം ആഴത്തിൽ പഠിക്കാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (എബ്രായർ 5:14–6:1 വായി​ക്കുക.) ജൂതന്മാർ ആരാധി​ച്ചി​രുന്ന രീതി​യെ​ക്കാൾ ശ്രേഷ്‌ഠ​മാ​ണു ക്രിസ്‌ത്യാ​നി​കൾ യഹോ​വയെ ആരാധി​ക്കുന്ന രീതി​യെന്നു പൗലോസ്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ അവർക്കു വിശദീ​ക​രിച്ച്‌ കൊടു​ത്തു. a തെറ്റായ പഠിപ്പി​ക്ക​ലു​കൾ മനസ്സി​ലാ​ക്കാ​നും അത്‌ ഒഴിവാ​ക്കാ​നും തിരു​വെ​ഴുത്ത്‌ സത്യങ്ങ​ളു​ടെ ആഴത്തി​ലുള്ള പഠനം ആ ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കു​മെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു.

7. നമ്മൾ ഇന്ന്‌ എന്തു പ്രശ്‌നങ്ങൾ നേരി​ടു​ന്നു?

7 യഹോവ ശരി​യെന്നു പറയുന്ന കാര്യ​ങ്ങൾക്ക്‌ എതിരായ വിവരങ്ങൾ പറഞ്ഞു​പ​ര​ത്തുന്ന ആളുകൾ അന്നത്തെ​പ്പോ​ലെ ഇന്നുമുണ്ട്‌. ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള നമ്മുടെ വിശ്വാ​സ​ങ്ങളെ അവർ എതിർക്കു​ന്നു. ലൈം​ഗി​ക​ത​യോ​ടൊ​ക്കെ ബന്ധപ്പെട്ട നമ്മുടെ ബൈബി​ള​ധി​ഷ്‌ഠിത നിലപാ​ടു​ക​ളെ​യാണ്‌ അവർ മിക്ക​പ്പോ​ഴും ആക്രമി​ക്കു​ന്നത്‌. നമ്മൾ ക്രൂര​രും കടും​പി​ടു​ത്ത​ക്കാ​രും ആണെന്ന്‌ അവർ ആരോ​പി​ക്കു​ന്നു. ഈ ലോക​ത്തി​ന്റെ മനോ​ഭാ​വ​ങ്ങ​ളും ചിന്തക​ളും ദൈവ​ത്തി​ന്റെ ഉന്നതമായ നിലവാ​ര​ങ്ങ​ളിൽനിന്ന്‌ കൂടു​തൽക്കൂ​ടു​തൽ അകന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (സുഭാ. 17:15) അതു​കൊണ്ട്‌ നമ്മളെ തളർത്താ​നും വഴി​തെ​റ്റി​ക്കാ​നും ആയി, എതിരാ​ളി​കൾ ഉപയോ​ഗി​ക്കുന്ന ആശയങ്ങൾ നമ്മൾ തിരി​ച്ച​റി​യാ​നും ഒഴിവാ​ക്കാ​നും പഠി​ക്കേ​ണ്ട​തുണ്ട്‌.—എബ്രാ. 13:9.

8. നമുക്ക്‌ എങ്ങനെ ആത്മീയ​പ​ക്വ​ത​യി​ലേക്കു വളരാം?

