ആർക്കും ചോദിക്കാനാകുന്ന ലളിതമായ ഒരു ചോദ്യം
മേരിയും ഭർത്താവ് ജോണും a താമസിക്കുന്നതു ഫിലിപ്പീൻസിൽനിന്ന് ഒരുപാട് ആളുകൾ ജോലിക്കു വരുന്ന ഒരു രാജ്യത്താണ്. അവരോടു സന്തോഷവാർത്ത പറയാൻ നല്ലൊരു അവസരമുണ്ടായിരുന്നു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് മേരിക്കു സ്വന്തം രാജ്യത്ത് മാത്രമല്ല ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നല്ല ബൈബിൾപഠനങ്ങൾ തുടങ്ങാൻ കഴിഞ്ഞു. എങ്ങനെയാണ് അതിനു കഴിഞ്ഞത്?
മേരി ബൈബിൾവിദ്യാർഥികളോട്, “ബൈബിൾ പഠിക്കാൻ താത്പര്യമുള്ള മറ്റ് ആരെയെങ്കിലും അറിയാമോ?” എന്നു ചോദിക്കും. അറിയാമെന്ന് പറഞ്ഞാൽ, അവരെ ഒന്നു പരിചയപ്പെടുത്തിത്തരാൻ പറയും. ലളിതമായ ഈ ചോദ്യത്തിനു പലപ്പോഴും വലിയ ഫലങ്ങളുണ്ടാകും. കാരണം ദൈവവചനത്തെ ശരിക്കും വിലമതിക്കുന്ന ഒരു ബൈബിൾവിദ്യാർഥി തങ്ങൾ പഠിച്ച കാര്യങ്ങൾ കുടുംബാംഗങ്ങളോടും കൂട്ടുകാരോടും പറയും. മേരി ആ ചോദ്യം ചോദിച്ചപ്പോൾ ബൈബിൾവിദ്യാർഥികളുടെ പ്രതികരണം എന്തായിരുന്നു?
മേരിയുടെ ബൈബിൾവിദ്യാർഥി ജാസ്മിൻ പുതിയ നാലു പേരെ പരിചയപ്പെടുത്തിക്കൊടുത്തു. അതിൽ ഒരാളായ ക്രിസ്റ്റീൻ ബൈബിൾപഠനം ശരിക്കും ആസ്വദിച്ചു. അതുകൊണ്ട് മേരിയോട് ആഴ്ചയിൽ രണ്ടു തവണ പഠിപ്പിക്കാമോ എന്നു ചോദിച്ചു. ക്രിസ്റ്റീനോട്, ബൈബിൾ പഠിക്കാൻ താത്പര്യമുള്ള ആരെയെങ്കിലും അറിയാമോ എന്നു മേരി ചോദിച്ചപ്പോൾ, “ഞാൻ എന്റെ കുറച്ച് കൂട്ടുകാരെ പരിചയപ്പെടുത്താം” എന്നു ക്രിസ്റ്റീനും പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ ബൈബിൾ പഠിക്കാൻ താത്പര്യമുള്ള നാലു കൂട്ടുകാരെ ക്രിസ്റ്റീൻ പരിചയപ്പെടുത്തിക്കൊടുത്തു. പിന്നീടു മറ്റു ചില കൂട്ടുകാരെയും പരിചയപ്പെടുത്തി. ആ കൂട്ടുകാരും ഇതുപോലെതന്നെ ചെയ്തു.
ഫിലിപ്പീൻസിലുള്ള തന്റെ കുടുംബവും ബൈബിൾ പഠിക്കാൻ ക്രിസ്റ്റീൻ ആഗ്രഹിച്ചു. അതുകൊണ്ട് മകളായ ആൻഡ്രിയയോട് അതെക്കുറിച്ച് സംസാരിച്ചു. ആദ്യം ആൻഡ്രിയ ചിന്തിച്ചത്, യഹോവയുടെ സാക്ഷികൾ ഒരു വിചിത്രമായ മതവിഭാഗമാണെന്നും അവർ യേശുവിൽ വിശ്വസിക്കുന്നില്ലെന്നും ബൈബിളിലെ പഴയ നിയമം മാത്രമാണ് ഉപയോഗിക്കുന്നതെന്നും ആണ്. എന്നാൽ ആദ്യത്തെ ബൈബിൾപഠനം കഴിഞ്ഞതോടെ ആ തെറ്റിദ്ധാരണകളൊക്കെ മാറി. ഓരോ തവണ പുതിയ എന്തെങ്കിലും പഠിക്കുമ്പോൾ അവൾ ഇങ്ങനെ പറയും, “ഇത് ബൈബിളിൽ പറയുന്ന കാര്യമാണെങ്കിൽ അതു സത്യമായിരിക്കും” എന്ന്.
