വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 1

ഗീതം 2 യഹോവ—അതാണ്‌ അങ്ങയുടെ പേര്‌

യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കുക

യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കുക

2025-ലെ നമ്മുടെ വാർഷി​ക​വാ​ക്യം: “യഹോ​വ​യ്‌ക്കു തിരു​നാ​മ​ത്തി​നു ചേർന്ന മഹത്ത്വം നൽകു​വിൻ.”സങ്കീ. 96:8.

ഉദ്ദേശ്യം

യഹോവ അർഹി​ക്കുന്ന മഹത്ത്വം യഹോ​വ​യ്‌ക്കു കൊടു​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയു​മെന്നു പഠിക്കും.

1. പലരും ഇന്ന്‌ എന്തു ചെയ്യാ​നാണ്‌ ശ്രമി​ക്കു​ന്നത്‌?

 ഇന്നു മിക്കവ​രും സ്വന്തം കാര്യ​ത്തെ​ക്കു​റിച്ച്‌ മാത്രം ചിന്തി​ക്കു​ന്ന​വ​രാ​ണെന്നു നിങ്ങൾക്കു തോന്നി​യി​ട്ടി​ല്ലേ? ഉദാഹ​ര​ണ​ത്തിന്‌, ചിലർ തങ്ങളി​ലേ​ക്കും തങ്ങൾ ചെയ്‌ത കാര്യ​ങ്ങ​ളി​ലേ​ക്കും മറ്റുള്ള​വ​രു​ടെ ശ്രദ്ധ കിട്ടാൻവേണ്ടി സോഷ്യൽ മീഡി​യ​യിൽ പലതും ചെയ്‌തു​കൂ​ട്ടു​ന്നു. എന്നാൽ ഇന്ന്‌ കുറച്ച്‌ പേരെ​ങ്കി​ലും ദൈവ​മായ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കു​ന്നുണ്ട്‌. ഈ ലേഖന​ത്തിൽ, യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥ​മെ​ന്നും അങ്ങനെ ചെയ്യാൻ നമ്മളെ പ്രേരി​പ്പി​ക്കേ​ണ്ടത്‌ എന്തെല്ലാ​മാ​ണെ​ന്നും ചർച്ച ചെയ്യും. അതു​പോ​ലെ യഹോ​വ​യ്‌ക്ക്‌ അർഹത​പ്പെട്ട മഹത്ത്വം നൽകാൻ നമുക്ക്‌ എങ്ങനെ​യെ​ല്ലാം കഴിയു​മെ​ന്നും തൊട്ട​ടുത്ത ഭാവി​യിൽ ദൈവം തന്റെ നാമം സ്വയം എങ്ങനെ മഹത്ത്വ​പ്പെ​ടു​ത്തു​മെ​ന്നും നമ്മൾ പഠിക്കും.

യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കുക എന്നാൽ എന്താണ്‌ അർഥം?

2. സീനായ്‌ പർവത​ത്തിൽവെച്ച്‌ യഹോവ തന്റെ മഹത്ത്വം വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ​യാണ്‌? (ചിത്ര​വും കാണുക.)

2 എന്താണു മഹത്ത്വം? ബൈബി​ളിൽ “മഹത്ത്വം” എന്ന വാക്കിന്‌, ഒരാ​ളെ​ക്കു​റിച്ച്‌ മതിപ്പു തോന്നി​പ്പി​ച്ചേ​ക്കാ​വുന്ന എന്തി​നെ​യും അർഥമാ​ക്കാ​നാ​കും. ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വിച്ച ഉടനെ യഹോവ അവിസ്‌മ​ര​ണീ​യ​മായ വിധത്തിൽ തന്റെ മഹത്ത്വം അവർക്കു കാണി​ച്ചു​കൊ​ടു​ത്തു. ഇതൊന്നു മനസ്സിൽ കാണുക: ലക്ഷക്കണ​ക്കിന്‌ ഇസ്രാ​യേ​ല്യർ അവരുടെ ദൈവം പറയു​ന്നതു കേൾക്കാ​നാ​യി സീനായ്‌ പർവത​ത്തി​ന്റെ അടിവാ​രത്ത്‌ ഒരുമിച്ച്‌ കൂടി​യി​രി​ക്കു​ക​യാണ്‌. ആ പർവതം മുഴുവൻ ഇരുണ്ട മേഘം​കൊണ്ട്‌ മൂടി. പെട്ടെന്ന്‌ ശക്തമായ ഒരു ഭൂമി​കു​ലു​ക്കം ഉണ്ടാകു​ന്നു. പർവത​മാ​കെ കനത്ത പുക! അതോ​ടൊ​പ്പം മിന്നലും ഇടിമു​ഴ​ക്ക​വും കാതട​പ്പി​ക്കുന്ന കൊമ്പു​വി​ളി​യു​ടെ ശബ്ദവും മുഴങ്ങി​ക്കേൾക്കു​ന്നു. (പുറ. 19:16-18; 24:17; സങ്കീ. 68:8) യഹോ​വ​യു​ടെ മഹത്ത്വ​ത്തി​ന്റെ അതിശ​ക്ത​മായ ഈ പ്രകടനം കണ്ട ഇസ്രാ​യേ​ല്യർ എത്ര അതിശ​യ​ത്തോ​ടെ​യാ​യി​രി​ക്കും അതു നോക്കി​നി​ന്നി​ട്ടു​ണ്ടാ​കുക!

