വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ നേതാ​വായ ക്രിസ്‌തു​വിൽ വിശ്വാ​സ​മർപ്പി​ക്കുക

നമ്മുടെ നേതാ​വായ ക്രിസ്‌തു​വിൽ വിശ്വാ​സ​മർപ്പി​ക്കുക

“ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ നേതാവ്‌; അതു ക്രിസ്‌തു​വാണ്‌.”—മത്താ. 23:10.

ഗീതങ്ങൾ: 16, 14

1, 2. മോശ​യു​ടെ മരണ​ത്തെ​ത്തു​ടർന്ന്‌ യോശു​വ​യ്‌ക്കു ലഭിച്ച ഉത്തരവാ​ദി​ത്വ​ത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രു​ന്നത്‌?

യഹോ​വ​യു​ടെ ഈ വാക്കുകൾ യോശു​വ​യു​ടെ കാതു​ക​ളിൽ മുഴങ്ങു​ക​യാണ്‌: “എന്റെ ദാസനായ മോശ മരിച്ചു; ഇപ്പോൾ നീയും ഈ ജനം മുഴു​വ​നും യോർദാൻ കടന്ന്‌ ഞാൻ ഇസ്രാ​യേൽ ജനത്തിനു കൊടു​ക്കുന്ന ദേശ​ത്തേക്കു പോകുക.” (യോശു. 1:1, 2) ഏതാണ്ട്‌ 40 വർഷമാ​യി മോശ​യു​ടെ പരിചാ​ര​ക​നാ​യി സേവിച്ച യോശു​വ​യ്‌ക്ക്‌ ഇതൊരു വലിയ മാറ്റം​ത​ന്നെ​യാ​യി​രു​ന്നു!

2 ദീർഘ​കാ​ല​മാ​യി മോശ​യാ​യി​രു​ന്നു ഇസ്രാ​യേൽ ജനത്തിന്റെ നേതാവ്‌. അതു​കൊണ്ട്‌ ദൈവ​ജനം തന്നെ നേതാ​വാ​യി അംഗീ​ക​രി​ക്കു​മോ എന്ന്‌ ഒരുപക്ഷേ യോശുവ ചിന്തി​ച്ചു​കാ​ണും. (ആവ. 34:8, 10-12) ഒരു ബൈബിൾവി​ജ്ഞാ​ന​കോ​ശം യോശുവ 1:1, 2-നെക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “പുരാ​ത​ന​കാ​ല​ത്തും ആധുനി​ക​കാ​ല​ത്തും ഒരു രാജ്യ​ത്തി​ന്റെ സുരക്ഷി​ത​ത്വ​ത്തിന്‌ ഏറ്റവും വലിയ ഭീഷണി​യു​യർത്തുന്ന ഒരു സമയമാ​ണു നേതൃ​മാ​റ്റ​ത്തി​ന്റെ കാലഘട്ടം.”

3, 4. യോശുവ ദൈവ​ത്തിൽ ആശ്രയി​ച്ചതു വെറു​തേ​യാ​യില്ല എന്നു നമുക്ക്‌ എങ്ങനെ അറിയാം, നമ്മൾ ഒരുപക്ഷേ എന്തു ചിന്തി​ച്ചേ​ക്കാം?

3 യോശു​വ​യ്‌ക്ക്‌ ഉത്‌കണ്‌ഠ തോന്നാൻ ന്യായ​മായ കാരണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എങ്കിലും ചുരു​ങ്ങിയ ദിവസ​ങ്ങൾക്കു​ള്ളിൽ യോശുവ തന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കാൻ തുടങ്ങി. (യോശു. 1:9-11) യോശുവ ദൈവ​ത്തിൽ ആശ്രയി​ച്ചതു വെറു​തേ​യാ​യില്ല. ബൈബിൾരേ​ഖ​യിൽ കാണു​ന്ന​തു​പോ​ലെ, യോശു​വ​യെ​യും ദൈവ​ജ​ന​മായ ഇസ്രാ​യേ​ലി​നെ​യും ഒരു ദൂതനെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോവ വഴിന​യി​ച്ചു. ഈ ദൂതൻ ദൈവ​ത്തി​ന്റെ ആദ്യജാ​ത​നായ വചനമാ​യി​രു​ന്നെന്നു ന്യായ​മാ​യും നിഗമനം ചെയ്യാം.—പുറ. 23:20-23; യോഹ. 1:1.

4 മോശ​യ്‌ക്കു പകരം യോശുവ നേതാ​വാ​യ​പ്പോൾ, ആ മാറ്റവു​മാ​യി യോജി​ച്ചു​പോ​കാൻ യഹോ​വ​യു​ടെ സഹായ​ത്താൽ ഇസ്രാ​യേ​ല്യർക്കു കഴിഞ്ഞു. ചരി​ത്ര​പ്ര​ധാ​ന​മായ മാറ്റങ്ങ​ളു​ടെ സമയത്താ​ണു നമ്മളും ജീവി​ക്കു​ന്നത്‌. നമ്മളും ഒരുപക്ഷേ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ദൈവ​ത്തി​ന്റെ സംഘടന അതി​വേഗം മുന്നോട്ട്‌ നീങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന ഈ സമയത്ത്‌ നമ്മുടെ നേതാ​വാ​യി നിയമി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന യേശു​വിൽ വിശ്വ​സി​ക്കാൻ നമുക്ക്‌ എന്തൊക്കെ കാരണ​ങ്ങ​ളുണ്ട്‌?’ (മത്തായി 23:10 വായി​ക്കുക.) കഴിഞ്ഞ കാലത്തെ മാറ്റങ്ങ​ളു​ടെ സമയത്ത്‌ ആശ്രയ​യോ​ഗ്യ​നായ നേതാ​വി​നെ ഉപയോ​ഗിച്ച്‌ യഹോവ, തന്റെ ജനത്തെ വഴിന​യി​ച്ചത്‌ എങ്ങനെ​യെന്നു നമുക്ക്‌ ആദ്യം നോക്കാം.

