പഠനലേഖനം 7
ഗീതം 15 യഹോവയുടെ ആദ്യജാതനെ വാഴ്ത്താം!
യഹോവ ക്ഷമിക്കുന്നവനാണ്—നമുക്കുള്ള പ്രയോജനങ്ങൾ
“അങ്ങ് യഥാർഥക്ഷമ കാണിക്കുന്നവനാണ്.”—സങ്കീ. 130:4.
ഉദ്ദേശ്യം
യഹോവയുടെ യഥാർഥക്ഷമയെ ചിത്രീകരിക്കുന്ന മനോഹരമായ പല ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്. അവയെക്കുറിച്ച് പഠിക്കുമ്പോൾ, നമ്മൾ ഓരോരുത്തരോടും യഹോവ കാണിക്കുന്ന ക്ഷമയോടുള്ള നമ്മുടെ വിലമതിപ്പു കൂടുതൽ ആഴമുള്ളതാകും.
1. മനുഷ്യർ ‘ക്ഷമിച്ചു’ എന്നു പറയുമ്പോൾ അതിന്റെ അർഥം മനസ്സിലാക്കാൻ പലപ്പോഴും ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
“ഞാൻ നിങ്ങളോടു ക്ഷമിച്ചിരിക്കുന്നു” എന്ന് ഒരു സുഹൃത്ത് പറയുമ്പോൾ നിങ്ങൾക്ക് ഒരുപാട് ആശ്വാസം തോന്നുമല്ലേ? പ്രത്യേകിച്ച്, നിങ്ങൾ ആ വ്യക്തിയെ വേദനിപ്പിക്കുന്ന എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. എന്നാൽ, “ഞാൻ നിങ്ങളോടു ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ ശരിക്കും ആ വ്യക്തി എന്താണ് ഉദ്ദേശിച്ചത്? ‘ഞാൻ എല്ലാം മറന്നു, നമുക്ക് ഇനി പഴയതുപോലെ സുഹൃത്തുക്കളാകാം’ എന്നാണോ? അതോ അതെക്കുറിച്ച് ഇനി ഒന്നും സംസാരിക്കാൻ താത്പര്യമില്ല എന്നു മാത്രമാണോ? മനുഷ്യർ ‘ക്ഷമിച്ചു’ എന്നു പറയുമ്പോൾ അവർ എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലാക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്.
2. തിരുവെഴുത്തുകൾ യഹോവയുടെ ക്ഷമയെ എങ്ങനെയാണു വർണിക്കുന്നത്? (അടിക്കുറിപ്പും കാണുക.)
2 മനുഷ്യർ പരസ്പരം ക്ഷമിക്കുന്നതിൽനിന്നും വളരെ വ്യത്യസ്തമായാണ് അപൂർണരായ നമ്മളോട് യഹോവ ക്ഷമിക്കുന്നത്. യഹോവ ക്ഷമിക്കുന്നതുപോലെ ക്ഷമിക്കാൻ മറ്റാർക്കും കഴിയില്ല. യഹോവയെക്കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “അങ്ങ് യഥാർഥക്ഷമ കാണിക്കുന്നവനാണ്. അതുകൊണ്ട് ആർക്കും അങ്ങയോടു ഭയാദരവ് തോന്നും.” a (സങ്കീ. 130:4) അതെ, യഹോവ കാണിക്കുന്നതാണ് “യഥാർഥക്ഷമ!” ക്ഷമിക്കുക എന്നാൽ ശരിക്കും എന്താണ് അർഥമെന്ന് യഹോവയിൽനിന്നാണ് നമ്മൾ മനസ്സിലാക്കുന്നത്. എബ്രായതിരുവെഴുത്തുകളിലെ ചില വാക്യങ്ങളിൽ യഹോവ ക്ഷമിക്കുന്നതിനെക്കുറിച്ച് പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം, മനുഷ്യരുടെ ക്ഷമയെക്കുറിച്ച് പറയാനായി ഒരിക്കലും ഉപയോഗിച്ചിട്ടില്ല.