സീനായ്‌ പർവത​ത്തിൽവെച്ച്‌ അവിസ്‌മ​ര​ണീ​യ​മായ ഒരു വിധത്തിൽ യഹോവ തന്റെ മഹത്ത്വം ഇസ്രാ​യേ​ല്യർക്കു കാണി​ച്ചു​കൊ​ടു​ത്തു (2-ാം ഖണ്ഡിക കാണുക)


3. യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

3 എന്നാൽ യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കാൻ മനുഷ്യ​രായ നമുക്കു കഴിയു​മോ? കഴിയും. നമുക്ക്‌ അതു ചെയ്യാ​നാ​കുന്ന ഒരു വിധം, യഹോ​വ​യു​ടെ അതിശ​യ​ക​ര​മായ ശക്തി​യെ​ക്കു​റി​ച്ചും മനോ​ഹ​ര​മായ ഗുണങ്ങ​ളെ​ക്കു​റി​ച്ചും മറ്റുള്ള​വ​രോ​ടു പറയു​ന്ന​താണ്‌. അതു​പോ​ലെ യഹോ​വ​യു​ടെ ശക്തിയാൽ നമ്മൾ ചില കാര്യങ്ങൾ ചെയ്യു​മ്പോൾ അതിന്റെ ബഹുമതി യഹോ​വ​യ്‌ക്കു കൊടു​ത്തു​കൊ​ണ്ടും നമുക്കു ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്താ​നാ​കും. (യശ. 26:12) ഇക്കാര്യ​ത്തിൽ ദാവീദ്‌ രാജാവ്‌ വളരെ നല്ലൊരു മാതൃ​ക​യാണ്‌. ഇസ്രാ​യേൽസ​ഭ​യു​ടെ മുമ്പാകെ പ്രാർഥി​ച്ച​പ്പോൾ ദാവീദ്‌ യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു: “യഹോവേ, മഹത്ത്വ​വും ശക്തിയും മഹിമ​യും തേജസ്സും പ്രതാ​പ​വും അങ്ങയ്‌ക്കു​ള്ള​താണ്‌; ആകാശ​ത്തി​ലും ഭൂമി​യി​ലും ഉള്ള സകലവും അങ്ങയു​ടേ​ത​ല്ലോ.” ദാവീദ്‌ ഇങ്ങനെ പ്രാർഥിച്ച്‌ കഴിഞ്ഞ​പ്പോൾ “സഭ മുഴു​വ​നും . . . യഹോ​വയെ സ്‌തു​തി​ച്ചു.”—1 ദിന. 29:11, 20.

4. യേശു എങ്ങനെ​യാണ്‌ യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ത്തത്‌?

4 ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു തന്റെ പിതാ​വി​നെ മഹത്ത്വ​പ്പെ​ടു​ത്തി. അത്ഭുതങ്ങൾ ചെയ്‌ത​പ്പോൾ അതിന്റെ ബഹുമതി യേശു യഹോ​വ​യ്‌ക്കാ​ണു കൊടു​ത്തത്‌. (മർക്കോ. 5:18-20) അതു​പോ​ലെ, യേശു മറ്റുള്ള​വ​രോട്‌ ഇടപെട്ട വിധവും തന്റെ പിതാ​വി​നെ​ക്കു​റിച്ച്‌ പറഞ്ഞ കാര്യ​ങ്ങ​ളും യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തി. ഒരു ദിവസം യേശു സിന​ഗോ​ഗിൽ പഠിപ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ 18 വർഷമാ​യി ഭൂതം ബാധിച്ച ഒരു സ്‌ത്രീ അതു ശ്രദ്ധി​ച്ചു​കൊണ്ട്‌ അവിടെ നിൽപ്പു​ണ്ടാ​യി​രു​ന്നു. ഭൂതം ബാധി​ച്ചി​രു​ന്ന​തു​കൊണ്ട്‌ ആ സ്‌ത്രീക്ക്‌ ഒട്ടും നിവരാൻ കഴിയു​മാ​യി​രു​ന്നില്ല. കൂനി​യാണ്‌ അവർ നടന്നി​രു​ന്നത്‌. എത്ര സങ്കടക​ര​മായ ഒരു അവസ്ഥ! ആ സ്‌ത്രീ​യെ കണ്ടപ്പോൾ അനുകമ്പ തോന്നി​യിട്ട്‌ അവരുടെ അടുത്തു​ചെന്ന്‌ യേശു സ്‌നേ​ഹ​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: “നിന്റെ വൈക​ല്യ​ത്തിൽനിന്ന്‌ നീ മോചി​ത​യാ​യി​രി​ക്കു​ന്നു.” എന്നിട്ട്‌ യേശു ആ സ്‌ത്രീ​യെ തൊട്ടു. ഉടനെ അവർ നിവർന്നു​നിന്ന്‌ “ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തി.” തനിക്കു വീണ്ടും ആരോ​ഗ്യം തന്ന യഹോ​വ​യോട്‌ ആ സ്‌ത്രീക്ക്‌ ഒരുപാ​ടു നന്ദി തോന്നി. (ലൂക്കോ. 13:10-13) യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താൻ അവർക്കു നല്ല കാരണ​മു​ണ്ടാ​യി​രു​ന്നു. നമുക്കും അതുണ്ട്‌.

യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

5. യഹോ​വ​യോട്‌ ആദരവ്‌ തോന്നാൻ നമുക്ക്‌ എന്തെല്ലാം കാരണ​ങ്ങ​ളാ​ണു​ള്ളത്‌?

5 യഹോ​വയെ നമ്മൾ ആഴമായി ബഹുമാ​നി​ക്കു​ന്നു. അതിന്‌ ഒരുപാട്‌ കാരണങ്ങൾ ഉണ്ട്‌. യഹോവ അത്യു​ന്ന​ത​നാണ്‌; അതിരു​ക​ളി​ല്ലാത്ത ശക്തി ദൈവ​ത്തി​നുണ്ട്‌. (സങ്കീ. 96:4-7) സൃഷ്ടി​ക​ളിൽ ദൈവ​ത്തി​ന്റെ അസാമാ​ന്യ​മായ ജ്ഞാനം കാണാ​നാ​കും. നമുക്കു ജീവൻ തന്നതും അതു നിലനി​റു​ത്താൻ വേണ്ട​തെ​ല്ലാം തന്നിരി​ക്കു​ന്ന​തും യഹോ​വ​യാണ്‌. (വെളി. 4:11) ദൈവം വിശ്വ​സ്‌ത​നാണ്‌. (വെളി. 15:4) യഹോവ ചെയ്യു​ന്ന​തെ​ല്ലാം വിജയി​ക്കും. യഹോവ എപ്പോ​ഴും തന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റ്റു​ന്നു. (യോശു. 23:14) ഈ കാരണ​ങ്ങൾകൊ​ണ്ടു​ത​ന്നെ​യാണ്‌ പ്രവാ​ച​ക​നായ യിരെമ്യ യഹോ​വ​യെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞത്‌: “ജനതക​ളി​ലെ സർവജ്ഞാ​നി​ക​ളി​ലും അവരുടെ സകല രാജ്യ​ങ്ങ​ളി​ലും അങ്ങയെ​പ്പോ​ലെ മറ്റാരു​മില്ല.” (യിരെ. 10:6, 7) നമ്മുടെ സ്വർഗീ​യ​പി​താ​വി​നോട്‌ ആദരവ്‌ തോന്നാൻ നമുക്ക്‌ എത്ര​യെത്ര കാരണ​ങ്ങ​ളാ​ണു​ള്ളത്‌! എന്നാൽ യഹോവ നമ്മുടെ ആദരവ്‌ മാത്രമല്ല സ്‌നേ​ഹ​വും നേടു​ന്നുണ്ട്‌.

6. നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 യഹോ​വയെ നമ്മൾ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു. യഹോ​വ​യു​ടെ മനോ​ഹ​ര​മായ ചില ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. യഹോവ കരുണ​യും അനുക​മ്പ​യും ഉള്ള പിതാ​വാണ്‌. (സങ്കീ. 103:13; യശ. 49:15) ദൈവം സഹാനു​ഭൂ​തി​യോ​ടെ ഇടപെ​ടു​ന്നു; നമ്മുടെ വിഷമങ്ങൾ ദൈവ​ത്തെ​യും വിഷമി​പ്പി​ക്കു​ന്നുണ്ട്‌. (സെഖ. 2:8) തന്നെ അടുത്ത​റി​യാ​നും തന്റെ സുഹൃ​ത്താ​കാ​നും യഹോവ നമ്മളെ സഹായി​ക്കു​ന്നു. (സങ്കീ. 25:14; പ്രവൃ. 17:27) അതു​പോ​ലെ ദൈവം താഴ്‌മ​യു​ള്ള​വ​നാണ്‌. “ദൈവം കുനിഞ്ഞ്‌ ആകാശ​ത്തെ​യും ഭൂമി​യെ​യും നോക്കു​ന്നു; സാധു​വി​നെ പൊടി​യിൽനിന്ന്‌ എഴു​ന്നേൽപ്പി​ക്കു​ന്നു.” (സങ്കീ. 113:6, 7) ഈ ഗുണങ്ങ​ളെ​ല്ലാം കാരണം നമുക്ക്‌ യഹോ​വ​യോട്‌ ഒരുപാ​ടു സ്‌നേഹം തോന്നു​ന്നി​ല്ലേ? അങ്ങനെ​യൊ​രു ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്താ​തി​രി​ക്കാൻ ആർക്കാണ്‌ പറ്റുക?—സങ്കീ. 86:12.

7. നമുക്ക്‌ എന്തിനുള്ള പ്രത്യേക അവസര​മുണ്ട്‌?

