വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യം പഠിപ്പി​ക്കുക

സത്യം പഠിപ്പി​ക്കുക

“യഹോവേ, . . . സത്യം—അതാണ്‌ അങ്ങയുടെ വചനത്തി​ന്റെ സാരാം​ശം.”—സങ്കീ. 119:159, 160.

ഗീതങ്ങൾ: 29, 53

1, 2. (എ) യേശു തന്റെ ജീവി​ത​ത്തിൽ എന്തിനാ​യി​രു​ന്നു മുഖ്യ​സ്ഥാ​നം കൊടു​ത്തത്‌, എന്തു​കൊണ്ട്‌? (ബി) ‘ദൈവ​ത്തി​ന്റെ സഹപ്ര​വർത്തകർ’ എന്ന നിലയിൽ വിജയി​ക്കാൻ നമ്മൾ എന്താണു ചെയ്യേ​ണ്ടത്‌?

യേശുക്രിസ്‌തു ഒരു മരപ്പണിക്കാരനും ശുശ്രൂഷകനും ആയിരുന്നു. (മർക്കോ. 6:3; റോമ. 15:8) രണ്ടു മേഖല​ക​ളി​ലും യേശു തികഞ്ഞ വൈദ​ഗ്‌ധ്യം നേടി. മരപ്പണി​ക്കാ​രൻ എന്ന നിലയിൽ യേശു ഉപകര​ണങ്ങൾ ഉപയോ​ഗി​ക്കാ​നും തടി​കൊണ്ട്‌ ഉരുപ്പ​ടി​കൾ ഉണ്ടാക്കാ​നും പഠിച്ചു. സന്തോ​ഷ​വാർത്ത പഠിപ്പി​ക്കുന്ന ഒരാൾ എന്ന നിലയിൽ, യേശു തന്റെ സൂക്ഷ്‌മ​മായ തിരു​വെ​ഴു​ത്തു​പ​രി​ജ്ഞാ​നം ഉപയോ​ഗിച്ച്‌ സാധാ​ര​ണ​ക്കാ​രായ ആളുകൾക്കു ദൈവ​വ​ച​ന​ത്തി​ലെ സത്യം മനസ്സി​ലാ​ക്കി​ക്കൊ​ടു​ത്തു. (മത്താ. 7:28; ലൂക്കോ. 24:32, 45) 30 വയസ്സാ​യ​പ്പോൾ യേശു മരപ്പണി നിറുത്തി. കാരണം, ഒരു ശുശ്രൂ​ഷ​ക​നാ​യി​രി​ക്കുക എന്നതാണു കൂടുതൽ പ്രധാ​ന​പ്പെട്ട ജോലി എന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. ദൈവം തന്നെ ഭൂമി​യി​ലേക്ക്‌ അയച്ചതി​ന്റെ ഒരു ഉദ്ദേശ്യം ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത അറിയി​ക്കുക എന്നതാ​ണെന്നു യേശു പറഞ്ഞു. (മത്താ. 20:28; ലൂക്കോ. 3:23; 4:43) ശുശ്രൂ​ഷ​യ്‌ക്കാ​ണു യേശു തന്റെ ജീവി​ത​ത്തിൽ മുഖ്യ​സ്ഥാ​നം കൊടു​ത്തത്‌. മറ്റുള്ള​വ​രും ഈ ജോലി​യിൽ തന്നോ​ടൊ​പ്പം ചേരണ​മെന്നു യേശു ആഗ്രഹി​ച്ചു.—മത്താ. 9:35-38.

2 നമ്മൾ മരപ്പണി​ക്കാ​ര​ല്ലാ​യി​രി​ക്കാം. പക്ഷേ, നമ്മളെ​ല്ലാ​വ​രും സന്തോ​ഷ​വാർത്ത​യു​ടെ ശുശ്രൂ​ഷ​ക​രാണ്‌. ഈ ജോലി അത്ര പ്രധാ​ന​പ്പെ​ട്ട​താ​യ​തു​കൊണ്ട്‌ ദൈവ​വും ഇതിൽ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. നമ്മളെ ‘ദൈവ​ത്തി​ന്റെ സഹപ്ര​വർത്തകർ’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. (1 കൊരി. 3:9; 2 കൊരി. 6:4) “സത്യം—അതാണ്‌ (യഹോ​വ​യു​ടെ) വചനത്തി​ന്റെ സാരാം​ശം” എന്നു നമുക്ക്‌ അറിയാം. (സങ്കീ. 119:159, 160) അതു​കൊ​ണ്ടാണ്‌ നമ്മൾ ശുശ്രൂ​ഷ​യിൽ ‘സത്യവ​ചനം ശരിയായ വിധത്തിൽത്തന്നെ കൈകാ​ര്യം ചെയ്യു​ന്നെന്ന്‌’ ഉറപ്പു​വ​രു​ത്താൻ ആഗ്രഹി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 2:15 വായി​ക്കുക.) അതിനു​വേണ്ടി, നമ്മൾ ബൈബിൾ ഉപയോ​ഗി​ക്കാ​നുള്ള വൈദ​ഗ്‌ധ്യം മെച്ച​പ്പെ​ടു​ത്തു​ന്നു. അതാണ്‌ യഹോ​വ​യെ​യും യേശു​വി​നെ​യും ദൈവ​രാ​ജ്യ​ത്തെ​യും കുറിച്ച്‌ പഠിപ്പി​ക്കാ​നുള്ള മുഖ്യ ഉപകരണം. ശുശ്രൂ​ഷ​യിൽ വിജയി​ക്കാൻ നമ്മളെ സഹായി​ക്കു​ന്ന​തിന്‌, യഹോ​വ​യു​ടെ സംഘടന മറ്റു ചില ഉപകര​ണ​ങ്ങ​ളും രൂപക​ല്‌പന ചെയ്‌തി​ട്ടുണ്ട്‌. നമ്മൾ അവയെ​ല്ലാം നന്നായി ഉപയോ​ഗി​ക്കാൻ പഠിക്കണം. ‘പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ’ എന്നാണ്‌ ഇവയെ നമ്മൾ വിളി​ക്കു​ന്നത്‌.

