പഠനലേഖനം 39
ഗീതം 125 “കരുണ കാണിക്കുന്നവർ സന്തുഷ്ടർ”
കൊടുക്കുന്നതിന്റെ സന്തോഷം ആസ്വദിക്കുക
“വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.” —പ്രവൃ. 20:35.
ഉദ്ദേശ്യം
കൊടുക്കുന്നതിന്റെ സന്തോഷം നിലനിറുത്താനും അതു വർധിപ്പിക്കാനും ചെയ്യാനാകുന്ന കാര്യങ്ങൾ പഠിക്കും.
1-2. കൊടുക്കുമ്പോൾ കൂടുതൽ സന്തോഷം കിട്ടുന്ന വിധത്തിൽ യഹോവ നമ്മളെ സൃഷ്ടിച്ചതുകൊണ്ട് നമുക്ക് എന്തു പ്രയോജനമാണുള്ളത്?
യഹോവ മനുഷ്യരെ ഒരു പ്രത്യേകവിധത്തിലാണു സൃഷ്ടിച്ചത്; മറ്റുള്ളവർക്ക് എന്തെങ്കിലും കൊടുക്കുമ്പോഴോ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴോ ഒക്കെ സന്തോഷം കിട്ടുന്ന വിധത്തിൽ. (പ്രവൃ. 20:35) അതിന്റെ അർഥം നമുക്ക് എന്തെങ്കിലും കിട്ടുമ്പോൾ സന്തോഷം തോന്നില്ല എന്നാണോ? അല്ല. ഒരു സമ്മാനം കിട്ടുമ്പോൾ നമുക്കെല്ലാം സന്തോഷം തോന്നാറുണ്ട്. പക്ഷേ, മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ നമുക്കു കിട്ടുന്ന സന്തോഷം അതിലും വലുതാണ്. ശരിക്കും പറഞ്ഞാൽ നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണ് യഹോവ നമ്മളെ ഈ വിധത്തിൽ സൃഷ്ടിച്ചത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
2 യഹോവ നമ്മളെ ഈ വിധത്തിൽ സൃഷ്ടിച്ചതുകൊണ്ട് നമുക്കുതന്നെ നമ്മുടെ സന്തോഷം കൂട്ടാൻ കഴിയും. അതുകൊണ്ട് കൂടുതൽ സന്തോഷം കിട്ടണമെങ്കിൽ മറ്റുള്ളവർക്ക് എന്തെങ്കിലും കൊടുക്കാനാകുന്ന അവസരങ്ങൾ കണ്ടെത്തിയാൽ മതി. ഈ കഴിവോടെ ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യമല്ലേ?—സങ്കീ. 139:14.
3. എന്തുകൊണ്ടാണ് യഹോവയെ “സന്തോഷമുള്ള ദൈവം” എന്നു വിളിക്കാനാകുന്നത്?
3 കൊടുക്കുമ്പോൾ സന്തോഷം കിട്ടുമെന്നു തിരുവെഴുത്തുകൾ ഉറപ്പുതരുന്നു. യഹോവയെ ബൈബിൾ “സന്തോഷമുള്ള ദൈവം” എന്നു വിളിച്ചിരിക്കുന്നതിൽ നമുക്ക് അത്ഭുതമില്ല. (1 തിമൊ. 1:11) കാരണം മറ്റുള്ളവർക്ക് എന്തെങ്കിലും ആദ്യമായി കൊടുത്തത് യഹോവയാണ്. മാത്രമല്ല യഹോവ കൊടുക്കുന്നതുപോലെ കൊടുക്കാൻ മറ്റാർക്കും കഴിയില്ല. ദൈവം കാരണമാണ് “നമ്മൾ ജീവിക്കുകയും ചലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (പ്രവൃ. 17:28) ശരിക്കും, “എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും” യഹോവയിൽനിന്നാണ് വരുന്നത്.—യാക്കോ. 1:17.
4. കൂടുതൽ സന്തോഷമുള്ളവരായിരിക്കാൻ നമ്മളെ എന്തു സഹായിക്കും?
