വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദയ—വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും പ്രകട​മാ​കുന്ന ഒരു ഗുണം

ദയ—വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും പ്രകട​മാ​കുന്ന ഒരു ഗുണം

ഒരു ദയാ​പ്ര​വൃ​ത്തി നമ്മളെ എത്രയ​ധി​കം ആശ്വസി​പ്പി​ക്കും. നമ്മളെ​ക്കു​റിച്ച്‌ ചിന്തയുള്ള ഒരാളു​ണ്ടെന്ന്‌ അറിയു​മ്പോൾ നമുക്കു വളരെ​യ​ധി​കം സന്തോഷം തോന്നും. നമ്മളോ​ടു മറ്റുള്ളവർ ദയയോ​ടെ ഇടപെ​ടാൻ നമ്മൾ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ ഈ ഗുണം എങ്ങനെ വളർത്തി​യെ​ടു​ക്കാ​മെന്നു ചിന്തി​ക്കേ​ണ്ട​തല്ലേ?

മറ്റുള്ള​വ​രു​ടെ ക്ഷേമത്തിൽ ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കു​ന്നതു ദയയിൽ ഉൾപ്പെ​ടു​ന്നു. വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും ആണ്‌ ആ താത്‌പ​ര്യം പ്രകട​മാ​കു​ന്നത്‌. മര്യാ​ദ​യു​ടെ ഒരു മുഖം​മൂ​ടി അണിയു​ന്നതല്ല ദയ. ആഴമായ സ്‌നേ​ഹ​വും സഹാനു​ഭൂ​തി​യും ആണ്‌ യഥാർഥദയ കാണി​ക്കാൻ ഒരുവനെ പ്രേരി​പ്പി​ക്കു​ന്നത്‌. അതിലു​പരി, ക്രിസ്‌ത്യാ​നി​ക​ളോ​ടു വളർത്തി​യെ​ടു​ക്കാൻ പറഞ്ഞി​രി​ക്കുന്ന ആത്മാവി​ന്റെ ഫലത്തിലെ ഒരു ഗുണമാ​ണു ദയ. (ഗലാ. 5:22, 23) നമ്മൾ ദയ വളർത്തി​യെ​ടു​ക്കണം. അതു​കൊണ്ട്‌ യഹോ​വ​യും യേശു​വും ഈ ഗുണം എങ്ങനെ​യാ​ണു കാണി​ച്ചി​രി​ക്കു​ന്ന​തെ​ന്നും നമുക്ക്‌ അവരുടെ മാതൃക എങ്ങനെ അനുക​രി​ക്കാ​മെ​ന്നും നോക്കാം.

യഹോവ എല്ലാവ​രോ​ടും ദയയു​ള്ള​വ​നാണ്‌

യഹോവ എല്ലാവ​രോ​ടും ദയയും പരിഗ​ണ​ന​യും ഉള്ളവനാണ്‌. എന്തിന്‌, “നന്ദി​കെ​ട്ട​വ​രോ​ടും ദുഷ്ടന്മാ​രോ​ടും” പോലും ദൈവം ദയ കാണി​ക്കു​ന്നു. (ലൂക്കോ. 6:35) ഉദാഹ​ര​ണ​ത്തിന്‌, യഹോവ “ദുഷ്ടന്മാ​രു​ടെ മേലും നല്ലവരു​ടെ മേലും സൂര്യനെ ഉദിപ്പി​ക്കു​ക​യും നീതി​മാ​ന്മാ​രു​ടെ മേലും നീതി​കെ​ട്ട​വ​രു​ടെ മേലും മഴ പെയ്യി​ക്കു​ക​യും” ചെയ്യുന്നു. (മത്താ. 5:45) ജീവൻ നിലനി​റു​ത്തു​ന്ന​തി​നു​വേണ്ടി യഹോവ അനവധി കരുത​ലു​കൾ ചെയ്‌തി​ട്ടുണ്ട്‌. യഹോ​വയെ സ്രഷ്ടാ​വാ​യി അംഗീ​ക​രി​ക്കാ​ത്ത​വർപോ​ലും യഹോവ ദയയോ​ടെ ചെയ്‌തി​രി​ക്കുന്ന അത്തരം കരുത​ലു​ക​ളിൽനിന്ന്‌ പ്രയോ​ജനം നേടുന്നു, ഒരളവു​വരെ സന്തോഷം ആസ്വദി​ക്കു​ക​യും ചെയ്യുന്നു.

