വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1918—നൂറു വർഷം മുമ്പ്‌

1918—നൂറു വർഷം മുമ്പ്‌

ഇങ്ങനെ പറഞ്ഞു​കൊ​ണ്ടാണ്‌ 1918 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) തുടങ്ങി​യത്‌: “1918-ൽ നമ്മളെ എന്താണു കാത്തി​രി​ക്കു​ന്നത്‌?” മഹായു​ദ്ധം യൂറോ​പ്പിൽ അപ്പോ​ഴും വീശി​യ​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പക്ഷേ ആ വർഷത്തി​ന്റെ തുടക്ക​ത്തിൽ നടന്ന സംഭവങ്ങൾ ബൈബിൾവി​ദ്യാർഥി​കൾക്കും അതു​പോ​ലെ ലോക​ത്തി​നും ശുഭ​പ്ര​തീ​ക്ഷകൾ നൽകു​ന്ന​താ​യി​രു​ന്നു.

ലോകം സമാധാ​ന​ത്തെ​ക്കു​റിച്ച്‌ ചർച്ച ചെയ്യുന്നു

1918 ജനുവരി 8-ന്‌ അമേരി​ക്ക​യു​ടെ പ്രസി​ഡ​ന്റാ​യി​രുന്ന വുഡ്രോ വിൽസൺ അവിടത്തെ പാർല​മെ​ന്റിൽ നടത്തിയ പ്രസം​ഗ​ത്തിൽ “എല്ലാ രാഷ്‌ട്ര​ങ്ങൾക്കും യോജി​ക്കാൻ കഴിയുന്ന വ്യവസ്ഥ​കൾക്കും നിലനിൽക്കുന്ന സമാധാ​ന​ത്തി​നും” അത്യാ​വ​ശ്യ​മെന്ന്‌ അദ്ദേഹം കരുതിയ 14 ആശയങ്ങൾ അവതരി​പ്പി​ച്ചു. രാഷ്‌ട്രങ്ങൾ തമ്മിൽ തുറന്ന നയത​ന്ത്ര​ബ​ന്ധങ്ങൾ, നിരാ​യു​ധീ​ക​രണം, “വലിയ രാജ്യ​ങ്ങൾക്കും ചെറിയ രാജ്യ​ങ്ങൾക്കും ഒരു​പോ​ലെ” പ്രയോ​ജനം ചെയ്യുന്ന “രാഷ്‌ട്ര​ങ്ങ​ളു​ടെ ഒരു സഖ്യം” തുടങ്ങി​യവ അദ്ദേഹം നിർദേ​ശി​ച്ചു. അദ്ദേഹ​ത്തി​ന്റെ ഈ “പതിന്നാല്‌ ആശയങ്ങൾ” പിന്നീടു സർവരാ​ജ്യ സഖ്യം സ്ഥാപി​ക്കു​ന്ന​തി​നും മഹായു​ദ്ധ​ത്തിന്‌ അന്ത്യം കുറിച്ച വേഴ്‌സാ​യി ഉടമ്പടി​യി​ലെ വ്യവസ്ഥകൾ രൂപീ​ക​രി​ക്കു​ന്ന​തി​നും അടിസ്ഥാ​ന​മാ​യി.

എതിരാ​ളി​കൾ പരാജ​യ​പ്പെ​ട്ടു

1917 എന്ന വർഷം ബൈബിൾവി​ദ്യാർഥി​കൾക്കു പ്രശ്‌നങ്ങൾ നിറഞ്ഞ​താ​യി​രു​ന്നു. എന്നാൽ പുതു​വർഷം പിറന്ന​പ്പോൾ സമാധാ​നം അടുത്ത്‌ എത്തി​യെന്ന്‌ അവർക്കു തോന്നി. * വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​യു​ടെ ആ വർഷത്തെ ബിസി​നെസ്സ്‌ മീറ്റി​ങ്ങി​ലെ സംഭവങ്ങൾ ഇതാണു കാണി​ക്കു​ന്നത്‌.

