വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 5

ഗീതം 108 ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേ​ഹം

യഹോ​വ​യു​ടെ സ്‌നേഹം നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെയാണ്‌?

യഹോ​വ​യു​ടെ സ്‌നേഹം നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെയാണ്‌?

“ക്രിസ്‌തു​യേശു ലോക​ത്തേക്കു വന്നതു പാപി​കളെ രക്ഷിക്കാ​നാണ്‌.”—1 തിമൊ. 1:15.

ഉദ്ദേശ്യം

മോച​ന​വി​ല നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്നും നമുക്ക്‌ യഹോ​വ​യോട്‌ എങ്ങനെ നന്ദി കാണി​ക്കാ​മെ​ന്നും പഠിക്കും.

1. യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

 മനോ​ഹ​ര​വും ഉപയോ​ഗ​പ്ര​ദ​വും ആയ ഒരു പ്രത്യേ​ക​സ​മ്മാ​നം നിങ്ങൾ പ്രിയ​പ്പെട്ട ആർക്കെ​ങ്കി​ലും കൊടു​ക്കു​ന്നെന്നു വിചാ​രി​ക്കുക. എന്നാൽ ആ വ്യക്തി ആ സമ്മാനം ഉപയോ​ഗി​ക്കാ​തെ എവി​ടെ​യെ​ങ്കി​ലും മാറ്റി​വെച്ച്‌ പിന്നെ അതെക്കു​റിച്ച്‌ ഓർക്കു​ന്നേ ഇല്ലെങ്കി​ലോ? നിങ്ങൾക്ക്‌ എത്ര വിഷമം തോന്നും. അതേസ​മയം അദ്ദേഹം ആ സമ്മാനം ഉപയോ​ഗി​ക്കു​ക​യും അതു കിട്ടി​യ​തി​നുള്ള വിലമ​തി​പ്പു കാണി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾക്കു വളരെ സന്തോഷം തോന്നി​ല്ലേ? നമ്മൾ എന്താണു പറഞ്ഞു​വ​രു​ന്നത്‌? യഹോവ തന്റെ പുത്രനെ നമുക്കാ​യി തന്നു. മോച​ന​വില എന്ന അമൂല്യ​മായ സമ്മാന​ത്തോ​ടും അതു തരാൻ യഹോവ കാണിച്ച സ്‌നേ​ഹ​ത്തോ​ടും നന്ദിയു​ള്ള​വ​രാ​യി​രി​ക്കു​മ്പോൾ യഹോ​വയെ അത്‌ എത്ര സന്തോ​ഷി​പ്പി​ക്കും.—യോഹ. 3:16; റോമ. 5:7, 8.

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

2 എന്നാൽ കാലം കടന്നു​പോ​കു​മ്പോൾ മോച​ന​വില എന്ന സമ്മാന​ത്തോ​ടുള്ള നമ്മുടെ വിലമ​തി​പ്പു കുറയാൻ സാധ്യ​ത​യുണ്ട്‌. അങ്ങനെ വന്നാൽ ദൈവം തന്ന മനോ​ഹ​ര​മായ ഒരു സമ്മാനം നമ്മൾ ഉപയോ​ഗി​ക്കാ​തെ, ശ്രദ്ധി​ക്കാത്ത ഒരു സ്ഥലത്ത്‌ മാറ്റി​വെ​ക്കു​ന്ന​തു​പോ​ലെ​യാണ്‌. പക്ഷേ അങ്ങനെ സംഭവി​ക്കാ​തി​രി​ക്കാൻ ദൈവ​വും ക്രിസ്‌തു​വും നമുക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ കൂടെ​ക്കൂ​ടെ ചിന്തി​ക്കണം. അതിനു നമ്മളെ സഹായി​ക്കു​ന്ന​താണ്‌ ഈ ലേഖനം. മോച​ന​വി​ല​കൊണ്ട്‌ ഇപ്പോൾ നമുക്ക്‌ എന്തെല്ലാം പ്രയോ​ജ​നങ്ങൾ കിട്ടു​മെ​ന്നും ഭാവി​യിൽ നമുക്ക്‌ എന്തെല്ലാം പ്രയോ​ജ​നങ്ങൾ ലഭിക്കു​മെ​ന്നും നമ്മൾ ചർച്ച ചെയ്യും. അതു​പോ​ലെ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോട്‌ എങ്ങനെ നന്ദി കാണി​ക്കാ​മെന്ന്‌, പ്രത്യേ​കിച്ച്‌ സ്‌മാ​ര​ക​കാ​ലത്ത്‌ അത്‌ എങ്ങനെ ചെയ്യാ​മെ​ന്നും കാണാം.

