ജീവിതകഥ
“ഞാൻ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല”
ജീവിതത്തിലെ പല സാഹചര്യങ്ങളിലും നമുക്ക് ഒറ്റപ്പെടൽ തോന്നും. പ്രിയപ്പെട്ട ഒരാളുടെ മരണമോ പരിചയമില്ലാത്ത ഒരു സ്ഥലത്തേക്കു മാറുന്നതോ തനിച്ചായിരിക്കുന്നതോ ഒക്കെ അതിനു കാരണമായേക്കാം. ഇതെല്ലാം എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല എന്ന് എനിക്കു പറയാനാകും. എന്തുകൊണ്ടാണ് അങ്ങനെ തോന്നിയതെന്നു ഞാൻ പറയാം.
എന്റെ മാതാപിതാക്കൾ വെച്ച മാതൃക
എന്റെ ഡാഡിയും മമ്മിയും വലിയ കത്തോലിക്കാ വിശ്വാസികളായിരുന്നു. എന്നാൽ ദൈവത്തിന്റെ പേര് യഹോവയാണെന്നു ബൈബിളിൽനിന്ന് മനസ്സിലാക്കിയപ്പോൾ അവർ തീക്ഷ്ണതയുള്ള സാക്ഷികളായിത്തീർന്നു. എന്റെ ഡാഡിക്കു മരപ്പണി അറിയാമായിരുന്നു. സത്യം പഠിക്കുന്നതിനു മുമ്പ് ഡാഡി യേശുവിന്റെ രൂപം കൊത്തിയുണ്ടാക്കുമായിരുന്നു. എന്നാൽ സത്യം പഠിച്ചശേഷം ആ കഴിവ് ഉപയോഗിച്ച് ഡാഡി, ഞങ്ങളുടെ വീടിന്റെ താഴത്തെ നില ഒരു രാജ്യഹാളാക്കി മാറ്റി. അതായിരുന്നു ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിലെ സാൻ ഹുവാൻ മോണ്ടേലയിലുള്ള ആദ്യത്തെ രാജ്യഹാൾ.
1952-ലാണു ഞാൻ ജനിക്കുന്നത്. എന്റെ നാലു ചേട്ടന്മാരെയും മൂന്നു ചേച്ചിമാരെയും പഠിപ്പിച്ചതുപോലെതന്നെ എന്നെയും ഡാഡിയും മമ്മിയും യഹോവയെക്കുറിച്ച് നന്നായി പഠിപ്പിച്ചു. ഞാൻ വളർന്നപ്പോൾ ദിവസവും ബൈബിളിന്റെ ഒരു അധ്യായം വായിക്കാൻ ഡാഡി എന്നെ പ്രോത്സാഹിപ്പിച്ചു. നമ്മുടെ പല പ്രസിദ്ധീകരണങ്ങളും ഉപയോഗിച്ച് ഡാഡി എന്നെ പഠിപ്പിച്ചു. ഇടയ്ക്കിടയ്ക്കു ഡാഡിയും മമ്മിയും സഞ്ചാര മേൽവിചാരകന്മാരെയും ബ്രാഞ്ചോഫീസ് പ്രതിനിധികളെയും വീട്ടിൽ താമസിക്കാൻ ക്ഷണിക്കുമായിരുന്നു. ഈ സഹോദരങ്ങൾ പങ്കുവെച്ച അനുഭവങ്ങൾ ഞങ്ങളുടെ കുടുംബത്തിനു വലിയ സന്തോഷവും പ്രോത്സാഹനവും തന്നു. യഹോവയെ സേവിക്കുന്നതിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കാൻ അതു ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിച്ചു.
