വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യം സംസാ​രി​ക്കുക

സത്യം സംസാ​രി​ക്കുക

“പരസ്‌പരം സത്യം പറയുക.”—സെഖ. 8:16.

ഗീതങ്ങൾ: 56, 124

1, 2. മനുഷ്യ​കു​ടും​ബ​ത്തിന്‌ ഏറ്റവും വലിയ ദോഷം ചെയ്‌തത്‌ എന്താണ്‌, ആരാണ്‌ അതിന്‌ ഉത്തരവാ​ദി?

നമ്മുടെ ജീവിതം മെച്ച​പ്പെ​ടു​ത്തിയ ചില കണ്ടുപി​ടി​ത്ത​ങ്ങ​ളുണ്ട്‌: ടെലി​ഫോൺ, വൈദ്യു​ത​ബൾബ്‌, മോ​ട്ടോർവാ​ഹനം, ഫ്രിഡ്‌ജ്‌ തുടങ്ങി​യവ. അതേസ​മയം, മനുഷ്യ​ജീ​വി​ത​ത്തി​നു ഭീഷണി ഉയർത്തിയ ചില കണ്ടുപി​ടി​ത്ത​ങ്ങ​ളു​മുണ്ട്‌: വെടി​മ​രുന്ന്‌, കുഴി​ബോംബ്‌, സിഗരറ്റ്‌, അണു​ബോംബ്‌ പോലു​ള്ളവ. എന്നാൽ ഇവയ്‌ക്കെ​ല്ലാം മുമ്പ്‌ ‘കണ്ടുപി​ടിച്ച’ ഒന്നുണ്ട്‌, ഒരുപക്ഷേ മനുഷ്യ​കു​ടും​ബ​ത്തിന്‌ ഏറ്റവും അധികം ദോഷം ചെയ്‌ത ഒന്ന്‌. അത്‌ എന്താ​ണെന്ന്‌ അറിയാ​മോ? നുണ! ആരെ​യെ​ങ്കി​ലും ചതിക്കാ​നാ​യി സത്യമ​ല്ലെന്ന്‌ അറിയാ​വുന്ന കാര്യം പറയു​ന്ന​താ​ണു നുണ. ആരാണു നുണയു​ടെ ഉപജ്ഞാ​താവ്‌? ‘നുണയു​ടെ അപ്പൻ’ എന്നു യേശു​ക്രി​സ്‌തു വിശേ​ഷി​പ്പിച്ച “പിശാച്‌!” (യോഹ​ന്നാൻ 8:44 വായി​ക്കുക.) എന്നാണ്‌ അവൻ ആദ്യത്തെ നുണ പറഞ്ഞത്‌?

2 ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പ്‌ ഏദെൻ തോട്ട​ത്തിൽവെ​ച്ചാണ്‌ ആ സംഭവം നടന്നത്‌. ആദ്യമ​നു​ഷ്യ​ജോ​ടി​ക​ളായ ആദാമും ഹവ്വയും സ്രഷ്ടാവ്‌ അവർക്കാ​യി ഒരുക്കിയ പറുദീ​സ​യിൽ സന്തോ​ഷ​ത്തോ​ടെ കഴിഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. അവി​ടേ​ക്കാ​ണു സാത്താൻ രംഗ​പ്ര​വേശം ചെയ്‌തത്‌. “ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ മരത്തിൽനിന്ന്‌ തിന്നരുത്‌” എന്നു ദൈവം ആ ദമ്പതി​ക​ളോ​ടു കല്‌പി​ച്ചി​ട്ടു​ണ്ടെന്നു പിശാ​ചിന്‌ അറിയാ​മാ​യി​രു​ന്നു. അനുസ​ര​ണ​ക്കേടു കാണി​ച്ചാൽ അവർ മരിക്കു​മാ​യി​രു​ന്നു. ഇതെല്ലാം അറിയാ​മാ​യി​രു​ന്നി​ട്ടും, ഒരു പാമ്പിനെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ സാത്താൻ ഹവ്വയോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്‌! (ചരി​ത്ര​ത്തി​ലെ ആദ്യത്തെ നുണ.) അതിൽനിന്ന്‌ തിന്നുന്ന ആ ദിവസം​തന്നെ നിങ്ങളു​ടെ കണ്ണുകൾ തുറക്കു​മെ​ന്നും നിങ്ങൾ ശരിയും തെറ്റും അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ​യാ​കു​മെ​ന്നും ദൈവ​ത്തിന്‌ അറിയാം.”—ഉൽപ. 2:15-17; 3:1-5.

3. സാത്താന്റെ നുണയ്‌ക്കു പിന്നിൽ ദ്രോ​ഹ​ബു​ദ്ധി​യാ​യി​രു​ന്നെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌, അതിന്റെ ഫലമായി എന്തു സംഭവി​ച്ചു?