ഇപ്പോൾ ലഭിക്കുന്ന പ്രയോ​ജ​ന​ങ്ങൾ

3. മോച​ന​വി​ല​കൊണ്ട്‌ നമുക്ക്‌ ഇപ്പോൾ കിട്ടുന്ന ഒരു പ്രയോ​ജനം എന്താണ്‌?

3 യേശു​വി​ന്റെ മോച​ന​വി​ല​യിൽനിന്ന്‌ നമ്മൾ ഇപ്പോൾത്തന്നെ പ്രയോ​ജനം നേടു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കു​ന്നു. ദൈവ​ത്തിന്‌ ആഗ്രഹ​മു​ള്ള​തു​കൊ​ണ്ടാ​ണു ദൈവം നമ്മളോ​ടു ക്ഷമിക്കു​ന്നത്‌, അല്ലാതെ എന്തെങ്കി​ലും ഒരു കടപ്പാ​ടി​ന്റെ പുറത്തല്ല. യഹോ​വ​യു​ടെ ക്ഷമയെ​ക്കു​റിച്ച്‌ സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പറഞ്ഞു: “യഹോവേ, അങ്ങ്‌ നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും അല്ലോ.”—സങ്കീ. 86:5; 103:3, 10-13.

4. യഹോവ ആർക്കു​വേ​ണ്ടി​യാ​ണു മോച​ന​വില ഏർപ്പെ​ടു​ത്തി​യത്‌? (ലൂക്കോസ്‌ 5:32; 1 തിമൊ​ഥെ​യൊസ്‌ 1:15)

4 യഹോ​വ​യു​ടെ ക്ഷമ കിട്ടാൻ യോഗ്യ​ത​യി​ല്ലെന്നു ചില​പ്പോൾ നമ്മൾ ചിന്തി​ച്ചേ​ക്കാം. ശരിക്കും പറഞ്ഞാൽ നമുക്കു യോഗ്യ​ത​യില്ല. ‘ദൈവ​ത്തി​ന്റെ സഭയെ ഉപദ്ര​വിച്ച താൻ അപ്പോ​സ്‌തലൻ എന്നു വിളി​ക്ക​പ്പെ​ടാൻപോ​ലും യോഗ്യ​നല്ല’ എന്നു പൗലോ​സി​നു തോന്നി. എങ്കിലും അദ്ദേഹം പറഞ്ഞു: “ഞാൻ ഞാനാ​യി​രി​ക്കു​ന്നതു ദൈവ​ത്തി​ന്റെ അനർഹദയ കാരണ​മാണ്‌.” (1 കൊരി. 15:9, 10) നമുക്കു പശ്ചാത്താ​പ​മു​ണ്ടെ​ങ്കിൽ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കും. എന്നാൽ അതു നമ്മൾ അർഹി​ക്കു​ന്ന​തു​കൊ​ണ്ടല്ല പകരം യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌. നിങ്ങൾക്ക്‌ അർഹത​യി​ല്ലെന്നു തോന്നു​ന്നു​ണ്ടെ​ങ്കിൽ ഒരു കാര്യം ഓർക്കുക: യഹോവ മോച​ന​വില നൽകി​യതു പാപമി​ല്ലാത്ത ആളുകൾക്കു​വേ​ണ്ടി​യല്ല, പശ്ചാത്ത​പി​ക്കുന്ന പാപി​കൾക്കു​വേ​ണ്ടി​യാണ്‌.—ലൂക്കോസ്‌ 5:32; 1 തിമൊ​ഥെ​യൊസ്‌ 1:15 വായി​ക്കുക.

5. യഹോ​വ​യു​ടെ ക്ഷമ കിട്ടാൻ അവകാ​ശ​മു​ണ്ടെന്നു നമ്മളിൽ ആർക്കെ​ങ്കി​ലും ചിന്തി​ക്കാ​നാ​കു​മോ? വിശദീ​ക​രി​ക്കുക.

