പഠനലേഖനം 8
ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക
യഹോവ ക്ഷമിക്കുന്നവനാണ്—നമുക്ക് അത് എങ്ങനെ അനുകരിക്കാം?
“യഹോവ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.”—കൊലോ. 3:13.
ഉദ്ദേശ്യം
നമ്മളെ ആരെങ്കിലും വിഷമിപ്പിക്കുമ്പോൾ അവരോടു ക്ഷമിക്കുന്നതിനു നമുക്ക് എടുക്കാനാകുന്ന ചില പടികൾ ഈ ലേഖനം ചർച്ച ചെയ്യും.
1-2. (എ) ക്ഷമിക്കുന്നത് എപ്പോൾ നമുക്ക് കൂടുതൽ ബുദ്ധിമുട്ടായേക്കാം? (ബി) ഡെനിസ് ക്ഷമ കാണിച്ചത് എങ്ങനെയാണ്?
മറ്റുള്ളവരോടു ക്ഷമിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട് തോന്നാറുണ്ടോ? നമുക്ക് എല്ലാം അങ്ങനെ തോന്നാറുണ്ട്; പ്രത്യേകിച്ചും നമ്മളെ വളരെയധികം വിഷമിപ്പിക്കുന്ന എന്തെങ്കിലും ഒരാൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. എന്നാൽ നമ്മുടെ ദേഷ്യവും വിഷമവും ഒക്കെ മറികടന്നുകൊണ്ട് നമുക്ക് ആ വ്യക്തിയോടു ക്ഷമിക്കാൻ കഴിയും. ഉദാഹരണത്തിന്, അസാധാരണമായ വിധത്തിൽ ക്ഷമ കാണിച്ച ഡെനിസ് a സഹോദരിയുടെ അനുഭവം നോക്കാം. 2017-ൽ ഡെനിസ് സഹോദരിയും കുടുംബവും യഹോവയുടെ സാക്ഷികളുടെ പുതിയ ലോകാസ്ഥാനം കാണാൻ വന്നതായിരുന്നു. തിരിച്ചുപോകുന്ന വഴിക്ക് ഒരു കാർ അവരുടെ വണ്ടിയിൽ വന്നിടിച്ചു. ആ അപകടത്തിൽ സഹോദരി അബോധാവസ്ഥയിലായി. പിന്നെ ബോധം വന്നപ്പോഴാണ് മനസ്സിലായത് ഭർത്താവ് ബ്രയാൻ ആ അപകടത്തിൽ മരിച്ചെന്നും മക്കൾക്കു കാര്യമായ പരിക്കു പറ്റിയെന്നും. ആ നിമിഷത്തെക്കുറിച്ച് സഹോദരി പറയുന്നു: “ഞാൻ ആകെ തകർന്നുപോയി. എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.” ആ ഡ്രൈവർ മദ്യപിച്ചിരുന്നതുകൊണ്ടോ അയാളുടെ ശ്രദ്ധ മാറിപ്പോയതുകൊണ്ടോ ഒന്നും അല്ല ആ അപകടം ഉണ്ടായതെന്നു സഹോദരി പിന്നീട് അറിഞ്ഞു. അതുകൊണ്ട് സഹോദരി മനസ്സമാധാനത്തിനായി യഹോവയോടു പ്രാർഥിച്ചു.