എന്റെ മാതാപിതാക്കൾ എനിക്കായി വിശ്വാസത്തിന്റെ ഒരു നല്ല മാതൃക വെച്ചു. എന്റെ പ്രിയപ്പെട്ട മമ്മി ഒരു അസുഖം വന്ന് മരിച്ചതിനു ശേഷം 1971-ൽ ഞാനും ഡാഡിയും മുൻനിരസേവനം തുടങ്ങി. പക്ഷേ 1973-ൽ എനിക്കു 20 വയസ്സുള്ളപ്പോൾ എന്റെ ഡാഡിയും എന്നെ വിട്ടുപോയി. ഡാഡിയെയും മമ്മിയെയും നഷ്ടപ്പെട്ടപ്പോൾ എനിക്കു വല്ലാത്ത ഏകാന്തതയും ശൂന്യതയും ഒക്കെ തോന്നി. എന്നാൽ ബൈബിളിലെ “സുനിശ്ചിതവും ഉറപ്പുള്ളതും ആയ” പ്രത്യാശ വിഷാദത്തിൽ ആഴ്ന്നുപോകാതെ ഉറച്ചുനിൽക്കാനും യഹോവയോട് അടുത്തിരിക്കാനും എന്നെ സഹായിച്ചു. (എബ്രാ. 6:19) ഡാഡി മരിച്ച് അധികം വൈകാതെ പലാവാനിലുള്ള ഒറ്റപ്പെട്ട ദ്വീപായ കോറോണിൽ ഒരു പ്രത്യേക മുൻനിരസേവകനായി എനിക്കു നിയമനം കിട്ടി.
ബുദ്ധിമുട്ടുള്ള നിയമനങ്ങളിലും ഒറ്റയ്ക്ക്
എന്റെ 21-ാമത്തെ വയസ്സിൽ ഞാൻ കോറോണിൽ എത്തി. നഗരത്തിൽ വളർന്ന എനിക്ക്, വൈദ്യുതിയും പൈപ്പുവെള്ളവും വാഹനങ്ങളും ഒന്നും തീരെ ഇല്ലാത്ത ഒരു ദ്വീപു കണ്ടപ്പോൾ അത്ഭുതം തോന്നി. അവിടെ കുറച്ച് സഹോദരങ്ങളുണ്ടായിരുന്നെങ്കിലും മുൻനിരസേവനം ചെയ്യാൻ എന്റെകൂടെ ആരെയും നിയമിച്ചിട്ടില്ലായിരുന്നതുകൊണ്ട് ചിലപ്പോഴൊക്കെ ഒറ്റയ്ക്കാണു ഞാൻ പ്രസംഗപ്രവർത്തനം ചെയ്തിരുന്നത്. ആദ്യത്തെ
ഒരു മാസം കുടുംബാംഗങ്ങളെയും കൂട്ടുകാരെയും ഒക്കെ വിട്ടുനിന്നതുകൊണ്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി. രാത്രിയിൽ ഞാൻ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരിക്കും. അപ്പോൾ എന്റെ കണ്ണു നിറഞ്ഞൊഴുകും. ഈ നിയമനം ഉപേക്ഷിച്ച് തിരിച്ച് വീട്ടിലേക്കു പോയാലോ എന്നുവരെ ഞാൻ ചിന്തിച്ചിട്ടുണ്ട്.ഒറ്റയ്ക്കായിരുന്ന നിമിഷങ്ങളിൽ ഞാൻ എന്റെ ഹൃദയം യഹോവയുടെ മുന്നിൽ പകരുമായിരുന്നു. ബൈബിളിൽനിന്നും നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്നും വായിച്ച പ്രോത്സാഹനം തരുന്ന ആശയങ്ങൾ ഞാൻ പിന്നെയുംപിന്നെയും ചിന്തിക്കും. സങ്കീർത്തനം 19:14 ഇടയ്ക്കിടയ്ക്ക് എന്റെ മനസ്സിലേക്കു വരും. യഹോവയുടെ ഗുണങ്ങളും പ്രവൃത്തികളും പോലുള്ള യഹോവയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ധ്യാനിക്കുകയാണെങ്കിൽ യഹോവ “എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനും” ആയിരിക്കും എന്നു ഞാൻ തിരിച്ചറിഞ്ഞു. “നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല” a എന്ന വീക്ഷാഗോപുരലേഖനവും എന്നെ ഒത്തിരി സഹായിച്ചു. ഞാൻ അതു വീണ്ടുംവീണ്ടും വായിച്ചു. ഒരുതരത്തിൽ പറഞ്ഞാൽ ഞാനും യഹോവയും മാത്രമുള്ള നിമിഷങ്ങളായിരുന്നു അത്. പ്രാർഥിക്കാനും പഠിക്കാനും ധ്യാനിക്കാനും ഒക്കെ എനിക്ക് ഒരുപാടു സമയം കിട്ടി.