ഉദാഹ​ര​ണ​ത്തിന്‌, യഹോവ ആദാമി​നും ഹവ്വയ്‌ക്കും ചെയ്‌തു​കൊ​ടുത്ത ഒരു കാര്യം നോക്കാം. പാപം ചെയ്‌തു​ക​ഴി​ഞ്ഞ​പ്പോൾ ആദാമും ഹവ്വയും “അത്തിയി​ലകൾ കൂട്ടി​ത്തു​ന്നി ഉടുക്കാൻ അരയാട ഉണ്ടാക്കി.” എന്നാൽ ഭൂമിയെ ദൈവം ശപിച്ച​പ്പോൾ “മുൾച്ചെ​ടി​യും ഞെരി​ഞ്ഞി​ലും” വളരു​മെന്നു പറഞ്ഞു. ഏദെൻ തോട്ട​ത്തി​നു വെളി​യിൽ, അത്തരം ഒരു സാഹച​ര്യ​ത്തിന്‌ ഇണങ്ങുന്ന വസ്‌ത്രങ്ങൾ അവർക്ക്‌ ആവശ്യ​മാ​യി​രു​ന്നു. അവരുടെ സാഹച​ര്യം മനസ്സി​ലാ​ക്കിയ യഹോവ അവർക്കു​വേണ്ടി ‘തോലു​കൊണ്ട്‌ ഇറക്കമുള്ള വസ്‌ത്രങ്ങൾ ഉണ്ടാക്കി​ക്കൊ​ടു​ത്തു​കൊണ്ട്‌’ ദയ കാണിച്ചു.—ഉൽപ. 3:7, 17, 18, 21.

യഹോവ ‘ദുഷ്ടന്മാ​രോ​ടും നല്ലവ​രോ​ടും’ ദയയു​ള്ള​വ​നാ​ണെ​ങ്കി​ലും തന്റെ വിശ്വ​സ്‌ത​രായ ആരാധ​ക​രോ​ടു ദയ കാണി​ക്കാൻ പ്രത്യേ​കം ആഗ്രഹി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പ്രവാ​ച​ക​നായ സെഖര്യ​യു​ടെ കാലത്ത്‌ യരുശ​ലേ​മി​ലെ ആലയത്തി​ന്റെ പുനർനിർമാ​ണം ഏതാണ്ട്‌ നിലച്ച മട്ടായി. ഇതു കണ്ട ഒരു ദൈവ​ദൂ​തൻ ആകെ അസ്വസ്ഥ​നാ​യി. യഹോവ ആ ദൂതന്റെ ഉത്‌ക​ണ്‌ഠകൾ ശ്രദ്ധി​ക്കു​ക​യും ആ ദൈവ​ദൂ​ത​നോ​ടു ‘ദയയോ​ടെ സംസാ​രി​ക്കു​ക​യും അവനെ ആശ്വസി​പ്പി​ക്കു​ക​യും’ ചെയ്‌തു. (സെഖ. 1:12, 13) യഹോവ പ്രവാ​ച​ക​നായ ഏലിയ​യോ​ടും സമാന​മാ​യി ഇടപെട്ടു. ഒരു അവസര​ത്തിൽ ആ പ്രവാ​ചകൻ ആകെ നിരു​ത്സാ​ഹി​ത​നാ​യി, മരിച്ചാൽ മതി​യെന്നു തോന്നി​പ്പോ​യി. എന്നാൽ യഹോവ ഏലിയ​യു​ടെ മനോ​വി​ഷ​മങ്ങൾ മനസ്സി​ലാ​ക്കു​ക​യും അദ്ദേഹത്തെ ശക്തീക​രി​ക്കാൻ ഒരു ദൂതനെ അയയ്‌ക്കു​ക​യും ചെയ്‌തു. കൂടാതെ, ആ പ്രവാ​ചകൻ ഒറ്റയ്‌ക്കല്ല എന്ന ഉറപ്പും കൊടു​ത്തു. അത്തരം ദയാവാ​ക്കു​ക​ളും വേണ്ട സഹായ​വും ലഭിച്ച​പ്പോൾ ഏലിയ നിയമ​ന​ത്തിൽ തുടർന്നു. (1 രാജാ. 19:1-18) യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ ഈ അതുല്യ​മായ ഗുണം പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​തിൽ ആരാണ്‌ ഏറ്റവും മികച്ചു​നിൽക്കു​ന്നത്‌?