3. യഹോവയുടെ ക്ഷമ നമ്മുടേതിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ? (യശയ്യ 55:6, 7)
3 യഹോവ ഒരു വ്യക്തിയോടു ക്ഷമിക്കുമ്പോൾ ആ വ്യക്തിയുടെ പാപങ്ങൾ മായ്ച്ചുകളയുന്നു. അതുപോലെ യഹോവയുമായി നമുക്കുണ്ടായിരുന്ന അടുത്തബന്ധം തിരികെ ലഭിക്കുകയും ചെയ്യുന്നു. യഹോവ നമ്മുടെ തെറ്റുകൾ പൂർണമായും ക്ഷമിക്കും. വീണ്ടുംവീണ്ടും അങ്ങനെ ചെയ്യാൻ യഹോവ തയ്യാറാണ്. നമ്മൾ അതിന് എത്ര നന്ദിയുള്ളവരാണല്ലേ!—യശയ്യ 55:6, 7 വായിക്കുക.
4. യഥാർഥക്ഷമയുടെ അർഥം മനസ്സിലാക്കാൻ യഹോവ എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്?
4 യഹോവയുടെ ക്ഷമ നമ്മുടേതിൽനിന്ന് വ്യത്യസ്തമാണെങ്കിൽപ്പിന്നെ യഹോവ കാണിക്കുന്ന യഥാർഥക്ഷമയുടെ അർഥം അപൂർണരായ നമുക്ക് എങ്ങനെ മനസ്സിലാകും? താൻ എങ്ങനെ, ഏത് അളവോളം മനുഷ്യരുടെ തെറ്റുകൾ ക്ഷമിക്കും എന്നു മനസ്സിലാക്കിത്തരുന്നതിനുവേണ്ടി പല ദൃഷ്ടാന്തങ്ങളും യഹോവ ഉപയോഗിച്ചിട്ടുണ്ട്. ഈ ലേഖനത്തിൽ അവയിൽ ചിലതു നമ്മൾ നോക്കും. അതിലൂടെ, യഹോവ എങ്ങനെയാണു നമ്മുടെ പാപങ്ങൾ എടുത്തുമാറ്റുന്നതെന്നും വീണ്ടും താനുമായി ഒരു അടുത്തബന്ധത്തിലേക്കു വരാൻ സഹായിക്കുന്നതെന്നും പഠിക്കാനാകും. അതുപോലെ കരുണാമയനായ ആ പിതാവിനോടുള്ള നമ്മുടെ സ്നേഹവും വിലമതിപ്പും ആഴമുള്ളതായിത്തീരുകയും ചെയ്യും.
യഹോവ പാപങ്ങൾ എടുത്തുമാറ്റുന്നു
5. യഹോവ നമ്മുടെ തെറ്റുകൾ ക്ഷമിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്?
5 ബൈബിളിൽ പലയിടത്തും പാപങ്ങൾ വലിയ ഭാരംപോലെയാണെന്നു പറഞ്ഞിട്ടുണ്ട്. ദാവീദ് രാജാവ് സ്വന്തം തെറ്റുകളെക്കുറിച്ച് ഇങ്ങനെയാണു പറഞ്ഞത്: “എന്റെ തെറ്റുകൾ എന്റെ തലയ്ക്കു മീതെ കുമിഞ്ഞുകൂടിയിരിക്കുന്നു; അത് എനിക്കു താങ്ങാനാകാത്ത കനത്ത ഭാരമാണ്.” (സങ്കീ. 38:4) എന്നാൽ പശ്ചാത്തപിക്കുമ്പോൾ യഹോവ തെറ്റുകൾ ക്ഷമിക്കുന്നു. (സങ്കീ. 25:18; 32:5) ഈ വാക്യങ്ങളിൽ “ക്ഷമിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിന്റെ അടിസ്ഥാനപരമായ അർഥം “എടുത്തുപൊക്കുക,” “ചുമക്കുക” എന്നൊക്കെയാണ്. ശക്തനായ യഹോവ നമ്മുടെ തോളിൽനിന്ന് പാപത്തിന്റെ വലിയ ഭാരം എടുത്തുമാറ്റി ദൂരേക്കു കൊണ്ടുപോകുന്ന ഒരു ചിത്രമാണ് അതിലൂടെ കിട്ടുന്നത്.