4 കൊടുക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നു. യഹോവയുടെ ഉദാരത അനുകരിക്കുന്നെങ്കിൽ നമുക്ക് ആ സന്തോഷം കൂട്ടാൻ കഴിയും. (എഫെ. 5:1) അത് എങ്ങനെ ചെയ്യാമെന്നു നമ്മൾ പഠിക്കും. കൂടാതെ നമ്മൾ എന്തെങ്കിലും ചെയ്തുകൊടുത്തിട്ട് ചിലർ നന്ദി കാണിക്കുന്നില്ലെന്നു തോന്നുന്നെങ്കിൽ നമുക്ക് എന്ത് ചെയ്യാനാകും എന്നും കാണും. കൊടുക്കുന്നതിന്റെ സന്തോഷം നിലനിറുത്താനും വർധിപ്പിക്കാനും ഈ പഠനം നമ്മളെ സഹായിക്കും.
യഹോവയുടെ ഉദാരത അനുകരിക്കുക
5. യഹോവ നമുക്കു തരുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണ്?
5 യഹോവ സന്തോഷത്തോടെ, ഉദാരമായി നമുക്കു തരുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്? ചിലതു നോക്കാം. യഹോവ നമുക്കു ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ തരുന്നു. നമുക്ക് എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ ഒരു ജീവിതം നയിക്കാൻ കഴിഞ്ഞില്ലെങ്കിലും നമുക്ക് ആവശ്യമായ കാര്യങ്ങൾ ഉണ്ടെന്ന് യഹോവ എപ്പോഴും ഉറപ്പുവരുത്തും; ഉദാഹരണത്തിന്, ഭക്ഷണവും വസ്ത്രവും താമസിക്കാൻ ഒരിടവും പോലുള്ള കാര്യങ്ങൾ. (സങ്കീ. 4:8; മത്താ. 6:31-33; 1 തിമൊ. 6:6-8) യഹോവ ഇതെല്ലാം ചെയ്യുന്നത് അതു തന്റെ കടമയായതുകൊണ്ട് മാത്രമാണോ? ഒരിക്കലും അല്ല! പിന്നെ എന്തുകൊണ്ടാണ്?
6. മത്തായി 6:25, 26-ൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്?
6 യഹോവ നമ്മളെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മുടെ ഭൗതികാവശ്യങ്ങൾക്കായി കരുതുന്നത്. മത്തായി 6:25, 26-ൽ (വായിക്കുക.) കാണുന്ന യേശുവിന്റെ വാക്കുകൾ നോക്കുക. യേശു പക്ഷികളുടെ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, സംഭരണശാലകളിൽ കൂട്ടിവെക്കുന്നുമില്ല.” എന്നിട്ട് യേശു പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: “നിങ്ങളുടെ സ്വർഗീയപിതാവ് അവയെ പോറ്റുന്നു.” തുടർന്ന് യേശു ചോദിച്ചു: “അവയെക്കാൾ വിലപ്പെട്ടവരല്ലേ നിങ്ങൾ?” എന്താണു പാഠം? തന്റെ വിശ്വസ്തദാസരെ മറ്റു ജീവജാലങ്ങളെക്കാൾ വളരെ വിലപ്പെട്ടതായാണ് യഹോവ കാണുന്നത്. യഹോവ അവയ്ക്കുവേണ്ടി കരുതുമെങ്കിൽ നമുക്കുവേണ്ടിയും കരുതുമെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട! ഒരു അപ്പൻ തന്റെ കുടുംബത്തിനുവേണ്ടി കരുതുന്നതുപോലെ യഹോവയും തന്റെ കുടുംബത്തിനുവേണ്ടി സ്നേഹത്തോടെ കരുതും.—സങ്കീ. 145:16; മത്താ. 6:32.
7. യഹോവയുടെ ഉദാരത നമുക്ക് അനുകരിക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്? (ചിത്രവും കാണുക.)
7 യഹോവയെപ്പോലെ നമുക്കും സ്നേഹത്തോടെ മറ്റുള്ളവരെ ഭൗതികമായി സഹായിക്കാനാകും. ഉദാഹരണത്തിന്, ഭക്ഷണമോ വസ്ത്രമോ ആവശ്യമുള്ള ഏതെങ്കിലും സഹോദരങ്ങളെ നിങ്ങൾക്ക് അറിയാമോ? അവരുടെ അപ്പോഴത്തെ ആവശ്യം നടത്തിക്കൊടുക്കാൻ യഹോവയ്ക്കു നിങ്ങളെ ഉപയോഗിക്കാനാകും. എന്തെങ്കിലും ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് മറ്റുള്ളവരെ ഉദാരമായി സഹായിക്കുന്ന കാര്യത്തിൽ യഹോവയുടെ ജനം നല്ലൊരു മാതൃകയാണ്. ഉദാഹരണത്തിന്, കോവിഡ്-19 മഹാമാരിയുടെ സമയത്ത് സഹോദരങ്ങൾ അവർക്കുണ്ടായിരുന്ന ഭക്ഷണവും വസ്ത്രവും മറ്റു വസ്തുക്കളും ആവശ്യമുണ്ടായിരുന്നവരുമായി പങ്കുവെച്ചു. ഒരുപാടു പേർ ലോകവ്യാപക പ്രവർത്തനത്തിലേക്കു സംഭാവനകൾ നൽകി. അതു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു സഹായമായി. ആ സഹോദരങ്ങളെല്ലാം എബ്രായർ 13:16-ലെ ഈ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു: “നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്. അങ്ങനെയുള്ള ബലികളിലാണു ദൈവം പ്രസാദിക്കുന്നത്.”