കോറോണിൽ എത്തി അധികം വൈകാതെ എന്നെ ഒരു മൂപ്പനായി നിയമിച്ചു. അവിടെ ഞാൻ മാത്രമേ മൂപ്പനായി ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് എല്ലാ ആഴ്ചയും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവനയോഗവും സഭാബൈബിൾപഠനവും വീക്ഷാഗോപുരപഠനവും ഞാൻ നടത്തണമായിരുന്നു. എല്ലാ ആഴ്ചയും പൊതുപ്രസംഗവും നടത്തി. എന്തായാലും ഒരു കാര്യം ഉറപ്പായി. ഏകാന്തത തോന്നാൻ എനിക്ക് ഇനി സമയം കിട്ടില്ല.
കോറോണിലെ ശുശ്രൂഷ ഞാൻ ആസ്വദിച്ചു. എന്റെ ബൈബിൾവിദ്യാർഥികളിൽ ചിലർ സ്നാനമേറ്റു. എന്നാൽ ചില ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഉച്ചവരെ നടന്നാണു പ്രവർത്തിക്കാനുള്ള പ്രദേശത്ത് എത്തുന്നത്. എവിടെ കിടന്നുറങ്ങും എന്നുപോലും അറിയാതെയാണു ചെല്ലുന്നത്. ഒരുപാടു ചെറിയ ദ്വീപുകൾ ഉൾപ്പെട്ടതായിരുന്നു സഭയുടെ പ്രദേശം. അവിടെ എത്താൻ പ്രക്ഷുബ്ധമായ കടലിലൂടെ ഞാൻ ബോട്ടിൽ യാത്ര ചെയ്യും. സത്യം പറഞ്ഞാൽ എനിക്കു നീന്താൻ അറിയില്ലായിരുന്നു. ഈ ബുദ്ധിമുട്ടുകളിൽ യഹോവ എന്നെ സംരക്ഷിക്കുകയും പിടിച്ചുനിറുത്തുകയും ചെയ്തു. ഇതിലൂടെയെല്ലാം അടുത്ത നിയമനത്തിൽ ഞാൻ നേരിടാൻപോകുന്ന ഇതിലും വലിയ വെല്ലുവിളികൾക്കുവേണ്ടി യഹോവ എന്നെ ഒരുക്കുകയായിരുന്നെന്നു പിന്നീടു ഞാൻ തിരിച്ചറിഞ്ഞു.
പാപ്പുവ ന്യൂഗിനി
1978-ൽ ഓസ്ട്രേലിയയുടെ വടക്കുഭാഗത്തുള്ള പാപ്പുവ ന്യൂഗിനിയിൽ എന്നെ നിയമിച്ചു. ഒരുപാടു പർവതങ്ങൾ ഒക്കെയുള്ള ഒരു രാജ്യമാണു പാപ്പുവ ന്യൂഗിനി. അവിടെയുള്ള ഏകദേശം 30 ലക്ഷത്തോളം വരുന്ന ആളുകൾ 800-ലധികം വ്യത്യസ്തഭാഷകളാണു സംസാരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഞാൻ അതിശയിച്ചുപോയി. എന്നാൽ ടോക് പീസിൻ എന്നറിയപ്പെടുന്ന മലനേഷ്യൻ പിജൻ എന്ന ഭാഷ മിക്കവരും സംസാരിക്കുമെന്ന് അറിഞ്ഞത് ഒരു ആശ്വാസമായിരുന്നു.
തലസ്ഥാനമായ പോർട്ട് മോഴ്സ്ബിയിലുള്ള ഒരു ഇംഗ്ലീഷ് സഭയിലാണ് എന്നെ തത്കാലത്തേക്കു നിയമിച്ചത്. പിന്നെ ഞാൻ ടോക് പീസിൻ സഭയിലേക്കു മാറി. ആ ഭാഷ പഠിക്കാനുള്ള ഒരു ക്ലാസിനു ചേർന്നു. പഠിച്ച കാര്യങ്ങളൊക്കെ ഞാൻ ശുശ്രൂഷയിൽ ഉപയോഗിച്ചു. അത് ആ ഭാഷ പെട്ടെന്നു പഠിക്കാൻ എന്നെ സഹായിച്ചു. അധികം വൈകാതെ ടോക് പീസിനിൽ ഒരു പൊതുപ്രസംഗം നടത്താൻ എനിക്കു കഴിഞ്ഞു. പാപ്പുവ ന്യൂഗിനിയിൽ എത്തി, ഒരു വർഷമാകുന്നതിനു മുമ്പുതന്നെ ഒരുപാടു ടോക് പീസിൻ സഭകളുള്ള ഒരു സ്ഥലത്ത് എന്നെ ഒരു സർക്കിട്ട് മേൽവിചാരകനായി നിയമിച്ചു. അത് അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.