5 വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ക്കു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ കരുണ കിട്ടാ​നുള്ള അവകാശം നമുക്കു​ണ്ടെന്ന്‌ നമ്മൾ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. വിശ്വ​സ്‌ത​ത​യോ​ടെ​യുള്ള നമ്മുടെ സേവനം യഹോവ വിലമ​തി​ക്കു​ന്നുണ്ട്‌ എന്നതു ശരിയാണ്‌. (എബ്രാ. 6:10) എന്നാൽ യഹോവ തന്റെ പുത്രനെ തന്നതു നമ്മൾ ചെയ്‌ത സേവന​ങ്ങൾക്കുള്ള കൂലി​യാ​യി​ട്ടല്ല, പകരം ഒരു സൗജന്യ​സ​മ്മാ​ന​മാ​യി​ട്ടാണ്‌. അതു​കൊണ്ട്‌ യഹോ​വ​യ്‌ക്കു​വേണ്ടി പലതും ചെയ്‌തി​ട്ടു​ള്ള​തു​കൊണ്ട്‌ നമ്മൾ യഹോ​വ​യു​ടെ ക്ഷമയ്‌ക്ക്‌ അർഹരാ​ണെന്നു ചിന്തി​ക്കു​ന്നെ​ങ്കിൽ മോച​ന​വി​ല​യു​ടെ ആവശ്യം എനിക്കില്ല എന്നു പറയു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും.—ഗലാത്യർ 2:21 താരത​മ്യം ചെയ്യുക.

6. യഹോ​വ​യു​ടെ സേവന​ത്തിൽ പൗലോസ്‌ എന്തു​കൊ​ണ്ടാ​ണു കഠിനാ​ധ്വാ​നം ചെയ്‌തത്‌?

6 താൻ യഹോ​വ​യ്‌ക്കു​വേണ്ടി എന്തെല്ലാം ചെയ്‌താ​ലും യഹോ​വ​യ്‌ക്കു തന്നോടു ക്ഷമിക്കാൻ കടപ്പാ​ടി​ല്ലെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. എന്നിട്ടും അദ്ദേഹം എന്തിനാണ്‌ യഹോ​വ​യു​ടെ സേവന​ത്തിൽ കഠിനാ​ധ്വാ​നം ചെയ്‌തത്‌? താൻ ദൈവ​ത്തി​ന്റെ ക്ഷമയ്‌ക്ക്‌ അർഹനാ​ണെന്നു തെളി​യി​ക്കാൻവേ​ണ്ടി​യല്ല, പകരം യഹോ​വ​യു​ടെ അനർഹ​ദ​യ​യോ​ടുള്ള നന്ദി കാണി​ക്കാൻവേ​ണ്ടി​യാണ്‌. (എഫെ. 3:7) പൗലോ​സി​നെ​പ്പോ​ലെ നമ്മളും ദൈവ​സേ​വ​ന​ത്തിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ന്നത്‌ യഹോ​വ​യു​ടെ കരുണ​യ്‌ക്കുള്ള അർഹത നേടാനല്ല, പകരം അതി​നോ​ടുള്ള നന്ദി കാണി​ക്കാ​നാണ്‌.

7. മോച​ന​വി​ല​യി​ലൂ​ടെ ഇപ്പോൾ നമുക്കു കിട്ടുന്ന മറ്റൊരു പ്രയോ​ജനം എന്താണ്‌? (റോമർ 5:1; യാക്കോബ്‌ 2:23)

7 മോച​ന​വി​ല​യി​ലൂ​ടെ നമുക്ക്‌ ഇന്നു ലഭിക്കുന്ന മറ്റൊരു പ്രയോ​ജനം നമുക്ക്‌ യഹോ​വ​യു​മാ​യി ഒരു അടുത്ത, വ്യക്തി​പ​ര​മായ ബന്ധം ഉണ്ടായി​രി​ക്കാ​നാ​കും എന്നതാണ്‌. a മുൻലേ​ഖ​ന​ത്തിൽ കണ്ടതു​പോ​ലെ ജനിച്ച​പ്പോൾ നമുക്കു ദൈവ​വു​മാ​യി ഒരു ബന്ധമി​ല്ലാ​യി​രു​ന്നു. എന്നാൽ മോച​ന​വി​ല​യി​ലൂ​ടെ നമുക്കു ‘ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാ​നും’ അങ്ങനെ ദൈവ​ത്തോ​ടു കൂടുതൽ അടുക്കാ​നും കഴിയു​ന്നു.—റോമർ 5:1; യാക്കോബ്‌ 2:23 വായി​ക്കുക.