ദൈവ​ജ​നത്തെ കനാനി​ലേക്കു നയിക്കു​ന്നു

5. യരീ​ഹൊ​യു​ടെ അടുത്തു​വെച്ച്‌ യോശുവ ആരുമാ​യി​ട്ടാ​ണു സംസാ​രി​ച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

5 ഇസ്രാ​യേ​ല്യർ യോർദാൻ കുറുകെ കടന്നതി​നു ശേഷം യോശു​വ​യ്‌ക്ക്‌ അസാധാ​ര​ണ​മായ ഒരു അനുഭ​വ​മു​ണ്ടാ​യി. യരീ​ഹൊ​യ്‌ക്ക്‌ അടുത്തു​വെച്ച്‌, ഊരി​പ്പി​ടിച്ച വാളു​മാ​യി നിൽക്കുന്ന ഒരാളെ യോശുവ കണ്ടു. അപരി​ചി​ത​നായ ആ വ്യക്തി​യോ​ടു യോശുവ ചോദി​ച്ചു: “നീ ഞങ്ങളുടെ പക്ഷക്കാ​ര​നോ അതോ ശത്രു​പ​ക്ഷ​ക്കാ​ര​നോ?” ദൈവ​ജ​നത്തെ സംരക്ഷി​ക്കാൻ വന്നിരി​ക്കുന്ന ‘യഹോ​വ​യു​ടെ സൈന്യ​ത്തി​ന്റെ അധിപ​നാണ്‌’ താനെന്ന്‌ ആ യോദ്ധാവ്‌ വെളി​പ്പെ​ടു​ത്തി​യ​പ്പോൾ യോശുവ അതിശ​യി​ച്ചു​പോ​യി. (യോശുവ 5:13-15-ഉം അടിക്കു​റി​പ്പും വായി​ക്കുക.) യഹോവ നേരിട്ട്‌ യോശു​വ​യോ​ടു സംസാ​രി​ക്കു​ന്ന​താ​യി മറ്റു ചില ബൈബിൾവാ​ക്യ​ങ്ങൾ പറയു​ന്നു​ണ്ടെ​ങ്കി​ലും ഈ ദൂതനി​ലൂ​ടെ​യാണ്‌ യഹോവ യോശു​വ​യോ​ടു സംസാ​രി​ച്ചത്‌ എന്നതിൽ ഒരു സംശയ​വു​മില്ല. ഇതിനു മുമ്പും യഹോവ സമാന​മാ​യി പ്രവർത്തി​ച്ചി​ട്ടുണ്ട്‌.—പുറ. 3:2-4; യോശു. 4:1, 15; 5:2, 9; പ്രവൃ. 7:38; ഗലാ. 3:19.

6-8. (എ) മാനു​ഷി​ക​വീ​ക്ഷ​ണ​ത്തിൽ യഹോ​വ​യു​ടെ ചില നിർദേ​ശങ്ങൾ അസാധാ​ര​ണ​മാ​ണെന്നു ചിലർക്കു തോന്നി​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ആ നിർദേ​ശങ്ങൾ ജ്ഞാനപൂർവ​വും സമയോ​ചി​ത​വും ആണെന്നു തെളി​ഞ്ഞത്‌ എങ്ങനെ? (അടിക്കു​റി​പ്പും കാണുക.)

6 യരീഹൊ നഗരം പിടി​ച്ച​ട​ക്കാ​നുള്ള വ്യക്തമായ നിർദേ​ശങ്ങൾ ആ ദൂത​നേ​താവ്‌ യോശു​വ​യ്‌ക്കു കൊടു​ത്തു. എന്നാൽ അതിലെ ചില നിർദേ​ശങ്ങൾ പിൻപ​റ്റു​ന്നത്‌ അപ്പോൾ അത്ര ബുദ്ധി​യാ​ണോ എന്നു ചിലർക്കു തോന്നി​ക്കാ​ണും. ഉദാഹ​ര​ണ​ത്തിന്‌, പുരു​ഷ​ന്മാ​രെ​ല്ലാം പരി​ച്ഛേ​ദ​ന​യേൽക്ക​ണ​മെന്ന്‌ യഹോവ കല്‌പി​ച്ചു. അതിന്‌ അർഥം, ഏതാനും ദിവസ​ത്തേക്ക്‌ ആ പുരു​ഷ​ന്മാർക്കു യുദ്ധം ചെയ്യാൻ കഴിയി​ല്ലെ​ന്നാ​യി​രു​ന്നു. അരോ​ഗ​ദൃ​ഢ​ഗാ​ത്ര​രായ ആ പുരു​ഷ​ന്മാ​രെ പരി​ച്ഛേദന ചെയ്യാ​നുള്ള അനു​യോ​ജ്യ​മായ സമയമാ​യി​രു​ന്നോ അത്‌?—ഉൽപ. 34:24, 25; യോശു. 5:2, 8.