2 ആ ഡ്രൈവറിന്റെ പേരിൽ മനഃപൂർവമല്ലാത്ത കൊലപാതകത്തിനു പോലീസ് കേസെടുത്തു. കോടതി കുറ്റക്കാരനെന്നു വിധിച്ചാൽ അദ്ദേഹത്തിനു ജയിലിൽ പോകേണ്ടിവരും. എന്നാൽ അയാൾക്കു കിട്ടുന്ന ശിക്ഷ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും എന്ന് കോടതിയിൽനിന്ന് സഹോദരിയെ അറിയിച്ചു. ഡെനിസ് പറയുന്നു: “ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ സംഭവത്തെക്കുറിച്ച് വീണ്ടും വിവരിക്കുന്നത് എന്റെ ശരീരത്തിലെ തുന്നിക്കെട്ടിയ മുറിവുകൾ പൊട്ടിച്ച് അതിലേക്ക് ഒരു കുന്ന് ഉപ്പു വാരിയിടുന്നതുപോലെയായിരുന്നു.” ഏതാനും ആഴ്ചകൾ കഴിഞ്ഞ് സാക്ഷി പറയാനായി സഹോദരിയെ കോടതിയിലേക്കു വിളിപ്പിച്ചു. സഹോദരിയുടെ കുടുംബത്തിന് ഇത്രയേറെ വേദനയുണ്ടാക്കിയ ആ മനുഷ്യൻ അവിടെയുണ്ടായിരുന്നു. സഹോദരി കോടതിയോട് എന്താണു പറഞ്ഞത്? ആ വ്യക്തിയോടു കരുണ കാണിക്കാൻ ഡെനിസ് ജഡ്ജിയോട് അപേക്ഷിച്ചു. b സഹോദരിയുടെ വാക്കുകൾ കേട്ട് ജഡ്ജി കരയാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു: “ജഡ്ജിയായുള്ള 25 വർഷത്തെ എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഇത് ആദ്യമാണ്. ദുരന്തത്തിന് ഇരയായ ഒരു കുടുംബം എതിർകക്ഷിക്കുവേണ്ടി അപേക്ഷിക്കുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല. സ്നേഹത്തിന്റെയും ക്ഷമയുടെയും വാക്കുകൾ ഇവിടെ ഞാൻ കേൾക്കാറേയില്ല.”
3. ഡെനിസിനെ ക്ഷമിക്കാൻ പ്രേരിപ്പിച്ചത് എന്താണ്?
3 ക്ഷമിക്കാൻ ഡെനിസിനെ സഹായിച്ചത് എന്താണ്? യഹോവയുടെ വലിയ ക്ഷമയെക്കുറിച്ച് സഹോദരി ചിന്തിച്ചു. (മീഖ 7:18) യഹോവ നമ്മളോട് എത്രത്തോളം ക്ഷമിക്കുന്നുണ്ട് എന്നു ചിന്തിക്കുന്നത് മറ്റുള്ളവരോടു ക്ഷമിക്കാൻ നമ്മളെയും പ്രേരിപ്പിക്കും.
4. നമ്മൾ എന്തു ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നു? (എഫെസ്യർ 4:32)
4 യഹോവ നമ്മളോട് ഉദാരമായി ക്ഷമിക്കുന്നതുപോലെ നമ്മളും മറ്റുള്ളവരോടു ക്ഷമിക്കണം എന്നാണ് യഹോവയുടെ ആഗ്രഹം. (എഫെസ്യർ 4:32 വായിക്കുക.) വേദനിപ്പിക്കുന്നവരോടു ക്ഷമിക്കാൻ നമ്മൾ സന്നദ്ധരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (സങ്കീ. 86:5; ലൂക്കോ. 17:4) അതിനു നമ്മളെ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും.
വികാരങ്ങൾ അവഗണിക്കരുത്
5. സുഭാഷിതങ്ങൾ 12:18 പറയുന്നതുപോലെ മറ്റൊരാൾ നമ്മളെ വേദനിപ്പിക്കുമ്പോൾ നമുക്ക് എന്തായിരിക്കും തോന്നുന്നത്?
5 നമ്മളോട് ആരെങ്കിലും മോശമായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ നമുക്കു വേദന തോന്നും. അതു നമ്മുടെ അടുത്ത ഒരു സുഹൃത്തോ കുടുംബാംഗമോ ആണെങ്കിൽ കൂടുതൽ വേദന തോന്നും. (സങ്കീ. 55:12-14) നമ്മുടെ ഉള്ളിലേക്ക് ഒരു വാൾ കുത്തിയിറക്കിയ അവസ്ഥയായിരിക്കും അപ്പോൾ. (സുഭാഷിതങ്ങൾ 12:18 വായിക്കുക.) നമുക്കുണ്ടാകുന്ന വികാരങ്ങളും വിഷമങ്ങളും അവഗണിക്കാനോ ഉള്ളിലൊതുക്കാനോ നമ്മൾ ശ്രമിച്ചേക്കാം. എന്നാൽ അങ്ങനെ ചെയ്യുന്നത്, നമ്മുടെ ദേഹത്ത് കുത്തിയിറക്കിയ കത്തി വലിച്ചൂരാതെ അവിടെത്തന്നെ വെക്കുന്നതുപോലെയാണ്. നമ്മുടെ വിഷമങ്ങളൊക്കെ കണ്ടില്ലെന്നുവെച്ചാൽ മതി, അതു തനിയെ മാറിക്കൊള്ളും എന്നു ചിന്തിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.
