വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 2

ഗീതം 132 ഇപ്പോൾ നമ്മൾ ഒന്നാണ്‌

ഭർത്താ​ക്ക​ന്മാ​രേ, നിങ്ങളു​ടെ ഭാര്യ​മാ​രെ ആദരി​ക്കുക

ഭർത്താ​ക്ക​ന്മാ​രേ, നിങ്ങളു​ടെ ഭാര്യ​മാ​രെ ആദരി​ക്കുക

“ഭർത്താ​ക്ക​ന്മാ​രേ . . . അവരെ ആദരി​ക്കുക.”1 പത്രോ. 3:7.

ഉദ്ദേശ്യം

വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും ഒരു ഭർത്താ​വിന്‌ എങ്ങനെ തന്റെ ഭാര്യയെ ആദരി​ക്കാ​മെന്നു നോക്കും.

1. യഹോവ വിവാഹം എന്ന ക്രമീ​ക​രണം ഏർപ്പെ​ടു​ത്തി​യ​തി​ന്റെ ഒരു കാരണം എന്താണ്‌?

 യഹോവ ‘സന്തോ​ഷ​മുള്ള ദൈവ​മാണ്‌.’ നമ്മളും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. (1 തിമൊ. 1:11) അതു​കൊ​ണ്ടു​തന്നെ നമ്മൾ ജീവിതം ആസ്വദി​ക്കു​ന്ന​തി​നാ​യി യഹോവ ഒരുപാ​ടു സമ്മാനങ്ങൾ തന്നിട്ടുണ്ട്‌. (യാക്കോ. 1:17) അതിൽ ഒന്നാണ്‌ വിവാഹം. ഒരു പുരു​ഷ​നും സ്‌ത്രീ​യും വിവാഹം കഴിക്കു​മ്പോൾ അവർ പരസ്‌പരം സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യു​മെന്നു വാക്കു​കൊ​ടു​ക്കു​ന്നു. ഈ സ്‌നേഹം എപ്പോ​ഴും ജ്വലി​പ്പിച്ച്‌ നിറു​ത്തു​ക​യാ​ണെ​ങ്കിൽ അവർക്കു യഥാർഥ​സ​ന്തോ​ഷം ലഭിക്കും.—സുഭാ. 5:18.

2. ഇന്നു പല വിവാ​ഹ​ബ​ന്ധ​ങ്ങ​ളി​ലും സംഭവി​ക്കു​ന്നത്‌ എന്താണ്‌?

2 എന്നാൽ വിവാ​ഹ​ദി​വ​സ​ത്തിൽ തങ്ങൾ പരസ്‌പരം കൊടുത്ത വാക്ക്‌ ഇന്നു പല ദമ്പതി​ക​ളും മറന്നു​ക​ള​യു​ന്നു. അതു​കൊ​ണ്ടു​തന്നെ അവർ ഒട്ടും സന്തോ​ഷ​മു​ള്ള​വരല്ല. ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ അടുത്തി​ടെ​യുള്ള ഒരു റിപ്പോർട്ട​നു​സ​രിച്ച്‌, പല ഭർത്താ​ക്ക​ന്മാ​രും തങ്ങളുടെ ഭാര്യ​മാ​രെ ശാരീ​രി​ക​മാ​യോ മാനസി​ക​മാ​യോ വാക്കു​കൾകൊ​ണ്ടോ ഉപദ്ര​വി​ക്കു​ന്നുണ്ട്‌. അങ്ങനെ​യുള്ള ഒരാൾ മറ്റുള്ള​വ​രു​ടെ മുന്നിൽവെച്ച്‌ ഭാര്യ​യോട്‌ ആദര​വോ​ടെ ഇടപെ​ടു​ക​യും എന്നാൽ വീട്ടിൽവെച്ച്‌ വളരെ മോശ​മാ​യി പെരു​മാ​റു​ക​യും ചെയ്‌തേ​ക്കാം. ഇനി, ഭർത്താ​ക്ക​ന്മാർ അശ്ലീലം കാണു​ന്ന​തും പല വിവാ​ഹ​ബ​ന്ധ​ങ്ങ​ളി​ലും വിള്ളൽ വീഴ്‌ത്തു​ന്നു.

3. ചില ഭർത്താ​ക്ക​ന്മാർ ഭാര്യ​മാ​രോട്‌ മോശ​മാ​യി പെരു​മാ​റു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

3 ചില ഭർത്താ​ക്ക​ന്മാർ ഇങ്ങനെ​യൊ​ക്കെ ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ചില​പ്പോൾ സ്വന്തം അപ്പൻ അമ്മയോ​ടു മോശ​മാ​യി ഇടപെ​ടു​ന്നത്‌ കണ്ടായി​രി​ക്കാം അവർ വളർന്നു​വ​ന്നത്‌. അതു​കൊണ്ട്‌ അതൊരു തെറ്റൊ​ന്നു​മല്ല എന്നായി​രി​ക്കും അവർ ചിന്തി​ക്കു​ന്നത്‌. മറ്റു ചിലരെ സ്വാധീ​നി​ക്കു​ന്നത്‌ അവർക്കു ചുറ്റു​മുള്ള സംസ്‌കാ​ര​മാണ്‌. ഒരു ‘ആണാണ്‌’ എന്നു കാണി​ക്ക​ണ​മെ​ങ്കിൽ ഭാര്യയെ അടക്കി​ഭ​രി​ക്ക​ണ​മെന്ന തെറ്റായ ചിന്ത പല സംസ്‌കാ​ര​ങ്ങ​ളി​ലു​മുണ്ട്‌. വേറെ ചിലർക്കു ദേഷ്യം​പോ​ലുള്ള വികാ​രങ്ങൾ നിയ​ന്ത്രി​ക്കാൻ അറിയില്ല. കാരണം അവരെ അതു പഠിപ്പി​ച്ചി​ട്ടില്ല. ഇനി, ചില പുരു​ഷ​ന്മാർ പതിവാ​യി അശ്ലീലം കാണു​ന്ന​തു​കൊണ്ട്‌ സ്‌ത്രീ​കളെ ലൈം​ഗിക ആഗ്രഹങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താ​നുള്ള വെറും ഉപകര​ണ​ങ്ങ​ളാ​യി അവർ വീക്ഷി​ക്കു​ന്നു. കൂടാതെ, കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ ഭാര്യ​മാർക്കു നേരെ​യുള്ള അതി​ക്ര​മങ്ങൾ കൂടി​യ​താ​യും റിപ്പോർട്ടു​കൾ കാണി​ക്കു​ന്നു. പക്ഷേ എന്തു കാരണം പറഞ്ഞാ​ലും, ഭാര്യ​യ്‌ക്കു നേരെ​യുള്ള മോശ​മായ പെരു​മാ​റ്റത്തെ ഒരിക്ക​ലും ന്യായീ​ക​രി​ക്കാ​നാ​കില്ല.

