ലോകത്തിന്റെ സ്വാർഥമായ മനോഭാവം തള്ളിക്കളയുക
ഇന്ന് ലോകത്തുള്ള പലരും തങ്ങൾ പ്രത്യേക പദവികളും പരിഗണനയും അർഹിക്കുന്നവരാണെന്നും തങ്ങൾക്ക് ചില പ്രത്യേക അവകാശങ്ങൾ വേണമെന്നും ചിന്തിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എത്ര കിട്ടിയാലും അതിലും കൂടുതൽ തങ്ങൾ അർഹിക്കുന്നുണ്ടെന്നാണ് അവർ വിശ്വസിക്കുന്നത്. അവസാനനാളുകളുടെ പ്രത്യേകതകളായ സ്വസ്നേഹവും നന്ദിയില്ലായ്മയും ആണ് അവരെ സ്വാധീനിക്കുന്നത്.—2 തിമൊ. 3:2.
സ്വാർഥത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശരി എന്താണ് തെറ്റ് എന്താണ് എന്നു സ്വയം തിരഞ്ഞെടുക്കാൻ ആദാമും ഹവ്വയും തീരുമാനിച്ചു. അതിന്റെ പ്രത്യാഘാതങ്ങൾ നമ്മൾ ഇന്നും അനുഭവിക്കുന്നു. നൂറ്റാണ്ടുകൾക്കു ശേഷം ഉസ്സീയ രാജാവ് ആലയത്തിൽ സുഗന്ധക്കൂട്ട് അർപ്പിക്കാൻ തനിക്ക് അധികാരമുണ്ടെന്നു ചിന്തിച്ചു. പക്ഷേ അതു തികച്ചും തെറ്റായ ഒരു തീരുമാനമായിരുന്നു. (2 ദിന. 26:18, 19) അതുപോലെ പരീശന്മാരും സദൂക്യരും തങ്ങൾ അബ്രാഹാമിന്റെ പിൻതലമുറക്കാർ ആയിരുന്നതുകൊണ്ട് ദൈവത്തിന്റെ പ്രത്യേകപ്രീതി അർഹിക്കുന്നുണ്ടെന്നു വിശ്വസിച്ചു.—മത്താ. 3:9.
സ്വാർഥതയും ദുരഭിമാനവും ഉള്ള ആളുകൾക്കു ചുറ്റുമാണു നമ്മൾ ഇന്നു ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ മനോഭാവം നമ്മളെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. (ഗലാ. 5:26) ചിലപ്പോൾ ഒരു പ്രത്യേക പദവിക്കോ കൂടുതൽ ബഹുമാനത്തിനോ നമ്മൾ അർഹരാണെന്നു ചിന്തിച്ചുതുടങ്ങിയേക്കാം. ഈ മനോഭാവം നമുക്ക് എങ്ങനെ ഒഴിവാക്കാം? അതിന് ആദ്യം ഇതെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം എന്താണെന്നു നമ്മൾ മനസ്സിലാക്കണം. രണ്ടു ബൈബിൾതത്ത്വങ്ങൾ അതിനു നമ്മളെ സഹായിക്കും.
നമുക്ക് എന്തിനുള്ള അർഹതയാണ് ഉള്ളതെന്നു തീരുമാനിക്കുന്നത് യഹോവയാണ്. ചില ഉദാഹരണങ്ങൾ നോക്കാം.
-
എഫെ. 5:33) അവർ തങ്ങളുടെ ഇണയുടെ പ്രണയവും ഇഷ്ടവും അർഹിക്കുന്നുണ്ട്. അത്തരം പ്രേമാത്മകമായ താത്പര്യം, വിവാഹബന്ധത്തിനു പുറത്തുള്ള ഒരാളിലേക്കു പോകാൻ പാടില്ല. (1 കൊരി. 7:3) ഇനി മാതാപിതാക്കൾ മക്കളുടെ പൂർണ അനുസരണം അർഹിക്കുന്നു. മക്കൾ മാതാപിതാക്കളുടെ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും അർഹരാണ്.—2 കൊരി. 12:14; എഫെ. 6:2.
കുടുംബക്രമീകരണത്തിൽ ഭർത്താവ് ഭാര്യയുടെ ആദരവ് അർഹിക്കുന്നു, ഭാര്യ ഭർത്താവിന്റെ സ്നേഹവും. ( -
സഭയിൽ കഠിനാധ്വാനികളായ മൂപ്പന്മാർ നമ്മുടെ ബഹുമാനം അർഹിക്കുന്നു. (1 തെസ്സ. 5:12) എങ്കിലും സഹോദരീസഹോദരന്മാരുടെ മേൽ ആധിപത്യം നടത്താനുള്ള അവകാശം അവർക്കില്ല.—1 പത്രോ. 5:2, 3.
-
അതുപോലെ ദൈവം മനുഷ്യഗവൺമെന്റുകൾക്ക് അധികാരം കൊടുത്തിരിക്കുന്നു. അതുകൊണ്ട് അവർക്ക് ആളുകളിൽനിന്ന് നികുതി ആവശ്യപ്പെടാനും ആദരവ് പ്രതീക്ഷിക്കാനും കഴിയും.—റോമ. 13:1, 6, 7.