1918 ജനുവരി 5-നു നടന്ന ഈ യോഗ​ത്തിൽ, ബഥേലിൽനിന്ന്‌ പുറത്താ​ക്ക​പ്പെട്ട ഏതാനും പ്രമു​ഖ​രായ വ്യക്തികൾ സംഘട​ന​യു​ടെ നിയ​ന്ത്രണം പിടി​ച്ചെ​ടു​ക്കാൻ ശ്രമിച്ചു. വിശ്വ​സ്‌ത​നായ ഒരു സഞ്ചാര മേൽവി​ചാ​ര​ക​നാ​യി​രുന്ന റിച്ചാർഡ്‌ എച്ച്‌. ബാർബർ സഹോ​ദ​രന്റെ പ്രാർഥ​ന​യോ​ടെ യോഗം ആരംഭി​ച്ചു. മുൻവർഷത്തെ പ്രവർത്ത​ന​റി​പ്പോർട്ട്‌ അവതരി​പ്പി​ച്ച​തി​നു ശേഷം പുതിയ ഡയറക്‌ടർമാ​രു​ടെ വാർഷി​ക​തെ​ര​ഞ്ഞെ​ടുപ്പ്‌ നടത്തി. ബാർബർ സഹോ​ദരൻ, ജോസഫ്‌ റഥർഫോർഡ്‌ സഹോ​ദ​ര​ന്റെ​യും മറ്റ്‌ ആറു സഹോ​ദ​ര​ന്മാ​രു​ടെ​യും പേരുകൾ നിർദേ​ശി​ച്ചു. എതിരാ​ളി​ക​ളു​ടെ പക്ഷം പിടി​ച്ചി​രുന്ന ഒരു അഭിഭാ​ഷകൻ അപ്പോൾ വേറെ ഏഴു പേരു​ക​ളും നിർദേ​ശി​ച്ചു. ബഥേലിൽനിന്ന്‌ പുറത്താ​ക്ക​പ്പെ​ട്ട​വ​രും ഇതിൽപ്പെ​ട്ടി​രു​ന്നു. അവർ പരാജ​യ​പ്പെട്ടു. ഓഹരി​യു​ട​മകൾ റഥർഫോർഡ്‌ സഹോ​ദ​ര​നെ​യും ആറു വിശ്വ​സ്‌ത​സ​ഹോ​ദ​ര​ന്മാ​രെ​യും വമ്പിച്ച ഭൂരി​പ​ക്ഷ​ത്തോ​ടെ വിജയി​പ്പി​ച്ചു.

സന്നിഹി​ത​രാ​യി​രുന്ന സഹോ​ദ​ര​ന്മാ​രിൽ പലരും “അവർ പങ്കെടു​ത്ത​തിൽവെച്ച്‌ ഏറ്റവും അനുഗൃ​ഹീ​ത​മായ കൺ​വെൻ​ഷൻ” എന്നാണ്‌ ഈ യോഗ​ത്തെ​പ്പറ്റി പറഞ്ഞത്‌. പക്ഷേ അവരുടെ സന്തോഷം ഏറെ നാൾ നീണ്ടു​നി​ന്നില്ല.

പൂർത്തി​യായ മർമം എന്ന പുസ്‌ത​ക​ത്തോ​ടുള്ള പ്രതി​ക​ര​ണം

മാസങ്ങ​ളാ​യി ബൈബിൾവി​ദ്യാർഥി​കൾ പൂർത്തി​യായ മർമം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം വിതരണം ചെയ്‌തു​വ​രു​ക​യാ​യി​രു​ന്നു. ആത്മാർഥ​ഹൃ​ദ​യ​രായ വായന​ക്കാർ അതിൽ അടങ്ങി​യി​രുന്ന ബൈബിൾസ​ത്യ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചു.