യേശു—വളരെ​യ​ധി​കം ദയയുള്ള ഒരു മനുഷ്യൻ

ഭൂമി​യി​ലെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ ദയയും പരിഗ​ണ​ന​യും ഉള്ള ഒരാളെന്ന ഖ്യാതി യേശു​വി​നു​ണ്ടാ​യി​രു​ന്നു. യേശു ഒരിക്ക​ലും ആരോ​ടും പരുഷ​മാ​യി ഇടപെ​ട്ടില്ല, മറ്റുള്ള​വ​രു​ടെ മേൽ മേധാ​വി​ത്വം കാണി​ച്ചു​മില്ല. സഹാനു​ഭൂ​തി​യോ​ടെ യേശു പറഞ്ഞു: ‘കഷ്ടപ്പെ​ടു​ന്ന​വരേ, ഭാരങ്ങൾ ചുമന്ന്‌ വലയു​ന്ന​വരേ, നിങ്ങ​ളെ​ല്ലാ​വ​രും എന്റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം.’ (മത്താ. 11:28-30) യേശു ദയയു​ള്ള​വ​നാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ ധാരാളം ആളുകൾ യേശു​വി​നെ അനുഗ​മി​ച്ചത്‌. ‘അലിവ്‌ തോന്നിയ’ യേശു അവർക്കു ഭക്ഷണം കൊടു​ത്തു, രോഗി​ക​ളെ​യും വൈക​ല്യ​ങ്ങ​ളു​ള്ള​വ​രെ​യും സുഖ​പ്പെ​ടു​ത്തി, പിതാ​വി​നെ​ക്കു​റിച്ച്‌ അവരെ ‘പലതും പഠിപ്പി​ക്കു​ക​യും’ ചെയ്‌തു.—മർക്കോ. 6:34; മത്താ. 14:14; 15:32-38.

യേശു മറ്റുള്ള​വരെ മനസ്സി​ലാ​ക്കി, വിവേ​ക​ത്തോ​ടെ അവരോട്‌ ഇടപെട്ടു. അതും യേശു​വി​ന്റെ ദയയുടെ തെളി​വാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ, ആളുക​ളു​ടെ അപേക്ഷകൾ സാധി​ച്ചു​കൊ​ടു​ക്കു​ന്നതു ചില സമയത്ത്‌ യേശു​വിന്‌ അസൗക​ര്യ​മു​ണ്ടാ​ക്കി​യെ​ങ്കി​ലും തന്നെ ആത്മാർഥ​ത​യോ​ടെ അന്വേ​ഷി​ച്ച​വരെ യേശു “ദയയോ​ടെ” സ്വീക​രി​ച്ചു. (ലൂക്കോ. 9:10, 11) ഉദാഹ​ര​ണ​ത്തിന്‌, 12 വർഷമാ​യി തന്നെ വലച്ചി​രുന്ന രക്തസ്രാ​വം എങ്ങനെ​യെ​ങ്കി​ലും ഒന്നു മാറി​ക്കി​ട്ടാൻ ആഗ്രഹിച്ച്‌ യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തിൽ തൊട്ട സ്‌ത്രീ​യെ, ആ സ്‌ത്രീ ആചാര​പ​ര​മാ​യി അശുദ്ധ​യാ​യി​രു​ന്നെ​ങ്കി​ലും, യേശു ശകാരി​ച്ചില്ല. (ലേവ്യ 15:25-28) പേടി​ച്ചു​വി​റച്ച ആ സ്‌ത്രീ​യോട്‌ അനുക​മ്പ​യോ​ടെ യേശു പറഞ്ഞു: “മകളേ, നിന്റെ വിശ്വാ​സ​മാ​ണു നിന്നെ സുഖ​പ്പെ​ടു​ത്തി​യത്‌. സമാധാ​ന​ത്തോ​ടെ പൊയ്‌ക്കൊ​ള്ളൂ. നിന്റെ മാറാ​രോ​ഗം മാറി​ക്കി​ട്ടി​യ​ല്ലോ.” (മർക്കോ. 5:25-34) ദയയുടെ എത്ര ഉജ്ജ്വല​മായ ഒരു പ്രവൃത്തി!