സഭകൾ തമ്മിൽ നല്ല ദൂരമുണ്ടായിരുന്നതുകൊണ്ട് എനിക്കു പല സർക്കിട്ട് സമ്മേളനങ്ങൾ സംഘടിപ്പിക്കേണ്ടിവന്നു. കുറെ യാത്രകൾ ചെയ്യേണ്ടിയുംവന്നു. ആദ്യമൊക്കെ പരിചയമില്ലാത്ത ആ സ്ഥലത്ത് എനിക്ക് വല്ലാത്ത ഒറ്റപ്പെടൽ തോന്നി. പുതിയ രാജ്യം, പുതിയ ഭാഷ, പുതിയ രീതികൾ. ഒരുപാടു കുണ്ടുംകുഴികളും ഒക്കെയുള്ള പർവതപ്രദേശം ആയിരുന്നതുകൊണ്ട് അവിടെ റോഡുകൾ ഒന്നുമില്ലായിരുന്നു. അതുകൊണ്ട് സഭകൾ സന്ദർശിക്കാൻ കരയിലൂടെയുള്ള യാത്ര നടക്കുമായിരുന്നില്ല.
മിക്കവാറും എല്ലാ ആഴ്ചയും വിമാനത്തിൽ യാത്ര ചെയ്യണമായിരുന്നു. പരിതാപകരമായ അവസ്ഥയിലുള്ള ചെറിയൊരു വിമാനത്തിൽ ചിലപ്പോഴൊക്കെ ഞാൻ മാത്രമായിരിക്കും യാത്രക്കാരനായി ഉണ്ടാകുക. മുമ്പ് ബോട്ടിൽ യാത്ര ചെയ്തപ്പോൾ തോന്നിയ അതേ പേടി എനിക്ക് അപ്പോഴും തോന്നി!വളരെ കുറച്ചുപേർക്കു മാത്രമേ ടെലിഫോണുകൾ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് സഭകളുമായി ആശയവിനിമയം ചെയ്തിരുന്നത് കത്തുകളിലൂടെയായിരുന്നു. പലപ്പോഴും എന്റെ കത്തുകൾ എത്തുന്നതിനു മുമ്പേ ഞാൻ അവിടെ എത്തും. അതുകൊണ്ട് സഹോദരങ്ങൾ എവിടെയാണെന്ന് അവിടത്തെ നാട്ടുകാരോടു ചോദിച്ചറിയണം. ഓരോ തവണയും സഹോദരങ്ങളെ കണ്ടെത്തുമ്പോൾ ഒത്തിരി വിലമതിപ്പോടെ അവർ എന്നെ സ്വാഗതം ചെയ്യും. എന്റെ ഈ ശ്രമങ്ങൾക്കെല്ലാം പ്രയോജനമുണ്ടെന്നു ഞാൻ അപ്പോൾ ഓർക്കും. യഹോവയുടെ പിന്തുണ ഒരുപാടു വിധങ്ങളിൽ അനുഭവിച്ചറിഞ്ഞതുകൊണ്ട് യഹോവയുമായുള്ള എന്റെ ബന്ധവും കൂടുതൽ ശക്തമായി.
ബോഗൻവിൽ ദ്വീപിൽ ഞാൻ ആദ്യത്തെ മീറ്റിങ്ങ് കൂടിയ സമയത്ത് ഒരു ദമ്പതികൾ പുഞ്ചിരിച്ചുകൊണ്ട് എന്റെ അടുത്ത് വന്ന് ഇങ്ങനെ ചോദിച്ചു: “ഞങ്ങളെ ഓർക്കുന്നുണ്ടോ?” പോർട്ട് മോഴ്സ്ബിയിൽ ഞാൻ ആദ്യമായി എത്തിയപ്പോൾ ഈ ദമ്പതികളോടു സാക്ഷീകരിച്ചതു ഞാൻ ഓർത്തു. അവരുമായി ഞാനൊരു ബൈബിൾപഠനം തുടങ്ങിയിട്ട് ആ പ്രദേശത്തെ ഒരു സഹോദരനെ അത് ഏൽപ്പിച്ചിരുന്നു. ഇപ്പോൾ അവർ രണ്ടു പേരും സ്നാനമേറ്റു. പാപ്പുവ ന്യൂഗിനിയിലെ മൂന്നു വർഷത്തെ എന്റെ സേവനത്തിൽ എനിക്കു കിട്ടിയ ഒരുപാട് അനുഗ്രഹങ്ങളിൽ ഒന്നായിരുന്നു അത്.