7 മറ്റുള്ളവർ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. പലർക്കും യഹോ​വ​യെ​ക്കു​റി​ച്ചുള്ള സത്യം അറിയില്ല. കാരണം സാത്താൻ കല്ലുവെച്ച നുണക​ളാണ്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പറഞ്ഞു​പ​ര​ത്തി​യി​രി​ക്കു​ന്നത്‌. ആളുകൾ അതാണ്‌ വിശ്വ​സി​ക്കു​ന്നത്‌. (2 കൊരി. 4:4) യഹോവ പ്രതി​കാ​ര​ദാ​ഹി​യും നമ്മളെ​ക്കു​റിച്ച്‌ ചിന്തയി​ല്ലാ​ത്ത​വ​നും ലോക​ത്തി​ലെ മിക്ക കഷ്ടപ്പാ​ടു​ക​ളു​ടെ​യും കാരണ​ക്കാ​ര​നും ആണെന്നു സാത്താൻ ആളുകളെ വിശ്വ​സി​പ്പി​ച്ചി​രി​ക്കു​ന്നു. പക്ഷേ നമുക്കു ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം അറിയാം. അതു മറ്റുള്ള​വ​രോ​ടു പറയാ​നും അങ്ങനെ യഹോ​വ​യ്‌ക്കു മഹത്ത്വം കൈവ​രു​ത്താ​നും ഉള്ള വലിയ അവസരം നമുക്കുണ്ട്‌. (യശ. 43:10) 96-ാം സങ്കീർത്ത​ന​ത്തി​ന്റെ പ്രധാ​ന​വി​ഷയം യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കുക എന്നതാണ്‌. ഈ സങ്കീർത്ത​ന​ത്തി​ലെ ചില ഭാഗങ്ങൾ നമ്മൾ ഇനി ചർച്ച ചെയ്യു​മ്പോൾ, യഹോവ അർഹി​ക്കുന്ന മഹത്ത്വം നിങ്ങൾക്ക്‌ എങ്ങനെ​യെ​ല്ലാം കൊടു​ക്കാ​നാ​കും എന്നു ചിന്തി​ക്കുക.

അർഹമായ മഹത്ത്വം യഹോ​വ​യ്‌ക്കു കൊടു​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

8. യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താ​നാ​കുന്ന ഒരു വിധം ഏതാണ്‌? (സങ്കീർത്തനം 96:1-3)

8 സങ്കീർത്തനം 96:1-3 വായി​ക്കുക. നമ്മുടെ വാക്കു​ക​ളി​ലൂ​ടെ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താ​നാ​കും. ഈ വാക്യ​ങ്ങ​ളിൽ ‘യഹോ​വ​യ്‌ക്കു പാട്ടു പാടാ​നും’ ‘തിരു​നാ​മം സ്‌തു​തി​ക്കാ​നും’ ‘ദിവ്യ​ര​ക്ഷ​യു​ടെ സന്തോ​ഷ​വാർത്ത പ്രസി​ദ്ധ​മാ​ക്കാ​നും’ ‘ജനതകൾക്കി​ട​യിൽ ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കാ​നും’ ദൈവ​ജ​ന​ത്തോട്‌ പറഞ്ഞി​രി​ക്കു​ന്നു. ഇതെല്ലാം, വാക്കു​ക​ളി​ലൂ​ടെ നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ മഹത്ത്വ​പ്പെ​ടു​ത്താ​നാ​കുന്ന വഴിക​ളാണ്‌. വിശ്വ​സ്‌ത​രായ ജൂതന്മാ​രും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളും, യഹോവ ശരിക്കും എങ്ങനെ​യുള്ള ഒരു ദൈവ​മാ​ണെ​ന്നും തങ്ങൾക്കു​വേണ്ടി യഹോവ എന്തെല്ലാ​മാ​ണു ചെയ്‌തു​ത​ന്ന​തെ​ന്നും ഒരു മടിയും കൂടാതെ മറ്റുള്ള​വ​രോ​ടു പറഞ്ഞു. (ദാനി. 3:16-18; പ്രവൃ. 4:29) നമുക്ക്‌ അത്‌ എങ്ങനെ അനുക​രി​ക്കാം?

9-10. ആഞ്ചലീ​ന​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌? (ചിത്ര​വും കാണുക.)

9 ഐക്യ​നാ​ടു​ക​ളിൽ താമസി​ക്കുന്ന ആഞ്ചലീന a സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. ജോലി ചെയ്യുന്ന കമ്പനി​യിൽ സഹോ​ദരി ധൈര്യ​ത്തോ​ടെ യഹോ​വ​യെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു. സഹോ​ദരി ആ കമ്പനി​യിൽ പുതു​താ​യി ജോലി​ക്കു ചേർന്ന​താ​യി​രു​ന്നു. അങ്ങനെ പുതു​താ​യി ചേർന്ന​വർക്കു​വേണ്ടി കമ്പനി ഒരു മീറ്റിങ്ങ്‌ സംഘടി​പ്പി​ച്ചു. അവി​ടെ​വെച്ച്‌ അവർക്ക്‌ അവരുടെ പശ്ചാത്ത​ല​ത്തെ​ക്കു​റിച്ച്‌ കൂടെ ജോലി ചെയ്യു​ന്ന​വ​രോ​ടു പറയാ​മാ​യി​രു​ന്നു. താൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ണെ​ന്നും അതിന്റെ സന്തോഷം എന്താ​ണെ​ന്നും ഒക്കെ ചില ഫോ​ട്ടോ​കൾ കാണി​ച്ചു​കൊണ്ട്‌ അവി​ടെ​യു​ള്ള​വ​രോ​ടു പറയാ​മെന്നു സഹോ​ദരി ഓർത്തു. പക്ഷേ സഹോ​ദ​രി​ക്കു തൊട്ടു​മുമ്പ്‌ സംസാ​രിച്ച ആൾ തന്റെ മാതാ​പി​താ​ക്കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു എന്നു പറഞ്ഞിട്ട്‌ നമ്മുടെ വിശ്വാ​സ​ങ്ങളെ കളിയാ​ക്കി. ആഞ്ചലീന പറയുന്നു: “അതു കേട്ട​പ്പോൾ എന്റെ ഹൃദയം പടപടാന്ന്‌ ഇടിക്കാൻ തുടങ്ങി. പക്ഷേ ഞാൻ ഇങ്ങനെ ചിന്തിച്ചു, ‘യഹോ​വ​യെ​ക്കു​റിച്ച്‌ നുണ പറയു​ന്നതു കേട്ടിട്ട്‌ ഞാൻ മിണ്ടാതെ നിൽക്ക​ണോ? ശരിക്കും ഞാൻ യഹോ​വ​യ്‌ക്കു​വേണ്ടി ധൈര്യ​ത്തോ​ടെ സംസാ​രി​ക്കു​ക​യല്ലേ വേണ്ടത്‌?’”