പൂർത്തി​യാ​യ മർമം എന്ന പുസ്‌തകം വായിച്ച്‌ വെറും അഞ്ച്‌ ആഴ്‌ച​യ്‌ക്കു​ള്ളിൽ സത്യം സ്വീക​രിച്ച ഒരു ദമ്പതി​ക​ളെ​ക്കു​റിച്ച്‌ കാനഡ​യി​ലെ ഒരു സഞ്ചാര മേൽവി​ചാ​ര​ക​നായ ഇ. എഫ്‌. ക്രിസ്റ്റ്‌ സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “ഭാര്യ​യും ഭർത്താ​വും ദൈവ​സേ​വ​ന​ത്തിൽ പൂർണ​മാ​യി അർപ്പി​ച്ചി​രി​ക്കു​ന്നു, അവർ നല്ല പുരോ​ഗതി വരുത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.”

പുസ്‌ത​കം കിട്ടിയ ഒരാൾ പെട്ടെ​ന്നു​തന്നെ അതിലെ വിവരങ്ങൾ കൂട്ടു​കാ​രോ​ടും പറഞ്ഞു. അദ്ദേഹ​ത്തിന്‌ ആ പുസ്‌തകം കിട്ടി​യതു രസകര​മായ ഒരു രീതി​യി​ലാ​യി​രു​ന്നു. അദ്ദേഹം പറയുന്നു: “ഞാൻ നഗരത്തി​ലെ ഒരു തെരു​വി​ലൂ​ടെ നടക്കു​ക​യാ​യി​രു​ന്നു. അപ്പോൾ എന്തോ ഒന്ന്‌ എന്റെ തോളിൽ പതിച്ചു. ഒരു ഇഷ്ടിക​യാ​ണെ​ന്നാ​ണു ഞാൻ കരുതി​യത്‌. പക്ഷേ അത്‌ ‘പൂർത്തി​യായ മർമം’ ആയിരു​ന്നു. പുസ്‌തകം ഞാൻ വീട്ടിൽ കൊണ്ടു​വന്ന്‌ മുഴുവൻ വായിച്ചു. . . . ഒരു മതശു​ശ്രൂ​ഷകൻ . . . ദേഷ്യ​ത്തിൽ വലി​ച്ചെ​റിഞ്ഞ പുസ്‌ത​ക​മാണ്‌ എനിക്കു കിട്ടി​യ​തെന്നു പിന്നീടു ഞാൻ അറിഞ്ഞു. . . . ഈ ഒറ്റ പ്രവൃത്തി അദ്ദേഹ​ത്തി​ന്റെ എല്ലാ പ്രവർത്ത​ന​ങ്ങ​ളെ​ക്കാ​ളും ജീവനുള്ള പ്രത്യാ​ശ​യി​ലേക്ക്‌ ആളുകളെ വഴിന​യി​ച്ചെന്നു ഞാൻ വിശ്വ​സി​ക്കു​ന്നു. ആ ശുശ്രൂ​ഷ​കന്റെ കോപ​പ്ര​വൃ​ത്തി​യി​ലൂ​ടെ ഞങ്ങൾ ഇന്നു ദൈവത്തെ സ്‌തു​തി​ക്കു​ന്നു.”