തിരക്കുള്ള ഒരു ചെറിയ കുടുംബം
1978-ൽ കോറോണിൽനിന്ന് പോരുന്നതിനു കുറച്ച് മുമ്പ് ഞാൻ, കഠിനാധ്വാനിയായ അഡൽ എന്ന ഒരു സഹോദരിയെ കണ്ടുമുട്ടിയിരുന്നു. സാമുവെൽ, ഷെർലി എന്ന തന്റെ രണ്ടു മക്കളെ വളർത്തുന്നതോടൊപ്പം സഹോദരി, സാധാരണ മുൻനിരസേവനം ചെയ്യുകയായിരുന്നു. അതുപോലെ പ്രായമായ തന്റെ അമ്മയെ നോക്കുന്നുമുണ്ടായിരുന്നു. 1981 മേയിൽ ഞാൻ അഡലിനെ വിവാഹം കഴിക്കാൻ ഫിലിപ്പീൻസിലേക്കു മടങ്ങി. വിവാഹത്തിനു ശേഷം ഞങ്ങൾ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളോടൊപ്പം സാധാരണ മുൻനിരസേവനം ചെയ്തു.
ഒരു കുടുംബം നോക്കേണ്ട ഉത്തരവാദിത്വമുണ്ടായിരുന്നെങ്കിലും 1983-ൽ എന്നെ വീണ്ടും പ്രത്യേക മുൻനിരസേവകനായി നിയമിച്ചു. പലാവാനിലുള്ള ലീനാപകാൻ ദ്വീപിലാണ് എനിക്കു നിയമനം കിട്ടിയത്. സാക്ഷികൾ ആരും ഇല്ലാത്ത ഒറ്റപ്പെട്ട ആ സ്ഥലത്തേക്കു ഞങ്ങൾ കുടുംബം ഒരുമിച്ച് മാറി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ അഡലിന്റെ അമ്മ മരിച്ചു. എങ്കിലും ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെട്ടത് ആ വിഷമത്തിലും പിടിച്ചുനിൽക്കാൻ ഞങ്ങളെ സഹായിച്ചു. നല്ല പുരോഗതി വരുത്തുന്ന ഒരുപാടു ബൈബിൾപഠനങ്ങൾ ലീനാപകാനിൽ ഞങ്ങൾക്കു കിട്ടി. അതുകൊണ്ട് അധികം വൈകാതെതന്നെ ചെറിയൊരു രാജ്യഹാൾ ഞങ്ങൾക്കു വേണ്ടിവന്നു. ഞങ്ങൾതന്നെ ഒരെണ്ണം പണിതു. ലീനാപകാനിൽ ഞങ്ങൾ വന്ന് മൂന്നു വർഷത്തിനു ശേഷം സ്മാരകത്തിനു 110 പേര് വന്നതിന്റെ സന്തോഷം ഞങ്ങൾക്ക് ആസ്വദിക്കാൻ കഴിഞ്ഞു. അവരിൽ പലരും ഞങ്ങൾ പോയതിനു ശേഷം സ്നാനമേൽക്കുകയും ചെയ്തു.
