മുഖ്യലേഖനം | നാലു കുതിരസവാരിക്കാർ—നിങ്ങളെ സ്വാധീനിക്കുന്ന വിധം
നാലു കുതിരസവാരിക്കാർ ആരാണ്?
നാലു കുതിരസവാരിക്കാരെക്കുറിച്ചുള്ള വിവരണം നിഗൂഢവും ഭയാനകവും ആയി തോന്നിയേക്കാമെങ്കിലും വാസ്തവത്തിൽ അത് അങ്ങനെയല്ല. എന്തുകൊണ്ട്? കാരണം ബൈബിളും ആധുനികചരിത്രത്തിലെ സംഭവവികാസങ്ങളും ഓരോ കുതിരസവാരിക്കാരും ആരെ ചിത്രീകരിക്കുന്നെന്ന് വ്യക്തമായി തിരിച്ചറിയിക്കുന്നു. അവരുടെ സഞ്ചാരം ഭൂമിയിൽ വിപത്തുകൾക്കു തിരികൊളുത്തിയെങ്കിലും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ചില സന്തോഷവാർത്തകളും അവ നൽകുന്നു. അത് എങ്ങനെ? അതിനു മുമ്പ്, ഓരോ കുതിരസവാരിക്കാരനും ആരാണെന്നു നോക്കാം.
വെള്ളക്കുതിരയുടെ സവാരിക്കാരൻ
ദർശനം തുടങ്ങുന്നത് ഇങ്ങനെയാണ്: “പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെള്ളക്കുതിര! കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു കിരീടം ലഭിച്ചു. സമ്പൂർണമായി കീഴടക്കാൻവേണ്ടി, അദ്ദേഹം കീഴടക്കിക്കൊണ്ട് പുറപ്പെട്ടു.”—വെളിപാട് 6:2.
വെള്ളക്കുതിരയുടെ സവാരിക്കാരൻ ആരാണ്? അദ്ദേഹത്തെക്കുറിച്ചുള്ള സൂചന വെളിപാട് പുസ്തകംതന്നെ നൽകുന്നു. ഈ സ്വർഗീയ സാരഥിയെ തിരിച്ചറിയിക്കുന്നത് “ദൈവവചനം” എന്ന പേരിലാണ്. (വെളിപാട് 19:11-13) വചനം എന്ന ആ പേര് ദൈവത്തിന്റെ വക്താവായി പ്രവർത്തിക്കുന്ന യേശുക്രിസ്തുവിന്റേതാണ്. (യോഹന്നാൻ 1:1, 14) ഇതിനു പുറമേ “രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും” എന്നും “വിശ്വസ്തനും സത്യവാനും” എന്നും യേശുവിനെ വിളിച്ചിരിക്കുന്നു. (വെളിപാട് 19:11, 16) വ്യക്തമായും, ജയശാലിയായ രാജാവെന്ന നിലയിൽ പ്രവർത്തിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. എന്നാൽ തനിക്കു ലഭിച്ച അധികാരം യേശു ഒരിക്കലും ദുർവിനിയോഗം ചെയ്യുന്നില്ല. പക്ഷേ ചില ചോദ്യങ്ങൾ ഉയർന്നുവരുന്നു.
സമ്പൂർണമായി കീഴടക്കാനുള്ള അധികാരം യേശുവിനു നൽകിയത് ആരാണ്? (വെളിപാട് 6:2) ‘പുരാതനംകാലംമുതലേ’ ദൈവമായ യഹോവയിൽനിന്ന്, * ‘മനുഷ്യപുത്രനോടു’ സദൃശ്യനായ മിശിഹയ്ക്ക്“ആധിപത്യവും ബഹുമതിയും രാജ്യവും” ലഭിക്കുന്നതായി ദാനിയേൽ പ്രവാചകൻ ഒരു ദർശനത്തിൽ കണ്ടു. (ദാനിയേൽ 7:13, 14) അതായത്, യേശുവിന് ഭരിക്കാനും നീതി നടപ്പിലാക്കാനും ഉള്ള അധികാരവും അവകാശവും നൽകിയിരിക്കുന്നത് സർവശക്തനായ ദൈവമാണ്. ദൈവപുത്രൻ നീതിയോടെ നടത്തുന്ന യുദ്ധത്തെ ചിത്രീകരിക്കാൻ വെള്ളക്കുതിരയെ ഉപയോഗിച്ചിരിക്കുന്നതു തികച്ചും ഉചിതമാണ്. കാരണം ബൈബിൾ പലപ്പോഴും നീതിയെ കുറിക്കാൻ വെള്ള നിറം ഉപയോഗിച്ചിട്ടുണ്ട്.—വെളിപാട് 3:4; 7:9, 13, 14.