8 ആത്മീയ​പ​ക്വ​ത​യി​ലേക്കു വളരുക എന്ന പൗലോ​സി​ന്റെ നിർദേശം എബ്രാ​യ​ക്രി​സ്‌ത്യാ​നി​ക​ളെ​പ്പോ​ലെ നമ്മളും അനുസ​രി​ക്കണം. അതിനു​വേണ്ടി ബൈബിൾ ആഴത്തിൽ പഠിച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ ചിന്തകൾ മനസ്സി​ലാ​ക്കാൻ നമ്മൾ ശ്രമി​ക്കണം. സ്‌നാ​ന​പ്പെ​ട്ട​തി​നു ശേഷവും അതു ചെയ്യു​ന്ന​തിൽ തുട​രേ​ണ്ട​തുണ്ട്‌. സത്യത്തിൽ വന്നിട്ട്‌ എത്ര നാളാ​യാ​ലും നമ്മൾ എല്ലാവ​രും ദിവസ​വും ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യണം. (സങ്കീ. 1:2) ക്രമമാ​യി ബൈബിൾ പഠിക്കുന്ന ഒരു ശീലമു​ണ്ടെ​ങ്കിൽ അതു നമ്മുടെ വിശ്വാ​സം ശക്തമാ​ക്കും. പൗലോസ്‌ എബ്രാ​യ​ക്രി​സ്‌ത്യാ​നി​ക​ളോട്‌ വളർത്തി​യെ​ടു​ക്കാൻ പറഞ്ഞ പ്രധാ​ന​പ്പെട്ട ഗുണമാണ്‌ വിശ്വാ​സം.—എബ്രാ. 11:1, 6.

‘വിശ്വ​സിച്ച്‌ ജീവരക്ഷ നേടുക’

9. എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കു ശക്തമായ വിശ്വാ​സം വേണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

9 യഹൂദ്യ നേരി​ടാൻപോ​കുന്ന കഷ്ടതകളെ അതിജീ​വി​ക്കു​ന്ന​തിന്‌ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കു ശക്തമായ വിശ്വാ​സം വേണമാ​യി​രു​ന്നു. (എബ്രാ. 10:37-39) സൈന്യ​ങ്ങൾ യരുശ​ലേ​മി​നു ചുറ്റും പാളയം അടിക്കു​ന്നതു കാണു​മ്പോൾ, മലകളി​ലേക്ക്‌ ഓടി​പ്പോ​കാൻ യേശു തന്റെ അനുഗാ​മി​കൾക്കു മുന്നറി​യിപ്പ്‌ കൊടു​ത്തി​രു​ന്നു. അവർ താമസി​ക്കു​ന്നതു നഗരത്തി​ലാ​യാ​ലും നാട്ടിൻപു​റ​ങ്ങ​ളി​ലാ​യാ​ലും യേശു​വി​ന്റെ ഈ നിർദേശം അവർ അനുസ​രി​ക്ക​ണ​മാ​യി​രു​ന്നു. (ലൂക്കോ. 21:20-24) ആ കാലത്ത്‌ ഏതെങ്കി​ലും ഒരു സൈന്യം ആക്രമി​ക്കാൻ വന്നാൽ ആളുകൾ പൊതു​വേ സംരക്ഷണം കിട്ടാൻ യരുശ​ലേം​പോ​ലെ ചുറ്റു​മ​തി​ലുള്ള നഗരങ്ങ​ളി​ലേ​ക്കാ​ണു പോയി​രു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ മലകളി​ലേക്ക്‌ ഓടി​പ്പോ​കുക എന്ന നിർദേശം അവർക്കു ബുദ്ധി​ശൂ​ന്യ​മാ​യി തോന്നി​യി​രി​ക്കാം. അത്‌ അനുസ​രി​ക്കാൻ അവർക്കു ശക്തമായ വിശ്വാ​സം വേണമാ​യി​രു​ന്നു.

10. ശക്തമായ വിശ്വാ​സം എന്തു ചെയ്യാൻ ക്രിസ്‌ത്യാ​നി​കളെ പ്രേരി​പ്പി​ക്കു​മാ​യി​രു​ന്നു? (എബ്രായർ 13:17)