8. പ്രാർഥന എന്ന അമൂല്യ​മായ പദവി തന്നതിനു നമ്മൾ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

8 നമുക്ക്‌ യഹോ​വ​യു​മാ​യുള്ള വ്യക്തി​പ​ര​മായ ബന്ധത്തിന്റെ ഒരു പ്രയോ​ജ​ന​മാ​ണു പ്രാർഥന എന്ന അമൂല്യ​മായ പദവി. നമ്മൾ ഒരുമിച്ച്‌ കൂടു​മ്പോ​ഴുള്ള പരസ്യ​മായ പ്രാർഥ​നകൾ മാത്രമല്ല യഹോവ കേൾക്കു​ന്നത്‌. നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും വ്യക്തി​പ​ര​മായ പ്രാർഥ​ന​ക​ളും യഹോ​വ​യ്‌ക്കു വളരെ വില​പ്പെ​ട്ട​താണ്‌. പ്രാർഥന നമ്മുടെ ഹൃദയത്തെ ശാന്തമാ​ക്കു​ക​യും നമുക്കു മനസ്സമാ​ധാ​നം തരുക​യും ചെയ്യുന്നു. എന്നാൽ പ്രാർഥ​ന​കൊണ്ട്‌ ഇതിലും വലിയ പ്രയോ​ജ​ന​മുണ്ട്‌. അത്‌ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴമു​ള്ള​താ​ക്കും. (സങ്കീ. 65:2; യാക്കോ. 4:8; 1 യോഹ. 5:14) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു കൂടെ​ക്കൂ​ടെ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. കാരണം യഹോവ തന്റെ പ്രാർഥ​നകൾ കേൾക്കു​മെ​ന്നും അത്‌ യഹോ​വ​യു​മാ​യുള്ള തന്റെ ബന്ധം ശക്തമാ​ക്കി​നി​റു​ത്തു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (ലൂക്കോ. 5:16) യേശു​വി​ന്റെ മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ നമുക്ക്‌ യഹോ​വ​യു​ടെ അടുത്ത സുഹൃ​ത്തു​ക്ക​ളാ​കാ​നും പ്രാർഥ​ന​യി​ലൂ​ടെ യഹോ​വ​യോ​ടു സംസാ​രി​ക്കാ​നും കഴിയു​ന്നത്‌ എത്ര വലി​യൊ​രു പദവി​യാണ്‌!

ഭാവി​യിൽ ലഭിക്കുന്ന പ്രയോ​ജ​ന​ങ്ങൾ

9. മോച​ന​വില എങ്ങനെ​യാ​ണു ഭാവി​യിൽ തന്റെ വിശ്വ​സ്‌ത​രായ ആരാധ​കർക്കു പ്രയോ​ജനം ചെയ്യു​ന്നത്‌?

9 ഭാവി​യിൽ യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ ആരാധകർ മോച​ന​വി​ല​യിൽനിന്ന്‌ എങ്ങനെ പ്രയോ​ജനം നേടും? അവർക്കു നിത്യ​ജീ​വൻ ലഭിക്കും. ഇതു നടക്കാത്ത ഒരു കാര്യ​മാ​യി പലർക്കും തോന്നി​യേ​ക്കാം. കാരണം ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി മനുഷ്യർ മരിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ല്ലോ. എന്നാൽ മനുഷ്യ​രെ സൃഷ്ടി​ച്ച​പ്പോൾ അവർ നിത്യം ജീവി​ക്കണം എന്നാണ്‌ യഹോവ ഉദ്ദേശി​ച്ചത്‌. ആദാം പാപം ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ എന്നേക്കു​മുള്ള ജീവിതം ഒരിക്ക​ലും നടക്കാത്ത ഒരു കാര്യ​മാ​യി ആർക്കും തോന്നി​ല്ലാ​യി​രു​ന്നു. നിത്യം ജീവി​ക്കുക എന്നത്‌ ഒരു അസാധാ​ര​ണ​കാ​ര്യ​മാ​യി ഇന്നു തോന്നു​ന്നെ​ങ്കിൽ ഓർക്കുക, അതു സാധ്യ​മാ​ക്കാൻ യഹോവ നൽകി​യ​തും അസാധാ​ര​ണ​മാ​യൊ​രു വിലയാണ്‌—തന്റെ പ്രിയ​മ​കന്റെ ജീവൻ!—റോമ. 8:32.

10. അഭിഷി​ക്ത​രും വേറെ ആടുക​ളും എന്തിനു​വേ​ണ്ടി​യാ​ണു കാത്തി​രി​ക്കു​ന്നത്‌?

