വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

യേശു കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തിയ സമയത്ത്‌, മുമ്പ്‌ യേശു പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ അയച്ച 70 ശിഷ്യ​ന്മാർ ഇല്ലാതി​രു​ന്നത്‌ എന്തു​കൊണ്ട്‌? അവർ യേശു​വി​നെ ഉപേക്ഷി​ച്ചു​പോ​യ​താ​ണോ?

കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തി​യ​പ്പോൾ ആ 70 ശിഷ്യ​ന്മാർ ഇല്ലായി​രു​ന്നു എന്നതു​കൊണ്ട്‌ യേശു അവരെ അംഗീ​ക​രി​ച്ചി​ല്ലെ​ന്നോ അവർ യേശു​വി​നെ ഉപേക്ഷി​ച്ചു​പോ​യെ​ന്നോ ചിന്തി​ക്കേ​ണ്ട​തില്ല. ആ സമയത്ത്‌ യേശു തന്റെ അപ്പോ​സ്‌ത​ല​ന്മാ​രോട്‌ ഒപ്പമാ​യി​രി​ക്കാൻ ആഗ്രഹി​ച്ചു എന്നു മാത്രമേ ഉള്ളൂ.

12 അപ്പോ​സ്‌ത​ല​ന്മാർക്കും 70 ശിഷ്യ​ന്മാർക്കും എല്ലാം യേശു​വി​ന്റെ അംഗീ​കാ​ര​മു​ണ്ടാ​യി​രു​ന്നു. തന്റെ ഒരുപാട്‌ ശിഷ്യ​ന്മാ​രിൽനിന്ന്‌ യേശു ആദ്യം 12 പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടുത്ത്‌ അപ്പോ​സ്‌ത​ല​ന്മാർ എന്ന്‌ വിളിച്ചു. (ലൂക്കോ. 6:12-16) യേശു ഗലീല​യിൽവെ​ച്ചാണ്‌ ആ “പന്ത്രണ്ടു പേരെ വിളി​ച്ചു​കൂ​ട്ടി” “ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാ​നും രോഗങ്ങൾ സുഖ​പ്പെ​ടു​ത്താ​നും” അവരെ അയച്ചത്‌. (ലൂക്കോ. 9:1-6) പിന്നീട്‌ യഹൂദ​യിൽവെച്ച്‌ യേശു “വേറെ 70 പേരെ തിര​ഞ്ഞെ​ടുത്ത്‌ ഈരണ്ടു പേരെ വീതം” അയച്ചു. (ലൂക്കോ. 9:51; 10:1) അതു​കൊണ്ട്‌ യേശു​വി​നു പല സ്ഥലങ്ങളി​ലും തന്നെക്കു​റിച്ച്‌ പ്രസം​ഗി​ച്ചി​രുന്ന ശിഷ്യ​ന്മാ​രു​ണ്ടാ​യി​രു​ന്നു.

തന്റെ മരണ​ത്തോട്‌ അടുത്ത സമയമാ​യ​പ്പോ​ഴേ​ക്കും യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം യരുശ​ലേ​മി​ലേക്കു പോയി. എന്നാൽ യഹൂദ​യി​ലും ഗലീല​യി​ലും പെരി​യ​യി​ലും ഒക്കെയുള്ള തന്റെ എല്ലാ ശിഷ്യ​ന്മാ​രെ​യും കൂട്ടി ഒരു വലിയ പെസഹ ആചരണം യേശു ഏർപ്പെ​ടു​ത്തി​യില്ല. എങ്കിലും യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​യി​ത്തീർന്ന ജൂതന്മാർ അപ്പോ​ഴും പെസഹ ആചരി​ച്ചി​രു​ന്നു; സാധ്യ​ത​യ​നു​സ​രിച്ച്‌ അവരുടെ കുടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം. (പുറ. 12:6-11, 17-20) എന്നാൽ ഈ പെസഹ​യു​ടെ സമയത്ത്‌ യേശു തന്റെ അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം ആയിരി​ക്കാ​നാണ്‌ ആഗ്രഹി​ച്ചത്‌. യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: “കഷ്ടത അനുഭ​വി​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങ​ളോ​ടൊ​പ്പം ഈ പെസഹ കഴിക്ക​ണ​മെ​ന്നത്‌ എന്റെ വലി​യൊ​രു ആഗ്രഹ​മാ​യി​രു​ന്നു.”—ലൂക്കോ. 22:15.