10 സഭയെ നയിക്കാ​നാ​യി യേശു ഉപയോ​ഗി​ക്കു​ന്ന​വ​രെ​യും ആ ക്രിസ്‌ത്യാ​നി​കൾ വിശ്വ​സി​ക്ക​ണ​മാ​യി​രു​ന്നു. ഓടി​പ്പോ​കാ​നുള്ള യേശു​വി​ന്റെ നിർദേശം അനുസ​രി​ക്കാൻ നേതൃ​ത്വ​മെ​ടു​ത്തവർ ക്രിസ്‌ത്യാ​നി​കളെ സഹായി​ച്ചു​കാ​ണും. എപ്പോൾ, എങ്ങനെ ഓടി​പ്പോ​കണം എന്ന കൃത്യ​മായ നിർദേ​ശങ്ങൾ അവർ കൊടു​ത്തി​ട്ടു​ണ്ടാ​കണം. (എബ്രായർ 13:17 വായി​ക്കുക.) എബ്രായർ 13:17-ലെ ‘അനുസ​രി​ക്കുക’ എന്നതിന്റെ ഗ്രീക്കു​പദം, നിർദേശം തരുന്ന​യാ​ളിൽ വിശ്വാ​സ​മു​ള്ള​തു​കൊണ്ട്‌ അനുസ​രി​ക്കു​ന്ന​തി​നെ അർഥമാ​ക്കു​ന്നു. അതായത്‌ ആ വ്യക്തിക്ക്‌ അധികാ​ര​മു​ണ്ട​ല്ലോ എന്ന്‌ ഓർത്തല്ല, പകരം അദ്ദേഹ​ത്തിൽ വിശ്വാ​സ​മു​ള്ള​തു​കൊ​ണ്ടാണ്‌ അദ്ദേഹത്തെ അനുസ​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​ന്ന​തി​നു മുമ്പു​തന്നെ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രിൽ വിശ്വാ​സം വളർത്തി​യെ​ടു​ക്ക​ണ​മാ​യി​രു​ന്നു. അങ്ങനെ അനുസ​രി​ക്കു​ന്നത്‌ ഒരു ശീലമാ​ക്കി​യാൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ഴും അനുസ​രി​ക്കാൻ അവർക്ക്‌ എളുപ്പ​മാ​കു​മാ​യി​രു​ന്നു.

11. ഇന്ന്‌ ക്രിസ്‌ത്യാ​നി​കൾക്കു ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

11 എബ്രാ​യ​ക്രി​സ്‌ത്യാ​നി​ക​ളെ​പ്പോ​ലെ നമുക്കും ഇന്നു വിശ്വാ​സം ആവശ്യ​മാണ്‌. വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തെ​ക്കു​റിച്ച്‌ ബൈബിൾ നൽകുന്ന മുന്നറി​യിപ്പ്‌ ഇന്നത്തെ മിക്ക ആളുക​ളും വിശ്വ​സി​ക്കു​ന്നില്ല. നമ്മൾ അതെക്കു​റിച്ച്‌ പറയു​മ്പോൾ അവർ പരിഹ​സി​ക്കു​ക​പോ​ലും ചെയ്യുന്നു. (2 പത്രോ. 3:3, 4) ഇനി ബൈബി​ളിൽ മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ നടക്കാ​നി​രി​ക്കുന്ന പല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നു​ണ്ടെ​ങ്കി​ലും എല്ലാ കാര്യ​ങ്ങ​ളും നമുക്ക്‌ അറിയില്ല. അതു​കൊണ്ട്‌, അന്ത്യം കൃത്യ​സ​മ​യ​ത്തു​തന്നെ വരു​മെ​ന്നും അന്ന്‌ യഹോവ നമുക്കാ​യി കരുതു​മെ​ന്നും നമുക്കു ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം.—ഹബ. 2:3.