6. യഹോവ നമ്മുടെ പാപങ്ങളെ എത്ര ദൂരേക്ക് കൊണ്ടുപോകുന്നു?
6 യഹോവ നമ്മുടെ പാപങ്ങൾ എത്ര ദൂരേക്കാണ് ചുമന്നുകൊണ്ടുപോകുന്നത്? അതു മനസ്സിലാക്കാൻ സഹായിക്കുന്ന മനോഹരമായ ഒരു ദൃഷ്ടാന്തം സങ്കീർത്തനം 103:12-ൽ കാണാം: “സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.” കിഴക്കുനിന്ന് ഏറ്റവും അകലെയാണു പടിഞ്ഞാറ്. അവ രണ്ടും ഒരിക്കലും കൂട്ടിമുട്ടില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ യഹോവ നമ്മുടെ പാപങ്ങളെ നമുക്കു ചിന്തിക്കാൻപോലും കഴിയാത്തത്ര ദൂരത്തേക്കു കൊണ്ടുപോകുന്നു. യഹോവ നമ്മളോടു പൂർണമായി ക്ഷമിക്കുന്നു എന്നതിന്റെ എത്ര വലിയ ഉറപ്പാണ് അത്!
7. നമ്മുടെ പാപങ്ങൾ യഹോവ എന്തു ചെയ്യുന്നതായാണ് ബൈബിൾ വർണിച്ചിരിക്കുന്നത്? (മീഖ 7:18, 19)
7 യഹോവ നമ്മുടെ പാപങ്ങളെടുത്ത് ദൂരേക്കു കൊണ്ടുപോകുന്നു എന്നു നമ്മൾ കണ്ടു. എന്നാൽ യഹോവ ആ പാപങ്ങൾ കൈയിൽത്തന്നെ വെച്ചുകൊണ്ടിരിക്കുകയാണോ? അല്ല. ഹിസ്കിയ രാജാവ് യഹോവയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു.” അല്ലെങ്കിൽ അടിക്കുറിപ്പ് പറയുന്നതുപോലെ “മുന്നിൽനിന്ന് നീക്കിക്കളഞ്ഞു.” (യശ. 38:9, 17; അടിക്കുറിപ്പ്.) ഈ വാങ്മയചിത്രത്തിലൂടെ നമുക്കു മനസ്സിലാകുന്നത്, പശ്ചാത്തപിക്കുന്ന ഒരു വ്യക്തിയുടെ പാപങ്ങൾ യഹോവ എടുക്കുകയും കാണാൻ പറ്റാത്ത ഒരിടത്തേക്ക് എറിഞ്ഞുകളയുകയും ചെയ്യും എന്നാണ്. ഹിസ്കിയയുടെ വാക്കുകളെ വേണമെങ്കിൽ ഇങ്ങനെയും പറയാം: ‘അങ്ങ് എന്റെ പാപങ്ങളെ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതുപോലെ ആക്കിയിരിക്കുന്നു.’ ഈ ആശയം വ്യക്തമാക്കുന്ന മറ്റൊരു ദൃഷ്ടാന്തം മീഖ 7:18, 19-ൽ (വായിക്കുക.) കാണാം. യഹോവ നമ്മുടെ പാപങ്ങളെല്ലാം കടലിന്റെ ആഴങ്ങളിലേക്ക് എറിഞ്ഞുകളയുന്നതായി അവിടെ പറഞ്ഞിരിക്കുന്നു. പണ്ടൊക്കെ ഒരു സാധനം കടലിന്റെ അടിത്തട്ടിലേക്കു പോയാൽ അത് തിരിച്ചെടുക്കാൻ ഒരിക്കലും പറ്റില്ലായിരുന്നു.
8. ഇതുവരെ നമ്മൾ എന്താണ് മനസ്സിലാക്കിയത്?