കുതിരക്കാർ അവരുടെ സവാരി തുടങ്ങിയത് എപ്പോഴാണ്? ആദ്യത്തെ സവാരിക്കാരനായ യേശു യാത്ര ആരംഭിച്ചത് തനിക്കു രാജകിരീടം ലഭിച്ചപ്പോഴാണ്. (വെളിപാട് 6:2) എപ്പോഴാണ് യേശു സ്വർഗത്തിൽ രാജാവായി അവരോധിക്കപ്പെട്ടത്? മരിച്ച് സ്വർഗത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നില്ല അത്. അതു കഴിഞ്ഞും കാത്തിരിപ്പിന്റെ ഒരു കാലഘട്ടം യേശുവിനുണ്ടായിരുന്നെന്ന് ബൈബിൾ പറയുന്നു. (എബ്രായർ 10:12, 13) ആ കാത്തിരിപ്പ് എന്ന് അവസാനിക്കുമെന്നും താൻ സ്വർഗത്തിൽ എപ്പോൾ ഭരണം ആരംഭിക്കുമെന്നും തിരിച്ചറിയാനുള്ള ചില അടയാളങ്ങൾ യേശു തന്റെ ശിഷ്യന്മാർക്കു നൽകിയിരുന്നു. തന്റെ ഭരണം തുടങ്ങുന്ന സമയത്ത് ലോകാവസ്ഥകൾ അങ്ങേയറ്റം വഷളാകുന്നതിലേക്കു നയിക്കുന്ന സംഭവവികാസങ്ങൾ ഉണ്ടാകുമെന്ന് യേശു പറഞ്ഞു. യുദ്ധം, ഭക്ഷ്യക്ഷാമം, പകർച്ചവ്യാധി എന്നിവ അവയിൽ ചിലതാണ്. (മത്തായി 24:3, 7; ലൂക്കോസ് 21:10, 11) 1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ‘അവസാനകാലം’ എന്നു ബൈബിൾ വിളിക്കുന്ന പ്രശ്നപൂരിതമായ ആ യുഗത്തിലേക്കു മാനവകുടുംബം പ്രവേശിച്ചതായി തെളിഞ്ഞു.—2 തിമൊഥെയൊസ് 3:1-5.
1914-ൽ യേശു രാജാവായിട്ടും ലോകാവസ്ഥകൾ മെച്ചപ്പെടാതെ ഇത്ര മോശമായിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം, യേശു ഭരണം തുടങ്ങിയത് സ്വർഗത്തിലാണ്, ഭൂമിയിലല്ല. യേശു ഭരണം തുടങ്ങിയപ്പോൾ സ്വർഗത്തിൽ ഒരു യുദ്ധം ഉണ്ടായി, മീഖായേൽ എന്നു പേരുള്ള പുതിയ രാജാവായ യേശു സാത്താനെയും ഭൂതങ്ങളെയും ഭൂമിയിലേക്കു തള്ളിയിട്ടു. (വെളിപാട് 12:7-9, 12) അപ്പോൾമുതൽ അവരുടെ പ്രവർത്തനമണ്ഡലം ഭൂമിയിൽ മാത്രമായി ഒതുങ്ങി. തന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞ് സാത്താൻ അതിക്രോധത്തോടെ പ്രവർത്തിക്കുന്നു. എന്നാൽ താമസിയാതെ സാത്താനെ ഭൂമിയിൽനിന്ന് നീക്കം ചെയ്യും, അങ്ങനെ ദൈവത്തിന്റെ ഉദ്ദേശ്യം ഭൂമിയിൽ നിറവേറും. (മത്തായി 6:10) നമ്മൾ ജീവിക്കുന്നതു പ്രശ്നപൂരിതമായ ‘അവസാനകാലത്ത്’ തന്നെയാണെന്നു മനസ്സിലാക്കാൻ മറ്റു മൂന്നു കുതിരസവാരിക്കാർ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യത്തെ കുതിരസവാരിക്കാരൻ ഒരു വ്യക്തിയെയാണ് ചിത്രീകരിക്കുന്നത്. എന്നാൽ മറ്റു മൂന്നു പേർ മാനവകുടുംബത്തെ വ്യാപകമായി ബാധിക്കുന്ന ലോകസാഹചര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.