8. യഹോവ ശക്തി തന്നുകൊണ്ട് നമ്മളെ സഹായിക്കുന്നത് എങ്ങനെയെല്ലാമാണ്? (ഫിലിപ്പിയർ 2:13)
8 യഹോവ നമുക്കു ശക്തി തരുന്നു. നമുക്ക് അളക്കാനാകാത്തത്ര ശക്തി യഹോവയ്ക്കുണ്ട്. ആ ശക്തി യഹോവ തന്റെ വിശ്വസ്തദാസർക്കു സന്തോഷത്തോടെ കൊടുക്കുന്നു. (ഫിലിപ്പിയർ 2:13 വായിക്കുക.) ഏതെങ്കിലും ഒരു പ്രലോഭനത്തെ നേരിടാനോ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാനോ ആവശ്യമായ ശക്തിക്കായി നിങ്ങൾ എപ്പോഴെങ്കിലും പ്രാർഥിച്ചിട്ടുണ്ടോ? ഇനി ചിലപ്പോൾ, ഒരോ ദിവസവും മുന്നോട്ടുപോകാൻ ആവശ്യമായ ശക്തിക്കായിട്ടായിരിക്കും നിങ്ങൾ പ്രാർഥിച്ചത്. ആ പ്രാർഥനയ്ക്ക് ഉത്തരം കിട്ടിയപ്പോൾ അപ്പോസ്തലനായ പൗലോസിനു തോന്നിയതുപോലെയായിരിക്കും നിങ്ങൾക്കും തോന്നിയത്. അദ്ദേഹം ഇങ്ങനെ എഴുതി: “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.”—ഫിലി. 4:13.
9. ഉദാരമായി ശക്തി നൽകുന്ന യഹോവയെ നമുക്ക് എങ്ങനെയെല്ലാം അനുകരിക്കാം? (ചിത്രവും കാണുക.)
9 യഹോവയ്ക്കുള്ള അത്രയും ശക്തിയൊന്നും നമുക്കില്ല. മാത്രമല്ല യഹോവയെപ്പോലെ നമുക്കു നമ്മുടെ ശക്തി മറ്റൊരാൾക്കു കൊടുക്കാനും പറ്റില്ല. പക്ഷേ നമുക്കുള്ള ശക്തിയും ഊർജവും ഉപയോഗിച്ച് മറ്റുള്ളവരെ സഹായിച്ചുകൊണ്ട് യഹോവയെ അനുകരിക്കാനാകും. ഉദാഹരണത്തിന്, പ്രായമായവരോ രോഗികളോ ആയ സഹോദരങ്ങൾക്കുവേണ്ടി സാധനങ്ങൾ വാങ്ങിച്ച് കൊടുക്കാനോ അവരുടെ വീട്ടിലെ ജോലികൾ ചെയ്തുകൊടുക്കാനോ നമുക്കു പറ്റിയേക്കും. ഇനി സാഹചര്യം അനുവദിക്കുന്നെങ്കിൽ രാജ്യഹാളിന്റെ ക്ലീനിങ്ങിനോ അറ്റകുറ്റപ്പണിക്കോ സഹായിക്കാനും കഴിയും. ഈ വിധങ്ങളിൽ നമ്മൾ നമ്മുടെ ശക്തി ഉപയോഗിക്കുമ്പോൾ അതു സഹോദരങ്ങൾക്ക് ഒരുപാടു പ്രയോജനം ചെയ്യും.
10. വാക്കുകളുടെ ശക്തി നമുക്ക് എങ്ങനെ മറ്റുള്ളവർക്കു പ്രയോജനം ചെയ്യുന്ന രീതിയിൽ ഉപയോഗിക്കാനാകും?