7 ശത്രുക്കൾ പാളയം ആക്രമി​ക്കാൻ വരുക​യാ​ണെ​ങ്കിൽ നിസ്സഹാ​യ​രായ തങ്ങൾക്കു കുടും​ബ​ങ്ങളെ രക്ഷിക്കാൻ കഴിയു​മോ എന്ന്‌ ആ പുരു​ഷ​ന്മാർ ചിന്തി​ച്ചി​രി​ക്കാ​നി​ട​യുണ്ട്‌. അപ്പോ​ഴാണ്‌, ‘ഇസ്രാ​യേ​ല്യ​രെ പേടിച്ച്‌ യരീഹൊ അടച്ച്‌ ഭദ്രമാ​ക്കി​യി​രി​ക്കു​ന്നു’ എന്ന വാർത്ത അവർ കേട്ടത്‌. (യോശു. 6:1) ഇങ്ങനെ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത രീതി​യിൽ കാര്യങ്ങൾ മുന്നോ​ട്ടു​പോ​കു​ന്നതു കണ്ടപ്പോൾ ദൈവ​ത്തി​ന്റെ മാർഗ​നിർദേ​ശ​ത്തി​ലുള്ള അവരുടെ വിശ്വാ​സം ശക്തി​പ്പെ​ട്ടു​കാ​ണി​ല്ലേ?

8 കൂടാതെ, യരീ​ഹൊ​യെ ആക്രമി​ക്കു​ന്ന​തി​നു പകരം നഗരത്തി​നു ചുറ്റും ആദ്യത്തെ ആറു ദിവസം ഓരോ തവണയും ഏഴാമത്തെ ദിവസം ഏഴു തവണയും മാർച്ച്‌ ചെയ്യാ​നാ​ണു ദൂതൻ ഇസ്രാ​യേ​ല്യ​രോ​ടു കല്‌പി​ച്ചത്‌. ചില പടയാ​ളി​കൾ ഇങ്ങനെ ചിന്തി​ച്ചു​കാ​ണും: ‘നടന്നു​ന​ടന്ന്‌ ക്ഷീണി​ക്കും, വെറുതേ സമയം കളയാ​നുള്ള ഓരോ പരിപാ​ടി!’ പക്ഷേ ഇസ്രാ​യേ​ലി​ന്റെ അദൃശ്യ​നേ​താ​വായ യഹോ​വ​യു​ടെ ബുദ്ധി​പൂർവ​മായ നീക്കമാ​യി​രു​ന്നു അത്‌. ഈ യുദ്ധത​ന്ത്രം ഇസ്രാ​യേ​ല്യ​രു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തി. മാത്രമല്ല, യരീ​ഹൊ​യി​ലെ ശക്തരായ യോദ്ധാ​ക്ക​ളു​മാ​യി നേരിട്ട്‌ ഒരു അങ്കം ഒഴിവാ​ക്കാ​നും അതുവഴി അവർക്കു കഴിഞ്ഞു.—യോശു. 6:2-5; എബ്രാ. 11:30. *

9. ദൈവ​ത്തി​ന്റെ സംഘടന തരുന്ന നിർദേ​ശങ്ങൾ നമ്മൾ എപ്പോ​ഴും അനുസ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ഉദാഹ​രണം പറയുക.

9 ഈ വിവര​ണ​ത്തിൽനിന്ന്‌ എന്തു പഠിക്കാം? സംഘടന ചില​പ്പോൾ ഒരു പുതിയ രീതി​യിൽ കാര്യങ്ങൾ ചെയ്‌തെ​ന്നു​വ​രാം. അതിന്റെ കാരണം നമുക്കു പൂർണ​മാ​യി മനസ്സി​ലാ​യെ​ന്നു​വ​രില്ല. ഉദാഹ​ര​ണ​ത്തിന്‌, വ്യക്തി​പ​ര​മായ പഠനത്തി​നും ശുശ്രൂ​ഷ​യ്‌ക്കും മീറ്റി​ങ്ങു​കൾക്കും ഇലക്‌​ട്രോ​ണിക്‌ ഉപകര​ണങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നമുക്കു ചോദ്യ​ങ്ങൾ ഉണ്ടായി​ക്കാ​ണും. പക്ഷേ കഴിയു​മെ​ങ്കിൽ അത്‌ ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ ഇപ്പോൾ മനസ്സി​ലാ​കു​ന്നി​ല്ലേ? നമുക്ക്‌ ആദ്യം സംശയം തോന്നാ​മെ​ങ്കി​ലും ഇത്തരം മാറ്റങ്ങ​ളു​ടെ നല്ല ഫലങ്ങൾ കാണു​ന്നതു നമ്മുടെ വിശ്വാ​സ​വും നമുക്കി​ട​യി​ലെ ഐക്യ​വും വർധി​പ്പി​ക്കും.