10 നിത്യ​ജീ​വൻ എന്നതു ഭാവി​യിൽ കിട്ടുന്ന ഒരു പ്രയോ​ജ​ന​മാ​ണെ​ങ്കി​ലും നമ്മൾ ഇപ്പോൾത്തന്നെ അതെക്കു​റിച്ച്‌ ചിന്തി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. അഭിഷി​ക്തർ സ്വർഗ​ത്തി​ലി​രുന്ന്‌ ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭൂമിയെ ഭരിക്കാ​നാ​യി കാത്തി​രി​ക്കു​ക​യാണ്‌. (വെളി. 20:6) ഇനി വേറെ ആടുകൾ നോക്കി​യി​രി​ക്കു​ന്നത്‌, പറുദീ​സാ​ഭൂ​മി​യിൽ ദുഃഖ​വും വേദന​യും ഇല്ലാതെ ജീവി​ക്കാ​നാണ്‌. (വെളി. 21:3, 4) ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള വേറെ ആടുക​ളിൽപ്പെട്ട ഒരാളാ​ണോ നിങ്ങൾ? സ്വർഗീ​യ​പ്ര​ത്യാ​ശ​വെച്ച്‌ നോക്കു​മ്പോൾ അതു വില കുറഞ്ഞ ഒരു സമ്മാനമല്ല. ശരിക്കും പറഞ്ഞാൽ മനുഷ്യ​രെ സൃഷ്ടി​ച്ച​തു​തന്നെ ഭൂമി​യിൽ നിത്യം ജീവി​ക്കാൻ കഴിയുന്ന വിധത്തി​ലാണ്‌. അതു​കൊണ്ട്‌ ഭൂമി​യി​ലെ ജീവിതം നമുക്ക്‌ അങ്ങേയറ്റം സന്തോഷം തരും.

11-12. പറുദീ​സ​യിൽ കിട്ടുന്ന ഏതെല്ലാം അനു​ഗ്ര​ഹ​ങ്ങൾക്കു​വേണ്ടി നമുക്ക്‌ ഇപ്പോഴേ നോക്കി​യി​രി​ക്കാം? (ചിത്ര​ങ്ങ​ളും കാണുക.)

11 പറുദീ​സാ​ഭൂ​മി​യി​ലെ ജീവിതം എങ്ങനെ​യു​ള്ളത്‌ ആയിരി​ക്കു​മെന്ന്‌ ഒന്നു ഭാവന​യിൽ കാണുക. രോഗ​ത്തെ​ക്കു​റി​ച്ചോ മരണ​ത്തെ​ക്കു​റി​ച്ചോ ഓർത്ത്‌ നിങ്ങൾ പേടി​ക്കില്ല. (യശ. 25:8; 33:24) നിങ്ങളു​ടെ എല്ലാ നല്ല ആഗ്രഹ​ങ്ങ​ളും യഹോവ പൂർണ​മാ​യി തൃപ്‌തി​പ്പെ​ടു​ത്തും. ഏതെല്ലാം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി പഠിക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? ശാസ്‌ത്രം, കല, സംഗീതം ഇതിൽ ഏതെങ്കി​ലു​മാ​ണോ? കെട്ടി​ടങ്ങൾ ഡിസൈൻ ചെയ്യു​ന്ന​വ​രെ​യും നിർമി​ക്കു​ന്ന​വ​രെ​യും കൃഷി​ക്കാ​രെ​യും എല്ലാം അന്നു വേണ്ടി​വ​രു​മെന്ന കാര്യ​ത്തിൽ ഒരു സംശയ​വു​മില്ല. ഭക്ഷണം ഉണ്ടാക്കാ​നും പണിയാ​യു​ധങ്ങൾ നിർമി​ക്കാ​നും തോട്ടങ്ങൾ ഉണ്ടാക്കി അതു പരിപാ​ലി​ക്കാ​നും ഒക്കെ അന്ന്‌ ഉറപ്പാ​യും ആളുകളെ ആവശ്യ​മാണ്‌. (യശ. 35:1; 65:21) നമ്മുടെ മുന്നിൽ അനന്തമായ ജീവിതം നീണ്ടു​കി​ട​ക്കു​ന്ന​തു​കൊണ്ട്‌ ആഗ്രഹി​ക്കുന്ന എല്ലാ കഴിവു​ക​ളും പഠി​ച്ചെ​ടു​ക്കാ​നുള്ള സമയം അന്നുണ്ടാ​യി​രി​ക്കും.

