വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 4

ഗീതം 18 മോച​ന​വി​ല​യ്‌ക്കു നന്ദിയു​ള്ള​വർ

മോച​ന​വില നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌?

മോച​ന​വില നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌?

“ഇതിലൂ​ടെ ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേഹം വെളി​പ്പെ​ട്ടി​രി​ക്കു​ന്നു.”1 യോഹ. 4:9.

ഉദ്ദേശ്യം

യഹോ​വ​യു​ടെ​യും യേശു​ക്രി​സ്‌തു​വി​ന്റെ​യും മനോ​ഹ​ര​മായ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ മോച​ന​വില എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌ എന്നു കാണും.

1. എല്ലാ വർഷവും യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കു​മ്പോൾ നമുക്കു കിട്ടുന്ന പ്രയോ​ജനം എന്താണ്‌?

 മോച​ന​വില വില​യേ​റിയ ഒരു സമ്മാനം​ത​ന്നെ​യാണ്‌! (2 കൊരി. 9:15) കാരണം യേശു തന്റെ മനുഷ്യ​ജീ​വൻ നമുക്കു​വേണ്ടി ബലിയർപ്പി​ച്ച​തു​കൊണ്ട്‌ യഹോ​വ​യു​മാ​യി അടുത്ത​ബ​ന്ധ​ത്തി​ലേക്കു വരാൻ നമുക്കു കഴിയു​ന്നു. അതു​പോ​ലെ നിത്യ​ജീ​വൻ എന്ന പ്രത്യാ​ശ​യും നമുക്കു ലഭിച്ചു. മോച​ന​വി​ല​യോ​ടും അതു നൽകിയ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടും നമ്മൾ നന്ദി കാണി​ക്കേ​ണ്ട​തല്ലേ? (റോമ. 5:8) എല്ലാ വർഷവും തന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാൻ യേശു ആവശ്യ​പ്പെട്ടു. അങ്ങനെ ചെയ്യു​മ്പോൾ നന്ദിയു​ള്ള​വ​രാ​യി തുടരാ​നും യഹോ​വ​യും യേശു​വും നമ്മളോ​ടു കാണിച്ച സ്‌നേഹം മറക്കാ​തി​രി​ക്കാ​നും നമുക്കു കഴിയും.—ലൂക്കോ. 22:19, 20.

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

2 ഈ വർഷം, 2025 ഏപ്രിൽ 12 ശനിയാ​ഴ്‌ച​യാ​ണു സ്‌മാ​രകം ആചരി​ക്കു​ന്നത്‌. നമ്മളെ​ല്ലാം അതിനുള്ള തയ്യാ​റെ​ടു​പ്പി​ലാണ്‌ എന്നതിനു സംശയ​മില്ല. യഹോ​വ​യും യേശു​വും നമുക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനിക്കാൻ a ഈ സ്‌മാ​ര​ക​കാ​ലത്ത്‌ സമയ​മെ​ടു​ക്കു​ന്നതു നമുക്കു ശരിക്കും പ്രയോ​ജനം ചെയ്യും. മോച​ന​വില യഹോ​വ​യെ​ക്കു​റി​ച്ചും യേശു​വി​നെ​ക്കു​റി​ച്ചും നമ്മളെ എന്താണു പഠിപ്പി​ക്കു​ന്ന​തെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ കാണും. അടുത്ത ലേഖന​ത്തിൽ മോച​ന​വി​ല​യിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം നേടാ​മെ​ന്നും അതി​നോട്‌ എങ്ങനെ നന്ദി കാണി​ക്കാ​മെ​ന്നും ചർച്ച ചെയ്യും.

മോച​ന​വില യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

3. ഒരു മനുഷ്യ​ന്റെ മരണത്തി​ലൂ​ടെ കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു വിടുതൽ സാധ്യ​മാ​കു​ന്നത്‌ എങ്ങനെ​യാണ്‌? (ചിത്ര​വും കാണുക.)

3 മോച​ന​വില യഹോ​വ​യു​ടെ നീതി​യെ​ക്കു​റിച്ച്‌ നമ്മളെ പഠിപ്പി​ക്കു​ന്നു. (ആവ. 32:4) അത്‌ എങ്ങനെ​യാണ്‌? ആദാമി​ന്റെ അനുസ​ര​ണ​ക്കേടു കാരണം നമ്മൾ പാപി​ക​ളാ​കു​ക​യും മരിക്കു​ക​യും ചെയ്യുന്നു. (റോമ. 5:12) പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും നമ്മളെ വിടു​വി​ക്കാൻ യഹോവ യേശു​വി​നെ മോച​ന​വി​ല​യാ​യി തന്നു. എന്നാൽ ഒരു പൂർണ മനുഷ്യ​ന്റെ ബലി​കൊണ്ട്‌ എങ്ങനെ​യാ​ണു കോടി​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ വിടുതൽ സാധ്യ​മാ​കു​ന്നത്‌? അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയുന്നു: “ഒറ്റ മനുഷ്യ​ന്റെ (ആദാമി​ന്റെ) അനുസ​ര​ണ​ക്കേ​ടു​കൊണ്ട്‌ അനേകർ പാപി​ക​ളാ​യ​തു​പോ​ലെ ഒറ്റ വ്യക്തി​യു​ടെ (യേശു​വി​ന്റെ) അനുസ​ര​ണം​കൊണ്ട്‌ അനേകർ നീതി​മാ​ന്മാ​രാ​യി​ത്തീ​രും.” (റോമ. 5:19; 1 തിമൊ. 2:6) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ഒരു പൂർണ മനുഷ്യ​ന്റെ അനുസ​ര​ണ​ക്കേ​ടു​കൊ​ണ്ടാ​ണു നമ്മൾ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ക​ളാ​യത്‌. അതു​കൊണ്ട്‌ ഒരു പൂർണ മനുഷ്യ​ന്റെ അനുസ​ര​ണ​ത്തി​ലൂ​ടെ അതിൽനിന്ന്‌ നമ്മളെ വിടു​വി​ക്കാൻ കഴിഞ്ഞു.