12. മഹാക​ഷ്ട​തയെ അതിജീ​വി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

12 നമ്മളെ വഴി നയിക്കാ​നാ​യി യഹോവ ഇന്നു ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ ആണ്‌ ഉപയോ​ഗി​ക്കു​ന്നത്‌ എന്ന വിശ്വാ​സ​വും നമ്മൾ ശക്തമാ​ക്കണം. (മത്താ. 24:45) റോമൻ സൈന്യം ആക്രമി​ക്കാൻ വന്നപ്പോൾ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കു ചില നിർദേ​ശങ്ങൾ കിട്ടി​യി​രി​ക്കാൻ സാധ്യ​ത​യു​ള്ള​തു​പോ​ലെ, മഹാകഷ്ടത തുടങ്ങു​മ്പോൾ നമുക്കും ജീവൻ രക്ഷിക്കാൻ സഹായി​ക്കുന്ന ചില പ്രത്യേ​ക​നിർദേ​ശങ്ങൾ കിട്ടി​യേ​ക്കാം. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ ആ നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ നമുക്കു കഴിയ​ണ​മെ​ങ്കിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രി​ലുള്ള വിശ്വാ​സം നമ്മൾ ഇപ്പോൾത്തന്നെ ശക്തമാ​ക്കേ​ണ്ട​തുണ്ട്‌. അവർ തരുന്ന നിർദേ​ശങ്ങൾ ഇപ്പോൾ അനുസ​രി​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടാ​ണെ​ങ്കിൽ അന്ന്‌ അനുസ​രി​ക്കാ​നും ബുദ്ധി​മു​ട്ടാ​യി​രി​ക്കും.

13. എബ്രായർ 13:5-ലെ നിർദേശം പ്രധാ​ന​പ്പെട്ട ഒന്നായി​രു​ന്നത്‌ എന്തു​കൊണ്ട്‌?

13 എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾ ഓടി​പ്പോ​കാ​നുള്ള അടയാ​ള​ത്തി​നാ​യി കാത്തി​രി​ക്കു​ന്ന​തോ​ടൊ​പ്പം “പണസ്‌നേ​ഹ​മി​ല്ലാത്ത,” ലളിത​മായ ഒരു ജീവി​ത​വും നയിക്ക​ണ​മാ​യി​രു​ന്നു. (എബ്രായർ 13:5 വായി​ക്കുക.) അവരിൽ ചിലർ ക്ഷാമവും പട്ടിണി​യും ഒക്കെ അനുഭ​വി​ച്ച​വ​രാ​യി​രു​ന്നു. (എബ്രാ. 10:32-34) ഒരു സമയത്ത്‌ സന്തോ​ഷ​വാർത്ത​യ്‌ക്കു​വേണ്ടി പല കഷ്ടതകൾ സഹിക്കാൻ തയ്യാറായ ആ ക്രിസ്‌ത്യാ​നി​ക​ളിൽ ചിലർ ഇപ്പോൾ കൂടുതൽ പണം സമ്പാദി​ക്കാൻ തുടങ്ങി​യി​ട്ടു​ണ്ടാ​കണം. എന്ത്‌ പ്രശ്‌ന​മു​ണ്ടാ​യാ​ലും പണത്തിനു തങ്ങളെ സംരക്ഷി​ക്കാൻ പറ്റു​മെന്ന്‌ അവർ ചിന്തി​ച്ചി​രി​ക്കാം. പക്ഷേ എത്ര പണമു​ണ്ടെ​ങ്കി​ലും വരാനി​രുന്ന നാശത്തിൽനിന്ന്‌ അത്‌ അവരെ സംരക്ഷി​ക്കി​ല്ലാ​യി​രു​ന്നു. (യാക്കോ. 5:3) മാത്രമല്ല, വസ്‌തു​വ​ക​കളെ സ്‌നേ​ഹി​ച്ച​വർക്കു തങ്ങളുടെ വീടും സമ്പാദ്യ​വും എല്ലാം ഉപേക്ഷിച്ച്‌ ഓടി​പ്പോ​കു​ന്നതു ബുദ്ധി​മു​ട്ടാ​കാ​നും സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു.

14. ഭൗതി​ക​വ​സ്‌തു​ക്ക​ളോ​ടു ബന്ധപ്പെട്ട തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ ശക്തമായ വിശ്വാ​സം നമ്മളെ എങ്ങനെ സഹായി​ക്കും?

