പഠനലേഖനം 36
ഗീതം 89 ശ്രദ്ധിക്കാം, അനുസരിക്കാം, അനുഗ്രഹം നേടാം
‘വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവരാകുക’
‘ദൈവവചനം കേൾക്കുക മാത്രം ചെയ്യുന്നവരാകാതെ വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവരാകണം.’—യാക്കോ. 1:22.
ഉദ്ദേശ്യം
ഈ ലേഖനം, ദൈവവചനം എന്നും വായിക്കാനുള്ള ആഗ്രഹം മാത്രമല്ല വായിച്ചതിനെക്കുറിച്ച് ചിന്തിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ഉള്ള നമ്മുടെ ആഗ്രഹവും ശക്തമാക്കും.
1-2. ദൈവജനം സന്തോഷമുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്? (യാക്കോബ് 1:22-25)
യഹോവയും പ്രിയമകനായ യേശുവും നമ്മൾ സന്തോഷമുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നു. സങ്കീർത്തനം 119:2 ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ അനുസരിക്കുന്നവർ, മുഴുഹൃദയത്തോടെ ദൈവത്തെ തേടുന്നവർ, സന്തുഷ്ടർ.” യേശുവും ഈ ഉറപ്പു നൽകി: “ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് സന്തുഷ്ടർ.”— ലൂക്കോ. 11:28, അടിക്കുറിപ്പ്.
2 യഹോവയുടെ ആരാധകരായ നമ്മളെല്ലാം സന്തോഷമുള്ളവരാണ്. എന്തുകൊണ്ട്? പല കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് നമ്മൾ ദിവസവും ബൈബിൾ വായിക്കുകയും പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ്.—യാക്കോബ് 1:22-25 വായിക്കുക.
3. ദൈവവചനത്തിൽനിന്ന് വായിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ നമുക്ക് എന്ത് പ്രയോജനം കിട്ടും?
3 ‘വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ’ നമുക്കു പല പ്രയോജനങ്ങളുണ്ട്. ഉദാഹരണത്തിന്, നമ്മൾ ദൈവവചനം അനുസരിക്കുന്നത് യഹോവയെ സന്തോഷിപ്പിക്കും. ആ ബോധ്യം നമുക്കു സന്തോഷം തരും. (സഭാ. 12:13) ഇനി, ദൈവവചനത്തിൽനിന്ന് വായിച്ചതിനു ചേർച്ചയിൽ ജീവിക്കുമ്പോൾ നമ്മുടെ കുടുംബജീവിതം മെച്ചപ്പെടും. അതുപോലെ സഹോദരങ്ങളുമായുള്ള സൗഹൃദവും ശക്തമാകും. അതു സത്യമാണെന്നു സ്വന്തം ജീവിതത്തിൽനിന്ന് നിങ്ങൾക്കു തോന്നുന്നില്ലേ? മറ്റൊരു പ്രയോജനം, യഹോവയുടെ വഴികൾ അനുസരിക്കാത്തവർക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങളും നമുക്ക് ഒഴിവാക്കാനാകും. ദാവീദ് രാജാവ് പറഞ്ഞതുപോലെയായിരിക്കും നമുക്കും തോന്നുന്നത്. 19-ാം സങ്കീർത്തനത്തിൽ യഹോവയുടെ നിയമത്തെയും ആജ്ഞകളെയും വിധികളെയും കുറിച്ചൊക്കെ പറഞ്ഞതിനു ശേഷം ഒടുവിൽ ദാവീദ് ഇങ്ങനെ എഴുതി: “അവ പാലിച്ചാൽ വലിയ പ്രതിഫലമുണ്ട്.”—സങ്കീ. 19:7-11.
4. ദൈവവചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവർ ആയിരിക്കുന്നത് അത്ര എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
4 വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവരാകാൻ, നമ്മൾ ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ട് യഹോവയുടെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കണം. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ അത് എല്ലായ്പോഴും അത്ര എളുപ്പമല്ല. അതുകൊണ്ട് നമ്മൾ അതിനായി സമയം കണ്ടെത്തേണ്ടതുണ്ട്. ദിവസവും ബൈബിൾ വായിക്കുന്ന ഒരു ശീലമുണ്ടായിരിക്കാൻ നമ്മളെ സഹായിക്കുന്ന ചില നിർദേശങ്ങൾ നമുക്കു നോക്കാം. വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും അതനുസരിച്ച് ജീവിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളും നമ്മൾ ഈ ലേഖനത്തിൽ പഠിക്കും.
ദൈവവചനം വായിക്കാൻ സമയം മാറ്റിവെക്കുക
5. ഏതൊക്കെ ഉത്തരവാദിത്വങ്ങൾ കാരണം നമ്മൾ തിരക്കുള്ളവരാണ്?
5 യഹോവയുടെ ജനത്തിൽ മിക്കവരും വളരെ തിരക്കുള്ളവരാണ്. കാരണം, പ്രധാനപ്പെട്ടതെന്നു തിരുവെഴുത്തുകൾ പറയുന്ന പല ഉത്തരവാദിത്വങ്ങളും നമുക്കെല്ലാം ചെയ്യാനുണ്ട്. ഉദാഹരണത്തിന്, നമുക്കും കുടുംബത്തിനും വേണ്ടി കരുതാൻ നമ്മളിൽ മിക്കവരും ജോലി ചെയ്യുന്നു. (1 തിമൊ. 5:8) പല സഹോദരങ്ങൾക്കും പ്രായമായ അല്ലെങ്കിൽ രോഗാവസ്ഥയിലുള്ള കുടുംബാംഗങ്ങളെ നോക്കാനുണ്ട്. അതുപോലെ നമുക്കെല്ലാം സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനും സമയം വേണം. ഇതിനെല്ലാം പുറമേ, സഭയിൽ നമുക്കു പല നിയമനങ്ങളും ചെയ്യാനുണ്ടാകും. പ്രസംഗപ്രവർത്തനത്തിൽ ഉത്സാഹത്തോടെ പ്രവർത്തിക്കേണ്ടതും പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വമാണ്. ഇത്രയേറെ കാര്യങ്ങൾ ചെയ്യാനുള്ളപ്പോൾ നമുക്ക് എങ്ങനെ പതിവായി ബൈബിൾ വായിക്കാനും വായിച്ചതിനെക്കുറിച്ച് ധ്യാനിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും സമയം മാറ്റിവെക്കാനാകും?
6. ദിവസവും മുടങ്ങാതെ ബൈബിൾ വായിക്കുന്നതിനു നിങ്ങൾക്ക് എന്തു ചെയ്യാം? (ചിത്രവും കാണുക.)
6 ക്രിസ്ത്യാനികൾ ചെയ്യേണ്ട ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ’ ഒന്നാണ് ബൈബിൾവായന. അതുകൊണ്ട് നമ്മൾ അതു ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. (ഫിലി. 1:10) സന്തോഷമുള്ള മനുഷ്യനെക്കുറിച്ച് ഒന്നാം സങ്കീർത്തനം ഇങ്ങനെ പറയുന്നു: “യഹോവയുടെ നിയമമാണ് അവന് ആനന്ദം പകരുന്നത്. അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു.” (സങ്കീ. 1:1, 2) ദൈവവചനം വായിക്കാൻ നമ്മൾ സമയം മാറ്റിവെക്കണം എന്നുതന്നെയാണ് അതു കാണിക്കുന്നത്. അങ്ങനെയെങ്കിൽ ബൈബിൾ വായിക്കാനുള്ള ഏറ്റവും പറ്റിയ സമയം ഏതാണ്? പലർക്കും പലതായിരിക്കും. ഏതു സമയമായാലും ദിവസവും വായിക്കാൻ പറ്റുന്ന ഒരു സമയം ആയിരിക്കണം എന്നു മാത്രം. വിക്ടർ സഹോദരൻ പറയുന്നു: “ഞാൻ രാവിലെയാണ് ബൈബിൾ വായിക്കാറുള്ളത്. രാവിലെ എഴുന്നേൽക്കാൻ എനിക്ക് അത്ര ഇഷ്ടമില്ലെങ്കിലും ആ സമയത്ത് എന്റെ ശ്രദ്ധ കളയുന്ന കാര്യങ്ങൾ കുറവാണ്. മറ്റു ചിന്തകളൊന്നും കടന്നുവരാതെ നല്ല ഏകാഗ്രതയോടെ വായിക്കാൻ എനിക്ക് അപ്പോൾ കഴിയാറുണ്ട്.” നിങ്ങൾക്ക് അങ്ങനെയാണോ? ‘എനിക്ക് ബൈബിൾ വായിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം ഏതാണ്’ എന്നു സ്വയം ചോദിക്കുക.
വായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക
7-8. വായിക്കുന്ന കാര്യങ്ങളിൽനിന്ന് പൂർണപ്രയോജനം നേടാൻ നമ്മൾ എന്ത് ഒഴിവാക്കണം? ഒരു ഉദാഹരണം പറയുക.
7 നമ്മളെല്ലാം ദിവസവും ഒരുപാടു കാര്യങ്ങൾ വായിക്കാറുണ്ട്. പക്ഷേ അതിൽ പലതും നമ്മുടെ മനസ്സിലേക്കു കയറാറില്ല. എന്തെങ്കിലും ഒരു കാര്യം വായിച്ചിട്ട് കുറച്ച് കഴിയുമ്പോൾ നിങ്ങൾക്ക് അത് ഓർത്തെടുക്കാൻ കഴിയാതെ വന്നിട്ടുണ്ടോ? നമുക്കെല്ലാം അങ്ങനെ സംഭവിച്ചിട്ടുണ്ടാകും. ബൈബിൾവായനയുടെ കാര്യത്തിലും ചിലപ്പോൾ അങ്ങനെ സംഭവിച്ചുപോയേക്കാം. ഓരോ ദിവസവും ബൈബിളിലെ കുറച്ച് അധ്യായങ്ങൾ വായിക്കാൻ നിങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടെന്നു വിചാരിക്കുക. അതു നല്ലതു തന്നെയാണ്. നമ്മൾ ലക്ഷ്യങ്ങൾ വെക്കുകയും അതിൽ എത്തിച്ചേരാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്. (1 കൊരി. 9:26) പക്ഷേ ബൈബിൾ വെറുതേ വായിച്ചാൽ മാത്രം മതിയോ? പോരാ. ബൈബിൾ വായിക്കുന്നത് ഒരു തുടക്കം മാത്രമാണ്. വായിക്കുന്നതിൽനിന്ന് പൂർണപ്രയോജനം നേടാൻ നമ്മൾ മറ്റു ചില കാര്യങ്ങൾകൂടെ ചെയ്യേണ്ടതുണ്ട്.
8 ഒരു ഉദാഹരണം നോക്കാം: ചെടികൾ വളരാൻ വെള്ളം വേണം. പക്ഷേ ഒറ്റയടിക്ക് ഒരുപാടു മഴ പെയ്താൽ മണ്ണ് വല്ലാതെ നനഞ്ഞു കുതിരും. അങ്ങനെ കുതിർന്നിരിക്കുന്ന മണ്ണിലേക്ക് ഉടൻതന്നെ വീണ്ടും മഴ പെയ്താൽ ആ വെള്ളം ഒഴുകിപ്പോകുകയേ ഉള്ളൂ. അതു ചെടിക്കു പ്രയോജനപ്പെടില്ല. കാരണം മണ്ണിനു വെള്ളം വലിച്ചെടുക്കാൻ സമയം ആവശ്യമാണ്. അതുപോലെ ബൈബിൾ വായിക്കുമ്പോഴും വേഗത്തിൽ വായിച്ചുതീർക്കുന്ന രീതി നമ്മൾ ഒഴിവാക്കണം. കാരണം അങ്ങനെ ചെയ്താൽ വായിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനോ അത് ഓർത്തിരിക്കാനോ ജീവിതത്തിൽ പ്രയോജനപ്പെടുത്താനോ നമുക്കു പറ്റാതെ വരും.—യാക്കോ. 1:24.
