ഒരു യഥാർഥസ്നേഹിതനാകാൻ. . .
സഹായിക്കാൻ ആരുമില്ലാതെ, പ്രശ്നങ്ങളിൽ ഒറ്റയ്ക്കായിപ്പോയ എതെങ്കിലും സാഹചര്യം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? നമ്മൾ ജീവിക്കുന്നത് ‘ബുദ്ധിമുട്ട് നിറഞ്ഞ സമയങ്ങളിൽ’ ആയതുകൊണ്ട് നിരുത്സാഹവും ഒറ്റപ്പെടലും ഒക്കെ തോന്നാനുള്ള സാധ്യതയുണ്ട്. (2 തിമൊ. 3:1) എങ്കിലും ജീവിതത്തിലെ പ്രശ്നങ്ങളൊന്നും നമ്മൾ ഒറ്റയ്ക്കു നേരിടേണ്ടതില്ല. “കഷ്ടതകളുടെ സമയത്ത്” ഒരു യഥാർഥസ്നേഹിതൻ ഉണ്ടായിരിക്കുന്നതിന്റെ മൂല്യം ബൈബിൾ എടുത്തുകാണിക്കുന്നു.—സുഭാ. 17:17.
യഥാർഥസ്നേഹിതർക്ക് എങ്ങനെ സഹായിക്കാം?
മിഷനറിയാത്രയിൽ തന്റെ കൂടെയുണ്ടായിരുന്നവരുമായുള്ള സൗഹൃദം അപ്പോസ്തലനായ പൗലോസിനു ശരിക്കും പ്രയോജനം ചെയ്തു. (കൊലോ. 4:7-11) റോമിൽ തടവിലായിരുന്ന സമയത്ത്, തനിക്ക് സ്വന്തമായി ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങൾ ചെയ്യാൻ പൗലോസിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തെ സഹായിച്ചു. ഉദാഹരണത്തിന്, ഫിലിപ്പിയിലുള്ള സഹോദരങ്ങൾ പൗലോസിനു കൊടുത്തയച്ച ആവശ്യമായ സാധനങ്ങൾ എപ്പഫ്രൊദിത്തൊസാണു പൗലോസിന്റെ അടുത്ത് എത്തിച്ചത്. (ഫിലി. 4:18) ഇനി തിഹിക്കൊസ് a പൗലോസിന്റെ കത്തുകൾ പല സഭകളിലേക്കും എത്തിച്ചു. (കൊലോ. 4:7) ഇങ്ങനെ സുഹൃത്തുക്കളുടെ സഹായം ഉണ്ടായിരുന്നതുകൊണ്ട് വീട്ടുതടങ്കലിലായിരുന്നപ്പോഴും തടവിൽ ഒറ്റയ്ക്കായിരുന്നപ്പോഴും ശുശ്രൂഷ ചെയ്യാൻ പൗലോസിനു കഴിഞ്ഞു. നിങ്ങൾക്ക് എങ്ങനെ ഒരു യഥാർഥസ്നേഹിതനാകാം?
ഒരു യഥാർഥസുഹൃത്തിന്റെ മൂല്യം വ്യക്തമാക്കുന്ന അനുഭവങ്ങൾ ഇന്നുമുണ്ട്. സ്പെയിനിലെ ഒരു സാധാരണ മുൻനിരസേവികയായ എലിസബത്ത് സഹോദരിക്ക് നല്ലൊരു സുഹൃത്തിന്റെ സഹായം കിട്ടി. എലിസബത്തിന്റെ അമ്മയ്ക്കു ഗുരുതരമായ ക്യാൻസറാണെന്നു കണ്ടെത്തിയപ്പോൾ, ഒരു സഹോദരി ബൈബിൾവാക്യങ്ങൾ അടങ്ങിയ, പ്രോത്സാഹിപ്പിക്കുന്ന മെസേജുകൾ അയച്ചു. എലിസബത്ത് പറയുന്നു, “ആ മെസേജുകൾ കണ്ടപ്പോൾ എന്നെക്കുറിച്ച് ചിന്തയുള്ളവരുണ്ടല്ലോ എന്ന് എനിക്കു തോന്നി. ഓരോ ദിവസവും പിടിച്ചുനിൽക്കാനുള്ള ശക്തി അത് എനിക്കു തന്നു.”—സുഭാ. 18:24.
സഭാപ്രവർത്തനങ്ങളിൽ നമ്മുടെ സഹോദരങ്ങളെ സഹായിച്ചുകൊണ്ട് അവരുമായുള്ള സൗഹൃദം നമുക്കു ശക്തമാക്കാം. ഉദാഹരണത്തിന്, മീറ്റിങ്ങിനോ ശുശ്രൂഷയ്ക്കോ പ്രായമായ ഒരു സഹോദരനെയോ സഹോദരിയെയോ നിങ്ങൾക്കു കൊണ്ടുപോകാൻ പറ്റുമോ? അങ്ങനെ ചെയ്യുമ്പോൾ പരസ്പരം പ്രോത്സാഹനം കൈമാറാനുള്ള നല്ലൊരു അവസരമാണ് അത്. (റോമ. 1:12) എന്നാൽ ചില സഹോദരങ്ങൾക്കു വീട്ടിൽനിന്ന് പുറത്തേക്കു പോകാൻ പറ്റാത്ത സാഹചര്യമാണ്. അവരുടെ ഒരു യഥാർഥസ്നേഹിതനാകാൻ നമുക്ക് എങ്ങനെ കഴിയും?