തീനിറമുള്ള കുതിരയുടെ സവാരിക്കാരൻ
“അപ്പോൾ തീനിറമുള്ള മറ്റൊരു കുതിര വന്നു. കുതിരപ്പുറത്ത് ഇരിക്കുന്നവന്, മനുഷ്യർ പരസ്പരം കൊന്നൊടുക്കാൻവേണ്ടി ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ അനുവാദം ലഭിച്ചു. ഒരു വലിയ വാളും അയാൾക്കു കിട്ടി.”—വെളിപാട് 6:4.
ഈ സവാരിക്കാരൻ യുദ്ധങ്ങളെയാണ് ചിത്രീകരിക്കുന്നത്. അയാൾ സമാധാനം എടുത്തുകളയുന്നത് ഏതെങ്കിലും ദേശത്തുനിന്ന് മാത്രമല്ല മുഴുഭൂമിയിൽനിന്നുമാണ്. ചരിത്രത്തിൽ ആദ്യമായി ഒരു ആഗോളയുദ്ധം പൊട്ടിപ്പുറപ്പെട്ട വർഷമാണ് 1914. അതിലും വിനാശം വിതച്ചതായിരുന്നു അതിനെ തുടർന്നുണ്ടായ രണ്ടാം ലോകമഹായുദ്ധം. 1914 മുതൽ നടന്ന യുദ്ധങ്ങളിലും ആയുധപോരാട്ടങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണം 10 കോടിയിലേറെ വരുമെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. ഇനി, ഗുരുതരമായ പരിക്കുകൾ മറ്റനേകരെ ജീവച്ഛവങ്ങളാക്കി.
ഇന്നത്തെ യുദ്ധങ്ങളുടെ കാര്യമോ? മുഴുമനുഷ്യരെയും ഭൂമിയിൽനിന്ന് ഇല്ലായ്മ ചെയ്യാൻ മനുഷ്യൻ ഇന്നു പര്യാപ്തനാണെന്ന് ചിലർ കരുതുന്നു. ഇങ്ങനെയൊരു സ്ഥിതിവിശേഷം ഇതിനു മുമ്പുണ്ടായിട്ടില്ല. സമാധാനം ഊട്ടിയുറപ്പിക്കാൻ രൂപംകൊണ്ട ഐക്യരാഷ്ട്ര സംഘടനപോലുള്ളവ ഉണ്ടായിട്ടും ഈ കുതിരസവാരിക്കാരനു കടിഞ്ഞാണിടാനാകുന്നില്ല.
കറുത്ത കുതിരയുടെ സവാരിക്കാരൻ
“ഞാൻ നോക്കിയപ്പോൾ അതാ, ഒരു കറുത്ത കുതിര! കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു ത്രാസ്സുണ്ടായിരുന്നു. നാലു ജീവികളുടെയും നടുവിൽനിന്ന് എന്നപോലെ ഒരു ശബ്ദം ഞാൻ കേട്ടു: ‘ഒരു ദിനാറെക്ക് ഒരു കിലോ ഗോതമ്പ്; ഒരു ദിനാറെക്കു മൂന്നു കിലോ ബാർളി. ഒലിവെണ്ണയും വീഞ്ഞും തീർക്കരുത്.’”—വെളിപാട് 6:5, 6.
ഈ സവാരിക്കാരൻ ദാരിദ്ര്യത്തെയാണ് ചിത്രീകരിക്കുന്നത്. ഒരു ദിനാറെ (ഒന്നാം നൂറ്റാണ്ടിലെ ഒരു ദിവസത്തെ കൂലി) കൊടുത്താൽ ഒരു ക്വാർട്ട് (1 കിലോ) ഗോതമ്പേ റേഷനായി കിട്ടുകയുള്ളൂ. അത്രയ്ക്ക് ദാരിദ്ര്യമായിരിക്കും. (മത്തായി 20:2) അതേ നാണയത്തിന് ഗോതമ്പിനെക്കാൾ താഴ്ന്ന തരം ധാന്യമായി കണക്കാക്കിയിരുന്ന ബാർളി 3 ക്വാർട്ട് (3 കിലോ) വാങ്ങാം. ഇതുകൊണ്ട് ഒരു വലിയ കുടുംബത്തിന് എന്താകാനാണ്? അക്കാലത്തെ പ്രധാന ഭക്ഷണത്തെ ചിത്രീകരിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഒലിവെണ്ണയും വീഞ്ഞും സൂക്ഷിച്ച് ഉപയോഗിക്കണമെന്നു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. നിത്യം ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങൾപോലും മിച്ചം പിടിച്ച് ഉപയോഗിക്കേണ്ടിവരുമെന്ന് ഇത് ആളുകളെ ഓർമിപ്പിക്കുന്നു.