10 ആ വ്യക്തി സംസാ​രി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ ആഞ്ചലീന പെട്ടെന്ന്‌ മൗനമാ​യി ഒന്നു പ്രാർഥി​ച്ചു. എന്നിട്ട്‌ ആദര​വോ​ടെ​തന്നെ ആ വ്യക്തി​യോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടേ​തു​പോ​ലെ​തന്നെ ഒരു സാഹച​ര്യ​മാണ്‌ എന്റേതും. ഞാനും ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി​ട്ടാ​ണു വളർന്നു​വ​ന്നത്‌. ഇപ്പോ​ഴും അങ്ങനെ​തന്നെ തുടരു​ന്നു.” അതുക​ഴിഞ്ഞ്‌, സഹോ​ദരി കൂട്ടു​കാ​രോ​ടൊ​പ്പം സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കുന്ന ചിത്രങ്ങൾ കാണി​ക്കു​ക​യും ആദര​വോ​ടെ തന്റെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കു​ക​യും ചെയ്‌തു. (1 പത്രോ. 3:15) ഇതൊ​ന്നും ഒട്ടും എളുപ്പ​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ശാന്തമാ​യി സഹോ​ദരി ആ സാഹച​ര്യ​ത്തെ കൈകാ​ര്യം ചെയ്‌തു. എന്തായി​രു​ന്നു ഫലം? ആഞ്ചലീന ഇതെല്ലാം പറഞ്ഞു​ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും തൊട്ടു​മുമ്പ്‌ സംസാ​രിച്ച വ്യക്തി​യു​ടെ മനോ​ഭാ​വ​ത്തി​നു ചെറിയ മാറ്റം വന്നു. ചെറു​പ്പ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം സഹവസി​ച്ചി​രുന്ന കാലത്ത്‌ തനിക്കു​ണ്ടായ ചില നല്ല അനുഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​പോ​ലും അയാൾ പറഞ്ഞു. ആഞ്ചലീന പറയുന്നു: “നമ്മൾ യഹോ​വ​യ്‌ക്കു​വേണ്ടി സംസാ​രി​ക്കണം. യഹോവ അത്‌ അർഹി​ക്കു​ന്നുണ്ട്‌. ദൈവ​നാ​മ​ത്തി​നു​വേണ്ടി സംസാ​രി​ക്കാ​നാ​കു​ന്നതു ശരിക്കും ഒരു ബഹുമതി തന്നെയാണ്‌.” മറ്റുള്ളവർ യഹോ​വയെ നിന്ദി​ച്ചാ​ലും യഹോ​വയെ സ്‌തു​തി​ക്കാ​നും മഹത്ത്വ​പ്പെ​ടു​ത്താ​നും ഉള്ള വലിയ അവസരം സഹോ​ദ​രി​യെ​പ്പോ​ലെ നമുക്കു​മുണ്ട്‌.

നമ്മുടെ വാക്കു​ക​ളി​ലൂ​ടെ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താ​നാ​കും (9-10 ഖണ്ഡികകൾ കാണുക) b


11. സത്യാ​രാ​ധകർ സങ്കീർത്തനം 96:8-ലെ തത്ത്വം ചരി​ത്ര​ത്തി​ലു​ട​നീ​ളം അനുസ​രി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

11 സങ്കീർത്തനം 96:8 വായി​ക്കുക. നമ്മുടെ വസ്‌തു​വ​ക​കൾകൊണ്ട്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താ​നാ​കും. സത്യാ​രാ​ധകർ എല്ലാ കാലത്തും അങ്ങനെ ചെയ്‌തി​ട്ടുണ്ട്‌. (സുഭാ. 3:9) ഉദാഹ​ര​ണ​ത്തിന്‌, ദേവാ​ലയം പണിയാ​നും അതു പരിപാ​ലി​ക്കാ​നും ഇസ്രാ​യേ​ല്യർ സംഭാ​വ​നകൾ കൊടു​ത്തു. (2 രാജാ. 12:4, 5; 1 ദിന. 29:3-9) ക്രിസ്‌തു​വി​ന്റെ ശിഷ്യ​രിൽ ചിലർ ക്രിസ്‌തു​വി​നെ​യും അപ്പോ​സ്‌ത​ല​ന്മാ​രെ​യും അവരുടെ “സ്വത്തു​ക്കൾകൊണ്ട്‌” പിന്തു​ണച്ചു. (ലൂക്കോ. 8:1-3) ഇനി സഹോ​ദ​രങ്ങൾ ക്ഷാമം കാരണം കഷ്ടപ്പെ​ട്ട​പ്പോൾ അവർക്കു ദുരി​താ​ശ്വാ​സ സഹായം എത്തിക്കാൻ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ തയ്യാറാ​യി. (പ്രവൃ. 11:27-29) ഇന്നു നമുക്കും സ്വമന​സ്സാ​ലെ സംഭാ​വ​നകൾ കൊടു​ത്തു​കൊണ്ട്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താൻ അവസര​മുണ്ട്‌.