14 ഈ വ്യവസ്ഥി​തി ഉടൻതന്നെ അവസാ​നി​ക്കു​മെന്ന ശക്തമായ വിശ്വാ​സം നമുക്കു​ണ്ടെ​ങ്കിൽ ഒരുപാ​ടു പണം വാരി​ക്കൂ​ട്ടാൻ നമ്മൾ ശ്രമി​ക്കില്ല. സത്യത്തിൽ മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ ആളുകൾ “അവരുടെ വെള്ളി തെരു​വു​ക​ളി​ലേക്കു വലി​ച്ചെ​റി​യും.” കാരണം “യഹോ​വ​യു​ടെ ക്രോ​ധ​ദി​വ​സ​ത്തിൽ അവരുടെ പൊന്നി​നോ വെള്ളി​ക്കോ അവരെ രക്ഷിക്കാ​നാ​കില്ല” എന്ന്‌ അവർ തിരി​ച്ച​റി​യും. (യഹ. 7:19) അതു​കൊണ്ട്‌ കഴിയു​ന്നത്ര പണം സമ്പാദി​ക്കാ​നല്ല നമ്മൾ ഇപ്പോൾ ശ്രമി​ക്കേ​ണ്ടത്‌. പകരം നമ്മളെ​ടു​ക്കുന്ന തീരു​മാ​നങ്ങൾ, നമുക്കും കുടും​ബ​ത്തി​നും വേണ്ടി കരുതാ​നും യഹോ​വയെ സേവി​ക്കാ​നും സഹായി​ക്കു​ന്ന​താ​യി​രി​ക്കണം. ലളിത​ജീ​വി​തം നയിക്കുന്ന ഒരാൾ കടം മേടിച്ച്‌ അനാവ​ശ്യ​സാ​ധ​നങ്ങൾ വാങ്ങി​ക്കൂ​ട്ടു​ന്ന​തും പിന്നെ അതു പരിപാ​ലി​ക്കാ​നാ​യി ഒരുപാ​ടു സമയം ചെലവ​ഴി​ക്കു​ന്ന​തും എല്ലാം ഒഴിവാ​ക്കും. അതു​പോ​ലെ, നമുക്കുള്ള വസ്‌തു​വ​ക​കളെ നമ്മൾ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ക​യും ഇല്ല. (മത്താ. 6:19, 24) ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തോട്‌ അടുക്കു​ന്തോ​റും നമ്മൾ യഹോ​വ​യി​ലാ​ണോ അതോ വസ്‌തു​വ​ക​ക​ളി​ലാ​ണോ ആശ്രയി​ക്കു​ന്നത്‌ എന്നു തെളി​യി​ക്കുന്ന തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ടി​വ​രു​മെന്ന്‌ ഓർക്കുക.

“നിങ്ങൾക്കു സഹനശക്തി വേണം”

15. എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കു സഹനശക്തി ശരിക്കും ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