ദയയിൽ സത്‌പ്ര​വൃ​ത്തി​കൾ ഉൾപ്പെ​ടു​ന്നു

നമ്മൾ കണ്ട ദൃഷ്ടാ​ന്തങ്ങൾ തെളി​യി​ക്കു​ന്ന​തു​പോ​ലെ, യഥാർഥദയ പ്രകട​മാ​കു​ന്നതു പ്രവൃ​ത്തി​യി​ലൂ​ടെ​യാണ്‌. നല്ല ശമര്യ​ക്കാ​രന്റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലൂ​ടെ യേശു അതു വ്യക്തമാ​ക്കി. ശമര്യ​ക്കാ​രും ജൂതന്മാ​രും തമ്മിൽ കടുത്ത ശത്രു​ത​യാ​യി​രു​ന്നു. എങ്കിലും കവർച്ച​ക്കാർ കൊള്ള​യ​ടി​ക്കു​ക​യും അടിക്കു​ക​യും പാതി മരിച്ച​വ​നാ​യി ഉപേക്ഷി​ക്കു​ക​യും ചെയ്‌ത ജൂതനായ ആ മനുഷ്യ​നോട്‌ ശമര്യ​ക്കാ​രന്‌ അലിവ്‌ തോന്നി. മാത്രമല്ല, ആവശ്യ​മായ സഹായം ചെയ്‌തു​കൊ​ടു​ക്കാൻ ദയ ശമര്യ​ക്കാ​രനെ പ്രേരി​പ്പി​ച്ചു. ആ മനുഷ്യ​ന്റെ മുറി​വു​കൾ വെച്ചു​കെട്ടി, അദ്ദേഹത്തെ എടുത്ത്‌ ഒരു സത്രത്തി​ലേക്കു കൊണ്ടു​പോ​യി. എന്നിട്ട്‌ അദ്ദേഹത്തെ പരിച​രി​ക്കാൻ സത്രക്കാ​രനു പണവും കൊടു​ത്തു, കൂടുതൽ എന്തെങ്കി​ലും ചെലവ്‌ വന്നാൽ അതു വഹിച്ചു​കൊ​ള്ളാ​മെ​ന്നും പറഞ്ഞു.—ലൂക്കോ. 10:29-37.