12 പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ സ്വീക​രി​ക്കു​ന്നതു നമുക്ക്‌ എത്ര വലിയ സന്തോ​ഷ​മാ​യി​രി​ക്കും! (പ്രവൃ. 24:15) ഇനി യഹോ​വ​യു​ടെ എണ്ണമറ്റ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ പഠിച്ചു​കൊണ്ട്‌ യഹോ​വയെ കൂടുതൽ അടുത്ത​റി​യു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​നോ​ക്കൂ. (സങ്കീ. 104:24; യശ. 11:9) ഏറ്റവും പ്രധാ​ന​മാ​യി, കുറ്റ​ബോ​ധ​ത്തി​ന്റെ ഒരു നേരിയ കണിക​പോ​ലു​മി​ല്ലാ​തെ യഹോ​വയെ ആരാധി​ക്കാൻ കഴിയു​ന്നത്‌ എത്ര ആവേശം തരുന്ന ഒരു കാര്യ​മാണ്‌. “പാപത്തി​ന്റെ താത്‌കാ​ലി​ക​മായ സുഖത്തി​നു”വേണ്ടി മനോ​ഹ​ര​മായ ഈ ഭാവി അനു​ഗ്ര​ഹങ്ങൾ നിങ്ങൾ വിറ്റു​ക​ള​യു​മോ? (എബ്രാ. 11:25) ഒരിക്ക​ലു​മില്ല അല്ലേ? നമ്മൾ ഇന്നു ചെയ്യുന്ന ഏതൊരു ത്യാഗ​ത്തെ​യും കടത്തി​വെ​ട്ടു​ന്ന​താണ്‌ ആ അനു​ഗ്ര​ഹങ്ങൾ. എന്നാൽ ഒന്ന്‌ ഓർക്കുക, പറുദീ​സാ​ഭൂ​മി എന്നത്‌ എന്നും ഒരു ഭാവി​പ്ര​ത്യാ​ശ​യാ​യി തുടരില്ല, അത്‌ ഉടനെ ഒരു യാഥാർഥ്യ​മാ​യി മാറും. തന്റെ മകനെ ഒരു സമ്മാന​മാ​യി തരാൻമാ​ത്രം യഹോവ നമ്മളെ സ്‌നേ​ഹി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇതൊ​ന്നും സാധ്യ​മാ​കു​മാ​യി​രു​ന്നില്ല.

പറുദീ​സാ​ഭൂ​മി​യി​ലെ ഏത്‌ അനു​ഗ്ര​ഹ​ത്തി​നു​വേ​ണ്ടി​യാ​ണു നിങ്ങൾ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നത്‌? (11,12 ഖണ്ഡികകൾ കാണുക)


യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടു നന്ദി കാണി​ക്കു​ക

13. യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടു നന്ദി കാണി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? (2 കൊരി​ന്ത്യർ 6:1)

13 മോച​ന​വില തന്നതിനു നമുക്ക്‌ യഹോ​വ​യോട്‌ എങ്ങനെ നന്ദി കാണി​ക്കാം? ദൈവ​സേ​വ​ന​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ത്തു​കൊണ്ട്‌. (മത്താ. 6:33) നമുക്ക്‌ ഓരോ​രു​ത്തർക്കും​വേണ്ടി ആണല്ലോ യേശു മരിച്ചത്‌. അതു​കൊണ്ട്‌, “ജീവി​ക്കു​ന്നവർ ഇനി തങ്ങൾക്കു​വേ​ണ്ടി​യല്ല, തങ്ങൾക്കു​വേണ്ടി മരിച്ച്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​വ​നു​വേണ്ടി ജീവി​ക്കണം.” (2 കൊരി. 5:15) ദൈവത്തെ സേവി​ക്കാ​നാ​യി നമ്മൾ പരമാ​വധി ശ്രമി​ക്കു​മ്പോൾ ദൈവം കാണിച്ച അനർഹ​ദ​യ​യു​ടെ മൂല്യം മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും അതി​നോ​ടു നന്ദിയു​ണ്ടെ​ന്നും തെളി​യി​ക്കു​ക​യാണ്‌.—2 കൊരി​ന്ത്യർ 6:1 വായി​ക്കുക.

14. യഹോ​വ​യു​ടെ നിർദേ​ശ​ങ്ങ​ളിൽ നമുക്ക്‌ എങ്ങനെ വിശ്വാ​സം അർപ്പി​ക്കാം?

14 യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടു നന്ദി കാണി​ക്കാൻ കഴിയുന്ന മറ്റൊരു വിധം, യഹോ​വ​യി​ലും യഹോവ തരുന്ന നിർദേ​ശ​ങ്ങ​ളി​ലും വിശ്വാ​സ​മർപ്പി​ക്കു​ന്ന​താണ്‌. അത്‌ എങ്ങനെ​യാണ്‌? എത്ര​ത്തോ​ളം വിദ്യാ​ഭ്യാ​സം നേടണം, ഏതു ജോലി തിര​ഞ്ഞെ​ടു​ക്കണം എന്നതു​പോ​ലുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ നമ്മൾ എന്തു ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെന്നു ചിന്തി​ക്കണം. (1 കൊരി. 10:31; 2 കൊരി. 5:7) നമ്മൾ വിശ്വാ​സം പ്രവൃ​ത്തി​യി​ലൂ​ടെ കാണി​ക്കു​മ്പോൾ വിസ്‌മ​യ​ക​ര​മായ ഒരു കാര്യം സംഭവി​ക്കു​ക​യാണ്‌: യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സ​വും യഹോ​വ​യു​മാ​യുള്ള സൗഹൃ​ദ​വും കൂടു​തൽക്കൂ​ടു​തൽ ശക്തമാ​കും. ഒപ്പം നമ്മുടെ പ്രത്യാ​ശ​യും കരുത്തു​റ്റ​താ​കും.—റോമ. 5:3-5; യാക്കോ. 2:21, 22.