15 ഭാവി​യിൽ ഒരുപാ​ടു പ്രശ്‌നങ്ങൾ നേരി​ടാ​നി​രു​ന്ന​തു​കൊണ്ട്‌ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കു സഹനശക്തി ആവശ്യ​മാ​യി​രു​ന്നു. (എബ്രാ. 10:36) അവരിൽ ചിലർ ശക്തമായ ഉപദ്ര​വങ്ങൾ നേരി​ട്ട​വ​രാ​ണെ​ങ്കി​ലും പലരും അധികം പ്രശ്‌ന​മൊ​ന്നും ഇല്ലാത്ത സമയത്താ​യി​രു​ന്നു ക്രിസ്‌ത്യാ​നി​ത്വം സ്വീക​രി​ച്ചത്‌. അതു​കൊണ്ട്‌, കൂടുതൽ ഉപദ്ര​വങ്ങൾ നേരി​ടു​ന്ന​തി​നാ​യി തയ്യാറാ​യി​രി​ക്കാ​നും യേശു​വി​നെ​പ്പോ​ലെ മരണ​ത്തോ​ളം വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നാ​യി ഒരുങ്ങി​യി​രി​ക്കാ​നും പൗലോസ്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (എബ്രാ. 12:4) ക്രിസ്‌ത്യാ​നി​ത്വം വ്യാപി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ജൂത എതിരാ​ളി​കൾക്കു ക്രിസ്‌ത്യാ​നി​ക​ളോ​ടുള്ള വിദ്വേ​ഷ​വും എതിർപ്പും കൂടി​ക്കൊ​ണ്ടി​രു​ന്നു. ഈ കത്ത്‌ എഴുതു​ന്ന​തിന്‌ ഏതാനും വർഷങ്ങൾക്കു മുമ്പ്‌ യരുശ​ലേ​മിൽവെച്ച്‌ പൗലോ​സി​നു​തന്നെ ഇങ്ങനെ​യൊ​രു എതിർപ്പു നേരി​ടേ​ണ്ടി​വന്നു. പ്രസം​ഗി​ച്ചു​കൊ​ണ്ടി​രുന്ന പൗലോ​സി​നെ ഒരുകൂ​ട്ടം ആളുകൾ ആക്രമി​ച്ചു. 40-ലധികം ജൂതന്മാർ “പൗലോ​സി​നെ കൊല്ലാ​തെ ഇനി തിന്നു​ക​യോ കുടി​ക്കു​ക​യോ ചെയ്യി​ല്ലെന്ന്‌ . . . ശപഥ​മെ​ടു​ത്തു.” (പ്രവൃ. 22:22; 23:12-14) ഇതു​പോ​ലെ​യുള്ള എതിർപ്പും ഉപദ്ര​വ​വും ഒക്കെ നേരി​ടു​മ്പോ​ഴും ക്രിസ്‌ത്യാ​നി​കൾ ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രു​ക​യും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും വിശ്വാ​സം ശക്തമാക്കി നിറു​ത്തു​ക​യും ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

16. ഉപദ്ര​വ​ങ്ങ​ളെ​ക്കു​റിച്ച്‌ ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ എബ്രാ​യർക്ക്‌ എഴുതിയ കത്ത്‌ നമ്മളെ എങ്ങനെ സഹായി​ക്കും? (എബ്രായർ 12:7)

16 എതിർപ്പു​കൾ സഹിച്ചു​നിൽക്കാൻ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കളെ എന്തു സഹായി​ക്കു​മാ​യി​രു​ന്നു? പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ശരിയായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കു​ന്നത്‌ അവരെ സഹായി​ക്കു​മെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌, ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു പ്രശ്‌നം നേരി​ടു​മ്പോൾ അവരെ പരിശീ​ലി​പ്പി​ക്കാ​നാ​യി ദൈവം ആ സാഹച​ര്യ​ത്തെ ഉപയോ​ഗി​ച്ചേ​ക്കാം എന്നു പൗലോസ്‌ വിശദീ​ക​രി​ച്ചത്‌. (എബ്രായർ 12:7 വായി​ക്കുക.) ആ പരിശീ​ലനം ചില പ്രധാ​ന​പ്പെട്ട ക്രിസ്‌തീ​യ​ഗു​ണങ്ങൾ വളർത്താ​നും മെച്ച​പ്പെ​ടു​ത്താ​നും അവരെ സഹായി​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ അതിൽനിന്ന്‌ കിട്ടുന്ന പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നെ​ങ്കിൽ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ എളുപ്പ​ത്തിൽ സഹിച്ചു​നിൽക്കാ​നാ​കു​മാ​യി​രു​ന്നു.—എബ്രാ. 12:11.

17. ഉപദ്ര​വങ്ങൾ സഹിച്ചു​നിൽക്കു​ന്ന​തിന്‌ എന്തു ചെയ്യണ​മെ​ന്നാ​ണു പൗലോസ്‌ മനസ്സി​ലാ​ക്കി​യത്‌?