8 ബൈബിളിലെ ഈ ദൃഷ്ടാന്തങ്ങളിൽനിന്നെല്ലാം മനസ്സിലാക്കിയത്, യഹോവ ക്ഷമിക്കുമ്പോൾ നമ്മുടെമേലുള്ള പാപഭാരം പൂർണമായി നീക്കിക്കളയുന്നു എന്നാണ്. അതെക്കുറിച്ച് ദാവീദ് പറഞ്ഞു: “ധിക്കാരം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവർ സന്തുഷ്ടർ. യഹോവ പാപം കണക്കിലെടുക്കാത്ത മനുഷ്യൻ സന്തുഷ്ടൻ.” (റോമ. 4:6-8) യഹോവ കാണിക്കുന്ന ആ ക്ഷമയാണ് യഥാർഥക്ഷമ!
യഹോവ പാപങ്ങൾ മായ്ച്ചുകളയുന്നു
9. യഹോവ മുഴുവനായും നമ്മളോടു ക്ഷമിക്കുമെന്നു മനസ്സിലാക്കാൻ ബൈബിൾ എങ്ങനെയാണു സഹായിക്കുന്നത്?
9 പശ്ചാത്തപിക്കുന്നവരുടെ പാപങ്ങൾ മോചനവിലയുടെ അടിസ്ഥാനത്തിൽ യഹോവ മായ്ച്ചുകളയുന്നു. അതു മനസ്സിലാക്കാൻ സഹായിക്കുന്ന ദൃഷ്ടാന്തങ്ങളും ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ നമ്മുടെ പാപങ്ങൾ കഴുകിക്കളയുന്നതായി പറഞ്ഞിരിക്കുന്നു. അങ്ങനെ പാപി ശുദ്ധിയുള്ളവനാകുന്നു. (സങ്കീ. 51:7; യശ. 4:4; യിരെ. 33:8) ഇങ്ങനെ ചെയ്യുന്നതിലൂടെ എന്താണു സംഭവിക്കുന്നതെന്ന് യഹോവതന്നെ പറയുന്നുണ്ട്: “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലും അവ മഞ്ഞുപോലെ വെളുക്കും; രക്തവർണത്തിലുള്ള വസ്ത്രംപോലെയാണെങ്കിലും വെളുത്ത കമ്പിളിപോലെയാകും.” (യശ. 1:18) കടുഞ്ചുവപ്പു നിറമുള്ള കറ ഒരു വസ്ത്രത്തിൽനിന്ന് കളയാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ നമ്മുടെ പാപത്തിന്റെ കറകൾ, പിന്നെ ഒരിക്കലും കാണാൻ പറ്റാത്ത വിധത്തിൽ മുഴുവനായി കഴുകിക്കളയാൻ പറ്റുമെന്ന് ഈ ദൃഷ്ടാന്തത്തിലൂടെ യഹോവ ഉറപ്പുതരുന്നു.
10. യഹോവ എത്ര വലിയ അളവിലാണു നമ്മളോടു ക്ഷമിക്കുന്നതെന്നു മനസ്സിലാക്കാൻ ഏതു ബൈബിൾദൃഷ്ടാന്തം സഹായിക്കും?
10 കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ പാപങ്ങൾ “കടങ്ങൾ” പോലെയാണെന്നും പറയാം. (മത്താ. 6:12; ലൂക്കോ. 11:4) ഓരോ തവണ നമ്മൾ യഹോവയോടു പാപം ചെയ്യുമ്പോഴും ആ കടം കൂടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോൾ വലിയൊരു തുക നമ്മൾ യഹോവയ്ക്കു തിരികെ കൊടുക്കാനുണ്ട്. പക്ഷേ യഹോവ നമ്മളോടു ക്ഷമിച്ചുകൊണ്ട്, കൊടുത്ത് തീർക്കാനുള്ള ആ കടങ്ങളെല്ലാം എഴുതിത്തള്ളുന്നു. ആ പാപങ്ങളുടെ കടം തിരിച്ചടയ്ക്കാൻ യഹോവ പിന്നെ നമ്മളോട് ആവശ്യപ്പെടുന്നില്ല. യഹോവ ക്ഷമിക്കുമ്പോൾ നമുക്ക് എത്ര വലിയ ആശ്വാസമാണു കിട്ടുന്നതെന്ന് ഈ ദൃഷ്ടാന്തം കാണിച്ചുതരുന്നു!