9. ബൈബിൾ ഓടിച്ച് വായിക്കുന്ന ഒരു ശീലം നിങ്ങൾക്കുണ്ടെങ്കിൽ എന്തു ചെയ്യണം?
9 ചിലപ്പോഴെങ്കിലും നിങ്ങൾ, ബൈബിൾ ഓടിച്ച് വായിക്കാറുണ്ടെങ്കിൽ എന്തു ചെയ്യണം? വായനയുടെ വേഗത കുറയ്ക്കുക. വായിക്കുന്നതിനെക്കുറിച്ച് ധ്യാനിക്കാൻ സമയമെടുക്കണം. ഒന്നുകിൽ വായിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെയോ അല്ലെങ്കിൽ വായിച്ചുകഴിഞ്ഞോ നമുക്ക് അതു ചെയ്യാനാകും. ധ്യാനിക്കുക എന്നു പറയുമ്പോൾ അത് എന്തോ വലിയ ഒരു കാര്യമായി നിങ്ങൾക്കു തോന്നുന്നെങ്കിൽ ഇങ്ങനെ ചെയ്താൽ മതി: എന്താണ് വായിച്ചത് എന്ന് വെറുതേ ഒന്നുകൂടി ചിന്തിക്കുക. അങ്ങനെ ചിന്തിക്കാൻ, അല്ലെങ്കിൽ ധ്യാനിക്കാൻ സമയം കിട്ടണം. അതിന് ഒന്നുകിൽ പഠിക്കുന്നതിന്റെ സമയം കൂട്ടാം. അല്ലെങ്കിൽ കുറച്ച് വാക്യങ്ങൾ മാത്രം വായിച്ചിട്ട് ബാക്കി സമയം അതെക്കുറിച്ച് ചിന്തിക്കാനായി എടുക്കാം. മുമ്പ് കണ്ട വിക്ടർ പറയുന്നു: “ഞാൻ കുറച്ച് മാത്രമേ ബൈബിൾ വായിക്കുകയുള്ളൂ; ചിലപ്പോൾ ഒരു അധ്യായമൊക്കെ. രാവിലെ വായിക്കുന്നതുകൊണ്ട് ആ ദിവസം മുഴുവൻ വായിച്ചതിനെക്കുറിച്ച് ചിന്തിക്കാൻ എനിക്കു പറ്റും.” നിങ്ങൾ വായിക്കാൻ ഏതു രീതി തിരഞ്ഞെടുത്താലും വായിക്കുന്നതിൽനിന്ന് പ്രയോജനം നേടാനാകുന്ന ഒരു വേഗതയിൽ മാത്രമേ വായിക്കാവൂ.—സങ്കീ. 119:97; “ ചിന്തിക്കാൻ ചില ചോദ്യങ്ങൾ” എന്ന ചതുരം കാണുക.
10. പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നിങ്ങളെ എന്തു സഹായിക്കും, ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കുക. (1 തെസ്സലോനിക്യർ 5:17, 18)
10 നിങ്ങൾ എപ്പോൾ ബൈബിൾ വായിച്ചാലും എത്ര സമയം അതിനായി ചെലവഴിച്ചാലും വായിക്കുന്ന കാര്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നു ചിന്തിക്കാൻ വിട്ടുപോകരുത്. ദൈവവചനത്തിലെ ഒരു ഭാഗം വായിക്കുമ്പോൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഈ വിവരങ്ങൾ ഇപ്പോഴോ ഭാവിയിലോ എനിക്ക് എങ്ങനെ പ്രയോജനപ്പെടുത്താനാകും?’ ഇത് എങ്ങനെ ചെയ്യാമെന്നു മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം: നിങ്ങൾ ഇപ്പോൾ 1 തെസ്സലോനിക്യർ 5:17, 18 (വായിക്കുക.) വായിച്ച് കഴിഞ്ഞതേ ഉള്ളൂ. ഇപ്പോൾ വായന നിറുത്തിയിട്ട്, നിങ്ങൾ ഉള്ളിന്റെ ഉള്ളിൽനിന്ന് എത്ര കൂടെക്കൂടെ പ്രാർഥിക്കാറുണ്ട് എന്ന് ചിന്തിക്കുന്നു. അതുപോലെ എന്തൊക്കെ കാര്യങ്ങൾക്കാണ് നിങ്ങൾക്കു ദൈവത്തോടു നന്ദി തോന്നുന്നതെന്നും ആലോചിക്കുന്നു. ചിലപ്പോൾ ഏതെങ്കിലും മൂന്നു കാര്യങ്ങൾ എടുത്തുപറഞ്ഞ് യഹോവയോടു നന്ദി പറയാൻ നിങ്ങൾ തീരുമാനിച്ചേക്കാം. ഇങ്ങനെ ശ്രദ്ധയോടെ ഏതാനും മിനിട്ടുകൾ ചിന്തിക്കുമ്പോൾത്തന്നെ നിങ്ങൾ ഒരു പരിധിവരെ ദൈവവചനം കേൾക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളാകുകയാണ്. ഓരോ ദിവസവും ബൈബിൾ വായിക്കുമ്പോൾ ഇങ്ങനെ ചെയ്യുന്നെങ്കിൽ അതു നിങ്ങൾക്ക് എത്രമാത്രം പ്രയോജനം ചെയ്യും എന്നു ചിന്തിച്ച് നോക്കൂ. പതിയെപ്പതിയെ ദൈവവചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്ന ഒരാളായി നിങ്ങൾ വളരും. എന്നാൽ മാറ്റം വരുത്തേണ്ട ഒരുപാടു കാര്യങ്ങൾ കണ്ടെത്തുന്നെങ്കിലോ?
ന്യായമായ ലക്ഷ്യങ്ങൾ വെക്കുക
11. ചില സമയത്ത് നിങ്ങൾക്ക് എന്തുകൊണ്ട് മടുപ്പു തോന്നിയേക്കാം, ഒരു ഉദാഹരണം പറയുക.
11 ബൈബിൾ വായിക്കുമ്പോൾ മാറ്റങ്ങൾ വരുത്താനുള്ള ഒരുപാടു കാര്യങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ട്. അപ്പോൾ നമുക്കു മടുപ്പു തോന്നിയേക്കാം. ഒരു ഉദാഹരണം നോക്കാം: ഒരു ദിവസം ബൈബിൾ വായിച്ചപ്പോൾ പക്ഷപാതം കാണിക്കരുത് എന്നാണ് നിങ്ങൾ പഠിച്ചത്. (യാക്കോ. 2:1-8) അപ്പോൾ നിങ്ങൾക്കു തോന്നി, മറ്റുള്ളവരോട് ഇടപെടുന്ന കാര്യത്തിൽ നിങ്ങൾ കുറച്ച് മാറ്റങ്ങളൊക്കെ വരുത്തേണ്ടതുണ്ടെന്ന്. അങ്ങനെ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. അതു നല്ലതാണ്. പിറ്റേ ദിവസം ബൈബിൾ വായിച്ചപ്പോൾ സംസാരം ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കി. (യാക്കോ. 3:1-12) ചിലപ്പോഴൊക്കെ നിങ്ങളുടെ സംസാരം അൽപ്പം മോശമായി പോകാറുണ്ട് എന്ന് നിങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ട് ബലപ്പെടുത്തുന്ന രീതിയിൽ സംസാരിക്കാൻ നിങ്ങൾ ലക്ഷ്യം വെച്ചു. ഇനി അടുത്ത ദിവസത്തെ ബൈബിൾവായനയിൽ ലോകത്തിന്റെ സുഹൃത്ത് ആകുന്നതിനെതിരെ മുന്നറിയിപ്പുണ്ടായിരുന്നു. (യാക്കോ. 4:4-12) വിനോദങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതുണ്ടെന്നു നിങ്ങൾ മനസ്സിലാക്കുന്നു. നാലാമത്തെ ദിവസം ആകുമ്പോഴേക്കും ഇത്രയേറെ കാര്യങ്ങൾ എനിക്ക് മാറ്റം വരുത്തണമല്ലോ എന്നു ചിന്തിച്ച് നിങ്ങൾക്കു മടുപ്പു തോന്നിയേക്കാം.