3 ദ്രോ​ഹ​ബു​ദ്ധി​യോ​ടെ​യാ​ണു സാത്താൻ ആ കള്ളം പറഞ്ഞത്‌. കാരണം താൻ പറയു​ന്നതു വിശ്വ​സിച്ച്‌ പഴം തിന്നാൽ ഹവ്വ മരിക്കു​മെന്നു സാത്താനു നന്നായി അറിയാ​മാ​യി​രു​ന്നു. അതുത​ന്നെ​യാ​ണു സംഭവി​ച്ച​തും. ആദാമും ഹവ്വയും ദൈവ​ത്തി​ന്റെ കല്‌പന ലംഘി​ക്കു​ക​യും പിന്നീടു മരിക്കു​ക​യും ചെയ്‌തു. (ഉൽപ. 3:6; 5:5) അവിടം​കൊണ്ട്‌ തീർന്നില്ല, ആ പാപത്തി​ലൂ​ടെ “മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.” വാസ്‌ത​വ​ത്തിൽ, “മരണം രാജാ​വാ​യി വാണു. ആദാം ചെയ്‌ത​തു​പോ​ലുള്ള പാപം ചെയ്യാ​ത്ത​വ​രു​ടെ മേൽപോ​ലും മരണം . . . വാഴ്‌ച നടത്തി.” (റോമ. 5:12, 14) പൂർണ​രായ മനുഷ്യർ എന്നേക്കും ജീവി​ക്ക​ണ​മെ​ന്നാ​ണു ദൈവം ഉദ്ദേശി​ച്ചി​രു​ന്നത്‌. എന്നാൽ ഇക്കാലത്ത്‌ മനുഷ്യർ “70 വർഷം; അസാധാ​ര​ണ​ക​രു​ത്തു​ണ്ടെ​ങ്കിൽ 80 വർഷം” ജീവി​ക്കു​ന്ന​തു​തന്നെ വലിയ കാര്യം. ആ ജീവി​ത​മോ? ‘കഷ്ടതക​ളും സങ്കടങ്ങ​ളും നിറഞ്ഞ​തും.’ (സങ്കീ. 90:10) എത്ര പരിതാ​പ​കരം! സാത്താൻ പറഞ്ഞ ആ ഒറ്റ നുണയാണ്‌ ഈ ദുരന്ത​ങ്ങൾക്കെ​ല്ലാം കാരണ​മാ​യത്‌.

4. (എ) നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തണം? (ബി) സങ്കീർത്തനം 15:1, 2 അനുസ​രിച്ച്‌ ആർക്കു മാത്രമേ യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ കഴിയൂ?

4 പിശാ​ചി​ന്റെ പ്രവൃ​ത്തി​യെ​ക്കു​റിച്ച്‌ യോഹ​ന്നാൻ 8:44-ൽ യേശു ഇങ്ങനെ പറഞ്ഞു: “അവനിൽ സത്യമി​ല്ലാ​ത്ത​തു​കൊണ്ട്‌ അവൻ സത്യത്തിൽ ഉറച്ചു​നി​ന്നില്ല.” അവനിൽ ഇപ്പോ​ഴും സത്യമില്ല. തന്റെ നുണകൾകൊണ്ട്‌ അവൻ ‘ഭൂലോ​കത്തെ മുഴുവൻ വഴി​തെ​റ്റി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.’ (വെളി. 12:9) പിശാച്‌ നമ്മളെ വഴി​തെ​റ്റി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. അതു​കൊണ്ട്‌ നമുക്ക്‌ ഇപ്പോൾ മൂന്നു ചോദ്യ​ങ്ങൾ ചർച്ച ചെയ്യാം: എങ്ങനെ​യാ​ണു സാത്താൻ ആളുകളെ വഴി​തെ​റ്റി​ക്കു​ന്നത്‌? എന്തു​കൊ​ണ്ടാണ്‌ ആളുകൾ കള്ളം പറയു​ന്നത്‌? ആദാമി​നെ​യും ഹവ്വയെ​യും പോലെ യഹോ​വ​യു​മാ​യുള്ള ബന്ധം നഷ്ടപ്പെ​ടു​ത്താൻ ആഗ്രഹി​ക്കു​ന്നി​ല്ലാ​ത്ത​തു​കൊണ്ട്‌ എപ്പോ​ഴും ‘സത്യം സംസാ​രി​ക്കു​ന്ന​വ​രാണ്‌’ നമ്മൾ എന്ന്‌ എങ്ങനെ തെളി​യി​ക്കാം?—സങ്കീർത്തനം 15:1, 2 വായി​ക്കുക.

സാത്താൻ എങ്ങനെ​യാ​ണു മനുഷ്യ​രെ വഴി​തെ​റ്റി​ക്കു​ന്നത്‌?

5. സാത്താൻ ഇന്ന്‌ എങ്ങനെ​യാണ്‌ ആളുകളെ വഴി​തെ​റ്റി​ക്കു​ന്നത്‌?

5 ‘സാത്താൻ നമ്മളെ പറ്റിക്കു​ന്നത്‌’ ഒഴിവാ​ക്കാൻ നമുക്കു കഴിയു​മെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. കാരണം, “നമ്മൾ സാത്താന്റെ മനസ്സി​ലി​രുപ്പ്‌ അറിയാ​ത്ത​വരല്ല.” (2 കൊരി. 2:11, അടിക്കു​റിപ്പ്‌) വ്യാജ​മ​ത​ങ്ങ​ളും അഴിമ​തി​യിൽ മുങ്ങിയ രാഷ്‌ട്രീ​യ​വും അത്യാ​ഗ്രഹം നിറഞ്ഞ വാണി​ജ്യ​വ്യ​വ​സ്ഥി​തി​യും ഉൾപ്പെടെ മുഴു​ലോ​ക​വും സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌. (1 യോഹ. 5:19) അതു​കൊണ്ട്‌, സാത്താ​നും ഭൂതങ്ങ​ളും അധികാ​ര​സ്ഥാ​ന​ങ്ങ​ളി​ലുള്ള ആളുകളെ ‘നുണകൾ’ പറയാൻ സ്വാധീ​നി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. (1 തിമൊ. 4:1, 2) വ്യാജ​പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ ദോഷം ചെയ്യുന്ന ഉത്‌പ​ന്ന​ങ്ങ​ളും തട്ടിപ്പു​പ​ദ്ധ​തി​ക​ളും വിപണി​യി​ലെ​ത്തി​ക്കുന്ന വൻകിട ബിസി​നെ​സ്സു​കാ​രു​ടെ കാര്യ​ത്തിൽ ഇതു തികച്ചും സത്യമാണ്‌.