12. നമ്മുടെ സംഭാ​വ​നകൾ എങ്ങനെ​യാണ്‌ യഹോ​വ​യ്‌ക്കു മഹത്ത്വം നേടി​ക്കൊ​ടു​ക്കു​ന്നത്‌? (ചിത്ര​വും കാണുക.)

12 നമ്മുടെ സംഭാ​വ​നകൾ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യാ​ണെന്നു കാണി​ക്കുന്ന ഒരു അനുഭവം നോക്കാം. 2020-ൽ സിംബാ​ബ്‌വെ​യിൽ കുറെ​ക്കാ​ലം നീണ്ടു​നിന്ന വരൾച്ച​യു​ണ്ടാ​യി. ലക്ഷക്കണ​ക്കിന്‌ ആളുകൾ പട്ടിണി​യു​ടെ വക്കിലാ​യി​രു​ന്നു. അവി​ടെ​യുള്ള ഒരു സഹോ​ദ​രി​യാണ്‌ പ്രിസ്‌ക. ഇത്രയും ബുദ്ധി​മു​ട്ടുള്ള സമയമാ​യി​രു​ന്നെ​ങ്കി​ലും സഹോ​ദരി എല്ലാ ബുധനാ​ഴ്‌ച​യും വെള്ളി​യാ​ഴ്‌ച​യും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകു​മാ​യി​രു​ന്നു. നിലം ഉഴുന്ന സമയം വന്നപ്പോൾപ്പോ​ലും അതിന്‌ ഒരു മുടക്ക​വും വരുത്തി​യില്ല. വയലിൽ പണി​യെ​ടു​ക്കു​ന്ന​തി​നു പകരം സഹോ​ദരി ശുശ്രൂ​ഷ​യ്‌ക്കു പോകു​ന്നതു കണ്ടപ്പോൾ “നീ പട്ടിണി കിടന്നു ചാകും” എന്ന്‌ അയൽക്കാർ പരിഹ​സി​ച്ചു. അപ്പോൾ പ്രിസ്‌ക വളരെ ഉറപ്പോ​ടെ അവരോട്‌ ഇങ്ങനെ പറഞ്ഞു: “യഹോവ തന്റെ ദാസന്മാ​രെ ഒരിക്ക​ലും ഉപേക്ഷി​ച്ചി​ട്ടില്ല.” അതുക​ഴിഞ്ഞ്‌ അധികം വൈകാ​തെ​തന്നെ സഹോ​ദ​രി​ക്കു സംഘട​ന​യിൽനിന്ന്‌ ദുരി​താ​ശ്വാ​സ സഹായങ്ങൾ കിട്ടി. നമ്മൾ കൊടുത്ത സംഭാ​വ​ന​കൾകൊ​ണ്ടാണ്‌ സഹോ​ദ​രി​ക്കു ഭക്ഷണവും മറ്റു സാധന​ങ്ങ​ളും ഒക്കെ ലഭ്യമാ​ക്കാൻ സംഘട​ന​യ്‌ക്കു കഴിഞ്ഞത്‌. പ്രിസ്‌ക​യു​ടെ അയൽക്കാർ ഇതു കണ്ട്‌ ആകെ അതിശ​യി​ച്ചു​പോ​യി. അവർ സഹോ​ദ​രി​യോ​ടു പറഞ്ഞു: “നിന്റെ ദൈവം നിന്നെ ഒരിക്ക​ലും ഉപേക്ഷി​ച്ചി​ല്ല​ല്ലോ. ആ ദൈവ​ത്തെ​ക്കു​റിച്ച്‌ ഞങ്ങൾക്കും പഠിക്കണം.” സഹോ​ദ​രി​യു​ടെ അയൽക്കാ​രിൽ ഏഴു പേർ നമ്മുടെ മീറ്റി​ങ്ങു​കൾക്കു വരാൻതു​ടങ്ങി.

നമ്മുടെ വസ്‌തു​വ​കകൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താ​നാ​കും (12-ാം ഖണ്ഡിക കാണുക) c


13. സങ്കീർത്തനം 96:9 അനുസ​രിച്ച്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താൻ നമ്മൾ എന്തു ചെയ്യണം?

13 സങ്കീർത്തനം 96:9 വായി​ക്കുക. നമ്മുടെ വിശു​ദ്ധ​മായ പെരു​മാ​റ്റ​ത്തി​ലൂ​ടെ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താ​നാ​കും. യഹോ​വ​യു​ടെ ആലയത്തിൽ സേവി​ച്ചി​രുന്ന പുരോ​ഹി​ത​ന്മാർ ശാരീ​രി​ക​മാ​യി ശുദ്ധരാ​യി​രി​ക്കേ​ണ്ടി​യി​രു​ന്നു. (പുറ. 40:30-32) നമ്മളും ശുദ്ധരാ​യി​രി​ക്കണം. ശാരീ​രി​ക​മാ​യി മാത്രമല്ല, പെരു​മാ​റ്റ​ത്തി​ലും ശുദ്ധരാ​യി​രി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. (സങ്കീ. 24:3, 4; 1 പത്രോ. 1:15, 16) അതിനു നമ്മൾ “പഴയ വ്യക്തി​ത്വം” ഉരിഞ്ഞു​ക​ളഞ്ഞ്‌ “പുതിയ വ്യക്തി​ത്വം” ധരിക്കണം. അതായത്‌ അശുദ്ധ​മായ മനോ​ഭാ​വ​വും ശീലങ്ങ​ളും ഉപേക്ഷി​ക്കാൻ കഠിന​ശ്രമം ചെയ്യണം. എന്നിട്ട്‌ നമ്മുടെ ചിന്തയി​ലും പ്രവൃ​ത്തി​യി​ലും യഹോ​വ​യു​ടെ മനോ​ഹ​ര​മായ ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കണം. (കൊലോ. 3:9, 10) വളരെ മോശ​വും അക്രമാ​സ​ക്ത​വും ആയ ജീവിതം നയിക്കുന്ന വ്യക്തി​കൾക്കു​പോ​ലും യഹോ​വ​യു​ടെ സഹായ​ത്താൽ മാറ്റങ്ങൾ വരുത്താ​നും പുതിയ വ്യക്തി​ത്വം ധരിക്കാ​നും കഴിയും.