6. ഒരാൾ മോശമായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിച്ചേക്കാം?
6 ഒരാൾ നമ്മളോടു മോശമായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ നമുക്ക് ആദ്യം തോന്നുന്നതു ദേഷ്യമായിരിക്കും. നമുക്ക് കോപം വന്നേക്കാം എന്നു ബൈബിൾ സമ്മതിക്കുന്നുണ്ട്. എന്നാൽ കോപം വെച്ചുകൊണ്ടിരിക്കരുതെന്നു അതു മുന്നറിയിപ്പു തരുന്നു. (സങ്കീ. 4:4; എഫെ. 4:26) എന്തുകൊണ്ടാണ്? കാരണം മിക്കപ്പോഴും നമ്മുടെ വികാരങ്ങളാണ് നമ്മളെ പ്രവർത്തനത്തിലേക്കു നയിക്കുന്നത്. ഉള്ളിൽ ദേഷ്യമാണ് ഉള്ളതെങ്കിൽ നമ്മൾ നല്ലതു ചെയ്യാനുള്ള സാധ്യത കുറവാണ്. (യാക്കോ. 1:20) ഓർക്കുക: ദേഷ്യം പെട്ടെന്നുണ്ടാകുന്ന ഒരു പ്രതികരണമാണ്. എന്നാൽ ദേഷ്യം വെച്ചുകൊണ്ടിരിക്കണോ എന്നത് ഒരാളുടെ തീരുമാനമാണ്.
ദേഷ്യം പെട്ടെന്നുണ്ടാകുന്ന ഒരു പ്രതികരണമാണ്. എന്നാൽ ദേഷ്യം വെച്ചുകൊണ്ടിരിക്കണോ എന്നത് ഒരാളുടെ തീരുമാനമാണ്
7. മറ്റുള്ളവർ നമ്മളെ വേദനിപ്പിക്കുമ്പോൾ നമുക്ക് വേറെ എന്തൊക്കെ വികാരങ്ങളും തോന്നിയേക്കാം?
7 ഒരാൾ നമ്മളോടു മോശമായി പെരുമാറുമ്പോൾ നമുക്കു മറ്റു വികാരങ്ങളും തോന്നിയേക്കാം. ഉദാഹരണത്തിന്, ആൻ സഹോദരി പറയുന്നു: “ഞാൻ കുട്ടിയായിരുന്നപ്പോൾ എന്റെ പപ്പ മമ്മിയെ ഒഴിവാക്കി, എന്നെ നോക്കിയിരുന്ന ആയയെ വിവാഹം കഴിച്ചു. എന്നെ ഉപേക്ഷിച്ചുകളഞ്ഞതായി എനിക്കപ്പോൾ തോന്നി. അവർക്കു കുട്ടികൾ ഉണ്ടായപ്പോൾ എനിക്ക് ഇനി ഒരു സ്ഥാനവുമില്ല എന്നു ഞാൻ ചിന്തിച്ചു. എന്നെ ആർക്കും വേണ്ടാ എന്ന ചിന്തയോടെയാണ് ഞാൻ വളർന്നുവന്നത്.” ഭർത്താവ് വ്യഭിചാരത്തിൽ ഏർപ്പെട്ടെന്ന് അറിഞ്ഞപ്പോൾ തനിക്കു തോന്നിയ വികാരത്തെക്കുറിച്ച് ജോർജറ്റ് സഹോദരി പറയുന്നു: “ചെറുപ്പംതൊട്ട് കൂട്ടുകാരായിരുന്നു ഞങ്ങൾ. ഞങ്ങൾ ഒരുമിച്ച് മുൻനിരസേവനവും ചെയ്തിട്ടുണ്ട്. ഇത് അറിഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നുപോയി.” മറ്റൊരു സഹോദരിയായ നൊവൊമി പറയുന്നു: “എന്റെ ഭർത്താവ് എന്നെ ഇങ്ങനെ വിഷമിപ്പിക്കുമെന്നു ഞാൻ വിചാരിച്ചില്ല. ഞാൻ അറിയാതെ അദ്ദേഹം അശ്ലീലം കാണുന്നുണ്ടായിരുന്നെന്നു പറഞ്ഞപ്പോൾ അദ്ദേഹം എന്നെ വഞ്ചിച്ചതായി എനിക്കു തോന്നി.”