1914 മുതൽ ഈ കറുത്ത കുതിരയുടെ സവാരിക്കാരൻ കുതിച്ചുമുന്നേറുകയാണെന്നതിന് എന്തെങ്കിലും തെളിവുണ്ടോ? തീർച്ചയായും! 20-ാം നൂറ്റാണ്ടിൽ, ദാരിദ്ര്യത്താൽ മരിച്ചത് 7 കോടി ആളുകളാണ്. ഒരു അധികാരകേന്ദ്രം റിപ്പോർട്ട് ചെയ്തതനുസരിച്ച്, “2012-14 വർഷങ്ങളിൽ 80 കോടി 50 ലക്ഷം ആളുകൾ, എന്നുപറഞ്ഞാൽ ലോകത്തെ 9 പേരിൽ ഒരാൾ വീതം, കടുത്ത വികലപോഷണത്തിന്റെ കെടുതി അനുഭവിച്ചു.” മറ്റൊരു റിപ്പോർട്ട് കണക്കാക്കുന്നത്, “ഓരോ വർഷവും എയ്ഡ്സും മലേറിയയും ക്ഷയവും പോലുള്ള രോഗങ്ങൾകൊണ്ട് മരിക്കുന്നതിനെക്കാൾ അധികം ആളുകൾ ദാരിദ്ര്യംമൂലം മരിക്കുന്നുണ്ട്” എന്നാണ്. ദാരിദ്ര്യനിർമാർജന പരിപാടികൾ നടക്കുന്നുണ്ടെങ്കിലും കറുത്ത കുതിരക്കാരന്റെ ഓട്ടം തടസ്സപ്പെടുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.
വിളറിയ നിറമുള്ള കുതിരയുടെ സവാരിക്കാരൻ
“ഞാൻ നോക്കിയപ്പോൾ അതാ, വിളറിയ നിറമുള്ള ഒരു കുതിര! കുതിരപ്പുറത്ത് ഇരിക്കുന്നവനു മരണം എന്നു പേര്. ശവക്കുഴി അയാളുടെ തൊട്ടുപുറകേയുണ്ടായിരുന്നു. നീണ്ട വാൾ, ക്ഷാമം, മാരകരോഗം, ഭൂമിയിലെ കാട്ടുമൃഗങ്ങൾ എന്നിവയാൽ സംഹാരം നടത്താൻ ഭൂമിയുടെ നാലിലൊന്നിന്മേൽ അവർക്ക് അധികാരം ലഭിച്ചു.”—വെളിപാട് 6:8.
നാലാമത്തെ കുതിരസവാരിക്കാരൻ, പകർച്ചവ്യാധികളാലും മറ്റു കാരണങ്ങളാലും ഉണ്ടാകുന്ന മരണത്തെ ചിത്രീകരിക്കുന്നു. 1914 കഴിഞ്ഞ് അധികം വൈകാതെ, സ്പാനിഷ് ഫ്ളൂ എന്ന മാരകരോഗം ദശലക്ഷങ്ങളുടെ ജീവൻ കവർന്നെടുത്തു. ഏകദേശം 50 കോടി ആളുകൾക്ക് അതായത്, അന്നു ജീവിച്ചിരുന്നവരിൽ മൂന്നിൽ ഒരാൾക്ക് ഈ രോഗം പിടിപെട്ടു!
എന്നാൽ സ്പാനിഷ് ഫ്ളൂ വെറുമൊരു തുടക്കം മാത്രമായിരുന്നു. വിദഗ്ധരുടെ കണക്കനുസരിച്ച്, 20-ാം നൂറ്റാണ്ടിൽ ശതകോടിക്കണക്കിന് ആളുകളുടെ ജീവനാണ് വസൂരി രോഗം അപഹരിച്ചത്. വൈദ്യശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും എയ്ഡ്സും ക്ഷയവും മലേറിയയും പോലുള്ള രോഗങ്ങൾ ഇപ്പോഴും ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്നു.