ക്രിസ്‌തു​വി​ന്റെ നേതൃ​ത്വം ഒന്നാം നൂറ്റാ​ണ്ടിൽ

10. യരുശ​ലേ​മിൽവെച്ച്‌ നടന്ന ഭരണസം​ഘ​ത്തി​ന്റെ സുപ്ര​ധാ​ന​യോ​ഗം ചേരാൻ ഇടയാ​ക്കി​യത്‌ ആരായി​രു​ന്നു?

10 കൊർന്നേ​ല്യൊസ്‌ ക്രിസ്‌ത്യാ​നി​യാ​യി 13 വർഷത്തി​നു ശേഷവും ചില ജൂത​ക്രി​സ്‌ത്യാ​നി​കൾ പരി​ച്ഛേദന വേണമെന്ന ആശയം പ്രചരി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. (പ്രവൃ. 15:1, 2) ഇതു സംബന്ധിച്ച്‌ അന്ത്യോ​ക്യ​യിൽ അഭി​പ്രാ​യ​വ്യ​ത്യാ​സം ഉടലെ​ടു​ത്ത​പ്പോൾ ആ പ്രശ്‌നം യരുശ​ലേ​മിൽ ഭരണസം​ഘ​ത്തി​ന്റെ മുന്നിൽ അവതരി​പ്പി​ക്കാൻ പൗലോസ്‌ പോയി. എന്നാൽ കാര്യങ്ങൾ ഇങ്ങനെ വഴിന​യി​ച്ചത്‌ ആരായി​രു​ന്നു? “ഒരു വെളി​പാ​ടു കിട്ടി​യി​ട്ടാ​ണു ഞാൻ പോയത്‌” എന്നു പൗലോസ്‌ പറഞ്ഞു. വ്യക്തമാ​യും, ഭരണസം​ഘം ഈ പ്രശ്‌നം കൈകാ​ര്യം ചെയ്യു​ന്ന​തി​നു ക്രിസ്‌തു​വാ​ണു കാര്യങ്ങൾ വഴിന​യി​ച്ചത്‌.—ഗലാ. 2:1-3.

ഒന്നാം നൂറ്റാ​ണ്ടിൽ ക്രിസ്‌തു​വി​ന്റെ നേതൃ​ത്വം വളരെ വ്യക്തമാ​യി​രു​ന്നു (10, 11 ഖണ്ഡികകൾ കാണുക)

11. (എ) ജൂതക്രിസ്‌ത്യാനികൾക്കിടയിൽ പരിച്ഛേദന സംബന്ധിച്ച്‌ എന്തു സാഹച​ര്യ​മാ​ണു തുടർന്നു​കൊ​ണ്ടി​രു​ന്നത്‌? (ബി) യരുശ​ലേ​മി​ലെ മൂപ്പന്മാ​രെ താൻ താഴ്‌മ​യോ​ടെ പിന്തു​ണ​യ്‌ക്കു​ന്നെന്നു പൗലോസ്‌ കാണി​ച്ചത്‌ എങ്ങനെ? (അടിക്കു​റിപ്പ്‌ കാണുക.)

11 ക്രിസ്‌തു​വി​ന്റെ നിർദേ​ശ​ത്തി​നു ചേർച്ച​യിൽ, ജൂതര​ല്ലാത്ത ക്രിസ്‌ത്യാ​നി​കൾ പരി​ച്ഛേ​ദ​ന​യേൽക്കേ​ണ്ട​തി​ല്ലെന്നു ഭരണസം​ഘം വ്യക്തമാ​ക്കി. (പ്രവൃ. 15:19, 20) പക്ഷേ ഇങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടുത്ത്‌ വർഷങ്ങൾക്കു ശേഷവും ജൂതരായ ക്രിസ്‌ത്യാ​നി​കൾ മക്കളെ പരി​ച്ഛേദന ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ, പൗലോസ്‌ മോശ​യു​ടെ നിയമം അനുസ​രി​ക്കു​ന്നി​ല്ലെന്ന ഒരു കിംവ​ദന്തി യരുശ​ലേ​മി​ലെ മൂപ്പന്മാർ കേൾക്കാ​നി​ട​യാ​യി. അപ്പോൾ അവർ, പൗലോസ്‌ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ചില നിർദേ​ശങ്ങൾ അദ്ദേഹ​ത്തി​നു കൊടു​ത്തു. * (പ്രവൃ. 21:20-26) നാലു പുരു​ഷ​ന്മാ​രെ​യും കൂട്ടി ആലയത്തിൽ പോകാൻ അവർ പൗലോ​സി​നോ​ടു പറഞ്ഞു. പൗലോസ്‌ ‘നിയമം പാലി​ക്കു​ന്നു​ണ്ടെന്നു’ മറ്റുള്ള​വർക്കു ബോധ്യ​മാ​കാൻവേ​ണ്ടി​യാ​യി​രു​ന്നു അത്‌. പൗലോ​സി​നു വേണ​മെ​ങ്കിൽ അവരുടെ ആ നിർദേ​ശത്തെ ചോദ്യം ചെയ്യാ​മാ​യി​രു​ന്നു. പ്രശ്‌നം ജൂതരായ ക്രിസ്‌ത്യാ​നി​ക​ളു​ടേ​താ​ണെ​ന്നും പരി​ച്ഛേ​ദ​ന​യെ​ക്കു​റിച്ച്‌ അവർക്കു കൃത്യ​മായ ഗ്രാഹ്യ​മി​ല്ലാ​ത്ത​താ​ണു കുഴപ്പ​മെ​ന്നും പൗലോ​സി​നു വാദി​ക്കാ​മാ​യി​രു​ന്നു. എന്നാൽ വിശ്വാ​സി​ക​ളു​ടെ ഇടയിൽ ഐക്യം ഉന്നമി​പ്പി​ക്കാ​നുള്ള മൂപ്പന്മാ​രു​ടെ ആഗ്രഹത്തെ പിന്തു​ണ​യ്‌ക്കു​ന്നെന്നു കാണി​ക്കാൻ പൗലോസ്‌ തനിക്കു കിട്ടിയ നിർദേശം താഴ്‌മ​യോ​ടെ അനുസ​രി​ച്ചു. ചില​പ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘യേശു​വി​ന്റെ മരണം മോശ​യു​ടെ നിയമത്തെ നീക്കം ചെയ്‌തെ​ങ്കി​ലും യേശു എന്തു​കൊ​ണ്ടാണ്‌ ഈ പ്രശ്‌നം ഇത്രയും കാലം പരിഹ​രി​ക്കാ​തെ തുടരാൻ അനുവ​ദി​ച്ചത്‌?’—കൊലോ. 2:13, 14.