14. ജാക്കിന്റെ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌? (ചിത്ര​വും കാണുക.)

14 ജാക്കിന്റെ അനുഭവം നോക്കുക. വളരെ അക്രമാ​സ​ക്ത​നും അപകട​കാ​രി​യും ആയിരുന്ന അദ്ദേഹത്തെ ആളുകൾ ‘രാക്ഷസൻ’ എന്നാണു വിളി​ച്ചി​രു​ന്നത്‌. ചെയ്‌തു​കൂ​ട്ടിയ കുറ്റകൃ​ത്യ​ങ്ങൾ കാരണം ജാക്കിനെ വധശി​ക്ഷ​യ്‌ക്കു വിധിച്ചു. എന്നാൽ ശിക്ഷ കാത്തു​ക​ഴി​യുന്ന സമയത്ത്‌ ജയിലിൽ സാക്ഷീ​ക​രി​ക്കാൻ വന്ന ഒരു സഹോ​ദരൻ ജാക്കിന്‌ ഒരു ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്‌തു. അദ്ദേഹം അതു സ്വീക​രി​ച്ചു. ഒരുപാ​ടു മോശം കാര്യങ്ങൾ ചെയ്‌തി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജാക്ക്‌ തന്റെ പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യു​ക​യും പതിയെ സ്‌നാ​ന​പ്പെ​ടാ​നുള്ള യോഗ്യത നേടു​ക​യും ചെയ്‌തു. ജാക്ക്‌ ആളാകെ മാറി​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ വധശി​ക്ഷ​യു​ടെ ദിവസം ജയിലി​ലെ ചില ഉദ്യോ​ഗസ്ഥർ കണ്ണീ​രോ​ടെ​യാണ്‌ ജാക്കി​നോ​ടു യാത്ര പറഞ്ഞത്‌. ജയിലിൽ ജോലി ചെയ്‌തി​രുന്ന ഒരു പട്ടാള​ക്കാ​രൻ ഇങ്ങനെ പറഞ്ഞു: “ഒരു സമയത്ത്‌ ഇവിടെ ഉണ്ടായി​രു​ന്ന​തിൽ ഏറ്റവും മോശം ജയിൽപ്പു​ള്ളി​യാ​യി​രു​ന്നു ജാക്ക്‌. എന്നാൽ ഇപ്പോൾ അദ്ദേഹം ഞങ്ങൾക്കെ​ല്ലാം ഏറ്റവും പ്രിയ​പ്പെട്ട ഒരാളാണ്‌.” ജാക്കിന്റെ വധശി​ക്ഷ​യ്‌ക്കു ശേഷമുള്ള ആഴ്‌ച​യിൽ സഹോ​ദ​രങ്ങൾ ആഴ്‌ച​തോ​റു​മുള്ള മീറ്റിങ്ങ്‌ നടത്താൻ ജയിലിൽ വന്നു. അന്ന്‌ അവിടെ ആദ്യമാ​യി മീറ്റി​ങ്ങി​നു വന്ന ഒരു ജയിൽപ്പു​ള്ളി​യെ അവർ കണ്ടു. മീറ്റി​ങ്ങി​നു വരാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചത്‌ എന്തായി​രു​ന്നു? ജാക്കിന്റെ പെരു​മാ​റ്റ​ത്തിൽ വന്ന നല്ല മാറ്റങ്ങൾ അദ്ദേഹം ശ്രദ്ധി​ച്ചി​രു​ന്നു. അതു കണ്ടപ്പോൾ യഹോ​വയെ ആരാധി​ക്കാൻ താൻ എന്താണു ചെയ്യേ​ണ്ട​തെന്ന്‌ അറിയാൻ ആ വ്യക്തിക്ക്‌ ആഗ്രഹം തോന്നി. തീർച്ച​യാ​യും നമ്മുടെ നല്ല പെരു​മാ​റ്റം സ്വർഗീ​യ​പി​താ​വായ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തും!—1 പത്രോ. 2:12.

നമ്മുടെ പെരു​മാ​റ്റ​ത്തി​ലൂ​ടെ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താ​നാ​കും (14-ാം ഖണ്ഡിക കാണുക) d


പെട്ടെ​ന്നു​തന്നെ യഹോവ തന്റെ നാമം മഹത്ത്വ​പ്പെ​ടു​ത്തും—എങ്ങനെ?