ഒരു മനുഷ്യ​നി​ലൂ​ടെ നമ്മൾ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ക​ളാ​യി. എന്നാൽ ഒരു മനുഷ്യൻ നമ്മളെ അതിൽനി​ന്നും മോചി​ത​രാ​ക്കി (3-ാം ഖണ്ഡിക കാണുക)


4. ആദാമി​ന്റെ മക്കളിൽ ആത്മാർഥ​ഹൃ​ദ​യ​രാ​യ​വരെ എന്നേക്കും ജീവി​ക്കാൻ അനുവ​ദി​ക്കാ​തി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

4 നമ്മളെ രക്ഷിക്കു​ന്ന​തി​നു ശരിക്കും യേശു മരിക്കേണ്ട കാര്യ​മു​ണ്ടാ​യി​രു​ന്നോ? ആദാമി​ന്റെ മക്കളിൽ ആത്മാർഥ​ഹൃ​ദ​യ​രാ​യ​വരെ എന്നേക്കും ജീവി​ക്കാൻ യഹോ​വ​യ്‌ക്ക്‌ അനുവ​ദി​ക്കാ​മാ​യി​രു​ന്നി​ല്ലേ? ഈ പ്രശ്‌നം പരിഹ​രി​ക്കാ​നുള്ള ഒരു നല്ല വഴി അതാ​ണെന്ന്‌ അപൂർണ​രായ മനുഷ്യർക്കു തോന്നി​യേ​ക്കാം. എന്നാൽ അങ്ങനെ ചെയ്യു​ന്നത്‌ യഹോ​വ​യു​ടെ പൂർണ​ത​യുള്ള നീതിക്കു നിരക്കു​ന്നതല്ല. നീതി​യുള്ള ദൈവ​മാ​യ​തു​കൊണ്ട്‌ ആദാമി​ന്റെ ആ ഗൗരവ​മുള്ള തെറ്റു കണ്ടി​ല്ലെ​ന്നു​വെ​ക്കാൻ യഹോ​വ​യ്‌ക്കു കഴിയു​മാ​യി​രു​ന്നില്ല.

5. യഹോവ എപ്പോ​ഴും നീതി​യോ​ടെ മാത്രമേ പ്രവർത്തി​ക്കു​ക​യു​ള്ളൂ എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

5 ശരി, യഹോവ തന്റെ നീതി മാറ്റി​വെച്ച്‌, മോച​ന​വില എന്ന ക്രമീ​ക​രണം ഏർപ്പെ​ടു​ത്താ​തെ ആദാമി​ന്റെ മക്കളിൽ ആത്മാർഥ​ഹൃ​ദ​യ​രാ​യ​വരെ നിത്യം ജീവി​ക്കാൻ അനുവ​ദി​ച്ചി​രു​ന്നെ​ങ്കി​ലോ? അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ യഹോവ മറ്റു വിഷയ​ങ്ങ​ളി​ലും നീതിക്കു നേരെ കണ്ണടയ്‌ക്കു​മെന്ന്‌ ആളുകൾ ചിന്തി​ക്കാൻ സാധ്യ​ത​യുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ദൈവം തന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ ചിലതു നിറ​വേ​റ്റാ​തി​രി​ക്കു​മോ? അതെക്കു​റിച്ച്‌ ഓർത്ത്‌ പേടി​ക്കേണ്ട കാര്യമേ ഇല്ല. നീതി നടപ്പാ​ക്കാൻ യഹോവ വലി​യൊ​രു നഷ്ടമാണ്‌ സഹിച്ചത്‌—തന്റെ പ്രിയ​മ​കന്റെ ജീവൻ ബലിയാ​യി നൽകി. അതു​കൊണ്ട്‌ യഹോവ എപ്പോ​ഴും നീതി​യോ​ടെ മാത്രമേ പ്രവർത്തി​ക്കു​ക​യു​ള്ളൂ എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.