10 വാക്കുകൾക്കും ശക്തിയുണ്ട് എന്ന കാര്യം മറക്കരുത്. ഒരു അഭിനന്ദനവാക്കോ ആശ്വാസമോ ഒക്കെ കിട്ടാൻ ആഗ്രഹിക്കുന്ന ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? എങ്കിൽ നിങ്ങൾ അവരെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് അവരെ അറിയിക്കുക. നിങ്ങൾക്ക് അവരെ നേരിട്ട് ചെന്നുകാണാനോ ഒന്നു ഫോൺ വിളിക്കാനോ കഴിഞ്ഞേക്കും. അല്ലെങ്കിൽ ഒരു കാർഡോ ഇ-മെയിലോ മെസ്സേജോ അയയ്ക്കാൻ സാധിക്കും. അവരോട് എന്തു പറയും എന്നോർത്ത് വിഷമിക്കേണ്ടാ. നിങ്ങൾ ഹൃദയത്തിൽനിന്ന്, സ്നേഹത്തോടെ പറയുന്ന ഏതാനും വാക്കുകളായിരിക്കും ഒരു ദിവസംകൂടെ വിശ്വസ്തമായി പിടിച്ചുനിൽക്കാനോ പ്രത്യാശയോടെ മുന്നോട്ടുപോകാനോ അവരെ സഹായിക്കുന്നത്.—സുഭാ. 12:25; എഫെ. 4:29.
11. യഹോവ തന്റെ ജ്ഞാനം മറ്റുള്ളവർക്ക് കൊടുക്കുന്നത് എങ്ങനെയാണ്?
11 യഹോവ ജ്ഞാനം കൊടുക്കുന്നു. ശിഷ്യനായ യാക്കോബ് എഴുതി: “നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അയാൾ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ; . . . കുറ്റപ്പെടുത്താതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനാണു ദൈവം.” (യാക്കോ. 1:5) ഈ വാക്യം സൂചിപ്പിക്കുന്നതുപോലെ യഹോവ തന്റെ ജ്ഞാനം മറ്റാർക്കും കൊടുക്കാതെ പിടിച്ചുവെക്കുന്നില്ല. പകരം ദൈവം അത് ഉദാരമായി നൽകുന്നു. ഇനി, യഹോവ ജ്ഞാനം കൊടുക്കുന്നതു “കുറ്റപ്പെടുത്താതെ” അഥവാ അടിക്കുറിപ്പിൽ കാണുന്നതുപോലെ “ശകാരിക്കാതെ” ആണെന്നും യാക്കോബ് പറഞ്ഞു. ജ്ഞാനത്തിനായി യഹോവയോട് ചോദിക്കേണ്ടിവരുമ്പോൾ നമുക്കു നാണക്കേടു തോന്നാൻ യഹോവ ഒരിക്കലും ഇടയാക്കുന്നില്ല. ശരിക്കും നമ്മൾ അതു ചോദിച്ചുവാങ്ങാനാണ് യഹോവ ആഗ്രഹിക്കുന്നത്.—സുഭാ. 2:1-6.
12. ജ്ഞാനം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനു നമുക്ക് എന്തെല്ലാം അവസരങ്ങളുണ്ട്?
12 ജ്ഞാനം മറ്റുള്ളവർക്കു കൊടുക്കുന്ന കാര്യത്തിൽ നമുക്ക് യഹോവയെ അനുകരിക്കാനാകുമോ? (സങ്കീ. 32:8) പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ യഹോവയുടെ ജനത്തിനു ധാരാളം അവസരങ്ങളുണ്ട്. ഉദാഹരണത്തിന്, പ്രസംഗപ്രവർത്തനം ചെയ്യുന്നതിനായി നമ്മൾ പുതിയവരെ പരിശീലിപ്പിക്കാറുണ്ട്. ഇനി മൂപ്പന്മാർ, ശുശ്രൂഷാദാസന്മാരെയും സ്നാനപ്പെട്ട സഹോദരന്മാരെയും സഭയിലെ നിയമനങ്ങൾ ചെയ്യാൻ ക്ഷമയോടെ സഹായിക്കുന്നു. അതുപോലെ ദൈവസേവനത്തിനായി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ നിർമാണത്തിലും അറ്റകുറ്റപ്പണികളിലും അനുഭവപരിചയമുള്ള സഹോദരങ്ങൾ മറ്റു സഹോദരങ്ങളെ പരിശീലിപ്പിക്കുന്നു.
13. യഹോവ മറ്റുള്ളവർക്കു ജ്ഞാനം കൊടുക്കുന്ന വിധം നമുക്ക് എങ്ങനെ അനുകരിക്കാം?