8. (എ) മറ്റുള്ളവരോടു ക്ഷമിക്കേണ്ടതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്? (ബി) ക്ഷമിക്കുമ്പോൾ എന്തെല്ലാം പ്രയോജനങ്ങൾ കിട്ടും? (“ ഒരാൾ നമ്മളെ മാനസികമായി തകർത്തുകളയുമ്പോൾ” എന്ന ചതുരം കാണുക.)
8 മറ്റുള്ളവർ നമ്മളോടു പറയുന്നതും പ്രവർത്തിക്കുന്നതും നിയന്ത്രിക്കാൻ നമുക്കു പറ്റില്ല. എന്നാൽ നമ്മൾ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ നിയന്ത്രിക്കാൻ പലപ്പോഴും നമുക്കു പറ്റും. മിക്കപ്പോഴും ഏറ്റവും നല്ല പ്രതികരണം ക്ഷമിക്കുന്നതായിരിക്കും. എന്തുകൊണ്ടാണ്? കാരണം നമ്മൾ ക്ഷമിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. യഹോവയോടു സ്നേഹമുള്ളതുകൊണ്ട് നമ്മൾ അതു ചെയ്യും. ഇനി, ക്ഷമിക്കാതെ ദേഷ്യം വെച്ചുകൊണ്ടിരുന്നാൽ നമ്മൾ ചിന്തയില്ലാതെ പലതും ചെയ്തുപോയേക്കാം. അതുപോലെ അതു നമ്മുടെ ആരോഗ്യത്തിനും പ്രശ്നമുണ്ടാക്കും. (സുഭാ. 14:17, 29, 30) ക്രിസ്റ്റീൻ സഹോദരിയുടെ അനുഭവം നോക്കുക. സഹോദരി പറയുന്നു: “ദേഷ്യവും വിഷമവും ഒക്കെ വെച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അധികം ചിരിക്കാറില്ലായിരുന്നു. പോഷകപ്രദമായ ഭക്ഷണം കഴിക്കാൻ എനിക്കു തോന്നിയില്ല. ആവശ്യത്തിന് ഉറക്കവും കിട്ടിയില്ല. ഇനി, വികാരങ്ങൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുവന്നപ്പോൾ അത് എന്റെ വിവാഹജീവിതത്തിലും മറ്റുള്ളവരുമായുള്ള ബന്ധത്തിലും പ്രശ്നങ്ങളുണ്ടാക്കി.”
9. ദേഷ്യം വിട്ടുകളയേണ്ടത് എന്തുകൊണ്ടാണ്?