6. മോച​ന​വില യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ തെളി​വാ​ണെന്നു പറയു​ന്ന​തി​ന്റെ ഒരു കാരണം എന്താണ്‌? (1 യോഹ​ന്നാൻ 4:9, 10)

6 മോച​ന​വില യഹോ​വ​യു​ടെ നീതി​യു​ടെ തെളി​വാ​ണെന്നു നമ്മൾ കണ്ടു. എന്നാൽ അതോ​ടൊ​പ്പം യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ ആഴവും നമുക്ക്‌ അതിലൂ​ടെ കാണാം. (യോഹ. 3:16; 1 യോഹ​ന്നാൻ 4:9, 10 വായി​ക്കുക.) യഹോവ തന്റെ മകനെ നൽകി​യതു നമ്മൾ നിത്യം ജീവി​ക്കാൻവേണ്ടി മാത്രമല്ല, നമ്മൾ തന്റെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കാൻ യഹോവ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടും​കൂ​ടി​യാണ്‌. ആദാം പാപം ചെയ്‌ത​പ്പോൾ തന്റെ ആരാധ​ക​രു​ടെ കുടും​ബ​ത്തിൽനിന്ന്‌ യഹോവ ആദാമി​നെ പുറത്താ​ക്കി. അതിന്റെ ഫലമായി നമ്മളെ​ല്ലാ​വ​രും ദൈവ​ത്തി​ന്റെ കുടും​ബ​ത്തി​നു പുറത്താ​ണു ജനിച്ചത്‌. എന്നാൽ മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കു​ക​യും വിശ്വാ​സ​വും അനുസ​ര​ണ​വും ഉള്ളവരെ ഭാവി​യിൽ തന്റെ കുടും​ബ​ത്തി​ന്റെ ഭാഗമാ​ക്കു​ക​യും ചെയ്യും. മാത്രമല്ല ഇപ്പോൾത്തന്നെ നമുക്ക്‌ യഹോ​വ​യു​മാ​യും സഹാരാ​ധ​ക​രു​മാ​യും നല്ലൊരു ബന്ധം ആസ്വദി​ക്കാ​നും കഴിയും. യഹോ​വ​യു​ടെ ആർദ്ര​സ്‌നേ​ഹ​ത്തി​ന്റെ എത്ര നല്ല തെളിവ്‌!—റോമ. 5:10, 11.

7. യേശു അനുഭ​വിച്ച കഷ്ടതകൾ, യഹോവ എത്രമാ​ത്രം നമ്മളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു തിരി​ച്ച​റി​യാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

7 മോച​ന​വില നൽകാൻ യഹോവ എത്ര വലിയ വിലയാ​ണു നൽകി​യ​തെന്നു ചിന്തി​ക്കു​മ്പോൾ യഹോ​വ​യ്‌ക്കു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ ആഴം മനസ്സി​ലാ​കും. ബുദ്ധി​മു​ട്ടു​കൾ നേരി​ടു​മ്പോൾ ഒരു ദൈവ​ദാ​സ​നും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കില്ല എന്നാണു സാത്താൻ വാദി​ച്ചത്‌. ആ വാദം തെറ്റാ​ണെന്നു തെളി​യി​ക്കു​ന്ന​തിന്‌ യഹോവ തന്റെ മകനെ, മരിക്കു​ന്ന​തി​നു മുമ്പ്‌ കഷ്ടതക​ളി​ലൂ​ടെ കടന്നു​പോ​കാൻ അനുവ​ദി​ച്ചു. (ഇയ്യോ. 2:1-5; 1 പത്രോ. 2:21) യഹോവ നോക്കി​നിൽക്കെ എതിരാ​ളി​കൾ യേശു​വി​നെ പരിഹ​സി​ക്കു​ക​യും പടയാ​ളി​കൾ ചാട്ട​കൊണ്ട്‌ അടിക്കു​ക​യും സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ക​യും ചെയ്‌തു. അതിനു ശേഷം തന്റെ പ്രിയ​മകൻ വേദനാ​ക​ര​മായ മരണം ഏറ്റുവാ​ങ്ങു​ന്ന​തും യഹോ​വ​യ്‌ക്കു കാണേ​ണ്ടി​വന്നു. (മത്താ. 27:28-31, 39, 40) ഏതു നിമി​ഷ​വും അതെല്ലാം അവസാ​നി​പ്പി​ക്കാ​നുള്ള ശക്തി യഹോ​വ​യ്‌ക്കു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ എതിരാ​ളി​കൾ, “ഇവനെ ദൈവ​ത്തി​നു വേണ​മെ​ങ്കിൽ ദൈവം​തന്നെ രക്ഷിക്കട്ടെ” എന്നു പറഞ്ഞ​പ്പോൾ യഹോ​വ​യ്‌ക്കു വേണ​മെ​ങ്കിൽ അങ്ങനെ ചെയ്യാ​മാ​യി​രു​ന്നു. (മത്താ. 27:42, 43) എന്നാൽ തന്റെ മകനെ രക്ഷിക്കാൻ യഹോവ പ്രവർത്തി​ച്ചി​രു​ന്നെ​ങ്കിൽ നമുക്കു മോച​ന​വി​ല​യോ ഭാവി​യി​ലേക്ക്‌ ഒരു പ്രത്യാ​ശ​യോ കിട്ടി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ തന്റെ മകന്റെ അവസാ​ന​ശ്വാ​സം നിലയ്‌ക്കു​ന്ന​തു​വരെ കഷ്ടതക​ളി​ലൂ​ടെ കടന്നു​പോ​കാൻ യഹോവ അനുവ​ദി​ച്ചു.