പ്രവൃ​ത്തി​ക​ളി​ലൂ​ടെ മാത്രമല്ല, ചിന്തിച്ച്‌ പറയുന്ന, പ്രോ​ത്സാ​ഹനം പകരുന്ന വാക്കു​ക​ളി​ലൂ​ടെ​യും ദയ കാണി​ക്കാം. അതു​കൊ​ണ്ടാ​ണു “മനുഷ്യ​ന്റെ ഹൃദയ​ത്തി​ലെ ഉത്‌കണ്‌ഠ അവനെ തളർത്തി​ക്ക​ള​യു​ന്നു,” എങ്കിലും “ഒരു നല്ല വാക്ക്‌ അവനിൽ സന്തോഷം നിറയ്‌ക്കു​ന്നു” എന്നു ബൈബിൾ പറയു​ന്നത്‌. (സുഭാ. 12:25) തളർന്നു​പോ​യ​വ​രു​ടെ മനസ്സിനു ബലം കൊടു​ക്കാൻ അവരു​മാ​യി നമുക്കു പ്രോ​ത്സാ​ഹനം പകരുന്ന കാര്യങ്ങൾ പങ്കു​വെ​ക്കാം. ദയയും നന്മയും ഉണ്ടെങ്കിൽ നമ്മൾ അങ്ങനെ ചെയ്യും. * നമ്മുടെ ദയാവാ​ക്കു​കൾ അവരെ​ക്കു​റിച്ച്‌ നമുക്കു ചിന്തയു​ണ്ടെന്നു കാണി​ക്കും. ജീവി​ത​ത്തിൽ നേരി​ടുന്ന പ്രശ്‌ന​ങ്ങ​ളിൽ പിടി​ച്ചു​നിൽക്കാൻ അത്‌ അവരെ സഹായി​ക്കു​ക​യും ചെയ്യും.—സുഭാ. 16:24.

ദയ എങ്ങനെ വളർത്തി​യെ​ടു​ക്കാം?

‘ദൈവ​ത്തി​ന്റെ ഛായയിൽ’ സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ എല്ലാ മനുഷ്യർക്കും ദയ എന്ന ഗുണം വളർത്തി​യെ​ടു​ക്കാ​നുള്ള പ്രാപ്‌തി​യുണ്ട്‌. (ഉൽപ. 1:27) ഉദാഹ​ര​ണ​ത്തിന്‌, റോമി​ലേ​ക്കുള്ള യാത്ര​യിൽ യൂലി​യൊസ്‌ എന്നു പേരുള്ള ഒരു സൈനി​കോ​ദ്യോ​ഗ​സ്ഥന്റെ കസ്റ്റഡി​യി​ലാ​യി​രു​ന്നു പൗലോസ്‌. അദ്ദേഹം അപ്പോ​സ്‌ത​ല​നോ​ടു ദയ കാണി​ക്കു​ക​യും സീദോ​നിൽ എത്തിയ​പ്പോൾ “സ്‌നേ​ഹി​ത​രു​ടെ അടുത്ത്‌ പോയി അവരുടെ ആതിഥ്യം സ്വീക​രി​ക്കാൻ അനുവ​ദി​ക്കു​ക​യും ചെയ്‌തു.” (പ്രവൃ. 27:3) പിന്നീട്‌, കപ്പലപ​ക​ട​ത്തിൽപ്പെട്ട പൗലോ​സി​നോ​ടും മറ്റുള്ള​വ​രോ​ടും മാൾട്ട​യി​ലെ നാട്ടു​കാർ “അസാധാ​രണ ദയ” കാണിച്ചു. തണുത്തു​വി​റച്ച്‌ വന്ന അവർക്കു തീ കൂട്ടി​ക്കൊ​ടു​ക്കു​ക​യും ചെയ്‌തു. (പ്രവൃ. 28:1, 2, സത്യ​വേ​ദ​പു​സ്‌തകം) അവരുടെ പ്രവൃ​ത്തി​കൾ അഭിന​ന്ദ​നാർഹ​മാ​ണെ​ങ്കി​ലും ദയ എന്നതു വല്ലപ്പോ​ഴും കാണി​ക്കുന്ന ഒരു പ്രവൃ​ത്തി​യിൽ ഒതുങ്ങി​നിൽക്കു​ന്നില്ല.