17 ഉപദ്രവം നേരി​ടു​മ്പോൾ മടുത്തു​പോ​കാ​തെ സഹിച്ചു​നിൽക്കാൻ എബ്രാ​യ​ക്രി​സ്‌ത്യാ​നി​ക​ളോട്‌ പൗലോസ്‌ പറഞ്ഞു. അതു പറയാൻ പറ്റിയ ആൾ തന്നെയാ​യി​രു​ന്നു പൗലോസ്‌. കാരണം മുമ്പ്‌ അദ്ദേഹം ക്രിസ്‌ത്യാ​നി​കളെ ഉപദ്ര​വി​ച്ചി​രു​ന്നു. അവരോട്‌ എത്ര ക്രൂര​മാ​യി​ട്ടാണ്‌ പെരു​മാ​റു​ന്ന​തെന്ന്‌ അദ്ദേഹം നേരിട്ട്‌ മനസ്സി​ലാ​ക്കി​യി​ട്ടു​ള്ള​താണ്‌. അതു​പോ​ലെ, ഉപദ്ര​വങ്ങൾ എങ്ങനെ സഹിച്ചു​നിൽക്ക​ണ​മെ​ന്നും പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. ക്രിസ്‌ത്യാ​നി​യാ​യ​ശേഷം പല തരത്തി​ലുള്ള ഉപദ്രവം പൗലോ​സി​നും സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. (2 കൊരി. 11:23-25) അതു​കൊണ്ട്‌ സഹിച്ചു​നിൽക്കാൻ എന്തു ചെയ്യണ​മെന്നു ബോധ്യ​ത്തോ​ടെ അവർക്കു പറഞ്ഞു​കൊ​ടു​ക്കാൻ അദ്ദേഹ​ത്തി​നു സാധിച്ചു. സഹിച്ചു​നിൽക്കാൻ സ്വന്തം ശക്തിയിൽ അല്ല യഹോ​വ​യിൽ ആശ്രയി​ക്ക​ണ​മെന്ന്‌ പൗലോസ്‌ അവരെ ഓർമി​പ്പി​ച്ചു. പൗലോസ്‌ അതുത​ന്നെ​യാണ്‌ ചെയ്‌തത്‌. അതു​കൊണ്ട്‌ അദ്ദേഹ​ത്തിന്‌ ഇങ്ങനെ പറയാ​നാ​യി: “യഹോവ എന്നെ സഹായി​ക്കും. ഞാൻ പേടി​ക്കില്ല.”—എബ്രാ. 13:6.

18. ഭാവി​യിൽ നമു​ക്കെ​ല്ലാം എന്തു നേരി​ടേ​ണ്ടി​വ​രും, അതു​കൊണ്ട്‌ നമ്മൾ ഇപ്പോൾ എന്തു ചെയ്യണം?

18 ഇന്നും നമ്മുടെ ചില സഹോ​ദ​ര​ങ്ങൾക്ക്‌ ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​ന്നുണ്ട്‌. അവർക്കു​വേണ്ടി പ്രാർഥി​ച്ചു​കൊ​ണ്ടും പറ്റു​മ്പോ​ഴൊ​ക്കെ അവർക്കു​വേണ്ട സഹായം ചെയ്‌തു​കൊ​ടു​ത്തു​കൊ​ണ്ടും നമുക്ക്‌ അവരെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കാം. (എബ്രാ. 10:33) എന്നാൽ ബൈബിൾ വ്യക്തമാ​യി ഇങ്ങനെ പറയു​ന്നുണ്ട്‌: “ക്രിസ്‌തു​യേ​ശു​വി​നോ​ടുള്ള യോജി​പ്പിൽ ദൈവ​ഭ​ക്തി​യോ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രും.” (2 തിമൊ. 3:12) അതു​കൊണ്ട്‌ വരാനി​രി​ക്കുന്ന പ്രശ്‌ന​ങ്ങൾക്കാ​യി നമ്മൾ എല്ലാവ​രും ഒരുങ്ങി​യി​രി​ക്കണം. യഹോ​വ​യിൽ നമുക്ക്‌ എപ്പോ​ഴും ആശ്രയി​ക്കാം. എന്തു പ്രശ്‌ന​മു​ണ്ടാ​യാ​ലും, സഹിച്ചു​നിൽക്കാൻ യഹോവ നമ്മളെ സഹായി​ക്കു​മെന്ന്‌ ഉറച്ചു​വി​ശ്വ​സി​ക്കാം. കൃത്യ​സ​മ​യ​ത്തു​തന്നെ യഹോവ തന്റെ എല്ലാ വിശ്വ​സ്‌ത​ദാ​സർക്കും വേണ്ട ആശ്വാസം കൊടു​ക്കും.—2 തെസ്സ. 1:7, 8.

19. മഹാക​ഷ്ട​ത​യ്‌ക്കാ​യി ഒരുങ്ങാൻ നമുക്ക്‌ എന്തെല്ലാം ചെയ്യാം? (ചിത്ര​വും കാണുക.)

19 പൗലോസ്‌ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ എഴുതിയ കത്ത്‌, വരാനി​രുന്ന കഷ്ടതകളെ നേരി​ടാൻ അവരെ ഒരുക്കി. ദൈവ​വ​ചനം ആഴത്തിൽ പഠിക്കാ​നും അത്‌ കൂടുതൽ മനസ്സി​ലാ​ക്കാ​നും പൗലോസ്‌ തന്റെ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. വിശ്വാ​സം ദുർബ​ല​മാ​ക്കുന്ന പഠിപ്പി​ക്ക​ലു​കൾ തിരി​ച്ച​റി​യാ​നും തള്ളിക്ക​ള​യാ​നും അത്‌ അവരെ സഹായി​ക്കു​മാ​യി​രു​ന്നു. അതു​പോ​ലെ വിശ്വാ​സം ശക്തമാ​ക്കാ​നും അവരോട്‌ പറഞ്ഞു. അങ്ങനെ​യാ​കു​മ്പോൾ യേശു​വി​ന്റെ​യും സഭയിൽ നേതൃ​ത്വം എടുക്കു​ന്ന​വ​രു​ടെ​യും നിർദേശം അവർക്കു പെട്ടെന്ന്‌ അനുസ​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു. ഇനി സഹനശക്തി വളർത്തി​യെ​ടു​ക്കാ​നും പൗലോസ്‌ അവരെ സഹായി​ച്ചു. അതിന്‌ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ശരിയായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കു​ക​യും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ അതിലൂ​ടെ സ്‌നേ​ഹ​വാ​നായ പിതാവ്‌ തങ്ങളെ പരിശീ​ലി​പ്പി​ക്കു​ക​യാ​ണെന്ന്‌ ചിന്തി​ക്കു​ക​യും വേണമാ​യി​രു​ന്നു. ദൈവ​പ്ര​ചോ​ദി​ത​മായ ഈ കത്തിലെ നിർദേ​ശങ്ങൾ നമുക്കും അനുസ​രി​ക്കാം. അങ്ങനെ​യാ​കു​മ്പോൾ അവസാ​നം​വരെ വിശ്വ​സ്‌ത​മാ​യി സഹിച്ചു​നിൽക്കാൻ നമുക്കാ​കും.—എബ്രാ. 3:14.

സഹിച്ചു​നി​ന്ന​തു​കൊണ്ട്‌ വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​കൾക്ക്‌ അനു​ഗ്രഹം കിട്ടി. യഹൂദ​യിൽനിന്ന്‌ ഓടി​പ്പോ​യ​തി​നു ശേഷവും അവർ ഒരുമിച്ച്‌ കൂടി​വ​രു​ന്നതു തുടർന്നു. ഇതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (19-ാം ഖണ്ഡിക കാണുക)

ഗീതം 126 ഉണർന്നി​രി​ക്കുക, ഉറച്ചു​നിൽക്കുക, കരുത്തു നേടുക

a ക്രിസ്‌ത്യാനികളുടെ ആരാധ​നാ​രീ​തി ജൂതന്മാ​രു​ടേ​തി​നെ​ക്കാൾ ഉയർന്ന​താ​ണെന്നു കാണി​ക്കു​ന്ന​തി​നു​വേണ്ടി ഒന്നാം അധ്യാ​യ​ത്തിൽ മാത്രം കുറഞ്ഞത്‌ ഏഴു തവണ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ പൗലോസ്‌ ഉദ്ധരി​ക്കു​ന്നുണ്ട്‌.—എബ്രാ. 1:5-13.