8. തന്റെ മകൻ കഷ്ടപ്പെ​ടു​ന്നതു കണ്ടപ്പോൾ യഹോ​വ​യ്‌ക്കു വേദന തോന്നി​യെന്നു നമുക്ക്‌ എങ്ങനെ അറിയാം? (ചിത്ര​വും കാണുക.)

8 സർവശ​ക്ത​നാ​യ​തു​കൊണ്ട്‌ ദൈവ​ത്തി​നു വികാ​ര​ങ്ങ​ളൊ​ന്നു​മി​ല്ലെന്നു നമ്മൾ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. ദൈവ​ത്തി​ന്റെ ഛായയിൽ സൃഷ്ടിച്ച നമുക്കു വികാ​ര​ങ്ങ​ളു​ണ്ടെ​ങ്കിൽ അതിന്റെ അർഥം ദൈവ​ത്തി​നും വികാ​ര​ങ്ങ​ളു​ണ്ടെ​ന്നല്ലേ? ചില കാര്യങ്ങൾ ദൈവത്തെ ‘മുറി​പ്പെ​ടു​ത്തി​യ​താ​യും’ ‘ദുഃഖി​പ്പി​ച്ച​താ​യും’ ബൈബി​ളിൽ പറയു​ന്നുണ്ട്‌. (സങ്കീ. 78:40, 41) തന്റെ മകൻ ദുരിതം അനുഭ​വി​ക്കു​ന്നതു കണ്ടപ്പോൾ യഹോ​വ​യ്‌ക്ക്‌ എത്ര വേദന​യാ​ണു തോന്നി​യ​തെന്ന്‌ അറിയാൻ, അബ്രാ​ഹാ​മി​ന്റെ​യും യിസ്‌ഹാ​ക്കി​ന്റെ​യും കാര്യം ചിന്തി​ക്കാം. തന്റെ ഒരേ ഒരു മകനെ ബലിയാ​യി അർപ്പി​ക്കാൻ അബ്രാ​ഹാ​മി​നോട്‌ ആവശ്യ​പ്പെ​ട്ടതു നിങ്ങൾ ഓർക്കു​ന്നി​ല്ലേ? (ഉൽപ. 22:9-12; എബ്രാ. 11:17-19) യിസ്‌ഹാ​ക്കി​നെ കൊല്ലാൻ കത്തി എടുത്ത സമയത്ത്‌ അബ്രാ​ഹാ​മി​ന്റെ ഉള്ളിലൂ​ടെ കടന്നു​പോയ വികാ​രങ്ങൾ നമുക്ക്‌ ഊഹി​ക്കാൻ മാത്രമേ കഴിയൂ. അങ്ങനെ​യെ​ങ്കിൽ ദുഷ്ടരായ ആളുകൾ തന്റെ പ്രിയ​മ​കനെ ക്രൂര​മാ​യി ഉപദ്ര​വി​ക്കു​ന്നതു കണ്ടപ്പോൾ യഹോ​വ​യ്‌ക്ക്‌ എത്രമാ​ത്രം വേദന തോന്നി​ക്കാ​ണും! JW.ORG-ലെ അവ​രുടെ വിശ്വാ​സം അനു​കരി​ക്കുക—അബ്രാ​ഹാം, ഭാഗം 2 എന്ന വീഡി​യോ കാണുക.

തന്റെ മകൻ ദുരിതം അനുഭ​വി​ക്കു​ന്നത്‌ യഹോ​വ​യ്‌ക്കു വേദന​യോ​ടെ കാണേ​ണ്ടി​വന്നു (8-ാം ഖണ്ഡിക കാണുക)


9. യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടും സഹാരാ​ധ​ക​രോ​ടും ഉള്ള സ്‌നേ​ഹ​ത്തി​ന്റെ ആഴം മനസ്സി​ലാ​ക്കാൻ റോമർ 8:32, 38, 39 സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