12. എന്തു​കൊ​ണ്ടാ​യി​രി​ക്കാം പരി​ച്ഛേദന സംബന്ധിച്ച വിഷയ​ത്തി​നു പൂർണ​മാ​യി തീർപ്പു​ക​ല്‌പി​ക്കാൻ ക്രിസ്‌തു കുറച്ച്‌ സമയം അനുവ​ദി​ച്ചത്‌?

12 ചില അവസര​ങ്ങ​ളിൽ ഗ്രാഹ്യ​ത്തിൽ വരുന്ന മാറ്റ​ത്തോ​ടു പൊരു​ത്ത​പ്പെ​ടാൻ നമുക്കു കുറച്ച്‌ സമയം വേണ്ടി​വ​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ജൂത​ക്രി​സ്‌ത്യാ​നി​കൾക്ക്‌ അവരുടെ വീക്ഷണ​ത്തി​നു മാറ്റം വരുത്താൻ കുറച്ച്‌ സമയം വേണ്ടി​വന്നു. (യോഹ. 16:12) ഇനിമു​തൽ പരി​ച്ഛേദന ദൈവ​വു​മാ​യുള്ള പ്രത്യേ​ക​ബ​ന്ധ​ത്തി​ന്റെ അടയാ​ളമല്ല എന്ന ആശയം ഉൾക്കൊ​ള്ളാൻ അവർക്ക്‌ ആദ്യം ബുദ്ധി​മു​ട്ടു തോന്നി. (ഉൽപ. 17:9-12) ജൂതസ​മു​ദാ​യ​ത്തിൽനിന്ന്‌ വേറി​ട്ടു​നി​ന്നാ​ലു​ണ്ടാ​കുന്ന ഉപദ്ര​വ​ത്തെ​ക്കു​റിച്ച്‌ ഓർത്തുള്ള ഭയമാ​യി​രു​ന്നു ചിലർക്ക്‌. (ഗലാ. 6:12) എന്നാൽ കാലാ​ന്ത​ര​ത്തിൽ പൗലോ​സി​ന്റെ കത്തുക​ളി​ലൂ​ടെ ക്രിസ്‌തു വേണ്ട നിർദേ​ശങ്ങൾ അവർക്കു നൽകി.—റോമ. 2:28, 29; ഗലാ. 3:23-25.

ക്രിസ്‌തു ഇപ്പോ​ഴും സഭയെ നയിക്കു​ന്നു

13. ഇന്നു ക്രിസ്‌തു​വി​ന്റെ നേതൃ​ത്വ​ത്തെ വിലമ​തി​ക്കാൻ നമ്മൾ എന്തു ചെയ്യണം?

13 സംഘട​ന​യി​ലെ ചില മാറ്റങ്ങ​ളു​ടെ കാരണ​ങ്ങ​ളെ​ല്ലാം മനസ്സി​ലാ​ക്കാൻ നമുക്കു ചില​പ്പോൾ കഴി​ഞ്ഞെ​ന്നു​വ​രില്ല. ആ സമയത്ത്‌, ക്രിസ്‌തു മുൻകാ​ല​ങ്ങ​ളിൽ എങ്ങനെ​യാ​ണു നേതൃ​ത്വ​മെ​ടു​ത്തത്‌ എന്നതി​നെ​പ്പറ്റി നമ്മൾ ചിന്തി​ക്കണം. യോശു​വ​യു​ടെ നാളി​ലും ഒന്നാം നൂറ്റാ​ണ്ടി​ലും ചെയ്‌ത​തു​പോ​ലെ, ദൈവ​ജ​നത്തെ ഒരു കൂട്ടമെന്ന നിലയിൽ സംരക്ഷി​ക്കാ​നും അവരുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്താ​നും ഐക്യം ഊട്ടി​യു​റ​പ്പി​ക്കാ​നും യേശു എപ്പോ​ഴും ജ്ഞാനപൂർവ​മായ നിർദേ​ശങ്ങൾ കൊടു​ത്തി​ട്ടുണ്ട്‌.—എബ്രാ. 13:8.