ദൈവത്തെ പൂർണ​മാ​യി പ്രസാ​ദി​പ്പി​ക്ക​ണ​മെ​ങ്കിൽ ദയ നമ്മുടെ വ്യക്തി​ത്വ​ത്തി​ന്റെ ഭാഗമാ​ക്കണം, അതു നമ്മുടെ ജീവി​ത​രീ​തി​യാ​യി​രി​ക്കണം. അതു​കൊ​ണ്ടാ​ണു ദയ ‘ധരിക്കാൻ’ യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌. (കൊലോ. 3:12) എന്നാൽ ഈ ദൈവി​ക​ഗു​ണം നമ്മുടെ വ്യക്തി​ത്വ​ത്തി​ന്റെ ഭാഗമാ​ക്കു​ന്നത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. എന്തു​കൊണ്ട്‌? ലജ്ജയോ ആത്മവി​ശ്വാ​സ​ക്കു​റ​വോ എതിർപ്പോ കാരണം ദയ കാണി​ക്കാൻ നമ്മൾ മടിച്ചു​നി​ന്നേ​ക്കാം. അല്ലെങ്കിൽ നമ്മുടെ ഉള്ളിൽ സ്വാർഥ​ത​യു​ടെ കണികകൾ ഇപ്പോ​ഴും അവശേ​ഷി​ക്കു​ന്നു​ണ്ടാ​കാം. എങ്കിലും യഹോവ ദയ കാണി​ക്കുന്ന വിധം അനുക​രി​ച്ചു​കൊ​ണ്ടും പരിശു​ദ്ധാ​ത്മാ​വിൽ ആശ്രയി​ച്ചു​കൊ​ണ്ടും നമുക്ക്‌ അത്തരം പ്രശ്‌നങ്ങൾ മറിക​ട​ക്കാം.—1 കൊരി. 2:12.

ദയ കാണി​ക്കു​ന്ന​തിൽ മെച്ച​പ്പെ​ടേണ്ട വശങ്ങൾ നമ്മൾ തിരി​ച്ച​റി​യു​ന്നു​ണ്ടോ? സ്വയം ചോദി​ക്കുക: ‘മറ്റുള്ളവർ അവരുടെ വിഷമങ്ങൾ പറയു​മ്പോൾ ഞാൻ സഹാനു​ഭൂ​തി​യോ​ടെ ശ്രദ്ധി​ക്കാ​റു​ണ്ടോ? മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങൾക്കു ഞാൻ ശ്രദ്ധ കൊടു​ക്കാ​റു​ണ്ടോ? ഒരു കുടും​ബാം​ഗ​മോ അടുത്ത സുഹൃ​ത്തോ അല്ലാത്ത ഒരാ​ളോട്‌ എപ്പോ​ഴാ​ണു ഞാൻ അവസാ​ന​മാ​യി ദയ കാണി​ച്ചത്‌?’ അടുത്ത​താ​യി, ചില ലക്ഷ്യങ്ങൾ വെക്കുക. ഉദാഹ​ര​ണ​ത്തിന്‌, പതിവാ​യി കാണാ​റുള്ള ആളുകളെ അടുത്ത​റി​യാൻ ശ്രമി​ക്കുക, പ്രത്യേ​കിച്ച്‌ ക്രിസ്‌തീ​യ​സ​ഭ​യി​ലു​ള്ള​വരെ. അപ്പോൾ അവരുടെ സാഹച​ര്യ​ങ്ങ​ളും ആവശ്യ​ങ്ങ​ളും നമുക്കു മനസ്സി​ലാ​ക്കാൻ കഴിയും. അതിനു ശേഷം, അവരുടെ സ്ഥാനത്ത്‌ നമ്മളാ​യി​രു​ന്നെ​ങ്കിൽ എന്നു ചിന്തി​ക്കുക. നമ്മളോട്‌ എങ്ങനെ ദയ കാണി​ക്കാ​നാ​യി​രി​ക്കും നമ്മൾ പ്രതീ​ക്ഷി​ക്കുക? അതേ വിധത്തിൽ അവരോ​ടു ദയ കാണി​ക്കുക. (മത്താ. 7:12) അവസാ​ന​മാ​യി, യഹോ​വ​യോ​ടു സഹായ​ത്തി​നാ​യി പ്രാർഥി​ക്കുക. ദയ വളർത്തി​യെ​ടു​ക്കാ​നുള്ള ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കും.—ലൂക്കോ. 11:13.