ആ ശുശ്രൂ​ഷ​കന്റെ പ്രതി​ക​രണം ഒറ്റപ്പെട്ട ഒന്നായി​രു​ന്നില്ല. 1918 ഫെബ്രു​വരി 12-ന്‌ അധികാ​രി​കൾ കാനഡ​യിൽ ഈ പുസ്‌തകം നിരോ​ധി​ച്ചു. യുദ്ധവി​രു​ദ്ധ​വും രാജ്യ​ദ്രോ​ഹ​പ​ര​വും ആയ പ്രസ്‌താ​വ​നകൾ അതിലു​ണ്ടെ​ന്നാണ്‌ അവർ ആരോ​പി​ച്ചത്‌. അധികം വൈകാ​തെ ഐക്യ​നാ​ടു​ക​ളി​ലെ അധികാ​രി​ക​ളും ഇതേ വഴിക്കു നീങ്ങി. ആദ്യം, ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​ന്മാർ ന്യൂ​യോർക്കി​ലെ​യും പെൻസിൽവേ​നി​യ​യി​ലെ​യും കാലി​ഫോർണി​യ​യി​ലെ​യും ബഥേൽഭ​വ​ന​ങ്ങ​ളും ഓഫീ​സു​ക​ളും അരിച്ചു​പെ​റു​ക്കി. സംഘട​ന​യി​ലെ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലുള്ള സഹോ​ദ​ര​ങ്ങൾക്കെ​തി​രെ തെളിവ്‌ ശേഖരി​ക്കാ​നാ​യി​രു​ന്നു അത്‌. 1918 മാർച്ച്‌ 14-ന്‌ അമേരി​ക്കൻ നീതി​ന്യാ​യ​വ​കുപ്പ്‌ പൂർത്തി​യായ മർമം നിരോ​ധി​ച്ചു. ഈ പുസ്‌ത​ക​ത്തി​ന്റെ അച്ചടി​യും വിതര​ണ​വും യുദ്ധത്തി​ന്റെ പ്രവർത്ത​ന​ങ്ങളെ തടസ്സ​പ്പെ​ടു​ത്തു​ന്നെ​ന്നും അതു​കൊണ്ട്‌ അതു നിയമ​ത്തി​ന്റെ (Espionage Act) ലംഘന​മാ​ണെ​ന്നും അവർ ആരോ​പി​ച്ചു.

ജയില​ഴി​കൾക്കു​ള്ളിൽ!

1918 മെയ്‌ 7-ന്‌ നീതി​ന്യാ​യ​വ​കുപ്പ്‌ അറസ്റ്റ്‌ വാറണ്ടു​കൾ സംഘടി​പ്പിച്ച്‌ അലക്‌സാ​ണ്ടർ മാക്‌മി​ല്ലൻ, ക്ലെയ്‌റ്റൺ വുഡ്‌വർത്ത്‌, ജോർജ്‌ ഫിഷർ, ജോസഫ്‌ എഫ്‌. റഥർഫോർഡ്‌, ജ്യോ​വാ​ന്നി ഡെഷെക്ക, ഫ്രെഡ​റിക്‌ റോബി​സൺ, വില്യം വാൻ അംബർഗ്‌, റോബർട്ട്‌ മാർട്ടിൻ എന്നീ സഹോ​ദ​ര​ന്മാ​രെ ജയിലി​ല​ടച്ചു. “നിയമ​വി​രു​ദ്ധ​മാ​യും കുറ്റക​ര​മാ​യും മനഃപൂർവ​മാ​യും മേലധി​കാ​രി​ക​ളോട്‌ അനാദ​രവ്‌ കാണി​ക്കാ​നും രാജ്യ​ത്തോ​ടു കൂറി​ല്ലായ്‌മ പ്രകട​മാ​ക്കാ​നും ഐക്യ​നാ​ടു​ക​ളു​ടെ സൈനിക-നാവിക വിഭാ​ഗ​ങ്ങ​ളിൽ സേവി​ക്കാ​തി​രി​ക്കാ​നും പ്രേരി​പ്പി​ക്കു​ന്നു” എന്നായി​രു​ന്നു അവർക്കെ​തി​രെ​യുള്ള ആരോ​പണം. 1918 ജൂൺ 3-നു കേസിന്റെ വിചാരണ ആരംഭി​ച്ചു. പക്ഷേ അവരെ ശിക്ഷി​ക്കു​മെ​ന്ന​തി​നു യാതൊ​രു സംശയ​വു​മി​ല്ലാ​യി​രു​ന്നു. എന്തു​കൊണ്ട്‌?

ഐക്യ​നാ​ടു​ക​ളു​ടെ അറ്റോർണി ജനറൽ, സഹോ​ദ​രങ്ങൾ ലംഘി​ച്ചെന്ന്‌ ആരോ​പി​ക്ക​പ്പെട്ട നിയമത്തെ (Espionage Act) രാജ്യ​ദ്രോ​ഹ​പ​ര​മായ “പ്രചാ​ര​ണ​ങ്ങൾക്കെ​തി​രെ​യുള്ള ഫലപ്ര​ദ​മായ ആയുധം” എന്നാണു വിളി​ച്ചത്‌. 1918 മെയ്‌ 16-ന്‌ ഈ നിയമ​ത്തിന്‌ ഒരു ഭേദഗതി കൊണ്ടു​വ​ന്നതു പാർല​മെന്റ്‌ തള്ളിക്ക​ളഞ്ഞു. അങ്ങനെ ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ “സത്യമാ​യ​തും നല്ല ഉദ്ദേശ്യ​ങ്ങ​ളു​ള്ള​തും നീതീ​ക​രി​ക്കാ​വുന്ന ലക്ഷ്യങ്ങ​ളു​ള്ള​തും” ആയ വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കുന്ന ആളുകളെ സംരക്ഷി​ക്കാൻ കഴി​ഞ്ഞേനേ. പൂർത്തി​യായ മർമം അവരുടെ വാദ​പ്ര​തി​വാ​ദ​ങ്ങ​ളിൽ നിറഞ്ഞു​നി​ന്നു. ഈ പുസ്‌ത​ക​ത്തെ​പ്പറ്റി പാർല​മെന്റ്‌ ഔദ്യോ​ഗി​ക​മാ​യി ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “അപകട​ക​ര​മായ പ്രചാ​രണം നടത്തു​ന്ന​തിൽ പ്രധാ​ന​പ്പെട്ട ഒന്നാണ്‌ ‘പൂർത്തി​യായ മർമം.’ . . . ഇതിന്റെ ഫലമായി രാജ്യ​ത്തി​ന്റെ താത്‌പ​ര്യ​ങ്ങ​ളെ​യും ലക്ഷ്യങ്ങ​ളെ​യും സൈനി​കർ വിശ്വ​സി​ക്കാ​തി​രി​ക്കു​ക​യും സൈന്യ​ത്തിൽ ചേരു​ന്ന​തി​നോ​ടുള്ള ആളുക​ളു​ടെ എതിർപ്പു വർധി​ക്കു​ക​യും ചെയ്യും.”

1918 ജൂൺ 20-ന്‌ ആ എട്ടു സഹോ​ദ​ര​ന്മാ​രു​ടെ മേൽ ചുമത്തിയ ആരോ​പ​ണങ്ങൾ തെളി​ഞ്ഞ​താ​യി കോടതി കണ്ടെത്തി. പിറ്റേ ദിവസം ജഡ്‌ജി വിധി​വാ​ചകം ഉച്ചരിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പ്രതികൾ ഉത്സാഹ​ത്തോ​ടെ പഠിപ്പി​ക്കു​ക​യും വ്യാപി​പ്പി​ക്കു​ക​യും ചെയ്യുന്ന ഈ മതപ്ര​ചാ​ര​ണങ്ങൾ, . . . ഒരു ഡിവിഷൻ ജർമൻ​സൈ​ന്യ​ത്തെ​ക്കാ​ളും അപകടം ചെയ്യു​ന്ന​താണ്‌. . . . ഇതിനു കടുത്ത ശിക്ഷ കൊടു​ക്കണം.” രണ്ടാഴ്‌ച കഴിഞ്ഞ്‌ ആ എട്ടു സഹോ​ദ​ര​ന്മാ​രെ​യും ജോർജി​യ​യി​ലെ അറ്റ്‌ലാ​ന്റാ​യി​ലുള്ള ഫെഡറൽ ജയിലി​ലേക്ക്‌ അയച്ചു. 10 മുതൽ 20 വരെ വർഷങ്ങൾ നീളുന്ന ജയിൽവാ​സ​മാ​യി​രു​ന്നു ശിക്ഷ.