അതിനു നല്ല കാരണ​വു​മു​ണ്ടാ​യി​രു​ന്നു. ‘ലോക​ത്തി​ന്റെ പാപം നീക്കി​ക്ക​ള​യുന്ന കുഞ്ഞാ​ടാ​യി’ യേശു പെട്ടെ​ന്നു​തന്നെ മരിക്കാൻപോ​കു​ക​യാ​യി​രു​ന്നു. (യോഹ. 1:29) കാലങ്ങ​ളാ​യി യഹോ​വ​യ്‌ക്കു ബലികൾ അർപ്പി​ച്ചു​കൊ​ണ്ടി​രുന്ന യരുശ​ലേ​മി​ലാ​യി​രു​ന്നു അതു നടക്കേ​ണ്ടി​യി​രു​ന്നത്‌. പെസഹാ​ക്കു​ഞ്ഞാട്‌, ഈജി​പ്‌തിൽനിന്ന്‌ യഹോവ തങ്ങളെ വിടു​വിച്ച കാര്യം ഇസ്രാ​യേ​ല്യ​രെ ഓർമി​പ്പി​ച്ചു. എന്നാൽ യേശു​വി​ന്റെ ബലി അതിലും വലിയ വിടുതൽ സാധ്യ​മാ​ക്കു​മാ​യി​രു​ന്നു. എല്ലാ മനുഷ്യ​രെ​യും അതു പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വിടു​വി​ക്കു​മാ​യി​രു​ന്നു. (1 കൊരി. 5:7, 8) യേശു​വി​ന്റെ ബലി 12 അപ്പോ​സ്‌ത​ല​ന്മാ​രെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ അടിസ്ഥാന അംഗങ്ങ​ളാ​ക്കാ​നുള്ള വഴിതു​റന്നു. (എഫെ. 2:20-22) അതു​പോ​ലെ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ, വിശു​ദ്ധ​ന​ഗ​ര​മായ യരുശ​ലേ​മിന്‌ ‘കുഞ്ഞാ​ടി​ന്റെ 12 അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പേരുകൾ എഴുതിയ 12 അടിസ്ഥാ​ന​ശി​ല​ക​ളുണ്ട്‌’ എന്നു പറയുന്നു. (വെളി. 21:10-14) അതെ, യഹോ​വ​യു​ടെ ഉദ്ദേശ്യം നിവർത്തി​ക്കു​ന്ന​തിൽ വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാർക്കു വലി​യൊ​രു പങ്കുണ്ടാ​കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവസാ​നത്തെ പെസഹ​യി​ലും തുടർന്ന്‌ നടന്ന കർത്താ​വി​ന്റെ അത്താഴ​ത്തി​ലും യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം ആയിരി​ക്കാൻ ആഗ്രഹി​ച്ച​തി​ന്റെ കാരണം വ്യക്തമാണ്‌.

യേശു തിര​ഞ്ഞെ​ടുത്ത 70 പേരും മറ്റു ശിഷ്യ​ന്മാ​രും ഒന്നും കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തിയ സമയത്ത്‌ യേശു​വി​നോ​ടൊ​പ്പം ഉണ്ടായി​രു​ന്നില്ല എന്നതു ശരിയാണ്‌. എങ്കിലും യേശു അന്ന്‌ ഏർപ്പെ​ടു​ത്തിയ ആ ക്രമീ​ക​ര​ണ​ത്തിൽനിന്ന്‌ വിശ്വ​സ്‌ത​രായ എല്ലാ ശിഷ്യ​ന്മാർക്കും പ്രയോ​ജനം ലഭിക്കു​മാ​യി​രു​ന്നു. ആ 70 ശിഷ്യ​ന്മാർ ഉൾപ്പെടെ പിന്നീട്‌ അഭിഷി​ക്ത​രാ​യി​ത്തീർന്ന​വ​രെ​ല്ലാം യേശു അന്ന്‌ രാത്രി അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പറഞ്ഞ ആ രാജ്യ ഉടമ്പടി​യിൽ അംഗങ്ങ​ളാ​കു​മാ​യി​രു​ന്നു.—ലൂക്കോ. 22:29, 30.