കുറച്ച് നാൾ കഴിഞ്ഞ് ആൻഡ്രിയ രണ്ടു കൂട്ടുകാരെയും ഒരു സഹജോലിക്കാരിയെയും മേരിക്കു പരിചയപ്പെടുത്തിക്കൊടുത്തു. അവരും ബൈബിൾ പഠിക്കാൻ തുടങ്ങി. ഇനി ആൻഡ്രിയയ്ക്കു, കണ്ണു കാണാത്ത ഒരു ആന്റി ഉണ്ടായിരുന്നു. ആഞ്ചല എന്നാണ് പേര്. ആ ആന്റി ഇവരുടെ ബൈബിൾപഠനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ അതു മേരി അറിയുന്നില്ലായിരുന്നു. പിന്നീട് ഒരു ദിവസം ആഞ്ചല ആൻഡ്രിയയോടു മേരിയെ പരിചയപ്പെടുത്തിത്തരാമോ എന്നു ചോദിച്ചു. തനിക്കു ബൈബിൾ പഠിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. പഠിക്കുന്ന കാര്യങ്ങളൊക്കെ ആഞ്ചലയ്ക്കു ശരിക്കും ഇഷ്ടപ്പെട്ടു. ഒരു മാസംകൊണ്ടുതന്നെ ആഞ്ചല ഒരുപാടു ബൈബിൾവാക്യങ്ങൾ മനഃപാഠമാക്കി. ആഴ്ചയിൽ നാലു തവണ ബൈബിൾ പഠിപ്പിക്കാമോ എന്നും ചോദിച്ചു. ആൻഡ്രിയയുടെ സഹായത്തോടെ ആഞ്ചല
വീഡിയോ കോൺഫറൻസിലൂടെ ക്രമമായി മീറ്റിങ്ങുകൾ കൂടാനും തുടങ്ങി.ക്രിസ്റ്റീനോടൊപ്പം ബൈബിൾ പഠിക്കുന്ന സമയത്ത് ക്രിസ്റ്റീനിന്റെ ഭർത്താവ് ജോഷുവ ആ പരിസരത്തൊക്കെ വന്നുനിൽക്കുന്നതു മേരി ശ്രദ്ധിച്ചു. “ബൈബിൾ പഠിക്കാൻ ഇരിക്കുന്നോ?” എന്നു മേരി അദ്ദേഹത്തോടു ചോദിച്ചു. “ഞാൻ വെറുതെ കേട്ടിരിക്കാം. പക്ഷേ എന്നോടു ചോദ്യങ്ങളൊന്നും ചോദിക്കരുത്. ചോദിച്ചാൽ ഞാൻ എഴുന്നേറ്റ് പോകും” എന്നു ജോഷുവ പറഞ്ഞു. എന്നാൽ ബൈബിൾപഠനം തുടങ്ങി അഞ്ചു മിനിട്ടുകൊണ്ടുതന്നെ ക്രിസ്റ്റീനിനെക്കാൾ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതു ജോഷുവയാണ്. അദ്ദേഹത്തിന് ആ ബൈബിൾചർച്ചകൾ തുടരാൻ ആഗ്രഹമായി.
മേരിയുടെ ലളിതമായ ചോദ്യം ഒരുപാടു ബൈബിൾപഠനങ്ങളിലേക്കു നയിച്ചു. അതിൽ പലരെയും സഹായിക്കാൻ മേരി മറ്റു സഹോദരങ്ങളെ ഏർപ്പെടുത്തി. അങ്ങനെ മൊത്തത്തിൽ, നാലു രാജ്യങ്ങളിലായി 28 ബൈബിൾപഠനങ്ങൾ തുടങ്ങാൻ മേരിക്കു കഴിഞ്ഞു.
ഈ അനുഭവത്തിന്റെ തുടക്കത്തിൽ പറഞ്ഞ ജാസ്മിൻ എന്ന ബൈബിൾവിദ്യാർഥി 2021 ഏപ്രിലിൽ സ്നാനമേറ്റു. 2022 മേയിൽ ക്രിസ്റ്റീൻ സ്നാനപ്പെടുകയും കുടുംബത്തോടൊപ്പം ആയിരിക്കാൻ ഫിലിപ്പീൻസിലേക്കു മടങ്ങുകയും ചെയ്തു. ക്രിസ്റ്റീൻ പരിചയപ്പെടുത്തിയ മേരിയുടെ മറ്റു രണ്ടു ബൈബിൾവിദ്യാർഥികളും സ്നാനമേറ്റു. ക്രിസ്റ്റീൻ സ്നാനമേറ്റ് ഏതാനും മാസങ്ങൾക്കു ശേഷം ആഞ്ചലയും സ്നാനമേറ്റു. ഇപ്പോൾ ഒരു മുൻനിരസേവികയായി പ്രവർത്തിക്കുന്നു. ക്രിസ്റ്റീനിന്റെ ഭർത്താവ് ജോഷുവയും മകൾ ആൻഡ്രിയയും അതുപോലെ മറ്റു പല ബൈബിൾവിദ്യാർഥികളും ഇപ്പോൾ നന്നായി പുരോഗമിക്കുന്നു.
ഒന്നാം നൂറ്റാണ്ടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ സന്തോഷവാർത്ത പെട്ടെന്നു വ്യാപിച്ചു. (യോഹ. 1:41, 42എ; പ്രവൃ. 10:24, 27, 48; 16:25-33) “ബൈബിൾ പഠിക്കാൻ ആഗ്രഹമുള്ള ആരെയെങ്കിലും അറിയാമോ?” എന്നു ബൈബിൾവിദ്യാർഥികളോടും മറ്റു താത്പര്യക്കാരോടും നിങ്ങൾക്കു ചോദിച്ചുകൂടേ? ആർക്കും ചോദിക്കാൻ കഴിയുന്ന ഈ ലളിതമായ ചോദ്യംകൊണ്ട് എത്ര ബൈബിൾപഠനങ്ങൾ തുടങ്ങാൻ കഴിയുമെന്ന് ആർക്കറിയാം!
a പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.