പ്രസം​ഗ​പ്ര​വർത്തനം തുടരു​ന്നു

ഈ സമയത്ത്‌ ബൈബിൾവി​ദ്യാർഥി​കൾക്കു കടുത്ത എതിർപ്പു നേരി​ടേ​ണ്ടി​വന്നു. ഫെഡറൽ ബ്യൂറോ ഓഫ്‌ ഇൻവെ​സ്റ്റി​ഗേഷൻ (എഫ്‌ബി​ഐ) സഹോ​ദ​ര​ങ്ങ​ളു​ടെ പ്രവർത്ത​നങ്ങൾ സൂക്ഷ്‌മ​മാ​യി നിരീ​ക്ഷി​ക്കു​ക​യും ആയിര​ക്ക​ണ​ക്കി​നു രേഖകൾ പിടി​ച്ചെ​ടു​ക്കു​ക​യും ചെയ്‌തു. ഈ രേഖക​ളിൽനി​ന്നും കാണാൻ കഴിയു​ന്നതു പ്രസം​ഗ​പ്ര​വർത്തനം തുടരാൻ നമ്മുടെ സഹോ​ദ​രങ്ങൾ ഉറച്ച തീരു​മാ​നം എടുത്തി​രു​ന്നെ​ന്നാണ്‌.

അധികാ​രി​കൾക്കുള്ള ഒരു കത്തിൽ ഫ്‌ളോ​റി​ഡ​യി​ലെ ഒർലാൻഡോ​യി​ലെ പോസ്റ്റ്‌മാ​സ്റ്റർ ഇങ്ങനെ എഴുതി: “(ബൈബിൾവി​ദ്യാർഥി​കൾ) പട്ടണം മുഴുവൻ വീടു​തോ​റും പ്രചാ​രണം നടത്തുന്നു. മിക്കവാ​റും രാത്രി​യി​ലാണ്‌ അവർ ഇതു ചെയ്യു​ന്നത്‌. . . . എതിർപ്പു​ക​ളൊ​ന്നും വകവെ​ക്കാ​തെ ഈ പ്രവർത്തനം തുടരാൻത​ന്നെ​യാണ്‌ അവർ തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌.”

പിൽക്കാ​ലത്ത്‌ ഭരണസം​ഘാം​ഗ​മാ​യി സേവിച്ച ഫ്രെഡ​റിക്‌ ഡബ്ല്യു. ഫ്രാൻസ്‌ സഹോ​ദ​രന്റെ പ്രവർത്ത​ന​ങ്ങ​ളെ​പ്പറ്റി സൈന്യ​ത്തി​ലെ ഒരു കേണൽ എഫ്‌ബി​ഐ-ക്ക്‌ ഇങ്ങനെ എഴുതി: “എഫ്‌. ഡബ്ല്യു. ഫ്രാൻസ്‌ . . . പൂർത്തി​യായ മർമത്തി​ന്റെ ആയിര​ക്ക​ണ​ക്കി​നു പ്രതികൾ വിൽക്കാൻ തുനി​ഞ്ഞി​റ​ങ്ങി​യി​രി​ക്കു​ക​യാണ്‌.”

ചാൾസ്‌ ഫെക്കെൽ സഹോ​ദ​ര​നും കടുത്ത പീഡനങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വന്നു. ഇദ്ദേഹ​വും ഭരണസം​ഘാം​ഗ​മാ​യി സേവി​ച്ചി​ട്ടുണ്ട്‌. പൂർത്തി​യായ മർമം വിതരണം ചെയ്‌ത​തിന്‌ അധികാ​രി​കൾ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തു. “ഓസ്‌ട്രി​യ​ക്കാ​ര​നായ ഒരു വിദേ​ശ​ശ​ത്രു” എന്നു മുദ്ര​കു​ത്തി മേരി​ലാൻഡി​ലുള്ള ബാൾട്ടി​മോ​റിൽ ഒരു മാസ​ത്തേക്ക്‌ അദ്ദേഹത്തെ ജയിലി​ല​ടച്ചു. അദ്ദേഹ​ത്തി​ന്റെ വ്യക്തി​പ​ര​മായ കത്തിട​പാ​ടു​കൾ നിരീ​ക്ഷി​ക്കു​ക​യും ചെയ്‌തു. തന്നെ ചോദ്യം ചെയ്‌ത​വ​രോ​ടു ധൈര്യ​ത്തോ​ടെ സാക്ഷീ​ക​രി​ച്ച​പ്പോൾ 1 കൊരി​ന്ത്യർ 9:16-ലെ പൗലോ​സി​ന്റെ വാക്കുകൾ അദ്ദേഹം ഓർത്തു. അത്‌ ഇങ്ങനെ പറയുന്നു: “ഞാൻ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നി​ല്ലെ​ങ്കിൽ എന്റെ കാര്യം കഷ്ടം!” *