നമ്മൾ അർഹിക്കുന്നതിലും അധികം യഹോവ സ്നേഹത്തോടെ നമുക്കു തരുന്നു. നമ്മൾ പാപികളായതുകൊണ്ട് മരിക്കാനുള്ള അർഹതയേ നമുക്കുള്ളൂ. (റോമ. 6:23) എന്നിട്ടും നമ്മളോടുള്ള അചഞ്ചലസ്നേഹം കാരണം യഹോവ നമുക്കു പല അനുഗ്രഹങ്ങളും തന്നിരിക്കുന്നു. (സങ്കീ. 103:10, 11) യഹോവയുടെ അനർഹദയകൊണ്ടാണ് നമുക്ക് ഓരോ അനുഗ്രഹവും പദവിയും ലഭിക്കുന്നത്.—റോമ. 12:6-8; എഫെ. 2:8.
സ്വാർഥതയും ഞാൻ എന്ന ഭാവവും എങ്ങനെ ഒഴിവാക്കാം
ലോകത്തിന്റെ മനോഭാവത്തിനെതിരെ ജാഗ്രത പാലിക്കുക. മറ്റുള്ളവരെക്കാൾ കൂടുതൽ കിട്ടാനുള്ള അർഹത നമുക്കുണ്ടെന്ന് നമ്മൾപോലും അറിയാതെ നമ്മൾ ചിന്തിച്ചുതുടങ്ങിയേക്കാം. അതുപോലുള്ള ചിന്ത എത്ര പെട്ടെന്നു വന്നേക്കാം എന്നു മനസ്സിലാക്കാനായി യേശു, ഒരു ദിനാറെ കൂലിയായി കിട്ടിയ ജോലിക്കാരുടെ ദൃഷ്ടാന്തം പറഞ്ഞു. ചില ജോലിക്കാർ അതിരാവിലെമുതൽ പകലന്തിയോളം വെയിലത്തുനിന്ന് പണിയെടുത്തു. എന്നാൽ മറ്റുള്ളവർ വെറും ഒരു മണിക്കൂറേ പണിയെടുത്തുള്ളൂ. തങ്ങൾക്കു കൂടുതൽ കൂലി കിട്ടാൻ അർഹതയുണ്ടെന്ന് ആദ്യം വന്ന പണിക്കാർ ചിന്തിച്ചു. (മത്താ. 20:1-16) ദൈവം സന്തോഷത്തോടെ തരുന്നതിൽ തൃപ്തിപ്പെടണമെന്നു യേശു ഈ ദൃഷ്ടാന്തത്തിലൂടെ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു.
നന്ദിയുള്ളവരായിരിക്കുക, മറ്റുള്ളവരിൽനിന്ന് പ്രതീക്ഷിക്കാതിരിക്കുക. (1 തെസ്സ. 5:18) അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ സഹോദരങ്ങളിൽനിന്ന് ഭൗതികസഹായമൊന്നും ആവശ്യപ്പെട്ടില്ല, തനിക്ക് അതിനുള്ള അവകാശമുണ്ടായിരുന്നിട്ടും. പൗലോസിന്റെ ആ മാതൃക നമുക്കും അനുകരിക്കാം. (1 കൊരി. 9:11-14) നമുക്കു കിട്ടുന്ന ഓരോ അനുഗ്രഹത്തിനും നമ്മൾ നന്ദിയുള്ളവരായിരിക്കണം. അപ്പോൾ മറ്റുള്ളവരിൽനിന്ന് എന്തെങ്കിലും കിട്ടണമെന്നു നമ്മൾ പ്രതീക്ഷിക്കില്ല.
താഴ്മയുള്ളവരായിരിക്കുക. ഒരു വ്യക്തി തന്നെക്കുറിച്ചുതന്നെ കൂടുതൽ ചിന്തിച്ചാൽ തനിക്കുള്ളതിനേക്കാൾ കൂടുതൽ താൻ അർഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനു തോന്നിയേക്കാം. താഴ്മയാണ് അത്തരം അപകടകരമായ ചിന്തകൾക്കുള്ള മറുമരുന്ന്.
താഴ്മ കാണിക്കുന്ന കാര്യത്തിൽ ദാനിയേൽ പ്രവാചകൻ നല്ലൊരു മാതൃക വെച്ചു. അദ്ദേഹം കുലീനകുടുംബത്തിൽപ്പെട്ട നല്ല അറിവും ജ്ഞാനവും കഴിവുകളും ഉള്ള സുന്ദരനായ ഒരാളായിരുന്നു. അതുകൊണ്ടുതന്നെ തനിക്കു കിട്ടിയ പ്രത്യേക പദവികൾക്കും കൂടുതൽ ബഹുമാനത്തിനും താൻ അർഹനാണെന്ന് അദ്ദേഹത്തിനു ചിന്തിക്കാമായിരുന്നു. (ദാനി. 1:3, 4, 19, 20) എന്നാൽ ദാനിയേൽ താഴ്മയുള്ളവനായിത്തന്നെ തുടർന്നു. ആ ഗുണമാണു ദാനിയേലിനെ യഹോവയ്ക്കു പ്രിയപ്പെട്ടവനാക്കിയത്.—ദാനി. 2:30; 10:11, 12.
അതുകൊണ്ട് ഈ ലോകത്തിൽ നിറഞ്ഞുനിൽക്കുന്ന സ്വാർഥതയും ഞാൻ എന്ന ഭാവവും നമുക്കു തള്ളിക്കളയാം. പകരം യഹോവ തന്റെ അനർഹദയയിലൂടെ തരുന്ന ഒരോ അനുഗ്രഹത്തിലും സന്തോഷം കണ്ടെത്തുന്നതിൽ നമുക്കു തുടരാം.