3. സാക്ഷീ​ക​രി​ക്കാൻ ശേഷി​ച്ചി​രി​ക്കുന്ന സമയത്ത്‌ നമ്മൾ എന്തിനാ​യി​രി​ക്കണം പ്രാധാ​ന്യം കൊടു​ക്കേ​ണ്ടത്‌, അതു ചെയ്യാൻ പ്രവൃ​ത്തി​കൾ 13:48 നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

3 ഇവയെ, പ്രസം​ഗി​ക്കാ​നുള്ള ഉപകര​ണങ്ങൾ എന്നു പറയു​ന്ന​തി​നു പകരം പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ എന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. ഒരു സന്ദേശം പ്രഖ്യാ​പി​ക്കു​ന്ന​തി​നാ​ണു “പ്രസം​ഗി​ക്കുക” എന്നു പറയു​ന്നത്‌. എന്നാൽ “പഠിപ്പി​ക്കുക” എന്നു പറയു​മ്പോൾ, ആ സന്ദേശം ഒരാളു​ടെ മനസ്സി​ലും ഹൃദയ​ത്തി​ലും എത്തിക്കു​ന്ന​തി​നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. അപ്പോൾ ആ വ്യക്തി പഠിക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ പ്രേരി​ത​നാ​കും. സാക്ഷീ​ക​രി​ക്കാൻ നമുക്കു വളരെ ചുരു​ങ്ങിയ സമയമേ അവശേ​ഷി​ച്ചി​ട്ടു​ള്ളൂ. ആ സമയത്ത്‌ ആളുകൾക്കു ബൈബിൾപ​ഠ​നങ്ങൾ തുടങ്ങു​ന്ന​തും അവരെ ബൈബിൾസ​ത്യം പഠിപ്പി​ക്കു​ന്ന​തും ആയിരി​ക്കണം നമ്മുടെ മുഖ്യ​ല​ക്ഷ്യം. ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മുള്ള’ ആളുകളെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ക​യും വിശ്വാ​സി​ക​ളാ​കാൻ അവരെ സഹായി​ക്കു​ക​യും ചെയ്യുക എന്നതാണ്‌ ഇതിന്‌ അർഥം.—പ്രവൃ​ത്തി​കൾ 13:44-48 വായി​ക്കുക.

4. ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ളവർ’ എങ്ങനെ​യു​ള്ള​വ​രാണ്‌, അവരെ കണ്ടെത്താ​നുള്ള മാർഗം ഏതാണ്‌?

4 ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ള​വരെ’ എങ്ങനെ കണ്ടുപി​ടി​ക്കാം? ഒന്നാം നൂറ്റാ​ണ്ടി​ലേ​തു​പോ​ലെ​തന്നെ, അങ്ങനെ​യു​ള്ള​വരെ കണ്ടുപി​ടി​ക്കാ​നുള്ള ഒരേ ഒരു മാർഗം സന്തോ​ഷ​വാർത്ത അറിയി​ക്കുക എന്നതാണ്‌. യേശു പറഞ്ഞ ഈ നിർദേശം നമ്മൾ അനുസ​രി​ക്കണം: “നിങ്ങൾ ഏതെങ്കി​ലും നഗരത്തി​ലോ ഗ്രാമ​ത്തി​ലോ ചെല്ലു​മ്പോൾ അവിടെ അർഹത​യു​ള്ള​യാൾ ആരെന്ന്‌ അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ക്കുക.” (മത്താ. 10:11) ആത്മാർഥ​ത​യി​ല്ലാ​ത്ത​വ​രും അഹങ്കാ​രി​ക​ളും ആത്മീയ​കാ​ര്യ​ങ്ങ​ളോ​ടു താത്‌പ​ര്യ​മി​ല്ലാ​ത്ത​വ​രും ആയ ആളുകൾ സന്തോ​ഷ​വാർത്ത ശ്രദ്ധി​ക്കു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കു​ന്നില്ല. ആത്മാർഥ​ഹൃ​ദ​യ​രായ, താഴ്‌മ​യുള്ള, സത്യത്തി​നു​വേണ്ടി ദാഹി​ക്കുന്ന ആളുക​ളെ​യാ​ണു നമ്മൾ അന്വേ​ഷി​ക്കു​ന്നത്‌. നമ്മൾ നടത്തുന്ന ഈ അന്വേ​ഷണം, ഒരു മരപ്പണി​ക്കാ​രൻ എന്ന നിലയിൽ യേശു ചെയ്‌ത​തി​നോ​ടു സമാന​മാണ്‌. കതകു​ക​ളും നുകങ്ങ​ളും മറ്റ്‌ ഉപകര​ണ​ങ്ങ​ളും ഉണ്ടാക്കാൻ യേശു പറ്റിയ തടി അന്വേ​ഷി​ച്ചി​രി​ക്കാം. അതു കണ്ടുപി​ടി​ച്ചു​ക​ഴി​ഞ്ഞാൽ യേശു കൈവ​ശ​മുള്ള ഉപകര​ണങ്ങൾ എടുക്കും, തന്റെ വൈദ​ഗ്‌ധ്യം ഉപയോ​ഗിച്ച്‌ ഉരുപ്പടി ഉണ്ടാക്കും. ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ ശിഷ്യ​രാ​ക്കാൻ ശ്രമി​ക്കു​മ്പോൾ നമ്മളും ഇതുത​ന്നെ​യാ​ണു ചെയ്യേ​ണ്ടത്‌.—മത്താ. 28:19, 20.

5. നമ്മുടെ ‘പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ’ ഓരോ​ന്നി​നെ​ക്കു​റി​ച്ചും നമ്മൾ എന്താണ്‌ അറിഞ്ഞി​രി​ക്കേ​ണ്ടത്‌? ഒരു ഉദാഹ​രണം പറയുക. (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രങ്ങൾ കാണുക.)

5 ഒരു പണിക്കാ​രന്റെ പണിസ​ഞ്ചി​യി​ലെ ഓരോ ഉപകര​ണ​ത്തി​നും ഒരു പ്രത്യേക ഉപയോ​ഗ​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, മരപ്പണി​ക്കു യേശു ഉപയോ​ഗി​ച്ചി​രുന്ന ഉപകര​ണങ്ങൾ നോക്കാം. * തടിക്ക​ഷ​ണ​ങ്ങ​ളു​ടെ നീളം അളക്കാ​നും അടയാ​ള​പ്പെ​ടു​ത്താ​നും ഉപകര​ണങ്ങൾ വേണമാ​യി​രു​ന്നു, അതു​പോ​ലെ മുറി​ക്കാ​നും തുളയ്‌ക്കാ​നും ആകൃതി വരുത്താ​നും നിരപ്പാ​ക്കാ​നും മിനു​സ്സ​പ്പെ​ടു​ത്താ​നും കഷണങ്ങൾ തമ്മിൽ കൂട്ടി​ച്ചേർക്കാ​നും ഒക്കെ ഉപകര​ണങ്ങൾ ആവശ്യ​മാ​യി​രു​ന്നു. സമാന​മാ​യി, പഠിപ്പി​ക്കാ​നുള്ള നമ്മുടെ ഉപകര​ണ​ങ്ങ​ളിൽ ഓരോ​ന്നി​നും ഓരോ ഉദ്ദേശ്യ​മുണ്ട്‌. അതു​കൊണ്ട്‌ പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ ഓരോ​ന്നും പരി​ശോ​ധിച്ച്‌ അവ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കേ​ണ്ടത്‌ എന്നു നോക്കാം.

നമ്മളെ പരിച​യ​പ്പെ​ടു​ത്താ​നുള്ള ഉപകര​ണ​ങ്ങൾ

6, 7. (എ) നിങ്ങൾ സന്ദർശ​ക​കാർഡു​കൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? (ബി) മീറ്റി​ങ്ങി​നുള്ള ക്ഷണക്കത്തിന്‌ ഏതു രണ്ട്‌ ഉപയോ​ഗ​ങ്ങ​ളാ​ണു​ള്ളത്‌?

6 സന്ദർശ​ക​കാർഡു​കൾ. ആളുകൾക്കു നമ്മളെ പരിച​യ​പ്പെ​ടു​ത്താ​നും അവരെ നമ്മുടെ വെബ്‌​സൈ​റ്റായ jw.org-ലേക്കു നയിക്കാ​നും പറ്റിയ, ചെറു​തെ​ങ്കി​ലും ഫലപ്ര​ദ​മായ ഉപകര​ണ​ങ്ങ​ളാണ്‌ ഇവ. വെബ്‌​സൈറ്റ്‌ നോക്കി​യാൽ അവർക്കു നമ്മളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാ​നും ഒരു ബൈബിൾപ​ഠനം ആവശ്യ​പ്പെ​ടാ​നും കഴിയും. ഇതേവരെ 4,00,000-ത്തിലധി​കം ആളുകൾ ഓൺ​ലൈ​നാ​യി ബൈബിൾപ​ഠ​ന​ത്തിന്‌ അപേക്ഷി​ച്ചി​ട്ടുണ്ട്‌. ദിവസ​വും നൂറു​ക​ണ​ക്കിന്‌ ആളുക​ളാണ്‌ അപേക്ഷി​ക്കു​ന്നത്‌! ഈ സന്ദർശ​ക​കാർഡു​കൾ ഏതാനും എണ്ണം കൈയിൽ കരുതി​യാൽ, ഓരോ ദിവസ​വും സാക്ഷീ​ക​രി​ക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്താൻ നിങ്ങൾക്കു കഴിയും.

7 ക്ഷണക്കത്തു​കൾ. മീറ്റി​ങ്ങി​നുള്ള ക്ഷണക്കത്തി​നു രണ്ട്‌ ഉപയോ​ഗ​ങ്ങ​ളുണ്ട്‌. “നിങ്ങളെ ക്ഷണിക്കുന്നു—യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കാൻ” എന്നു പറഞ്ഞാണു ലഘുലേഖ തുടങ്ങു​ന്നത്‌. ബൈബിൾ പഠിക്കാൻ എങ്ങനെ കഴിയും എന്നതി​നെ​ക്കു​റിച്ച്‌ ആ ക്ഷണക്കത്തി​ന്റെ അടുത്ത പേജു​ക​ളിൽ കാണാം, “ഞങ്ങളുടെ മീറ്റി​ങ്ങു​ക​ളിൽനിന്ന്‌ പഠിക്കാം,” “അല്ലെങ്കിൽ ഒരു സഹായി​യോ​ടൊത്ത്‌ പഠിക്കാം” എന്നീ തലക്കെ​ട്ടു​കൾക്കു കീഴിൽ അതു കൊടു​ത്തി​രി​ക്കു​ന്നു. അങ്ങനെ ഈ ഉപകരണം കൊടു​ക്കു​മ്പോൾ നമ്മളെ പരിച​യ​പ്പെ​ടു​ത്തുക മാത്രമല്ല, ‘ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്ന​വരെ’ നമ്മളോ​ടൊത്ത്‌ ബൈബിൾ പഠിക്കാൻ ക്ഷണിക്കു​ക​യും ആണ്‌. (മത്താ. 5:3) ആളുകൾ ബൈബിൾപ​ഠനം സ്വീക​രി​ച്ചാ​ലും ഇല്ലെങ്കി​ലും അവർക്കു മീറ്റി​ങ്ങു​കൾക്കു വരാവു​ന്ന​താണ്‌. മീറ്റി​ങ്ങി​നു വരുക​യാ​ണെ​ങ്കിൽ, നമ്മുടെ ബൈബിൾ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യു​ടെ പ്രയോ​ജനം അവർക്കു നേരിട്ട്‌ കണ്ട്‌ മനസ്സി​ലാ​ക്കാൻ കഴിയും.

8. നമ്മുടെ ഒരു യോഗ​ത്തി​ലെ​ങ്കി​ലും ആളുകൾ പങ്കെടു​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌? ഒരു ഉദാഹ​രണം പറയുക.

8 ഒരിക്കൽ എങ്കിലും മീറ്റി​ങ്ങി​നു വന്നു​നോ​ക്കാൻ നമ്മൾ ആളുകളെ ക്ഷണിക്കണം. എന്തു​കൊണ്ട്‌? മീറ്റി​ങ്ങി​നു വന്നാൽ, നമ്മൾ ആസ്വദി​ക്കുന്ന ആത്മീയ​സ​മൃ​ദ്ധി അവർക്കു കാണാ​നാ​കും. ബാബി​ലോൺ എന്ന മഹതി ആത്മീയ​മാ​യി എത്ര ശോച​നീ​യ​മായ അവസ്ഥയി​ലാ​ണെ​ന്നും അവർക്കു മനസ്സി​ലാ​കും. (യശ. 65:13) ഐക്യ​നാ​ടു​ക​ളി​ലെ ഒരു ദമ്പതി​ക​ളായ റേയും ലിൻഡ​യും കുറച്ച്‌ വർഷങ്ങൾക്കു മുമ്പ്‌ ഇക്കാര്യം തിരി​ച്ച​റി​ഞ്ഞു. ദൈവ​വി​ശ്വാ​സ​മു​ണ്ടാ​യി​രുന്ന അവർ ദൈവ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ ആഗ്രഹി​ച്ചു, അതു​കൊണ്ട്‌ അവർ പള്ളിയിൽ ചേരാൻ തീരു​മാ​നി​ച്ചു. പക്ഷേ അവർക്കു രണ്ടു കാര്യ​ങ്ങ​ളിൽ നിർബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഒന്ന്‌, ഏതു പള്ളിയാ​യാ​ലും അവി​ടെ​നിന്ന്‌ എന്തെങ്കി​ലും പഠിക്കാൻ കഴിയണം. രണ്ട്‌, ദൈവത്തെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​വ​രാ​ണെന്ന്‌ ആ പള്ളിയം​ഗ​ങ്ങളെ കണ്ടാൽ തോന്നണം. ആ നഗരത്തിൽ പല മതവി​ഭാ​ഗ​ങ്ങ​ളും ഇഷ്ടം​പോ​ലെ പള്ളിക​ളും ഉണ്ടായി​രു​ന്നു. അവർ ആ പള്ളികൾ ഒന്നൊ​ന്നാ​യി കയറി​യി​റങ്ങി. നഗരത്തി​ലെ എല്ലാ പള്ളിക​ളി​ലും അവർ പോ​യെ​ങ്കി​ലും നിരാ​ശ​യാ​യി​രു​ന്നു ഫലം. അവർ പുതു​താ​യി​ട്ടൊ​ന്നും പഠിച്ചി​ല്ലെന്നു മാത്രമല്ല, പള്ളിയിൽ പോകുന്ന മിക്കവ​രു​ടെ​യും വസ്‌ത്ര​ധാ​ര​ണ​വും മറ്റും മാന്യ​ത​യി​ല്ലാ​ത്ത​താ​ണെ​ന്നും അവർക്കു മനസ്സി​ലാ​യി. വർഷങ്ങൾ കഴിഞ്ഞു, ലിസ്റ്റി​ലു​ണ്ടാ​യി​രുന്ന അവസാ​നത്തെ പള്ളിയി​ലും കയറി​യ​ശേഷം ലിൻഡ ജോലി​സ്ഥ​ല​ത്തേക്കു പോയി, റേ വീട്ടി​ലേ​ക്കും. യാത്ര​യ്‌ക്കി​ടെ റേ ഒരു രാജ്യ​ഹാ​ളി​ന്റെ സമീപ​ത്തു​കൂ​ടെ കടന്നു​പോ​യി. അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: ‘ഇവി​ടെ​യും​കൂ​ടെ ഒന്നു കയറി​യാ​ലോ? എന്താ നടക്കു​ന്ന​തെന്ന്‌ അറിയാ​മ​ല്ലോ.’ അദ്ദേഹം അവിടെ കയറി. അതായി​രു​ന്നു അദ്ദേഹ​ത്തി​നു​ണ്ടായ ഏറ്റവും നല്ല അനുഭവം എന്നു പ്രത്യേ​കം പറയേ​ണ്ട​തി​ല്ല​ല്ലോ! രാജ്യ​ഹാ​ളി​ലു​ണ്ടാ​യി​രുന്ന എല്ലാവ​രും മാന്യ​മാ​യി വസ്‌ത്രം ധരിച്ചി​രു​ന്നു, ദയയും സൗഹൃ​ദ​ഭാ​വ​വും ഉള്ളവരു​മാ​യി​രു​ന്നു. മുൻനി​ര​യിൽ പോയി​രുന്ന റേയ്‌ക്കു പഠിച്ച കാര്യ​ങ്ങ​ളെ​ല്ലാം ഇഷ്ടമായി. ഒരു ക്രിസ്‌തീ​യ​യോ​ഗ​ത്തിൽ ആദ്യമാ​യി വന്നതിനു ശേഷം “ദൈവം തീർച്ച​യാ​യും നിങ്ങളു​ടെ ഇടയി​ലുണ്ട്‌” എന്നു പറയുന്ന ഒരു വ്യക്തി​യെ​ക്കു​റിച്ച്‌ പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതു​ക​യു​ണ്ടാ​യി. റേയ്‌ക്കും അങ്ങനെ​ത​ന്നെ​യാ​ണു തോന്നി​യത്‌. (1 കൊരി. 14:23-25) പിന്നെ എല്ലാ ഞായറാ​ഴ്‌ച​ക​ളി​ലും റേ മീറ്റി​ങ്ങി​നു പോകാൻ തുടങ്ങി, പതി​യെ​പ്പ​തി​യെ മധ്യവാ​ര​യോ​ഗ​ങ്ങ​ളി​ലും. ലിൻഡ​യും യോഗ​ങ്ങ​ളിൽ പങ്കെടു​ക്കാൻ തുടങ്ങി. പ്രായം 70 കടന്നി​രു​ന്നെ​ങ്കി​ലും അവർ ബൈബിൾ പഠിക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു.

സംഭാ​ഷ​ണങ്ങൾ തുടങ്ങാ​നുള്ള ഉപകര​ണ​ങ്ങൾ

9, 10. (എ) ലഘു​ലേ​ഖകൾ ഉപയോ​ഗി​ക്കാൻ എളുപ്പ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) “എന്താണ്‌ ദൈവ​രാ​ജ്യം?” എന്ന ലഘുലേഖ എങ്ങനെ ഉപയോ​ഗി​ക്കാ​മെന്നു വിശദീ​ക​രി​ക്കുക.

9 ലഘു​ലേ​ഖകൾ. സംഭാ​ഷണം ആരംഭി​ക്കു​ന്ന​തി​നുള്ള നല്ല ഉപകര​ണ​ങ്ങ​ളാ​ണു ലഘു​ലേ​ഖകൾ. ഇവ ഉപയോ​ഗി​ക്കാൻ വളരെ എളുപ്പ​മാണ്‌. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളു​ടെ ഭാഗമാ​യി ഇത്തരത്തി​ലുള്ള എട്ടു ലഘു​ലേ​ഖകൾ തയ്യാറാ​ക്കി​യി​ട്ടുണ്ട്‌. 2013-ലാണ്‌ ഇവ പ്രസി​ദ്ധീ​ക​രി​ക്കാൻ തുടങ്ങി​യത്‌. ഏതാണ്ട്‌ 500 കോടി​യി​ല​ധി​കം ലഘു​ലേ​ഖ​ക​ളാണ്‌ ഇതുവരെ അച്ചടി​ച്ചത്‌. ഒരു ലഘുലേഖ ഉപയോ​ഗി​ക്കാൻ പഠിച്ചാൽ നിങ്ങൾക്ക്‌ എല്ലാം ഉപയോ​ഗി​ക്കാൻ കഴിയും എന്നതാണ്‌ ഇവയുടെ പ്രത്യേ​കത. കാരണം എല്ലാത്തി​നും ഒരേ കെട്ടും മട്ടും ആണ്‌. സംഭാ​ഷണം തുടങ്ങാൻ നിങ്ങൾക്ക്‌ എങ്ങനെ ഒരു ലഘുലേഖ ഉപയോ​ഗി​ക്കാൻ കഴിയും?

10 എന്താണ്‌ ദൈവ​രാ​ജ്യം? എന്ന ലഘു​ലേ​ഖ​യാ​ണു നിങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ എന്നിരി​ക്കട്ടെ. ലഘു​ലേ​ഖ​യു​ടെ മുൻപേ​ജി​ലുള്ള ചോദ്യം വീട്ടു​കാ​രനെ കാണി​ച്ചു​കൊണ്ട്‌ ഇങ്ങനെ ചോദി​ക്കാം: “ദൈവ​രാ​ജ്യം എന്താ​ണെന്ന്‌ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ . . . ?” അവിടെ കൊടു​ത്തി​രി​ക്കുന്ന മൂന്ന്‌ ഉത്തരങ്ങൾ അദ്ദേഹത്തെ കാണി​ക്കുക. അദ്ദേഹ​ത്തി​ന്റെ അഭി​പ്രാ​യം എന്തായാ​ലും, അതു ശരിയാ​ണോ തെറ്റാ​ണോ എന്നു പറയു​ന്ന​തി​നു പകരം ലഘു​ലേ​ഖ​യു​ടെ ഉള്ളിൽ “തിരു​വെ​ഴു​ത്തു പറയു​ന്നത്‌” എന്ന ഭാഗത്ത്‌ കൊടു​ത്തി​രി​ക്കുന്ന ദാനി​യേൽ 2:44-ഉം യശയ്യ 9:6-ഉം കാണി​ക്കുക. താത്‌പ​ര്യം കാണി​ക്കു​ന്നെ​ങ്കിൽ ചർച്ച തുടരുക. അവസാനം, ലഘു​ലേ​ഖ​യു​ടെ പുറം​താ​ളിൽ “നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?” എന്ന തലക്കെ​ട്ടിൻകീ​ഴി​ലെ “ദൈവ​രാ​ജ്യം ഭരിക്കു​മ്പോൾ ഭൂമി​യി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും?” എന്ന ചോദ്യം ചോദി​ക്കുക. മടക്കസ​ന്ദർശ​ന​ത്തി​നുള്ള അടിത്ത​റ​യി​ടാൻ അത്‌ ഉപകരി​ക്കും. മടക്കസ​ന്ദർശനം നടത്തു​മ്പോൾ, ബൈബിൾപ​ഠനം തുടങ്ങാൻ നമ്മൾ ഉപയോ​ഗി​ക്കുന്ന ഒരു ഉപകര​ണ​മായ ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത! എന്ന ലഘുപ​ത്രി​ക​യു​ടെ 7-ാം പാഠത്തി​ലേക്കു ശ്രദ്ധ ക്ഷണിക്കുക.

താത്‌പ​ര്യം ഉണർത്തുന്ന ഉപകര​ണ​ങ്ങൾ

11. നമ്മുടെ മാസി​കകൾ എന്തിനു​വേ​ണ്ടി​യാണ്‌ തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌, അതു നന്നായി ഉപയോ​ഗി​ക്കു​ന്ന​തി​നു നമ്മൾ ഏതു കാര്യം മനസ്സിൽപ്പി​ടി​ക്കണം?

11 മാസി​കകൾ. ലോകത്ത്‌ ഏറ്റവും കൂടുതൽ പരിഭാഷ ചെയ്യു​ന്ന​തും വിതരണം ചെയ്യു​ന്ന​തും ആയ മാസി​ക​ക​ളാ​ണു വീക്ഷാ​ഗോ​പു​ര​വും ഉണരുക!-യും. അനേകം രാജ്യ​ങ്ങ​ളി​ലുള്ള ആളുകൾ വായി​ക്കു​ന്ന​തു​കൊണ്ട്‌ അവരെ​യെ​ല്ലാം ആകർഷി​ക്കുന്ന വിധത്തി​ലാണ്‌ ഈ മാസി​ക​ക​ളു​ടെ മുഖ്യ​ലേ​ഖനം തയ്യാറാ​ക്കു​ന്നത്‌. ഈ ഉപകര​ണങ്ങൾ ഉപയോ​ഗിച്ച്‌, ജീവി​ത​ത്തിൽ എന്തിനാ​ണു ശരിക്കും പ്രാധാ​ന്യം കൊടു​ക്കേ​ണ്ട​തെന്നു മനസ്സി​ലാ​ക്കാൻ നമ്മൾ മറ്റുള്ള​വരെ സഹായി​ക്കണം. ഈ മാസി​കകൾ ആരെ ഉദ്ദേശി​ച്ചാ​ണു തയ്യാറാ​ക്കി​യി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കി​യാ​ലേ അവരുടെ കൈയിൽ അവ എത്തിക്കാൻ നമുക്കു കഴിയൂ.

12. (എ) ഉണരുക! ആരെ മനസ്സിൽക്ക​ണ്ടാ​ണു തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌, അതിന്റെ ലക്ഷ്യം എന്താണ്‌? (ബി) ഈ ഉപകരണം ഉപയോ​ഗി​ച്ച​തു​കൊണ്ട്‌ അടുത്ത കാലത്ത്‌ നിങ്ങൾക്ക്‌ ഉണ്ടായ നല്ല അനുഭ​വങ്ങൾ പറയുക.

12 ബൈബി​ളി​നെ​ക്കു​റിച്ച്‌ കാര്യ​മായ അറിവി​ല്ലാത്ത ആളുകളെ മനസ്സിൽക്ക​ണ്ടാണ്‌ ഉണരുക! തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. അവർക്കു ക്രിസ്‌തീ​യ​പ​ഠി​പ്പി​ക്ക​ലു​ക​ളെക്കു​റിച്ച്‌ ഒന്നും​തന്നെ അറിയി​ല്ലാ​യി​രി​ക്കും. ചിലർ മതത്തിൽ വിശ്വാ​സ​മി​ല്ലാ​ത്ത​വ​രോ ബൈബി​ളി​ന്റെ പ്രാ​യോ​ഗി​ക​മൂ​ല്യം അറിയി​ല്ലാ​ത്ത​വ​രോ ആയിരി​ക്കും. ഒരു ദൈവം ഉണ്ട്‌ എന്നു വായന​ക്കാ​രനെ ബോധ്യ​പ്പെ​ടു​ത്തുക എന്നതാണ്‌ ഉണരുക!-യുടെ പ്രധാ​ന​ല​ക്ഷ്യം. (റോമ. 1:20; എബ്രാ. 11:6) ബൈബിൾ ‘യഥാർഥ​ത്തിൽ ദൈവ​ത്തി​ന്റെ​തന്നെ വചനമാ​ണെന്ന്‌’ മനസ്സി​ലാ​ക്കാൻ വായന​ക്കാ​രനെ സഹായി​ക്കുക എന്ന ലക്ഷ്യവും ഈ മാസി​ക​യ്‌ക്കുണ്ട്‌. (1 തെസ്സ. 2:13) 2018-ലെ ഉണരുക!-യുടെ മുഖ്യ​ലേ​ഖ​നങ്ങൾ ഇവയാണ്‌: “സന്തോ​ഷ​ത്തി​നുള്ള വഴി ഇതാ!,” “സന്തുഷ്ട​കു​ടും​ബ​ങ്ങ​ളു​ടെ 12 രഹസ്യങ്ങൾ,” “ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും.”

13. (എ) വീക്ഷാ​ഗോ​പു​രം പൊതു​പ​തിപ്പ്‌ ആർക്കു​വേ​ണ്ടി​യാ​ണു തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌? (ബി) ഈ ഉപകരണം ഉപയോ​ഗി​ച്ച​തു​കൊണ്ട്‌ അടുത്ത കാലത്ത്‌ നിങ്ങൾക്കു​ണ്ടായ നല്ല അനുഭ​വങ്ങൾ പറയുക.

13 ദൈവ​ത്തോ​ടും ദൈവ​വ​ച​ന​ത്തോ​ടും ഒരു അളവു​വരെ ആദരവു​ള്ള​വർക്കു​വേ​ണ്ടി​യാ​ണു വീക്ഷാ​ഗോ​പു​രം പൊതു​പ​തിപ്പ്‌ തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. അവർക്കു ബൈബി​ളി​നെ​ക്കു​റിച്ച്‌ കുറ​ച്ചൊ​ക്കെ അറിയാ​മെ​ങ്കി​ലും അതിന്റെ പഠിപ്പി​ക്ക​ലു​കൾ കൃത്യ​മാ​യി അറിയില്ല. (റോമ. 10:2; 1 തിമൊ. 2:3, 4) 2018-ലെ മൂന്നു മുഖ്യ​ലേ​ഖ​നങ്ങൾ പിൻവ​രുന്ന ചോദ്യ​ങ്ങൾക്കുള്ള ഉത്തരം തരും: “ബൈബിൾ ഇന്നും പ്രാ​യോ​ഗി​ക​മാ​ണോ?,” “ഭാവി അറിയാ​നാ​കു​മോ?,” “ദൈവ​ത്തി​നു നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടോ?

പ്രവർത്തി​ക്കാൻ പ്രചോ​ദി​പ്പി​ക്കുന്ന ഉപകര​ണ​ങ്ങൾ

14. (എ) പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ നാലു വീഡി​യോ​ക​ളു​ടെ ഉദ്ദേശ്യം എന്താണ്‌? (ബി) ഈ വീഡി​യോ​കൾ കാണി​ച്ച​തി​ന്റെ നല്ല അനുഭ​വങ്ങൾ നിങ്ങൾക്കു പറയാ​മോ?

14 വീഡി​യോ​കൾ. യേശു​വി​ന്റെ കാലത്ത്‌ ഇന്നത്തെ​പ്പോ​ലെ യന്ത്രങ്ങ​ളൊ​ന്നും ഉപയോ​ഗി​ച്ചല്ല ഒരു മരപ്പണി​ക്കാ​രൻ പണി ചെയ്‌തി​രു​ന്നത്‌. എന്നാൽ ഇക്കാലത്ത്‌ മരപ്പണി​ക്കാർക്കു വൈദ്യു​തി ഉപയോ​ഗി​ച്ചുള്ള അറക്കവാൾ, ചിന്തേര്‌, ഡ്രില്ലിങ്ങ്‌ മെഷീൻ തുടങ്ങിയ ഉപകര​ണങ്ങൾ ലഭ്യമാണ്‌. അതു​പോ​ലെ ഇന്നു നമുക്കും അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കു പുറമേ, ആളുകളെ കാണി​ക്കാൻ മനോ​ഹ​ര​മായ വീഡി​യോ​ക​ളുണ്ട്‌. അതിൽ നാലെണ്ണം പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളു​ടെ കൂട്ടത്തി​ലുണ്ട്‌: ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?, ബൈബി​ള​ധ്യ​യനം—അത്‌ എന്താണ്‌?, രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌?, യഹോ​വ​യു​ടെ സാക്ഷികൾ—അവർ ആരാണ്‌? എന്നിവ. രണ്ടു മിനി​ട്ടിൽ കുറഞ്ഞ വീഡി​യോ​കൾ ആദ്യസ​ന്ദർശ​ന​ത്തി​നു പറ്റിയ​വ​യാണ്‌. ദൈർഘ്യ​മേ​റിയ വീഡി​യോ​കൾ മടക്കസ​ന്ദർശ​നങ്ങൾ നടത്തു​മ്പോ​ഴും കൂടുതൽ സമയം ചെലവ​ഴി​ക്കാൻ തയ്യാറു​ള്ള​വ​രോ​ടു സംസാ​രി​ക്കു​മ്പോ​ഴും ഉപയോ​ഗി​ക്കാം. മനോ​ഹ​ര​മായ ഈ ഉപകര​ണങ്ങൾ ബൈബിൾ പഠിക്കാ​നും മീറ്റി​ങ്ങു​കൾക്കു വരാനും ആളുകളെ പ്രചോ​ദി​പ്പി​ക്കു​ന്ന​വ​യാണ്‌.