9 യഹോവ നമ്മളെ സ്‌നേ​ഹി​ക്കുന്ന അത്രയും മറ്റാരും നമ്മളെ സ്‌നേ​ഹി​ക്കു​ന്നി​ല്ലെന്നു മോച​ന​വില പഠിപ്പി​ക്കു​ന്നു. നമ്മുടെ അടുത്ത കുടും​ബാം​ഗ​ങ്ങ​ളെ​ക്കാ​ളും ഉറ്റ സുഹൃ​ത്തു​ക്ക​ളെ​ക്കാ​ളും യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നുണ്ട്‌. (റോമർ 8:32, 38, 39 വായി​ക്കുക.) എന്തിന്‌, നമ്മൾ നമ്മളെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കാൾ അധികം യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു. എന്നേക്കും ജീവി​ക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? നിങ്ങ​ളെ​ക്കാൾ അധികം അത്‌ യഹോവ ആഗ്രഹി​ക്കു​ന്നു. നിങ്ങളു​ടെ പാപങ്ങൾ ക്ഷമിച്ച്‌ കിട്ടണ​മെന്നു നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? അതും നിങ്ങ​ളെ​ക്കാൾ അധികം യഹോവ ആഗ്രഹി​ക്കു​ന്നുണ്ട്‌. യഹോവ നമ്മളോട്‌ ആകെ ആവശ്യ​പ്പെ​ടു​ന്നത്‌ ഇതാണ്‌: വിശ്വാ​സ​വും അനുസ​ര​ണ​വും കാണി​ച്ചു​കൊണ്ട്‌ ആ വില​യേ​റിയ സമ്മാനം സ്വീക​രി​ക്കണം. അതെ, ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ ആഴമാണു മോച​ന​വില കാണി​ക്കു​ന്നത്‌. ഇനി പുതിയ ലോക​ത്തിൽ നമ്മൾ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ഇതിലും കൂടു​ത​ലാ​യി പഠിക്കും.—സഭാ. 3:11.

മോച​ന​വില യേശു​വി​നെ​ക്കു​റിച്ച്‌ നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

10. (എ) തന്റെ മരണ​ത്തെ​ക്കു​റി​ച്ചുള്ള എന്തു കാര്യ​മാ​ണു യേശു​വി​നെ ഏറ്റവും കൂടുതൽ വേദനി​പ്പി​ച്ചത്‌? (ബി) യേശു​വി​ന്റെ മരണത്തി​ലൂ​ടെ എന്തു തെളി​യി​ക്ക​പ്പെട്ടു? (“ യേശു​വി​ന്റെ വിശ്വസ്‌ത, സാത്താൻ നുണയ​നാ​ണെന്നു തെളി​യി​ച്ചു” എന്ന ചതുര​വും കാണുക.)

10 പിതാ​വി​ന്റെ പേരി​നെ​ക്കു​റിച്ച്‌ യേശു​വി​നു നല്ല ചിന്തയുണ്ട്‌. (യോഹ. 14:31) ഒരു ദൈവ​നി​ന്ദ​ക​നും കുറ്റവാ​ളി​യും ആയി മരി​ക്കേ​ണ്ടി​വ​രു​മ്പോൾ തന്റെ പിതാ​വി​ന്റെ പേരി​നു​ണ്ടാ​യേ​ക്കാ​വുന്ന നിന്ദ യേശു​വി​നെ വേദനി​പ്പി​ച്ചു. അതു​കൊ​ണ്ടാണ്‌ യേശു ഇങ്ങനെ പ്രാർഥി​ച്ചത്‌: “എന്റെ പിതാവേ, കഴിയു​മെ​ങ്കിൽ ഈ പാനപാ​ത്രം എന്നിൽനിന്ന്‌ നീക്കേ​ണമേ.” (മത്താ. 26:39) മരണം​വരെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​നി​ന്നു​കൊണ്ട്‌ യേശു തന്റെ പിതാ​വി​ന്റെ പേര്‌ പൂർണ​മാ​യി വിശു​ദ്ധീ​ക​രി​ച്ചു.

11. യേശു എങ്ങനെ​യാണ്‌ ആളുകളെ ആഴമായി സ്‌നേ​ഹി​ച്ചത്‌? (യോഹ​ന്നാൻ 13:1)

11 യേശു​വിന്‌ ആളുക​ളെ​ക്കു​റിച്ച്‌ നല്ല ചിന്തയു​ണ്ടെന്ന്‌, പ്രത്യേ​കി​ച്ചും തന്റെ ശിഷ്യ​ന്മാ​രെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെന്നു മോച​ന​വില നമ്മളെ പഠിപ്പി​ക്കു​ന്നു. (സുഭാ. 8:31; യോഹ​ന്നാൻ 13:1 വായി​ക്കുക.) യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​യു​ടെ ചില വശങ്ങൾ ബുദ്ധി​മു​ട്ടു​ള്ള​താ​യി​രു​ന്നു, പ്രത്യേ​കി​ച്ചും വേദനാ​ക​ര​മായ തന്റെ മരണം. എന്നിട്ടും യേശു ഭൂമി​യി​ലെ തന്റെ നിയമനം ഒരു കടമ നിറ​വേ​റ്റു​ന്ന​തു​പോ​ലെയല്ല ചെയ്‌തത്‌. പകരം പ്രസം​ഗി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും ആളുകൾക്കു ശുശ്രൂഷ ചെയ്യു​ന്ന​തി​ലും യേശു തന്റെ മുഴു​ഹൃ​ദ​യ​വും അർപ്പിച്ചു. അതു​പോ​ലെ തന്റെ മരണത്തി​ന്റെ തലേദി​വ​സം​പോ​ലും അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കാലുകൾ കഴുകാ​നും അവസാ​ന​മാ​യി അവരെ ആശ്വസി​പ്പി​ക്കാ​നും അവർക്കു ചില നിർദേ​ശങ്ങൾ കൊടു​ക്കാ​നും യേശു സമയം കണ്ടെത്തി. (യോഹ. 13:12-15) വേദന​യോ​ടെ സ്‌തം​ഭ​ത്തിൽ കിടന്ന്‌ ഇഞ്ചിഞ്ചാ​യുള്ള മരണം ഏറ്റുവാ​ങ്ങു​മ്പോ​ഴും തന്റെ അടുത്തു​ണ്ടാ​യി​രുന്ന കുറ്റവാ​ളി​ക്കു യേശു പ്രത്യാശ പകർന്നു. ഇനി തന്റെ അമ്മയെ നോക്കാ​നുള്ള ക്രമീ​ക​രണം ചെയ്യാ​നും യേശു ആ സമയത്ത്‌ മറന്നില്ല. (ലൂക്കോ. 23:42, 43; യോഹ. 19:26, 27) യേശു​വി​ന്റെ സ്‌നേ​ഹ​ത്തി​ന്റെ ആഴം തന്റെ മരണത്തിൽ മാത്രം ഒതുങ്ങി നിൽക്കു​ന്ന​ത​ല്ലാ​യി​രു​ന്നു. ഭൂമി​യി​ലെ യേശു​വി​ന്റെ ജീവി​ത​ത്തിൽ ഉടനീളം അതു പ്രകട​മാ​യി​രു​ന്നു.