വീട്ടിൽനിന്ന് പുറത്ത് പോകാൻ കഴിയാത്തവർക്ക് ഒരു യഥാർഥസ്നേഹിതനാകുക
നമ്മുടെ ചില സഹോദരങ്ങൾക്ക് ആരോഗ്യപ്രശ്നമോ മറ്റു ചില സാഹചര്യങ്ങളോ കാരണം മീറ്റിങ്ങുകൾക്കു നേരിട്ട് കൂടിവരാൻ കഴിയുന്നില്ല. ഡേവിഡിന്റെ അനുഭവം നോക്കുക. അദ്ദേഹത്തിനു ക്യാൻസർ ആണെന്നു കണ്ടെത്തിയതുകൊണ്ട് ആറു മാസത്തിലധികം കീമോതെറാപ്പി ചെയ്യേണ്ടിവന്നു. ചികിത്സ നടന്ന സമയത്ത് ഡേവിഡും ഭാര്യ ലിഡിയയും വീട്ടിലിരുന്ന് ഓൺലൈനായാണു മീറ്റിങ്ങുകൾ കൂടിയത്.
സഭയിലെ സഹോദരങ്ങളിൽനിന്നും അവർക്ക് എന്തു പിന്തുണയാണു കിട്ടിയത്? ഓരോ മീറ്റിങ്ങിനു ശേഷവും രാജ്യഹാളിലുള്ള സഹോദരങ്ങൾ ഡേവിഡിനെയും ലിഡിയയെയും
വീഡിയോയിലൂടെ കണ്ട് സംസാരിക്കാൻ ശ്രമം ചെയ്യുമായിരുന്നു. അതുപോലെ അവർ ഉത്തരങ്ങൾ പറയുമ്പോൾ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള മെസേജുകളും സഹോദരങ്ങൾ അയയ്ക്കുമായിരുന്നു. അത് ഒരുപാടു പ്രയോജനം ചെയ്തു. തങ്ങൾ ഒറ്റയ്ക്കല്ലെന്നു ഡേവിഡിനും ലിഡിയയ്ക്കും തോന്നി.വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സഹോദരങ്ങളെ ശുശ്രൂഷയിൽ ഉൾപ്പെടുത്താൻ നമുക്കു കഴിയുമോ? ചില ചെറിയ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നെങ്കിൽ അത്തരം പരിമിതികളുള്ളവരെ മറക്കുന്നില്ലെന്നു നമ്മൾ ഉറപ്പുകൊടുക്കുകയായിരിക്കും. (സുഭാ. 3:27) കത്ത് സാക്ഷീകരണത്തിനോ ടെലിഫോൺ സാക്ഷീകരണത്തിനോ അവരുടെ കൂടെയിരിക്കാൻ നിങ്ങൾക്കു കുറച്ച് സമയം ക്രമീകരിക്കാൻ കഴിയില്ലേ? വീട്ടിൽത്തന്നെ കഴിയുന്ന സഹോദരങ്ങൾക്കു വീഡിയോ കോൺഫറൻസിലൂടെ വയൽസേവനയോഗം കൂടാനുള്ള ക്രമീകരണം ചെയ്യാൻ മൂപ്പന്മാർക്കു കഴിഞ്ഞേക്കും. സഭ ചെയ്ത ആ ക്രമീകരണത്തെ ഡേവിഡും ലിഡിയയും ഒരുപാടു വിലമതിച്ചു. ഡേവിഡ് പറയുന്നു: “സഹോദരീസഹോദരന്മാരോടൊപ്പം ചെറിയൊരു ചർച്ചയ്ക്കും പ്രാർഥനയ്ക്കും ആയി കൂടിവരാൻ കഴിഞ്ഞതുതന്നെ ഞങ്ങൾക്കു വലിയ ഊർജം തന്നു.” ഇനി അതുപോലെ സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ, സുരക്ഷിതമാണെങ്കിൽ, നിങ്ങളുടെ ഒരു ബൈബിൾവിദ്യാർഥിയെ വീട്ടിൽനിന്ന് പുറത്ത് ഇറങ്ങാൻ കഴിയാത്തവരുടെ അടുത്ത് കൊണ്ടുവന്ന് ഇടയ്ക്കൊക്കെ ബൈബിൾപഠനം നടത്താൻ നിങ്ങൾക്കു കഴിയുമോ?