യുദ്ധമായാലും ക്ഷാമമായാലും പകർച്ചവ്യാധികളായാലും ഫലം ഒന്നുതന്നെ—മരണം. പ്രതീക്ഷയ്ക്ക് ഒരു വകയും നൽകാതെ ശവക്കുഴി നിഷ്കരുണം ആളുകളെ വിഴുങ്ങിക്കൊണ്ടേയിരിക്കുന്നു.
തൊട്ടുമുന്നിൽ ഒരു ശുഭഭാവി!
വെളിപാട് 6:2; 12:9, 12) പെട്ടെന്നുതന്നെ അർമഗെദോൻ യുദ്ധത്തിൽ യേശു സാത്താന്റെ ദുഷിച്ച സ്വാധീനം നീക്കം ചെയ്യും, അവനെ പിന്തുണയ്ക്കുന്ന മനുഷ്യരെ നശിപ്പിക്കും. (വെളിപാട് 20:1-3) യേശു മൂന്നു കുതിരസവാരിക്കാരുടെ ഓട്ടം അവസാനിപ്പിക്കുക മാത്രമല്ല അവർ വരുത്തിവെച്ച നാശനഷ്ടങ്ങൾ നികത്തുകയും ചെയ്യും. എങ്ങനെ? ബൈബിൾ നൽകുന്ന വാഗ്ദാനം ശ്രദ്ധിക്കുക.
ഇപ്പോഴുള്ള പ്രശ്നങ്ങൾ പെട്ടെന്നുതന്നെ അവസാനിക്കും. ഓർക്കുക, 1914-ൽ സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് പുറത്താക്കിക്കൊണ്ട്, “കീഴടക്കാൻ” യേശു പുറപ്പെട്ടു. എന്നാൽ യേശു തന്റെ കീഴടക്കൽ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. (യുദ്ധങ്ങൾക്കു പകരം സമാധാനം വാഴും. യഹോവ “ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു. വില്ല് ഒടിച്ച് കുന്തം തകർക്കുന്നു.” (സങ്കീർത്തനം 46:9) സമാധാനസ്നേഹികളായ ആളുകൾ ‘സമാധാനസമൃദ്ധിയിൽ അത്യധികം ആനന്ദിക്കും.’—സങ്കീർത്തനം 37:11.
ദാരിദ്ര്യത്തിനു പകരം ഭക്ഷ്യസമൃദ്ധിയുണ്ടാകും. “ഭൂമിയിൽ ധാന്യം സുലഭമായിരിക്കും; മലമുകളിൽ അതു നിറഞ്ഞുകവിയും.”—സങ്കീർത്തനം 72:16.
പകർച്ചവ്യാധികൾക്കും മരണത്തിനും പകരം എല്ലാവർക്കും നല്ല ആരോഗ്യവും നിത്യജീവനും ലഭിക്കും. “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളിപാട് 21:4.
ഭാവിയിൽ തന്റെ ഭരണത്തിലൂടെ മനുഷ്യർക്കു ലഭിക്കാൻപോകുന്ന കാര്യങ്ങളുടെ ഒരു പൂർവവീക്ഷണം യേശു ഭൂമിയിലായിരുന്നപ്പോൾ നൽകി. ഉദാഹരണത്തിന്, യേശു സമാധാനത്തിനായി പ്രവർത്തിച്ചു, ആയിരങ്ങളെ അത്ഭുതകരമായി പോഷിപ്പിച്ചു, രോഗികളെ സുഖപ്പെടുത്തി, മരിച്ചവരെ ജീവനിലേക്കു കൊണ്ടുവന്നു.—മത്തായി 12:15; 14:19-21; 26:52; യോഹന്നാൻ 11:43, 44.
ഈ കുതിരസവാരിക്കാരുടെ ഓട്ടം അവസാനിപ്പിക്കുമ്പോൾ, അതായത് ഈ വ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പ് നമുക്ക് എങ്ങനെ ഒരുങ്ങിയിരിക്കാം? ഇതിനുള്ള ഉത്തരം നിങ്ങളുടെ ബൈബിളിൽനിന്ന് കാണിച്ചുതരാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേ ഉള്ളൂ. കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ?