കൂടുതൽ പഠിക്കാനായി. . .
പഠിക്കുമ്പോൾ പുതിയ കാര്യങ്ങൾ കണ്ടെത്തുക
പഠിക്കാനൊരുങ്ങുമ്പോൾ നമ്മൾ സ്വയം ഇങ്ങനെ ചോദിക്കാറുണ്ടാകും: ‘ഞാൻ ഇതിൽനിന്ന് എന്താണു പഠിക്കാൻപോകുന്നത്?’ ആ ചോദ്യത്തിന് നമ്മുടെ മനസ്സിൽ ഒരു ഉത്തരം വന്നേക്കാം. പക്ഷേ, അതുകൊണ്ട് മാത്രം അതിൽ പുതുതായി ഒന്നും പഠിക്കാനില്ലെന്നു ചിന്തിക്കരുത്. യഹോവ പഠിപ്പിക്കുമ്പോൾ നമുക്ക് എങ്ങനെ ഒരു തുറന്ന മനസ്സോടെയിരിക്കാം?
ജ്ഞാനത്തിനായി പ്രാർഥിക്കുക. നമ്മൾ ഇപ്പോൾ എന്തു പഠിക്കാനാണ് യഹോവ ആഗ്രഹിക്കുന്നതെന്നു തിരിച്ചറിയാൻ സഹായിക്കണേ എന്നു പ്രാർഥിക്കുക. (യാക്കോ. 1:5) ഇതിനോടകം നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളിൽ തൃപ്തരാകരുത്.—സുഭാ. 3:5, 6.
ദൈവവചനത്തിനു വലിയ ശക്തിയുണ്ടെന്ന് ഓർക്കുക. ‘ദൈവത്തിന്റെ വാക്കുകൾ ജീവനുള്ളതാണ്.’ (എബ്രാ. 4:12) നമ്മൾ ഓരോ തവണ ബൈബിൾ വായിക്കുമ്പോഴും ദൈവത്തിന്റെ ജീവനുള്ള ‘വാക്കുകൾക്ക്’ വ്യത്യസ്തരീതിയിൽ നമ്മളെ സ്വാധീനിക്കാനാകും. പക്ഷേ, അതിനു നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഒരു തുറന്ന മനസ്സോടെ ബൈബിൾ വായിക്കണം.
യഹോവയുടെ മേശയിലുള്ള എല്ലാം വിലമതിക്കുക. യഹോവ തരുന്ന ആത്മീയഭക്ഷണം ‘വിശിഷ്ടമായ വിഭവങ്ങളുള്ള ഒരു വിരുന്നുപോലെയാണ്.’ (യശ. 25:6) ആസ്വദിക്കില്ലെന്നു തോന്നുന്ന ‘വിഭവങ്ങൾ’ കഴിക്കാതിരിക്കരുത്. ദൈവം തരുന്നതെല്ലാം നിങ്ങൾക്കു പ്രയോജനം ചെയ്യുമെന്നു മാത്രമല്ല, ഒന്നു കഴിച്ചുതുടങ്ങിയാൽ ആസ്വദിക്കാൻ പറ്റുന്നതുമാണ്!