6, 7. (എ) മതപര​മായ നുണകൾ പരത്തു​ന്നവർ പ്രത്യേ​കി​ച്ചും കുറ്റക്കാ​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) മതനേ​താ​ക്ക​ന്മാർ പറയുന്ന ഏതു നുണക​ളാ​ണു നിങ്ങൾ കേട്ടി​രി​ക്കു​ന്നത്‌?

6 വിശ്വാ​സ​പ​ര​മായ നുണകൾ പരത്തുന്ന മതനേ​താ​ക്ക​ന്മാർ പ്രത്യേ​കി​ച്ചും കുറ്റക്കാ​രാണ്‌. കാരണം അവർ ആ നുണകൾ വിശ്വ​സി​ക്കു​ന്ന​വ​രു​ടെ ഭാവി​ജീ​വി​ത​മാണ്‌ അപകട​ത്തി​ലാ​ക്കു​ന്നത്‌. മതനേ​താ​ക്ക​ന്മാർ പഠിപ്പി​ക്കുന്ന വ്യാജ​പ​ഠി​പ്പി​ക്കൽ സ്വീക​രിച്ച്‌ ദൈവം കുറ്റം വിധി​ക്കുന്ന ഒരു കാര്യം ആരെങ്കി​ലും ചെയ്‌താൽ അയാളു​ടെ നിത്യ​ജീ​വ​നാ​യി​രി​ക്കും നഷ്ടമാ​കു​ന്നത്‌. (ഹോശേ. 4:9) തന്റെ കാലത്തെ മതനേ​താ​ക്ക​ന്മാർ ഇത്തരം വഞ്ചന കാണി​ക്കു​ന്ന​തി​ന്റെ പേരിൽ കുറ്റക്കാ​രാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. യേശു അവരുടെ മുഖത്ത്‌ നോക്കി പറഞ്ഞു: “കപടഭ​ക്ത​രായ ശാസ്‌ത്രി​മാ​രേ, പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! ഒരാളെ നിങ്ങളു​ടെ മതത്തിൽ ചേർക്കാൻ നിങ്ങൾ കരയും കടലും ചുറ്റി​സ​ഞ്ച​രി​ക്കു​ന്നു. അയാൾ ചേർന്നു​ക​ഴി​യു​മ്പോ​ഴോ നിങ്ങൾ അയാളെ ഗീഹെ​ന്ന​യ്‌ക്കു (നിത്യ​നാ​ശ​ത്തി​നു) നിങ്ങ​ളെ​ക്കാൾ ഇരട്ടി അർഹനാ​ക്കു​ന്നു.” (മത്താ. 23:15) അതിശ​ക്ത​മായ ഭാഷയിൽ യേശു ആ മതനേ​താ​ക്ക​ന്മാ​രെ കുറ്റം വിധിച്ചു. ശരിക്കും, അവർ ‘അവരുടെ പിതാ​വായ, കൊല​പാ​ത​കി​യായ പിശാ​ചിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു.’—യോഹ. 8:44.

7 ഇന്നത്തെ ലോക​ത്തിൽ, മതനേ​താ​ക്ക​ന്മാർ പെരു​കി​പ്പെ​രു​കി വരുക​യാണ്‌. പാസ്റ്റർമാർ, പുരോ​ഹി​ത​ന്മാർ, റബ്ബിമാർ, സ്വാമി​മാർ എന്നൊ​ക്കെ​യാ​യി​രി​ക്കാം അവരെ വിളി​ക്കു​ന്നത്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ മതനേ​താ​ക്ക​ന്മാ​രെ​പ്പോ​ലെ​തന്നെ ഇവരും ദൈവ​വ​ച​ന​ത്തി​ലെ ‘സത്യത്തെ അടിച്ച​മർത്തു​ക​യും’ ‘വ്യാജ​മാ​യ​തി​നു​വേണ്ടി ദൈവ​ത്തി​ന്റെ സത്യം ഉപേക്ഷി​ക്കു​ക​യും’ ചെയ്‌തി​രി​ക്കു​ന്നു. (റോമ. 1:18, 25) ‘ഒരിക്കൽ രക്ഷിക്ക​പ്പെ​ട്ടാൽ എന്നേക്കും രക്ഷിക്ക​പ്പെട്ടു,’ മനുഷ്യ​ദേ​ഹി​യു​ടെ അമർത്യത, പുനർജന്മം തുടങ്ങിയ തെറ്റായ കാര്യങ്ങൾ അവർ പഠിപ്പി​ക്കു​ന്നു. കൂടാതെ, സ്വവർഗ​സം​ഭോ​ഗ​വും സ്വവർഗാ​നു​രാ​ഗി​കൾ തമ്മിലുള്ള വിവാ​ഹ​വും ദൈവം അംഗീ​ക​രി​ക്കും എന്നും അവർ പ്രചരി​പ്പി​ക്കു​ന്നു.

8. രാഷ്‌ട്രീ​യ​നേ​താ​ക്ക​ന്മാർ പെട്ടെ​ന്നു​തന്നെ ഏതു നുണ പറയും, പക്ഷേ അപ്പോൾ നമ്മുടെ പ്രതി​ക​രണം എന്തായി​രി​ക്കണം?

8 രാഷ്‌ട്രീ​യ​ക്കാ​രും ആളുകളെ വഴി​തെ​റ്റി​ക്കു​ന്ന​തി​നു നുണകൾ പരത്തുന്നു. പക്ഷേ, അവരുടെ ഏറ്റവും വലിയ ഒരു നുണ ഇനി കേൾക്കാ​നി​രി​ക്കു​ന്ന​താണ്‌: ‘സമാധാ​ന​വും സുരക്ഷി​ത​ത്വ​വും’ നേടി​ക്ക​ഴി​ഞ്ഞെന്ന പ്രഖ്യാ​പനം! പക്ഷേ “അപ്പോൾ, . . . പ്രതീ​ക്ഷി​ക്കാത്ത നേരത്ത്‌ അവരുടെ മേൽ പെട്ടെ​ന്നുള്ള നാശം വരും.” എപ്പോൾ വേണ​മെ​ങ്കി​ലും തകരാ​വുന്ന ഒരു ചീട്ടു​കൊ​ട്ടാ​രം​പോ​ലെ​യാണ്‌ ഈ വ്യവസ്ഥി​തി എന്ന കാര്യം ഓർക്കണം. എന്നാൽ ആ വസ്‌തുത നിസ്സാ​രീ​ക​രി​ക്കാ​നാ​യി​രി​ക്കും അവർ ശ്രമി​ക്കുക. അതിൽ നമ്മൾ വഞ്ചിത​രാ​ക​രുത്‌. “രാത്രി​യിൽ കള്ളൻ വരുന്ന​തു​പോ​ലെ​യാണ്‌ യഹോ​വ​യു​ടെ ദിവസം വരുന്ന​തെന്നു” നമുക്ക്‌ അറിയാം.—1 തെസ്സ. 5:1-4.

ആളുകൾ സാധാരണ നുണ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

9, 10. (എ) എന്തു​കൊ​ണ്ടാണ്‌ ആളുകൾ കള്ളം പറയു​ന്നത്‌, എന്താണ്‌ അതിന്റെ ഫലം? (ബി) നമ്മൾ യഹോ​വ​യെ​ക്കു​റിച്ച്‌ എന്ത്‌ ഓർക്കണം?

9 ഒരു പുതിയ കണ്ടുപി​ടി​ത്തം ജനപ്രീ​തി​യാർജി​ച്ചാൽ അതു വൻതോ​തിൽ ഉത്‌പാ​ദി​പ്പി​ക്കാൻ തുടങ്ങും. നുണയു​ടെ കാര്യ​ത്തി​ലും അതാണു സംഭവി​ച്ചത്‌. ഇന്നത്തെ സമൂഹ​ത്തിൽ നുണകൾ പറഞ്ഞു​പ​ര​ത്തു​ന്നതു സർവസാ​ധാ​ര​ണ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. സ്വാധീ​ന​വും അധികാ​ര​വും ഉള്ള ആളുകൾ മാത്രമല്ല മറ്റുള്ള​വരെ പറഞ്ഞു​പ​റ്റി​ക്കു​ന്നത്‌. “നുണ മനുഷ്യ​സ്വ​ഭാ​വ​ത്തി​ന്റെ ഭാഗമാ​യി​ത്തീർന്നി​രി​ക്കു​ന്നു” എന്നു വൈ. ഭട്ടാചർജി​യു​ടെ “നമ്മൾ എന്തു​കൊണ്ട്‌ നുണ പറയുന്നു” എന്ന ലേഖന​ത്തിൽ പ്രതി​പാ​ദി​ക്കു​ന്നു. സ്വന്തം സുരക്ഷി​ത​ത്വ​ത്തി​നോ ഉന്നമന​ത്തി​നോ വേണ്ടി​യാ​ണു മിക്ക​പ്പോ​ഴും ആളുകൾ നുണ പറയാറ്‌. അതു ശരിയല്ലേ? തങ്ങളുടെ തെറ്റായ പ്രവൃ​ത്തി​ക​ളും പിഴവു​ക​ളും മറച്ചു​പി​ടി​ക്കു​ന്ന​തി​നോ സാമ്പത്തി​ക​ലാ​ഭ​ത്തി​നോ വ്യക്തി​പ​ര​മായ നേട്ടങ്ങൾക്കോ വേണ്ടി​യാണ്‌ അവർ നുണ പറയു​ന്നത്‌. “ഒരു മടിയും​കൂ​ടാ​തെ, ചെറു​തും വലുതും ആയ നുണകൾ അപരി​ചി​ത​രോ​ടും സഹജോ​ലി​ക്കാ​രോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും പ്രിയ​പ്പെ​ട്ട​വ​രോ​ടും” പറയുന്ന ആളുക​ളു​ണ്ടെന്ന്‌ ആ ലേഖന​ത്തിൽ പറയുന്നു.