തീക്ഷ്‌ണ​ത​യോ​ടെ​യുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പുറമേ, ബൈബിൾവി​ദ്യാർഥി​കൾ അറ്റ്‌ലാ​ന്റാ​യി​ലെ ജയിലിൽ കഴിയുന്ന സഹോ​ദ​ര​ന്മാ​രെ മോചി​പ്പി​ക്കു​ന്ന​തിന്‌ ഒരു നിവേ​ദനം തയ്യാറാ​ക്കി അതിൽ ഒപ്പു ശേഖരി​ക്കാ​നുള്ള ശ്രമങ്ങൾ തുടങ്ങി. അന്ന കെ. ഗാർഡ​നെർ സഹോ​ദരി ഓർമി​ക്കു​ന്നു: “ഞങ്ങൾ ഒരിക്ക​ലും വെറുതേ ഇരുന്നില്ല. സഹോ​ദ​ര​ന്മാർ ജയിലിൽ കിടന്ന​പ്പോൾ ഞങ്ങൾ ഒപ്പു ശേഖരി​ക്കാൻ തുടങ്ങി. അതിനാ​യി വീടു​തോ​റും കയറി​യി​റങ്ങി. ഞങ്ങൾക്ക്‌ ആയിര​ക്ക​ണ​ക്കിന്‌ ഒപ്പുകൾ ശേഖരി​ക്കാൻ കഴിഞ്ഞു. ഈ സഹോ​ദ​ര​ന്മാർ യഥാർഥ ക്രിസ്‌തീ​യ​പു​രു​ഷ​ന്മാ​രാ​ണെ​ന്നും അവരെ അന്യാ​യ​മാ​യി ജയിലിൽ ഇട്ടിരി​ക്കു​ക​യാ​ണെ​ന്നും ഞങ്ങൾ ആളുക​ളോ​ടു പറഞ്ഞു.”

കൺ​വെൻ​ഷ​നു​കൾ

ഈ ബുദ്ധി​മു​ട്ടേ​റിയ സമയത്ത്‌ സഹോ​ദ​ര​ങ്ങളെ ആത്മീയ​മാ​യി ശക്തി​പ്പെ​ടു​ത്തു​ന്ന​തി​നു കൂടെ​ക്കൂ​ടെ കൺ​വെൻ​ഷ​നു​കൾ ക്രമീ​ക​രി​ച്ചി​രു​ന്നു. വീക്ഷാ​ഗോ​പു​രം പറയുന്നു: “ഈ വർഷം . . . നാൽപ്പ​തി​ല​ധി​കം കൺ​വെൻ​ഷ​നു​കൾ . . . നടന്നു. ആവേശ​ക​ര​മായ റിപ്പോർട്ടു​ക​ളാണ്‌ എല്ലാ കൺ​വെൻ​ഷ​നു​ക​ളിൽനി​ന്നും ലഭിച്ചത്‌. നേരത്തേ എല്ലാ കൺവൻഷ​നു​ക​ളും നടന്നി​രു​ന്നതു വേനൽക്കാ​ല​ത്തി​ന്റെ ഒടുവി​ലോ ശരത്‌കാ​ല​ത്തി​ന്റെ തുടക്ക​ത്തി​ലോ ആണ്‌. പക്ഷേ ഇപ്പോൾ എല്ലാ മാസവും കൺ​വെൻ​ഷ​നു​ക​ളാണ്‌.”