9 നമ്മളെ വിഷമിപ്പിച്ച ആൾ നമ്മളോടു ക്ഷമ ചോദിച്ചില്ലെങ്കിലും നമുക്ക് അദ്ദേഹത്തോടു ക്ഷമിക്കാനാകും. എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടത്? മുമ്പു കണ്ട ജോർജറ്റ് സഹോദരി പറയുന്നു: “എന്റെ മുൻഭർത്താവിനോടുള്ള ദേഷ്യവും വെറുപ്പും ഒക്കെ വിട്ടുകളയാൻ കുറച്ച് സമയമെടുത്തു. പക്ഷേ അങ്ങനെ ചെയ്തപ്പോൾ എനിക്ക് ഒരുപാടു സമാധാനം കിട്ടി.” നമ്മൾ ദേഷ്യം വിട്ടുകളഞ്ഞാൽ നമ്മുടെ ഉള്ളിൽ നീരസമോ വിദ്വേഷമോ ഒന്നും ഉണ്ടാകില്ല. അപ്പോൾ നമുക്കു മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറാനാകും. അതുപോലെ അതു നമുക്കുതന്നെയും പ്രയോജനം ചെയ്യും. ആ പ്രശ്നത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം മുന്നോട്ടുള്ള ജീവിതത്തിൽ ശ്രദ്ധിച്ചുകൊണ്ട് അത് ആസ്വദിക്കാൻ നമുക്കു കഴിയും. (സുഭാ. 11:17) എന്നാൽ നമ്മുടെ ഉള്ളിലെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കിക്കഴിഞ്ഞിട്ടും മറ്റേയാളോടു ക്ഷമിക്കാൻ നമുക്കു പറ്റുന്നില്ലെങ്കിലോ?
വികാരങ്ങളെ മറികടക്കുക
10. നമ്മുടെ മനസ്സിനേറ്റ മുറിവ് ഉണങ്ങാൻ സമയം അനുവദിക്കേണ്ടത് എന്തുകൊണ്ട്? (ചിത്രങ്ങളും കാണുക.)
10 ഒരാൾ നിങ്ങളെ വേദനിപ്പിച്ചതു നിങ്ങൾക്കു മറക്കാനേ പറ്റുന്നില്ലെങ്കിൽ എന്തു ചെയ്യാനാകും? ഒരു കാര്യം, കുറച്ച് സമയം അനുവദിക്കുക എന്നുള്ളതാണ്. വലിയ പരിക്കു പറ്റിയ ഒരാൾക്കു വൈദ്യസഹായം കൊടുത്തുകഴിഞ്ഞും അതു സുഖപ്പെടാൻ അൽപ്പം സമയമെടുക്കും. ഇതുപോലെതന്നെ നമ്മുടെ മനസ്സിനേറ്റ മുറിവ് ഉണങ്ങാനും സമയമെടുത്തേക്കാം. അങ്ങനെ സമയം അനുവദിച്ചാലേ ആ വ്യക്തിയോടു നമുക്കു ഹൃദയത്തിൽനിന്ന് ക്ഷമിക്കാൻ പറ്റുകയുള്ളൂ.—സഭാ. 3:3; 1 പത്രോ. 1:22.
11. പ്രാർഥന എങ്ങനെയാണു ക്ഷമിക്കാൻ സഹായിക്കുന്നത്?
11 ക്ഷമിക്കാൻ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കുക. c പ്രാർഥന തന്നെ സഹായിച്ചത് എങ്ങനെയാണെന്നു മുമ്പു കണ്ട ആൻ പറയുന്നു: “ഞങ്ങളുടെ കുടുംബത്തിൽ ഓരോരുത്തരും ചെയ്ത തെറ്റുകൾക്കു ഞാൻ യഹോവയോടു ക്ഷമ ചോദിച്ചു. എന്നിട്ട് ഞാൻ എന്റെ പപ്പയ്ക്കും അദ്ദേഹത്തിന്റെ പുതിയ ഭാര്യയ്ക്കും ഒരു കത്തെഴുതി. ഞാൻ അവരോടു ക്ഷമിച്ചെന്ന് അതിൽ പറഞ്ഞു.” അങ്ങനെ ചെയ്യുന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ആൻ സമ്മതിക്കുന്നു. എന്നാൽ അവൾ പറയുന്നു: “ഞാൻ യഹോവയുടെ ക്ഷമ അനുകരിച്ചതുകൊണ്ട് അവർ യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കാൻ മനസ്സുകാണിക്കും എന്നാണ് എന്റെ പ്രതീക്ഷ.”