15. നമ്മുടെ ഒരു വീഡി​യോ സ്വന്തം ഭാഷയിൽ കണ്ടത്‌ ആളുക​ളിൽ എത്രമാ​ത്രം സ്വാധീ​ന​മു​ണ്ടാ​ക്കി​യെന്നു വ്യക്തമാ​ക്കുന്ന അനുഭ​വങ്ങൾ പറയുക.

15 ഉദാഹ​ര​ണ​ത്തിന്‌, ഒരു സഹോ​ദരി മൈ​ക്രോ​നേ​ഷ്യ​യിൽനി​ന്നുള്ള ഒരു സ്‌ത്രീ​യെ കണ്ടുമു​ട്ടി. ആ സ്‌ത്രീ​യു​ടെ മാതൃ​ഭാ​ഷ​യായ യാപീ​സി​യി​ലുള്ള, ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ കാണിച്ചു. വീഡി​യോ തുടങ്ങി​ക്ക​ഴി​ഞ്ഞ​പ്പോൾ ആ സ്‌ത്രീ പറഞ്ഞു: “എന്റമ്മേ! ഇത്‌ എന്റെ ഭാഷയാ​ണ​ല്ലോ. എനിക്കു വിശ്വ​സി​ക്കാൻ പറ്റുന്നില്ല. ഉച്ചാരണം കേട്ടിട്ട്‌ അദ്ദേഹം എന്റെ നാട്ടു​കാ​ര​നാണ്‌, എന്റെ ഭാഷയാ​ണു സംസാ​രി​ക്കു​ന്നത്‌!” jw.org-ൽ തന്റെ ഭാഷയിൽ ഇറങ്ങിയ എല്ലാ വീഡി​യോ​ക​ളും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നോക്കു​മെ​ന്നും ആ സ്‌ത്രീ പറഞ്ഞു. (പ്രവൃ​ത്തി​കൾ 2:8, 11 താരത​മ്യം ചെയ്യുക.) മറ്റൊരു അനുഭവം നോക്കാം. ഐക്യ​നാ​ടു​ക​ളി​ലുള്ള ഒരു സഹോ​ദരി മറ്റൊരു രാജ്യത്ത്‌ താമസി​ക്കുന്ന തന്റെ ആങ്ങളയു​ടെ മകന്‌ അദ്ദേഹ​ത്തി​ന്റെ ഭാഷയി​ലുള്ള ഈ വീഡി​യോ​യു​ടെ ലിങ്ക്‌ അയച്ചു​കൊ​ടു​ത്തു. അദ്ദേഹം അതു കണ്ടിട്ട്‌ തിരിച്ച്‌ സഹോ​ദ​രി​ക്കു മെയിൽ അയച്ചു: “ലോകത്തെ നിയ​ന്ത്രി​ക്കുന്ന ഒരു ദുഷ്ടശ​ക്തി​യെ​ക്കു​റിച്ച്‌ പറയുന്ന ഭാഗം ഞാൻ പ്രത്യേ​കം ശ്രദ്ധിച്ചു. ഞാൻ ഒരു ബൈബിൾപ​ഠ​ന​ത്തിന്‌ ഓൺലൈൻ അപേക്ഷ കൊടു​ത്തു.” നമ്മുടെ പ്രവർത്ത​ന​ങ്ങൾക്കു നിയ​ന്ത്ര​ണ​മുള്ള ഒരു രാജ്യ​ത്താണ്‌ അദ്ദേഹം താമസി​ക്കു​ന്നത്‌.

സത്യം പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങൾ

16. പിൻവ​രുന്ന ഓരോ ലഘുപ​ത്രി​ക​യു​ടെ​യും പ്രത്യേക ഉദ്ദേശ്യം വിശദീ​ക​രി​ക്കുക. (എ) ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്നേക്കും ജീവി​ക്കു​വിൻ! (ബി) ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത! (സി) ഇന്ന്‌ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്നത്‌ ആരാണ്‌?

16 ലഘുപ​ത്രി​കകൾ. വായനാ​പ്രാ​പ്‌തി കുറവുള്ള അല്ലെങ്കിൽ സ്വന്തം ഭാഷയിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ല്ലാത്ത ഒരു വ്യക്തിയെ നിങ്ങൾ എങ്ങനെ സത്യം പഠിപ്പി​ക്കും? അതിനു പറ്റിയ ഉപകരണം നമുക്കുണ്ട്‌. ദൈവം പറയു​ന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! * എന്ന ലഘുപ​ത്രിക. ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാ​നുള്ള വളരെ നല്ല ഒരു ഉപകര​ണ​മാ​ണു ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത! എന്ന ലഘുപ​ത്രിക. ലഘുപ​ത്രി​ക​യു​ടെ പുറം​താ​ളിൽ കൊടു​ത്തി​രി​ക്കുന്ന 14 വിഷയങ്ങൾ കാണി​ച്ചിട്ട്‌ ഏതു വിഷയ​ത്തെ​ക്കു​റിച്ച്‌ അറിയാ​നാ​ണു കൂടുതൽ താത്‌പ​ര്യ​മെന്ന്‌ വീട്ടു​കാ​ര​നോ​ടു ചോദി​ക്കാ​വു​ന്ന​താണ്‌. എന്നിട്ട്‌ ആ പാഠം ഉപയോ​ഗിച്ച്‌ ബൈബിൾപ​ഠനം ആരംഭി​ക്കുക. മടക്കസ​ന്ദർശ​ന​ങ്ങ​ളിൽ നിങ്ങൾ ഈ രീതി പരീക്ഷി​ച്ചി​ട്ടു​ണ്ടോ? പഠിപ്പി​ക്കാ​നുള്ള നമ്മുടെ ഉപകര​ണ​ങ്ങ​ളി​ലെ മൂന്നാ​മത്തെ ലഘുപ​ത്രി​ക​യാണ്‌ ഇന്ന്‌ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്നത്‌ ആരാണ്‌? എന്നത്‌. അതു വിദ്യാർഥി​കളെ സംഘട​ന​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കാൻ ഉദ്ദേശി​ച്ചു​ള്ള​താണ്‌. ബൈബിൾപ​ഠനം നടത്തു​മ്പോൾ ഈ ലഘുപ​ത്രി​ക​യി​ലെ വിവരങ്ങൾ ചർച്ച ചെയ്യേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ അറിയാൻ 2017 മാർച്ച്‌ ലക്കം നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും—യോഗ​ത്തി​നുള്ള പഠനസ​ഹാ​യി കാണുക.