11. പാപങ്ങൾ ‘മായ്ച്ചുകളയുന്നു’ എന്നു പറയുമ്പോൾ ബൈബിൾ എന്താണ് അർഥമാക്കുന്നത്? (പ്രവൃത്തികൾ 3:19)
11 യഹോവ നമ്മുടെ കടങ്ങൾ അല്ലെങ്കിൽ പാപങ്ങൾ വെറുതേ എഴുതിത്തള്ളുക മാത്രമല്ല അതു മായ്ച്ചുകളയുകയും ചെയ്യുന്നു. (പ്രവൃത്തികൾ 3:19 വായിക്കുക.) കടങ്ങൾ എഴുതിത്തള്ളുക എന്നു പറയുമ്പോൾ, നമ്മൾ കൊടുക്കേണ്ട തുകയുടെ മുകളിൽ വലിയൊരു വെട്ട് (X) ഇടുന്നതുപോലെയായിരിക്കും തോന്നുന്നത്. പക്ഷേ ആ വെട്ടിന് അടിയിലുള്ള സംഖ്യ എത്രയാണെന്ന് അപ്പോഴും കാണാൻ പറ്റും. എന്നാൽ മായ്ച്ചുകളയുന്നത് അങ്ങനെയല്ല. അതു മനസ്സിലാക്കാൻ പണ്ടുകാലങ്ങളിൽ എഴുതാൻ ഉപയോഗിച്ചിരുന്ന മഷിയെക്കുറിച്ച് ചിന്തിക്കുക. കാർബണും പശയും വെള്ളവും ഒക്കെ ചേർത്തുണ്ടാക്കിയ ആ മഷി, നനഞ്ഞ സ്പോഞ്ചുകൊണ്ട് മായ്ച്ചുകളയാൻ എളുപ്പമായിരുന്നു. അതുകൊണ്ട് കടം ‘മായ്ച്ചുകളഞ്ഞു’ എന്നു പറയുമ്പോൾ, അതു പൂർണമായും ഇല്ലാതായി എന്നാണ് അർഥം. മുമ്പ് അവിടെ എന്താണ് എഴുതിയിരുന്നതെന്നു പിന്നെ ആർക്കും കാണാൻ കഴിയില്ല. അങ്ങനെയൊരു കടം ഉണ്ടായിട്ടേ ഇല്ലാത്തതുപോലെയാണ് അത്. യഹോവ നമ്മുടെ പാപങ്ങൾ എഴുതിത്തള്ളുക മാത്രമല്ല അതു പൂർണമായി മായ്ച്ചുകളയുകയും ചെയ്യുന്നെന്നു മനസ്സിലാക്കുമ്പോൾ നമുക്ക് ഒരുപാട് ആശ്വാസം തോന്നുന്നു!—സങ്കീ. 51:9.
12. കാർമേഘത്തെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽനിന്ന് നമ്മൾ എന്താണ് പഠിക്കുന്നത്?
12 എത്ര പൂർണമായാണ് താൻ തെറ്റുകൾ ക്ഷമിക്കുന്നതെന്നു വ്യക്തമാക്കുന്ന മറ്റൊരു ദൃഷ്ടാന്തവും യഹോവ ഉപയോഗിക്കുന്നു. ദൈവം പറയുന്നു: “ഒരു മേഘംകൊണ്ട് എന്നപോലെ ഞാൻ നിന്റെ ലംഘനങ്ങൾ മറയ്ക്കും, നിന്റെ പാപങ്ങൾ കാർമേഘംകൊണ്ട് മൂടും.” (യശ. 44:22) യഹോവ ക്ഷമിക്കുമ്പോൾ ഒരു കാർമേഘംകൊണ്ട് നമ്മുടെ തെറ്റുകൾ മറയ്ക്കുന്നതുപോലെയാണ്; പിന്നെ അത് ആരും കാണില്ല.
13. യഹോവ നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്?