12. നമ്മുടെതന്നെ വികാരങ്ങളെ അല്ല, യഹോവയെ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്? (സുഭാഷിതങ്ങൾ 3:5, 6)
12 നമ്മുടെതന്നെ ചിന്തകളെയും വികാരങ്ങളെയും അല്ല, യഹോവയെ വിശ്വസിക്കുക. (സുഭാഷിതങ്ങൾ 3:5, 6 വായിക്കുക.) നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് യഹോവയ്ക്ക് അറിയാം. (യശ. 55:8, 9) നമുക്കു ദോഷം ചെയ്യുന്ന ഒരു കാര്യം ചെയ്യാൻ യഹോവ ഒരിക്കലും പറയില്ല. അതുകൊണ്ട് ക്ഷമിക്കാൻ യഹോവ പറയുന്നുണ്ടെങ്കിൽ അതു നമുക്കു പ്രയോജനം ചെയ്യുമെന്ന് ഉറപ്പോടെ വിശ്വസിക്കാനാകും. (സങ്കീ. 40:4; യശ. 48:17, 18) എന്നാൽ സ്വന്തം വികാരങ്ങളാണു ശരി എന്നു ചിന്തിച്ചാൽ നമുക്ക് ഒരിക്കലും ക്ഷമിക്കാൻ പറ്റില്ല. (സുഭാ. 14:12; യിരെ. 17:9) മുമ്പു കണ്ട നൊവൊമി പറയുന്നു: “എന്റെ ഭർത്താവ് അശ്ലീലം കണ്ടതുകൊണ്ട് അദ്ദേഹത്തോട് ഒരിക്കലും ക്ഷമിക്കേണ്ടാ എന്ന് എനിക്കു തോന്നി. അങ്ങനെ ക്ഷമിച്ചുകൊടുത്താൽ വീണ്ടും അദ്ദേഹം അതുതന്നെ ചെയ്ത് എന്നെ വേദനിപ്പിച്ചാലോ, അല്ലെങ്കിൽ എനിക്കുണ്ടായ വേദന അദ്ദേഹം മറന്നുപോയാലോ എന്നൊക്കെയാണു ഞാൻ ചിന്തിച്ചത്. യഹോവയ്ക്ക് എന്റെ വികാരങ്ങൾ മനസ്സിലാകുമെന്നു ഞാൻ ന്യായീകരിച്ചു. എന്നാൽ യഹോവ എന്റെ വികാരങ്ങൾ മനസ്സിലാക്കുന്നു എന്നു പറഞ്ഞാൽ അതിന്റെ അർഥം, യഹോവ അതെല്ലാം അംഗീകരിക്കുന്നു എന്നല്ലെന്നു പിന്നീട് ഞാൻ മനസ്സിലാക്കി. എന്റെ വിഷമം എന്താണെന്നും അതു മാറാൻ കുറച്ച് സമയം എടുക്കുമെന്നും യഹോവയ്ക്ക് അറിയാം. പക്ഷേ ഞാൻ ക്ഷമിക്കാൻതന്നെയാണ് യഹോവ പ്രതീക്ഷിക്കുന്നത്.” d
പോസിറ്റീവായി ചിന്തിക്കാൻ തുടങ്ങുക
13. റോമർ 12:18-21 അനുസരിച്ച് നമ്മൾ എന്തു ചെയ്യണം?
13 നമ്മളെ വല്ലാതെ വേദനിപ്പിച്ച ഒരാളോടു ക്ഷമിക്കുക എന്നു പറഞ്ഞാൽ, നടന്ന സംഭവത്തെക്കുറിച്ച് പിന്നെ മിണ്ടാതിരിക്കുന്നതു മാത്രമല്ല ഉൾപ്പെടുന്നത്. നമ്മളെ വേദനിപ്പിച്ച ആൾ നമ്മുടെ ഒരു ക്രിസ്തീയ സഹോദരനോ സഹോദരിയോകൂടെ ആണെങ്കിൽ, അവരുമായി സമാധാനത്തിലാകുക എന്നതും വളരെ പ്രധാനമാണ്. (മത്താ. 5:23, 24) ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നതിനു പകരം അവരോടു കരുണ കാണിക്കാനും ക്ഷമിക്കാനും നമ്മൾ തയ്യാറാകണം. (റോമർ 12:18-21 വായിക്കുക; 1 പത്രോ. 3:9) അതിനു നമ്മളെ എന്തു സഹായിക്കും?