10 ഇങ്ങനെ കള്ളം പറയു​ന്ന​തി​ന്റെ ഭവിഷ്യ​ത്തു​കൾ എന്താണ്‌? പരസ്‌പ​ര​വി​ശ്വാ​സം നഷ്ടമാ​കും, ബന്ധങ്ങൾ താറു​മാ​റാ​കും. ഉദാഹ​ര​ണ​ത്തിന്‌, ഒരു ഭാര്യ ഭർത്താ​വി​നെ വഞ്ചിക്കു​ക​യും തന്റെ അവിഹി​ത​ബന്ധം മറച്ചു​പി​ടി​ക്കാൻ നുണ പറയു​ക​യും ചെയ്യു​ന്നെ​ങ്കിൽ അത്‌ അവരുടെ ബന്ധത്തെ എങ്ങനെ ബാധി​ക്കു​മെന്നു ചിന്തി​ക്കുക! ഇനി, വീട്ടിൽ ഭാര്യ​യോ​ടും മക്കളോ​ടും ദയയി​ല്ലാ​തെ ഇടപെ​ട്ടിട്ട്‌ മറ്റുള്ള​വ​രു​ടെ മുന്നിൽ മാന്യത നടിക്കുന്ന ഒരു മനുഷ്യൻ എന്തൊരു കപടത​യാ​ണു കാണി​ക്കു​ന്നത്‌! ഇത്തരക്കാർക്ക്‌ കുറച്ചു​കാ​ല​ത്തേക്ക്‌ അവരുടെ തനിനി​റം മറ്റു മനുഷ്യ​രിൽനിന്ന്‌ മറച്ചു​പി​ടി​ക്കാൻ കഴി​ഞ്ഞേ​ക്കും. എന്നാൽ അത്തരം വഞ്ചന കാണി​ക്കു​ന്ന​വർക്ക്‌ യഹോ​വ​യിൽനിന്ന്‌ ഒന്നും മറച്ചു​വെ​ക്കാൻ കഴിയി​ല്ലെന്ന്‌ ഓർക്കണം. “എല്ലാം ദൈവ​ത്തി​ന്റെ കൺമു​ന്നിൽ നഗ്നമാ​യി​ക്കി​ട​ക്കു​ന്നു; ദൈവ​ത്തിന്‌ എല്ലാം വ്യക്തമാ​യി കാണാം.”—എബ്രാ. 4:13.

11. അനന്യാ​സി​ന്റെ​യും സഫീറ​യു​ടെ​യും തെറ്റായ പ്രവൃത്തി നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

11 ദൈവ​ത്തോ​ടു നുണ പറയാൻ ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു ക്രിസ്‌തീ​യ​ദ​മ്പ​തി​കളെ ‘സാത്താൻ ധൈര്യ​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ചുള്ള’ ബൈബിൾവി​വ​രണം ഇതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. അപ്പോ​സ്‌ത​ല​ന്മാ​രെ പറ്റിക്കാൻ അനന്യാ​സും സഫീറ​യും ചേർന്ന്‌ പദ്ധതി​യി​ട്ടു. അവർ തങ്ങളുടെ കുറച്ച്‌ സ്ഥലം വിറ്റു. കിട്ടിയ പണത്തിന്റെ ഒരു ഭാഗമാണ്‌ അവർ അപ്പോ​സ്‌ത​ല​ന്മാ​രെ ഏൽപ്പി​ച്ചത്‌. പക്ഷേ കിട്ടി​യതു മുഴുവൻ കൊടു​ത്തു എന്നു ഭാവി​ച്ചു​കൊണ്ട്‌ തങ്ങൾ വളരെ ഔദാ​ര്യ​മു​ള്ള​വ​രാ​ണെന്നു കാണി​ക്കാൻ അവർ ശ്രമിച്ചു. സഹോ​ദ​ര​ങ്ങ​ളു​ടെ പ്രശംസ പിടി​ച്ചു​പ​റ്റാ​നാണ്‌ അവർ ആഗ്രഹി​ച്ചത്‌. പക്ഷേ അവർ ചെയ്‌ത​തെ​ല്ലാം യഹോവ കാണു​ന്നു​ണ്ടാ​യി​രു​ന്നു. യഹോവ തക്ക ശിക്ഷ കൊടു​ക്കു​ക​യും ചെയ്‌തു.—പ്രവൃ. 5:1-10.

12. ദ്രോ​ഹ​ബു​ദ്ധി​യോ​ടെ, പശ്ചാത്താ​പ​മി​ല്ലാ​തെ നുണ പറയുന്ന എല്ലാവ​രെ​യും കാത്തി​രി​ക്കു​ന്നത്‌ എന്താണ്‌, എന്തു​കൊണ്ട്‌?

12 നുണ പറയു​ന്ന​തി​നെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌? സാത്താ​നെ​യും അവനെ അനുക​രി​ച്ചു​കൊണ്ട്‌ ദ്രോ​ഹ​ബു​ദ്ധി​യോ​ടെ, പശ്ചാത്താ​പ​മി​ല്ലാ​തെ നുണ പറയുന്ന എല്ലാവ​രെ​യും കാത്തി​രി​ക്കു​ന്നതു ‘തീത്തടാ​ക​മാണ്‌.’ (വെളി. 20:10; 21:8; സങ്കീ. 5:6) കാരണം, ‘ദൈവ​മു​മ്പാ​കെ മ്ലേച്ഛമായ കാര്യങ്ങൾ ചെയ്യു​ന്ന​വ​രു​ടെ’ അതേ പട്ടിക​യി​ലാണ്‌ യഹോവ നുണയ​ന്മാ​രെ​യും പെടു​ത്തി​യി​രി​ക്കു​ന്നത്‌.—വെളി. 22:15, അടിക്കു​റിപ്പ്‌.

13. യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം, ആ അറിവ്‌ എന്തു ചെയ്യാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നു?

13 “നുണ പറയാൻ (യഹോവ) മനുഷ്യ​നല്ല” എന്നു നമുക്ക്‌ അറിയാം. വാസ്‌ത​വ​ത്തിൽ, “ദൈവ​ത്തി​നു നുണ പറയാ​നാ​കില്ല.” (സംഖ്യ 23:19; എബ്രാ. 6:18) അതെ, ‘നുണ പറയുന്ന നാവ്‌ യഹോവ വെറു​ക്കു​ന്നു.’ (സുഭാ. 6:16, 17) ദൈവ​ത്തി​ന്റെ അംഗീ​കാ​രം ലഭിക്ക​ണ​മെ​ങ്കിൽ സത്യം പറയു​ന്നതു സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ നമ്മൾ ജീവി​ക്കണം. അതു​കൊ​ണ്ടാ​ണു നമ്മൾ ‘അന്യോ​ന്യം നുണ പറയാ​ത്തത്‌.’—കൊലോ. 3:9.

നമ്മൾ ‘സത്യം പറയുന്നു’

14. (എ) വ്യാജമതങ്ങളിലെ അംഗങ്ങളിൽനിന്ന്‌ നമ്മൾ വ്യത്യ​സ്‌ത​രാ​ണെന്നു തെളി​യി​ക്കു​ന്നത്‌ എങ്ങനെ? (ബി) ലൂക്കോസ്‌ 6:45-ലെ തത്ത്വം വിശദീ​ക​രി​ക്കുക.

14 ക്രിസ്‌ത്യാ​നി​കൾ വ്യാജ​മ​ത​ത്തിൽപ്പെ​ട്ട​വ​രിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​ണെന്നു തെളി​യി​ക്കുന്ന ഒരു വിധം ഏതാണ്‌? നമ്മൾ ‘സത്യം പറയു​ന്ന​വ​രാണ്‌.’ (സെഖര്യ 8:16, 17 വായി​ക്കുക.) പൗലോസ്‌ വിശദീ​ക​രി​ച്ചു: ‘സത്യസ​ന്ധ​മായ സംസാ​ര​ത്താൽ ദൈവ​ത്തി​നു ശുശ്രൂഷ ചെയ്യു​ന്ന​വ​രാ​ണെന്ന്‌ ഞങ്ങൾ തെളി​യി​ക്കു​ന്നു.’ (2 കൊരി. 6:4, 7) മനുഷ്യ​രെ​ക്കു​റി​ച്ചുള്ള ഒരു പൊതു​ത​ത്ത്വം യേശു പറഞ്ഞു: “ഹൃദയം നിറഞ്ഞു​ക​വി​യു​ന്ന​താ​ണ​ല്ലോ വായ്‌ സംസാ​രി​ക്കു​ന്നത്‌.” (ലൂക്കോ. 6:45) ഒരു നല്ല മനുഷ്യൻ ഹൃദയ​ത്തിൽ സത്യം സംസാ​രി​ക്കു​മ്പോൾ അദ്ദേഹം ആളുക​ളോ​ടു പറയു​ന്ന​തും സത്യസ​ന്ധ​മായ കാര്യ​ങ്ങ​ളാ​യി​രി​ക്കും. കാര്യം ചെറു​താ​യാ​ലും വലുതാ​യാ​ലും, അപരി​ചി​ത​രോ​ടും സഹജോ​ലി​ക്കാ​രോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും പ്രിയ​പ്പെ​ട്ട​വ​രോ​ടും എല്ലാം അദ്ദേഹം സത്യം സംസാ​രി​ക്കും. എല്ലാ കാര്യ​ങ്ങ​ളി​ലും നമ്മൾ സത്യസ​ന്ധ​രാ​ണെന്നു കാണി​ക്കാ​വുന്ന ചില വിധങ്ങൾ നോക്കാം.

ഈ യുവസ​ഹോ​ദ​രി​യു​ടെ ജീവി​ത​ത്തിൽ എന്തെങ്കി​ലും പ്രശ്‌ന​മു​ള്ള​താ​യി നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? (15, 16 ഖണ്ഡികകൾ കാണുക)

15. (എ) ഒരു ഇരട്ടജീ​വി​തം നയിക്കു​ന്നത്‌ ഒരിക്ക​ലും ബുദ്ധി​യ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) ചെറു​പ്പ​ക്കാർക്കു സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം എങ്ങനെ ചെറു​ത്തു​നിൽക്കാം? (അടിക്കു​റിപ്പ്‌ കാണുക.)