4. ക്രിസ്‌തീ​യ​ഭർത്താ​ക്ക​ന്മാർ ഏതു കാര്യ​ത്തിൽ പ്രത്യേ​കം ശ്രദ്ധി​ക്കണം, എന്തു​കൊണ്ട്‌?

4 സ്‌ത്രീ​ക​ളെ​ക്കു​റിച്ച്‌ ലോക​ത്തി​ലെ ആളുകൾക്കുള്ള മോശ​മായ വീക്ഷണം തങ്ങളി​ലേ​ക്കും കടന്നു​വ​രാ​തി​രി​ക്കാൻ ക്രിസ്‌തീ​യ​ഭർത്താ​ക്ക​ന്മാർ പ്രത്യേ​കം ശ്രദ്ധി​ക്കണം. a എന്തു​കൊണ്ട്‌? നമ്മുടെ ചിന്തകൾ പ്രവൃ​ത്തി​ക​ളി​ലേക്കു നയിക്കും എന്നതാണ്‌ അതിന്റെ ഒരു പ്രധാന കാരണം. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ റോമി​ലെ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക്‌ ഇങ്ങനെ മുന്നറി​യി​പ്പു കൊടു​ത്തു: “ഈ വ്യവസ്ഥി​തി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ ഇനി സമ്മതി​ക്ക​രുത്‌.” (റോമ. 12:1, 2) പൗലോസ്‌ ഇത്‌ എഴുതുന്ന സമയത്ത്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ റോമി​ലെ സഭ നിലവിൽ വന്നിട്ട്‌ കുറെ വർഷങ്ങ​ളാ​യി​ട്ടു​ണ്ടാ​യി​രു​ന്നു. എങ്കിലും ലോക​ത്തി​ന്റെ ചില രീതി​ക​ളും ചിന്തക​ളും ആ സഭയി​ലുള്ള ചിലരെ അപ്പോ​ഴും സ്വാധീ​നി​ച്ചി​രു​ന്നു എന്നാണ്‌ പൗലോ​സി​ന്റെ വാക്കുകൾ കാണി​ക്കു​ന്നത്‌. അതു​കൊ​ണ്ടാണ്‌ ചിന്തക​ളി​ലും പെരു​മാ​റ്റ​ത്തി​ലും വേണ്ട മാറ്റങ്ങൾ വരുത്താൻ അദ്ദേഹം അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌. ഇന്നത്തെ ക്രിസ്‌തീ​യ​ഭർത്താ​ക്ക​ന്മാ​രും ഈ ഉപദേശം അനുസ​രി​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌. എന്നാൽ സങ്കടക​ര​മായ കാര്യം, ക്രിസ്‌തീ​യ​ഭർത്താ​ക്ക​ന്മാ​രിൽ ചിലരെ ഈ ലോക​ത്തി​ന്റെ ചിന്തകൾ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു; അവർ ഭാര്യ​മാ​രോ​ടു വളരെ മോശ​മാ​യി പെരു​മാ​റു​ക​പോ​ലും ചെയ്‌തി​രി​ക്കു​ന്നു. b ഒരു ഭർത്താവ്‌ ഭാര്യ​യോട്‌ എങ്ങനെ പെരു​മാ​റാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌? ഈ ലേഖന​ത്തി​ന്റെ ആധാര​വാ​ക്യ​ത്തിൽ അതിന്റെ ഉത്തരമുണ്ട്‌.

5. 1 പത്രോസ്‌ 3:7 അനുസ​രിച്ച്‌ ഒരു ഭാര്യ​യോ​ടു ഭർത്താവ്‌ എങ്ങനെ ഇടപെ​ടണം?

5 1 പത്രോസ്‌ 3:7 വായി​ക്കുക. ഭാര്യ​മാ​രെ ആദരി​ക്കാ​നാണ്‌ യഹോവ ഭർത്താ​ക്ക​ന്മാ​രോ​ടു കല്പിച്ചിരിക്കുന്നത്‌. നമ്മൾ ബഹുമാ​നി​ക്കുന്ന ഒരാ​ളോ​ടു നമ്മൾ എങ്ങനെ ഇടപെ​ടു​മോ അതാണ്‌ ആദരി​ക്കുക എന്നതു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌. ഭാര്യയെ ആദരി​ക്കുന്ന ഒരു ഭർത്താവ്‌ അവളോ​ടു ദയയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ഇടപെ​ടും. ഈ ലേഖന​ത്തിൽ, ഒരു ഭർത്താ​വിന്‌ തന്റെ ഭാര്യ​യോട്‌ എങ്ങനെ ആദരവ്‌ കാണി​ക്കാ​മെന്നു നമ്മൾ പഠിക്കും. എന്നാൽ അതിനു മുമ്പ്‌ ഒരു ഭർത്താവ്‌ ഒരിക്ക​ലും ചെയ്യരു​താത്ത ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നോക്കാം.