12. ബൈബിൾ വായിക്കുമ്പോൾ നിങ്ങൾ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു കണ്ടെത്തിയാൽ നിരുത്സാഹിതരായി പോകേണ്ടതില്ലാത്തത് എന്തുകൊണ്ട്? (അടിക്കുറിപ്പും കാണുക.)
12 കുറെയേറെ മാറ്റങ്ങൾ വരുത്താനുണ്ടെന്നു കണ്ടാൽ നിങ്ങൾ നിരുത്സാഹിതരായി പോകേണ്ട കാര്യമില്ല. നിങ്ങൾക്കു നല്ലൊരു ഹൃദയനിലയുണ്ട് എന്നാണ് അതു കാണിക്കുന്നത്. താഴ്മയുള്ള, സത്യസന്ധനായ ഒരു വ്യക്തി ബൈബിൾ വായിക്കുമ്പോൾ ‘എനിക്കെന്തു മാറ്റം വരുത്താം’ എന്നതിനെക്കുറിച്ച് ചിന്തിക്കും; അതു നല്ലതാണ്. a “പുതിയ വ്യക്തിത്വം” ധരിച്ചാൽ മാത്രം പോരാ, അതു പുതുക്കിക്കൊണ്ടേയിരിക്കണം എന്ന് ഓർക്കാം. (കൊലോ. 3:10) എപ്പോഴും ദൈവവചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവരായിരിക്കാൻ നിങ്ങളെ എന്തു സഹായിക്കും?
13. ന്യായമായ ലക്ഷ്യങ്ങൾ വെക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാം? (ചിത്രവും കാണുക.)
13 വായിച്ചപ്പോൾ കണ്ടെത്തിയ എല്ലാ കാര്യങ്ങളും ഒന്നിച്ച് ചെയ്യാൻ ശ്രമിക്കുന്നതിനു പകരം ന്യായമായ ലക്ഷ്യങ്ങൾ വെക്കുക. (സുഭാ. 11:2) ഇങ്ങനെ ചെയ്തുനോക്കാം: മാറ്റം വരുത്തേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. എന്നിട്ട് അതിൽനിന്ന് ഒന്നോ രണ്ടോ എണ്ണം ആദ്യം തിരഞ്ഞെടുക്കുക. ബാക്കി കാര്യങ്ങളിൽ നമുക്കു പതിയെ മാറ്റങ്ങൾ വരുത്താം. എങ്കിൽ എവിടെ തുടങ്ങും?
14. നിങ്ങൾക്ക് എങ്ങനെയുള്ള ലക്ഷ്യങ്ങളിൽ നിന്ന് തുടങ്ങാം?
14 എത്തിച്ചേരാൻ എളുപ്പമുള്ള ഒരു ലക്ഷ്യം തിരഞ്ഞെടുത്തുകൊണ്ട് നിങ്ങൾക്കു തുടങ്ങാനാകും. അല്ലെങ്കിൽ നിങ്ങൾ ഏറ്റവും കൂടുതൽ മാറ്റം വരുത്തേണ്ടത് ഏതു കാര്യത്തിലാണോ അതു തിരഞ്ഞെടുക്കുക. ലക്ഷ്യം തീരുമാനിച്ച് കഴിഞ്ഞാൽ വാച്ച്ടവർ ഓൺലൈൻ ലൈബ്രറിയോ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയോ ഒക്കെ ഉപയോഗിച്ച് ആ കാര്യത്തെക്കുറിച്ച് നന്നായി പഠിക്കുക. അതുപോലെ ലക്ഷ്യത്തിലെത്താനുള്ള “ആഗ്രഹവും പ്രവർത്തിക്കാനുള്ള ശക്തിയും” തരണേ എന്ന് യഹോവയോടു പ്രാർഥിക്കുക. (ഫിലി. 2:13) എന്നിട്ട്, പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചുതുടങ്ങാം. ആദ്യലക്ഷ്യത്തിൽ നിങ്ങൾ പുരോഗതി വരുത്തുന്നതു കാണുമ്പോൾ അടുത്തതു ചെയ്യാൻ കൂടുതൽ ആഗ്രഹം തോന്നും. അതുപോലെ ഒരു ക്രിസ്തീയഗുണം വളർത്തിയെടുത്ത് കഴിയുമ്പോൾ മറ്റു ഗുണങ്ങൾ വളർത്തിയെടുക്കുന്നത് എളുപ്പമായിത്തീരുകയും ചെയ്തേക്കാം.