12. യേശു നമുക്കു​വേണ്ടി ഇപ്പോ​ഴും പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

12 യേശു ‘ഒരിക്ക​ലാ​യുള്ള മരണം​വ​രി​ച്ചെ​ങ്കി​ലും’ ഇപ്പോ​ഴും നമുക്കു​വേണ്ടി പല കാര്യ​ങ്ങ​ളും ചെയ്‌തു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. (റോമ. 6:10) അത്‌ എങ്ങനെ​യാണ്‌? മോച​ന​വി​ല​യു​ടെ പ്രയോ​ജ​നങ്ങൾ നമുക്കു കിട്ടാ​നാ​യി യേശു ഇപ്പോ​ഴും സമയവും ശ്രമവും ചെലവ​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. യേശു തിര​ക്കോ​ടെ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. യേശു നമ്മുടെ രാജാ​വാ​യും മഹാപു​രോ​ഹി​ത​നാ​യും സഭയുടെ തലയാ​യും സേവി​ക്കു​ന്നു. (1 കൊരി. 15:25; എഫെ. 5:23; എബ്രാ. 2:17) അഭിഷി​ക്ത​രെ​യും മഹാപു​രു​ഷാ​ര​ത്തെ​യും കൂട്ടി​ച്ചേർക്കുന്ന ജോലി​യു​ടെ ഉത്തരവാ​ദി​ത്വ​വും യേശു​വി​നാണ്‌. ഇതു മഹാകഷ്ടത അവസാ​നി​ക്കു​ന്ന​തി​നു മുമ്പ്‌ ചെയ്‌തു​തീർക്കേണ്ട ഒരു ജോലി​യാണ്‌. b (മത്താ. 25:32; മർക്കോ. 13:27) ഈ അവസാ​ന​നാ​ളു​ക​ളിൽ തന്റെ വിശ്വ​സ്‌ത​രായ ദാസന്മാർ ആത്മീയ​മാ​യി നന്നായി പോഷി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും യേശു ഉറപ്പു​വ​രു​ത്തു​ന്നു. (മത്താ. 24:45) ഇനി ആയിരം വർഷവാ​ഴ്‌ച​യിൽ ഉടനീ​ള​വും നമ്മുടെ ആഗ്രഹങ്ങൾ നിറ​വേ​റ്റാ​നാ​യി യേശു പ്രവർത്തി​ക്കും. യേശു തന്നെത്തന്നെ നമുക്കു​വേണ്ടി പൂർണ​മാ​യി തന്നു. അതെ, യഹോ​വ​യിൽനി​ന്നുള്ള വളരെ വിലപ്പെട്ട ഒരു സമ്മാനം​ത​ന്നെ​യാ​ണു യേശു!

പുതിയ കാര്യങ്ങൾ പഠിച്ചു​കൊ​ണ്ടി​രി​ക്കുക

13. ദൈവ​ത്തി​നും ക്രിസ്‌തു​വി​നും നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ പഠിച്ചു​കൊ​ണ്ടി​രി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

13 യഹോ​വ​യും യേശു​ക്രി​സ്‌തു​വും നമുക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ തുടർന്നും ധ്യാനി​ക്കു​ക​യാ​ണെ​ങ്കിൽ അവരുടെ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ നമുക്കു കൂടുതൽ പഠിക്കാൻ കഴിയും. ഈ സ്‌മാ​ര​ക​കാ​ലത്ത്‌ ഒന്നോ അതില​ധി​ക​മോ സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ ശ്രദ്ധ​യോ​ടെ വായി​ക്കാൻ നിങ്ങൾക്കു കഴിയും. ഒറ്റയടിക്ക്‌ ഒരുപാട്‌ അധ്യാ​യങ്ങൾ വായി​ക്കാൻ ശ്രമി​ക്ക​രുത്‌. പകരം സമയ​മെ​ടുത്ത്‌ വായി​ച്ചു​കൊണ്ട്‌ യഹോ​വ​യെ​യും യേശു​വി​നെ​യും സ്‌നേ​ഹി​ക്കാ​നുള്ള കൂടു​ത​ലായ കാരണങ്ങൾ കണ്ടെത്തുക. അതു​പോ​ലെ, കണ്ടെത്തിയ വിവരങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​നും പരമാ​വധി ശ്രമി​ക്കുക.