13 മറ്റുള്ളവരെ പരിശീലിപ്പിക്കുമ്പോൾ യഹോവയെ അനുകരിക്കാൻ ശ്രമിക്കുക. യഹോവ ഉദാരമായി മറ്റുള്ളവർക്കു ജ്ഞാനം കൊടുക്കുന്നു. അതുപോലെ നമുക്കും നമ്മുടെ അറിവും അനുഭവപരിചയവും ഒരു മടിയും കൂടാതെ മറ്റുള്ളവർക്കു പകർന്നുകൊടുക്കാം. നമ്മൾ പഠിപ്പിക്കുന്ന വ്യക്തി, എല്ലാം പഠിച്ച് കഴിഞ്ഞാൽ നമ്മുടെ സ്ഥാനം പോകുമോ എന്നു പേടിച്ച് നമ്മൾ ചില കാര്യങ്ങൾ അവർക്കു പറഞ്ഞ് കൊടുക്കാതിരിക്കില്ല. ‘എന്നെ ആരും പഠിപ്പിച്ചിട്ടില്ലല്ലോ! അതുപോലെ സഹോദരനും വേണമെങ്കിൽ തനിയെ പഠിക്കട്ടെ’ എന്നും നമ്മൾ ചിന്തിക്കില്ല. യഹോവയുടെ ജനത്തിനിടയിൽ ഇതുപോലുള്ള ചിന്തകൾക്കു സ്ഥാനമില്ല. നമ്മൾ പരിശീലിപ്പിക്കുന്നവർക്കു നമുക്കുള്ള അറിവ് മാത്രമല്ല, “സ്വന്തം പ്രാണൻ” കൊടുക്കാൻപോലും നമ്മൾ സന്തോഷമുള്ളവരാണ്. (1 തെസ്സ. 2:8) പതിയെ “അവരും മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ടത്ര യോഗ്യതയുള്ളവരാകും” എന്നാണു നമ്മൾ പ്രതീക്ഷിക്കുന്നത്. (2 തിമൊ. 2:1, 2) അങ്ങനെ ഉദാരമായി പരിശീലിപ്പിക്കുന്നതു തുടർന്നുകൊണ്ടിരിക്കും. അതിൽനിന്ന് കിട്ടുന്ന സന്തോഷവും എല്ലാവർക്കും ലഭിക്കും.
മറ്റുള്ളവർ നന്ദി കാണിക്കാത്തതായി തോന്നുമ്പോൾ
14. നമ്മൾ മറ്റുള്ളവർക്ക് എന്തെങ്കിലും കൊടുക്കുമ്പോൾ മിക്കപ്പോഴും അവർ തിരിച്ച് എന്തു ചെയ്യാറുണ്ട്?
14 നമ്മൾ മറ്റുള്ളവർക്ക്, പ്രത്യേകിച്ച് സഹോദരങ്ങൾക്ക് എന്തെങ്കിലും കൊടുക്കുമ്പോൾ അവർ മിക്കപ്പോഴും തിരിച്ച് നന്ദി കാണിക്കാറുണ്ട്. ചിലപ്പോൾ അവർ നമുക്കൊരു കാർഡ് തന്നേക്കാം. അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ നന്ദി കാണിച്ചേക്കാം. (കൊലോ. 3:15) അങ്ങനെയൊക്കെ അവർ ചെയ്യുമ്പോൾ അതു നമുക്കു സന്തോഷം തരും.
15. ചില ആളുകൾ നന്ദി കാണിച്ചില്ലെങ്കിലും നമ്മൾ എന്ത് ഓർക്കണം?
15 പക്ഷേ, ചിലപ്പോൾ ആളുകൾ നമ്മൾ ചെയ്തു കൊടുത്തതിനു തിരിച്ച് നന്ദി കാണിക്കാതിരുന്നേക്കാം. നമ്മൾ മറ്റുള്ളവരെ നമ്മുടെ സമയവും ഊർജവും വസ്തുവകകളും ഒക്കെ ഉപയോഗിച്ച് സഹായിച്ചിട്ടുണ്ടാകും. എന്നാൽ ചിലർ നമ്മൾ ചെയ്തതിനെക്കുറിച്ച് ഒന്നു ചിന്തിക്കുകപോലും ചെയ്യാത്തതായി നമുക്കു തോന്നിയേക്കാം. എപ്പോഴെങ്കിലും അങ്ങനെ സംഭവിച്ചാൽ, നമ്മുടെ സന്തോഷം നഷ്ടപ്പെടാതിരിക്കാനും അവരോടു ദേഷ്യം തോന്നാതിരിക്കാനും നമുക്ക് എന്തു ചെയ്യാനാകും? അപ്പോൾ ഈ ലേഖനത്തിന്റെ ആധാരവാക്യമായ പ്രവൃത്തികൾ 20:35 ഓർക്കുക. കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം ആശ്രയിച്ചിരിക്കുന്നത് മറ്റുള്ളവരുടെ പ്രതികരണത്തെ അല്ല. മറ്റുള്ളവർ വിലമതിക്കുന്നതായി തോന്നാത്തപ്പോൾപ്പോലും നമുക്കു കൊടുക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാൻ പറ്റും. എങ്ങനെ? ചില വഴികൾ നോക്കാം.