ദൈവവചനം ‘നിങ്ങളിൽ പ്രവർത്തിക്കട്ടെ’
15. ബൈബിൾ വായിക്കാറുള്ള പല ആളുകളിൽനിന്നും യഹോവയുടെ ജനം വ്യത്യസ്തരായിരിക്കുന്നത് എങ്ങനെയാണ്? (1 തെസ്സലോനിക്യർ 2:13)
15 ബൈബിൾ പല തവണ വായിച്ചിട്ടുണ്ടെന്നു ചിലർ പറഞ്ഞേക്കാം. പക്ഷേ ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ അവർ ശരിക്കും വിശ്വസിക്കുന്നുണ്ടോ? അതനുസരിച്ച് ജീവിക്കാനോ മാറ്റങ്ങൾ വരുത്താനോ അവർ തയ്യാറാകുന്നുണ്ടോ? പലപ്പോഴും അതിന്റെ ഉത്തരം ഇല്ല എന്നാണ്. എന്നാൽ യഹോവയുടെ ജനം വ്യത്യസ്തരാണ്. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ നമ്മളും, ബൈബിളിനെ “അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെതന്നെ വചനമായിട്ടാണ്” കാണുന്നത്. അതുകൂടാതെ ബൈബിൾ പറയുന്നതനുസരിച്ച് പ്രവർത്തിക്കാനും നമ്മൾ പരമാവധി ശ്രമിക്കുന്നു.—1 തെസ്സലോനിക്യർ 2:13 വായിക്കുക.
16. ദൈവവചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവർ ആകാൻ നമ്മളെ എന്തു സഹായിക്കും?
16 ദിവസവും ദൈവവചനം വായിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് എപ്പോഴും അത്ര എളുപ്പമല്ല. വായിക്കാനുള്ള സമയം കണ്ടെത്തുന്നത് ഒരു ബുദ്ധിമുട്ടായിരുന്നേക്കാം. അല്ലെങ്കിൽ വായിക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിക്കാതെ പെട്ടെന്ന് വായിച്ചുതീർക്കാൻ നിങ്ങൾക്കു തോന്നിയേക്കാം. അതുമല്ലെങ്കിൽ ഒരുപാടു കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നു കാണുമ്പോൾ മടുപ്പു തോന്നാനും ഇടയുണ്ട്. നിങ്ങളുടെ പ്രശ്നം എന്തുതന്നെയായാലും അതു മറികടക്കാൻ പറ്റാത്ത ഒന്നല്ല. യഹോവ അതിനു നിങ്ങളെ സഹായിക്കും. യഹോവയുടെ ആ സഹായം സ്വീകരിച്ചുകൊണ്ട്, ദൈവവചനം കേട്ട് മറക്കുന്നവരല്ല അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവർ ആകാൻ തീരുമാനിച്ചുറയ്ക്കുക. എത്രയധികം നമ്മൾ ദൈവവചനം വായിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നോ അത്രയധികം നമ്മൾ സന്തോഷമുള്ളവരായിരിക്കും.—യാക്കോ. 1:25.
ഗീതം 94 ദൈവവചനത്തിനായ് നന്ദിയുള്ളവർ
a സമപ്രായക്കാർ പറയുന്നത്—ബൈബിൾ വായന എന്ന വീഡിയോ jw.org-ൽനിന്ന് കാണുക.