ഭാര്യയെ വേദനി​പ്പി​ക്കുന്ന തരം പെരു​മാ​റ്റം ഒഴിവാ​ക്കു​ക

6. ഭാര്യയെ ശാരീ​രി​ക​മാ​യി ഉപദ്ര​വി​ക്കുന്ന ഒരു ഭർത്താ​വി​നോട്‌ യഹോ​വ​യ്‌ക്ക്‌ എന്താണ്‌ തോന്നു​ന്നത്‌? (കൊ​ലോ​സ്യർ 3:19)

6 ശാരീ​രി​ക​മാ​യി ഉപദ്ര​വി​ക്കു​ന്നത്‌. അക്രമം ചെയ്യു​ന്ന​വരെ യഹോവ വെറു​ക്കു​ന്നു. (സങ്കീ. 11:5) ഭർത്താവ്‌ ഭാര്യയെ ഉപദ്ര​വി​ക്കു​മ്പോൾ യഹോവ അതു വളരെ​യ​ധി​കം വെറു​ക്കു​ന്നു. (മലാ. 2:16; കൊ​ലോ​സ്യർ 3:19 വായി​ക്കുക.) ഈ ലേഖന​ത്തി​ന്റെ ആധാര​വാ​ക്യ​മായ 1 പത്രോസ്‌ 3:7 അനുസ​രിച്ച്‌ ഒരു ഭർത്താവ്‌ ഭാര്യ​യോ​ടു നല്ല രീതി​യിൽ ഇടപെ​ട്ടി​ല്ലെ​ങ്കിൽ ദൈവ​വു​മാ​യുള്ള അദ്ദേഹ​ത്തി​ന്റെ ബന്ധത്തെ അതു മോശ​മാ​യി ബാധി​ക്കും. യഹോവ അദ്ദേഹ​ത്തി​ന്റെ പ്രാർഥ​നകൾ കേൾക്കാ​തി​രി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം.

7. എഫെസ്യർ 4:31, 32 അനുസ​രിച്ച്‌ ഏതുതരം സംസാരം ഭർത്താ​ക്ക​ന്മാർ ഒഴിവാ​ക്കണം? (“പദപ്ര​യോ​ഗ​ത്തി​ന്റെ വിശദീ​ക​രണം” എന്നതും കാണുക.)

7 വാക്കു​കൾകൊണ്ട്‌ വേദനി​പ്പി​ക്കു​ന്നത്‌. ചില ഭർത്താ​ക്ക​ന്മാർ ഭാര്യ​മാ​രോ​ടു വളരെ ദേഷ്യ​ത്തോ​ടെ സംസാ​രി​ക്കു​ക​യും അവരെ വാക്കു​ക​ളാൽ മുറി​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. എന്നാൽ “കോപ​വും ക്രോ​ധ​വും ആക്രോ​ശ​വും അസഭ്യ​സം​സാ​ര​വും” യഹോവ വെറു​ക്കു​ന്നു. c (എഫെസ്യർ 4:31, 32 വായി​ക്കുക.) ദൈവം എല്ലാം കേൾക്കു​ന്നുണ്ട്‌. ഒരു ഭർത്താവ്‌ ഭാര്യ​യോ​ടു സംസാ​രി​ക്കുന്ന വിധം യഹോവ ഗൗരവ​മാ​യെ​ടു​ക്കും; അത്‌ അവരുടെ വീടിന്റെ സ്വകാ​ര്യ​ത​യിൽ വെച്ചാ​ണെ​ങ്കിൽപ്പോ​ലും. ഭാര്യ​യോ​ടു പരുഷ​മാ​യി സംസാ​രി​ക്കുന്ന ഒരു ഭർത്താവ്‌ തന്റെ വിവാ​ഹ​ജീ​വി​തം മാത്രമല്ല ദൈവ​വു​മാ​യുള്ള സൗഹൃ​ദ​വും തകരാ​റി​ലാ​ക്കു​ക​യാണ്‌.—യാക്കോ. 1:26.

8. അശ്ലീല​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നു​ന്നു, എന്തു​കൊണ്ട്‌?

8 അശ്ലീലം കാണു​ന്നത്‌. യഹോവ വെറു​ക്കുന്ന ഒരു കാര്യ​മാണ്‌ അത്‌. അതു​കൊണ്ട്‌ അശ്ലീലം കാണുന്ന ഒരു ഭർത്താവ്‌ യഹോ​വ​യു​മാ​യുള്ള തന്റെ ബന്ധം തകരാ​റി​ലാ​ക്കു​ക​യാണ്‌. അതോ​ടൊ​പ്പം ഭാര്യയെ അപമാ​നി​ക്കു​ക​യു​മാണ്‌. d ഒരു ഭർത്താവ്‌ പ്രവൃ​ത്തി​ക​ളിൽ മാത്രമല്ല ചിന്തക​ളിൽപ്പോ​ലും തന്റെ ഭാര്യ​യോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. കാമവി​കാ​ര​ത്തോ​ടെ ഒരു സ്‌ത്രീ​യെ നോക്കു​ന്നവൻ “ഹൃദയ​ത്തിൽ” അവളു​മാ​യി വ്യഭി​ചാ​രം ചെയ്‌തു​ക​ഴി​ഞ്ഞു എന്നാണ്‌ യേശു പറഞ്ഞത്‌. eമത്താ. 5:28, 29.