14. സങ്കീർത്തനം 119:97-നും അടിക്കു​റി​പ്പി​നും ചേർച്ച​യിൽ മോച​ന​വി​ല​യെ​ക്കു​റി​ച്ചും മറ്റു വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചും കൂടുതൽ പഠിക്കാൻ ഗവേഷണം എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? (ചിത്ര​വും കാണുക.)

14 നിങ്ങൾ സത്യത്തിൽ വന്നിട്ട്‌ കുറെ വർഷങ്ങൾ ആയിട്ടു​ണ്ടാ​യി​രി​ക്കും. അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ നീതി, സ്‌നേഹം, മോച​ന​വില എന്നതു​പോ​ലുള്ള പരിചി​ത​മായ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ ‘പുതു​താ​യി എന്തു പഠിക്കാ​നാണ്‌’ എന്നു തോന്നി​യേ​ക്കാം. എന്നാൽ ഇതെക്കു​റി​ച്ചും ഇതു​പോ​ലുള്ള മറ്റു വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചും എത്ര പഠിച്ചാ​ലും തീരില്ല എന്നതാണു സത്യം. അതു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും? നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലുള്ള സമൃദ്ധ​മായ വിവര​ങ്ങ​ളിൽനിന്ന്‌ കഴിയു​ന്നത്ര പ്രയോ​ജനം നേടാം. നിങ്ങൾ ബൈബിൾ വായി​ക്കു​മ്പോൾ ഒരു ഭാഗം പൂർണ​മാ​യും മനസ്സി​ലാ​യി​ല്ലെ​ങ്കിൽ അതെക്കു​റിച്ച്‌ ഗവേഷണം ചെയ്യുക. എന്നിട്ട്‌ ആ വിവരങ്ങൾ യഹോ​വ​യെ​യും യേശു​വി​നെ​യും അവർക്കു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തെ​യും കുറി​ച്ചൊ​ക്കെ എന്താണു പഠിപ്പി​ക്കു​ന്ന​തെന്നു ദിവസം മുഴുവൻ ധ്യാനി​ക്കുക.—സങ്കീർത്തനം 119:97-ഉം അടിക്കു​റി​പ്പും വായി​ക്കുക.

നമ്മൾ സത്യത്തിൽ വന്നിട്ട്‌ വർഷങ്ങ​ളാ​യെ​ങ്കി​ലും മോച​ന​വി​ല​യോ​ടുള്ള വിലമ​തി​പ്പു കൂട്ടാൻ നമുക്കാ​കും (14-ാം ഖണ്ഡിക കാണുക)


15. ബൈബി​ളി​ലെ രത്നങ്ങൾ കണ്ടെത്താൻ നമ്മൾ ശ്രമി​ച്ചു​കൊ​ണ്ടേ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

15 നിങ്ങൾ ഓരോ തവണ വായി​ക്കാ​നോ ഗവേഷണം ചെയ്യാ​നോ ഇരിക്കു​മ്പോൾ പുതിയ, ആവേശ​ക​ര​മായ എന്തെങ്കി​ലും കാര്യം കിട്ടി​യി​ല്ല​ല്ലോ എന്ന്‌ ഓർത്ത്‌ നിരാ​ശ​പ്പെ​ടേ​ണ്ട​തില്ല. ഒരർഥ​ത്തിൽ നിങ്ങൾ സ്വർണ​ത്തി​നാ​യി കുഴി​ക്കു​ന്ന​വ​രെ​പ്പോ​ലെ​യാണ്‌. ക്ഷമയോ​ടെ മണിക്കൂ​റു​ക​ളോ ദിവസ​ങ്ങ​ളോ തിരഞ്ഞ​തി​നു ശേഷമാ​യി​രി​ക്കും അൽപ്പ​മെ​ങ്കി​ലും സ്വർണം കണ്ടെത്തു​ന്നത്‌. എങ്കിലും അവർ മടുത്തു​പോ​കാ​തെ തിരയും. കാരണം സ്വർണ​ത്തി​ന്റെ ഓരോ തരിയും വില​പ്പെ​ട്ട​താ​ണെന്ന്‌ അവർക്ക്‌ അറിയാം. അങ്ങനെ​യെ​ങ്കിൽ ബൈബി​ളിൽനിന്ന്‌ കിട്ടുന്ന ഒരോ രത്നവും എത്രയ​ധി​കം വില​പ്പെ​ട്ട​താണ്‌! (സങ്കീ. 119:127; സുഭാ. 8:10) അതു​കൊണ്ട്‌ ക്ഷമയോ​ടെ നിങ്ങളു​ടെ ബൈബിൾവാ​യനാ പട്ടിക​യോ​ടു പറ്റിനിൽക്കുക.—സങ്കീ. 1:2.