14. നമ്മൾ എന്തു ചെയ്യാൻ ശ്രമിക്കണം, എന്തുകൊണ്ട്?
14 നമ്മളെ വേദനിപ്പിച്ച ഒരാളെ യഹോവ കാണുന്നതുപോലെ കാണാൻ നമ്മൾ ശ്രമിക്കണം. യഹോവ ആളുകളിലെ നന്മയാണു കാണുന്നത്. (2 ദിന. 16:9; സങ്കീ. 130:3) നമ്മൾ ആളുകളിൽ എന്താണോ കാണാൻ ശ്രമിക്കുന്നത് അതായിരിക്കും മിക്കപ്പോഴും അവരിൽ കണ്ടെത്തുക. നല്ലതു കാണാൻ ശ്രമിച്ചാൽ നല്ലതു കാണും, മോശം കാണാൻ ശ്രമിച്ചാൽ മോശം കാണും. നല്ലതു കണ്ടെത്തിയാലുള്ള പ്രയോജനം നമുക്ക് അവരോടു ക്ഷമിക്കാൻ എളുപ്പമായിരിക്കും എന്നതാണ്. ഉദാഹരണത്തിന്, ജാരഡ് സഹോദരൻ പറയുന്നു: “ഒരു സഹോദരൻ എന്നെ വേദനിപ്പിക്കുമ്പോൾ അദ്ദേഹം ചെയ്ത ആ തെറ്റിലേക്കല്ല, അദ്ദേഹത്തിന്റെ ഒരുപാടു നല്ല ഗുണങ്ങളിലേക്കു ഞാൻ നോക്കും. ഇങ്ങനെ താരതമ്യം ചെയ്യുമ്പോൾ ക്ഷമിക്കുന്നത് എനിക്ക് എളുപ്പമായി തോന്നാറുണ്ട്.”
15. നമ്മൾ ഒരാളോടു ക്ഷമിച്ചു എന്നു പറയുന്നത് പ്രയോജനം ചെയ്തേക്കാവുന്നത് എങ്ങനെ?
15 തെറ്റു ചെയ്ത ആളോടു ക്ഷമിച്ചെന്നു പറയുന്നതാണ് നമുക്കു ചെയ്യാൻ കഴിയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. അത് എന്തുകൊണ്ടാണ്? നൊവൊമിയുടെ വാക്കുകൾ നോക്കുക: “എന്റെ ഭർത്താവ് എന്നോടു ചോദിച്ചു, ‘നീ എന്നോടു ക്ഷമിച്ചോ’ എന്ന്. പക്ഷേ ‘ക്ഷമിച്ചു’ എന്നു പറയാനായി വായ് തുറന്നപ്പോൾ ഒരു വാക്കുപോലും പുറത്തേക്കുവന്നില്ല. ഞാൻ ഹൃദയത്തിൽനിന്ന് അദ്ദേഹത്തോടു ക്ഷമിച്ചിട്ടില്ലായിരുന്നു എന്ന് എനിക്ക് അപ്പോൾ മനസ്സിലായി. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തോട് ഉള്ളിൽനിന്ന് ഇങ്ങനെ പറയാൻ പറ്റി: ‘ഞാൻ നിങ്ങളോടു ക്ഷമിച്ചു.’ ഞാൻ അതു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് എനിക്കു കാണാനായി. ആ നിമിഷം ഞങ്ങൾക്കു രണ്ടു പേർക്കും ഒരുപാട് ആശ്വാസം തോന്നി. അന്നുമുതൽ അദ്ദേഹത്തിലുള്ള വിശ്വാസം ഞാൻ വീണ്ടെടുത്തു. ഇപ്പോൾ ഞങ്ങൾ നല്ല കൂട്ടുകാരാണ്.”
16. ക്ഷമിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എന്താണു പഠിച്ചത്?