9. ഭാര്യ​യു​ടെ വിലയി​ടിച്ച്‌ കളയു​ന്ന​തരം ലൈം​ഗി​ക​പ്ര​വൃ​ത്തി​കൾ യഹോവ വെറു​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9 ഭാര്യ​യു​ടെ വിലയി​ടി​ക്കു​ന്ന​തരം ലൈം​ഗി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്നത്‌. വിലയി​ല്ലെന്നു തോന്നി​പ്പി​ക്കു​ന്ന​തോ അല്ലെങ്കിൽ മനസ്സാ​ക്ഷി​യെ മുറി​പ്പെ​ടു​ത്തു​ന്ന​തോ ആയ ലൈം​ഗി​ക​പ്ര​വൃ​ത്തി​ക​ളിൽ ഏർപ്പെ​ടാൻ ഭാര്യ​മാ​രെ ചില ഭർത്താ​ക്ക​ന്മാർ നിർബ​ന്ധി​ക്കു​ന്നു. മറ്റേ ആളെക്കു​റിച്ച്‌ ചിന്തി​ക്കാ​തെ​യുള്ള, സ്വാർഥ​മായ ഇത്തരം പെരു​മാ​റ്റം യഹോവ വെറു​ക്കു​ന്നു. ഒരു ഭർത്താവ്‌ തന്റെ ഭാര്യയെ സ്‌നേ​ഹി​ക്കാ​നും അവളോ​ടു വാത്സല്യ​ത്തോ​ടെ ഇടപെ​ടാ​നും അവളുടെ വികാ​ര​ങ്ങളെ ബഹുമാ​നി​ക്കാ​നും ഒക്കെയാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌. (എഫെ. 5:28, 29) എന്നാൽ ഒരു ക്രിസ്‌തീ​യ​ഭർത്താവ്‌ തന്റെ ഭാര്യ​യോ​ടു മോശ​മാ​യി പെരു​മാ​റു​ക​യോ അശ്ലീലം കാണു​ക​യോ ചെയ്യു​ന്നു​ണ്ടെ​ങ്കി​ലോ? തന്റെ ചിന്തയി​ലും പ്രവൃ​ത്തി​യി​ലും മാറ്റം​വ​രു​ത്താൻ അദ്ദേഹ​ത്തിന്‌ എങ്ങനെ കഴിയും?

നിങ്ങൾക്ക്‌ എങ്ങനെ മാറ്റം വരുത്താം?

10. ഭർത്താ​ക്ക​ന്മാർക്ക്‌ യേശു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ എങ്ങനെ പ്രയോ​ജനം നേടാം?

10 ഭാര്യ​യോ​ടു മോശ​മാ​യി പെരു​മാ​റുന്ന ഒരു ഭർത്താ​വി​നെ, വേണ്ട മാറ്റങ്ങൾ വരുത്താൻ എന്തു സഹായി​ക്കും? യേശു​വി​ന്റെ മാതൃക അനുക​രി​ക്കു​ന്നത്‌. യേശു ഒരിക്ക​ലും വിവാഹം കഴിച്ചി​ട്ടില്ല എന്നതു ശരിയാണ്‌. എങ്കിലും യേശു തന്റെ ശിഷ്യ​ന്മാ​രോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ ഒരു ഭർത്താ​വി​നു ഭാര്യ​യോട്‌ എങ്ങനെ പെരു​മാ​റണം എന്നു പഠിക്കാ​നാ​കും. (എഫെ. 5:25) ഉദാഹ​ര​ണ​ത്തിന്‌, യേശു തന്റെ അപ്പോ​സ്‌ത​ല​ന്മാ​രോട്‌ സംസാ​രി​ക്കു​ക​യും ഇടപെ​ടു​ക​യും ചെയ്‌ത രീതി​യിൽനിന്ന്‌ ഭർത്താ​ക്ക​ന്മാർക്ക്‌ എന്തു പഠിക്കാം എന്നു നോക്കാം.

11. യേശു അപ്പോ​സ്‌ത​ല​ന്മാ​രോട്‌ ഇടപെ​ട്ടത്‌ എങ്ങനെ​യാണ്‌?

11 യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടു ദയയോ​ടെ​യും ബഹുമാ​ന​ത്തോ​ടെ​യും ആണ്‌ ഇടപെ​ട്ടത്‌. അല്ലാതെ അവരോ​ടു പരുഷ​മാ​യി ഇടപെ​ടു​ക​യോ അധികാ​ര​ഭാ​വം കാണി​ക്കു​ക​യോ ചെയ്‌തില്ല. യേശു അവരുടെ കർത്താ​വും യജമാ​ന​നും ഒക്കെയാ​യി​രു​ന്നു. എങ്കിലും തന്റെ അധികാ​രം തെളി​യി​ക്കാൻ അവരെ പേടി​പ്പിച്ച്‌ അടക്കി​നി​റു​ത്ത​ണ​മെന്നു യേശു ചിന്തി​ച്ചില്ല. പകരം താഴ്‌മ​യോ​ടെ അവരെ സേവിച്ചു. (യോഹ. 13:12-17) യേശു ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “എന്നിൽനിന്ന്‌ പഠിക്കൂ. ഞാൻ സൗമ്യ​നും താഴ്‌മ​യു​ള്ള​വ​നും ആയതു​കൊണ്ട്‌ നിങ്ങൾക്ക്‌ ഉന്മേഷം കിട്ടും.” (മത്താ. 11:28-30) ഇവിടെ പറയു​ന്ന​തു​പോ​ലെ യേശു സൗമ്യ​നാ​യി​രു​ന്നു. സൗമ്യത കാണി​ക്കുന്ന ഒരാൾ ദുർബ​ല​നാണ്‌ എന്നല്ല അർഥം. പകരം തന്നെത്തന്നെ നിയ​ന്ത്രി​ക്കാ​നുള്ള മാനസി​ക​ബലം അയാൾക്കുണ്ട്‌ എന്നാണ്‌. മറ്റുള്ളവർ ദേഷ്യം പിടി​പ്പി​ക്കാൻ നോക്കു​മ്പോ​ഴും അദ്ദേഹം തന്റെ വികാ​രങ്ങൾ നിയ​ന്ത്രിച്ച്‌ ശാന്തത​യോ​ടെ നിൽക്കും.