16. കൊടുക്കുമ്പോൾ നമ്മൾ ഏതു കാര്യം ഓർക്കണം?
16 കൊടുക്കുമ്പോൾ യഹോവയെ അനുകരിക്കുകയാണെന്ന് ഓർക്കുക. ആളുകൾ വിലമതിച്ചാലും ഇല്ലെങ്കിലും യഹോവ അവർക്കു പല നല്ല കാര്യങ്ങളും കൊടുക്കുന്നു. (മത്താ. 5:43-48) നമ്മളും അതുപോലെ “ഒന്നും തിരികെ പ്രതീക്ഷിക്കാതെ” കൊടുക്കുകയാണെങ്കിൽ നമ്മുടെ ‘പ്രതിഫലം വളരെ വലുതായിരിക്കുമെന്ന്’ യഹോവ ഉറപ്പുതരുന്നു. (ലൂക്കോ. 6:35) ഇവിടെ “ഒന്നും” എന്നു പറയുന്നതിൽ തിരികെ കിട്ടുന്ന നന്ദിപോലും ഉൾപ്പെടും. നമുക്ക് അതു കിട്ടിയാലും ഇല്ലെങ്കിലും നമ്മൾ ‘സന്തോഷത്തോടെ കൊടുക്കുന്നവരാണെങ്കിൽ’ നമ്മൾ ചെയ്ത നന്മയ്ക്ക് യഹോവ തീർച്ചയായും പ്രതിഫലം തരും.—സുഭാ. 19:17; 2 കൊരി. 9:7.
17. കൊടുക്കുമ്പോൾ ശരിയായ വീക്ഷണം നിലനിറുത്താൻ നമുക്ക് എങ്ങനെ കഴിയും? (ലൂക്കോസ് 14:12-14)
17 കൊടുക്കുമ്പോൾ ശരിയായ വീക്ഷണം നിലനിറുത്താൻ സഹായിക്കുന്ന ഒരു തത്ത്വം ലൂക്കോസ് 14:12-14-ൽ (വായിക്കുക.) യേശു പറഞ്ഞു. നമുക്കു തിരിച്ചുതരാൻ പ്രാപ്തിയുള്ളവർക്ക് എന്തെങ്കിലും ചെയ്ത് കൊടുക്കുന്നതോ അവരെ ഒരു നേരത്തെ ഭക്ഷണത്തിനു ക്ഷണിക്കുന്നതോ ഒന്നും ഒരു തെറ്റല്ല. പക്ഷേ, എന്തെങ്കിലും തിരികെ പ്രതീക്ഷിച്ചാണു നമ്മൾ മിക്കപ്പോഴും മറ്റുള്ളവർക്കു കൊടുക്കുന്നതെങ്കിലോ? അങ്ങനെയാണെങ്കിൽ യേശു പറഞ്ഞ കാര്യം അനുസരിക്കാൻ നമ്മൾ കൂടുതൽ ശ്രമിക്കേണ്ടതുണ്ട്. തിരിച്ചൊന്നും നമുക്കു ചെയ്തുതരാൻ പറ്റാത്തവരോടും നമ്മൾ ആതിഥ്യം കാണിക്കണം. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ യഹോവയെ അനുകരിക്കുകയായിരിക്കും. അതു നമുക്കു സന്തോഷം തരും. അതുകൊണ്ട് തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണു നമ്മൾ കൊടുക്കുന്നതെങ്കിൽ അവർ വിലമതിപ്പൊന്നും കാണിച്ചില്ലെങ്കിൽപ്പോലും നമുക്കു സന്തോഷം നിലനിറുത്താൻ പറ്റും.
18. നമ്മൾ എന്തു ചെയ്യരുത്, എന്തുകൊണ്ട്?