13 ഈ ദൃഷ്ടാന്തങ്ങളിൽനിന്നെല്ലാം നമ്മൾ എന്താണു പഠിക്കുന്നത്? യഹോവ നമ്മുടെ തെറ്റുകൾ ക്ഷമിച്ചാൽ ആ തെറ്റിന്റെ കറകൾ പിന്നെ നമ്മുടെ ജീവിതത്തിൽ ഇല്ല. അതുകൊണ്ടുതന്നെ, വീണ്ടും അതെക്കുറിച്ച് ഓർത്ത് കുറ്റബോധം തോന്നേണ്ടതുമില്ല. യേശുവിന്റെ രക്തത്തിലൂടെ നമ്മുടെ കടങ്ങൾ യഹോവ പൂർണമായും എഴുതിത്തള്ളും. ആ കടങ്ങൾ എത്രയായിരുന്നു എന്നുപോലും പിന്നെ ആർക്കും കാണാൻ കഴിയില്ല. നമ്മൾ പശ്ചാത്തപിക്കുമ്പോൾ യഹോവ നമ്മളോടു കാണിക്കുന്ന യഥാർഥക്ഷമ ഇതാണ്.
യഹോവ നമ്മളെ വീണ്ടും സുഹൃത്തുക്കളായി അംഗീകരിക്കുന്നു
14. ക്ഷമിക്കുന്നെന്ന് യഹോവ പറയുമ്പോൾ നമുക്ക് അതു വിശ്വസിക്കാനാകുന്നത് എന്തുകൊണ്ട്? (ചിത്രങ്ങളും കാണുക.)
14 യഹോവ യഥാർഥക്ഷമ കാണിക്കുന്നതുകൊണ്ട് നമുക്കു വീണ്ടും യഹോവയുമായി ഒരു നല്ല ബന്ധത്തിലേക്കു വരാൻ കഴിയുന്നു. ചെയ്ത തെറ്റിനെക്കുറിച്ചുള്ള കുറ്റബോധത്തിൽനിന്ന് പുറത്തുകടക്കാൻ അതു നമ്മളെ സഹായിക്കും. യഹോവയ്ക്ക് ഇപ്പോഴും നമ്മളോടു ദേഷ്യമുണ്ടെന്നും നമ്മളെ ശിക്ഷിക്കാൻ നോക്കിയിരിക്കുകയാണെന്നും ഒരിക്കലും ചിന്തിക്കേണ്ടതില്ല. യഹോവ ഒരിക്കലും അങ്ങനെ ചെയ്യില്ല. യഹോവ ക്ഷമിച്ചെന്നു പറയുമ്പോൾ നമുക്ക് അതു പൂർണമായും വിശ്വസിക്കാനാകുന്നത് എന്തുകൊണ്ടാണ്? കാരണം യഹോവ യിരെമ്യയിലൂടെ ഇങ്ങനെ പറഞ്ഞു: “ഞാൻ അവരുടെ തെറ്റു ക്ഷമിക്കും; അവരുടെ പാപം പിന്നെ ഓർക്കുകയുമില്ല.” (യിരെ. 31:34) ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് യഹോവയെക്കുറിച്ച് ഇതേ ആശയം പൗലോസും എഴുതി. (എബ്രാ. 8:12) ശരിക്കും എന്താണ് ആ വാക്കുകളുടെ അർഥം?
15. യഹോവ നമ്മുടെ പാപങ്ങൾ ഓർക്കുകയില്ല എന്നു പറയുന്നതിന്റെ അർഥമെന്താണ്?