12. യേശു എങ്ങനെ​യാണ്‌ മറ്റുള്ള​വ​രോട്‌ സംസാ​രി​ച്ചത്‌?

12 യേശു​വി​ന്റെ വാക്കുകൾ മറ്റുള്ള​വർക്ക്‌ ആശ്വാ​സ​വും ഉന്മേഷ​വും കൊടു​ക്കു​ന്ന​താ​യി​രു​ന്നു. യേശു തന്റെ അനുഗാ​മി​ക​ളോട്‌ ഒരിക്ക​ലും ദയയി​ല്ലാ​തെ സംസാ​രി​ച്ചില്ല. (ലൂക്കോ. 8:47, 48) എതിരാ​ളി​കൾ തന്നെ അപമാ​നി​ക്കാ​നോ ദേഷ്യം പിടി​പ്പി​ക്കാ​നോ ശ്രമി​ച്ച​പ്പോൾ യേശു അവരെ ‘തിരിച്ച്‌ അപമാ​നി​ച്ചില്ല.’ (1 പത്രോ. 2:21-23) അത്തരം ചില സമയങ്ങ​ളിൽ യേശു പരുഷ​മാ​യി മറുപടി കൊടു​ത്തി​ല്ലെന്നു മാത്രമല്ല മിണ്ടാ​തി​രി​ക്കാൻപോ​ലും തീരു​മാ​നി​ച്ചു. (മത്താ. 27:12-14) ക്രിസ്‌തീ​യ​ഭർത്താ​ക്ക​ന്മാർക്ക്‌ എത്ര നല്ലൊരു മാതൃക!

13. മത്തായി 19:4-6 പറയു​ന്ന​ത​നു​സ​രിച്ച്‌ ഒരു ഭർത്താ​വിന്‌ എങ്ങനെ​യാണ്‌ ‘ഭാര്യ​യോ​ടു പറ്റി​ച്ചേ​രാ​നാ​കു​ന്നത്‌?’ (ചിത്ര​വും കാണുക.)

13 ഭർത്താവ്‌ എല്ലായ്‌പോ​ഴും ഭാര്യ​യോട്‌ വിശ്വ​സ്‌ത​നാ​യി​രി​ക്ക​ണ​മെന്നു യേശു പഠിപ്പി​ച്ചു. ഭർത്താവ്‌ “ഭാര്യ​യോ​ടു പറ്റി​ച്ചേ​രും” എന്ന പിതാ​വി​ന്റെ വാക്കുകൾ ഉദ്ധരി​ച്ചു​കൊ​ണ്ടാണ്‌ യേശു സംസാ​രി​ച്ചത്‌. (മത്തായി 19:4-6 വായി​ക്കുക.) “പറ്റി​ച്ചേ​രും” എന്നതിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​ക്രി​യ​യു​ടെ അക്ഷരാർഥം “പശകൊണ്ട്‌ ഒട്ടിക്കുക” എന്നാണ്‌. ഒരു ഭാര്യ​യു​ടെ​യും ഭർത്താ​വി​ന്റെ​യും ഇടയി​ലുള്ള സ്‌നേ​ഹ​ബന്ധം അവരെ പശകൊണ്ട്‌ ഒട്ടിച്ച​തു​പോ​ലെ അത്ര ശക്തമാ​യി​രി​ക്കണം എന്നാണ്‌ അതു കാണി​ക്കു​ന്നത്‌. രണ്ടു പങ്കാളി​കൾക്കും എന്തെങ്കി​ലും വേദന ഉണ്ടാക്കാ​തെ ആ സ്‌നേ​ഹ​ബന്ധം പൊട്ടി​ച്ചെ​റി​യാൻ കഴിയില്ല. ഭാര്യ​യു​മാ​യി ഇത്തരത്തിൽ ശക്തമായ അടുപ്പ​മുള്ള ഒരു ഭർത്താവ്‌ എല്ലാ തരത്തി​ലുള്ള അശ്ലീല​വും ഒഴിവാ​ക്കും. ‘ഒരു ഗുണവു​മി​ല്ലാത്ത കാര്യങ്ങൾ കാണു​ന്ന​തിൽനിന്ന്‌’ പെട്ടെന്ന്‌ തന്റെ ശ്രദ്ധ തിരി​ക്കും. (സങ്കീ. 119:37) ഒരർഥ​ത്തിൽ, ഭാര്യ​യ​ല്ലാത്ത ഒരു സ്‌ത്രീ​യെ മോശ​മായ ആഗ്രഹ​ത്തോ​ടെ നോക്കു​ക​യില്ല എന്ന്‌ അദ്ദേഹം തന്റെ കണ്ണുമാ​യി ഉടമ്പടി ചെയ്യു​ക​യാണ്‌.—ഇയ്യോ. 31:1.

വിശ്വ​സ്‌ത​നായ ഒരു ഭർത്താവ്‌ അശ്ലീല​ത്തോട്‌ “നോ” പറയും (13-ാം ഖണ്ഡിക കാണുക) g


14. മോശ​മാ​യി ഇടപെ​ടുന്ന ഒരു ഭർത്താവ്‌ യഹോ​വ​യു​മാ​യും ഭാര്യ​യു​മാ​യും ഉള്ള തന്റെ ബന്ധം വീണ്ടെ​ടു​ക്കു​ന്ന​തിന്‌ എന്തെല്ലാം ചെയ്യണം?