18 മറ്റുള്ളവരെ സംശയിക്കരുത്. (1 കൊരി. 13:7) മറ്റുള്ളവർ നന്ദി കാണിക്കാത്തപ്പോൾ നിങ്ങൾക്കു സ്വയം ഇങ്ങനെ ചോദിക്കാം: ‘അവർക്കു ശരിക്കും വിലമതിപ്പില്ലാഞ്ഞിട്ടാണോ അതോ അവർ നന്ദി കാണിക്കാൻ മറന്നുപോയതാണോ?’ ഇനി നമ്മൾ പ്രതീക്ഷിച്ചതുപോലെ നമ്മളോടു നന്ദി പറയാത്തതിനു വേറെയും കാരണങ്ങളുണ്ടായിരിക്കാം. ചിലർക്ക് ഉള്ളിൽ ഒരുപാട് വിലമതിപ്പുണ്ടെങ്കിലും അതു പ്രകടിപ്പിക്കാൻ അറിയില്ലായിരിക്കും. അതുപോലെ മുമ്പ് ഒരുപാടു പേരെ സഹായിച്ചിരുന്ന ഒരാളാണെങ്കിൽ ഇപ്പോൾ സഹായം സ്വീകരിക്കേണ്ടിവന്നതിന്റെ ബുദ്ധിമുട്ട് അയാൾക്കുണ്ടാകും. കാരണം എന്തുതന്നെയായാലും, നമ്മൾ സഹോദരങ്ങളെ ശരിക്കും സ്നേഹിക്കുന്നുണ്ടെങ്കിൽ അവരെ സംശയിക്കാതെ തുടർന്നും സന്തോഷത്തോടെ കൊടുത്തുകൊണ്ടിരിക്കും.—എഫെ. 4:2.
19-20. മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ ക്ഷമ കാണിക്കുന്നതു പ്രയോജനം ചെയ്തേക്കാവുന്നത് എങ്ങനെ? (ചിത്രവും കാണുക.)
19 ക്ഷമ കാണിക്കുക. ഉദാരത കാണിക്കുന്നതുമായി ബന്ധപ്പെട്ട് ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ എഴുതി: “നിന്റെ അപ്പം വെള്ളത്തിന്മീതെ എറിയുക; കുറെ കാലം കഴിഞ്ഞ് നീ അതു വീണ്ടും കണ്ടെത്തും.” (സഭാ. 11:1) ഈ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ നമ്മൾ കാണിച്ച ഉദാരതയോടു ചിലർ പ്രതികരിക്കുന്നതു ‘കുറെ കാലം കഴിഞ്ഞിട്ടായിരിക്കാം.’ ഇതു സത്യമാണെന്നു തെളിയിക്കുന്ന ഒരു അനുഭവം നോക്കാം.
20 കുറെ വർഷം മുമ്പ് ഒരു സർക്കിട്ട് മേൽവിചാരകന്റെ ഭാര്യ, പുതുതായി സ്നാനമേറ്റ സാന്ദ്ര എന്ന ഒരു സഹോദരിക്കു പ്രോത്സാഹിപ്പിക്കുന്ന ഒരു കത്ത് കൊടുത്തു. യഹോവയോടു വിശ്വസ്തയായി നിൽക്കുന്നത് എത്ര പ്രധാനമാണെന്നാണ് ആ കത്തിലുണ്ടായിരുന്നത്. ഏതാണ്ട് എട്ടു വർഷം കഴിഞ്ഞപ്പോൾ സാന്ദ്ര കത്തിനു മറുപടി അയച്ചു: “ഈ വർഷങ്ങളിൽ എല്ലാം സഹോദരിയുടെ വാക്കുകൾ എന്നെ എത്രമാത്രം സഹായിച്ചിട്ടുണ്ടെന്ന് സഹോദരിക്ക് അറിയാമോ? ആ കത്ത് വളരെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. അതിൽ എന്നെ ഏറ്റവും സ്വാധീനിച്ചത് ആ തിരുവെഴുത്താണ്. അത് ഞാൻ ഒരിക്കലും മറക്കില്ല.” a താൻ നേരിട്ട പല ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞിട്ട് സാന്ദ്ര ഇങ്ങനെ എഴുതി: “എനിക്ക് എല്ലാം ഇട്ടിട്ടുപോകാൻ, സത്യവും ഉത്തരവാദിത്വങ്ങളും എല്ലാം ഉപേക്ഷിച്ചുപോകാൻ തോന്നിയിട്ടുണ്ട്. പക്ഷേ സഹോദരി എഴുതിയ ആ വാക്യമാണ് വീണുപോകാതെ, വിശ്വസ്തമായി പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചത്. ഈ എട്ടു വർഷത്തിനിടയിൽ എന്നെ ഇത്രയും ബലപ്പെടുത്തിയ മറ്റൊന്നും ഉണ്ടായിട്ടില്ല.” “കുറെ കാലം കഴിഞ്ഞ്” ഇങ്ങനെയൊരു കത്ത് കിട്ടിയപ്പോൾ ആ സർക്കിട്ട് മേൽവിചാരകന്റെ ഭാര്യക്ക് എത്ര സന്തോഷം തോന്നിക്കാണുമെന്ന് ഒന്നു ചിന്തിച്ചുനോക്കുക! നമ്മുടെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചേക്കാം. നമ്മൾ ആർക്കെങ്കിലും ഒരു നന്മ ചെയ്തിട്ട് കുറെ നാൾ കഴിഞ്ഞ് അവർ തിരിച്ച് നമ്മളോടു നന്ദി കാണിച്ചേക്കാം.