16. നമുക്ക്‌ എങ്ങനെ യഹോ​വ​യെ​യും യേശു​വി​നെ​യും അനുക​രി​ക്കാം?

16 നിങ്ങൾ പഠിക്കു​മ്പോൾ പഠിക്കുന്ന കാര്യങ്ങൾ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാം എന്നു ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ നീതി അനുക​രി​ച്ചു​കൊണ്ട്‌ നമുക്കു മറ്റുള്ള​വ​രോ​ടു പക്ഷപാ​ത​മി​ല്ലാ​തെ ഇടപെ​ടാം. അതു​പോ​ലെ യഹോ​വ​യോ​ടും മറ്റുള്ള​വ​രോ​ടും ഉള്ള യേശു​വി​ന്റെ സ്‌നേഹം അനുക​രി​ച്ചു​കൊണ്ട്‌ ദൈവ​നാ​മ​ത്തെ​പ്രതി ഉപദ്ര​വങ്ങൾ സഹിക്കാ​നും സഹക്രി​സ്‌ത്യാ​നി​കൾക്കു​വേണ്ടി സ്വയം വിട്ടു​കൊ​ടു​ക്കാ​നും നമുക്കു തയ്യാറാ​കാം. ഇനി യേശു​വി​നെ​പ്പോ​ലെ നമുക്കു മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കാം. അപ്പോൾ യഹോവ നമുക്കു തന്ന ആ വില​യേ​റിയ സമ്മാന​ത്തി​ന്റെ പ്രയോ​ജനം അവർക്കും ലഭിക്കും.

17. അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

17 മോച​ന​വി​ല​യെ​ക്കു​റിച്ച്‌ നമ്മൾ എത്ര​ത്തോ​ളം മനസ്സി​ലാ​ക്കു​ക​യും അതിനെ വിലമ​തി​ക്കു​ക​യും ചെയ്യു​ന്നോ അത്ര​ത്തോ​ളം നമ്മൾ യഹോ​വ​യെ​യും യേശു​വി​നെ​യും സ്‌നേ​ഹി​ക്കും. അപ്പോൾ അവർ തിരിച്ച്‌ നമ്മളെ​യും ഒരുപാ​ടു സ്‌നേ​ഹി​ക്കും. (യോഹ. 14:21; യാക്കോ. 4:8) അതു​കൊണ്ട്‌ മോച​ന​വി​ല​യെ​ക്കു​റിച്ച്‌ പഠിക്കാൻ യഹോവ തന്നിരി​ക്കുന്ന ബൈബി​ളും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും എല്ലാം നമുക്കു പ്രയോ​ജ​ന​പ്പെ​ടു​ത്താം. അടുത്ത ലേഖന​ത്തിൽ മോച​ന​വി​ല​യിൽനിന്ന്‌ പ്രയോ​ജനം നേടാ​നാ​കുന്ന ചില വിധങ്ങ​ളെ​ക്കു​റി​ച്ചും നമുക്ക്‌ എങ്ങനെ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടു വിലമ​തി​പ്പു കാണി​ക്കാ​മെ​ന്നും ചർച്ച ചെയ്യും.

ഗീതം 107 സ്‌നേ​ഹ​ത്തി​ന്റെ ദിവ്യ​മാ​തൃക

a പദപ്രയോഗത്തിന്റെ വിശദീ​ക​രണം: ഒരു വിഷയ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു​കൊണ്ട്‌ അതെക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ന്ന​താ​ണു “ധ്യാനം.”

b എഫെസ്യർ 1:10-ൽ പൗലോസ്‌ ‘സ്വർഗ​ത്തിൽ ഉള്ളതെ​ല്ലാം ഒന്നിച്ചു​ചേർക്കുക’ എന്നു പറഞ്ഞതും മത്തായി 24:31-ലും മർക്കോസ്‌ 13:27-ലും ‘തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വരെ കൂട്ടി​ച്ചേർക്കും’ എന്ന്‌ യേശു പറഞ്ഞി​രി​ക്കു​ന്ന​തും തമ്മിൽ വ്യത്യാ​സ​മുണ്ട്‌. പൗലോസ്‌ ഉദ്ദേശി​ച്ചത്‌ യേശു​വി​നോ​ടൊ​പ്പം ഭരിക്കാൻ പോകു​ന്ന​വരെ യഹോവ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്‌തു​കൊണ്ട്‌ അവരെ തിര​ഞ്ഞെ​ടു​ക്കുന്ന സമയ​ത്തെ​ക്കു​റി​ച്ചാണ്‌. എന്നാൽ യേശു ഉദ്ദേശി​ച്ചത്‌, ഭൂമി​യിൽ ബാക്കി​യുള്ള അഭിഷി​ക്തരെ മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ സ്വർഗ​ത്തിൽ കൂട്ടി​ച്ചേർക്കുന്ന സമയ​ത്തെ​ക്കു​റി​ച്ചാണ്‌.