ദയ മറ്റുള്ള​വരെ ആകർഷി​ക്കും

തന്നെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​നാ​യി തിരി​ച്ച​റി​യി​ക്കുന്ന ഗുണങ്ങ​ളു​ടെ കൂട്ടത്തിൽ പൗലോസ്‌ ‘ദയയും’ ഉൾപ്പെ​ടു​ത്തി. (2 കൊരി. 6:3-6) പൗലോസ്‌ ആളുക​ളോ​ടു ദയാവാ​ക്കു​ക​ളി​ലൂ​ടെ​യും ദയാ​പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ​യും വ്യക്തി​പ​ര​മായ താത്‌പ​ര്യം കാണിച്ചു. അത്‌ അവരെ പൗലോ​സി​ലേക്ക്‌ ആകർഷി​ച്ചു. (പ്രവൃ. 28:30, 31) സമാന​മാ​യി, ദയയോ​ടെ ഇടപെ​ട്ടു​കൊണ്ട്‌ നമുക്ക്‌ ആളുകളെ സത്യത്തി​ലേക്ക്‌ ആകർഷി​ക്കാം. നമ്മളെ എതിർക്കു​ന്നവർ ഉൾപ്പെടെ എല്ലാവ​രോ​ടും ദയ കാണി​ക്കു​ന്നെ​ങ്കിൽ അവർക്കു നമ്മളോ​ടുള്ള ദേഷ്യം കുറയാ​നും അവരുടെ ശത്രുത ഉരുകി​യി​ല്ലാ​താ​കാ​നും ഇടയാ​യേ​ക്കാം. (റോമ. 12:20) പിന്നീട്‌ ഒരു സമയത്ത്‌ ഒരുപക്ഷേ അവർക്കു ബൈബിൾസ​ന്ദേ​ശ​ത്തോട്‌ ഇഷ്ടം തോന്നി​യേ​ക്കാം.

പറുദീ​സാ​ഭൂ​മി ആഗതമാ​കു​മ്പോൾ എണ്ണമറ്റ ആളുകൾ പുനരു​ത്ഥാ​ന​ത്തിൽ വരും. ഒരുപക്ഷേ ജീവി​ത​ത്തിൽ ആദ്യമാ​യി യഥാർഥദയ എന്താ​ണെന്ന്‌ അനുഭ​വി​ച്ച​റി​യു​മ്പോൾ അവർ ആവേശ​ഭ​രി​ത​രാ​കും. മറ്റുള്ള​വ​രോ​ടു ദയ കാണി​ക്കാൻ അവർ പ്രേരി​ത​രാ​കും. ദൈവ​രാ​ജ്യ​ത്തിൻകീ​ഴിൽ, ദയ കാണി​ക്കാ​നും മറ്റുള്ള​വരെ സഹായി​ക്കാ​നും വിസമ്മ​തി​ക്കു​ന്നവർ അവിടെ ജീവി​ച്ചി​രി​ക്കില്ല. എന്നാൽ എന്നേക്കും ജീവി​ക്കാ​നാ​യി ദൈവ​ത്തി​ന്റെ അംഗീ​കാ​രം ലഭിച്ചവർ പരസ്‌പരം സ്‌നേ​ഹ​ത്തോ​ടെ​യും ദയയോ​ടെ​യും ഇടപെ​ടും. (സങ്കീ. 37:9-11) തീർച്ച​യാ​യും സുരക്ഷി​ത​ത്വ​വും സമാധാ​ന​വും നിറഞ്ഞ ഒരു ലോക​മാ​യി​രി​ക്കും അത്‌! എന്നാൽ അനുഗൃ​ഹീ​ത​മായ ആ സമയം വന്നെത്തു​ന്ന​തു​വരെ ദയ കാണി​ക്കു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ എന്തെല്ലാം പ്രയോ​ജ​ന​മുണ്ട്‌?