14 ഭാര്യയെ ശാരീ​രി​ക​മാ​യി ഉപദ്ര​വി​ക്കു​ക​യും വാക്കു​കൾകൊണ്ട്‌ വേദനി​പ്പി​ക്കു​ക​യും ചെയ്യുന്ന ഒരു ഭർത്താവ്‌ യഹോ​വ​യു​മാ​യും ഭാര്യ​യു​മാ​യും ഉള്ള തന്റെ ബന്ധം വീണ്ടെ​ടു​ക്കാൻ ചില കാര്യ​ങ്ങൾകൂ​ടി ചെയ്യേ​ണ്ട​തുണ്ട്‌. എന്തൊ​ക്കെ​യാണ്‌ ആ പടികൾ? ഒന്നാമ​താ​യി, താൻ ചെയ്‌ത തെറ്റ്‌ എത്ര ഗൗരവ​മു​ള്ള​താ​ണെ​ന്നും തനിക്ക്‌ യഹോ​വ​യിൽനിന്ന്‌ ഒന്നും മറച്ചു​വെ​ക്കാ​നാ​കി​ല്ലെ​ന്നും അദ്ദേഹം തിരി​ച്ച​റി​യണം. (സങ്കീ. 44:21; സഭാ. 12:14; എബ്രാ. 4:13) രണ്ടാമ​താ​യി, അദ്ദേഹം ഭാര്യയെ ഉപദ്ര​വി​ക്കു​ന്നതു നിറു​ത്തണം, തന്റെ പെരു​മാ​റ്റ​ത്തിൽ മാറ്റം വരുത്തണം. (സുഭാ. 28:13) മൂന്നാ​മ​താ​യി, താൻ തെറ്റു ചെയ്‌തെന്നു ഭാര്യ​യോ​ടും യഹോ​വ​യോ​ടും തുറന്ന്‌ സമ്മതി​ക്കു​ക​യും അവരോ​ടു ക്ഷമ ചോദി​ക്കു​ക​യും വേണം. (പ്രവൃ. 3:19) അതു​പോ​ലെ മാറ്റം വരുത്താ​നുള്ള ആഗ്രഹ​ത്തി​നാ​യും, തന്റെ ചിന്തക​ളും സംസാ​ര​വും പ്രവൃ​ത്തി​ക​ളും നിയ​ന്ത്രി​ക്കാ​നുള്ള സഹായ​ത്തി​നാ​യും യഹോ​വ​യോ​ടു യാചി​ക്കു​ക​യും വേണം. (സങ്കീ. 51:10-12; 2 കൊരി. 10:5; ഫിലി. 2:13) നാലാ​മ​താ​യി, എല്ലാ തരത്തി​ലു​മുള്ള അക്രമ​ത്തെ​യും അസഭ്യ​സം​സാ​ര​ത്തെ​യും വെറു​ക്കാൻ പഠിച്ചു​കൊണ്ട്‌ തന്റെ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കണം. (സങ്കീ. 97:10) അഞ്ചാമ​താ​യി, സഭയിലെ സ്‌നേ​ഹ​മുള്ള ഇടയന്മാ​രിൽനിന്ന്‌ പെട്ടെ​ന്നു​തന്നെ സഹായം സ്വീക​രി​ക്കണം. (യാക്കോ. 5:14-16) ആറാമ​താ​യി, ഭാവി​യിൽ ഇത്തരം തെറ്റുകൾ ആവർത്തി​ക്കാ​തി​രി​ക്കാൻ താൻ എന്തൊക്കെ ചെയ്യും എന്നതി​നെ​ക്കു​റിച്ച്‌ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കണം. അശ്ലീലം കാണുന്ന ഒരു ഭർത്താ​വും ഇതേ പടികൾത​ന്നെ​യാ​ണു സ്വീക​രി​ക്കേ​ണ്ടത്‌. മാറ്റം വരുത്താ​നുള്ള അദ്ദേഹ​ത്തി​ന്റെ ശ്രമങ്ങളെ യഹോവ തീർച്ച​യാ​യും അനു​ഗ്ര​ഹി​ക്കും. (സങ്കീ. 37:5) എന്നാൽ ഒരു ഭർത്താവ്‌ ഭാര്യയെ വേദനി​പ്പി​ക്കുന്ന കാര്യങ്ങൾ ചെയ്യാ​തി​രു​ന്നാൽ മാത്രം പോരാ. അവളോട്‌ ആദരവ്‌ കാണി​ക്കാ​നും പഠി​ക്കേ​ണ്ട​തുണ്ട്‌. അദ്ദേഹ​ത്തിന്‌ അത്‌ എങ്ങനെ ചെയ്യാം?

ഭാര്യയെ എങ്ങനെ ആദരി​ക്കാം?

15. ഭർത്താ​വിന്‌ എങ്ങനെ ഭാര്യ​യോ​ടു സ്‌നേ​ഹ​മു​ണ്ടെന്നു കാണി​ക്കാൻ കഴിയും?