15 ഇരട്ടജീ​വി​തം നയിക്കുന്ന സമപ്രാ​യ​ക്കാ​രെ​പ്പോ​ലെ​യാ​കാൻ ആഗ്രഹി​ക്കുന്ന ഒരു ചെറു​പ്പ​ക്കാ​ര​നാ​ണോ നിങ്ങൾ? അവർ കുടും​ബ​ത്തി​ന്റെ​യും സഭയു​ടെ​യും മുമ്പാകെ മാന്യ​രാ​യി​രി​ക്കും, എന്നാൽ പുറത്തെ ചെറു​പ്പ​ക്കാ​രു​ടെ കൂടെ​യാ​യി​രി​ക്കു​മ്പോ​ഴും സോഷ്യൽമീ​ഡി​യ​യി​ലും മറ്റൊരു മുഖമാ​യി​രി​ക്കും അവർക്കു​ള്ളത്‌. ചില​പ്പോൾ അവർ മോശ​മായ ഭാഷ ഉപയോ​ഗി​ക്കും, മാന്യ​ത​യി​ല്ലാത്ത വസ്‌ത്രം ധരിക്കും, തരംതാണ പാട്ടുകൾ കേൾക്കും, മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ക​യും അമിത​മാ​യി മദ്യപി​ക്കു​ക​യും ചെയ്യും, രഹസ്യ​മാ​യി പ്രണയി​ക്കും. ഇതും ഇതി​നെ​ക്കാൾ മോശ​മായ പലതും അവർ ചെയ്‌തേ​ക്കാം. അവർ ജീവി​ക്കുന്ന നുണയാണ്‌. മാതാ​പി​താ​ക്ക​ളെ​യും സഹാരാ​ധ​ക​രെ​യും ദൈവ​ത്തെ​യും അവർ പറ്റിക്കാൻ ശ്രമി​ക്കു​ക​യാണ്‌. (സങ്കീ. 26:4, 5) ‘വായ്‌കൊണ്ട്‌ മാത്രം തന്നെ ബഹുമാ​നി​ക്കുന്ന, എന്നാൽ ഹൃദയം തന്നിൽനിന്ന്‌ വളരെ അകലെ​യാ​യി​രി​ക്കുന്ന’ ആളുകളെ യഹോവ അറിയാ​തി​രി​ക്കില്ല. (മർക്കോ. 7:6) അതു​കൊണ്ട്‌ നിങ്ങൾ അവരെ​പ്പോ​ലെ​യാ​യി​രി​ക്ക​രുത്‌. പിൻവ​രുന്ന സുഭാ​ഷി​തം അനുസ​രി​ക്കു​ന്ന​തല്ലേ ജ്ഞാനം: “നിന്റെ ഹൃദയം പാപി​ക​ളോട്‌ അസൂയ​പ്പെ​ട​രുത്‌; ദിവസം മുഴുവൻ യഹോ​വ​യോ​ടു ഭയഭക്തി കാണി​ക്കുക.”—സുഭാ. 23:17. *

16. ഒരു പ്രത്യേക സേവന​പ​ദ​വി​ക്കാ​യി അപേക്ഷി​ക്കു​മ്പോൾ നിങ്ങൾക്ക്‌ എങ്ങനെ സത്യസ​ന്ധ​രാ​യി​രി​ക്കാം?

16 സാധാരണ മുൻനി​ര​സേ​വനം ആരംഭി​ക്കാ​നോ ബഥേൽസേ​വ​നം​പോ​ലെ​യുള്ള പ്രത്യേക മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ ഏതെങ്കി​ലും മേഖല​യിൽ പ്രവർത്തി​ക്കാ​നോ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? നിങ്ങളു​ടെ ആരോ​ഗ്യം, നിങ്ങൾ ഏർപ്പെ​ടുന്ന വിനോ​ദം, നിങ്ങളു​ടെ ധാർമി​ക​നി​ല​വാ​രം എന്നീ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അപേക്ഷാ​ഫാ​റ​ത്തി​ലുള്ള ചോദ്യ​ങ്ങൾക്കു കൃത്യ​ത​യു​ള്ള​തും സത്യസ​ന്ധ​വും ആയ ഉത്തരങ്ങൾ കൊടു​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. (എബ്രാ. 13:18) ഇതേവരെ മൂപ്പന്മാർ അറിഞ്ഞി​ട്ടി​ല്ലാത്ത, അശുദ്ധ​മാ​യ​തോ ചോദ്യം ചെയ്യത്ത​ക്ക​തോ ആയ ഏതെങ്കി​ലും പ്രവൃ​ത്തി​യിൽ നിങ്ങൾ ഉൾപ്പെ​ട്ടി​ട്ടു​ണ്ടോ? എങ്കിൽ, ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യോ​ടെ ദൈവത്തെ സേവി​ക്കാൻ കഴി​യേ​ണ്ട​തി​നു മൂപ്പന്മാ​രു​ടെ സഹായം തേടുക.—റോമ. 9:1; ഗലാ. 6:1.

17. എതിരാ​ളി​കൾ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിവരം അറിയാൻ നമ്മളെ ചോദ്യം ചെയ്യു​മ്പോൾ നമ്മൾ എന്തു ചെയ്യണം?

17 എന്നാൽ നിങ്ങളു​ടെ പ്രദേ​ശത്തെ രാജ്യ​പ്ര​വർത്ത​ന​ത്തി​നു ഗവൺമെന്റ്‌ അധികാ​രി​കൾ നിയ​ന്ത്രണം ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെന്നു വിചാ​രി​ക്കുക. സഹോ​ദ​ര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ അറിയു​ന്ന​തിന്‌ അവർ ഇപ്പോൾ നിങ്ങളെ ചോദ്യം ചെയ്യു​ക​യാണ്‌. നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തെ​ല്ലാം അവരോ​ടു പറയണോ? റോമൻ ഗവർണർ ചോദ്യം ചെയ്‌ത​പ്പോൾ യേശു എന്താണു ചെയ്‌തത്‌? ‘മൗനമാ​യി​രി​ക്കാൻ ഒരു സമയമുണ്ട്‌, സംസാ​രി​ക്കാൻ ഒരു സമയമുണ്ട്‌’ എന്ന തിരു​വെ​ഴു​ത്തു​ത​ത്ത്വ​ത്തി​നു ചേർച്ച​യിൽ ചില ചോദ്യ​ങ്ങൾക്കു യേശു ഉത്തരം കൊടു​ത്തില്ല. (സഭാ. 3:1, 7; മത്താ. 27:11-14) അത്തരം ഒരു സാഹച​ര്യ​ത്തിൽ വിവേ​ക​ത്തോ​ടെ കാര്യങ്ങൾ ചെയ്യുക. അല്ലെങ്കിൽ സഹോ​ദ​രങ്ങൾ അപകട​ത്തി​ലാ​യേ​ക്കാം.—സുഭാ. 10:19; 11:12.