ദയ കാണി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾ

“ദയ കാട്ടു​ന്നവൻ തനിക്കു​തന്നെ ഗുണം ചെയ്യുന്നു”എന്നു ബൈബിൾ പറയുന്നു. (സുഭാ. 11:17) ദയയു​ള്ള​വ​രോട്‌ ആളുകൾക്ക്‌ അടുപ്പം തോന്നും. ആളുകൾ തിരിച്ച്‌ അവരോ​ടും ദയ കാണി​ക്കും. യേശു പറഞ്ഞു: “നിങ്ങൾ അളന്നു​കൊ​ടു​ക്കുന്ന അതേ അളവു​പാ​ത്ര​ത്തിൽ നിങ്ങൾക്കും അളന്നു​കി​ട്ടും.” (ലൂക്കോ. 6:38) അതു​കൊണ്ട്‌ ദയയുള്ള ഒരാൾക്കു സുഹൃ​ത്തു​ക്കളെ എളുപ്പം കിട്ടും, സുഹൃ​ദ്‌ബ​ന്ധങ്ങൾ നിലനി​റു​ത്താ​നും കഴിയും.

‘തമ്മിൽ ദയയും മനസ്സലി​വും ഉള്ളവരാ​കാ​നും പരസ്‌പരം ഉദാര​മാ​യി ക്ഷമിക്കാ​നും’ എഫെ​സൊ​സി​ലെ സഭയി​ലു​ള്ള​വ​രോ​ടു പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു. (എഫെ. 4:32) ദയ കാണി​ക്കു​ക​യും പരസ്‌പരം സഹായി​ക്കാ​നുള്ള അവസരങ്ങൾ അന്വേ​ഷി​ക്കു​ക​യും ചെയ്യുന്ന സഹാനു​ഭൂ​തി​യുള്ള ക്രിസ്‌ത്യാ​നി​ക​ളാണ്‌ സഭയി​ലു​ള്ള​തെ​ങ്കിൽ അതു സഭയ്‌ക്കു വളരെ​യ​ധി​കം പ്രയോ​ജനം ചെയ്യും. അങ്ങനെ​യു​ള്ളവർ മുറി​പ്പെ​ടു​ത്തുന്ന വാക്കുകൾ ഉപയോ​ഗി​ക്കില്ല, നിശി​ത​മാ​യി വിമർശി​ക്കില്ല, വേദനി​പ്പി​ക്കുന്ന തമാശകൾ പറയില്ല. പരദൂ​ഷണം പരത്തു​ന്ന​തി​നു പകരം, മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നാ​യി​രി​ക്കും അവർ തങ്ങളുടെ നാവുകൾ ഉപയോ​ഗി​ക്കു​ന്നത്‌. (സുഭാ. 12:18) അങ്ങനെ സഭ ആത്മീയ​മാ​യി വളരും.

ചുരു​ക്ക​ത്തിൽ, വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും പ്രകട​മാ​കുന്ന ഒരു ഗുണമാ​ണു ദയ. നമ്മൾ ദയയു​ള്ള​വ​രാ​ണെ​ങ്കിൽ സ്‌നേ​ഹ​വാ​നും ഉദാര​മ​ന​സ്‌ക​നും ആയ, നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ വ്യക്തി​ത്വം നമ്മൾ പ്രതി​ഫ​ലി​പ്പി​ക്കു​ക​യാണ്‌. (എഫെ. 5:1) സഭകൾ ശക്തി പ്രാപി​ക്കു​ക​യും മറ്റുള്ളവർ ശുദ്ധാ​രാ​ധ​ന​യി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടു​ക​യും ചെയ്യും. ദയ കാണി​ക്കുന്ന ഒരു ജനമെന്ന പേര്‌ നമുക്ക്‌ എന്നെന്നു​മു​ണ്ടാ​യി​രി​ക്കട്ടെ!

^ ഖ. 13 ദൈവാത്മാവിന്റെ ഫലത്തെ​ക്കു​റിച്ച്‌ വിവരി​ക്കുന്ന ഒൻപതു ഭാഗങ്ങ​ളുള്ള ഈ ലേഖന​പ​ര​മ്പ​ര​യി​ലെ മറ്റൊരു ലേഖന​ത്തിൽ നന്മ എന്ന ഗുണ​ത്തെ​പ്പറ്റി നമ്മൾ ചർച്ച ചെയ്യും.