15 സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കുക. സന്തോ​ഷ​മുള്ള വിവാ​ഹ​ജീ​വി​തം നയിക്കുന്ന ചില സഹോ​ദ​ര​ന്മാർ ഭാര്യയെ താൻ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കാൻ എല്ലാ ദിവസ​വും ചില കാര്യങ്ങൾ ചെയ്യാ​റുണ്ട്‌. (1 യോഹ. 3:18) കൈകൾ കോർത്തു​പി​ടി​ക്കു​ന്ന​തോ ഒന്നു കെട്ടി​പ്പി​ടി​ക്കു​ന്ന​തോ പോലുള്ള ചെറി​യ​ചെ​റിയ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടു​പോ​ലും ഭർത്താ​വി​നു ഭാര്യ​യോ​ടുള്ള സ്‌നേഹം കാണി​ക്കാ​നാ​കും. “ഞാൻ നിന്നെ മിസ്സ്‌ ചെയ്യുന്നു” എന്നോ “ഭക്ഷണം കഴിച്ചോ?” എന്നോ ഒക്കെ ചോദി​ച്ചു​കൊണ്ട്‌ ഒരു മെസ്സേജ്‌ അദ്ദേഹ​ത്തിന്‌ അയയ്‌ക്കാ​നാ​കും. ഇടയ്‌ക്കൊ​ക്കെ താൻ അവളെ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നുണ്ട്‌ എന്ന്‌ എഴുതിയ ഒരു കാർഡോ, സമ്മാന​ങ്ങ​ളോ നൽകാ​നും കഴിയും. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ അദ്ദേഹം തന്റെ ഭാര്യയെ ആദരി​ക്കു​ക​യാണ്‌. അപ്പോൾ അവരുടെ വിവാ​ഹ​ബന്ധം ശക്തമാ​കും.

16. ഒരു ഭർത്താവ്‌ ഭാര്യയെ പ്രശം​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 നന്ദി കാണി​ക്കുക. ഭാര്യയെ ആദരി​ക്കുന്ന ഒരു ഭർത്താവ്‌ അവൾ തനിക്കു വില​പ്പെ​ട്ട​വ​ളാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു തുറന്ന്‌ പറയു​ക​യും അവളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യും. അതു ചെയ്യാ​നാ​കുന്ന ഒരു വിധം തന്നെ സഹായി​ക്കു​ന്ന​തി​നാ​യി ഭാര്യ ചെയ്യുന്ന എല്ലാ കാര്യ​ങ്ങൾക്കും മറക്കാതെ നന്ദി പറയു​ന്ന​താണ്‌. (കൊലോ. 3:15) ഭർത്താവ്‌ തന്നെ ആത്മാർഥ​മാ​യി പ്രശം​സി​ക്കു​മ്പോൾ അതു ഭാര്യയെ ഒരുപാ​ടു സന്തോ​ഷി​പ്പി​ക്കും. അദ്ദേഹം തന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ആദരി​ക്കു​ന്നു​ണ്ടെ​ന്നും താൻ സുരക്ഷി​ത​യാ​ണെ​ന്നും അപ്പോൾ അവൾക്കു തോന്നും.—സുഭാ. 31:28.

17. ഭർത്താ​വിന്‌ എങ്ങനെ ഭാര്യ​യോ​ടു ബഹുമാ​നം കാണി​ക്കാം?

17 ദയയും ബഹുമാ​ന​വും കാണി​ക്കുക. ഭാര്യയെ സ്‌നേ​ഹി​ക്കുന്ന ഒരു ഭർത്താവ്‌ അവളെ വിലപ്പെട്ട, പ്രിയ​പ്പെട്ട ഒരാളാ​യി കാണും; യഹോ​വ​യിൽനി​ന്നുള്ള മൂല്യ​വ​ത്തായ ഒരു സമ്മാന​മാ​യി വീക്ഷി​ക്കും. (സുഭാ. 18:22; 31:10) അതു​കൊ​ണ്ടു​തന്നെ അദ്ദേഹം അവളോ​ടു ദയയോ​ടെ​യും ബഹുമാ​ന​ത്തോ​ടെ​യും ഇടപെ​ടും, അവരുടെ വിവാ​ഹ​ജീ​വി​ത​ത്തി​ലെ തികച്ചും സ്വകാ​ര്യ​മായ നിമി​ഷ​ങ്ങ​ളിൽപ്പോ​ലും. അങ്ങനെ​യുള്ള ഒരു ഭർത്താവ്‌, ഭാര്യയെ അസ്വസ്ഥ​യാ​ക്കു​ന്ന​തോ താൻ വില​കെ​ട്ട​വ​ളാ​ണെന്നു തോന്നി​പ്പി​ക്കു​ന്ന​തോ അല്ലെങ്കിൽ അവളുടെ മനസ്സാ​ക്ഷി​യെ മുറി​പ്പെ​ടു​ത്തു​ന്ന​തോ ആയ ലൈം​ഗി​ക​പ്ര​വൃ​ത്തി​ക​ളിൽ ഏർപ്പെ​ടാൻ ഭാര്യയെ നിർബ​ന്ധി​ക്കില്ല. f അതു​പോ​ലെ അദ്ദേഹം​ത​ന്നെ​യും യഹോ​വ​യു​ടെ മുമ്പാകെ ശുദ്ധമായ ഒരു മനസ്സാക്ഷി നിലനി​റു​ത്താൻ ശ്രദ്ധി​ക്കും.—പ്രവൃ. 24:16.

18. ഭർത്താ​ക്ക​ന്മാർ എന്തു ചെയ്യാൻ ഉറച്ച തീരു​മാ​ന​മെ​ടു​ക്കണം? (“ ആദരവ്‌ കാണി​ക്കുന്ന ഒരു ഭർത്താ​വാ​കാൻ നാലു വഴികൾ” എന്ന ചതുര​വും കാണുക.)