15. തൊട്ട​ടുത്ത ഭാവി​യിൽ യഹോവ തന്റെ നാമം പൂർണ​മാ​യും മഹത്ത്വ​പ്പെ​ടു​ത്താൻ പോകു​ന്നത്‌ എങ്ങനെ​യാണ്‌? (സങ്കീർത്തനം 96:10-13)

15 സങ്കീർത്തനം 96:10-13 വായി​ക്കുക. 96-ാം സങ്കീർത്ത​ന​ത്തി​ലെ ഈ അവസാന വാക്യങ്ങൾ യഹോ​വയെ നീതി​മാ​നായ ഒരു ന്യായാ​ധി​പ​നും രാജാ​വും ആയി വർണി​ക്കു​ന്നു. തൊട്ട​ടുത്ത ഭാവി​യിൽ യഹോവ തന്റെ ന്യായ​വി​ധി​ക​ളി​ലൂ​ടെ തന്റെ നാമം മഹത്ത്വ​പ്പെ​ടു​ത്തും. ആ വിശു​ദ്ധ​നാ​മത്തെ കളങ്ക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ബാബി​ലോൺ എന്ന മഹതിയെ ഉടൻതന്നെ യഹോവ നശിപ്പി​ക്കും. (വെളി. 17:5, 16; 19:1, 2) അതിന്റെ നാശം കാണുന്ന ചിലർ അപ്പോൾ നമ്മളോ​ടൊ​പ്പം യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യേ​ക്കാം. അവസാനം അർമ​ഗെ​ദോ​നി​ലൂ​ടെ സാത്താന്റെ മുഴു​വ്യ​വ​സ്ഥി​തി​യെ​യും യഹോവ നശിപ്പി​ക്കു​ക​യും, തന്നെ എതിർക്കു​ക​യും തന്റെ നാമത്തെ നിന്ദി​ക്കു​ക​യും ചെയ്യു​ന്ന​വ​രെ​യെ​ല്ലാം ഇല്ലാതാ​ക്കു​ക​യും ചെയ്യും. എന്നാൽ തന്നെ സ്‌നേ​ഹി​ക്കു​ക​യും അനുസ​രി​ക്കു​ക​യും തന്റെ നാമം മഹത്ത്വ​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കു​ക​യും ചെയ്യു​ന്ന​വരെ യഹോവ അന്നു സംരക്ഷി​ക്കും. (മർക്കോ. 8:38; 2 തെസ്സ. 1:6-10) ക്രിസ്‌തു​വി​ന്റെ ആയിരം വർഷഭ​ര​ണ​ത്തി​നു ശേഷമുള്ള അന്തിമ​പ​രി​ശോ​ധന കഴിയു​മ്പോ​ഴേ​ക്കും യഹോവ തന്റെ നാമം പൂർണ​മാ​യും വിശു​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടാ​കും. (വെളി. 20:7-10) ആ സമയത്ത്‌ “വെള്ളം കടലിൽ നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഭൂമി യഹോ​വ​യു​ടെ മഹത്ത്വ​ത്തെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​ന​ത്താൽ നിറയും.”—ഹബ. 2:14.

16. എന്തു ചെയ്യാ​നാ​ണു നിങ്ങളു​ടെ തീരു​മാ​നം? (ചിത്ര​വും കാണുക.)

16 ജീവി​ച്ചി​രി​ക്കുന്ന എല്ലാവ​രും യഹോ​വ​യ്‌ക്ക്‌ അർഹത​പ്പെട്ട മഹത്ത്വം കൊടു​ക്കുന്ന ആ കാല​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നിങ്ങൾക്ക്‌ ആവേശം തോന്നു​ന്നി​ല്ലേ? എന്നാൽ ആ ദിവസം വരുന്ന​തു​വരെ നമ്മൾ എല്ലാവ​രും യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താൻ കിട്ടുന്ന എല്ലാ അവസര​ങ്ങ​ളും പരമാ​വധി ഉപയോ​ഗി​ക്കണം. നമുക്കുള്ള ഈ ഉത്തരവാ​ദി​ത്വ​ത്തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്ന​തി​നു​വേണ്ടി ഭരണസം​ഘം 2025-ലെ വാർഷി​ക​വാ​ക്യ​മാ​യി സങ്കീർത്തനം 96:8 തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു: “യഹോ​വ​യ്‌ക്കു തിരു​നാ​മ​ത്തി​നു ചേർന്ന മഹത്ത്വം നൽകു​വിൻ. 

ഒടുവിൽ ജീവനുള്ള എല്ലാവ​രും യഹോ​വ​യ്‌ക്കു തിരു​നാ​മ​ത്തി​നു ചേർന്ന മഹത്ത്വം നൽകും! (16-ാം ഖണ്ഡിക കാണുക)

ഗീതം 12 യഹോവ മഹാ​ദൈ​വം

a ചില പേരു​കൾക്കു മാറ്റം​വ​രു​ത്തി​യി​രി​ക്കു​ന്നു.

b ചിത്രത്തിന്റെ വിവരണം: ആഞ്ചലീ​ന​യു​ടെ അനുഭവം പുനര​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.

c ചിത്രത്തിന്റെ വിവരണം: പ്രിസ്‌ക​യു​ടെ അനുഭവം പുനര​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.

d ചിത്രത്തിന്റെ വിവരണം: ജാക്കിന്റെ അനുഭവം പുനര​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.