21. യഹോവ കാണിക്കുന്ന ഉദാരത അനുകരിക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്തുകൊണ്ട്?
21 നമ്മൾ കണ്ടതുപോലെ ഒരു പ്രത്യേകപ്രാപ്തിയോടെയാണ് യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. എന്തെങ്കിലും കിട്ടുമ്പോൾ നമുക്കു സന്തോഷം തോന്നുമെങ്കിലും, നമ്മൾ മറ്റുള്ളവർക്കു കൊടുക്കുമ്പോൾ അതിലേറെ സന്തോഷം തോന്നും. സഹോദരങ്ങളെ സഹായിക്കാനാകുമ്പോൾ നമുക്കു സംതൃപ്തി കിട്ടുന്നു. അവർ അതു വിലമതിക്കുന്നതു കാണുമ്പോഴും നമ്മുടെ സന്തോഷം കൂടും. എന്നാൽ അവർ വിലമതിപ്പു കാണിച്ചില്ലെങ്കിലും നമ്മൾ ശരിയായതു ചെയ്തല്ലോ എന്നോർത്ത് നമുക്കു സന്തോഷിക്കാനാകും. നിങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുന്നത് എന്താണെങ്കിലും, ‘അതിനെക്കാൾ എത്രയോ അധികം നിങ്ങൾക്കു തരാൻ യഹോവയ്ക്കു കഴിയും’ എന്നോർക്കുക. (2 ദിന. 25:9) ദൈവം തരുന്നത് എപ്പോഴും കൂടുതലായിരിക്കും. യഹോവയിൽനിന്ന് പ്രതിഫലം കിട്ടുന്നതിനെക്കാൾ വലിയ സന്തോഷം വേറെയില്ല. അതുകൊണ്ട്, ഉദാരമായി കൊടുക്കുന്ന നമ്മുടെ സ്വർഗീയപിതാവിനെ നമുക്കു തുടർന്നും അനുകരിക്കാം.
ഗീതം 17 “എനിക്കു മനസ്സാണ്”
a സർക്കിട്ട് മേൽവിചാരകന്റെ ഭാര്യ എഴുതിക്കൊടുത്ത വാക്യം 2 യോഹന്നാൻ 8 ആയിരുന്നു. അവിടെ ഇങ്ങനെ പറയുന്നു: “ഞങ്ങൾ എന്തിനുവേണ്ടി അധ്വാനിച്ചോ, അതു നഷ്ടമാക്കാതെ പ്രതിഫലം മുഴുവൻ നേടാൻ ശ്രദ്ധിച്ചുകൊള്ളുക.”
b ചിത്രത്തിന്റെ വിവരണം: ഈ ചിത്രങ്ങളിൽ, 20-ാം ഖണ്ഡികയിൽ കണ്ട സർക്കിട്ട് മേൽവിചാരകന്റെ ഭാര്യ ചെയ്ത കാര്യം പുനരവതരിപ്പിച്ചിരിക്കുന്നു. സഹോദരി മറ്റൊരു സഹോദരിക്ക് പ്രോത്സാഹനം പകരുന്ന ഒരു കത്ത് എഴുതി. വർഷങ്ങൾക്കു ശേഷം ആ സർക്കിട്ട് മേൽവിചാരകന്റെ ഭാര്യക്കു വിലമതിപ്പ് അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് തിരിച്ചുകിട്ടി.