18 ഭർത്താ​ക്ക​ന്മാ​രേ, ജീവി​ത​ത്തി​ലെ എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും ഭാര്യയെ ആദരി​ക്കാൻ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ യഹോവ കാണു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. ഭാര്യയെ വേദനി​പ്പി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കി​ക്കൊ​ണ്ടും അവളോ​ടു ദയയോ​ടെ​യും ബഹുമാ​ന​ത്തോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ഇടപെ​ട്ടു​കൊ​ണ്ടും എല്ലായ്‌പോ​ഴും അവളെ ആദരി​ക്കു​മെന്ന്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കുക. നിങ്ങൾ അങ്ങനെ ചെയ്യു​മ്പോൾ ഭാര്യയെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും വില​പ്പെ​ട്ട​വ​ളാ​യി കാണു​ന്നു​ണ്ടെ​ന്നും അവൾക്കു മനസ്സി​ലാ​കും. ഭാര്യയെ ആദരി​ക്കു​മ്പോൾ നിങ്ങൾക്കുള്ള ഏറ്റവും പ്രധാ​ന​പ്പെട്ട ബന്ധം, യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം, നിങ്ങൾ സംരക്ഷി​ക്കു​ക​യാ​യി​രി​ക്കും.—സങ്കീ. 25:14.

ഗീതം 131 “ദൈവം കൂട്ടി​ച്ചേർത്തത്‌”

a 2024 ജനുവരി ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “യഹോവ കാണു​ന്ന​തു​പോ​ലെ​യാ​ണോ നിങ്ങൾ സ്‌ത്രീ​കളെ കാണു​ന്നത്‌?” എന്ന ലേഖനം വായി​ക്കു​ന്നതു ഭർത്താ​ക്ക​ന്മാർക്കു പ്രയോ​ജനം ചെയ്യും.

b JW.ORG-ലും JW ലൈ​ബ്ര​റി​യി​ലും ഉള്ള “മറ്റു വിഷയങ്ങൾ” എന്ന ലേഖന​പ​ര​മ്പ​ര​യു​ടെ കീഴിൽ കാണുന്ന “ഗാർഹി​ക​പീ​ഡ​ന​ത്തിന്‌ ഇരയാ​യാൽ” എന്ന ലേഖനം വായി​ക്കു​ന്നത്‌ വീട്ടിൽനിന്ന്‌ മോശ​മായ പെരു​മാ​റ്റം നേരി​ടേ​ണ്ടി​വ​ന്ന​വർക്ക്‌ പ്രയോ​ജനം ചെയ്യും.

c പദപ്രയോഗത്തിന്റെ വിശദീ​ക​രണം: “അസഭ്യ​സം​സാ​ര​ത്തിൽ” വിലയി​ടി​ക്കുന്ന തരം പേരുകൾ ഒരാളെ വിളി​ക്കു​ന്ന​തും ദേഷ്യ​ത്തോ​ടെ, ക്രൂര​മായ വാക്കുകൾ ഉപയോ​ഗി​ക്കു​ന്ന​തും ഏതു നേരവും ഒരു വ്യക്തിയെ കുറ്റ​പ്പെ​ടു​ത്തു​ന്ന​തും ഉൾപ്പെ​ടു​ന്നു. ഒരാളെ വേദനി​പ്പി​ക്കു​ന്ന​തോ അപമാ​നി​ക്കു​ന്ന​തോ അല്ലെങ്കിൽ തരംതാ​ഴ്‌ത്തു​ന്ന​തോ ആയ ഏതൊരു സംസാ​ര​വും അസഭ്യ​സം​സാ​ര​മാണ്‌.

d JW.ORG-ലും JW ലൈ​ബ്ര​റി​യി​ലും ഉള്ള “അശ്ലീലം നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തം തകർക്കും” എന്ന ലേഖനം കാണുക.

e അശ്ലീലം വീക്ഷി​ക്കുന്ന ഒരു ഭർത്താ​വുള്ള ഭാര്യ​യ്‌ക്ക്‌ 2023 ആഗസ്റ്റ്‌ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ഇണ അശ്ലീലം കാണുന്ന ഒരാളാ​ണെ​ങ്കിൽ” എന്ന ലേഖനം പ്രയോ​ജനം ചെയ്യും.

f ഒരു ഭാര്യ​യ്‌ക്കും ഭർത്താ​വി​നും ഇടയി​ലുള്ള ലൈം​ഗി​ക​പ്ര​വൃ​ത്തി​ക​ളിൽ ഏതൊ​ക്കെ​യാണ്‌ ശുദ്ധം, അശുദ്ധം എന്നതി​നെ​ക്കു​റിച്ച്‌ ബൈബിൾ വിശദീ​ക​രി​ക്കു​ന്നില്ല. ഓരോ ദമ്പതി​ക​ളു​മാണ്‌ ഇക്കാര്യ​ത്തിൽ തീരു​മാ​ന​മെ​ടു​ക്കേ​ണ്ടത്‌. അവർ യഹോ​വയെ ആദരി​ക്കു​ന്ന​തും പരസ്‌പരം സന്തോ​ഷി​പ്പി​ക്കു​ന്ന​തും ശുദ്ധമായ മനസ്സാക്ഷി ഉണ്ടായി​രി​ക്കാൻ സഹായി​ക്കു​ന്ന​തും ആയ തീരു​മാ​ന​ങ്ങ​ളാണ്‌ എടു​ക്കേ​ണ്ടത്‌. പൊതു​വേ തങ്ങളുടെ വിവാ​ഹ​ജീ​വി​ത​ത്തി​ലെ തികച്ചും സ്വകാ​ര്യ​മായ ഇത്തരം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ മറ്റുള്ള​വ​രു​മാ​യി ചർച്ച ചെയ്യില്ല.

g ചിത്രത്തിന്റെ വിവരണം: അശ്ലീലം നിറഞ്ഞ ഒരു മാസിക നോക്കാ​നാ​യി സാക്ഷി​ക​ള​ല്ലാത്ത സഹജോ​ലി​ക്കാർ ഒരു സഹോ​ദ​രനെ നിർബ​ന്ധി​ക്കു​ന്നു.