14-16. നമ്മുടെ ആത്മീയ​ക്ഷേ​മ​ത്തിൽ ക്രിസ്‌തു​വി​നുള്ള താത്‌പ​ര്യം, “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” തരുന്ന നിർദേ​ശ​ങ്ങ​ളിൽ പ്രതി​ഫ​ലി​ക്കു​ന്നത്‌ എങ്ങനെ?

14 ഇന്ന്‌ ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ’ നമുക്കു തക്കസമ​യത്ത്‌ വേണ്ട നിർദേ​ശങ്ങൾ തരുന്നു. നമ്മുടെ ആത്മീയ​ക്ഷേ​മ​ത്തെ​ക്കു​റിച്ച്‌ യേശു​വി​നു ചിന്തയു​ണ്ടെ​ന്നല്ലേ ഇതു കാണി​ക്കു​ന്നത്‌? (മത്താ. 24:45) നാലു മക്കളുടെ പിതാ​വായ മാർക്ക്‌ പറയുന്നു: “കുടും​ബ​ങ്ങളെ ആക്രമി​ച്ചു​കൊണ്ട്‌ സാത്താൻ ഇന്നു സഭകളു​ടെ ശക്തി ചോർത്തി​ക്ക​ള​യാൻ ശ്രമി​ക്കു​ന്നു. എന്നാൽ ഇപ്പോൾ നമുക്ക്‌ എല്ലാ ആഴ്‌ച​യും കുടും​ബാ​രാ​ധന നടത്താ​നുള്ള നിർദേശം ലഭിച്ചി​രി​ക്കു​ന്നു. ഈ നിർദേ​ശ​ത്തി​ന്റെ അർഥം എന്താ​ണെന്നു കുടും​ബ​നാ​ഥ​ന്മാർക്കു നന്നായി അറിയാം—തങ്ങളുടെ കുടും​ബത്തെ സംരക്ഷി​ക്കുക!”

15 ക്രിസ്‌തു എങ്ങനെ​യാ​ണു നമ്മളെ വഴിന​യി​ക്കു​ന്ന​തെന്നു തിരി​ച്ച​റി​യു​മ്പോൾ നമ്മുടെ ആത്മീയ​പു​രോ​ഗ​തി​യിൽ ക്രിസ്‌തു​വിന്‌ എത്ര​ത്തോ​ളം താത്‌പ​ര്യ​മു​ണ്ടെന്നു കാണാൻ കഴിയും. ഒരു മൂപ്പനായ പാട്രിക്‌ സഹോ​ദരൻ പറയുന്നു: “വാരാ​ന്ത​ങ്ങ​ളിൽ ചെറിയ കൂട്ടങ്ങ​ളാ​യി വയൽസേ​വ​ന​ത്തി​നു കൂടി​വ​രു​ന്ന​തിൽ ആദ്യ​മൊ​ക്കെ ചിലർക്ക്‌ അത്ര താത്‌പ​ര്യം തോന്നി​യില്ല. പക്ഷേ, യേശു​വി​ന്റെ മുഖ്യ​ഗു​ണ​ങ്ങ​ളിൽ ഒന്നാണ്‌ എളിയ​വ​രോ​ടുള്ള താത്‌പ​ര്യം. ഈ ക്രമീ​ക​ര​ണ​ത്തി​ലൂ​ടെ ആ ഗുണമാ​ണു പ്രകട​മാ​യത്‌. വയൽസേ​വ​ന​ത്തിൽ തീരെ കുറച്ച്‌ മാത്രം പങ്കെടു​ത്തി​രു​ന്ന​വർക്കും ലജ്ജാലു​ക്ക​ളായ സഹോ​ദ​ര​ങ്ങൾക്കും ഇതു ശരിക്കും പ്രയോ​ജനം ചെയ്‌തു. അവർ വിലയു​ള്ള​വ​രാ​ണെ​ന്നും അവർക്കും പലതും ചെയ്യാ​നാ​കു​മെ​ന്നും തോന്നാൻ ഇത്‌ ഇടയാക്കി. അവർ ആത്മീയ​മാ​യി വളരു​ക​യും ചെയ്‌തു.”

16 നമ്മുടെ ആത്മീയാ​വ​ശ്യ​ങ്ങൾക്കാ​യി കരുതുക മാത്രമല്ല, ഇന്നു ഭൂമി​യിൽ നടക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട പ്രവർത്ത​ന​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ ക്രിസ്‌തു നമ്മളെ സഹായി​ക്കു​ക​യും ചെയ്യുന്നു. (മർക്കോസ്‌ 13:10 വായി​ക്കുക.) ദൈവ​ത്തി​ന്റെ സംഘട​ന​യിൽ വരുന്ന മാറ്റങ്ങൾക്കു വളരെ​യ​ധി​കം ശ്രദ്ധ കൊടു​ക്കുന്ന ഒരാളാണ്‌ അടുത്ത കാലത്ത്‌ മൂപ്പനായ ആൻഡ്രെ സഹോ​ദരൻ. അദ്ദേഹം പറയുന്നു: “ബ്രാ​ഞ്ചോ​ഫീ​സിൽ ജോലി ചെയ്യുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ എണ്ണം കുറച്ചത്‌ ഈ കാലഘ​ട്ട​ത്തി​ന്റെ അടിയ​ന്തി​രത നമ്മളെ ഓർമി​പ്പി​ക്കു​ന്നു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമ്മുടെ ഊർജം മുഴുവൻ ഉപയോ​ഗി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​വും മനസ്സി​ലാ​ക്കി​ത്ത​രു​ന്നു.”