17. (എ) ബൈബിൾപ​ഠ​ന​ത്തി​നുള്ള ഓരോ പുസ്‌ത​ക​ത്തി​ന്റെ​യും പ്രത്യേക ഉദ്ദേശ്യം എന്താണ്‌? (ബി) സ്‌നാ​ന​മേൽക്കുന്ന ഓരോ​രു​ത്ത​രും എന്തു ചെയ്യണം, എന്തു​കൊണ്ട്‌?

17 പുസ്‌ത​കങ്ങൾ. ഏതെങ്കി​ലും ലഘുപ​ത്രിക ഉപയോ​ഗിച്ച്‌ ബൈബിൾപ​ഠനം ആരംഭി​ച്ചാൽ നിങ്ങൾക്ക്‌ എപ്പോൾ വേണ​മെ​ങ്കി​ലും ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? എന്ന പുസ്‌ത​ക​ത്തി​ലേക്കു മാറാൻ കഴിയും. അടിസ്ഥാന ബൈബിൾപ​ഠി​പ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചുള്ള ഒരു വ്യക്തി​യു​ടെ അറിവ്‌ വർധി​പ്പി​ക്കാൻ ഈ ഉപകരണം സഹായി​ക്കും. വിദ്യാർഥി ആ പുസ്‌തകം പഠിച്ചു​തീ​രു​ക​യും നല്ല ആത്മീയ​പു​രോ​ഗതി വരുത്തു​ക​യും ചെയ്‌താൽ ദൈവ​സ്‌നേ​ഹ​ത്തിൽ എങ്ങനെ നിലനിൽക്കാം? എന്ന പുസ്‌തകം ഉപയോ​ഗിച്ച്‌ പഠനം തുടരാ​വു​ന്ന​താണ്‌. അനുദി​ന​ജീ​വി​ത​ത്തിൽ ബൈബിൾത​ത്ത്വ​ങ്ങൾ എങ്ങനെ ബാധക​മാ​ക്കാ​മെന്നു മനസ്സി​ലാ​ക്കാൻ ഈ ഉപകരണം വിദ്യാർഥി​യെ സഹായി​ക്കും. സ്‌നാ​ന​മേ​റ്റു​ക​ഴി​ഞ്ഞാ​ലും പുതി​യവർ ഈ രണ്ടു പുസ്‌ത​ക​ങ്ങ​ളും പഠിച്ചു​തീ​രു​ന്ന​തു​വരെ ബൈബിൾപ​ഠനം തുടരണം. ഇതു സത്യത്തി​ന്റെ ഉറച്ച അടിത്ത​റ​യു​ണ്ടാ​യി​രി​ക്കാൻ അവരെ സഹായി​ക്കും.കൊ​ലോ​സ്യർ 2:6, 7 വായി​ക്കുക.

18. (എ) സത്യം പഠിപ്പി​ക്കു​ന്ന​വ​രായ നമ്മളെ 1 തിമൊ​ഥെ​യൊസ്‌ 4:16 എന്തു ചെയ്യാ​നാ​ണു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌, എന്താണ്‌ അതിന്റെ പ്രയോ​ജനം? (ബി) പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ ഉപയോ​ഗി​ക്കു​മ്പോൾ എന്തായി​രി​ക്കണം നമ്മുടെ ലക്ഷ്യം?

18 യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ നമ്മളെ, ആളുകളെ നിത്യ​ജീ​വ​നി​ലേക്കു നയിക്കാൻ കഴിയുന്ന ‘സന്തോ​ഷ​വാർത്ത​യു​ടെ സത്യവ​ചനം’ ഭരമേൽപ്പി​ച്ചി​രി​ക്കു​ന്നു. (കൊലോ. 1:5; 1 തിമൊ​ഥെ​യൊസ്‌ 4:16 വായി​ക്കുക.) അതിനു​വേണ്ടി പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ നമുക്കു തന്നിരി​ക്കു​ന്നു. (“ പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ” എന്ന ഭാഗം കാണുക.) ഈ ഉപകര​ണങ്ങൾ നമുക്കു കഴിയു​ന്നി​ട​ത്തോ​ളം വിദഗ്‌ധ​മാ​യി ഉപയോ​ഗി​ക്കാം. താത്‌പ​ര്യം കാണിച്ച ഒരു വ്യക്തിക്ക്‌ ഏതു പ്രസി​ദ്ധീ​ക​രണം, എപ്പോൾ കൊടു​ക്കാ​മെന്ന്‌ ഓരോ പ്രചാ​ര​ക​നും തീരു​മാ​നി​ക്കാം. വെറുതേ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിതരണം ചെയ്യുക എന്നതല്ല നമ്മുടെ ഉദ്ദേശ്യം. താത്‌പ​ര്യം കാണി​ക്കാത്ത ആളുകൾക്കു നമ്മൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊടു​ക്കു​ക​യു​മില്ല. ആത്മാർഥ​ത​യും താഴ്‌മ​യും ആത്മീയ​വി​ശ​പ്പും ഉള്ള, ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മുള്ള’ ആളുകളെ ശിഷ്യ​രാ​ക്കുക എന്നതാണു നമ്മുടെ ലക്ഷ്യം.—പ്രവൃ. 13:48; മത്താ. 28:19, 20.

^ ഖ. 5 2010 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ (ഇംഗ്ലീഷ്‌) “ഒരു മരപ്പണി​ക്കാ​രൻ” എന്ന ലേഖന​വും “മരപ്പണി​ക്കാ​രന്റെ ഉപകര​ണങ്ങൾ” എന്ന ചതുര​വും കാണുക.

^ ഖ. 16 വീട്ടുകാരന്‌ ഒട്ടും വായനാ​പ്രാ​പ്‌തി​യി​ല്ലെ​ങ്കിൽ, നിങ്ങൾ പഠിപ്പി​ക്കു​മ്പോൾ അദ്ദേഹ​ത്തി​നു ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്ന ലഘുപ​ത്രിക ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. ആ ലഘുപ​ത്രി​ക​യിൽ കൂടു​ത​ലും ചിത്ര​ങ്ങ​ളാണ്‌.