എപ്പോഴാണു മൗനമാ​യി​രി​ക്കേ​ണ്ട​തെ​ന്നും എപ്പോ​ഴാ​ണു സത്യം മുഴുവൻ പറയേ​ണ്ട​തെ​ന്നും എങ്ങനെ തീരു​മാ​നി​ക്കും? (17, 18 ഖണ്ഡികകൾ കാണുക)

18. മൂപ്പന്മാർ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മളോ​ടു ചോദി​ക്കു​മ്പോൾ എന്തു ചെയ്യണം?

18 സഭയിലെ ആരെങ്കി​ലും ചെയ്‌ത ഗുരു​ത​ര​മായ തെറ്റി​നെ​ക്കു​റിച്ച്‌ നിങ്ങൾ അറി​ഞ്ഞെ​ന്നി​രി​ക്കട്ടെ. സഭയെ ശുദ്ധി​യു​ള്ള​താ​യി സൂക്ഷി​ക്കാൻ ഉത്തരവാ​ദി​ത്വ​മുള്ള മൂപ്പന്മാർ അതെക്കു​റിച്ച്‌ നിങ്ങ​ളോ​ടു ചോദി​ച്ചേ​ക്കാം. നിങ്ങൾ എന്തു ചെയ്യും, പ്രത്യേ​കിച്ച്‌ അതിൽ നിങ്ങളു​ടെ ഒരു അടുത്ത സുഹൃ​ത്തോ ബന്ധുവോ ഉൾപ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ? “വിശ്വ​സ്‌ത​ത​യോ​ടെ സാക്ഷി പറയു​ന്നവൻ സത്യം സംസാ​രി​ക്കു​ന്നു.” (സുഭാ. 12:17; 21:28) ഒന്നും മറച്ചു​പി​ടി​ക്കാ​തെ സത്യം മുഴുവൻ മൂപ്പന്മാ​രോ​ടു പറയാ​നുള്ള ഉത്തരവാ​ദി​ത്വം നിങ്ങൾക്കുണ്ട്‌. വിവരങ്ങൾ വളച്ചൊ​ടി​ക്കു​ക​യും അരുത്‌. ദുഷ്‌പ്ര​വൃ​ത്തി സംബന്ധിച്ച മുഴുവൻ വസ്‌തു​ത​ക​ളും അറിയാ​നുള്ള അവകാശം മൂപ്പന്മാർക്കുണ്ട്‌. എങ്കിൽ മാത്രമേ തെറ്റു ചെയ്‌ത വ്യക്തിക്ക്‌ യഹോ​വ​യു​മാ​യുള്ള ബന്ധം പുനഃ​സ്ഥാ​പി​ക്കു​ന്ന​തിന്‌ ആവശ്യ​മായ സഹായം കൊടു​ക്കാൻ അവർക്കു കഴിയു​ക​യു​ള്ളൂ.—യാക്കോ. 5:14, 15.

19. അടുത്ത ലേഖന​ത്തിൽ എന്തി​നെ​ക്കു​റി​ച്ചാ​യി​രി​ക്കും പഠിക്കു​ന്നത്‌?

19 സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു: “ഉള്ളിന്റെ ഉള്ളിലെ പരമാർഥ​ത​യാ​ണ​ല്ലോ അങ്ങയെ പ്രസാ​ദി​പ്പി​ക്കു​ന്നത്‌.” (സങ്കീ. 51:6) നമ്മൾ അകമേ എങ്ങനെ​യു​ള്ള​വ​രാണ്‌ എന്നതാണു പ്രധാ​ന​മെന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. ക്രിസ്‌ത്യാ​നി​കൾ എല്ലായ്‌പോ​ഴും ‘പരസ്‌പരം സത്യം പറയണം.’ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രെന്ന നിലയിൽ നമ്മൾ വ്യത്യ​സ്‌ത​രാ​ണെന്നു കാണി​ക്കാ​നാ​കുന്ന മറ്റൊരു വിധം ശുശ്രൂ​ഷ​യിൽ മറ്റുള്ള​വരെ ദൈവ​ത്തി​ന്റെ സത്യം പഠിപ്പി​ക്കു​ന്ന​താണ്‌. അത്‌ എങ്ങനെ ചെയ്യാ​മെന്ന്‌ അടുത്ത ലേഖന​ത്തിൽ പഠിക്കും.

^ ഖ. 15 യുവജനങ്ങൾ ചോദി​ക്കുന്ന 10 ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും എന്ന ലഘുപ​ത്രി​ക​യു​ടെ “കൂട്ടു​കാർ നിർബ​ന്ധി​ച്ചാൽ എന്തു ചെയ്യണം” എന്ന 6-ാം അധ്യാ​യ​വും യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും—പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും, വാല്യം 2 (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ “ഇരട്ടജീ​വി​തം—ആരറി​യാൻ” എന്ന 16-ാം അധ്യാ​യ​വും കാണുക.