ക്രിസ്‌തു​വി​ന്റെ വഴിന​ട​ത്തി​പ്പി​നെ പിന്തു​ണ​യ്‌ക്കാം

17, 18. അടുത്ത കാലത്ത്‌ വരുത്തിയ മാറ്റങ്ങ​ളോട്‌ ഇണങ്ങി​ച്ചേർന്ന​പ്പോൾ ഉണ്ടായ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു നമുക്ക്‌ എങ്ങനെ ഗുണം ചെയ്യും?

17 രാജാ​വാ​യി ഭരിക്കുന്ന യേശു​ക്രി​സ്‌തു നൽകുന്ന മാർഗ​നിർദേ​ശങ്ങൾ കാണി​ക്കു​ന്നത്‌, യേശു നമ്മളെ ഭാവി​യി​ലേക്ക്‌ ഒരുക്കു​ക​യാ​ണെ​ന്നാണ്‌. അതു​കൊണ്ട്‌ അടുത്ത കാലത്ത്‌ വരുത്തിയ മാറ്റങ്ങ​ളോട്‌ ഇണങ്ങി​ച്ചേർന്ന​തി​ലൂ​ടെ നമുക്കു ലഭിച്ച പ്രയോ​ജ​ന​ങ്ങ​ളിൽ സന്തോ​ഷി​ക്കാം. ഇടദി​വ​സത്തെ യോഗ​ങ്ങ​ളി​ലോ ശുശ്രൂ​ഷ​യി​ലോ വരുത്തിയ മാറ്റങ്ങ​ളിൽനിന്ന്‌ കിട്ടിയ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ കുടും​ബാ​രാ​ധ​ന​യിൽ ചർച്ച ചെയ്യാ​നാ​കു​മോ? അതു നിങ്ങൾക്കു പ്രോ​ത്സാ​ഹനം പകരും.

യഹോവയുടെ സംഘട​ന​യോ​ടൊത്ത്‌ നീങ്ങാൻ കുടും​ബാം​ഗ​ങ്ങ​ളെ​യും മറ്റുള്ള​വ​രെ​യും നിങ്ങൾ സഹായി​ക്കു​ന്നു​ണ്ടോ? (17, 18 ഖണ്ഡികകൾ കാണുക)

18 യഹോ​വ​യു​ടെ സംഘട​ന​യിൽനിന്ന്‌ കിട്ടുന്ന നിർദേ​ശ​ങ്ങൾക്കു പിന്നിലെ ഉദ്ദേശ്യ​വും അതിൽനി​ന്നുള്ള പ്രയോ​ജ​ന​ങ്ങ​ളും മനസ്സി​ലാ​ക്കു​മ്പോൾ സന്തോ​ഷ​ത്തോ​ടെ നമ്മൾ അവ പിൻപ​റ്റും. അച്ചടി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ എണ്ണം കുറച്ച​തും നൂതന സാങ്കേ​തി​ക​വി​ദ്യ​കൾ ഉപയോ​ഗി​ച്ച​തും സാമ്പത്തി​ക​ലാ​ഭം ഉണ്ടാക്കി. ആ പണം ഉപയോ​ഗിച്ച്‌ ലോക​വ്യാ​പ​ക​മാ​യി രാജ്യ​പ്ര​വർത്തനം മുമ്പ​ത്തേ​തി​ലും അധികം വ്യാപി​പ്പി​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു. ഇതു മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ ഇലക്‌​ട്രോ​ണിക്‌ രൂപത്തി​ലുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വീഡി​യോ​ക​ളും കൂടു​ത​ലാ​യി നമുക്ക്‌ ഉപയോ​ഗി​ക്കാൻ കഴിയും. ഇങ്ങനെ ചെയ്യു​മ്പോൾ സംഘട​ന​യു​ടെ വിഭവങ്ങൾ ജ്ഞാനപൂർവം ഉപയോ​ഗി​ക്കാ​നുള്ള ക്രിസ്‌തു​വി​ന്റെ താത്‌പ​ര്യം നമ്മൾ പ്രതി​ഫ​ലി​പ്പി​ക്കു​ക​യാണ്‌.

19. ക്രിസ്‌തു​വി​ന്റെ മാർഗ​നിർദേ​ശങ്ങൾ അനുസ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

19 ക്രിസ്‌തു​വി​ന്റെ മാർഗ​നിർദേ​ശങ്ങൾ മനസ്സോ​ടെ അനുസ​രി​ക്കു​മ്പോൾ നമ്മൾ മറ്റുള്ള​വ​രു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തു​ക​യും നമുക്കി​ട​യി​ലെ ഐക്യം ഊട്ടി​വ​ളർത്തു​ക​യും ആണ്‌. ആഗോള ബഥേൽകു​ടും​ബ​ത്തി​ന്റെ അംഗസം​ഖ്യ കുറച്ച​തി​നെ​ക്കു​റിച്ച്‌ ആൻഡ്രെ സഹോ​ദരൻ ഇങ്ങനെ പറയുന്നു: “അത്തരം മാറ്റങ്ങളെ പൂർണ​മാ​യും പിന്തുണച്ച മുൻകാല ബഥേലം​ഗ​ങ്ങ​ളു​ടെ നല്ല മനോ​ഭാ​വം എന്റെ വിശ്വാ​സ​വും വിലമ​തി​പ്പും വർധി​പ്പി​ക്കു​ന്നു. കിട്ടിയ നിയമനം ഏതായാ​ലും അതിൽ സന്തോഷം കണ്ടെത്തി​ക്കൊണ്ട്‌ അവർ യഹോ​വ​യു​ടെ രഥത്തോ​ടൊ​പ്പം സഞ്ചരി​ക്കു​ന്നു.”