16 നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (കൊലോ. 3:13) എന്നാൽ പലപ്പോഴും നമുക്ക് അതു ബുദ്ധിമുട്ടായിരുന്നേക്കാം. പക്ഷേ അതിനു കഴിയും. അതിനു നമ്മൾ നമ്മുടെ വികാരങ്ങൾ അവഗണിക്കാതിരിക്കുകയും അവയെ മറികടക്കാൻ ശ്രമിക്കുകയും വേണം. തുടർന്ന് പോസിറ്റീവായ നല്ല ചിന്തകൾ വളർത്താൻ ശ്രമിക്കണം.—“ ക്ഷമിക്കാൻ സഹായിക്കുന്ന മൂന്നു പടികൾ” എന്ന ചതുരം കാണുക.
ക്ഷമിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുക
17. നമ്മൾ ക്ഷമിക്കേണ്ടത് എന്തുകൊണ്ട്?
17 ക്ഷമിക്കാൻ നമുക്ക് ഒരുപാടു കാരണങ്ങളുണ്ട്. അവയിൽ ചിലതു നോക്കാം. ഒന്ന്, നമ്മുടെ കരുണയുള്ള പിതാവിനെ അനുകരിക്കാനും സന്തോഷിപ്പിക്കാനും നമുക്കു പറ്റും. (ലൂക്കോ. 6:36) രണ്ട്, യഹോവ നമ്മളോട് ക്ഷമിച്ചതിനു നമുക്കു നന്ദിയുള്ളവരാണെന്നു കാണിക്കാനാകും. (മത്താ. 6:12) മൂന്ന്, നമുക്കു നല്ല ആരോഗ്യം കിട്ടും, സൗഹൃദങ്ങൾ ശക്തമാക്കാനും കഴിയും.
18-19. നമ്മൾ ക്ഷമിക്കുമ്പോൾ എന്തു ഫലം ഉണ്ടായേക്കാം?
18 നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കുമ്പോൾ പ്രതീക്ഷിക്കാത്ത ചില അനുഗ്രഹങ്ങളും ലഭിച്ചേക്കാം. ഉദാഹരണത്തിന്, തുടക്കത്തിൽ പറഞ്ഞ ഡെനിസ് സഹോദരിയുടെ കാര്യം എടുക്കുക. കോടതിവിചാരണയ്ക്കു ശേഷം, കാറോടിച്ച ആ വ്യക്തി ആത്മഹത്യ ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ഇതൊന്നും അറിഞ്ഞുകൊണ്ടല്ല സഹോദരി മൊഴി കൊടുത്തത്. സഹോദരി കാണിച്ച കരുണയും ക്ഷമയും കണ്ടപ്പോൾ അദ്ദേഹത്തിന് ഒരുപാടു മതിപ്പു തോന്നി. അങ്ങനെ അദ്ദേഹം യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻതുടങ്ങി.
19 മറ്റൊരാളോടു ക്ഷമിക്കുന്നതു ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമായി നമുക്കു തോന്നിയേക്കാം. എന്നാൽ നമുക്ക് ഏറ്റവും അനുഗ്രഹങ്ങൾ നേടിത്തരുന്നതും അതായിരിക്കും. (മത്താ. 5:7) അതുകൊണ്ട് യഹോവയുടെ ക്ഷമ അനുകരിക്കാൻ നമുക്കെല്ലാം പരമാവധി ശ്രമിക്കാം.
ഗീതം 125 “കരുണ കാണിക്കുന്നവർ സന്തുഷ്ടർ”
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b ഇങ്ങനെയൊരു സാഹചര്യത്തിൽ എന്തു ചെയ്യണം എന്നത് ഓരോ ക്രിസ്ത്യാനിയുടെയും വ്യക്തിപരമായ തീരുമാനമാണ്.
c “അന്യോന്യം ക്ഷമിക്കുക,” “ഉദാരമായി ക്ഷമിക്കുക,” “വീണ്ടും സുഹൃത്താകാം” എന്നീ ചിത്രഗീതങ്ങളുടെ വീഡിയോകൾ jw.org-ൽ കാണുക.
d അശ്ലീലം കാണുന്നതു പാപവും വേദന ഉളവാക്കുന്നതും ആണെങ്കിലും അതു നിരപരാധിയായ ഇണയ്ക്കു വിവാഹമോചനത്തിനുള്ള തിരുവെഴുത്തടിസ്ഥാനം നൽകുന്നില്ല.