15 ബൈബിളിൽ “ഓർക്കുക” എന്നു പറയുമ്പോൾ എപ്പോഴും, മുമ്പു നടന്ന എന്തെങ്കിലും സംഭവത്തെക്കുറിച്ച് വീണ്ടും ചിന്തിക്കുക എന്നു മാത്രമല്ല അർഥം. പകരം ആ പദത്തിനു പ്രവർത്തിക്കുന്നതിനെ സൂചിപ്പിക്കാനുമാകും. യേശുവിന്റെ അടുത്ത് സ്തംഭത്തിൽ കിടന്ന കുറ്റവാളി ഇങ്ങനെ പറഞ്ഞു: “യേശുവേ, അങ്ങ് അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ.” (ലൂക്കോ. 23:42, 43) രാജാവാകുമ്പോൾ തന്നെക്കുറിച്ച് വെറുതെ ചിന്തിക്കണമെന്നു മാത്രമല്ല ആ കുറ്റവാളി ഉദ്ദേശിച്ചത്. പകരം തനിക്കുവേണ്ടി പ്രവർത്തിക്കണമെന്നാണ്. യേശുവിന്റെ മറുപടിയും അതുതന്നെയാണു കാണിക്കുന്നത്. കാരണം, ഭാവിയിൽ അദ്ദേഹത്തെ ഉയിർപ്പിക്കാനുള്ള നടപടികൾ താൻ സ്വീകരിക്കുമെന്നു യേശു സൂചിപ്പിച്ചു. അതുകൊണ്ട് യഹോവ നമ്മുടെ പാപങ്ങൾ ഓർക്കുകയില്ല എന്നു പറയുമ്പോൾ അതിന്റെ അർഥം യഹോവ നമുക്ക് എതിരെ പ്രവർത്തിക്കില്ല എന്നാണ്. താൻ ക്ഷമിച്ചുകളഞ്ഞ പാപങ്ങളുടെ പേരിൽ യഹോവ ഭാവിയിൽ നമ്മളെ ശിക്ഷിക്കില്ല.
16. യഥാർഥക്ഷമയിലൂടെ നമുക്കു കിട്ടുന്ന സ്വാതന്ത്ര്യത്തെ ബൈബിൾ എങ്ങനെയാണു വർണിക്കുന്നത്?
16 ബൈബിൾ മറ്റൊരു ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട് യഹോവയുടെ യഥാർഥക്ഷമയിലൂടെ നമുക്കു കിട്ടുന്ന സ്വാതന്ത്ര്യം വർണിക്കുന്നു. നമ്മൾ പാപത്തിലേക്കു ചായ്വുള്ളവരും അപൂർണരും ആയതുകൊണ്ട് നമ്മളെ ‘പാപത്തിന്റെ അടിമകൾ’ എന്നു വിളിച്ചിരിക്കുന്നു. എന്നാൽ യഹോവ ക്ഷമിക്കുമ്പോൾ നമുക്ക് ആ “പാപത്തിൽനിന്ന് സ്വാതന്ത്ര്യം” ലഭിക്കുകയാണ്. (റോമ. 6:17, 18; വെളി. 1:5) യഹോവ നമ്മളോടു ക്ഷമിച്ചു എന്ന് അറിയുമ്പോൾ, സ്വാതന്ത്ര്യം കിട്ടിയ ഒരു അടിമയുടേതുപോലുള്ള സന്തോഷം നമുക്കു തോന്നും.
17. യഹോവയുടെ ക്ഷമ സുഖപ്പെടുത്തുന്നത് എങ്ങനെ? (യശയ്യ 53:5)
17 യശയ്യ 53:5 വായിക്കുക. നമ്മൾ ചർച്ച ചെയ്യുന്ന അവസാനദൃഷ്ടാന്തത്തിൽ മാരകരോഗമുള്ള ഒരാളുമായാണു നമ്മളെ താരതമ്യം ചെയ്തിരിക്കുന്നത്. യേശുവിലൂടെ യഹോവ നൽകിയ മോചനവിലയുടെ അടിസ്ഥാനത്തിൽ നമ്മൾ സുഖം പ്രാപിച്ചു എന്നു പറയാം. (1 പത്രോ. 2:24) ആത്മീയമായി രോഗാവസ്ഥയിലായപ്പോൾ നമുക്ക് യഹോവയുമായുള്ള ബന്ധം നഷ്ടമായി. എന്നാൽ മോചനവിലയിലൂടെ യഹോവയുമായി ഉണ്ടായിരുന്ന ആ നല്ല ബന്ധം തിരിച്ചുകിട്ടുന്നു. ഗുരുതരമായ രോഗമുള്ള ഒരാൾക്ക് അതു സുഖപ്പെടുമ്പോൾ വലിയ സന്തോഷം തോന്നും. അതുപോലെതന്നെ, യഹോവയുടെ ക്ഷമയിലൂടെ ആത്മീയമായി സുഖപ്പെടുകയും വീണ്ടും യഹോവയുടെ അംഗീകാരം കിട്ടുകയും ചെയ്യുമ്പോൾ നമുക്കും ഒരുപാടു സന്തോഷം തോന്നും.