15. സ്‌മാ​ര​ക​കാ​ലത്ത്‌ നമുക്ക്‌ എങ്ങനെ വിലമ​തി​പ്പു കാണി​ക്കാം?

15 യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടു നന്ദി കാണി​ക്കാൻ കഴിയുന്ന മറ്റൊരു വിധം​കൂ​ടി​യുണ്ട്‌. യഹോവ മോച​ന​വില തന്നതിനു എത്ര നന്ദിയു​ണ്ടെന്നു കാണി​ക്കാൻ ഈ സ്‌മാ​ര​ക​കാ​ലം ഉപയോ​ഗി​ക്കു​ന്ന​താണ്‌ അത്‌. സ്‌മാ​ര​ക​ത്തി​നു കൂടി​വ​രാൻ പ്ലാൻ ചെയ്യു​ന്ന​തി​നോ​ടൊ​പ്പം നമുക്കു മറ്റുള്ള​വ​രെ​യും അതിനാ​യി ക്ഷണിക്കാം. (1 തിമൊ. 2:4) എന്തെല്ലാ​മാ​യി​രി​ക്കും സ്‌മാ​ര​കാ​ച​ര​ണ​ത്തി​ന്റെ സമയത്ത്‌ നടക്കു​ന്ന​തെന്നു നമ്മൾ ക്ഷണിച്ച​വർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കുക. JW.ORG-ലെ യേശു മരിച്ചത്‌ എന്തിനാണ്‌? എന്ന വീഡി​യോ​യും യേശു​വി​ന്റെ മരണം ഓർക്കുക എന്ന വീഡി​യോ​യും കാണി​ക്കു​ന്നതു നല്ലതാ​യി​രി​ക്കും. നിഷ്‌ക്രി​യ​രാ​യ​വരെ ക്ഷണിക്കാൻ മൂപ്പന്മാർ മറക്കരുത്‌. കാണാ​തെ​പോയ ഒരു ആട്‌ ആട്ടിൻകൂ​ട്ട​ത്തി​ലേക്കു തിരി​ച്ചു​വ​രു​മ്പോൾ സ്വർഗ​ത്തി​ലും ഭൂമി​യി​ലും എത്ര സന്തോ​ഷ​മു​ണ്ടാ​കു​മെന്ന്‌ ഒന്ന്‌ ചിന്തി​ച്ചു​നോ​ക്കുക. (ലൂക്കോ. 15:4-7) സ്‌മാ​ര​ക​ത്തി​ന്റെ സമയത്ത്‌ നമുക്ക്‌ എല്ലാവ​രെ​യും സ്വാഗതം ചെയ്യാം, പ്രത്യേ​കി​ച്ചും പുതു​താ​യി വരുന്ന​വ​രെ​യും ഒരുപാട്‌ നാളു​കൾക്കു ശേഷം വരുന്ന​വ​രെ​യും. അവരോ​ടുള്ള നമ്മുടെ സ്‌നേഹം അവർക്കു മനസ്സി​ലാ​കണം.—റോമ. 12:13.

16. സ്‌മാ​ര​ക​കാ​ലത്ത്‌ ശുശ്രൂഷ വർധി​പ്പി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