1986-ൽ എന്നെ കൂളിയോൻ ദ്വീപിൽ നിയമിച്ചു. അവിടെ കുഷ്ഠരോഗം ബാധിച്ച ആളുകൾ താമസിക്കുന്ന ഒരു കോളനിയുണ്ടായിരുന്നു. കുറച്ച് വർഷങ്ങൾക്കു ശേഷം അഡലിനും പ്രത്യേക മുൻനിരസേവികയായി നിയമനം ലഭിച്ചു. ആദ്യമൊക്കെ കുഷ്ഠരോഗികളുടെ അടുത്ത് പ്രസംഗിക്കുന്ന കാര്യം ഓർക്കുമ്പോൾ ഞങ്ങൾക്കു പേടി തോന്നുമായിരുന്നു. പക്ഷേ അവർക്കൊക്കെ, വേണ്ട ചികിത്സ കിട്ടിയതാണെന്നും ആ രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നും ആ നാട്ടുകാർ ഞങ്ങളോടു പറഞ്ഞു. അത്തരം ചില കുഷ്ഠരോഗികൾ ഒരു സഹോദരിയുടെ വീട്ടിൽ വന്ന് മീറ്റിങ്ങുകൾ കൂടി. ദൈവവും ആളുകളും എല്ലാം ഉപേക്ഷിച്ചതായി തോന്നിയ, ഗുരുതരമായ രോഗമുള്ള ആ ആളുകളോടു ബൈബിളിലെ പ്രത്യാശ പകരാൻ കഴിഞ്ഞപ്പോൾ ഞങ്ങൾക്കു വലിയ സന്തോഷം തോന്നി. ഒരുനാൾ പൂർണ ആരോഗ്യത്തിലേക്കു വരുമെന്ന് അറിഞ്ഞപ്പോൾ അവർക്കു വലിയ സന്തോഷമായി.—ലൂക്കോ. 5:12, 13.
കൂളിയോനിലെ ജീവിതവുമായിട്ട് ഞങ്ങളുടെ മക്കൾ എങ്ങനെയാണു പൊരുത്തപ്പെട്ടത്? അഡലും ഞാനും കോറോണിൽനിന്ന് രണ്ട് ചെറുപ്പക്കാരായ സഹോദരിമാരെ ഇങ്ങോട്ടു ക്ഷണിച്ചു. അങ്ങനെയാകുമ്പോൾ ഞങ്ങളുടെ മക്കൾക്ക് അവരോടൊപ്പം സമയം ചെലവഴിക്കാമല്ലോ. സാമുവെലും ഷെർലിയും ആ രണ്ട് സഹോദരിമാരോടൊപ്പം ശുശ്രൂഷ നന്നായി ആസ്വദിച്ചു. അവർ ഒരു കുടുംബത്തിലെ മക്കളെ ബൈബിൾ പഠിപ്പിച്ചപ്പോൾ ഞങ്ങൾ ആ കുട്ടികളുടെ മാതാപിതാക്കളെ ബൈബിൾ പഠിപ്പിച്ചു. 11 കുടുംബങ്ങളെവരെ ബൈബിൾ പഠിപ്പിച്ച സന്ദർഭങ്ങളുണ്ടായിരുന്നു. അധികം വൈകാതെ പുരോഗമിക്കുന്ന പല ബൈബിൾ പഠനങ്ങൾ കിട്ടിയതുകൊണ്ട് പുതിയൊരു സഭ രൂപീകരിക്കാൻപോലും കഴിഞ്ഞു.
ആദ്യം അവിടെ മൂപ്പനായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ബ്രാഞ്ചോഫീസ് എന്നോട് എട്ടു പ്രചാരകരുള്ള കൂളിയോനിലും ഒൻപത് പ്രചാരകരുള്ള മരിലീ എന്ന ഗ്രാമത്തിലും ആഴ്ചതോറുമുള്ള യോഗങ്ങൾ നടത്താൻ ആവശ്യപ്പെട്ടു. കൂളിയോനിൽനിന്ന് മൂന്നു മണിക്കൂർ ബോട്ടുയാത്രയുണ്ട് മരിലീയിലേക്ക്. മരിലീയിലെ മീറ്റിങ്ങുകൾ കഴിഞ്ഞ് ഞങ്ങൾ മുഴുകുടുംബവും ഹാൽസി എന്ന ഗ്രാമത്തിൽ ബൈബിൾപഠനങ്ങൾ നടത്താനായി പോകും. മണിക്കൂറുകളോളം യാത്ര ചെയ്ത് കുന്നും മലകളും കയറിയിറങ്ങിവേണം അവിടെ എത്താൻ.