ആത്മാർഥ​ഹൃ​ദ​യ​രായ ആളുകൾ അപ്പോ​ഴും സന്തോ​ഷ​വാർത്ത​യോ​ടു നല്ല രീതി​യിൽ പ്രതി​ക​രി​ച്ചി​രു​ന്നു. ഒഹാ​യോ​യി​ലെ ക്ലീവ്‌ലൻഡിൽ നടന്ന കൺ​വെൻ​ഷ​നിൽ ഏകദേശം 1,200 പേർ ഹാജരാ​കു​ക​യും 42 പേർ സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്‌തു. അതിൽ ഒരു കുട്ടി​യു​ണ്ടാ​യി​രു​ന്നു. “ദൈവ​ത്തോ​ടുള്ള അവന്റെ സ്‌നേ​ഹ​വും സമർപ്പ​ണ​വും മുതിർന്ന ആളുകളെ ലജ്ജിപ്പി​ക്കാൻപോ​ന്ന​താണ്‌.”

പിന്നീട്‌ എന്തു സംഭവി​ച്ചു?

1918 അവസാ​നി​ക്കാ​റാ​യ​പ്പോൾ ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ഭാവി അനിശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു. ബ്രൂക്‌ലി​നി​ലെ വസ്‌തു​ക്ക​ളിൽ കുറച്ച്‌ വിൽക്കു​ക​യും ആസ്ഥാനം പെൻസിൽവേ​നി​യ​യി​ലെ പിറ്റ്‌സ്‌ബർഗി​ലേക്കു മാറ്റു​ക​യും ചെയ്‌തു. നേതൃ​ത്വ​മെ​ടു​ത്തി​രു​ന്നവർ ജയില​റ​ക​ളിൽ കഴിഞ്ഞ​പ്പോൾ 1919 ജനുവരി 4-ന്‌ ഓഹരി​യു​ട​മ​ക​ളു​ടെ വേറൊ​രു വാർഷി​ക​യോ​ഗം നിശ്ചയി​ച്ചു. പിന്നീ​ടോ?

നമ്മുടെ സഹോ​ദ​ര​ന്മാർ പ്രവർത്ത​ന​ത്തിൽ ഉറച്ചു​നി​ന്നു. 1919-ലെ വാർഷി​ക​വാ​ക്യ​മാ​യി അവർ തിര​ഞ്ഞെ​ടു​ത്തത്‌ ഇതായി​രു​ന്നു: “നിനക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധ​വും ഫലിക്കില്ല.” കാര്യങ്ങൾ എല്ലാം നേരെ​യാ​കു​മെന്ന അവരുടെ ശക്തമായ ബോധ്യ​മാണ്‌ അതു കാണി​ച്ചത്‌. (യശ. 54:17) ഒരു വലിയ മാറ്റത്തിന്‌ അരങ്ങൊ​രു​ങ്ങു​ക​യാ​യി​രു​ന്നു. വിശ്വാ​സം ബലപ്പെ​ടു​ത്തു​ന്ന​തും മുന്നി​ലുള്ള മഹത്തായ പ്രവർത്ത​ന​ത്തിന്‌ അവരെ ശക്തി​പ്പെ​ടു​ത്തു​ന്ന​തും ആയ ഒരു മാറ്റം!

^ ഖ. 6 യഹോവയുടെ സാക്ഷി​ക​ളു​ടെ വാർഷി​ക​പു​സ്‌തകം 2017–ന്റെ 172-176 പേജു​ക​ളിൽ കാണുന്ന “നൂറു വർഷങ്ങൾക്കു മുമ്പ്‌—1917” എന്ന ഭാഗം കാണുക.

^ ഖ. 22 1969 മാർച്ച്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ (ഇംഗ്ലീഷ്‌) “നല്ല വേലയിൽ സഹിച്ചു​നിൽക്കു​ന്ന​തി​ലൂ​ടെ കിട്ടുന്ന സന്തോഷം” എന്ന ചാൾസ്‌ ഫെക്കെൽ സഹോ​ദ​രന്റെ ജീവി​തകഥ കാണാം.