16 സ്‌മാ​ര​ക​കാ​ലത്ത്‌ ശുശ്രൂ​ഷ​യിൽ കൂടു​ത​ലാ​യി ഏർപ്പെ​ടാൻ നിങ്ങൾക്കു കഴിയു​മോ? ദൈവ​വും ക്രിസ്‌തു​വും നമുക്കു​വേണ്ടി ചെയ്‌ത​തി​നെ​ല്ലാം നന്ദിയും വിലമ​തി​പ്പും കാണി​ക്കാ​നുള്ള നല്ലൊരു വിധമാണ്‌ അത്‌. യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മൾ എത്ര കൂടുതൽ ഏർപ്പെ​ടു​ന്നോ അത്രയ​ധി​കം നമ്മൾ യഹോ​വ​യു​ടെ പിന്തുണ അനുഭ​വി​ച്ച​റി​യും. അങ്ങനെ​യാ​കു​മ്പോൾ യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സ​വും ശക്തമാ​കും. (1 കൊരി. 3:9) തിരു​വെ​ഴു​ത്തു​കൾ ദൈനം​ദി​നം പരി​ശോ​ധി​ക്കൽ എന്ന പുസ്‌ത​ക​മോ ഇടദി​വ​സത്തെ യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യി​ലെ ചാർട്ടോ ഉപയോ​ഗിച്ച്‌ സ്‌മാരക ബൈബിൾവാ​യന നടത്തു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക. താത്‌പ​ര്യ​മെ​ങ്കിൽ ആ ബൈബിൾവി​വ​ര​ണങ്ങൾ നിങ്ങളു​ടെ പഠന​പ്രോ​ജക്ട്‌ ആക്കാനും കഴിയും.

17. യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌ എന്താണ്‌? ( “യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടു നന്ദി കാണി​ക്കാൻ കഴിയുന്ന വിധങ്ങൾ” എന്ന ചതുര​വും കാണുക.)

17 ഈ ലേഖന​ത്തിൽ പറയുന്ന എല്ലാ കാര്യ​ങ്ങ​ളും ചെയ്യാൻ ഒരുപക്ഷേ നിങ്ങളു​ടെ സാഹച​ര്യം അനുവ​ദി​ക്കു​ന്നി​ല്ലാ​യി​രി​ക്കും. എന്നാൽ ഓർക്കുക, യഹോവ ഒരിക്ക​ലും നിങ്ങൾ ചെയ്യു​ന്ന​തി​നെ മറ്റുള്ളവർ ചെയ്യു​ന്ന​തു​മാ​യി താരത​മ്യം ചെയ്യു​ന്നില്ല. പകരം നിങ്ങളു​ടെ ഹൃദയ​ത്തി​ലു​ള്ളത്‌ എന്താ​ണെ​ന്നാ​ണു യഹോവ നോക്കു​ന്നത്‌. മോച​ന​വില എന്ന വിലപ്പെട്ട സമ്മാന​ത്തോ​ടു നമ്മൾ ആഴമായ വിലമ​തി​പ്പു കാണി​ക്കു​മ്പോൾ അത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും.—1 ശമു. 16:7; മർക്കോ. 12:41-44.

18. യഹോ​വ​യോ​ടും യേശു​ക്രി​സ്‌തു​വി​നോ​ടും നമുക്കു നന്ദിയു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌?

18 നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ന്ന​തും നമുക്കു യഹോ​വ​യു​മാ​യി ഒരു ബന്ധമു​ള്ള​തും നിത്യ​ജീ​വൻ എന്ന പ്രത്യാശ ലഭിച്ച​തും മോച​ന​വില ഉള്ളതു​കൊണ്ട്‌ മാത്ര​മാണ്‌. ഈ അനു​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം നമുക്കു സാധ്യ​മാ​ക്കി​ത്തന്ന യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടു നമുക്ക്‌ എപ്പോ​ഴും നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം. (1 യോഹ. 4:19) അതു​പോ​ലെ നമ്മളെ സ്‌നേ​ഹിച്ച, നമുക്കു​വേണ്ടി സ്വന്തം ജീവൻ തരാൻപോ​ലും മനസ്സു​കാ​ണിച്ച യേശു​വി​നോ​ടും നമുക്കു നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം.—യോഹ. 15:13.

ഗീതം 154 നിലയ്‌ക്കാത്ത സ്‌നേഹം

a യേശു മോച​ന​വില തരുന്ന​തി​നു മുമ്പ്‌ ജീവി​ച്ചി​രുന്ന തന്റെ വിശ്വ​സ്‌ത​രായ ആരാധ​ക​രോ​ടും ദൈവം ക്ഷമിച്ചു. തന്റെ മകൻ മരണ​ത്തോ​ളം തന്നോടു വിശ്വ​സ്‌ത​നാ​യി​രി​ക്കും എന്ന്‌ ഉറപ്പു​ള്ള​തു​കൊ​ണ്ടാണ്‌ യഹോവ അങ്ങനെ ചെയ്‌തത്‌. അതെ, യഹോ​വ​യു​ടെ കണ്ണിൽ മോച​ന​വില, യേശു മരിക്കു​ന്ന​തി​നു മുമ്പു​തന്നെ കൊടു​ത്ത​തു​പോ​ലെ​യാ​യി​രു​ന്നു.—റോമ. 3:25.