പതുക്കെപ്പതുക്കെ മരിലീയിലും ഹാൽസിയിലും കുറെപ്പേർ സത്യം സ്വീകരിച്ചു. അങ്ങനെ ആ രണ്ടു സ്ഥലങ്ങളിലും ഞങ്ങൾ രാജ്യഹാളുകൾ പണിതു. ലീനാപകാനിലെപ്പോലെതന്നെ ഇവിടെയും സഹോദരങ്ങളും താത്പര്യക്കാരും ആണ് രാജ്യഹാളുകൾ പണിയാൻ കൂടുതലും സഹായിക്കുകയും അതിനുവേണ്ടിയുള്ള സാധനങ്ങൾ കൊടുക്കുകയും ചെയ്തത്. മരിലീയിലെ രാജ്യഹാളിൽ 200 പേരെ ഉൾക്കൊള്ളാൻ കഴിയുമായിരുന്നു. അതു വേണമെങ്കിൽ പിന്നെയും വലുതാക്കാം. അതുകൊണ്ട് സമ്മേളനങ്ങളൊക്കെ നടത്താൻ പറ്റുന്ന ഹാളായിരുന്നു അത്.
വിഷാദവും ഏകാന്തതതയും ഒപ്പം ചില സന്തോഷങ്ങളും
ഞങ്ങളുടെ മക്കൾ വലുതായപ്പോൾ ഞാനും അഡലും 1993-ൽ ഫിലിപ്പീൻസിൽ സർക്കിട്ട് വേല തുടങ്ങി. പിന്നെ 2000-ത്തിൽ ശുശ്രൂഷാ പരിശീലന സ്കൂളിൽ ഞാൻ പങ്കെടുത്തു, ആ സ്കൂളിന്റെ അധ്യാപകനാകാനുള്ള പരിശീലനത്തിനുവേണ്ടി. ഈ നിയമനത്തിനു ഞാൻ യോഗ്യനല്ലെന്ന് എനിക്കു തോന്നിയെങ്കിലും അഡൽ എന്നെ പ്രോത്സാഹിപ്പിച്ചു. ഈ പുതിയ നിയമനം ചെയ്യാനുള്ള ശക്തി യഹോവ തരുമെന്ന് അവൾ എന്നെ ഓർമിപ്പിച്ചു. (ഫിലി. 4:13) അഡലിന് അതു സ്വന്തം അനുഭവത്തിൽനിന്ന് പറയാൻ കഴിയും. കാരണം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നിട്ടാണ് അവൾ തന്റെ നിയമനം ചെയ്തിരുന്നത്.
2006-ൽ ഞാൻ ഒരു അധ്യാപകനായി സേവിച്ചുകൊണ്ടിരുന്ന സമയത്ത് അഡലിന് പാർക്കിൻസൺസ് രോഗമാണെന്നു കണ്ടെത്തി. അത് അറിഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. ഈ
നിയമനം നിറുത്തി അഡലിനെ പരിചരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ പറഞ്ഞു: “എന്നെ പരിചരിക്കാൻ ഒരു ഡോക്ടറെ കണ്ടുപിടിച്ചാൽ മതി. ഈ നിയമനം തുടരാൻ യഹോവ നമ്മളെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” തുടർന്നുള്ള ആറു വർഷം ഒരു പരാതിയുമില്ലാതെ അവൾ ദൈവസേവനം തുടർന്നു. അഡലിനു നടക്കാൻ പറ്റാതായപ്പോൾ ഒരു വീൽച്ചെയറിന്റെ സഹായത്തോടെ അവൾ പ്രസംഗപ്രവർത്തനം ചെയ്തു. സംസാരിക്കാൻ ബുദ്ധിമുട്ടായപ്പോൾ മീറ്റിങ്ങുകളിൽ ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരം പറയും. സഹിച്ചുനിൽക്കുന്നതിൽ നല്ലൊരു മാതൃക വെച്ചതുകൊണ്ട് സഹോദരങ്ങൾ എപ്പോഴും നന്ദി അറിയിച്ചുകൊണ്ടുള്ള മെസേജുകൾ അവൾക്ക് അയയ്ക്കുമായിരുന്നു. 2013-ൽ അഡൽ മരിക്കുന്നതുവരെ അതു തുടർന്നു. 30-ലധികം വർഷം സ്നേഹത്തോടെ, വിശ്വസ്തമായി എന്നോടൊപ്പംനിന്ന എന്റെ പ്രിയ ഭാര്യ എന്നെ വിട്ടുപോയപ്പോൾ എനിക്കു വല്ലാത്ത വിഷമവും ഏകാന്തതയും വീണ്ടും തോന്നി.ഞാൻ എന്റെ നിയമനത്തിൽ തുടരണമെന്നായിരുന്നു അഡലിന്റെ ആഗ്രഹം. ഞാൻ അതുതന്നെ ചെയ്തു. തിരക്കോടിരുന്നത് ഏകാന്തതയോടു പോരാടാൻ എന്നെ സഹായിച്ചു. നിരോധനമുണ്ടായിരുന്ന രാജ്യങ്ങളിലെ തഗലോഗ് ഭാഷ സംസാരിക്കുന്ന സഭകൾ സന്ദർശിക്കാൻ 2014 മുതൽ 2017 വരെ എനിക്കു നിയമനം ലഭിച്ചു. അതിനു ശേഷം ഞാൻ തായ്വാനിലെയും ഐക്യനാടുകളിലെയും കാനഡയിലെയും തഗലോഗ് സഭകൾ സന്ദർശിച്ചു. ഇനി 2019-ൽ ഇന്ത്യയിലും തായ്ലൻഡിലും ഇംഗ്ലീഷിലുള്ള രാജ്യസുവിശേഷകർക്കുള്ള സ്കൂൾ സംഘടിപ്പിക്കാൻ ഞാൻ പോയി. ഈ നിയമനങ്ങളെല്ലാം എനിക്ക് ഒരുപാടു സന്തോഷം തന്നു. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്നതു ഞാൻ യഹോവയുടെ സേവനത്തിൽ തിരക്കോടിരിക്കുമ്പോഴാണ്.
സഹായം ഒട്ടും അകലെയായിരുന്നില്ല
ഓരോ നിയമനത്തിലും ഞാൻ സഹോദരങ്ങളോട് ഒരുപാട് അടുത്തു. അതുകൊണ്ട് അവരെ വിട്ടുപിരിയുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. അത്തരം സാഹചര്യങ്ങളിൽ യഹോവയിൽ പൂർണമായി ആശ്രയിക്കാൻ ഞാൻ പഠിച്ചു. എപ്പോഴും യഹോവയുടെ പിന്തുണ ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഏതു മാറ്റവും മുഴുഹൃദയത്തോടെ സ്വീകരിക്കാൻ അതാണ് എന്നെ സഹായിക്കുന്നത്. ഇപ്പോൾ ഞാൻ ഫിലിപ്പീൻസിൽ പ്രത്യേക മുൻനിരസേവനം ചെയ്യുകയാണ്. ഈ സഭ എന്നെ പിന്തുണയ്ക്കുന്ന, എനിക്കുവേണ്ടി കരുതുന്ന ഒരു കുടുംബംപോലെയാണ്. ഇനി സാമുവെലും ഷെർലിയും അമ്മയുടെ വിശ്വാസം അനുകരിക്കുന്നതു കാണുമ്പോൾ എനിക്ക് ഒത്തിരി അഭിമാനം തോന്നുന്നുണ്ട്.—3 യോഹ. 4.
ജീവിതത്തിൽ പല ബുദ്ധിമുട്ടുകളിലൂടെയും എനിക്കു കടന്നുപോകേണ്ടിവന്നിട്ടുണ്ട്. എന്റെ ഭാര്യ ഗുരുതരമായൊരു രോഗത്തിന്റെ വേദന അനുഭവിക്കുന്നതും അവസാനം മരിക്കുന്നതും എനിക്കു കാണേണ്ടിവന്നു. അതുപോലെ പുതിയ പല സാഹചര്യങ്ങളുമായും എനിക്കു പൊരുത്തപ്പെടേണ്ടിവന്നു. എങ്കിലും യഹോവ “നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല” എന്ന് എനിക്കു മനസ്സിലായി. (പ്രവൃ. 17:27) എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലാണെങ്കിൽപ്പോലും തന്റെ ദാസരെ പിന്തുണയ്ക്കാനും ശക്തീകരിക്കാനും “യഹോവയുടെ കൈ ചെറുതല്ല.” (യശ. 59:1) എന്റെ പാറയായ യഹോവ ജീവിതത്തിൽ ഉടനീളം എന്റെ ഒപ്പമുണ്ടായിരുന്നു. അതിന് യഹോവയോട് എനിക്ക് ഒരുപാടു നന്ദിയുണ്ട്. ഞാൻ ഒരിക്കലും ഒറ്റയ്ക്കായിരുന്നിട്ടില്ല.
a 1972 സെപ്റ്റംബർ 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) പേ. 521-527 കാണുക.