വിശ്വാ​സ​ക്ക​ണ്ണു​കൾകൊണ്ട്‌ നമ്മുടെ നേതാ​വി​നെ കാണുക

20, 21. (എ) നമ്മുടെ നേതാ​വായ ക്രിസ്‌തു​വിൽ ആശ്രയി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

20 നമ്മുടെ നേതാ​വായ യേശു​ക്രി​സ്‌തു വൈകാ​തെ ‘സമ്പൂർണ​മാ​യി കീഴട​ക്കു​ക​യും’ ‘ഭയങ്കര​കാ​ര്യ​ങ്ങൾ ചെയ്യു​ക​യും’ ചെയ്യും. (വെളി. 6:2; സങ്കീ. 45:4) അതിനി​ട​യ്‌ക്കുള്ള ഈ സമയത്ത്‌ യേശു ദൈവ​ജ​നത്തെ പുതിയ ലോക​ത്തി​ലെ ജീവി​ത​ത്തി​നാ​യി ഒരുക്കു​ക​യാണ്‌. അവിടെ നമുക്കു പുനരു​ത്ഥാ​ന​ത്തിൽ വരുന്ന ആളുകളെ പഠിപ്പി​ക്കാ​നും അവിടെ നടക്കുന്ന നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കാ​നും ഉള്ള വലിയ ഉത്തരവാ​ദി​ത്വ​മുണ്ട്‌.

21 സാഹച​ര്യ​ങ്ങൾക്ക്‌ എന്തെല്ലാം മാറ്റം വന്നാലും, അഭിഷി​ക്ത​രാ​ജാ​വായ യേശു​ക്രി​സ്‌തു​വിൽ നമ്മൾ സമ്പൂർണ​മാ​യി ആശ്രയി​ക്കു​ന്നെ​ങ്കിൽ ക്രിസ്‌തു നമ്മളെ പുതിയ ലോക​ത്തി​ലേക്കു നയിക്കും. (സങ്കീർത്തനം 46:1-3 വായി​ക്കുക.) എന്നാൽ ഇന്നു ജീവി​ത​ത്തിൽ അപ്രതീ​ക്ഷി​ത​മായ മാറ്റങ്ങ​ളു​ണ്ടാ​കു​മ്പോൾ അതുമാ​യി പൊരു​ത്ത​പ്പെ​ടു​ന്നത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. അപ്പോൾ എങ്ങനെ​യാണ്‌ മനസ്സമാ​ധാ​ന​വും യഹോ​വ​യി​ലുള്ള പൂർണ​മായ വിശ്വാ​സ​വും നിലനി​റു​ത്താൻ കഴിയു​ന്നത്‌? അടുത്ത ലേഖനം ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ ചർച്ച ചെയ്യും.

^ ഖ. 8 യരീഹൊയുടെ നാശാ​വ​ശി​ഷ്ട​ങ്ങൾക്കി​ട​യിൽനിന്ന്‌ ധാന്യ​ത്തി​ന്റെ വൻ ശേഖരങ്ങൾ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞ​ന്മാർ കണ്ടെത്തി​യി​ട്ടുണ്ട്‌. നഗരം ദീർഘ​കാ​ലം ഉപരോ​ധ​ത്തി​ലാ​യി​രു​ന്നി​ല്ലെ​ന്നും അതിന്റെ ഭക്ഷ്യ​ശേ​ഖരം തീർന്നു​പോ​യി​രു​ന്നി​ല്ലെ​ന്നും ഇതു സൂചി​പ്പി​ക്കു​ന്നു. യരീഹൊ നഗരം കൊള്ള​യി​ടാൻ ഇസ്രാ​യേ​ല്യർക്കു അനുവാ​ദ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഭക്ഷണത്തിന്‌ അവർക്കു ബുദ്ധി​മു​ട്ടു വന്നില്ല. കാരണം അതു വിള​വെ​ടു​പ്പി​ന്റെ കാലമാ​യി​രു​ന്നു. അതു​കൊണ്ട്‌ ദേശം പിടി​ച്ച​ട​ക്കാ​നുള്ള പറ്റിയ സമയമാ​യി​രു​ന്നു അത്‌.—യോശു. 5:10-12.

^ ഖ. 11 2003 മാർച്ച്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 24-ാം പേജിലെ ‘പൗലോസ്‌ ഒരു പരി​ശോ​ധ​ന​യോ​ടു താഴ്‌മ​യോ​ടെ പ്രതി​ക​രി​ക്കു​ന്നു’ എന്ന ചതുരം കാണുക.