യഹോവയുടെ ക്ഷമ നമ്മളെ സ്വാധീനിക്കുന്ന വിധം
18. യഹോവ ക്ഷമിക്കുന്നതിനെക്കുറിച്ച് ബൈബിളിലെ പല ദൃഷ്ടാന്തങ്ങളിൽനിന്ന് നമ്മൾ എന്താണു പഠിച്ചത്? (“യഹോവ ക്ഷമിക്കുന്നത് എങ്ങനെ?” എന്ന ചതുരവും കാണുക.)
18 ഈ ബൈബിൾ ദൃഷ്ടാന്തങ്ങളിൽനിന്നെല്ലാം യഹോവ ക്ഷമിച്ചതിനെക്കുറിച്ച് നമ്മൾ എന്താണു പഠിച്ചത്? യഹോവ ക്ഷമിക്കുമ്പോൾ പൂർണമായി, എന്നേക്കുമായി ക്ഷമിക്കുന്നു. അതിലൂടെ നമ്മുടെ സ്വർഗീയപിതാവുമായി വീണ്ടും നല്ല ബന്ധത്തിലേക്കു വരാൻ നമുക്കു കഴിയുന്നു. അതോടൊപ്പം നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്, യഥാർഥക്ഷമ ഒരിക്കലും നമ്മുടെ അവകാശം അല്ല; മറിച്ച് അതൊരു സമ്മാനമാണ്. പാപികളായ മനുഷ്യരോടു യഹോവ കാണിക്കുന്ന സ്നേഹത്തിന്റെയും അനർഹദയയുടെയും തെളിവ്!—റോമ. 3:24.
19. (എ) നമ്മൾ ഏതു കാര്യത്തിനു നന്ദിയുള്ളവരായിരിക്കണം? (റോമർ 4:8) (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
19 റോമർ 4:8 വായിക്കുക. “യഥാർഥക്ഷമ” കാണിക്കുന്ന യഹോവയോടു നമ്മൾ എത്ര നന്ദിയുള്ളവരായിരിക്കണം, അല്ലേ! (സങ്കീ. 130:4) എന്നാൽ യഹോവ നമ്മളോടു ക്ഷമിക്കണമെങ്കിൽ നമ്മളും ഒരു കാര്യം ചെയ്യേണ്ടതുണ്ട്. യേശു പറഞ്ഞു: “നിങ്ങൾ അവരുടെ തെറ്റുകൾ ക്ഷമിക്കാതിരുന്നാൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കില്ല.” (മത്താ. 6:14, 15) അതുകൊണ്ട് ക്ഷമിക്കുന്ന കാര്യത്തിൽ നമ്മൾ യഹോവയെ അനുകരിക്കേണ്ടതു പ്രധാനമാണ്. എന്നാൽ നമുക്ക് അത് എങ്ങനെ ചെയ്യാം? അടുത്ത ലേഖനത്തിൽ അതെക്കുറിച്ച് നോക്കും.
ഗീതം 46 യഹോവേ, ഞങ്ങൾ നന്ദിയേകുന്നു
a ഇവിടെ “ക്ഷമയെക്കുറിച്ച്” പറയുന്നതിന് എബ്രായയിൽ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗം കാണിക്കുന്നത്, യഥാർഥക്ഷമ ഇതു മാത്രമാണെന്നാണ്. യഹോവ കാണിക്കുന്ന ആ ക്ഷമ, മനുഷ്യർ പരസ്പരം ക്ഷമിക്കുന്നതിൽനിന്ന് വളരെ വ്യത്യസ്തമാണ്. ഈ പ്രധാനപ്പെട്ട വ്യത്യാസം പല ബൈബിൾ ഭാഷാന്തരങ്ങളും വിട്ടുകളഞ്ഞിരിക്കുന്നു. എന്നാൽ, വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം, സങ്കീർത്തനം 130:4-നെ കൃത്യമായി പരിഭാഷപ്പെടുത്തിക്കൊണ്ട് ആ വ്യത്യാസം മനസ്സിലാക്കാൻ സഹായിക്കുന്നു.