വീട്ടിൽനിന്ന് പുറത്ത് ഇറങ്ങാൻ കഴിയാത്ത സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കുകയും അവരുടെ നല്ല ഗുണങ്ങളൊക്കെ കാണുകയും ചെയ്യുമ്പോൾ നമ്മൾ അവരോടു കൂടുതൽ അടുക്കും. ഉദാഹരണത്തിന്, നമ്മൾ അവരോടൊപ്പം ശുശ്രൂഷയിൽ ആയിരിക്കുന്ന സമയത്ത് അവർ ആളുകളുടെ ഹൃദയത്തിൽ എത്തുന്ന വിധത്തിൽ, വൈദഗ്ധ്യത്തോടെ ദൈവവചനം ഉപയോഗിക്കുന്നതു കാണുമ്പോൾ നമുക്ക് അവരോടു കൂടുതൽ അടുപ്പം തോന്നും. സഹാരാധകരെ ആത്മീയപ്രവർത്തനങ്ങളിൽ പിന്തുണയ്ക്കുമ്പോൾ നിങ്ങളുടെ സുഹൃദ്വലയം വലുതാകുകയാണ്.—2 കൊരി. 6:13.
തന്റെ സുഹൃത്തായ തീത്തോസ് കൂടെയുണ്ടായിരുന്നതു പൗലോസിനെ ഒരുപാട് ആശ്വസിപ്പിച്ചു. (2 കൊരി. 7:5-7) നമ്മൾ സഹോദരങ്ങളെ വാക്കുകളിലൂടെ മാത്രം ആശ്വസിപ്പിച്ചാൽ പോരാ, പകരം അവരോടൊപ്പം സമയം ചെലവഴിച്ചുകൊണ്ടും അവരെ പിന്തുണച്ചുകൊണ്ടും ആശ്വസിപ്പിക്കാൻ ഈ വിവരണം നമ്മളെ പ്രോത്സാഹിപ്പിക്കുന്നു.—1 യോഹ. 3:18.
ഉപദ്രവങ്ങളുടെ സമയത്തും ഒരു യഥാർഥസ്നേഹിതനാകുക
റഷ്യയിലുള്ള നമ്മുടെ സഹോദരങ്ങൾ പരസ്പരം പിന്തുണയ്ക്കുന്ന കാര്യത്തിൽ നല്ല മാതൃകകളാണ്. സെർഗിയുടെയും ഭാര്യ റ്ററ്റ്യാനയുടെയും അനുഭവം നോക്കാം. പോലീസ് അവരുടെ വീടു പരിശോധിച്ചശേഷം ചോദ്യം ചെയ്യാനായി അവരെ കൊണ്ടുപോയി. റ്ററ്റ്യാനയെയാണ് അവർ ആദ്യം വീട്ടിലേക്ക് വിട്ടയച്ചത്. സെർഗി പറയുന്നു: “റ്ററ്റ്യാന വീട്ടിലെത്തിയ ഉടനെതന്നെ ഒരു സഹോദരി ഞങ്ങളുടെ വീട്ടിലേക്കു വരാൻ ധൈര്യം കാണിച്ചു. മറ്റു കൂട്ടുകാരും വന്ന് അന്വേഷണത്തിന്റെ സമയത്ത് അലങ്കോലമായ ഞങ്ങളുടെ വീട് പഴയപോലെ ആക്കാൻ സഹായിച്ചു.”
സെർഗി തുടർന്നുപറയുന്നു, “എനിക്ക് ഇഷ്ടമുള്ള ഒരു വാക്യമാണു സുഭാഷിതങ്ങൾ 17:17. അവിടെ പറയുന്നത്: ‘യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു’ എന്നാണ്. ഉപദ്രവങ്ങളുടെ സമയത്ത് ഈ വാക്യത്തിന് എന്റെ ജീവിതത്തിൽ ഒന്നുകൂടെ അർഥംവന്നു. ആ സമയത്ത് എനിക്ക് ഒറ്റയ്ക്കു പിടിച്ചുനിൽക്കാൻ കഴിയില്ലായിരുന്നു. എന്നാൽ ധൈര്യത്തോടെ കൂടെനിൽക്കുന്ന കൂട്ടുകാരെ യഹോവ എനിക്കു തന്നു.”
നമുക്ക് ഇനിയും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ താങ്ങായി കൂട്ടുകാരെ വേണ്ടിവരും. പ്രത്യേകിച്ചും മഹാകഷ്ടതയുടെ സമയത്ത് നമുക്ക് അവരെ ശരിക്കും ആവശ്യമാണ്. അതുകൊണ്ട് ഇപ്പോൾത്തന്നെ ഒരു യഥാർഥസ്നേഹിതൻ ആയിരിക്കാൻ നമുക്ക് എല്ലാ ശ്രമവും ചെയ്യാം.—1 പത്രോ. 4:7, 8.
a w98 7/15 പേ. 8 കാണുക.